കരടിയുടെ ആക്രമണത്തില്‍ നിന്നും നായ്ക്കുട്ടിയെ സാഹസികമായി രക്ഷിച്ച പതിനേഴുകാരിയെ വാഴ്ത്തുകയാണ് സൈബര്‍ ലോകം. കരടിയുമായി ഏറ്റുമുട്ടിയ വളര്‍ത്തു നായകളെ രക്ഷിക്കാന്‍ വേണ്ടിയാണ് സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ കരടിയെ പ്രതിരോധിക്കാന്‍ ഇറങ്ങിയത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

ഹെയ്‌ലി മോര്‍നിക്കോ എന്ന പെണ്‍കുട്ടിയാണ് കരടിയെ മതിലില്‍ നിന്ന് തള്ളിയിട്ടത്. തെക്കന്‍ കലിഫോര്‍ണിയയിലെ സാന്‍ ഗബ്രിയേല്‍ വാലിയിലാണ് സംഭവം. വീടിന്റെ പിന്നിലുള്ള മതിലില്‍ ചാടിക്കയറിയ കരടിയെ തുരത്താനെത്തിയതായിരുന്നു വളര്‍ത്തുനായകള്‍. കരടിയും രണ്ടു കുഞ്ഞുങ്ങളുമാണ് മതിലിലൂടെ എത്തിയത്.

ഇവയെ കണ്ടുകൊണ്ടാണ് വളര്‍ത്തുനായകള്‍ കുരച്ചുകൊണ്ട് എത്തിയത്. നായകളെ കണ്ട് ഭയന്ന് കരടിക്കുഞ്ഞുങ്ങള്‍ പിന്തിരിഞ്ഞ് ഓടിയെങ്കിലും അമ്മക്കരടി മതിലിന് മുകളില്‍ നിന്നുകൊണ്ട് വളര്‍ത്തു നായകളെ ആക്രമിക്കാന്‍ ഒരുങ്ങി. ഇത് കണ്ട ഹെയ്‌ലി കരടിയെ മതിലില്‍ നിന്നും തള്ളി താഴേക്കിട്ടു. കരടി പിന്നിലേക്ക് വീണതോടെ ഹെയ്‌ലി നായ്ക്കുട്ടികളെയും വാരിയെടുത്ത് ഓടി രക്ഷപെടുകയായിരുന്നു.