തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമ പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആകെ 126 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾ രാജിവച്ചതടക്കമുള്ള കാരണങ്ങളാലാണ് പ്രധാനമായും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എറണാകുളം കോർപ്പറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ, ചാലക്കുടി നഗരസഭയിലെ മുനിസിപ്പൽ ഓഫിസ്, മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ തുടങ്ങിയ വാർഡുകളും ഇതിൽ ഉൾപ്പെടുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളിലൊഴികെയുള്ള 12 ജില്ലകളിലാണ് വോട്ടെടുപ്പ്.
പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയമായി ശ്രദ്ധേയമാണ് ഇന്നത്തെ പോരാട്ടം. പ്രാദേശിക വിഷയങ്ങൾക്കൊപ്പം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം, വൈദ്യുതി പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും പ്രചാരണത്തിൽ ചർച്ചയായി. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത്; ഏഴ് വാർഡുകളിലായി 23 പേരാണ് ഇവിടെ ജനവിധി തേടുന്നത്. വോട്ടെണ്ണൽ സെപ്റ്റംബർ 29ന് നടക്കും.











Leave a Reply