സ്‌കൂളില്‍നിന്നു മടങ്ങവേ അഞ്ചു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി വ്യാജം. സ്‌കൂളില്‍ പോകാനുള്ള മടികാരണം പെണ്‍കുട്ടി കെട്ടിച്ചമച്ചതാണെന്നാണ് സൂചന. ലോക്ക്ഡൗണ്‍ കാലത്ത് നിരന്തരമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ പെണ്‍കുട്ടി മൊബൈല്‍ ഗെയ്മുകള്‍ക്ക് അടിമയായിരുന്നു. ക്ലാസ് തുടങ്ങുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഇനി സ്‌കൂളില്‍ പോകുന്നില്ലെന്നും കുട്ടി വീട്ടില്‍ പറഞ്ഞു.

എന്നാല്‍, മൊബൈല്‍ തിരികെ വാങ്ങി സ്‌കൂളിലേക്കു പോകണമെന്നു വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി കുട്ടിയുടെ കൈയില്‍ എപ്പോഴും മൊബൈല്‍ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈല്‍ ഒപ്പം കാണും. സ്‌കൂള്‍ തുറന്നതോടെ മൊബൈല്‍ കൈയില്‍നിന്നു പോകുമെന്ന ചിന്ത കുട്ടിയെ മാനസികാഘാതത്തിലേക്ക് നയിച്ചതാണ് വ്യാജ പീഡിനകഥ ചമയ്ക്കാന്‍ പ്രേരിപ്പിച്ചത്.

സ്‌കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു രക്ഷാകര്‍ത്താക്കളോടു പറഞ്ഞത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവസ്ഥലം പരിശോധിച്ച പോലീസ് സിസി ടിവി ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

തുടക്കം മുതലുള്ള പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യം പോലീസ് ശ്രദ്ധിച്ചിരുന്നു. കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോള്‍ സംഭവ സമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നു എന്നും പോലീസിന് വിവരം ലഭിച്ചു.

വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവു ലഭിച്ചില്ല. പരാതി ആരുടെയെങ്കിലും പ്രേരണയാല്‍ നല്‍കിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.