ടോം ജോസ് തടിയംപാട്

കഴിഞ്ഞ മാർച്ച് 13 -ന് ലിവർപൂളിൽ എത്തിയ എം എൻ കാരശേരി മാഷ് 15 നാണു ലിവർപൂളിൽ നിന്നും ലണ്ടനിലേയ്ക്ക് യാത്രയായത് . കടുത്ത തണുപ്പും ഐസ് വീഴ്ചയും കാരണം വളരെ കുറച്ചു സ്ഥലങ്ങൾ മാത്രമാണ് മാഷിനെ കാണിക്കാൻ കഴിഞ്ഞത് . ലിവർപൂളിലെ ചരിത്ര സ്മാരകങ്ങളെ പറ്റി ഞാൻ പറഞ്ഞപ്പോൾ തന്നെ അടിമ മ്യൂസിയവും, ടൈറ്റാനിക് മ്യൂസിയവും ,ലോകത്തെ ആദ്യ റെയിൽവേ ദുരന്തത്തിലൂടെ ജീവൻ നഷ്ടപ്പെട്ട ലിവർപൂൾ എം പി ആയിരുന്ന വില്ല്യം ഹുക്കിംഗ്‌സണിന്റെ സ്‌മാരകവും ,ലിവർപൂളിലെ മനുഷ്യ സ്നേഹികളായ ബിഷപ്പുമാരുടെ സ്മാരകവും കാണണമെന്ന് അദ്ദേഹം പറഞ്ഞു .

ആദ്യ൦ കണ്ടത് ലിവർപൂൾ ഫുട്ബോൾ സ്റ്റേഡിയമാണ്. അവിടെനിന്നും അടിമ മ്യൂസിയം കാണാനാണ് പോയത്. അടിമ വിമോചകൻ എബ്രഹാം ലിങ്കൺ മുതൽ ഒട്ടേറെ മനുഷ്യ സ്നേഹികളുടെ ഹൃദയസ്പർശിയായ വാക്കുകൾ അവിടെ എഴുതി വച്ചിട്ടുണ്ട് അതെല്ലാം മാഷ് വായിച്ചു ആ കാലത്തേ ഒരു കുടിൽ അവിടെയുണ്ട് അതിൽ കയറി ഇരുന്നു ഫോട്ടോയും എടുത്തു. അടിമകൾ ഉപയോഗിച്ചിരുന്ന സാധനങ്ങൾ കണ്ടു അവിടെനിന്നും ടൈറ്റാനിക് മ്യൂസിയത്തിൽ എത്തി, . ടൈറ്റാനിക്കിൽ ഉണ്ടായിരുന്ന പാത്രങ്ങൾ കടലിനടിയിൽ നിന്നും എടുത്തുകൊണ്ടുവന്നു അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് ,കൂടാതെ കപ്പലിന്റെ മാതൃകയും എല്ലാം കണ്ടു ആംഗ്ളിക്കൻ കത്തീഡ്രലും കണ്ടതിനുശേഷം ചരിത്രം ഉറങ്ങുന്ന ലിവർപൂളിലെ ആംഗ്ളിക്കൻ കത്തീഡ്രലിനോട് ചേർന്നുള്ള സെന്റ് ജെയിംസ് സെമിത്തേരിയിൽ എത്തി അവിടെ ഏറ്റവും ഉയർന്നുനിൽക്കുന്ന ഒരു സ്മാരകമുണ്ട് . അത് ലിവർപൂൾ എം പി ആയിരുന്ന വില്ല്യം ഹുക്കിംഗ്‌സണിന്റേതാണ്. അദ്ദേഹത്തിന്റെ കാലു മുറിഞ്ഞാണ് മരിച്ചത്. ആ മരണം ലോകചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് .

1829 ഒക്ടോബര്‍ ആറിന്‌ ലിവർപൂളിനടുത്തു റെയിൻ ഹിൽ എന്ന സ്ഥലത്തു ലിവർപൂൾ മാഞ്ചെസ്റ്റെർ റെയിൽവേ കമ്പനി ഒരു മത്സരം സംഘടിപ്പിച്ചു വിജയിക്കുന്നവർക്ക് 500 പൗണ്ടാണ് സമ്മാനം .അവരുടെ ആവശ്യം ഒന്നേമുക്കാല്‍ മൈല്‍ ദൈര്‍ഘ്യമുള്ള റെയിൽവേ ട്രാക്കിലൂടെ എഞ്ചിന്റെ മൂന്നിരട്ടി ഭാരവും വഹിച്ചു കൊണ്ട്‌ മിനിമം പത്തു മൈല്‍ സ്‌പീഡില്‍ 40 പ്രാവശ്യം നിര്‍ത്താതെ ഓടുന്ന ഒരു ട്രെയിൻ കണ്ടുപിടിക്കണം എന്നതായിരുന്നു.

പരീക്ഷണത്തിൽ ജോര്‍ജ്ജ്‌ സ്റ്റീഫന്‍സണ്‍ കണ്ടുപിടിച്ച റോക്കറ്റ് എന്ന ട്രെയിൻ മാത്രമാണ് വിജയിച്ചത്. മറ്റു മത്സരിച്ച നാലും പരാജയപ്പെട്ടു അങ്ങനെ ജോര്‍ജ്ജ്‌ സ്റ്റീഫന്‍സണ്‍ ലോക റെയില്‍വേയുടെ പിതാവെന്നറിയപ്പെട്ടു. എന്നാൽ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, അന്നുതന്നെ ലോകത്തിലെ ആദ്യത്തെ റെയിൽവേ അപകടവും നടന്നു, മുന്‍ മന്ത്രിയും ലിവര്‍പ്പൂള്‍ എം.പി.യുമായിരുന്ന വില്ല്യം ഹുക്കിംഗ്‌സൻ ആയിരുന്നു ആ ഹതഭാഗ്യന്‍.

പ്രധാന മന്ത്രി ഡ്യൂക്‌ ഓഫ്‌ വെല്ലിംഗ്‌ണിനു ഹസ്തദാനം ചെയ്യാൻ റെയിൽവേ പാളം മുറിച്ചു കടക്കുമ്പോൾ റോക്കറ്റ് എന്ന ട്രെയിൻ നിയത്രണം വിട്ടുവന്നു ഹുക്കിംഗ്‌സണിനെ ഇടിച്ചു വീഴിച്ചു കാലിലൂടെ കയറി ഇറങ്ങി പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹുക്കിംഗ്‌സണിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രക്തം വാർന്നു അദ്ദേഹം മരിച്ചു . അങ്ങനെ ലോക ചരിത്രത്തിലെ ആദ്യ റെയിൽവേ അപകടവും റെയിൽവേ പിറന്ന അന്നുതന്നെ സംഭവിച്ചു. ലിവർപൂൾ സെന്റ് ജെയിംസ് സെമിത്തേരിയിൽ ഏറ്റവും ഉയർന്നുനിൽക്കുന്ന സ്മാരകമാണ് വില്ല്യം ഹുക്കിംഗ്‌സണിനു വേണ്ടി നിർമ്മിച്ചിട്ടുള്ളത് . ഇതു കണ്ടതിനു ശേഷം അവിടെനിന്നും ലിവർപൂളിലെ രണ്ടു മനുഷ്യ സ്നേഹികളായ മെത്രാൻ മാരുടെ പ്രതിമ കാണാൻ പോയി

ലിവർപൂളിലെ കത്തോലിക്ക കത്തീഡ്രലിനേയും ആംഗ്ലിക്കൻ കത്തീഡ്രലിനേയും യോചിപ്പിക്കുന്ന ഹോപ്പ് സ്ട്രീറ്റിന്റെ നടുഭാഗത്താണ് ഈ രണ്ടു മെത്രാൻമാരുടെ പ്രതിമകൾ സ്ഥാപിച്ചിട്ടുള്ളത് .. . 1970 മുതൽ 1980 കാലത്തു ലിവർപൂളിലെ സാധാരണക്കാരുടെ പൊതുനന്മ (Common Good) കണക്കിലെടുത്തു മത വൈരങ്ങൾ വെടിഞ്ഞു പ്രവർത്തിച്ച ആംഗ്ളിക്കൻ ബിഷപ്പ് ഡേവിഡ് ഷെപ്പാർഡിന്റെയും കത്തോലിക്ക ബിഷപ് പ്ഡെറക് വോർലോക്കിന്റെയും പ്രതിമകളാണിത്.. ഇവരുടെ പ്രവർത്തനങ്ങൾ ലിവർപൂൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചത്. എന്റെ അയൽവക്കത്തു താമസിച്ചിരുന്ന മരിച്ചുപോയ പോയ പോളിൻ വാർഡ് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു ഇവിടുത്തെ പ്രസിദ്ധമായ ബിസ്കറ്റ് ഫാക്ടറിയായ ജേക്കബ് ഫാക്ടറിയിൽ എഴുതി വച്ചിരുന്നു ഇവിടെ ജോലിയുണ്ട് പക്ഷെ അത് പട്ടികൾക്കും ഐറിഷ്‌കാർക്കും ഒഴിച്ച് എന്ന്.

ഐറിഷ് എന്നാൽ റോമൻ കത്തോലിക്ക എന്നാണ് അർഥം അത്രമാത്രം ശകത്മായിരുന്നു ഇവിടുത്തെ കത്തോലിക്ക ആംഗ്ലിക്കൻ വൈരം . അത്തരം ഒരു കാലത്തുനിന്നും ലിവർപൂൾ സമൂഹത്തെ മാറ്റി എല്ലാമനുഷ്യരെയും ക്രിസ്തുവിന്റെ മാനവികതയിൽ കാണുന്നതിന് പഠിപ്പിക്കുകയും കറുത്തവർഗക്കാർക്കും കുടിയേറ്റക്കാർക്കും നീതി ഉറപ്പുവരുത്തുന്നതിനും ഇവർ ശ്രമിച്ചു. ഇവർ രണ്ടുപേരും നടക്കാൻ ഇറങ്ങുമ്പോൾ കണ്ടുമുട്ടി പരസ്പരം സംസാരിച്ചു നിന്നിരുന്ന സ്ഥലത്താണ് 2008 ൽ ഇരുവരുടെയും പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇവർ രണ്ടുപേരുടെയും ചിത്രങ്ങൾ പ്രതിമകളിൽ ആലേഖനം ചെയ്തിട്ടുണ്ട് . ഈ പ്രതിമകളും ഹോപ്പ് സ്ട്രീറ്റും ലിവർപൂളിന്റെ മനുഷ്യ സ്നേഹത്തിന്റെയും ക്രിസ്തു സ്നേഹത്തിന്റെയും അനന്തതയെ വരും തലമുറയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിൽക്കുന്നു .മാഷ് ഈ പ്രതിമകൾക്കു ഇടയിൽ നിന്നും ഫോട്ടോ എടുത്തശേഷം ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ മാഷിന് അതൊരു പുതിയ അനുഭവമായി മാറി.

കഴിഞ്ഞ തിങ്കളാഴ്ച ലിവർപൂളിൽ നടന്ന കാരശേരി മാഷിനോട് ചോദിക്കുക എന്ന പരിപാടിയിൽ മാഷിന് വികാരപരമായ ഒട്ടേറെ അനുഭങ്ങൾ ഉണ്ടായി . 42 വർഷം മുൻപ് കോടഞ്ചേരി ഗവണ്മെന്റ് കോളേജിലെ അധ്യാപകൻ ആയിരുന്നപ്പോൾ പ്രസിദ്ധീകരിച്ച മാഗസിൻ കൊണ്ടാണ് ആ കോളേജിലെ പൂർവ വിദ്യാർത്ഥി ആന്റോ ജോസ് എത്തിയത്. മാഗസിനിൽ മാഷിന്റെ യുവാവായ ഫോട്ടോയും ലേഖനങ്ങളും കണ്ടപ്പോൾ എന്റെ യുവത്വം തിരിച്ചുകിട്ടിയതുപോലെ തോന്നിയെന്ന് മാഷ് പറഞ്ഞു .

പങ്കെടുത്തവർ ഉന്നയിച്ച അർത്ഥവത്തായ ചോദ്യങ്ങൾ ഒരു ഇലക്ട്രിക്കൽ തരംഗമായി മാഷിന്റെ ജ്ഞാന മണ്ഡലത്തെ പ്രചോദിച്ചപ്പോൾ അതിൽനിന്നും ഉതിർന്നു വീണ അറിവിന്റെ മുത്തുമണികൾ പിറക്കിയെടുക്കാൻ ശ്വാസം അടക്കിപിടിച്ചിരുന്ന ഓഡിയൻസിന്റെ നിശബ്ദത മാഷിന് വലിയ സന്തോഷമാണ് നൽകിയത്. നീണ്ട രണ്ടര മണിക്കൂർ നിന്നുകൊണ്ട് മാഷ് ആളുകളോട് സംവേദിച്ചു .

മാഷിന്റെ പുസ്തകങ്ങൾ കൊണ്ടുവന്നവർ അതിൽ മാഷിനെ കൊണ്ട് ഒപ്പിടിപ്പിച്ചു കൂടാതെ എല്ലാവരും മാഷിന്റെ കൂടെനിന്നു ഫോട്ടോയെടുത്തു .സണ്ണി മണ്ണാറത്തു ,ലാലു തോമസ് എന്നിവർ മാഷിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു വേൾഡ് മലയാളി കൗൺസിൽ നോർത്ത് വെസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് ബൊക്ക നൽകി ആദരിച്ചു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്‌ക്കു വേണ്ടി സാബു ഫിലിപ്പ് ഉപഹാരം സമ്മാനിച്ചു

ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിദ്ധികരിച്ച സോവനീയർ പ്രസിഡണ്ട് ജോയ് അഗസ്തി മാഷിന് സമ്മാനിച്ചു . നോട്ടിംഗം, മാഞ്ചെസ്റ്റർ എന്നിവിടങ്ങളിൽ നിന്നും ആളുകൾ മാഷിനെ കാണുന്നതിനും
പ്രഭാഷണം കേൾക്കുന്നതിനും എത്തിയിരുന്നു . വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടി 9 .30 വരെ നീണ്ടു നിന്നും പരിപാടിക്ക് തമ്പി ജോസ് സ്വാഗതം ആശംസിച്ചു . ടോം ജോസ് തടിയംപാട് അധ്യക്ഷനായിരുന്നു ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോയ് അഗസ്തി ,വിറാൾ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോഷി ജോസഫ് ,ബിജു ജോർജ് ,ആന്റോ ജോസ്,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .യോഗത്തിനു എൽദോസ് സണ്ണി നന്ദി പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം ഒരു പുതിയ അനുഭവമായി മാറി .ബുദ്ധനാഴ്ച ലിവർപൂൾ റെയിൽവേ സ്റ്റേഷനിൽ നിന്നും ലണ്ടനിലേക്ക് വണ്ടി കയറുമ്പോൾ മാഷിന് ലിവർപൂൾ ഒരു വലിയ അനുഭവമായി മാറി .