ഞായറാഴ്ച സങ്കീര്‍ത്തനം

ഫാ. ബിജു കുന്നയ്ക്കാട്ട്

അംഗീകാരവും പ്രശംസയും ലഭിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിലൊന്ന് മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനുമുള്ള ആഗ്രഹമാണ്. ഒരു വ്യക്തിയുടെ സമഗ്രമായ വളര്‍ച്ചയില്‍ ഈ അംഗീകാരത്തിനും ആദരത്തിനും പ്രസക്തിയുണ്ടെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് എങ്ങനെയും അംഗീകാരം നേടിയെടുക്കണമെന്നു മാത്രം ചിന്തിക്കുകയും പ്രധാന വേദികളിലും ഫോട്ടോയുടെ വെള്ളി വെളിച്ചത്തിലും എപ്പോഴും താനുമുണ്ടാവണമെന്ന് ചിലര്‍ വാശിപിടിക്കുകയും ചെയ്യുമ്പോള്‍ അതു കാണുന്നവര്‍ നെറ്റി ചുളിക്കുകയും അല്പന്മാരെന്ന് വിലയിരുത്തപ്പെടുകയും ചെയ്യും.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന കൊച്ചി മെട്രോ റെയില്‍, ഇന്ത്യയുടെ തന്നെ അഭിമാനമായി മാറിയ ആഴ്ചയാണ് കടന്നുപോയത്. ഇതിന്റെ നിര്‍മാണ ആലോചനകളില്‍ തൊട്ട് ഉദ്ഘാടനം വരെ ഏറ്റവും കൂടുതല്‍ പറഞ്ഞുകേട്ട ഒരു പേര് മെട്രോമാന്‍ ഇ. ശ്രീധരന്റേതായിരുന്നു. ഈ പേര് എപ്പോഴും ഉയര്‍ന്നുകേട്ടത് മറ്റ് പതിവ് നേതാക്കളെപ്പോലെ അഴിമതിയുടെയോ വെട്ടിപ്പിന്റെയോ പക്ഷപാതത്തിന്റെയോ പേരില്‍ വിവാദനായകനായല്ല. മറിച്ച് കഴിവിന്റെയും കര്‍മ്മകുശലതയുടെയും ദീര്‍ഘവീക്ഷണത്തിന്റെയും സര്‍വ്വോപരി നല്ല വ്യക്തിത്വത്തിന്റെയും പേരില്‍ ‘ഉത്തമ പുരുഷന്‍’ എന്ന രീതിയിലായിരുന്നു. മെട്രോയുടെ ഉദ്ഘാടനവേദിയില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ല എന്നറിഞ്ഞപ്പോഴും ആ രാജശില്‍പി അക്ഷോഭ്യനായി നിലകൊണ്ടു. അദ്ദേഹം ആവശ്യപ്പെട്ടില്ലെങ്കിലും കേരള ജനത ഒന്നാകെ അദ്ദേഹത്തിനു വേണ്ടി വാശിപിടിച്ചപ്പോള്‍ കേന്ദ്രം കണ്ണുതുറന്നു. പത്ര റിപ്പോര്‍ട്ടുകളനുസരിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടാത്ത കരഘോഷമാണ് ഇ. ശ്രീധരന്റെ പേര് മെട്രോ ഉദ്ഘാടന വേദിയില്‍ പറയപ്പെട്ടപ്പോഴൊക്കെ ലഭിച്ചത്. വേദിയില്‍ കയറാന്‍ അര്‍ഹതയുള്ളവര്‍ പോലും മാറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ അത്ര അര്‍ഹതയില്ലാത്തവര്‍ എങ്ങനെയും വേദിയില്‍ കയറിക്കൂടുവാന്‍ ശ്രമം നടത്തിയത് അവരുടെ അല്പത്വത്തിന്റെ തെളിവായും മാറി.

അനാവശ്യ ഒച്ചപ്പാടുകളില്ലാതെ തന്റെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുകയും സ്വതസിദ്ധമായ കഴിവും സാമര്‍ത്ഥ്യവും സ്വയം പ്രശസ്തിക്കുവേണ്ടി ഉപയോഗിക്കാതെ തന്റെ സഹായം ആവശ്യമുള്ളവരുടെ കാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കുകയും ചെയ്ത് ജനഹൃദയങ്ങളില്‍ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി സ്ഥാനം ലഭിച്ച മറ്റൊരു മഹദ്‌വ്യക്തിത്വമാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റേത്. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടപ്പോഴൊക്കെ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ അവര്‍ കഴിവിന്റെ പരമാവധി ചെയ്തു എന്നത് ഒരു രാജ്യത്തിന്റെ മുഴുവന്‍ അംഗീകാരം അവര്‍ക്ക് നേടിക്കൊടുത്തു. ഈ രണ്ടു വ്യക്തിത്വങ്ങള്‍ക്കും ജനമനസില്‍ നല്ല അംഗീകാരമുള്ളതിന്റെ തെളിവാണ് ഈ രണ്ടുപേരുടെയും പേരുകള്‍ അടുത്ത രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കേട്ടത്. പക്ഷേ, വിനയം മകുടം ചാര്‍ത്തിയ ഈ വ്യക്തിത്വങ്ങള്‍ ഇത്തരം അഭ്യൂഹങ്ങളില്‍ മയങ്ങി വീഴാറില്ല. ”ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയത്തിലെ സ്ഥാനത്തിനും നന്ദി ” എന്നുമാത്രം മെട്രോമാന്‍ പ്രതികരിച്ചപ്പോള്‍, ‘പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്. ‘ഞാന്‍ വിദേശകാര്യമന്ത്രിയാണ്, എന്നോട് രാജ്യാന്തര കാര്യങ്ങളെക്കുറിച്ച് ചോദിക്കൂ’ എന്നാണ് സുഷമ സ്വരാജ് പ്രതികരിച്ചത്.

അംഗീകാരവും സ്നേഹവും മറ്റുള്ളവരില്‍ നിന്ന് പിടിച്ചുവാങ്ങേണ്ടവയല്ല, നമ്മിലേയ്ക്ക് സ്വയമേ വന്നു ചേരേണ്ടതാണ്. അര്‍ഹതപ്പെട്ട അംഗീകാരമാണെങ്കില്‍ ആര്‍ക്കും അതിനെ തടഞ്ഞുനിര്‍ത്താനാവില്ല. പിടിച്ചുവാങ്ങുന്ന അംഗീകാരങ്ങള്‍ക്കും പരിഗണനകള്‍ക്കും സംതൃപ്തി തരാനുമാവില്ല. തന്നെക്കാള്‍ അര്‍ഹരായവരെ പിന്നീട് കാണുമ്പോള്‍ ജാള്യതയും മനഃസാക്ഷിക്കുത്തും അനുഭവപ്പെടും. ഒരു നേട്ടം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് തെറ്റല്ല, പക്ഷേ അതു സ്വാഭാവിക മാര്‍ഗ്ഗങ്ങളിലൂടെയും തന്നെക്കാള്‍ അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ നമ്മെ തേടി വരാനും സഫലമായ ജീവിതത്തിനുടമയാകാനും എന്താണ് ചെയ്യേണ്ടത്?

രണ്ടുകാര്യങ്ങള്‍ കൊണ്ടാണ് സാധാരണ ഗതിയില്‍ ഒരാള്‍ മറ്റൊരാളെ ബഹുമാനിക്കുന്നത്. അയാളുടെ കയ്യിലുള്ള പണം കണ്ടിട്ടും പെരുമാറ്റം കണ്ടിട്ടും. ‘നാണം കെട്ടും പണം നേടുകില്‍ നാണക്കേടാ പണം മാറ്റിടും’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുമാറ് കയ്യില്‍ പണമുള്ള കാലത്തോളം ഒരാള്‍ക്ക് മറ്റൊരാളില്‍ നിന്ന് ബഹുമാനം നേടിയെടുക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ കയ്യില്‍ പണം തീരുന്നതോടു കൂടി ആ ബഹുമാനവും തീരുന്നു. ആളുകള്‍ ബഹുമാനിക്കാനുള്ള രണ്ടാമത്തെ കാരണം സ്വഭാവ വൈശിഷ്ട്യമാണ്. പണമില്ലെങ്കിലും സ്ഥാനമാനങ്ങളില്ലെങ്കിലും ജീവിത നന്മയുടെ മഹിമകൊണ്ടും പെരുമാറ്റത്തിലെ കുലീനത കൊണ്ടും ജനഹൃദയങ്ങളെ കീഴടക്കാനാവും. മുകളില്‍ പേരു പ്രസ്താവിക്കപ്പെട്ട രണ്ടുപേരും വ്യക്തിവൈശിഷ്ട്യം കൊണ്ടും ഉന്നത ജീവിത വീക്ഷണം കൊണ്ടും സര്‍വ്വോപരി പെരുമാറ്റ മര്യാദയുടെ ശ്രേഷ്ഠത കൊണ്ടും ജനമനസില്‍ ഇടം നേടിയവരാണ്.

ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥതയും അതുവഴി നേടുന്ന വിജയങ്ങളുമാണ് അംഗീകാരങ്ങള്‍ തേടിവരാനുള്ള മറ്റൊരു മാര്‍ഗം. ‘Work is workship’ എന്ന മനോഭാവം ജോലിയില്‍ പുലര്‍ത്തുന്നവര്‍ക്ക് വിജയങ്ങളും കൂട്ടുകാരാവും. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ഉജ്ജ്വലവ്യക്തിത്വത്തിന് ഉടമയുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ ചിന്തനീയമത്രേ. ”If you salute your duty, you no need to salute anybody. But if you pollute your duty, you have to salute everybody”. 1964ല്‍ നാല് ദിവസത്തിനുള്ളില്‍ പാമ്പന്‍ പാലം പുനര്‍ നിര്‍മിച്ചതോടുകൂടി ശ്രദ്ധിക്കപ്പെട്ട ഇ. ശ്രീധരന്റെ കഴിവും കഠിനാധ്വാനത്തിനും പിറന്നത് രാജ്യത്തിന് അഭിമാനം നല്‍കിയ നിരവധി പ്രോജക്ടുകള്‍. പ്രതിഫലങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാതെ അര്‍പ്പണ മനോഭാവത്തോടെ ചെയ്ത ജോലികളുടെ സത്ഫലങ്ങള്‍! സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ ക്രിക്കറ്ററെ ഇത്ര പ്രഗത്ഭനായ കളിക്കാരനാക്കിയതും കഠിന പരിശ്രമങ്ങളും കളിയോടുള്ള ആത്മാര്‍ത്ഥതയും തന്നെ. ‘ബാറ്റ് ചെയ്യുന്നത് തന്റെ ദൈനം ദിന ജോലിയായിട്ടാണ് സച്ചിന്‍ കാണുന്നതെ’ന്നാണ് ഒരിക്കല്‍ ഒരു ക്രിക്കറ്റ് വിദഗ്ദ്ധന്‍ സച്ചിനെക്കുറിച്ച് പറഞ്ഞത്.

അര്‍ഹതയില്ലാത്ത സ്ഥാനവും അംഗീകാരവും ആഗ്രഹിക്കാതിരിക്കുകയും അതിന് അര്‍ഹതയുള്ളവരെ തടയാതിരിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. കുടുംബ ജീവിതത്തിലായാലും സമൂഹ ബന്ധങ്ങളിലായാലും അര്‍ഹതയില്ലാത്തതും തന്റെ കഴിവിന് ഇണങ്ങാത്തതുമായ സ്ഥാനവും അംഗീകാരവും കിട്ടണമെന്ന് ശഠിക്കാതിരിക്കുക. മറ്റുള്ളവരുടെ സ്നേഹവും ആദരവും പിടിച്ചുപറ്റുന്ന രീതിയില്‍ തന്റെ ജീവിതത്തിനുവേണ്ട മാറ്റം വരുത്തുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. ഉള്ളതിനെക്കാള്‍ വലുതായി തന്നെക്കുറിച്ച് ചിന്തിക്കുന്നിടത്ത് കിട്ടാത്ത അംഗീകാരങ്ങള്‍ക്കു വേണ്ടിയുള്ള ആഗ്രഹവും അതുവഴി മറ്റുള്ളവരുടെ മുമ്പില്‍ വലിയവരായി കാണപ്പെടാനുള്ള ആഗ്രഹവും ശക്തമാകും. സ്വയം മറക്കുകയും മറ്റുള്ളവരുടെ മുമ്പില്‍ പരിഹാസ്യരാകുന്ന അവസ്ഥയിലേക്ക് അത് കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും.

ഒരു രാജ്യത്തിന്റെ ഏറ്റവും പരമോന്നത പദവികളിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും അനിതരസാധാരണമായ വിനയഭാവത്തോടും ഹൃദയ നന്മയോടും കൂടെ, ഉന്നത പദവിയുടെ പ്രലോഭനത്തില്‍ വീഴാതെ സ്വന്തം ജോലികളിലേയ്ക്കു മാത്രം ശ്രദ്ധിക്കുന്ന ഈ പുരുഷ – മഹതീ രത്നങ്ങള്‍ വി. ബൈബിളിലെ ഈ വാചകം ഓര്‍മ്മിപ്പിക്കുന്നു. ”അവര്‍ വന്നു തന്നെ രാജാവാക്കാന്‍ വേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നു എന്നു മനസിലാക്കിയ ഈശോ വീണ്ടും തനിയെ മലമുകളിലേയ്ക്ക് പിന്മാറി. ” (യോഹന്നാന്‍ 6:15). ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന എളുപ്പപ്പണി ചെയ്ത് ഒഴിഞ്ഞുമാറാതെ സ്വയം ഉദാഹരണങ്ങളായി മാറുന്ന കഠിനാധ്വാനികളെ ഇനിയും ധാരാളമായി അംഗീകാരങ്ങള്‍ തേടിവരട്ടെയെന്ന പ്രാര്‍ത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 51’ – സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

യു.കെ ജനതയും മറ്റു വിദേശരാജ്യങ്ങളും ആകാംക്ഷയോടെ ഉറ്റുനോക്കിയ ആഴ്ചയാണ് കടന്നുപോയത്. ഭരണത്തിൻറെ കാലാവധി അവസാനിക്കാന്‍ രണ്ടു വര്‍ഷത്തിലേറെയുണ്ടായിരുന്നിട്ടും ഇടക്കാല പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യു.കെ. ജനതയെ ഒന്നാകെ ഞെട്ടിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യു.കെ. ജനത, തെരേസാ മേയെ ഞെട്ടിച്ചു! ഇരുപതു പോയിന്റ് മുന്നില്‍ നിന്നപ്പോള്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി ഒറ്റയ്ക്ക് മൃഗീയ ഭൂരിപക്ഷം നേടി അധികാരം അരക്കിട്ടുറപ്പിക്കാമെന്ന വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയായി തിരഞ്ഞെടുപ്പ് ഫലം. കൂടുതല്‍ നേടാനായില്ലെന്നു മാത്രമല്ല പന്ത്രണ്ടു സീറ്റുകള്‍ നഷ്ടപ്പെടുക കൂടി ചെയ്തത് അവരെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ടാവണം! ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാല്‍ മറ്റുമുന്നണികളെ കൂട്ടുപിടിച്ച് അധികാരം തുടരുമോ അതോ മറ്റെന്തെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടാവുമോ എന്ന് ഈ ദിവസങ്ങളില്‍ കണ്ടറിയണം!

ശുഭാപ്തി വിശ്വാസത്തിൻറെ കൊടുമുടിയിലാണ് തെരേസാ മേയ് ഇലക്ഷന്‍ പ്രഖ്യാപനം നടത്തിയതെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ ദിവസങ്ങള്‍ മുന്നോട്ട് പോകുന്തോറും അവര്‍ക്ക് ആത്മവിശ്വാസത്തിൻറെ അളവും കുറഞ്ഞുവന്നു. ഒരു ജൂലൈ മാസത്തില്‍ അധികാരത്തില്‍ വന്ന ‘മേയ് ‘ മറ്റൊരു ജൂണ്‍ മാസത്തില്‍ ബ്രിട്ടൻറെ മുഖ്യധാരാ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് മാറ്റപ്പെടുമോ എന്നു പലരും ഭയന്നു (തെരേസാ മേയും ഭയന്നു കാണും!).  പിടിച്ചുനില്‍ക്കാന്‍ സാധിച്ചെങ്കിലും അധികാരത്തില്‍ തുടരണമെങ്കില്‍ ഇനി ആരെങ്കിലുമൊക്കെയായി രാഷ്ട്രീയക്കൂട്ട് കൂടണം. നല്ല നിലയില്‍ തുടര്‍ന്നുവന്ന ഒരു ഭരണത്തിന് ഇത്തരത്തിലൊരു പരിണാമം സംഭവിക്കാന്‍ ചില പ്രധാന കാരണങ്ങള്‍ പിന്നിലുണ്ട്. രാഷ്ട്രീയ ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന ചില അബദ്ധങ്ങളായി ഇവയെ ഒതുക്കി നിര്‍ത്തിക്കൂടാ. പലരുടെയും വ്യക്തിജീവിതത്തിലും ഈ അബദ്ധങ്ങള്‍ വില്ലന്‍ വേഷങ്ങളിലെത്താറുണ്ട്.

ഒട്ടും ആവശ്യമില്ലാത്ത സമയത്തും ആരും ആഗ്രഹിക്കാത്ത നേരത്തും ഒരു ‘ഇലക്ഷനെ നേരിടാനൊരുങ്ങിയ  ‘എടുത്തുചാട്ട’മാണ് അവര്‍ക്ക് വിനയായതെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ആവശ്യമായ പഠനങ്ങള്‍ നടത്താതെയും ഇപ്പോഴത്തെ സാഹചര്യം മനസിലാക്കാതെയും വരും വരായ്കകള്‍ ചിന്തിക്കാതെയും നടത്തുന്ന എടുത്തു ചാട്ടങ്ങള്‍ക്ക് പലപ്പോഴും വലിയ വില ജീവിതത്തില്‍ കൊടുക്കേണ്ടി വരും. പലരുടേയും വ്യക്തിജീവിതത്തില്‍ വിനയായി മാറുന്നതും ചിന്തയില്ലാതെയുള്ള പെരുമാറ്റവും സാഹചര്യങ്ങള്‍ പരിഗണിക്കാതെയുള്ള പ്രതികരണങ്ങളുമാണ്. ചിലതൊക്കെ കേട്ടിട്ട് പരിഗണന കൊടുക്കാതെ, വിട്ടുകളയേണ്ടതിനു പകരം ചുട്ട മറുപടി കൊടുക്കാനും പ്രതികരണങ്ങളിലൂടെ മറുഭാഗത്തുള്ളവരെ ‘ഒതുക്കാനും’ ശ്രമിക്കുമ്പോള്‍ ഫലം മോശമായിരിക്കും. ഒരു ചെറിയ പ്രകോപനത്തില്‍ വീണുപോകാനുള്ള മനസിൻറെ വലിപ്പമേ നമ്മളില്‍ പലര്‍ക്കുമുള്ളൂ. രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞുകേട്ട ഒരു കഥയിങ്ങനെ: ഗാന്ധിജിയും ചില ബ്രിട്ടീഷുകാരുമൊരുമിച്ച് ഒരിക്കല്‍ ഒരു കപ്പലില്‍ യാത്ര ചെയ്യുമ്പോള്‍ ഗാന്ധിജിയുടെ അടുത്തിരുന്ന ബ്രിട്ടീഷുകാരന്‍ ഗാന്ധിജിയെയും ഇന്ത്യയെയും കളിയാക്കി ഒരു കവിതയെഴുതി, ഗാന്ധിജിക്ക് വായിക്കുവാനായി കൊടുത്തു. അതിലെ വരികള്‍ ഗാന്ധിജിയെ അസ്വസ്ഥപ്പെടുത്തിയെങ്കിലും ഒന്നും മിണ്ടാതെ ആ പേപ്പറിൻറെ മുകളില്‍ കുത്തിയിരുന്ന മൊട്ടുസൂചി ഊരി എടുത്തിട്ട് പേപ്പര്‍ ചുരുട്ടി കൂട്ടി കടലിലേയ്ക്കിട്ടു. ഗാന്ധിജിയുടെ ഈ പ്രതികരണത്തില്‍ അല്പം അസ്വസ്ഥനായ ബ്രിട്ടീഷുകാരന്‍ പറഞ്ഞു. ‘അതില്‍ കാര്യമായ ചില കാര്യങ്ങളുണ്ടായിരുന്നു.’ ഒരു ചെറു പുഞ്ചിരിയോടെ ഗാന്ധിജി മറുപടി പറഞ്ഞു. “കാര്യമായത് ഞാന്‍ ഊരിയെടുത്തിട്ടാണ് (മൊട്ടുസൂചി) ഉപയോഗശൂന്യമായത് കളഞ്ഞത്” ചെറിയ പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും ചിന്തയില്ലാതെ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന എടുത്തു ചാട്ടത്തിൻറെ ശീലം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. ചെറിയ പ്രലോഭനങ്ങളിലൊന്നും നമ്മുടെ മനസ് ഉടക്കി നില്‍ക്കാനോ ഇടറി വീഴാനോ ഇടയാകരുത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുണ്ടായ രണ്ടാമത്തെ പ്രശ്നം അമിത ആത്മവിശ്വാസമായിരുന്നു (over confidence). ആ ആത്മവിശ്വാസം (Confidence) നല്ലതാണ്, വേണ്ടതുമാണ്. പക്ഷേ, അത് അധികമായാല്‍ ഇതുപോലെ അപകടം ക്ഷണിച്ചുവരുത്തും. ഇരുപതു പോയിന്റിൻറെ ഭൂരിപക്ഷമുണ്ടായിരുന്നത് വീണ്ടും ഉയര്‍ത്താനാവുമെന്ന് അവര്‍ വേണ്ടത്ര കണക്കുക്കൂട്ടലുകളില്ലാതെ പ്രതീക്ഷിച്ചു. ഇടക്കാല തിരഞ്ഞെടുപ്പ് എന്ന എടുത്തുചാട്ടത്തിലേയ്ക്ക് അവരെ നയിച്ചത് വളരെ എളുപ്പത്തില്‍ ജയിച്ചുകയറാന്‍ സാധിക്കും എന്ന അമിത ആത്മവിശ്വാസം കലര്‍ന്ന ചിന്തയായിരിക്കാം. അമിത ആത്മവിശ്വാസത്തില്‍ വ്യക്തി ജീവിതങ്ങളിലും അപകടങ്ങളില്‍ ചെന്നു ചാടുന്നവരുണ്ട്. അമിത ആത്മവിശ്വാസം ജനിക്കുന്നത് സ്വന്തം കഴിവുകൊണ്ട് കാര്യങ്ങള്‍ നടത്താമെന്ന് ചിന്തിക്കുന്നിടത്തും തനിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും കരുതുന്നിടത്തുമാണ്. ചിലരെ ഈ അമിത ആത്മവിശ്വാസം അഹങ്കാരത്തിലേയ്ക്ക് നയിക്കാറുമുണ്ട്’ ”അഹങ്കാരം നാശത്തിൻറെ മുന്നോടിയാണ്, അഹന്ത അധഃപതനത്തിൻറെയും (സുഭാഷിതങ്ങള്‍ 16:18). ആരൊക്കെ നിന്നെ തള്ളിപ്പറഞ്ഞാലും ഞാന്‍ നിന്നെ തള്ളപ്പറയില്ലെന്ന് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച പത്രോസിനോട് ഈശോ പറഞ്ഞു. ”സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ഇന്ന് രാത്രി കോഴി കൂവുന്നതിനുമുമ്പ് മൂന്ന് പ്രാവശ്യം നീ എന്നെ തള്ളിപ്പറയും” (മത്തായി 23:33 – 34). പിന്നെ നടന്നതു ചരിത്രം: മൂന്ന് ചെറിയ പ്രലോഭനങ്ങളുടെ മുമ്പില്‍ മൂന്ന് പ്രാവശ്യം പത്രോസ് ഈശോയെ തള്ളിപ്പറഞ്ഞു. ബൈബിള്‍ പറയുന്നതുപോലെ, ‘അതുകൊണ്ട് നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതിരിക്കട്ടെ’ (1 കോറിന്തോസ് 10: 12).

എതിരാളിയുടെ ശക്തിയും സ്വാധീനവും കൃത്യമായി അളക്കാന്‍ കഴിയാതെ പോയതാണ് ഉയര്‍ച്ച പ്രതീക്ഷിച്ചിടത്ത് തളര്‍ച്ച നേരിട്ടതിന് മറ്റൊരു പ്രധാന കാരണമായത്. നല്ല മത്സരങ്ങള്‍ക്കിറങ്ങുന്നവര്‍ സ്വയം ഒരുങ്ങുന്നവര്‍ മാത്രമല്ല, എതിരാളിയെയും മറുഭാഗത്തുള്ളവരെയും നന്നായി പഠിക്കുന്നവരും കൂടിയായിരിക്കും. എതിരാളിയുടെ ബലഹീനത അറിയുന്നതാണ് മത്സരത്തിനിറങ്ങുന്നയാളിൻറെ യഥാര്‍ത്ഥ ശക്തി. എതിരാളിയുടെ ശക്തി കുറച്ചുകാണുന്ന പലരും അവരുടെ മുമ്പില്‍ തോറ്റുപോയവരുമാണ്. ആയ് പട്ടണം പിടിച്ചടക്കാന്‍ ജ്വോഷ്വാ ഒരുങ്ങവേ, അതിനെക്കുറിച്ചന്വേഷിക്കാന്‍ പറഞ്ഞയയ്ക്കപ്പെട്ടവര്‍ തിരിച്ചുവന്നു പറഞ്ഞു. ‘എല്ലാവരും അങ്ങോട്ടു പോകേണ്ടതില്ല, അവര്‍ കുറച്ചുപേര്‍ മാത്രമേയുള്ളൂ’ എന്നാല്‍ അവര്‍ ആയ് പട്ടണക്കാരുടെ മുമ്പില്‍ തോറ്റോടി. (ജോഷ്വാ 7: 2-5).

നമ്മുടെ ആത്മീയ ജീവിതത്തിലും ഏറെ പ്രസക്തമായ ഒരു ചിന്തയാണിത്. തിന്മയുടെയും പാപത്തിൻറെയും സ്വാധീനവും ശക്തിയും ഏറെയുള്ള ഈ ലോകത്ത്, ആത്മീയ കാര്യങ്ങള്‍ വളരെ മിനിമം മാത്രം മതി എന്നു പറഞ്ഞു കഴിയുന്നവര്‍, എല്ലാം ഭദ്രമാണെന്നു സ്വയം കരുതുമ്പോഴും ചില വലിയ ധാര്‍മ്മിക – ആത്മീയ അപകടങ്ങളില്‍ ചെന്നു ചാടിയേക്കാം. പാപവും തിന്മയും ഉയര്‍ത്തുന്ന ആകര്‍ഷണങ്ങളെയും പ്രലോഭനങ്ങളെയും ചെറുത്തു തോല്‍പിക്കാനുള്ളത്ര ശക്തി ആത്മീയ ജീവിതത്തിലൂടെ ഓരോരുത്തരും നേടിയെടുക്കണം. അല്ലെങ്കില്‍, വി. പത്രോസ് ഓര്‍മ്മിപ്പിക്കുന്നു. ”നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍.” (1 പത്രോസ് 5: 8)

തൻറെ പൊതുപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പദ്ധതികളുമായി മുമ്പോട്ടു പോകുമ്പോള്‍, തെരേസാ മേയ് ജനങ്ങളുടെ മനസ്സും ആവശ്യങ്ങളും അറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറായിരുന്നോ എന്നതും ചിന്തനീയമാണ്. തിരഞ്ഞെടുപ്പ് വിജയത്തിൻറെ മാറ്റ് കുറഞ്ഞതിന് ഇതും കാരണമാകാം എന്നു വിലയിരുത്തപ്പെടുന്നു. മെഡിക്കല്‍ രംഗത്തെ അനിശ്ചിതത്വവും ബ്രെക്സിറ്റിൻറെ പശ്ചാത്തലവും ഐസിസ് ആക്രമണങ്ങളും തുടങ്ങി കുറേയേറെ കാര്യങ്ങളില്‍ ജനങ്ങളുടെ താല്‍പര്യവും മനസും വേണ്ടവിധം പ്രധാനമന്ത്രി മനസിലാക്കിയിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെടുന്നു. കുടുംബജീവിതത്തിലും സമൂഹ ജീവിതത്തിലും ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. കുടുംബത്തിലായാലും സമൂഹത്തിലായാലും നേതൃനിരയിലുള്ളവര്‍ കൂടെയുള്ളവരുടെ ചിന്തകളും വികാരങ്ങളും കൂടി മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതാണ്. തന്നോടൊപ്പം താമസിക്കുന്ന മറ്റ് കുടുംബാംഗങ്ങളെ ഒട്ടും ശ്രദ്ധിക്കാതെ അവരുടെ വികാരങ്ങളെ തെല്ലും പരിഗണിക്കാതെ മദ്യപാനത്തിലും അനാവശ്യ കൂട്ടുകെട്ടുകളിലും ധൂര്‍ത്തിലും ജീവിക്കുന്നവര്‍ സ്വയം നാശവും കുടുംബസമാധാന തകര്‍ച്ചയും ക്ഷണിച്ചുവരുത്തുകയാണ്. ഗ്രൂപ്പുകള്‍ക്കും സമൂഹത്തിനും നേതൃത്വം കൊടുക്കുന്നവരും കൂടെയുള്ളവരെയും അവരുടെ ചിന്തകളെയും പരിഗണിക്കാതെ പോയാല്‍ പൊതുസമൂഹത്തിൻറെ പിന്നാമ്പുറങ്ങളിലേയ്ക്ക് തള്ളി മാറ്റപ്പെടും.

ഓരോ അനുഭവവും ഓരോ പാഠമാണ്, ചില പാഠങ്ങള്‍ പഠിക്കാനും ഭാവിയിലേക്ക് വേണ്ട മുന്‍കരുതലുകള്‍ എടുക്കാനും. നമ്മുടെ ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നു മാത്രമേ പഠിക്കൂ എന്നു ശഠിക്കേണ്ട, മറ്റുള്ളവരുടെ ജീവിതവും അനുഭവങ്ങളും നമ്മുടെ ജീവിതത്തിനുള്ള തുറന്ന പുസ്തകങ്ങളാണ്. നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിയില്‍ നിന്നും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ട്. ഒന്നുകില്‍ അവരെപ്പോലെയാകാന്‍ അല്ലെങ്കില്‍ അവരെപ്പോലെ ആകാതിരിക്കാന്‍ – രണ്ടും ഗുണപാഠം തന്നെ. ”നിൻറെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും അവസാനത്തെ പിഴവാണ് നിൻറെ ഏറ്റവും നല്ല ഗുരു” എന്ന മഹാനായ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിൻറെ വാക്കുകളോടെ, നന്മനിറഞ്ഞ ഒരാഴ്ച പ്രാര്‍ത്ഥനയോടെ ആശംസിക്കുന്നു.

‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 50’ – സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ.ബിജു കുന്നയ്ക്കാട്ട്

ഈ ദിവസങ്ങളില്‍ വായിച്ച ഏറെ ചിന്തോദ്ദീപകമായ ഒരു കഥ പറഞ്ഞു തുടങ്ങാം: പണ്ട് ഒരു രാജ്യത്ത് ഒരു രാജാവ് ജീവിച്ചിരുന്നു. സുഖലോലുപതയിലാണ് കഴിഞ്ഞിരുന്നതെങ്കിലും അദ്ദേഹം ഒരിക്കലും പൂര്‍ണ സന്തോഷവാനായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം തൻറെ സേവകരിലൊരാള്‍ മൂളിപ്പാട്ടും പാടി സന്തോഷത്തോടും ഉത്സാഹത്തോടും കൂടി അവൻറെ ജോലി ചെയ്യുന്നത് രാജാവ് ശ്രദ്ധിച്ചു. എല്ലാമുള്ള തനിക്ക് സന്തോഷിക്കാന്‍ പറ്റാത്തപ്പോഴും തൻറെ സേവകരിലൊരാള്‍ ഇത്ര സന്തോഷത്തോടെ ജീവിക്കുന്നതെങ്ങനെയെന്നത് രാജാവിനെ ചിന്തിപ്പിച്ചു. അവനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. ”പ്രഭോ, ഞാനൊരു വേലക്കാരന്‍ മാത്രമാണ്. എൻറെ കുടുംബം മുമ്പോട്ടു പോകാന്‍ ഏറെയൊന്നും ആവശ്യമില്ല. ഉറങ്ങാന്‍ ഒരു കൂരയും കഴിക്കാനുള്ള ഭക്ഷണവുമുണ്ടെങ്കില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.”

ഇക്കാര്യങ്ങളെക്കുറിച്ച് കൊട്ടാരം ഉപദേശകനോട് പറഞ്ഞപ്പോള്‍ അദ്ദഹം രാജാവിനോട് പറഞ്ഞു: ”പ്രഭോ, ഈ സേവകന്‍ ഇതുവരെ 99 ക്ലബ്ബില്‍ അംഗമായിട്ടില്ല. അതുകൊണ്ടാണ് അവന് സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുന്നത്.” രാജാവ് ചോദിച്ചു; 99 ക്ലബ്ബോ?”,  ഞാന്‍ അതേക്കുറിച്ച് കേട്ടിട്ടു പോലുമില്ലല്ലോ! ”അതെക്കുറിച്ച് കൃത്യമായി അറിയണമെങ്കില്‍ 99 സ്വര്‍ണനാണയങ്ങളുള്ള ഒരു കിഴി ഈ സേവകൻറെ വീട്ടുപടിക്കല്‍ കൊണ്ടുപോയി വയ്ക്കണം” ഉപദേശകന്‍ മറുപടി പറഞ്ഞു.

പിറ്റേന്നു പ്രഭാതത്തില്‍ തൻറെ വീട്ടുപടിക്കല്‍ ഒരു കിഴി കിടക്കുന്നതു കണ്ട് സേവകന്‍ അതിശയിച്ചു. അത് തുറന്നു നോക്കിയപ്പോള്‍ അത്ഭുതം കൊണ്ട് തുള്ളിച്ചാടി – സ്വര്‍ണനാണയങ്ങള്‍! അത് എത്രയുണ്ടെന്നറിയാന്‍ അദ്ദേഹം എണ്ണിനോക്കി – 99 എണ്ണം! ആരും 99 എണ്ണമായി തരില്ലല്ലോ, 100 ആണ് കാണേണ്ടത്. ബാക്കി ഒരെണ്ണം എവിടെപ്പോയി? ചുറ്റുപാടെല്ലാം അരിച്ചുപെറുക്കി, കണ്ടുകിട്ടിയില്ല. ഒടുവില്‍ ആ നൂറാമത്തെ നാണയം നേടുന്നതായി പതിവിലുള്ളതിനെക്കാള്‍ കഠിനമായി അദ്ദേഹം അന്നുമുതല്‍ അധ്വാനിക്കാന്‍ തുടങ്ങി. ജോലിക്കിടയിലുള്ള അവൻറെ മൂളിപ്പാട്ട് നിന്നു. അന്നുമുതല്‍ അവന്‍ മറ്റൊരു വ്യക്തിയായി മാറി. പിറുപിറുത്ത് കൊണ്ട് ജോലി ചെയ്യാന്‍ തുടങ്ങി. തൻറെ അധ്വാനത്തില്‍ പങ്കുചേരാത്തതിന് കുടുംബാംഗങ്ങളെ പഴിക്കാന്‍ തുടങ്ങി. അവൻറെ മനസിൻറെ സമാധാനവും കുടുംബാംഗങ്ങളോടൊത്തുള്ള സന്തോഷവും അന്നുമുതല്‍ അവന് നഷ്ടപ്പെട്ടു.

തൻറെ സേവകൻറെ ജീവിതത്തിലും സ്വഭാവത്തിലും വന്ന മാറ്റം കണ്ട് രാജാവ് ആശ്ചര്യപ്പെട്ടു. ഉപദേശകന്‍ രാജാവിനോട് പറഞ്ഞു:  ഈ സേവകന്‍ ഇപ്പോള്‍ ഔദ്യോഗികമായി 99 ക്ലബ്ബില്‍ അംഗമായിരിക്കുന്നു! അദ്ദേഹം തുടര്‍ന്നു; സന്തോഷിക്കാന്‍ ആവശ്യമുള്ളതെല്ലാം കയ്യിലുണ്ടായിരുന്നിട്ടും അതില്‍ സംതൃപ്തി കണ്ടെത്താതെ, കിട്ടാതെ പോകുന്ന ഒരു കാര്യത്തിനുവേണ്ടി ജീവിതകാലം മുഴുവന്‍ നിരാശയിലും അനാവശ്യ അധ്വാനത്തിലും കഴിയുന്ന ആളുകള്‍ക്കുള്ള പൊതുപേരാണ് 99 ക്ലബ്ബ്. ഒരെണ്ണം കൂടി കിട്ടിക്കഴിയുമ്പോള്‍ സംതൃപ്തിയും പൂര്‍ണതയുമുണ്ടാകുമെന്ന് അവര്‍ കരുതുന്നു, അതുകിട്ടിക്കഴിയുമ്പോള്‍ അടുത്ത ഒന്നിലേക്ക് അവരുടെ ശ്രദ്ധ പോകുന്നു, അത് അവസാനമില്ലാതെ തുടരുന്നു, ഒരിക്കലും ഒന്നിലും സംതൃപ്തിയില്ലാതെ ഇക്കൂട്ടര്‍ ജീവിക്കുന്നു, സമാധാനവും സന്തോഷവും ഉറക്കവും നഷ്ടപ്പെടുന്നു. പ്രവേശനഫീസ് ഇല്ലാത്ത ഈ ക്ലബ്ബില്‍ ജീവിതം മുഴുവന്‍ വിലയായി കൊടുത്ത് ജീവിക്കേണ്ടി വരുന്നു.”

”കൊട്ടാരം ചിന്തയാല്‍ ജാഗരം കൊള്ളുന്നു, കൊച്ചു കുടില്‍ക്കത്രേ നിദ്രാസുഖം”- മലയാള കവിതയിലെ അര്‍ത്ഥഗര്‍ഭമായ ഈ വരികള്‍ ഏറെ ചിന്തനീയമത്രെ. സന്തോഷത്തിലും മനസമാധാനത്തിലും ജീവിക്കാന്‍ ഒരു മനുഷ്യന് ഏറെയൊന്നും വേണ്ട എന്നതാണ് മഹാന്മാര്‍ ലോകത്തെ പഠിപ്പിച്ച വലിയ പാഠങ്ങളിലൊന്ന്. പക്ഷികള്‍ക്കു പോലും കൂടും നരികള്‍ക്ക് മാളങ്ങളും ഉള്ള ഈ ലോകത്തില്‍ തലചായ്ക്കാന്‍ പോലും ഇടമില്ലാതിരുന്നിട്ടും (ലൂക്കാ 9:58) ലോകഗുരുവായ യേശുക്രിസ്തു യാതൊരു പരാതിയുമില്ലാതെയാണ് ഈ ഭൂമിയില്‍ ജീവിച്ചത്. ‘ജനങ്ങളുടെ പ്രസിഡന്റ്’ എന്നറിയപ്പെട്ടിരുന്ന ഇന്ത്യയുടെ മഹാനായ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് സ്വന്തമായുണ്ടായിരുന്ന സ്വത്ത് വിവരങ്ങള്‍ ലോകമറിഞ്ഞത് അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ്. 2500 പുസ്തകങ്ങള്‍, ഒരു റിസ്റ്റ്‌വാച്ച്, ആറ് ഷര്‍ട്ടുകള്‍, നാല് പാന്റുകള്‍, മൂന്ന് സ്യൂട്ടുകള്‍ പിന്നെ ഒരു ജോടി ഷൂസും. ടിവി, ഫ്രിഡ്ജ്, കാര്‍ ഒന്നും അദ്ദേഹം സ്വന്തമാക്കിയിരുന്നില്ല. ഒരു രാജ്യത്തിൻറെ പ്രസിഡന്റ് ഇത്രയും എളിയ രീതിയില്‍ ജീവിക്കുമ്പോഴാണ് സമൂഹത്തില്‍ സാധാരണക്കാരായ മറ്റു ചിലരുടെ ധൂര്‍ത്തും ആഡംബരങ്ങളും നമ്മുടെ കണ്ണുതുറപ്പിക്കേണ്ടത്.

പ്രകാശം ലഭിച്ച മഹാന്മാരുടെയെല്ലാം ജീവിതങ്ങള്‍ ഈ എളിയ ജീവിതത്തില്‍ സംതൃപ്തി കണ്ടെത്തിയതിൻറെ നിദര്‍ശനങ്ങളായിരുന്നു. രാജകൊട്ടാരത്തിലെ സിദ്ധാര്‍ത്ഥ രാജകുമാരന്‍ ‘ബുദ്ധ’നായി മാറിയപ്പോഴേക്കും ലോകവസ്തുക്കള്‍ ഏറെ സമ്പാദിക്കണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ നിന്ന് പൂര്‍ണമായി പൊയ്പ്പോയിരുന്നു. ലോകത്തിലെ രണ്ടാമത്തെ ധനികനായ Warren Buffet ഇപ്പോഴും മൊബൈല്‍ ഫോണോ ഒരു കമ്പ്യൂട്ടറോ ഇല്ലാതെ മൂന്ന് മുറികള്‍ മാത്രമുള്ള ഒരു വീട്ടിലാണ് താമസിക്കുന്നത് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? മരം വെട്ടാന്‍ കാട്ടില്‍ പോയി കോടാലി വെള്ളത്തില്‍ കളഞ്ഞുപോയ വിറകുവെട്ടുകാരൻറെ മനസിൻറെ നൈര്‍മല്യമൊക്കെ ഇന്നു നമുക്ക് നഷ്ടപ്പെടുന്നുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വന്തം ഇരുമ്പുകോടാലി മാത്രമല്ല, സ്വര്‍ണത്തിൻറെയും വെള്ളിയുടെയും കോടാലി കൂടി കിട്ടിയാലേ ജീവിതത്തില്‍ വിജയിക്കൂ എന്ന വാശിയിലാണ് ഓരോരുത്തരും മത്സര ഓട്ടം നടത്തുന്നത്.

ഇല്ലാത്തവയെക്കുറിച്ച് പരാതിപ്പെടാതെ അവനവനുള്ള സാഹചര്യത്തില്‍ സന്തോഷത്തോടെ കഴിയുന്നതാണ് പരമപ്രധാനം. മദര്‍ തെരേസയുടെ കല്‍ക്കട്ടയിലെ മിഷന്‍ ഭവനം സന്ദര്‍ശിച്ച ഒരു വിദേശ വനിത ഒരിക്കല്‍ മദറിനോട് പറഞ്ഞു. ‘എനിക്ക് നിങ്ങളുടെ ജീവിത സാഹചര്യം കണ്ടിട്ട് കഷ്ടം തോന്നുന്നു. കഴിക്കാന്‍ നിങ്ങള്‍ക്ക് നല്ല ഭക്ഷണമില്ല, ജീവിത സാഹചര്യങ്ങളില്ല, കിടക്കാന്‍ കട്ടിലില്ല. എങ്ങനെ ഇവിടെ ജീവിക്കുന്നു?” മദര്‍ ശാന്തമായി അവരോടു പറഞ്ഞു: ”സത്യത്തില്‍ എനിക്ക് നിങ്ങളോടാണ് കഷ്ടം തോന്നുന്നത്. കിട്ടുന്ന എളിയ ഭക്ഷണം കൊണ്ട് എനിക്ക് ജീവിക്കാം. എന്നാല്‍ നിങ്ങള്‍ക്കതു പറ്റില്ല. എളിയ ചുറ്റുപാടില്‍ എനിക്ക് കഴിഞ്ഞുകൂടാം, എന്നാല്‍ നിങ്ങള്‍ക്കതു പറ്റില്ല. എനിക്ക് നിലത്തു കിടന്നാലും ഉറങ്ങാം, എന്നാല്‍ കട്ടിലില്ലാതെ നിങ്ങള്‍ക്കുറങ്ങാനാവില്ല. ഇതൊക്കെ വച്ചുനോക്കുമ്പോള്‍ എനിക്ക് സത്യത്തില്‍ നിങ്ങളോടാണ് കഷ്ടം തോന്നുന്നത്.”

സാധനങ്ങളും സമ്പത്തുംകൊണ്ട് ജീവിതം നിറയ്ക്കുന്നവരല്ല, നന്മയും സുഹൃദ്ബന്ധങ്ങളും ദൈവചിന്തയും കൊണ്ട് ജീവിതം നിറയ്ക്കുന്നവരാണ് ജീവിതത്തില്‍ വലിയവരാകുന്നത്. ഒരിക്കല്‍ ഒരു പിതാവ് തൻറെ മക്കളുടെ ബുദ്ധിയും കഴിവുമനുസരിച്ച് തൻറെ സ്വത്ത് അവര്‍ക്ക് കൊടുക്കുവാന്‍ തീരുമാനിച്ചു. അവന്‍ തൻറെ മക്കള്‍ രണ്ടുപേരെയും വിളിച്ച് നൂറു രൂപ വീതം കൊടുത്തിട്ടു പറഞ്ഞു. നിങ്ങൾ ഈ പണം ഉപയോഗിച്ച് ഓരോ മുറി നിറയ്ക്കണം. മുറി നിറയ്ക്കാന്‍ എന്തുകാര്യവും ഉപയോഗിക്കാം. 100 രൂപയില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല. ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം ഒന്നാമന്‍ നൂറുരൂപ കൊടുത്ത് ചപ്പുചവറുകള്‍ വാങ്ങി മുറി നിറച്ചു. രണ്ടാമന്‍ കടയില്‍ പോയി ഒരു തിരിയും അഗര്‍ബത്തിയും സുഗന്ധതൈലവും വാങ്ങി വന്നു. മുറിയില്‍ തിരികത്തിച്ച് വച്ച് പ്രകാശം കൊണ്ടുനിറച്ചു. അഗര്‍ബത്തി കത്തിച്ചുവച്ച് സുഗന്ധപൂരിതമായ പുകകൊണ്ട് മുറി നിറച്ചു. വാസനതൈലക്കുപ്പി തുറന്നുവച്ച് പരിമളം മുറിയിലുടനീളം നിറച്ചു. ബാക്കി വന്ന പണം പിതാവിനു തിരികെയും കൊടുത്തു. ദുര്‍ഗന്ധം വമിക്കുന്ന ഒന്നാമൻറെ മുറി പിതാവില്‍ അറപ്പ് ഉളവാക്കിയപ്പോള്‍ സുഗന്ധവും പ്രകാശവും നിറച്ച രണ്ടാമന്റെ മുറി പിതാവിന്റെ മനം കുളിര്‍പ്പിച്ചു. സമ്മാനവും സ്വത്തിന്റെ കൂടിയ ഓഹരിയും അവനു ലഭിച്ചു. ലൗകിക സമ്പത്തിൻറെയും സന്തോഷത്തിൻറെയും പുറകെ പോയി ഉള്ളിലെ സമാധാനം നഷ്ടപ്പെടുത്തുന്നവരാകാതെ ജീവിതത്തില്‍ കിട്ടിയിട്ടുള്ളതിൻറെ നന്മയും സൗന്ദര്യവും ആസ്വദിക്കാന്‍ കഴിയുന്നവരാകണം നാം.

ഈ ലോകജീവിതത്തിന് പണവും സമ്പത്തും വേണം – ആവശ്യത്തിനുമാത്രം. ‘അധികമായാല്‍ വിഷമാകുന്ന അമൃതാണത്’. ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു, ഒരാള്‍ക്ക് ജീവിതത്തില്‍ എത്ര സ്വത്ത് വേണം? ഗുരു മറുപടി ഒന്നും പറഞ്ഞില്ല, പകരം ഒരു മുട്ട ശിഷ്യൻറെ കയ്യില്‍ വച്ചുകൊടുത്തു. രണ്ടാമതൊന്നു കൂടി കൊടുത്തു, രണ്ടും അവന്‍ കയ്യില്‍ പിടിച്ചു. മൂന്നാമതൊന്നു കൂടി കൊടുത്തു, പിന്നീട് ഓരോന്ന് ഓരോന്നായി ഗുരു ശിഷ്യൻറെ കയ്യില്‍ വച്ചു കൊടുത്തു. ഏഴാമതൊന്ന് കൂടി കിട്ടിയപ്പോള്‍ അവന്‍ പറഞ്ഞു. ‘ഗുരോ, ഇനി എനിക്ക് ഒന്നുകൂടി കയ്യില്‍ പിടിക്കാനാവില്ല. എങ്കിലും ഗുരു എട്ടാമതൊന്നു കൂടി കൊടുത്തു, അതു കയ്യില്‍ കൊള്ളാതായപ്പോള്‍ ശിഷ്യൻറെ കയ്യില്‍ നിന്ന് താഴെ വീണ് ഉടഞ്ഞുപോയി. ഗുരു ശിഷ്യനോട് പറഞ്ഞു. ‘ഇതുപോലെ തന്നെയാണ് സമ്പത്തിൻറെ കാര്യവും. കയ്യില്‍ കൊള്ളാവുന്നതും ആവശ്യമുള്ളതും മാത്രം ആഗ്രഹിക്കുക”.

തന്നെക്കാള്‍ കൂടുതലുള്ള മറ്റുള്ളവരോട് നടത്തുന്ന അനാവശ്യ താരതമ്യമാണ് പലരേയും ആഗ്രഹത്തിനു കടിഞ്ഞാണില്ലാത്ത മനസുമായി മുമ്പോട്ടു പോകാന്‍ പ്രേരിപ്പിക്കുന്നത്. തന്നേക്കാള്‍ വലിയവരോടു തങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നതു നിര്‍ത്തി, തങ്ങളേക്കാള്‍ എളിയ ജീവിതം നയിക്കുന്നവരോട് താരതമ്യം ചെയ്യുമ്പോഴാണ് ഓരോരുത്തരും തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നന്മകളെ തിരിച്ചറിയുന്നതും വിലമതിക്കുന്നതും. യാത്രകളില്‍ സാധാരണ പറയാറുള്ള ‘less luggage is more comfort’ എന്ന തത്വം ജീവിതത്തിലും പ്രധാനപ്പെട്ടതാണെന്ന് നാം മറക്കരുത്.

വിളഞ്ഞുകിടക്കുന്ന ഒരു പാടം മുഴുവന്‍ മുമ്പിലുണ്ടെങ്കിലും തനിക്കാവശ്യമായ ഒരു നെല്‍ക്കതിര്‍ മാത്രം കൊത്തിയെടുക്കുന്ന ചെറുകിളികളുടെ മനസാണ് നമുക്ക് പാഠമാവേണ്ടത്. സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ എന്തുചെയ്യണമെന്ന് ചോദിച്ച യുവാവിനോട് ഈശോ പറഞ്ഞു. ”നിനക്ക് ഒരു കുറവുണ്ട്, പോയി നിൻറെ സമ്പത്ത് വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക”. അധികമുള്ള സ്വത്ത് ഒരു മേന്മയായിട്ടല്ല, ഒരു കുറവായിട്ടാണ് ക്രിസ്തുനാഥന്‍ കണക്കാക്കിയത്. അനധികൃതവും അനാവശ്യവുമായ സ്വത്ത് സമ്പാദന ആഗ്രഹവുമായി നടന്ന് 99 ക്ലബ്ബില്‍ ഉള്‍പ്പെടാനും അതുവഴി ഇനി ആര്‍ക്കും ജീവിതം ദുരിതപൂര്‍ണമാവാനും ഇടവരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ, സന്തോഷവും സമാധാനവും നിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു.

സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

ഇത്തവണയും തോറ്റത് ഭീരുക്കളായ ഭീകരര്‍ തന്നെയാണ്. മാഞ്ചസ്‌ററര്‍ അരീനയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തെ ലോകം ഒന്നായി നേരിട്ടപ്പോള്‍ പതിയിരുന്ന് ആക്രമിക്കാനല്ലാതെ നേര്‍ക്കുനേര്‍ നില്‍ക്കാന്‍ തന്റേടമില്ലാത്തവരാണെന്ന് അവര്‍ ഒരിക്കല്‍കൂടി തെളിയിച്ചു. 22 നിരപരാധികള്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും അന്‍പതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ദാരുണ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുക തന്നെ ചെയ്തു. എന്നാല്‍ ഈ സംഭവം മനുഷ്യ സ്‌നേഹത്തിന്റെയും മഹാകരുണയുടെയും വേദി കൂടിയായി മാറി. മാഞ്ചസ്റ്റര്‍ ജനതയും യു.കെ സമൂഹവും മനുഷ്യ സേവനത്തിനായി കൈകോര്‍ത്തപ്പോള്‍ ഭീകരത മുഖം മറച്ച് തോറ്റോടി.

ചാവേറാക്രമണത്തില്‍ പരിക്കുപറ്റിയും ഭയചകിതരുമായി പുറത്തേക്കോടിയവര്‍ക്ക് അപ്രതീക്ഷിത കാരുണ്യപ്രവൃത്തികളിലൂടെ കൈത്താങ്ങായവരാണ് ഈ ദിവസങ്ങളില്‍ യുകെയിലെ ഹീറോകള്‍. നിസ്സഹായരായി തെരുവില്‍ അലഞ്ഞ 50 പെണ്‍കുട്ടികള്‍ക്ക് സ്വന്തം ചിലവില്‍ അഭയമൊരുക്കിയ 48 കാരിയായ പോളി റോബിന്‍സണ്‍, സൗജന്യ യാത്രാ സൗകര്യമൊകുക്കിയ ടാക്‌സി ഡ്രൈവര്‍മാരും സ്വകാര്യ കാറുമടകള്‍, വീടുകളിലേയ്ക്കും അപ്പാര്‍ട്ട്‌മെന്റുകളിലേയ്ക്കും ഓടിക്കയറിയ കുട്ടികള്‍ക്ക് അഭയം നല്‍കിയ പ്രദേശവാസികള്‍, പരിചയമില്ലാത്ത കുഞ്ഞുങ്ങള്‍ക്കും പോലീസുകാര്‍ക്കുമായി ചൂടു ചായ നിറച്ച ഫ്‌ളാസ്‌കുമായി വന്ന അമ്മമാര്‍, ലിഫ്റ്റ് കൊടുക്കാന്‍ തയ്യാറായി എത്തുന്ന മോട്ടോര്‍ ബൈക്കുകാര്‍, ആളുകളെ സുരക്ഷിതരാക്കാനും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും സ്വയരക്ഷപോലും നോക്കാതെ ഇറങ്ങിത്തിരിച്ച ആയിരക്കണക്കായ പോലീസ് അധികാരികളും മെഡിക്കല്‍ സന്നദ്ധ പ്രവര്‍ത്തകരും …. ” ഇതു മാഞ്ചസ്റ്ററാണ്, ഞങ്ങള്‍ കരുത്തരാണ്, ഞങ്ങള്‍ ഒന്നാണ്” എന്നെഴുതി ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡുകള്‍ ഈ കരുണയുടെയും യോജിപ്പിന്റെയും അക്ഷര രൂപമായിരുന്നു.

അപ്രതീക്ഷിതമായി ഉണ്ടായ അടിയന്തരസാഹചര്യത്തില്‍ പിന്‍വലിയാനല്ല, കരുണയുടെ കരങ്ങളുമായി മുന്നോട്ട് വരാനാണ് മാഞ്ചസ്റ്റര്‍ ജനത ശ്രമിച്ചത്. അതിന് അവരെ പ്രേരിപ്പിച്ചതാകട്ടെ അവരുടെ ഉള്ളിലുള്ള കരുണയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും വറ്റാത്ത ഉറവയും. ഒരു വര്‍ഷക്കാലം നീണ്ട കരുണയുടെ ജൂബിലി വര്‍ഷം ലോകത്തിനു നല്‍കിയ പരിശീലനത്തിന്റെ ഫലങ്ങള്‍ ലോകത്തില്‍ തുടരുന്നു എന്നു കാണുന്നത് ആഹ്‌ളാദകരം തന്നെ.

ദൈവത്തിന്റെ മറ്റൊരു പര്യായമാണ് കരുണ. സ്‌നേഹവും സത്യവും നീതിയും ക്ഷമയുമൊക്കെ ദൈവത്തെത്തന്നെ ഓര്‍മ്മിപ്പിക്കുന്ന കാര്യങ്ങളാണെങ്കില്‍ കരുണ ദൈവം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന് ദൈവത്തിന്റെ ഗുണങ്ങളും കിട്ടിയിട്ടുണ്ട്. അതുവേണ്ട ഇടങ്ങളില്‍ പ്രകടിപ്പിക്കുമ്പോള്‍ മനുഷ്യന്‍ ദൈവതലത്തിലേയ്ക്കാണ് ഉയരുന്നത്. മനുഷ്യന്‍ ദൈവരൂപമെടുക്കുന്നത് കരുണ കാണിക്കുമ്പോഴും (ദൈവം മനുഷ്യരൂപമെടുക്കുന്നതും) മനുഷ്യന്‍ മനുഷ്യനാകുന്നത് ബുദ്ധിയും നീതിയും പ്രകടിപ്പിക്കുമ്പോഴും, മനുഷ്യന്‍ മൃഗമാകുന്നത് സ്വന്തം ഇഷ്ടത്തിനുവേണ്ടി മറ്റുള്ളവരെ കീഴ്‌പ്പെടുത്തുമ്പോഴും മനുഷ്യന്‍ മൃഗത്തിനും താഴെയാകുന്നത്, നിരപരാധികളെ നിഹനിക്കുന്ന ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴുമത്രേ. ഇതിനും താഴേയ്ക്ക് പിന്നെ പോകാനാവില്ല.

ആവശ്യപ്പെടാതെ കൊടുക്കുമ്പോഴും അര്‍ഹതയില്ലാത്തവര്‍ക്കും അപരിചിതര്‍ക്കും കൊടുക്കുമ്പോഴുമാണ് കരുണ ഏറ്റവും ഉദാത്തമാകുന്നത്. കാരണം അതു ഹൃദയത്തില്‍ നിന്നു വരുന്ന നന്മയാണ്. നമ്മുടെ കൈവശമുള്ളതെന്തെങ്കിലും മറ്റൊരാളുമായി പങ്കുവയ്ക്കുന്നത് നമുക്ക് അയാളോട് സഹതാപം (Sympathy) തോന്നിയിട്ടാവാം, അതു നല്ലതുതന്നെ. കരുണ കാണിക്കുന്നവന്‍ സഹതാപത്തിനപ്പുറത്തേയ്ക്കും സഞ്ചരിക്കുന്നു. സഹായമാവശ്യമുള്ള വ്യക്തിയുടെ സ്ഥാനത്ത് തന്നെത്തന്നെ കണ്ട് ഹൃദയത്തിന്റെ പ്രചോദനത്താല്‍ അവന്റെ ആവശ്യത്തിലേക്കിറങ്ങി ചെല്ലുന്നതാണ (Empathy) കരുണയുടെ അന്തഃസത്ത. ഇവിടെ സ്വയം പ്രേരിതമായി, സ്വയം മറന്നാണ് ഒരാള്‍ മറ്റൊരാളെ സഹായിക്കുന്നത്. വേദനിക്കുന്നവന്റെ വേദന സ്വന്തം ഹൃദയത്തില്‍ അനുഭവപ്പെടുന്നതിന്റെ പ്രതിഫലനമാണ് കരുണയുടെ പ്രവര്‍ത്തികള്‍.

വി. ബൈബിളിലെ നല്ല സമറിയാക്കാരന്റെ കഥയില്‍ ഒരു സാധാരണ സമറിയാക്കാരന്‍ ദൈവത്തിന്റെ കണ്ണില്‍ ‘നല്ല’ സമറിയാക്കാരനായത് അവന്റെ കരുണ നിറഞ്ഞ പ്രവര്‍ത്തിയിലൂടെയാണ്. സമറിയാക്കാരനും മുറിവേറ്റ് വഴിയില്‍ കിടന്നവനും തമ്മില്‍ ശത്രുതയുള്ള വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നെങ്കിലും ഒരു അടിയന്തരഘട്ടത്തില്‍ സമുദായ വിഭാഗങ്ങളുടെ വേലിക്കെട്ടുകള്‍ പരിഗണിക്കാതെ മുറിവേറ്റവനെ സഹായിക്കാന്‍ കാണിച്ച സന്മനസാണ് മുമ്പേ വന്നുപോയ പുരോഹിതനില്‍ നിന്നും ലേവായനില്‍ നിന്നും അവനെ വ്യത്യസ്ഥനാക്കിയത്. നാം ആരാണന്നല്ല, നാം മറ്റുള്ളവര്‍ക്കുവേണ്ടി എന്തുചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നാം ദൈവസന്നിധിയില്‍ വിലയിരുത്തപ്പെടുന്നത്.

മാഞ്ചസ്റ്ററില്‍ സഹായത്തിനെത്തിയവരെല്ലാം നല്ല സമറിയാക്കാരന്റെ മനസ്സുള്ളവരായിരുന്നു. ഫ്‌ളാസ്‌കുകളില്‍ ചൂടുകാപ്പിയും അത്യാവശ്യ മരുന്നുകളുമായി ഓടിയെത്തിയ അമ്മമാര്‍ എണ്ണയും വീഞ്ഞുമൊഴിച്ച് മുറിവുകള്‍ വച്ചുകെട്ടിയ നല്ല സമറിയാക്കാരന്റെ മനസുള്ളവരായിരുന്നു. സ്വകാര്യ വാഹനങ്ങളും ടാക്‌സി കാറുകളും തെരുവില്‍ അലഞ്ഞവര്‍ക്ക് സൗജന്യ യാത്ര നല്‍കി സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചപ്പോള്‍ മുറിവേറ്റ് കിടന്നവനെ ചുമന്നു സത്രത്തിലെത്തിച്ച കഴുതയുടെ വിലയേറിയ സഹായം ചെയ്യുകയായിരുന്നു. അപ്പാര്‍ട്ടുമെന്റുകളും വീടുകളും ഓടിവന്നവര്‍ക്ക് അഭയം നല്‍കിയപ്പോള്‍ മുറിവേറ്റ മനുഷ്യന് അഭയം നല്‍കിയ സത്രത്തിന്റെ സുരക്ഷിതത്വം നല്‍കുകയായിരുന്നു. ഇനിയൊരാക്രമമുണ്ടാകാതെ എല്ലാ മുന്‍കരുതലുമെടുക്കുമെന്ന പ്രധാനമന്ത്രിയുടെയും മറ്റ് ഭരണാധികാരികളുടെയും വാക്കുകള്‍, മുറിവേറ്റവന് കൂടുതല്‍ ചിലവാകുന്നത് താന്‍ മടങ്ങിവരുമ്പോള്‍ തന്നുകൊള്ളാമെന്ന സമറിയാക്കാരന്റെ ഉറപ്പുള്ള വാക്കുകളുടെ പ്രതിഫലനമായിരുന്നു.

അലിവും ദയയും മൃഗങ്ങള്‍ പോലും പ്രകടിപ്പിക്കാറുണ്ട്. വിശേഷ ബുദ്ധിയുള്ള, ചിന്തിക്കുന്ന മൃഗമായ മനുഷ്യന്‍ ദയതോന്നി കയ്യിലുളളതു മാത്രം കൊടുക്കേണ്ടവനല്ല, സ്വന്തം ഹൃദയവും അതിലെ നന്മയും കൂടി കരുണയായി കാണിക്കേണ്ടവനാണ്. അതാണ് മനുഷ്യതലത്തിനും മുകളില്‍ അവനെ ദൈവതുല്യനാക്കുന്നത്. കരുണ കാണിക്കുന്നത് ദൈവത്തിന്റെ സ്വഭാവമാണ്. സീറോ മലബാര്‍ വി. കുര്‍ബാനയില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു: ”അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുയും ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യണമേ” എന്ന്. ”കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ക്കു കരുണ ലഭിക്കും” (മത്താ 5: 7) എന്ന് വി. ബൈബിളും പറയുന്നു. ‘ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് ‘ എന്നത് യേശുവിന്റെ ഒരു പ്രധാന ഓര്‍മ്മപ്പെടുത്തലത്രേ (മത്താ 9:13).

മാഞ്ചസ്റ്റര്‍ ആദ്യം വിറങ്ങലിച്ചു നിന്നത് ഭീകരതയുടെ അഴിഞ്ഞാട്ടത്തിലാണ്. എന്നാല്‍ നിമിഷങ്ങള്‍ക്കുളളില്‍ അത് കരുണയുടെ അത്ഭുതത്തിനു വഴിമാറി. ഏതു ഭീകരതയെയും തുരത്തുന്ന കരുണയും സ്‌നേഹവും എന്നും സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കട്ടെ. ഇവ പുറപ്പെടുവിക്കുന്ന ശാന്തിയും സമാധാനവും നമ്മുടെ ഹൃദയങ്ങളെ എന്നും ഭരിക്കട്ടെ. ഹൃദയത്തിലും സംസാരത്തിലും പെരുമാറ്റത്തിലും കരുണയുടെ സന്ദേശവാഹകരും പ്രയോക്താക്കളുമാകാന്‍ നമുക്ക് സാധിക്കട്ടെ. തിന്മയുടെ താണ്ഡവം ഉണ്ടാക്കിയ മാഞ്ചസറ്ററിലെ മുറിവ് എത്രയും വേഗം സുഖപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെയും സ്‌ഫോടനത്തിന് ഇരായയവരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നും എല്ലാവര്‍ക്കും നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വം ആശംസിക്കുന്നു.

സ്‌നേഹത്തോടെ
ഫാ. ബിജു കുന്നയ്ക്കാട്ട്‌

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ.ബിജു കുന്നയ്ക്കാട്ട്

മാതാപിതാക്കളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരുടെ മക്കളാണ്. മക്കള്‍ക്ക് മാതാപിതാക്കളും. ലോകത്തിലെ ഏറ്റവും ഇഴയടുപ്പമുള്ള ഈ ബന്ധത്തില്‍, ചില മാതാപിതാക്കള്‍ മക്കളോടുള്ള തങ്ങളുടെ സമീപനരീതിയിലെ പ്രത്യേകത കൊണ്ട് കൂടുതലായി ശ്രദ്ധിക്കപ്പെടാറുണ്ട്‌. മക്കളുടെ മനസും അഭിരുചികളും മനസിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മാതാപിതാക്കള്‍ ബാക്കി പല മാതാപിതാക്കള്‍ക്കും മാതൃകയും പ്രചോദനവുമാകുന്നു.

യാസിര്‍ എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഈ ദിവസങ്ങളില്‍ സംസാരവിഷയം. ‘രാജന്‍ അബ്രഹാം’ എന്ന ഒരു പിതാവ്, പത്താം ക്ലാസിലെ കണക്കു പരീക്ഷയില്‍ തോറ്റുപോയ മകനെ കുറ്റപ്പെടുത്താതെ ‘സാരമില്ലടാ മോനേ…. നമുക്ക് ഇനിയും സമയമുണ്ടല്ലോ…. എന്റെ കുട്ടി വിഷമിക്കണ്ടാട്ടോ’ എന്നു പറഞ്ഞ് ആശ്വസിപ്പിക്കുക മാത്രമല്ല, അവന്‍ ആവശ്യപ്പെട്ടിരുന്ന വിലകൂടിയ ഫുട്ബോള്‍ ബൂട്ട് ഗള്‍ഫില്‍ നിന്ന് സുഹൃത്തുവഴി നാട്ടില്‍ തന്റെ മകനെത്തിച്ചു കൊടുക്കുകയും ചെയ്തു. ”കണക്കില്‍ മാത്രമേ അവന്‍ തോറ്റുള്ളൂ എന്ന് കേട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഞാനാണ് … കാരണം ബാക്കിയുള്ള വിഷയങ്ങളിലൊക്കെ അവന്‍ ജയിച്ചല്ലോ”. പന്ത്രണ്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ കുഞ്ഞിന് ജനനത്തെ തുടര്‍ന്ന് ചെറിയ രീതിയില്‍ ബുദ്ധിമാന്ദ്യവും അംഗവൈകല്യവും ഉണ്ടായിരുന്നിട്ടും സ്പെഷ്യല്‍ സ്‌കൂളില്‍ പോകാതെ സാധാരണ സ്‌കൂളില്‍ പഠിച്ച് കണക്കിനൊഴികെയുള്ള വിഷയങ്ങളിലെല്ലാം തന്റെ മകന്‍ ജയിച്ചത് രാജന്‍ അബ്രഹാമിന് വലിയ കാര്യം തന്നെയായിരുന്നു. ചെറിയ അംഗവൈകല്യമുണ്ടെങ്കിലും പഠനത്തോടൊപ്പം ഫുട്ബോളിലും തന്റെ മകനു താല്‍പര്യമുണ്ടെന്നറിഞ്ഞ ആ പിതാവ് വിലകൂടിയ ബൂട്ട്സ് വാങ്ങി അവനെ പ്രോത്സാഹിപ്പിക്കുന്നു- തീര്‍ച്ചയായും ഒരു വലിയ മനുഷ്യനാണ് ഈ അച്ഛന്‍!

പരീക്ഷക്കാലം മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇന്ന് ഒരുപോലെ ‘ടെന്‍ഷന്‍’ നല്‍കുന്നു. പരീക്ഷയ്ക്ക് തന്റെ കുട്ടി മുഴുവന്‍ മാര്‍ക്കും മേടിക്കണമെന്ന വാശിയിലാണ് പല മാതാപിതാക്കളും. അന്‍പതില്‍ നാല്‍പത്തെട്ടു മാര്‍ക്കുവാങ്ങി സ്‌കൂളില്‍ അധ്യാപകരുടേയും സഹപാഠികളുടെയും പ്രശംസയും മറ്റും വാങ്ങി വീട്ടില്‍ സന്തോഷത്തോടെ ചെല്ലുന്ന കുട്ടി തന്റെ മാതാപിതാക്കളില്‍ നിന്നു കേള്‍ക്കുന്ന ചോദ്യം ‘ബാക്കി രണ്ടു മാര്‍ക്ക് എവിടെപ്പോയി’ എന്നതാണെങ്കില്‍, അതു കേള്‍ക്കേണ്ടി വരുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കും? തങ്ങളുടെ സ്‌കൂള്‍ പഠനകാലത്ത് ഈ കുട്ടികളുടെ അത്രപോലും തങ്ങള്‍ മെച്ചമായിരുന്നില്ലെന്ന് പല മാതാപിതാക്കളും മറന്നുപോകുന്നു. തങ്ങളില്‍ നിന്നു പിറന്ന മക്കള്‍ തങ്ങളുടെ തന്നെ കഴിവിന്റെയും ഗുണങ്ങളുടെയും തുടര്‍ച്ചയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന സമാന്യതത്വം എല്ലാ മാതാപിതാക്കളും ഓര്‍മ്മിക്കണം. സമൂഹത്തില്‍ മറ്റുള്ളവരുടെ മുമ്പില്‍ ആളാകാനുള്ള പശ്ചാത്തലമായി കുട്ടികളുടെ ജീവിതവും അവരുടെ പരീക്ഷയിലെ മാര്‍ക്കും അളക്കപ്പെടരുത്.

വിഖ്യാത ശാസ്ത്രജ്ഞനായ തോമസ് ആല്‍വാ എഡിസന്റെ അമ്മ അദ്ദേഹത്തിന്റെ ജീവിത വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. എഡിസണ്‍ കുട്ടിയായിരുന്നപ്പോള്‍ പഠനത്തില്‍ ഏറെ പിന്നോക്കമായിരുന്നു. ഇതുമനസിലാക്കിയ അധ്യാപകന്‍ അവന്റെ അമ്മയ്ക്ക് ഒരു കത്ത് കൊടുത്തയച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ”നിങ്ങളുടെ മകന്‍ പഠിക്കാന്‍ ഏറെ പിറകിലാണ്, പരീക്ഷയില്‍ തോറ്റ് സ്‌കൂളിന് നാണക്കേടുണ്ടാക്കുന്നതിനു പകരം അവനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുന്നതായിരിക്കും നല്ലത്”. കത്തു കണ്ട അമ്മ ഏറെ വിഷമിച്ചെങ്കിലും, കത്തിലെന്താണ് എഴുതിയിരിക്കുന്നതെന്നു തന്നോടു ചോദിച്ച എഡിസനോട് അമ്മ പറഞ്ഞു; ”എഡിസന്റെ കഴിവിനൊത്ത് അവനെ പഠിപ്പിക്കാന്‍ ഞങ്ങള്‍ക്കു പറ്റാത്തതിനാല്‍ അവന്റെ നല്ല ഭാവിക്കായി അവനെ ഈ സ്‌കൂളില്‍ നിന്നു മാറ്റുന്നതായിരിക്കും നല്ലത്, എന്നാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ട് നാളെ മുതല്‍ നീ പുതിയ സ്‌കൂളിലാണ് പഠിക്കുന്നത്.”എഴുത്തിലെ സത്യമറിയാതെ അമ്മ പറഞ്ഞതു വിശ്വസിച്ച് എഡിസണ്‍ തന്റെ അഭിരുചിക്ക് ചേര്‍ന്ന മറ്റൊരു സ്‌കൂളില്‍ പഠിച്ചു. പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതിലായിരുന്നു അവനു താല്‍പര്യം. അതിന് അനുകൂലമായ സ്‌കൂള്‍ സാഹചര്യത്തിലൂടെ പഠിച്ചുവളര്‍ന്ന എഡിസണ്‍ നിരവധി കണ്ടുപിടിത്തങ്ങളുടെ പിതാവായി മാറിയ വിഖ്യാത ശാസ്ത്രജ്ഞനായി മാറി. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം അമ്മയുടെ മരണാനന്തരം എഡിസണ്‍ അമ്മയുടെ അലമാര പരിശോധിക്കുമ്പോള്‍ പണ്ട് സ്‌കൂളില്‍ നിന്ന് അധ്യാപകനെഴുതിയ കുറിപ്പ് കണ്ടെടുത്തു. അതുവായിച്ച് കണ്ണീരടക്കാനാവാതെ, അന്ന് തന്നെ കുറ്റപ്പെടുത്താതെ തന്റെ കഴിവിനും അഭിരുചിക്കുമനുസരിച്ച് വളര്‍ത്തിയ അമ്മയെ ഓര്‍ത്ത് അഭിമാനിച്ചു.

മക്കളുടെ അഭിരുചിയും കഴിവുമനുസരിച്ചാണ് അവരുടെ വിദ്യാഭ്യാസവഴി മാതാപിതാക്കള്‍ തിരിച്ചുവിടേണ്ടത്. അടിസ്ഥാന വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധപൂര്‍വ്വം നല്‍കിയിരിക്കണം എന്നതില്‍ രണ്ടുപക്ഷമില്ല. എന്നാല്‍ ഭാവി നിര്‍ണയിക്കേണ്ടുന്ന പഠന തീരുമാനങ്ങള്‍ വരുമ്പോള്‍ മക്കളുടെ താല്‍പര്യം തീര്‍ച്ചയായും കണക്കിലെടുക്കപ്പെടേണ്ടതാണ്. ഇന്നു പല മാതാപിതാക്കളും തങ്ങളുടെ മക്കള്‍ ഡോക്ടറോ, എഞ്ചനീയറോ, ബിസിനസുകാരനോ ഒക്കെ ആകണമെന്നു തീരുമാനിക്കുന്നു – മക്കളോടു ചോദിക്കാതെ തന്നെ. മക്കളുടെ വിദ്യാഭ്യാസത്തിന്റെയും പ്രൊഫഷന്റെയും പേരിലായിരിക്കരുത് ഒരിക്കലും കുടുംബത്തിന്റെ അന്തസ് ഉയര്‍ത്താന്‍ ശ്രമിക്കേണ്ടത്. ജോലിയില്‍ നിന്നു കിട്ടുന്ന സംതൃപ്തി (Job Satisfaction) ഇന്ന് ഏറ്റവും പ്രധാനമായി പരിഗണിക്കപ്പെടുന്ന ഒരു കാര്യമാണ്. മാതാപിതാക്കളുടെ പിടിവാശിക്കു മുമ്പില്‍ ഇഷ്ടമില്ലാത്തൊരു കരിയറും ജോലിയും തിരഞ്ഞെടുക്കേണ്ടി വന്നിട്ട് ജീവിതകാലം മുഴുവന്‍ മനസന്തോഷമില്ലാതെ വിഷമിച്ചു കഴിയേണ്ടി വരുന്നത് ദുരിതമാണ്.

പഠിച്ചു നേടുന്ന ഡിഗ്രികള്‍ക്കു മാത്രമേ ലോകത്തില്‍ വിലയുള്ളൂ എന്ന പഴയ ചിന്താഗതിയുടെ കാലമൊക്കെ കഴിഞ്ഞുപോയി. യേശുദാസിന്റെ വിദ്യാഭ്യാസയോഗ്യതയെന്തെന്ന് ആരും അന്വേഷിക്കാറില്ല, സച്ചിന്‍ തെണ്ടുല്‍ക്കറുടെയോ മോഹന്‍ ലാലിന്റെയോ പഠന സാമര്‍ത്ഥ്യവും ആരും ചോദിക്കാറില്ല. ദൈവം ഇവരിലൊക്കെ നിക്ഷേപിച്ചിരിക്കുന്ന വ്യത്യസ്ഥങ്ങളായ കഴിവുകളെ വളര്‍ത്താന്‍ അവര്‍ അത്യദ്ധ്വാനം ചെയ്തു, ആ ടാലന്റുകളെ (Talents) ഗൗരവമായി എടുത്തു, അതില്‍ത്തന്നെ ശ്രദ്ധ പതിപ്പിച്ചു, അങ്ങനെ ജീവിതത്തില്‍ ഉയര്‍ന്നവരും സമൂഹത്തില്‍ നല്ല രീതിയില്‍ അറിയപ്പെടുന്നവരുമായി മാറി. തനിക്കു ലഭിച്ചിരിക്കുന്ന പ്രത്യേകമായ സിദ്ധിയെ അതീവ പ്രാധാന്യത്തോടെ കണ്ട്, അത് വളര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത് അതില്‍തന്നെ ശ്രദ്ധപതിപ്പിക്കുന്നവര്‍ക്കു മാത്രമാണ് ജീവിതത്തില്‍ വിജയം വരിക്കാനാവുന്നത്. പഠനത്തില്‍ മാര്‍ക്ക് കുറഞ്ഞുപോയതിനു കുറ്റപ്പെടുത്താതെ മക്കളുടെ ഇത്തരം കഴിവുകളെ വളര്‍ത്താനും അതുവഴി ജീവിത വിജയം നേടാനുമുള്ള അവസരം ഒരുക്കുമ്പോഴാണ് അച്ഛനും അമ്മയും നല്ല മാതാപിതാക്കളായി മാറുന്നത്.

എംപിയും അറിയപ്പെടുന്ന സിനിമാനടനുമായ ശ്രീ. ഇന്നസെന്റിന്റെ ജീവിതവിജയത്തിന്റെ മുഖ്യശില്‍പികളിലൊരാള്‍ തന്റെ അച്ഛനാണെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. തന്റെ സഹോദരങ്ങളെല്ലാം നല്ലതുപോലെ പഠിക്കുകയും ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങുകയും ചെയ്യുമ്പോള്‍ ഇന്നസെന്റ് മാത്രം പഠനത്തില്‍ അത്ര മെച്ചമായിരുന്നില്ല. അതുകൊണ്ടുതന്നെ പരീക്ഷയുടെ പ്രോഗ്രസ് കാര്‍ഡ് അച്ഛനെക്കൊണ്ട് ഒപ്പിടുവിക്കുവാന്‍ ചെല്ലാന്‍ അദ്ദേഹം വളരെ ഭയപ്പെട്ടിരുന്നു. എന്നാല്‍ ആ നല്ല അച്ഛന്‍ ചെയ്തതോ, മാര്‍ക്ക് കുറഞ്ഞതു കാരണം തന്റെ മകന്‍, പ്രോഗ്രസ് കാര്‍ഡ് ഒപ്പിടുവിക്കുവാന്‍ തന്റെയടുത്ത് വരാന്‍ ഭയക്കുന്നു എന്നു മനസിലാക്കിയപ്പോള്‍, അവനറിയാതെ തന്നെ അവന്റെ ബുക്കിനുള്ളില്‍ നിന്ന് പ്രോഗ്രസ് കാര്‍ഡെടുത്ത് ഒപ്പിട്ട് തിരിച്ചുവച്ചു!

മകനെ വെറുതെ കുറ്റപ്പെടുത്താതെ, അവന്റെ മനസറിഞ്ഞു പ്രവര്‍ത്തിക്കാന്‍ തയ്യാറായ ആ നല്ല അച്ഛനെ ശ്രീ. ഇന്നസെന്റ് നന്ദിയോടെ സ്മരിച്ചു.

ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു; ‘എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയില്‍ പലരും തോറ്റുപോകുന്നത്? ഗുരു മറുപടി പറഞ്ഞു; ”ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്നത് വ്യത്യസ്ഥങ്ങളായ ചോദ്യങ്ങളാണ്. പലരും മറ്റു പലരുടെയും ജീവിതമാകുന്ന ഉത്തരം കോപ്പിയടിക്കാന്‍ നോക്കുന്നതുകൊണ്ടാണ് ജീവിത പരീക്ഷയില്‍ തോറ്റുപോകുന്നത്”. പരീക്ഷക്കാലം അടുക്കുമ്പോള്‍ പലപ്പോഴും കുട്ടികളെക്കാള്‍ ടെന്‍ഷന്‍ മാതാപിതാക്കള്‍ക്കാണ്. അവര്‍ നല്‍കുന്ന അമിത സമ്മര്‍ദ്ദം കുട്ടികളുടെ പരീക്ഷയിലെ പ്രകടനത്തെപ്പോലും ബാധിക്കാം. ‘തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന’ ചിന്താഗതിക്കു പകരം സ്വാതന്ത്ര്യത്തിന്റെ ആകാശത്തു പറക്കുന്ന തുമ്പികളായി നമ്മുടെ കുഞ്ഞുങ്ങള്‍ മാറട്ടെ.

വാര്‍ഷിക പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രക്ഷിതാക്കള്‍ക്ക് കത്തയച്ചു. ”പ്രിയപ്പെട്ട രക്ഷിതാക്കളെ, നിങ്ങളുടെ കുട്ടികളുടെ പരീക്ഷ അടുത്ത ആഴ്ച ആരംഭിക്കുകയാണല്ലോ. കുട്ടിയുടെ റിസള്‍ട്ടിനെക്കുറിച്ചുള്ള നിങ്ങളുടെ ആധി എനിക്കറിയാം. പക്ഷേ ഒരു കാര്യം ഓര്‍മ്മിക്കുക – പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കിടയില്‍ –
* കണക്ക് മനസിലാക്കേണ്ട യാതൊരു ആവശ്യവുമില്ലാത്ത ഒരു കലാകാരനുണ്ട്.
* ചരിത്രത്തെയും ഇംഗ്ലീഷിനെയും ഗൗരവത്തിലെടുക്കാത്ത ഒരു സംരംഭകന്‍ ഉണ്ട്.
* കെമിസ്ട്രിക്ക് ലഭിക്കുന്ന മാര്‍ക്ക് കൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവുമില്ലാത്ത ഒരു സംഗീത പ്രതിഭയുണ്ട്
ഫിസിക്സിനെക്കാള്‍ ഫിസിക്കല്‍ ഫിറ്റ്നസിനു പ്രാധാന്യം കൊടുക്കേണ്ട ഒരു കായിക താരം ഉണ്ട്.

നിങ്ങളുടെ കുട്ടി ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാല്‍ തീര്‍ച്ചയായും അതൊരു സന്തോഷമുള്ള കാര്യം തന്നെ. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ സംഭവിക്കുന്നില്ല എങ്കില്‍ അവരുടെ ആതമവിശ്വാസത്തെയും ആത്മാഭിമാനത്തെയും അവരില്‍നിന്ന് തട്ടിപ്പറിക്കരുത്. സാരമില്ല, അതൊരു പരീക്ഷ മാത്രമായിരുന്നു എന്ന് അവരെ ആശ്വസിപ്പിക്കുക. അതിലും വലിയ കാര്യങ്ങള്‍ അവര്‍ക്ക് ഈ ജീവിതത്തില്‍ ചെയ്യാനുണ്ട് എന്നുമാത്രം പറയുക. അത്രമാത്രം മതി. അവര്‍ ലോകം കീഴടക്കുന്നത് നിങ്ങള്‍ക്ക് കാണാം. അവരുടെ സ്വപ്‌നങ്ങളെയും കഴിവുകളെയും ഇല്ലാതാക്കാന്‍ ഒരു പരീക്ഷയ്ക്കും ഒരു മാര്‍ക്കിനും സാധിക്കില്ല. ഒരു കാര്യം കൂടി. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മാത്രമല്ല ഈ ലോകത്ത് സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതെന്ന് നിങ്ങള്‍ അറിയുക.

പല നിറത്തിലുള്ള പൂക്കള്‍ ഒരു തോട്ടത്തിന് കൂടുതല്‍ ചാരുത നല്‍കുന്നതുപോലെ വിവിധ കഴിവുകളാല്‍ ശോഭിക്കുന്നവരെക്കൊണ്ട് ഈ ലോകത്തിനും ഭംഗി വര്‍ദ്ധിക്കട്ടെ. നല്ല മനുഷ്യനെ വാര്‍ത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കില്‍ ഓരോരുത്തരും തങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച് ജീവിതവിജയം നേടാന്‍ ഇടയാകട്ടെ. ”നമുക്ക് ലഭിച്ചിരിക്കുന്ന കൃപയനുസരിച്ച് നമുക്കുള്ള ദാനങ്ങളും വ്യത്യസ്തമാണ് (റോമ: 12: 6)

പരീക്ഷാക്കാലത്തിലൂടെ കടന്നുപോകുന്ന എല്ലാ കുഞ്ഞുമക്കള്‍ക്കും വിജയം ആശംസിക്കുന്നു. പരീക്ഷയില്‍ തോറ്റാലും ജീവിതത്തില്‍ തോല്‍ക്കാതിരിക്കുന്നതാണ് പ്രധാനം എന്നത് മറക്കാതിരിക്കാം. നന്മ നിറഞ്ഞ ഒരാഴ്ച പ്രാര്‍ത്ഥനാപൂര്‍വം ആശംസിക്കുന്നു.

സ്‌നേഹത്തോടെ
ഫാ. ബിജു കുന്നയ്ക്കാട്ട്‌

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

വിമര്‍ശനങ്ങള്‍… മുന്നറിയിപ്പുകള്‍..
സ്വയം തിരുത്തി പ്രത്യാശയുടെ നാളെയിലേക്ക് സഞ്ചരിക്കാന്‍ ഒരു സമൂഹം ഒരുങ്ങുമ്പോള്‍ ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഒരു മാദ്ധ്യമത്തിന്റെ രണ്ടാമത് ജന്മദിനം ലെസ്റ്ററില്‍ നടന്നപ്പോള്‍ ഞായറാഴ്ചയുടെ സങ്കീര്‍ത്തനവും എത്തി. മലയാളം യുകെയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന അവാര്‍ഡ് നൈറ്റില്‍ ആദ്യ എക്സല്‍ അവാര്‍ഡ് ഏറ്റുവാങ്ങാനുള്ള അവസരം ഉണ്ടായത് നോട്ടിംഗ്ഹാം രൂപതയുടെ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പി.ആര്‍.ഒ.യുമായ റവ. ഫാ. ബിജു കുന്നയ്ക്കാടിന് ആയിരുന്നു. ഞായറാഴ്ച്ചയുടെ സങ്കീര്‍ത്തനം എന്ന പേരില്‍ ഓരോ ആഴ്ചയിലേയും സമകാലീന സംഭവങ്ങളെ ധാര്‍മ്മികതയുടെ വെളിച്ചത്തില്‍ വിലയിരുത്തുന്ന ലേഖന പരമ്പരയുടെ സൃഷ്ടാവ് എന്ന നിലയില്‍ ആണ് ഫാ. ബിജു കുന്നയ്ക്കാട്‌ അവാര്‍ഡിന് അര്‍ഹനായത്.

 2016ല്‍ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസനാളില്‍ ‘ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ’ എന്ന തലക്കെട്ടില്‍ ഒരു വണക്കമാസ കാലം മലയാളം യുകെ ജനങ്ങളിലെത്തിച്ചപ്പോള്‍, ആദ്യമായി എഴുതിയതും ഫാ. കുന്നയ്ക്കാട്ട് തന്നെ ആയിരുന്നു. പിന്നീടത് ഞായറാഴ്ചയുടെ സങ്കീര്‍ത്തനമായി മാറി. മാധ്യമ ധര്‍മ്മത്തിലെ വേറിട്ട ഏടുകള്‍ രചിക്കുന്ന പ്രത്യാശയുടെ കണികയുടെ തിളക്കത്തിന്റെ പ്രതിഫലനമായി പിന്നീടതു മാറി. ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ സ്ഥിരം പംക്തിയായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. പതിനായിരക്കണക്കിന് ജനങ്ങള്‍ ഇന്നത് വായിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആക്ഷേപഹാസ്യങ്ങള്‍ക്കുമിടയിലൂടെ തിങ്ങിയും ഞെരുങ്ങിയും സഞ്ചരിച്ച് അമ്പതാമാഴ്ചയിലേയ്ക്ക് ഫാ. കുന്നയ്ക്കാട്ട് എത്തുകമ്പോണ് അവാര്‍ഡും അച്ചനെ തേടിയെത്തിയത്.

ലെസ്റ്റര്‍ മെഹര്‍ സെന്ററില്‍ ഒഴുകിയെത്തിയ രണ്ടായിരത്തോളം യുകെ മലയാളികളെ സാക്ഷി നിര്‍ത്തിയാണ് ഫാ. ബിജു കുന്നയ്ക്കാട് മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങിയത്.

സത്യങ്ങള്‍ വളച്ചൊടിക്കാതെ, വാര്‍ത്തകളിലേക്ക് തുറന്ന് പിടിച്ച കണ്ണുകളുമായി പ്രവര്‍ത്തിക്കുന്ന മലയാളം യുകെ എന്ന മാദ്ധ്യമത്തിന്‍റെ അവാര്‍ഡ് സ്വീകരിക്കാന്‍ അവസരം ലഭിച്ചത് തനിക്ക് ഏറെ സന്തോഷം നല്‍കുന്നതായി ഫാ. ബിജു കുന്നയ്ക്കാട്ട് പറഞ്ഞു.

ഞായറാഴ്ചയുടെ സങ്കീര്‍ത്തനം
മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ ആദരിക്കപ്പെട്ടതിന് കാരണമുണ്ട്!!
കൃത്യമായി ഓരോ ആഴ്ചകളിലും..
സമാന ചിന്തകളുടെ പൂര്‍ത്തീകരണം…
നിസ്സാരമെന്നു കണ്ടതിനെ പലതും സമൂഹത്തില്‍ തുറന്നു കാട്ടി…
ധൈര്യം.. അത് അപാരം എന്ന് ജനങ്ങള്‍ തുറന്നു പറഞ്ഞു..
ലളിതമായിരുന്നില്ല ഈ ജീവിതം… അതൊരു വഴിത്തിരിവായി. കരുണയുടെ വഴിയേ സഞ്ചരിച്ചു…ഏറ്റെടുത്ത ഉത്തരവാദിത്വം നിറവേറ്റാനുള്ള നെട്ടോട്ടം..
വിഷയങ്ങളോടുള്ള താല്പര്യം..
അതിലുപരി സഭയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വൈദീകന്‍ ജാതി മത ഭേദമെന്യേ സമൂഹത്തിന് കൊടുക്കുന്ന നന്മ, അത് മലയാളം യുകെ തിരിച്ചറിഞ്ഞു. സത്യങ്ങള്‍ വളച്ചൊടിക്കാതെ !
ഇതു തന്നെയായിരുന്നു യൂറോപ്പ് നോക്കിക്കാണുന്ന ഞായറാഴ്ചയുടെ സങ്കീര്‍ത്തനം…

ഫാ. ബിജു കുന്നയ്ക്കാട്ട്

അഭ്രപാളിയിലെ പുതിയ അതിശയമാണ് ‘ബാഹുബലി 2’ എന്ന സിനിമ. കലാസ്വാദകരുടെ മനസില്‍ ഏറ്റവും സ്വാധീനമുള്ള കലാരൂപങ്ങളില്‍ ഒന്നാണ് സിനിമയെന്നിരിക്കെ, ആസ്വാദകര്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറത്തുള്ള ഒരു ‘വിഷ്വല്‍ ട്രീറ്റ്’ ആയി മാറിയിരിക്കുന്നു ഈ വമ്പന്‍ ബിഗ് ബഡ്ജറ്റ് ചിത്രം. ഈ സാമ്പത്തിക കാര്യങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചാവിഷയം. മുടക്കിയ നാനൂറ്റമ്പതു കോടി, കിട്ടിയ 1200 കോടി, താരങ്ങളുടെ പ്രതിഫലം എന്നിങ്ങനെ നീളുന്നു ആ ചര്‍ച്ചകള്‍. ഇതേത്തുടര്‍ന്ന് ഇപ്പോള്‍ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ പലതും പണിപ്പുരയിലാണ്. 1000 കോടി മുടക്കുന്ന രണ്ടാമൂഴം, 500 കോടി മുടക്കി മൂന്ന് ഭാഗങ്ങളായി തെലുങ്കില്‍ നിര്‍മ്മിക്കുന്ന രാമായണം…. വടി വെട്ടാന്‍ പോയിട്ടേയുള്ളൂ!

പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിനപ്പുറം നല്‍കാന്‍ സാധിക്കുന്നതാണ് പല സിനിമകളുടെയും വിജയ രഹസ്യങ്ങളിലൊന്ന്. ബാഹുബലി 2 എന്ന ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്ന പല രംഗങ്ങളും സാമാന്യബുദ്ധിയില്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെങ്കിലും സിനിമാ ആസ്വാദനത്തെ തൃപ്തിപ്പെടുത്താനുതകുന്ന അസാമാന്യ അവതരണ ശൈലി ഈ കുറവെല്ലാം മറികടക്കുകയാണ്. രംഗസജ്ജീകരണങ്ങളും വേഷ സംവിധാനങ്ങളും ഭാവനകള്‍ക്കപ്പുറമുള്ള കായിക പ്രകടനങ്ങളും പുരാണ രാജഭരണകാലത്തിന്റെ വശ്യതയുമെല്ലാം ഈ ബ്രഹ്മാണ്ഡ സിനിമയുടെ വിജയത്തിനു നിറക്കൂട്ടുചാര്‍ത്തി. തന്റെ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പടവെട്ടിയും, രാജാവാകാനുള്ള അവസരം നഷ്ടപ്പെടുമ്പോഴും പ്രാണപ്രേയസിക്ക് നല്‍കിയ വാക്കില്‍ ഉറച്ച് നിന്ന് മഹാബലിയെപ്പോലെ സത്യസന്ധത കാത്തുമൊക്കെ ധാര്‍മ്മിക ഗുണങ്ങളുടെ നല്ല സന്ദേശങ്ങളും ഈ സിനിമ പറയുന്നുണ്ട്.

1200 കോടിയിലധികം രൂപ റിക്കാര്‍ഡ് കളക്ഷന്‍ നേടി ഇപ്പോഴും ഈ സിനിമ തകര്‍ത്തോടുമ്പോള്‍ ഇതിന്റെ പിന്നാമ്പുറ വിശേഷങ്ങളും ഇപ്പോള്‍ ചര്‍ച്ചയാവുന്നു. മൂന്ന് മണിക്കൂര്‍ കൊണ്ട് ഈ സിനിമ കണ്ടുതീര്‍ക്കാമെങ്കിലും ഈ മൂന്ന് മണിക്കൂര്‍ ആസ്വാദകര്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണത്തക്കവിധം നിര്‍മ്മിച്ചെടുക്കാന്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ ചിലവിട്ടത് വര്‍ഷങ്ങളാണ്. നായക നടന്‍ പ്രഭാസ് അഞ്ചുവര്‍ഷമാണ് ഈ സിനിമയ്ക്ക് വേണ്ടി മാത്രമായി മാറ്റി വച്ചത്. മറ്റു കഥാപാത്രങ്ങളുമെല്ലാം തങ്ങളുടെ റോളിന്റെ പ്രാധാന്യത്തിനനുസരിച്ചുള്ള സമയം ഇതിനുമാത്രമായി നീക്കിവെച്ചു. സിനിമയുടെ വമ്പന്‍ വിജയത്തെത്തുടര്‍ന്ന് സംവിധായകന് 28 കോടിയും നായകന് 25 കോടിയും പ്രതിഫലം ലഭിച്ചുവെങ്കിലും ഈ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന പല അവസരങ്ങളിലും ചില്ലിക്കാശു കയ്യിലില്ലാതെ, മറ്റൊരു വ്യക്തിയോടും കടം വാങ്ങാതെ പ്രഭാസ് ബുദ്ധിമുട്ടിന്റെ കാലത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്ന് ഈയിടെ വാര്‍ത്തകള്‍ പുറത്തുവന്നു. മോഹന്‍ലാല്‍ നായകനായി, ”ഭീമനായി” വേഷമിടുന്ന മഹാഭാരതകഥ സിനിമാരൂപത്തിലാക്കുന്ന ‘രണ്ടാമൂഴ’ത്തിന്റെ അഭിനയത്തിനായി രണ്ടര വര്‍ഷം മറ്റൊരു സിനിമയിലും അഭിനയിക്കാതെ ഇതിനായി മാറ്റി വെച്ചിരിക്കുന്നതായി മോഹന്‍ലാലും വെളിപ്പെടുത്തിയിരിക്കുന്നു.

ഈ സിനിമാവിശേഷങ്ങളുടെ പിന്നാമ്പുറ വാര്‍ത്തകള്‍ ചില നല്ല സന്ദേശങ്ങള്‍ കൂടി പങ്കുവെയ്ക്കുന്നുണ്ട്. അസാധാരണ വിജയങ്ങള്‍ അസാധാരണ ഒരുക്കങ്ങള്‍ കൂടിയേ തീരൂ. ഏറെപ്പേരുടെ ഒരുമിച്ചുള്ള കഠിനാധ്വാനം വലിയ വിജയം നേടിയെടുത്തു. ഒരു വലിയ ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി കഠിനമായി അധ്വാനിക്കാനുള്ള മനസ്സുണ്ടാവുക എന്നതാണ് പ്രധാനം. ‘There are no shortcuts to success’ അസാധ്യമെന്നു തോന്നുന്നതൊക്കെ ജീവിതത്തില്‍ ആരെങ്കിലും നേടിയെടുത്തിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ കാരണം അവരുടെ നിതാന്ത പരിശ്രമം തന്നെയാണ്. വഴുക്കലുള്ള പാറയിലൂടെ പിടിച്ചുകയറാന്‍ ശ്രമിച്ച് നൂറിലേറെ തവണ പരാജയപ്പെട്ട മഹേന്ദ്ര ബാഹുബലിയെ കൂട്ടുകാര്‍ കളിയാക്കി ചിരിക്കുന്ന ഒരു രംഗമുണ്ട് ബാഹുബലി എന്ന സിനിമയില്‍. എന്നാല്‍ ആ കൂട്ടുകാര്‍ നോക്കി നില്‍ക്കെത്തന്നെ മനസ്സുമടുക്കാതെയുള്ള തന്റെ കഠിന പരിശ്രമത്തിലൂടെ അദ്ദേഹം ആ കൂറ്റന്‍ പാറയുടെ മുകളിലെത്തുന്നു.

വലിയ വിജയങ്ങള്‍ക്ക് നൂറ് ശതമാനം ആത്മാര്‍പ്പണവും (Commitment) കൂടിയേ തീരൂ. ചെയ്യുന്ന കാര്യത്തോട് അടങ്ങാത്ത ആവേശവും താല്‍പര്യവും (Passion) വേണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെ സമയമെടുത്താണ് ഈ സിനിമ പൂര്‍ത്തിയാക്കിയതെന്നു പറയുമ്പോള്‍ത്തന്നെ, അതിനോട് അതിന്റെ പ്രവര്‍ത്തകര്‍ കാണിച്ച ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും മനസിലാവും. ഏതു രംഗത്തും ഈ ആവേശം (Passion) ആവശ്യമാണ്. ക്രിക്കറ്റ് കളിക്കാനുള്ള കഴിവുമാത്രമല്ല, ആ കളിയോടുള്ള അടങ്ങാത്ത ആവേശവുമാണ് ‘വിരാട് കോഹ്ലി’യെന്ന 28 കാരനെ (ഇന്ത്യന്‍ ക്യാപ്റ്റനാകുമ്പോള്‍ 25 വയസ്സുമാത്രം) ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ചതെന്ന് മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയുടെ സാക്ഷ്യം. ക്രിക്കറ്റിന്റെ മറ്റൊരു രാജാവ് സച്ചിന്‍ ടെണ്ടുല്‍ക്കറും കായികലോകം കീഴടക്കിയത് ഈ കഠിനാധ്വാനത്തിലും ആത്മാര്‍പ്പണത്തിന്റെയും വഴികളിലൂടെത്തന്നെയാണ്.

വലിയ വിജയങ്ങളുടെ മാധുര്യം വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യം വലിയ ‘റിസ്‌ക്’ എടുക്കാനുള്ള തീരുമാനം കൂടിയാണ്. ഭീമമായ ഒരു സംഖ്യ ഒരു സിനിമയ്ക്കായി മുടക്കുമ്പോള്‍ തീര്‍ച്ചയായും അതേക്കുറിച്ച് സാധ്യമായ എല്ലാ പഠനങ്ങളും നടത്തിയിട്ടു തന്നെയായിരിക്കും. എങ്കിലും വിജയം നൂറുശതമാനം ആര്‍ക്കും ഉറപ്പിക്കാനാവില്ല. ഇവിടെ റിസ്‌ക് എടുക്കുന്നയാളിന്റെ മനോബലം കൂടിയാണ് തെളിവാകുന്നത്. ചില വിജയങ്ങള്‍ എത്തിപ്പിടിക്കാന്‍ സുദൃഢമായ ഒരു തീരുമാനത്തിന്റെയും ആ തീരുമാനത്തില്‍ നിന്നു മാറാതെ ഉറച്ചുനില്‍ക്കാനുള്ള മനോബലത്തിന്റെയും അത്യാവശ്യമുണ്ട്. ക്രിയാത്മകമായും പോസിറ്റീവായും ചിന്തിക്കുകയും കഠിനാധ്വാനത്തിന്റെയും അര്‍പ്പണമനോഭാവത്തിന്റെയും സ്വന്തം പങ്ക് (Input) നല്‍കുകയും പ്രതിബന്ധങ്ങളിലോ കാലതാമസത്തിലോ തളരാതെ തീരുമാനിച്ചുറച്ച മനസോടെ മുമ്പോട്ടു പോകുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങളെ ദൈവവും അനുഗ്രഹിക്കും.

ചില സന്ദേശങ്ങള്‍ കൈമാറുന്നതിനും ചില കാര്യങ്ങള്‍ ആസ്വദിക്കുന്നതിനും ഭാഷ ഒരു തടസ്സമല്ല. ഈ പ്രത്യേകത വെളിവാക്കപ്പെടുന്ന ഒരു പ്രധാന വേദി കലാരൂപങ്ങളാണ്. ലോകമെമ്പാടും പ്രദര്‍ശനം നടക്കുന്നെങ്കിലും വലിയ ജനത ഇതിന് ആസ്വാദകരായി എത്തുന്നെങ്കിലും ഭാഷയ്ക്കതീതമായ കലാസ്വാദനം ‘ബാഹുബലി’ എന്ന സിനിമയില്‍ ജനം കാണുന്നു. കഠിനാധ്വാനത്തിന്റെയും നിരവധി പേരുടെ ആത്മാര്‍പ്പണത്തിന്റെയും നല്ല കലയോടുള്ള ആവേശത്തിന്റെയും റിസ്‌ക് എടുക്കാന്‍ കാണിച്ച ധൈര്യത്തിന്റെയും വിജയം കൂടിയാണിത്.

‘ബാഹുബലി 2’ ഗംഭീര വിജയമായതുപോലെ ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ‘മലയാളം യുകെ’യും ‘2’ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. അഭിനന്ദനങ്ങള്‍ നേരുന്നു, അണിയറ പ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും മൂല്യങ്ങളില്‍ ‘അടിയുറച്ച്, ‘സത്യങ്ങള്‍ വളച്ചൊടിക്കാതെ’ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാനും കാലത്തിനു ദിശപകരാനും ഭാവിയിലേക്കു തുറന്നിരിക്കുന്ന ‘കണ്ണുകളാ’യിരിക്കാനും ഈ വാര്‍ത്താ മാധ്യമത്തിനു സാധിക്കട്ടെ. ”കണ്ണാണ് ശരീരത്തിന്റെ വിളക്ക്; കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും; കണ്ണ് ദുഷ്ടമാണെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ട് പോകും”. (ലൂക്കാ : 11: 34)

കഠിനാധ്വാനത്തിലൂടെ ജീവിത വിജയം നേടാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ.ബിജു കുന്നയ്ക്കാട്ട്

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ആളുകളുടെ ജീവിതവും അഭിരുചികളും മാറിക്കൊണ്ടിരിക്കുന്നു. ഭക്ഷണക്രമങ്ങളും വസ്ത്രധാരണ രീതിയും പരസ്പര ബന്ധങ്ങളിലെ കാഴ്ചപ്പാടുകളുമെല്ലാം. ലോകം മുമ്പോട്ടു പോകുമ്പോള്‍ സ്വാഭാവികമായി ചില മാറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. പക്ഷേ ചില മാറ്റങ്ങള്‍ സര്‍വ്വ പരിധികളും കടന്നുപോകുമ്പോള്‍ അതിനെ ‘മോഡേണ്‍ ലൈഫ് സ്‌റ്റൈല്‍’ എന്നുപറഞ്ഞു സമാധാനിക്കാതെ ‘അപകടത്തിലേക്ക് നയിക്കുന്ന വഴി’ എന്നു കൂടി തിരിച്ചറിയേണ്ടതുണ്ട്.

ഫാസ്റ്റ് ഫുഡ് മാത്രം ഭക്ഷണമാക്കുന്നത് അപകടമാണ്. നല്ലതും മാന്യവുമായ വസ്ത്രധാരണരീതി ഉണ്ടായിരുന്നവര്‍ ഏതവസരത്തിലും കീറിപ്പറിഞ്ഞ ജീന്‍സുകളും ഇറുകിപ്പിടിച്ച വസ്ത്രങ്ങളും മാത്രം ധരിച്ച് പൊതുസദസുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആളുകള്‍ മൂക്കത്ത് വിരല്‍ വയ്ക്കും! ‘പണമില്ലാത്തതിന്റെ പേരില്‍ കീറിയ വസ്ത്രം ധരിക്കുന്നവരെ പണമില്ലാത്തതിന്റെ പേരിൽ ദരിദ്രര്‍’ എന്നും പണമുണ്ടായിട്ടും പിഞ്ചിക്കീറിയ വസ്ത്രം ധരിക്കുന്നവരെ ‘സംസ്കാരത്തിന്റെ കാര്യത്തിൽ ദരിദ്രർ’ എന്നും  സമൂഹം വിലയിരുത്തും. ഗുരുശിഷ്യ ബന്ധങ്ങള്‍ക്കിടയിലും മാതാപിതാക്കളും മക്കളും തമ്മിലും സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്കിടയിലുമൊക്കെ കാഴ്ചപ്പാടുകളില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. വിശുദ്ധരുടെ വേഷങ്ങള്‍ കെട്ടി ആത്മീയമായി ആഘോഷിച്ചിരുന്ന ‘ഹാലോവീന്‍ നൈറ്റ്’ പോലുള്ള പല സാമൂഹിക ആഘോഷങ്ങളും ബിസിനസ് തന്ത്രങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ട് വെറുപ്പും അറപ്പും ഉളവാക്കുന്ന തരത്തിലുള്ള കോസ്റ്റ്യൂമുകളിലേയ്ക്ക് മാറിയിരിക്കുന്നു.

ഇത്തരം അപകടകരമായ മാറ്റങ്ങളുടെ ഇരകളാകുന്ന പ്രധാന ഒരു കൂട്ടര്‍ കുട്ടികളാണ്. ശരിയായത് വിവേചിച്ചറിയാന്‍ കെല്‍പ്പില്ലാത്ത ഒരു പ്രായത്തില്‍ ആകര്‍ഷകമായി തോന്നുന്ന എന്തിലേയ്ക്കും കുട്ടികള്‍ ചാടി വീഴും. വെറും പണലാഭത്തിനും വാണിജ്യ നേട്ടത്തിനുമായി ചില തിന്മയായ കാര്യങ്ങളെപ്പോലും ആകര്‍ഷകമായ നന്മയാക്കി കുട്ടികളുടെ മുമ്പില്‍ എത്തിക്കുന്നു. കുട്ടികളറിയാതെ അവരുടെ മനസിനെ കീഴ്പ്പെടുത്തുകയും ബാല്യത്തെ നശിപ്പിക്കുകയും ചെയ്യുന്ന, അപകടകരമായ ചില വീഡിയോ ഗെയിമുകളിലേയ്ക്ക് മാതാപിതാക്കളുടെ അടിയന്തരശ്രദ്ധ പതിയേണ്ടതുണ്ട്. വി. ബൈബിള്‍ പറയുന്നു; ”തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും കരുതുന്നവനു ദുരിതം” (ഏശയ്യാ 5ഃ20).

കുട്ടികളുടെ വിനോദ ഉപാധികള്‍ കുറേ വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഇപ്പോഴത്തേതു പോലെയായിരുന്നില്ല. പക്ഷികളുടെയും മൃഗങ്ങളുടെയും വാഹനങ്ങളുടെയുമൊക്കെ ആകര്‍ഷകമായ രൂപങ്ങള്‍ ചക്രം പിടിപ്പിച്ച കളി വാഹനങ്ങളായും കളിക്കാനുള്ള ഉകരണങ്ങളായുമൊക്കെ ഉണ്ടായിരുന്ന കാലം മാറി. ഇന്നു കൊച്ചുകുട്ടികള്‍ പോലും കളിക്കുന്നത് പറക്കുന്ന വിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും ഒറിജിനല്‍ തോക്കിനെ അനുസ്മരിപ്പിക്കുന്ന മെഷീന്‍ ഗണ്ണുകളും ഒക്കെത്തന്നെ. തത്തയെയും പൂച്ചക്കുട്ടിയെയുമൊക്കെ പാവകളായി കളിച്ചിരുന്ന കാലം മാറി ഇന്നു കൂടുതല്‍ രൗദ്രഭാവമുള്ള തേളുകളുടേയും എട്ടുകാലിയുടെയും ദിനോസറിന്റെയുമൊക്കെ രൂപങ്ങളാണ്. ഇതും കടന്ന് ഈ രൂപങ്ങള്‍ ചലിക്കുന്ന രീതിയിലാക്കി വര്‍ണ്ണക്കഥകള്‍ ചേര്‍ത്ത് ഭാവാനാസൃഷ്ടികളാക്കി കുട്ടികളുടെ മുമ്പിലവതരിപ്പിക്കുന്ന വീഡിയോ ഗെയിമുകളിലേയ്ക്ക് കാലം എത്തിയിരിക്കുന്നു.

വിനോദത്തിന്റെയും ജിജ്ഞാസയുടെയും ‘ത്രില്ലു’ വര്‍ദ്ധിപ്പിക്കുന്ന ചില വീഡിയോ ഗെയിമുകള്‍ അത്യന്തം അപകടകാരികളായി മാറുന്നു എന്ന് പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 2016-ല്‍ ‘The Telegraph’ മാഗസിന്‍ നടത്തിയ സര്‍വ്വേയില്‍, ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച 10 വീഡിയോ ഗെയിമുകളില്‍ പകുതിയിലേറെയും 2016ല്‍ ഏറ്റവും ഭീകരതയും ക്രൂരതയും നിറഞ്ഞ 10 വീഡിയോ ഗെയിമുകളില്‍ ഇടംപിടിച്ചവ തന്നെയാണ്. ഭീതിതപ്പെടുത്തുന്ന ഏറ്റവും ഒടുവിലത്തെ വാര്‍ത്ത ‘ബ്ലൂവെയില്‍’ എന്ന ഗെയിമിനെക്കുറിച്ചാണ്. റഷ്യയില്‍ ഇതിനോടകം 130 കൗമാരക്കാരുടെ ജീവനെടുത്തു ഈ ഓണ്‍ലൈന്‍ ഗെയിം. അമ്പതു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഗെയിമില്‍ മത്സരാര്‍ത്ഥിയെ ജീവത്യാഗത്തിന്/ആത്മഹത്യയ്ക്ക് വെല്ലുവിളിക്കുക എന്നതാണ് ഒടുവില്‍ സംഭവിക്കുന്നത്. ഹൊറര്‍ സിനിമ ഒറ്റയ്ക്ക് കാണാനും ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിക്കാനും അത് ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാനുമൊക്കെയുള്ള വീരസാഹസിക വെല്ലുവിളികളിലേയ്ക്ക് വീഴിക്കുന്ന അത്യന്തം അപകടം നിറഞ്ഞ ഗെയിമാണിത്.

നമ്മുടെ കുഞ്ഞുമക്കള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ പ്രധാന ശ്രദ്ധ കാണിക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. കുട്ടികള്‍ക്കു വീടിനു പുറത്തിറങ്ങി കളിക്കാനോ മറ്റു വിനോദങ്ങളിലേര്‍പ്പെടാനോ ഏറെ സാഹചര്യമില്ലാത്ത യൂറോപ്യന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ താമസിക്കുന്നവരും നഗരപ്രദേശത്തിന്റെ ചെറിയ ഇടങ്ങളില്‍ ഒതുങ്ങിക്കൂടുന്നവരും മക്കളെ അടക്കിയിരുത്താന്‍ കണ്ടെത്തുന്ന എളുപ്പവഴി മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ അവര്‍ക്കിഷ്ടമുള്ള ഗെയിമുകള്‍ കളിക്കാന്‍ അനുവാദം കൊടുക്കുക എന്നതാണ്. കൂടുതല്‍ സമയം ഗെയിം കളിച്ചാലും വേണ്ടില്ല, വല്ലയിടത്തും അടങ്ങിയൊതുങ്ങി ഇരിക്കുമല്ലോ, ശല്യപ്പെടുത്താന്‍ വരില്ലല്ലോ’ എന്നാണ് ചില രക്ഷിതാക്കളെങ്കിലും കരുതുന്നത്.

ഇനി മുതല്‍ ഇടയ്ക്കിടയ്ക്ക് മാതാപിതാക്കള്‍ ശ്രദ്ധിക്കണം, മക്കള്‍ എന്തു ഗെയിമാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്ന്. ഒരുമിച്ചുള്ള പ്രാര്‍ത്ഥനയ്ക്കോ ഭക്ഷണത്തിനോ വിളിക്കുമ്പോഴും ‘ഇതു കൂടി കഴിഞ്ഞിട്ടുവരാം’ എന്നുപറയുന്ന മക്കള്‍ ഏറെയാണ്. നല്ല ഗെയിമുകളാണെങ്കില്‍ പോലും അത് അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോള്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചിരിക്കുന്ന പല ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകളും പല ഘട്ടങ്ങള്‍ പിന്നിടുന്ന പല ‘സീരിസു’കളായി (ഉദാ: Dark Souls 3, Xcom2, Uncharted 4, Civilization VI, Titan fall 2, Dishonoured 2…) തുടരുന്നവയാണ്. പല എപ്പിസോഡുകളായി തുടരുന്ന ടി വി കണ്ണീര്‍ പരമ്പരകളും തുടര്‍ നോവലുകളും മുതിര്‍ന്നവരെ അപകടകരമായി സ്വാധീനിക്കുമ്പോള്‍, നമ്മുടെ കുട്ടികള്‍ ഭാവിയില്‍ അപകടകാരികളായി മാറിയേക്കാവുന്നത് ഇത്തരം, മനസിനെ താളം തെറ്റിക്കുന്ന അക്രമ, ക്രൂര സ്വഭാവമുള്ള ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകള്‍ കാണുന്നതു വഴിയായിരിക്കാം. അതുകൊണ്ട് ജാഗ്രതൈ!

എട്ടുവയസ്സു മുതലുള്ളവരെയാണ് ഈ ഗെയിമുകള്‍ പ്രധാനമായി ഉന്നംവയ്ക്കുന്നത്. കൂടുതല്‍ ഗെയിമുകളും 13 വയസ്സിനു മുകളിലുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അവരുടെ ഈ ചെറുപ്രായത്തില്‍ നായക പരിവേഷമുള്ള വ്യക്തികളായി പ്രത്യക്ഷപ്പെടുന്നവര്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ച് എല്ലാം തകര്‍ക്കുന്നവരും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരും അമാനുഷിക കാര്യങ്ങള്‍ ചെയ്യുന്നവരുമൊക്കെയാണ്. ഹൊറര്‍ സിനിമകളും പേടിപ്പിക്കുന്ന ദൃശ്യങ്ങളുള്ള വീഡിയോ ഗെയിമുകളുമൊക്കെ കളിക്കുന്ന കുട്ടികള്‍, ഉറക്കത്തില്‍ പേടിപ്പെടുത്തുന്ന ഭീകര സ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുന്നതും പഠനത്തില്‍ പിന്നോട്ടു പോകുന്നതും വീട്ടിലുള്ളവരോടും സുഹൃത്തുക്കളോടുമൊക്കെ മാന്യമല്ലാതെ പെരുമാറുന്നതുമൊക്കെ മാതാപിതാക്കള്‍ ആശങ്കയോടെ പങ്കുവയ്ക്കാറുണ്ട്.

ആധുനികതയുടെയും നഗരവത്കരണത്തിന്റെയുമൊക്കെ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് തങ്ങളുടെ കുട്ടികളില്‍ നിന്ന് വീഡിയോ ഗെയിമുകള്‍ അപ്പാടെ മാറ്റി നിര്‍ത്താനാവില്ല എന്നതു സത്യം തന്നെ. പക്ഷേ, ഉത്തരവാദിത്വപൂര്‍ണമായ ഒരു മേല്‍നോട്ടം കുട്ടികളുടെ മേല്‍ കൊടുക്കാന്‍ പറ്റും, പറ്റണം. അല്ലെങ്കില്‍ കുട്ടികള്‍ കൈവിട്ടു പോയിട്ടോ, വലിയ അപകടങ്ങളില്‍ ചെന്നു ചാടിയിട്ടോ വിലപിച്ചിട്ടെന്തു കാര്യം? ഭീകര സിനിമകളിലും ആനിമേഷന്‍ ചിത്രങ്ങളും കണ്ടു പരിചയിച്ചപോലെ, മുമ്പിലുള്ള പ്രശ്നത്തെ മറികടക്കാന്‍ ഉടനടി തോക്കെടുത്തു വെടിവെയ്ക്കുന്ന, ക്രൂര കൃത്യങ്ങള്‍ ചെയ്യുന്ന കാഴ്ചപ്പാടുകളിലേയ്ക്ക് നമ്മുടെ പുതുതലമുറ വളരാതിരിക്കാന്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളോടൊപ്പം മുതിര്‍ന്ന എല്ലാവര്‍ക്കും ജാഗ്രത പുലര്‍ത്താനാവണം.

അല്പസമയം കിട്ടിയാല്‍ മൊബൈലിലേയ്ക്കോ കമ്പ്യൂട്ടറിലേയ്ക്കോ ഓടുന്നതിനു പകരം മാതാപിതാക്കളുടെ അരികിലേയ്ക്ക വരാനും സന്തോഷത്തോടെ സമയം ചിലവഴിക്കാനും സാധിക്കുന്ന വിധത്തില്‍, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകട്ടെയെന്നും നമ്മുടെ കുടുംബാന്തരീക്ഷം അതിനനുസരിച്ച് മാറട്ടെയെന്നുമുള്ള പ്രാര്‍ത്ഥനയോടെ,

നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു. ഫാ. ബിജു കുന്നയ്ക്കാട്ട്.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

രണ്ടു രാഷ്ട്രീയ പ്രമുഖരുടെ നാവിന്റെ പിഴയാണ് ഈ നാളുകളില്‍ കേരളത്തില്‍ സംസാരവിഷയം. അതില്‍ ഒന്നാമത്തേത് ഒരു തമിഴ് സംഘടനയുടെ (പെമ്പിളൈ ഒരുമൈ) പേര് പറയാന്‍ ശ്രമിച്ചതിലെ പിഴവ് കേള്‍വിക്കാരിലാകെ ചിരിപടര്‍ത്തിയെങ്കില്‍ രണ്ടാമത്തേത് ഒരു മന്ത്രിയുടെ നാവിന്റെ ചൂട് ഉദ്യോഗസ്ഥരും നാട്ടുകാരും കേള്‍ക്കേണ്ടി വന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. അന്താരാഷ്ട്ര തലത്തിലും ഈ കഴിഞ്ഞ ആഴ്ചയില്‍ പലരുടേയും നാവ് കുഴപ്പക്കാരായി മാറി. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് ലോകം പോകുമോ എന്നു ഭയപ്പെടുന്ന നോര്‍ത്ത് കൊറിയന്‍ അമേരിക്കന്‍ പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ ‘എല്ലില്ലാത്ത നാവു’കൊണ്ട് വെല്ലുവിളികളുമായി കളം നിറഞ്ഞു. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചെറുപതിപ്പായ കുടുംബങ്ങളിലും പലപ്പോഴും വില്ലനായി മാറുന്നത് നാവിന്റെ ഉപയോഗത്തിലെ ശ്രദ്ധയില്ലായ്മയും സംസാരത്തിലെ പിഴവുകളും തന്നെയാണ്.

”വാക്കുകളെ നിയന്ത്രിക്കുന്നവന് വീണ്ടുവിചാരമുണ്ട്. നീതിമാന്മാരുടെ നാവ് വിശിഷ്ടമായ വെള്ളിയാണ്. അവന്റെ വാക്ക് അനേകരെ പോഷിപ്പിക്കുന്നു” (ബൈബിളിലെ സുഭാഷിതങ്ങളുടെ പുസ്തകം 10ഃ2021). നാവിന്റെ പ്രശ്‌നത്തെപ്പറ്റി പരാതിരപ്പെടുന്ന ശൈലികള്‍ മലയാളത്തില്‍ വളരെയെറേയാണ്; നീളമുള്ള നാക്ക്, കഴുത്തിനുചുറ്റും നാക്ക്, എല്ലില്ലാത്ത നാക്ക്, എന്തും വിളിച്ചുപറയുന്ന നാക്ക്, ബെല്ലും ബ്രേക്കുമില്ലാത്ത നാക്ക്…. നാവിനെക്കുറിച്ചുള്ള പഴികള്‍ക്ക് അവസാനമില്ലാതെ നീളുന്നു. നാവിന്റെ ഉപയോഗം പലര്‍ക്കും അവസാനില്ലാതെ നീളുന്നു. നാവിന്റെ ഉപയോഗം പലര്‍ക്കും അനാവശ്യവിനകള്‍ വരുത്തിവയ്ക്കാറുണ്ടെങ്കിലും ബുദ്ധിയുള്ളവരുടെ ഏറ്റവും സമര്‍ത്ഥമായ ആയുധവും നാവുതന്നെ. ഭോഷന്മാര്‍ നാവിനെ, ശത്രുക്കളെ നേടാനായി ഉപയോഗിക്കുമ്പോള്‍ ജ്ഞാനികള്‍ മിത്രങ്ങളെ നേടുന്നതും ഉയര്‍ച്ച പ്രാപിക്കുന്നതും നാവിന്റെ ശരിയായ ഉപയോഗം കൊണ്ടുകൂടിയാണ്. ‘അധരഫലം ഉപജീവനമാര്‍ഗ്ഗം നേടിക്കൊടുക്കുന്നു. ജീവനെ നശിപ്പിക്കാനും പുലര്‍ത്താനും നാവിന് കഴിയും” (സുഭാഷിതങ്ങള്‍ 18 : 2021). ‘നല്ല വാക്ക്’ ദാനത്തെക്കാള്‍ വിശിഷ്ടമാണെന്ന് പരിശുദ്ധ ഖുറാനും സാക്ഷിക്കുന്നു. (2 : 263).

മനസിലെ ചിന്തകളുടെ പ്രതിഫലനമാണ് നാവിലൂടെ സംസാരവിഷയമായി പുറത്തുവരുന്നത്. ബോധമനസിലും അബോധ മനസിലും ഉപബോധ മനസിലും കിടക്കുന്ന കാര്യങ്ങള്‍ സംസാരത്തിലൂടെ വെളിപ്പെടുന്നു. നല്ല സംസാരമുണ്ടാവാന്‍ നല്ല ചിന്തകളും ബോധ്യങ്ങളും മനസിലുണ്ടാവുക എന്നതു തന്നെയാണ് പരമപ്രധാനമായ കാര്യം. ”നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കുന്നു. ചീത്ത വൃക്ഷം ചീത്ത ഫലം പുറപ്പെടുവിക്കുന്നു!! (ബൈബിള്‍). മനുഷ്യര്‍ പ്രധാനമായും അവരുടെ ഉള്ളിലുളള ആശയങ്ങള്‍ മറ്റുളളവര്‍ക്ക് കൈമാറുന്നത് സംസാരത്തിലൂടെയും നാവിന്റെ ഉപയോഗത്തിലൂടെയുമാണ്. നല്ല ചിന്തകളും നാവിന്റെ ഉപയോഗവും വഴി മറ്റുള്ളവരിലേയ്ക്ക് നന്മ പ്രസരിപ്പിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ.

വിവേകപൂര്‍ണ്ണമല്ലാത്ത സംസാരവും നാവിന്റെ ഉപയോഗവും ചിലപ്പോള്‍ വലിയ ദുരന്തങ്ങള്‍ തന്നെ വരുത്തിവയ്ക്കാം. ഭാവി പ്രവചനക്കാരായ രണ്ടുപേര്‍ ഒരിക്കല്‍ ഒരു രാജകൊട്ടാരത്തിലെത്തി. അതില്‍ ഒരാള്‍ രാജാവിനോട് പറഞ്ഞു; ”അങ്ങ് രണ്ട് ആഴ്ചയ്ക്കുള്ളില്‍ മരിക്കും” ഈ അശുഭവാര്‍ത്ത പറഞ്ഞ വ്യക്തിയെ കാരാഗൃഹത്തിലിടാന്‍ രാജാവ് ഉത്തരവിട്ടു. എന്നാല്‍ ബുദ്ധിമാനായ രണ്ടാമത്തെയാള്‍ രാജാവിനോട് പറഞ്ഞു; രണ്ടാഴ്ചകള്‍ കഴിയുമ്പോള്‍ അങ്ങയുടെ പുത്രന്‍ പുതിയ രാജാവായി ഈ രാജ്യത്തിന്റെ ഭരണമേറ്റെടുക്കും” . ആഹ്‌ളാദകരമായ ഈ വാര്‍ത്ത പറഞ്ഞയാള്‍ക്ക് കൈനിറയെ സ്വര്‍ണനാണയങ്ങള്‍ കൊടുക്കാനും രാജാവ് കല്‍പിച്ചു. എന്നാല്‍ സത്യം എന്താണ്? ഇവര്‍ രണ്ടുപേരും പറഞ്ഞകാര്യം ഒന്നുതന്നെ: രാജാവ് മരിക്കും, അതിനുശേഷം മകന്‍ ഭരണം ഏറ്റെടുക്കും. വിവേകപൂര്‍ണമായി നാവിനെ ഉപയോഗിച്ചവന് സമ്മാനങ്ങളും സാഹചര്യങ്ങള്‍ക്കനുസരിച്ച് നാവിനെ ഉപയോഗിക്കാതിരുന്നവന് ശിക്ഷയും കിട്ടി.സാഹചര്യത്തിനു ചേരാത്ത അനാവശ്യ ആവേശമാണ് പലര്‍ക്കും നാവിന്റെ ഉപയോഗത്തില്‍ വിനയാകുന്നത്. ആവേശത്തില്‍ സ്വയം മറന്ന്, ചിന്തിക്കാതെ സംസാരിക്കുമ്പോള്‍ നാവ് അപകടം ക്ഷണിച്ചുവരുത്തും. പല്ല് ഒരിക്കല്‍ നാവിനോട് പറഞ്ഞു. ‘ഞാന്‍ ശക്തമായ ഒരു കടി തന്നാല്‍ നീ മുറിഞ്ഞു രണ്ടു കഷണമാവും’ അതിനു നാവ് മറുപടി ഇങ്ങനെ പറഞ്ഞു. ഞാന്‍ ഒന്നു മനസുവച്ചാല്‍ നിങ്ങള്‍ 32 പേരെയും അടിച്ചുതാഴെയിടിക്കാന്‍ എനിക്കാവും’ . ഓരോരുത്തരും തങ്ങളുടെ ജീവിതാവസ്ഥയ്ക്കനുസരിച്ച് തങ്ങളുടെ നാവിന്റെ ഉപയോഗത്തില്‍ മാന്യത പാലിക്കണം. അമിതാവേശവും അതേ തുടര്‍ന്നുള്ള സംസാരവും പലരെയും അപകടത്തില്‍ കൊണ്ടു ചെന്നെത്തിച്ചിട്ടുണ്ട്. ”വാക്കുകള്‍ ഏറുമ്പോള്‍ തെറ്റു വര്‍ദ്ധിക്കുന്നു’ (സുഭാഷിതങ്ങള്‍ 10ഃ19)

നാവിന്റെ ശ്രദ്ധയില്ലാത്ത ഉപയോഗം പലരുടെയും മനസില്‍ ഉണങ്ങാത്ത മുറിവുകളും സൃഷ്ടിക്കാറുണ്ട്. ശരീരത്തില്‍ ഒരു മുറിവ് ഉണ്ടായാല്‍ കുറെ കഴിയുമ്പോള്‍ അത് ഉണങ്ങും. എന്നാല്‍ മുറിപ്പെടുത്തുന്ന വാക്കുകള്‍ കൊണ്ട് മുറിയുന്ന ഹൃദയത്തിലെ പരിക്കുകള്‍ പലപ്പോഴും ഉണങ്ങാതിരിക്കുന്നു എന്നുപറയുന്നത് എത്ര ശരിയാണ്‍ പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചുപിടിക്കാനാവില്ലെന്ന് പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍ എത്ര വലുതാണ്‍ ഇഷ്ടക്കേടും വെറുപ്പുമുള്ള മനസില്‍ നിന്നു പുറപ്പെടുന്ന വാക്കുകള്‍ക്ക് മൂര്‍ച്ച കൂടുതലും ശബ്ദം അധികവുമായിരിക്കും. ഒരിക്കല്‍ ഒരു ശിഷ്യന്‍ ബുദ്ധനോടു ചോദിച്ചു. എന്തുകൊണ്ടാണ് ദേഷ്യപ്പെടുമ്പോള്‍ ആളുകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നത്? ബുദ്ധന്‍ മറുപടി പറഞ്ഞു; ” അവര്‍ അടുത്താണിരിക്കുന്നതെങ്കിലും അവരുടെ മനസ്സുകള്‍ വളരെ അകലെയാണ്. അകലെയുള്ള മനസിനെ എത്തിപ്പിടിക്കാന്‍ വേണ്ടിയാണ് അവര്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നത്, ” അതു സത്യമാണെന്നതു കൊണ്ടല്ലേ, അതിന്റെ മറുവശത്ത് ഏറ്റവും സ്‌നേഹിക്കുന്ന രണ്ടുപേര്‍ കണ്ണില്‍ കണ്ണില്‍ നോക്കി പരസ്പരം ഇരിക്കുമ്പോള്‍, അവരുടെ ഹൃദയങ്ങളും കണ്ണുകളും പരസ്പരം സംസാരിക്കുന്നു, നാവ് ഒന്നും പറയേണ്ടി വരുന്നുമില്ല!

മറ്റു പല കാര്യങ്ങളിലുമെന്നതുപോലെ നാവിന്റെ ഉപയോഗത്തിലും ഇളം തലമുറയ്ക്ക് മാതൃകയാകേണ്ടത് മുതിര്‍ന്നവര്‍ തന്നെയാണ്. പ്രത്യേകിച്ച് മാതാപിതാക്കളും സമൂഹത്തില്‍ പ്രത്യേക സ്ഥാനങ്ങളില്‍ ആദരിക്കപ്പെടുന്നവരും. തന്റെ കുട്ടിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത വാക്കുകള്‍ ചേര്‍ത്തുള്ള സംസാരത്തെക്കുറിച്ച് ഭാര്യയോടു പറഞ്ഞപ്പോള്‍, ‘കുട്ടിയുടെ മുമ്പില്‍വച്ച് രാഷ്ട്രീയ വാര്‍ത്തകളും പ്രസ്താവനകളും ചര്‍ച്ചകളും കേള്‍ക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു എന്ന ഭാര്യയുടെ കമന്റ് ഫലിതരസത്തിനപ്പുറം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ”ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്’ എന്ന പഴമൊഴിയില്‍ തീരെ പതിരില്ല.

നാവിന്റെ നിയന്ത്രണവും സംസാരത്തിന്റെ മാന്യതയും പഠിച്ചുതുടങ്ങേണ്ടത് സ്വന്തം വീടുകളില്‍ നിന്നു തന്നെയാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ കലഹങ്ങളിലും വെറുപ്പിന്റെ അവസരങ്ങളിലും ഉപയോഗിക്കുന്ന മാന്യതയില്ലാത്ത, വിലകുറഞ്ഞ, സഭ്യമല്ലാത്ത പദപ്രയോഗങ്ങളും ശൈലികളും ഇതുകണ്ടുകൊണ്ടുനില്‍ക്കുന്ന കുഞ്ഞുങ്ങളുടെ മനസില്‍ ചെലുത്തുന്ന തെറ്റായ സ്വാധീനം പ്രതീക്ഷിക്കുന്നതിനും അപ്പുറത്താണ്. നല്ല സംസാരവും നല്ല വാക്കുകളും മാത്രം നമ്മുടെ കുടുംബങ്ങളിലും പൊതുരംഗങ്ങളിലും ഉണ്ടാകട്ടെ.

വി. ബൈബിളില്‍ മറിയത്തിന്റെ ഭര്‍ത്താവായ ജോസഫ് ഓര്‍മ്മിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ നിശബ്ദതയുടെ പേരില്‍ കൂടിയാണ്. ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞത് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. തന്റെ വിചാരണയുടെ സമയത്ത് പല അവസരങ്ങളിലും ഈശോയും മൗനം പാലിച്ചതായി സുവിശേഷങ്ങള്‍ പറയുന്നു. മൗനം പാലിക്കുന്നതും നാവിനെ നിയന്ത്രിക്കുന്നതും ആവശ്യത്തിനുമാത്രം സംസാരിക്കുന്നതും ശ്രേഷ്ഠതയുടെ ലക്ഷണം കൂടിയാണ്. ഉള്ളില്‍ ഒന്നുമില്ലാത്തവര്‍ എപ്പോഴും ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. ആത്മീയതയും അഗാധ അറിവുമുള്ളവര്‍ കുറച്ചുമാത്രം സംസാരിക്കും. ഭാരതീയ ഋഷിവര്യന്മാരെ മുനിമാര്‍ എന്ന് വിളിച്ചിരുന്നു. ‘മുനി’ എന്ന വാക്ക് ഉത്ഭവിക്കുന്നത് ‘മൗനം’ എന്നതില്‍ നിന്നത്രേ!. ഓളങ്ങളും ഓളപ്പാടുകളുമുള്ള കടല്‍ത്തീരത്തിന് ആഴമില്ല. എന്നാല്‍ വലിയ മത്സ്യങ്ങളും പവിഴപ്പുറ്റുകളുമുള്ള കടലിന്റെ ആഴമുള്ള ഭാഗത്തിലെ ഉപരിതലം ഒച്ചപ്പാടില്ലാതെ ശാന്തമായിരിക്കും.”സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണനാണെന്ന്” (യാക്കോബ് 3ഃ2) ബൈബിള്‍ സാക്ഷിക്കുന്നു. ”ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വന്‍ തിന്മയില്‍ നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍ നിന്ന് തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ”. (1 പത്രോസ് 3ഃ10).

നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ.ബിജു കുന്നയ്ക്കാട്ട്

ലോക ജനതയുടെ സ്വൈര്യജീവിതത്തിന്റെ ചങ്കില്‍ തീകോരിയിട്ടേക്കാവുന്ന ഒരു യുദ്ധകാഹളത്തെക്കുറിച്ചുള്ള ഒരു ഭീതിയിലാണെല്ലാവരും ഇപ്പോള്‍. ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി, തുറന്ന ഒരു യുദ്ധത്തിലേയ്ക്കും ചിലപ്പോള്‍ ലോകം മുഴുവന്‍ ഭയപ്പെടുന്ന മൂന്നാം ലോക മഹായുദ്ധത്തിലേയ്ക്കും നീളാവുന്ന ദുരന്തത്തിന് മുന്നോടിയായുള്ള പോര്‍വിളികള്‍ ഇരു രാജ്യങ്ങളും തുടങ്ങിക്കഴിഞ്ഞു. സൈനിക ശക്തിയില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയും ഏഴാം സ്ഥാനത്തുള്ള ഉത്തരകൊറിയയും കൊമ്പുകോര്‍ക്കുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പത്തോളം രാജ്യങ്ങളെങ്കിലും ഈ മഹാദുരന്തത്തിന്റെ പ്രത്യക്ഷ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി ഇതിനെ ചുരുക്കാന്‍ സാധിക്കാത്തതിനു കാരണം ഈ രണ്ടു രാജ്യങ്ങളും ആണവായുധപ്രയോഗത്തിലൂടെ ലോകശാക്തീകരണത്തിന് ശേഷിയുള്ളവരാണ് എന്നതുകൊണ്ടുകൂടിയാണ്. ഹിരോഷിമ-നാഗസാക്കിയുടെ ഉണങ്ങാത്ത മുറിവുകള്‍ ഈ പുതിയ യുദ്ധകാഹളത്തിന് ഭീകരതയുടെ പുതിയ മുഖം സമ്മാനിക്കുന്നു! ”വിനാശത്തിന്റെ അശുഭലക്ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു കാണുമ്പോള്‍- വായിക്കുന്നവര്‍ ഗ്രഹിച്ചുകൊള്ളട്ടെ”. (മത്തായി 13:14) തിരുചന പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായോ?

1500 കളില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞന്‍ നോസ്ട്രഡാമസ് നടത്തിയ ചില പ്രവചനങ്ങളെ ചുറ്റിപ്പറ്റി കൂടിയാണ് മൂന്നാംലോക മഹായുദ്ധം ആസന്നമായിരിക്കുന്നു എന്ന വാദം കൊഴുക്കുന്നത്. 2017-18 വര്‍ഷങ്ങളില്‍ രണ്ടു വന്‍ ശക്തികള്‍ തുടങ്ങി വയ്ക്കുന്ന തര്‍ക്കം 27 വര്‍ഷങ്ങള്‍ നീളുന്ന യുദ്ധത്തിലേയ്ക്ക് നയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. അദ്ദേഹം ഇതിനുമുമ്പ് നടത്തിയ പല പ്രവചനങ്ങളും സത്യമായിത്തീര്‍ന്നതിനാല്‍ ഈ പ്രവചനത്തെക്കുറിച്ചും ലോകം ഭീതിയോ ചിന്തിക്കുന്നു.

യുദ്ധങ്ങള്‍ ഏതുതന്നെയായാലും ലോകത്തിനു സമ്മാനിച്ചിട്ടുള്ളത് വേദനകളും മുറിവുകളും നഷ്ടങ്ങളും തന്നെയാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അധികാരം പിടിച്ചടക്കുന്നതിനുമായിട്ടാണ് യുദ്ധങ്ങളെല്ലാം അരങ്ങേറിയിട്ടുള്ളത്. യുദ്ധത്തില്‍ പങ്കെടുക്കുന്നതുവഴിയോ യുദ്ധാനന്തര ഫലങ്ങള്‍ ലോകവ്യാപകമായി അനുഭവിക്കേണ്ടി വരുന്നതുവഴിയോ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ മാത്രമായി തുടങ്ങുന്നുന്നവ ലോകമഹായുദ്ധങ്ങളായി പരിണമിക്കുന്നു. പ്രധാനമായും നേട്ടങ്ങളെക്കാള്‍ കൂടുതലായി വലിയ നഷ്ടങ്ങളുടെ കണക്കുകള്‍ തന്നെയാണ് ഇതുവരെയുണ്ടായ രണ്ടു ലോകമഹായുദ്ധങ്ങളും (1914 – 18, 1939-45) നമ്മുടെ മുമ്പിലവതരിപ്പിക്കുന്നത്.

എണ്ണമറ്റ മനുഷ്യജീവനുകള്‍ പൊലിയുന്നതാണ് യുദ്ധം സമ്മാനിക്കുന്ന പ്രധാന നഷ്ടം. തകര്‍ന്നുപോകുന്ന ബാക്കിയെന്തും കെട്ടിപ്പെടുക്കാമെന്നിരിക്കെ മരിച്ചുവീഴുന്ന ജീവനുകളെ എങ്ങനെ പുനരുദ്ധരിക്കാനാവും? പട്ടാളക്കാര്‍, യുദ്ധഭൂമിയില്‍ മറ്റു സഹായങ്ങളെത്തിക്കുന്നവര്‍, ആക്രമിക്കപ്പെടുന്ന നഗരങ്ങളില്‍ മരിച്ചുവീഴുന്നവര്‍, അണുബോംബിന്റെ ദീര്‍ഘകാല ദുരന്തങ്ങളനുഭവിക്കുന്നവര്‍ … നഷ്ടപ്പെടുന്ന ഈ ജീവിതങ്ങളെ, അവരുടെ സ്വപ്‌നങ്ങളെ, ഭാവിയെ തിരികെ കൊണ്ടുവരാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് രക്തച്ചൊരിച്ചിലിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടുംമുമ്പ് നല്ലതുപോലെ ഓര്‍ക്കണം!

മനുഷ്യജീവനുകള്‍ക്കു പുറമേ നിയന്ത്രണമില്ലാത്ത സാമ്പത്തിക നഷ്ടം മറ്റൊരു വലിയ വേദനയാകും. തകര്‍ന്നുപോയവ പുനരുദ്ധരിക്കാന്‍ യുദ്ധാന്തരം പല രാജ്യങ്ങള്‍ക്കും ഉടനെ കഴിയില്ല. കൊടിയ ദാരിദ്ര്യത്തിന്റെ വരുംനാളുകള്‍ ജനങ്ങള്‍ക്കു വന്നു ചേരും. ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വരുമ്പോള്‍ രാജ്യത്തിനകത്തുതന്നെ ആക്രമണങ്ങളും കലാപങ്ങളും ഉടലെടുക്കും. ആണവായുധ പ്രയോഗങ്ങള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും, ഭൂമി കൃഷിയോഗ്യമല്ലാതാവും. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നഷ്ടങ്ങളുടെ കണക്ക് തുടര്‍ക്കഥയാവും.

യുദ്ധത്തിന്റെ വരവോടുകൂടി അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സമാധാന – സ്‌നേഹബന്ധങ്ങള്‍ കുറയുകയും നയതന്ത്ര വിദേശകാര്യ ഇടപെടലുകള്‍ കാര്യങ്ങള്‍ വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്യും. രാജ്യങ്ങളുടെ നിശ്ചിത അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്കും കടലുകളും വന്‍കരകളും കടന്നും ബന്ധങ്ങള്‍ സ്ഥാപിച്ച് ‘ലോകം ഒന്നായിക്കൊണ്ടിരിക്കുന്ന’ ഈ ആധുനിക ലോകത്തിന്റെ വളര്‍ച്ചാ കാഴ്ചപ്പാടിന് ഒട്ടും ചേരാത്തതു തന്നെയാണ് പരസ്പര വിദ്വേഷത്തിന്റെ ഈ യുദ്ധവെറി. അന്യരാജ്യങ്ങളില്‍ ജോലി ചെയ്യുകയും പഠിക്കുകയും സൗഹൃദങ്ങള്‍ സ്ഥാപിക്കുകയുമൊക്കെ ചെയ്യുന്നവര്‍ക്കുള്ള വലിയ ഇരുട്ടടി കൂടിയാണ് ഈ യുദ്ധകാഹളം.

താന്‍ സൃഷ്ടിച്ച ലോകത്തില്‍ സമാധാനവും ദൈവം ആഗ്രഹിക്കുമ്പോള്‍, അതില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും തിന്മ വളരാനും ആഗ്രഹിക്കുന്ന പിശാചിന്റെ, പരസ്പരം വിദ്വേഷം ജനിപ്പിക്കുന്ന ഇത്തരം യുദ്ധങ്ങളുടെ അധമ ചിന്തകളെ അടിച്ചമര്‍ത്തേണ്ടതുണ്ട്. സമരം ചെയ്യേണ്ടതും യുദ്ധം നടത്തേണ്ടതും ഒരേ ദൈവത്തിന്റെ മക്കളായ മനുഷ്യര്‍ തമ്മിലല്ല, മനുഷ്യരോടല്ല, മറിച്ച് മനുഷ്യന്റെ മനസില്‍ വെറുപ്പിന്റെ വിഷം കുത്തിവയ്ക്കുന്ന തിന്മയോടാണ് പിശാചിനോടാണ്. അതിനെയാണ് ചെറുത്തു തോല്‍പിക്കേണ്ടത്. ”സാത്താന്റെ കുടില തന്ത്രങ്ങളെ എതിര്‍ത്തു നില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍ നാം യുദ്ധത്തിന് ചെയ്യുന്നത് മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വസിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ്” (എഫേസോസ് 6:12).

രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ യുദ്ധത്തിനു തീരുമാനമെടുക്കുമ്പോള്‍ മാത്രമല്ല, എല്ലാ മനുഷ്യരുടെ ഹൃദയത്തിലും തിന്മ ചെയ്യാനുള്ള പ്രേരണ ഈ പൈശാചിക ശക്തി നല്‍കിക്കൊണ്ടിരിക്കും. 20,000 രൂപയ്ക്ക് സ്വന്തം അമ്മയെ കൊല്ലാന്‍ മകന്‍ ക്വട്ടേഷന്‍ കൊടുത്തപ്പോഴും ഭര്‍ത്താവിനെ കബളിപ്പിച്ച് കാമുകനായ വിദ്യാര്‍ത്ഥിയോടൊപ്പം പോയ ഭാര്യയും സ്വന്തം അമ്മയെ പീഡിപ്പിച്ച മകനും ആത്മീയതയുടെ മറവില്‍ മതചിഹ്നങ്ങള്‍ നാട്ടി പൊതുമുതല്‍ കയ്യേറുന്നവരുടെയുമെല്ലാം മനസിലും ഈ തിന്മ വിവിധ രൂപങ്ങളില്‍ ശക്തിപ്രാപിച്ചിരിക്കുന്നു. ഇതിനെ മനസിലാക്കി ചെറുത്തു തോല്‍പിക്കാത്തവര്‍ അതിന്റെ നീരാളിപ്പിടുത്തത്തിലേയ്ക്ക് വീണുപോകുന്നു.

ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഏറെ മുമ്പോട്ടുപോയിട്ടും ആധുനിക വാര്‍ത്താവിനിമയ ഉപാധികളിലൂടെ എല്ലാ കാര്യങ്ങളും എപ്പോഴും അറിഞ്ഞുകൊണ്ടിരുന്നിട്ടും, ആളുകളുടെ മനസുകള്‍ തമ്മില്‍ വളരെയേറെ അകന്നുപോയി എന്നതാണ് ഇക്കാരത്തിന്റെ ഏറ്റവും വലിയ ദുരന്തം. കുഞ്ഞുണ്ണി മാഷ് പാടിയത് ഇപ്പോള്‍ സത്യമായിരിക്കുന്നു. ”ലോകമെന്തായിരിക്കുന്നു, കമ്പികൊണ്ടും കമ്പിയില്ലാ കമ്പികൊണ്ടും, കരളുകൊണ്ടല്ല”.

മനസ്സ് അകലുകയും തങ്ങള്‍ സ്വയം നിര്‍മ്മിച്ചെടുത്തവ തങ്ങളെ, എല്ലാവരെയുംകാള്‍ വലിയവരാക്കും എന്ന ചിന്തയും അയല്‍ക്കാരനെ ദ്വേഷിക്കാനും അവനോടു പടവെട്ടാനുമൊക്കെ പ്രേരിപ്പിക്കുന്നു. സ്വയം മറന്ന്, ദൈവത്തെ മറന്ന് അഹങ്കരിച്ച ജനത്തിന് കിട്ടയ സ്വയം സൃഷ്ടിച്ചെടുത്ത നാശമായിരുന്നുവെന്ന് വി. ബൈബിളില്‍ വിവരിക്കുന്ന ബാബേല്‍ ഗോപുരത്തിന്റെ കഥ (ഉല്‍പ്പത്തി 11) ഓര്‍മ്മപ്പെടുത്തുന്നു.

ഓശാന ദിവസം കഴുതപ്പുറത്തുകയറി സമാധാന രാജാവായി ജറുസലേം പട്ടണത്തിലേയ്ക്കു പ്രവേശിച്ച യേശുനാഥനോട് ഇപ്പോള്‍ ലോകം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നത് യുദ്ധമൊഴിവായി സമാധാനം പപുനഃസ്ഥാപിക്കപ്പെടുന്നതിനുവേണ്ടിയാണ്. നോസ്ട്രഡാമസ് നടത്തിയ യുദ്ധപ്രവചനത്തെ. നടക്കാന്‍ പോകുന്ന ഒരു മഹാവിപത്തിന്റെ മുന്‍ പ്രവചനമെന്നു വാഴ്ത്താതെ, യുദ്ധം സമ്മാനിക്കുന്ന നികത്താനാവാത്ത മുറിവുകള്‍ ഓര്‍മ്മപ്പെടുത്തുന്ന മുന്നറിയിപ്പായിക്കണ്ട് യുദ്ധം ഒഴിവാക്കാനുള്ള പരിശ്രമമാണ് നടക്കേണ്ടത്. ഇനിയൊരു അണുവികിരണത്തിന്റെ ദുരന്തഫലങ്ങളും യുദ്ധത്തിന്റെ കൊടും യാതനകളും നമ്മുടെ ഭൂമിയിലുണ്ടാകാതിരിക്കട്ടെ. Sun Tzuവിന്റെ വാക്കുകള്‍ ചിന്തനീയമത്രേ. ”The Supreme art of war is to subdue the enemy without fighting”

സീറോ മലബാര്‍ വി. കുര്‍ബാന ക്രമത്തിന്റെ പ്രസക്തമായ ഒരു പ്രാര്‍ത്ഥനയോടെ അവസാനിപ്പിക്കുന്നു. ”സ്വര്‍ഗ്ഗവാസികളുടെ സമാധാനവും ഭൂവാസികളുടെ പ്രത്യാശയുമായ മിശിഹായെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും നിന്റെ ശാന്തിയും സമാധാനവും പുലര്‍ത്തേണമേ. യുദ്ധങ്ങള്‍ ഒഴിവാക്കണമേ. യുദ്ധപ്രിയരായി ഭിന്നിച്ചു നില്‍ക്കുന്ന ജനതകളെ ചിതറിക്കേണമേ”

നന്മനിറഞ്ഞ ഒരാഴ്ചയുടെ ആശംസയോടെ, സ്‌നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved