ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ആളുകൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും അതുവഴി ആയിരക്കണക്കിന് ജീവൻ രക്ഷിക്കാനാകുമെന്നും എൻഎച്ച്എസ്. വിയർപ്പ്, നെഞ്ച് വേദന തുടങ്ങിയ സാധാരണ ലക്ഷണങ്ങളെ കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരായിരിക്കണമെന്നും അവ അനുഭവപ്പെടുകയാണെങ്കിൽ 999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഡോക്ടർമാർ നിർദേശിച്ചു. ഇംഗ്ലണ്ടിൽ ഓരോ വർഷവും ഹൃദയാഘാതം മൂലം 80,000-ത്തിലധികം പേരാണ് ആശുപത്രിയിൽ എത്തുന്നത്. ഹൃദയാഘാതമുണ്ടാകുന്ന ആളുകളുടെ അതിജീവന നിരക്ക് 10 ൽ ഏഴാണ്. പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് നേരത്തെ ചികിത്സ തേടുന്നവരിൽ അതിജീവന നിരക്ക് 10ൽ 9 ആണ്.
2,000 പേരുടെ അഭിപ്രായ വോട്ടെടുപ്പിൽ, 41% പേർ ശരീരം വിയർക്കുന്നത് പ്രാരംഭ ലക്ഷണമാണെന്ന് പറഞ്ഞു. നെഞ്ചിന്റെ ഒത്ത നടുക്ക് ഭാരം കയറ്റിവച്ചതുപോലെയോ അല്ലെങ്കിൽ എന്തോ കെട്ടിനിൽക്കുന്നതുപോലെയോ ഉള്ള അനുഭവം ഉണ്ടാകും. ഈ നെഞ്ചുവേദന നെഞ്ചിന്റെ നടുക്കല്ലാതെ തൊണ്ടയുടെ കുഴിയുടെ ഭാഗത്തേക്കോ പുറത്തേക്കോ ഇടതുകയ്യുടെ വശത്തേക്കോ പടരാം. ഇതും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഈ സുപ്രധാന ലക്ഷണങ്ങൾ ആളുകൾ തിരിച്ചറിഞ്ഞാൽ ആയിരക്കണക്കിന് മരണങ്ങൾ നേരത്തെയുള്ള ചികിത്സയിലൂടെ തടയാനാകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ പ്രൊഫ സ്റ്റീഫൻ പോവിസ് പറഞ്ഞു.
നെഞ്ചുവേദനയോടൊപ്പമുള്ള വിയർപ്പ് ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ്. ഇതുകൂടാതെ തളർച്ചയും ശ്വാസം മുട്ടലും അനുഭവപ്പെടാം. അമിതമായ ഉത്കണ്ഠ, ചുമ എന്നിവയും ഹൃദയാഘാത ലക്ഷണങ്ങളാണ്. എന്നാൽ ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലായ് പ്പോഴും ഉണ്ടാകണമെന്നില്ല. ഹൃദയാഘാതവുമായി ബന്ധപ്പെട്ട് എൻ എച്ച് എസ് നടത്തുന്ന ക്യാമ്പെയ്‌ൻ നാളെ ആരംഭിക്കും. മാർച്ച് 31ന് അവസാനിക്കും. പെട്ടെന്നുള്ള ചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയാഘാതം ഹൃദയസ്തംഭനത്തിന് കാരണമാകാമെന്നതുകൊണ്ട് പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് പ്രധാനമാണ്.
Leave a Reply