ബിനോയി ജോസഫ്

ജന്മനാട് കണ്ണീരണിഞ്ഞപ്പോൾ വേദനിച്ചത് ലോകമെമ്പാടുമുള്ള മലയാളി സമൂഹമാണ്. പ്രളയജലം തല്ലിക്കെടുത്തിയത് 300 ലേറെ ജീവനുകൾ. ഏഴു ലക്ഷത്തിലേറെപ്പേർ ക്യാമ്പുകളിൽ കഴിയുന്നു. കണക്കാക്കിയിരിക്കുന്ന നഷ്ടം 20,000 കോടി രൂപയിലേറെ. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം. പ്രളയജലം പിൻവാങ്ങുമ്പോൾ കേരളം തന്നെ പുനർനിർമ്മിക്കേണ്ട അവസ്ഥയിലാണ്. കേരള ജനത ദുരിതത്തിൽ ഉഴലുമ്പോൾ വിങ്ങിപ്പൊട്ടിയത് പ്രവാസികളുടെ ഹൃദയമാണ്. തങ്ങളുടെ ഉറ്റവരെയും സുഹൃത്തുക്കളെയും ഓർത്തുള്ള ആധിയിലാണ് മിക്കവരും.

സമ്മർ അവധിക്കാലത്ത് യുകെയിൽ നിന്ന് നാട്ടിലേയ്ക്ക് പോയ നിരവധി കുടുംബങ്ങളും പ്രളയത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. നാട്ടിൽ അവധിയാഘോഷിക്കാൻ എത്തിയ കേംബ്രിഡ്ജിലെ കൗൺസിലറായ ബൈജു വർക്കി തിട്ടാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുൻ നിരയിലുണ്ട്. ക്യാമ്പുകളിൽ ഉള്ളവർക്ക് ദൈനംദിന ആവശ്യങ്ങൾക്കുള്ള മരുന്നുകളും ഭക്ഷണ സാധനങ്ങളും എത്തിക്കുന്ന തിരക്കിലാണ് അദ്ദേഹം. മൂന്നു ദിവസങ്ങൾ ഉറക്കം പോലും ഉപേക്ഷിച്ചാണ് അദ്ദേഹം ക്യാമ്പുകളിൽ പ്രവർത്തിച്ചത്. ആർപ്പൂക്കര പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് പ്രവർത്തനം.

കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ചുറ്റുമെന്ന് ബൈജു മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. വീടുകൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. ഉപജീവനമാർഗമായ വളർത്തുമൃഗങ്ങളും വീട്ടുപകരണങ്ങളും കൃഷിയും നശിച്ചവർ നിരവധി. ക്യാമ്പുകളിൽ അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങൾ ലഭ്യമാണ്. യുകെയിൽ നിന്ന് മലയാളി കുടുംബങ്ങളുടെ സഹായത്താൽ രണ്ടു ലക്ഷത്തോളം രൂപയുടെ ഭഷ്യസാധനങ്ങളും മരുന്നുകളും നല്കാനായതായി അദ്ദേഹം പറഞ്ഞു. ബോൾട്ടൺ മലയാളി അസോസിയേഷൻ 50,000 രൂപയുടെ മരുന്നുകളാണ് എത്തിച്ചത്.

ക്യാമ്പുകളിൽ കഴിയുന്നവർ വീടുകളിൽ തിരിച്ച് ചെയ്യുമ്പോൾ അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനുള്ള പ്രയത്നത്തിലാണ് ബൈജു ഇപ്പോൾ. ഇതിന് സാമ്പത്തിക സഹായങ്ങൾ കൂടുതലായി ആവശ്യമുണ്ട്. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർ ബൈജു വർക്കി തിട്ടാലയെ 00919605572145 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നല്കുന്ന തുകയ്ക്ക് ലഭ്യമാകുന്നത്ര അരി, പയർ, പഞ്ചസാര, മരുന്നുകൾ തുടങ്ങിയവ അവശ്യ സാധനങ്ങള്‍ അർഹരായവർക്ക് ബൈജു എത്തിച്ചു നല്കും. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പമാണ് ബൈജു പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നത്.

കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെയും ദുരിതത്തിന്റെ വാർത്തകൾ മാധ്യമങ്ങളിൽ കണ്ട കേംബ്രിഡ്ജ് എം.പി ഡാനിയേൽ സെയ്നർ ബൈജുവുമായി സംസാരിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേംബ്രിഡ്ജ് മേയറും ഡെപ്യൂട്ടി മേയറും കൗൺസിലിലെ ലേബർ പാർട്ടി ലീഡറായ ലൂയിസ് ഹെർബേട്ടും ബൈജുവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു. കേരളത്തിന് സഹായം നല്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി തെരേസ മേയ്ക്ക് കേംബ്രിഡ്ജ് കൗൺസിലിലെ ലേബർ അംഗങ്ങൾ കത്തയച്ചിട്ടുണ്ട്.