ന്യൂസ് ഡെസ്ക്, മലയാളം യുകെ
എഡിൻബറോ: സ്കോട്ട് ലൻഡിലെ പ്രശസ്തമായ കെയർൻഗോംസ് ദേശീയോദ്യാനത്തിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് അഗ്നിശമനസേന വ്യാപക രക്ഷാപ്രവർത്തനം നടത്തി. റൈവോൻ ബോത്തി മേഖലയ്ക്ക് സമീപം ആരംഭിച്ച തീ ശക്തമായ ചൂടും വരണ്ട കാലാവസ്ഥയും മൂലം അതിവേഗം വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തിൽ നിന്നുള്ള കനത്ത പുക കാരണം സമീപ പ്രദേശവാസികൾ ജനലുകളും വാതിലുകളും അടച്ചിടാൻ അധികൃതർ നിർദേശം നൽകി.

സംഭവസ്ഥലത്തേയ്ക്ക് നിരവധി അഗ്നിശമന യൂണിറ്റുകൾ എത്തിച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. വിനോദസഞ്ചാരികളോടും ട്രെക്കർമാരോടും പ്രദേശം ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടു. സ്കോട്ട് ലൻഡിൽ നിലവിലുള്ള ഉഷ്ണതരംഗ സാഹചര്യവും വരണ്ട സസ്യാവരണവും കാട്ടുതീ സാധ്യത ഗണ്യമായി വർധിപ്പിച്ചതായി അധികൃതർ മുന്നറിയിപ്പ് നൽകി.

കെയർൻഗോംസ് ദേശീയോദ്യാനത്തിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ തുറസ്സായ സ്ഥലങ്ങളിൽ തീ കത്തിക്കുന്നതിനും ബാർബിക്യൂ നടത്തുന്നതിനും നിരോധനമുണ്ട്. നിയമലംഘകർക്ക് 500 പൗണ്ട് വരെ പിഴ ലഭിക്കാം. സമീപ വർഷങ്ങളിൽ കാട്ടുതീ സംഭവങ്ങൾ വർധിച്ചതിനെ തുടർന്നാണ് അധികൃതർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.











Leave a Reply