സിബി ജോസ്
സാഹോദര്യത്തിന്റെയും, സമഭാവനയുടെയും, ത്യാഗനിർഭരമായ സ്നേഹത്തിന്റെ മധുരസ്മരണകളാൽ നിറഞ്ഞ ക്രിസ്മസ് ഓർമ്മകൾ നമ്മുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു.
നക്ഷത്രങ്ങളുടെ തിളക്കം, പുല്ക്കൂടിന്റെ പുതുമ, മഞ്ഞിന്റെ കുളിര് ഓര്മകള്ക്ക് സുഗന്ധവും കാഴ്ചകള്ക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്മസ്.
പ്രത്യാശ പടര്ത്തി, പുതുപ്രതീക്ഷകൾ നൽകി, നല്ല സാഹോദര്യത്തിൻറെ ഓർമ്മ പുതുക്കി സന്തോഷവും സ്നേഹവും പങ്കിടാനായുള്ള എസ്.എം.എയുടെ ക്രിസ്തുമസ് ആഘോഷം മിന്നും താരകം 2025.
യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ എസ്.എം.എയുടെ ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷം മിന്നും താരകം2025 ജനുവരി നാലാം തീയതി ശനിയാഴ്ച മൂന്നുമണി മുതൽ സെൻ പീറ്റേഴ്സ് അക്കാദമി ഫെന്റൺൽ വച്ച് ആഘോഷിക്കുന്നു.(ST4 2RR)
എസ്.എം.എയുടെ കുടുംബാഗംങ്ങള്ക്ക് മറക്കാനാവാത്ത സംഗീതവിരുന്നൊരുക്കാൻ ലൈവ് മ്യൂസിക് ബാൻഡുമായി കേരളത്തിൻ്റെ സംഗീത സദസ്സുകളുടെ സുപരിചിത സാന്നിധ്യമായ ചായ് & കോഡ്സ് എത്തുന്നു. സിനിമാ സംഗീത സംവിധായകനുമായ ഗോകുൽ ഹർഷന്റെ നേതൃത്വത്തിൽ കൃഷ്ണ (Bass Guitar), എബിൻ (Keyz) പ്രണവ് (Guitars), സജിൻ (Drums) എന്നിവരാണ് ബാൻഡിലെ മറ്റു അംഗങ്ങൾ.
എസ്.എം.എയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്ക്ക് ആവേശം പകരാൻ കുട്ടികളുടെ നേറ്റിവിറ്റി പ്ലേ, ക്രിസ്മസ് പപ്പ ഡാൻസ്, തകര്പ്പന് ഡാന്സുമായി സാന്താക്ലോസ്, മനോഹരമായ ഗാനങ്ങളും, അതിനപ്പുറം കലകളുടെ ഒരു മഹാസമുദ്രവുമായി കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസ് പെർഫോമൻസ്.
കുടുംബത്തോടൊപ്പം, സുഹൃത്തുക്കളോടൊപ്പം, എസ്.എം.എയുടെ ഊഷ്മള കൂട്ടായ്മയിൽ നമുക്ക് ഒന്നിച്ച് എസ്.എം.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം മറക്കാനാവാത്ത അനുഭവമാക്കാം
എസ്.എം.എയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം മിന്നും താരകം2025 ലേക്ക് എസ്.എം.എയുടെ കുടുംബാഗംങ്ങള് എല്ലാവരെയും ഹൃദ്യമായി ക്ഷണിക്കുന്നതായി പ്രസിഡൻറ് എബിൻ ബേബിയും, സെക്രട്ടറി ജിജോ ജോസഫും അറിയിച്ചു.
ഇപ്സ്വിച്: യു കെയിലെ പ്രമുഖ അസ്സോസിയേഷനുകളിലൊന്നായ ഇപ്സ്വിച് മലയാളി അസോസിയേഷൻ ഡിസംബർ 27വെള്ളിയാഴ്ച സംഘടിപ്പിച്ച ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം പ്രൗഡഗംഭീരമായി.
ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മണിക്ക് അസ്സോസിയേഷൻ പ്രസിഡന്റ് നെവിൻ മാനുവലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ റവ. ഫാ. ടോമി മണവാളൻ മുഖ്യാഥിതിയായി ആഘോഷപരിപാടികൾക്ക് തിരി തെളിച്ചു. അസോസിയേഷനിലെ കൊച്ചുകുട്ടികൾ അവതരിപ്പിച്ച ഉണ്ണി യേശുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന നേറ്റിവിറ്റി പ്ലേയോട് കൂടി പരിപാടികൾക്ക് തുടക്കമായി. തുടർന്ന്, അസ്സോസിയേഷനിലെ അംഗങ്ങളുടെ നിരവധി കലാപരിപാടികൾ ഫ്ളൈറ്റോസ് ഡാൻസ് കമ്പനിയുടെ സഹകരണത്തോടെ സംയുക്തമായി നടന്നു.
പരിപാടിയുടെ മുഖ്യ ആകർഷണമായ ‘നക്ഷത്രരാവ് 2024’ ഹാസ്യ കലാലോകത്തെ അതുല്യ കലാകാരൻ മഹേഷ് കുഞ്ഞുമോന്റെയും, ദിലീപ് കലാഭവന്റെയും നേതൃത്വത്തിലുള്ള സ്റ്റേജ് ഷോ അരങ്ങേറി. 8 ഓളം കലാകാരൻമാർ ചേർന്നു അവതരിപ്പിച്ച സ്റ്റേജ് ഷോ കാണികൾ നിറഞ്ഞ കയ്യടിയോടുകൂടി ആസ്വദിച്ചു.
3 മണിക്കൂർ നീണ്ട സ്റ്റേജ് ഷോയ്ക്കു ശേഷം മഴവിൽ മനോരമ ഫെയിം ഡിജെ ജെഫ്രിയുടെ ഡി ജെ, അക്ഷരാർത്ഥത്തിൽ ആബാലവൃദ്ധം ജനങ്ങളും ആസ്വദിച്ചു. എൽഇഡി സ്ക്രീനിന്റെയും മികച്ച ശബ്ദ സാങ്കേതിക ക്രമീകരണങ്ങളുടെ അകമ്പടിയോടും കൂടി നടന്ന എല്ലാ പരിപാടികളും കാണികൾ ആസ്വദിച്ചു.
പരിപാടിയുടെ സ്പോൺസേഴ്സിൽ ഒന്നായ ടിഫിൻ ബോക്സ് ഹോട്ടലിന്റെയും ആതുരസേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു. നാലോളം നേഴ്സിംഗ് ഹോമുകളുടെ ഉടമയുമായ ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ്, സായി ഹോംസ് പ്രൊപ്രൈറ്റർ ശ്രീ സച്ചിൻ കരാളെയും ആശംസ സന്ദേശങ്ങൾ നൽകി.
സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കുന്നതിൽ എക്കാലവും മികവ് കാണിക്കുന്ന ദി ഹട്ടിന്റെ 3 കോഴ്സ് ഡിന്നർ ഏവരും ആസ്വദിച്ചു.
നാളിതുവരെ ഐ എം എ യോട് സഹകരിച്ച ഏവർക്കും സാമ്പത്തികമായി സഹായിച്ച എല്ലാ സ്പോൺസർമാർക്കും സെക്രട്ടറി ഷിബി വൈറ്റസ് നന്ദി അർപ്പിച്ചു.
റോമി കുര്യാക്കോസ്
നോർത്താംപ്ടൺ: ഓ ഐ സി സി (യു കെ) നോർത്താംപ്ടൺ റീജിയൻ പുനസംഘടിപ്പിച്ചു. സംഘടനയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനും റീജിയൻ ഭാരവാഹികളിൽ ഏതാനും പേർ സംഘടനയുടെ പുതുതായി രൂപീകൃത്യമായ നാഷണൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ വന്ന ഒഴിവുകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായുമാണ് റീജിയൻ പുനസംഘടിപ്പിച്ചത്.
ഓ ഐ സി സി (യു കെ) നോർത്താംപ്ടൺ റീജിയൻ പ്രസിഡന്റ് അജിത്കുമാർ സി നായർ – ന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ജനറൽ ബോഡി മീറ്റിങ്ങിൽ വച്ചാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗ നടപടികൾക്ക് ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് മണികണ്ഠൻ ഐക്കാട് നേതൃത്വം നൽകി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് യോഗം ആശംസകൾ നേർന്നു. ദേശിയ ഗാനത്തോടെ യോഗം അവസാനിച്ചു.
നേരത്തെ, ഒ ഐ സി സി (യു കെ)യുടെ പ്രവർത്തനം യു കെയിലുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ റീജിയനുകൾ / യൂണിറ്റുകൾ രൂപീകരിക്കുന്നതിനും നിലവിലുള്ളവ പുനസംഘടിപ്പിക്കുന്നതിനുമുള്ള നിർദേശം കെ പി സി സിയിൽ നൽകിയിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ റീജിയൻ / യൂണിറ്റുകളുടെ പുനരുദ്ധരണത്തിനും ഏകോപനത്തിനുമായി നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ വർക്കിംഗ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, ജനറൽ സെക്രട്ടറി അഷറഫ് അബ്ദുള്ള എന്നിവർ അടങ്ങുന്ന ഒരു കമ്മിറ്റി കവട്രിയിൽ നടന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ വച്ച് രൂപീകരിച്ചിരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഓ ഐ സി സി (യു കെ) നോർത്താംപ്ടൺ റീജിയൻ ഭാരവാഹികൾ:
പ്രസിഡന്റ്:
ജോർജ് ജോൺ
വൈസ് പ്രസിഡന്റുമാർ:
ഷിജിൻ ഷാജി
ജനറൽ സെക്രട്ടറി:
റെജിസൺ
ട്രഷറർ:
സിനു ജേക്കബ്
മറ്റു ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദൈവശാസ്ത്രത്തിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഡിസംബർ 22-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നടന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്തു . ഗ്രേറ്റ് ബ്രിട്ടൻ രൂപതയും തലശ്ശേരി രൂപതയുടെ കീഴിലുള്ള ആൽഫ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് കോഴ്സുകൾ സംഘടിപ്പിച്ചത്. തദവസരത്തിൽ ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ റവ ഡോക്ടർ റ്റോം ഓലിക്കരോട്ടും ബ്രദർ തോമസ് പോളും സന്നിഹിതരായിരുന്നു.
ബിർമിങ്ഹാമിലെ യെവ്സെപ് പാസ്റ്ററൽ സെൻ്ററിലാണ് ബിരുദ ദാന കർമ്മങ്ങൾ നടന്നത്. നാലുപേരാണ് ബിരുദാനന്തര (MTH) കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയത്. 15 പേർ ദൈവശാസ്ത്രത്തിൽ ബിരുദവും (BTH) പൂർത്തിയാക്കി. ഇദംപ്രഥമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ദൈവശാസ്ത്ര കോഴ്സിന്റെ ബിരുദാനന്തര ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരുന്നത്. ബിരുദ ദാന ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി ആൻസി ജോൺസന്റെയും ജിൻസ് പാറശ്ശേരിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റി പ്രവർത്തിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടോർബെ ആൻഡ് സൗത്ത് ഡെവൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ മലയാളികളുടെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്തുമസ് ഫ്ലാഷ് മോബ് ശ്രദ്ധേയമായി. സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് ഫ്ലാഷ് മോബ് കാണാനായി എത്തി ചേർന്നത്. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കാതറിൻ (“കേറ്റ്”) ലിസെറ്റ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഡി എം എ യുടെ പ്രസിഡൻറ് ടോം കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്.
രണ്ട് പ്രാവശ്യമായാണ് ഫ്ലാഷ് മോബ് അരങ്ങേറിയത്. 12 മണിക്ക് അവതരിപ്പിച്ച ആദ്യ ഫ്ലാഷ് മോബ് തന്നെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. തുടർന്ന് 12.45 ആയിരുന്നു രണ്ടാമത്തെ സെഷൻ അരങ്ങേറിയത്. 2004 -ൽ ആണ് ഡി എം എ രൂപം കൊണ്ടത്. ആദ്യമായാണ് ഡി എം എ യുടെ കുടക്കീഴിൽ യുകെയിലെ മലയാളി സമൂഹത്തിന് ഇങ്ങനെ ഒരു അവസരം ലഭിക്കുന്നത്.
കൈരളി യൂകെ സതാംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റ്ന്റെ നേതൃത്വത്തിൽ വാട്ടർലൂ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു നടന്ന പാട്ടുകൂട്ടം വ്യത്യസ്തമായ പരിപാടികൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി മാറി. കൈരളിയുടെ യൂണിറ്റ് പ്രസിഡന്റ് ബിനു, സെക്രട്ടറി ജോസഫ്, പരിപാടിയുടെ കോർഡിനേറ്റർ സുശാന്ത്, പ്രസാദ് തുടങ്ങിയവർ പരിപാടികക്ക് നേതൃത്വം നൽകി. മലയാള ചലച്ചിത്ര രംഗത്ത് പാട്ടിന്റെ പാലാഴി തീർത്ത മഹാരഥന്മാരെ അനുസ്മരിക്കുന്ന രീതിയിൽ തയ്യാറാക്കിയ സ്റ്റേജിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വേറിട്ടു നിന്നു. ശബ്ദ മാധുര്യം കൊണ്ട് സദസ്സിനെ ഇളക്കിമറിച്ച സുശാന്തും, രഞ്ജിത്തും, ജെയ്സണും സദസ്സിനെ ആവേശത്തിൽ ആഴ്ത്തി. വീടുകളിൽ നിന്നും പാചകം ചെയ്തുകൊണ്ടുവന്ന വൈവിദ്ധ്യമാർന്ന രുചിക്കൂട്ടുകൾ പരിപാടിക്ക് മികവേകി. വീണ്ടും രണ്ട് മാസത്തിൽ ഒരിക്കൽ പാട്ടുകൂട്ടം പരിപാടിക്ക് ഒത്തുചേരാം എന്ന പ്രതീക്ഷയുമായി കൈരളി യൂകെ സതാംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പാട്ട്കൂട്ടം പരിപാടി അവസാനിച്ചു.
ഷിബി ചേപ്പനത്ത്
മലങ്കര യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം, ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു . ബേസിങ്സ്റ്റോക്ക് സെന്റ് ജോർജ് ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ 2025 ഫെബ്രുവരി 22 ശനിയാഴ്ച നടക്കുന്ന കായിക മാമാങ്കത്തിൽ യുകെ ഭദ്രാസനത്തിലെ 45 ൽപരം ദേവാലയങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരക്കുന്നു. വിജയികളാവുന്നവർക്ക് 301 പൗണ്ടും എവർറോളിങ്ങ് ട്രോഫിയും സമ്മാനമായി നൽകപ്പെടുന്നു.
രണ്ടും മൂന്നും നാലും സ്ഥാനങ്ങൾക്ക് യഥാക്രമം 201,101, 51 പൗണ്ടും വ്യക്തിഗത ട്രോഫികളും ക്രമീകരിച്ചിരിക്കുന്നു. 18 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തിൽ ഡബിൾസ് ഇനത്തിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ 2025 ജനുവരി മാസം 15 ന് മുൻപായി £35 ഫീസടച്ച് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
Shibi -07825169330
Raiju -07469656799
Binil -07735424370
യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ സേവനം യു കെ യുടെ പുതിയ ഒരു യുണിറ്റിനു ലീഡ്സിൽ തുടക്കം കുറിച്ചു. ലീഡ്സിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന സേവനം യു കെ യുടെ അംഗങ്ങളുടെ ദീർഘകാലമായ അഭിലാഷമാണ് ലീഡ്സ് യുണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്.
സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെ യുടെ പദ്ധതികൾക്ക് പിന്തുണനൽകുവാനും യുണിറ്റ് തീരുമാനമെടുത്തു.
സേവനം യു കെ വനിതാ കൺവീനർ ശ്രീമതി കല ജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം കൺവീനർ ശ്രീ സജീഷ് ദാമോദരൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി ശ്രീ പ്രജുൺ പി എസ് , സെക്രട്ടറിയായി ശ്രീ അരുൺ ശശി , ട്രഷററായി ശ്രീ ശ്രീശക്തി ആർ എൻ വനിതാ കോർഡിനേറ്ററായി ശ്രീമതി ബിന്ദു മനുവിനെയും തെരഞ്ഞെടുത്തു. യോഗത്തിൽ നോർത്ത് വെസ്റ്റ് യൂണിറ്റ് സെക്രട്ടറി ശ്രീ വിപിൻ കുമാർ, , കാർത്തിക, , മനീജ, മുരുകൻ സലിം, ശ്രീജിത്ത്, ലിജി, തപസ്സ് അമൃത തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു ശ്രീമതി അമ്പിളി സ്വാഗതവും മനു നന്ദിയും രേഖപ്പെടുത്തി.
ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ (LMHS) 2025 ലെ കലണ്ടറിന്റെ പ്രകാശനകർമ്മം ഡിസംബർ 12ാം തീയതി ലിവർപൂൾ കെൻസിങ്ടൺ മുത്തുമാരിയമ്മൻ കോവിലിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് LMHS സെക്രട്ടറി ശ്രീ സായികുമാർ ഉണ്ണികൃഷ്ണൻ അമ്പലത്തിലെ മുഖ്യ പൂജാരിക്ക് നൽകി നിർവഹിച്ചു . ലിവർപൂൾ മലയാളി ഹിന്ദു സമാജം പ്രവർത്തനമാരംഭിച്ചിട്ട് ഒന്നര വർഷമായിട്ടേ ഉള്ളൂ എങ്കിലും ഇതിനകം തന്നെ ലിവർപൂളിൻ്റെ കലാ സാംസ്കാരിക വേദികളിൽ മുൻനിരയിൽ തന്നെ സ്ഥാനം കണ്ടെത്താൻ ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന് കഴിഞ്ഞിട്ടുണ്ട്.
ലിവർപൂളിൽ ഇതുവരെ അനുവർത്തിച്ചു വന്നിരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും ലിവർപൂൾ മലയാളി ഹിന്ദു സമാജം (LMHS) ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് LMHS അംഗങ്ങൾക്ക് തികച്ചും സൗജന്യമായി ഇംഗ്ലണ്ടിലെയും കേരളത്തിലെയും പ്രധാന അവധി ദിനങ്ങളും കൂടാതെ കേരളത്തിലെ ചില പ്രധാനപെട്ട അമ്പലങ്ങളുടെ ചിത്രങ്ങളും അമ്പലത്തിൻ്റെ പ്രത്യേകതകളെ കുറിച്ചുള്ള ചെറിയ വിവരണവും ഉൾപെടുത്തി വർണ്ണ ശബളമായ ഈ കലണ്ടർ ഡിസൈൻ ചെയ്തിട്ടുള്ളത്.
ലിവർപൂൾ മലയാളി ഹിന്ദു സമാജം എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ശ്രീ രാംകുമാർ, ശ്രീ സജീവ്, ശ്രീ സരൂപ് , ശ്രീ രാംജിത്ത് പുളിക്കൽ എന്നിവർ കലണ്ടർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് സംഘടിപ്പിച്ച ആരവം 2024 പരിപാടിയുടെ ഭാഗമായി ആറുമുതൽ പതിനാറു വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച റുബികിസ് ക്യൂബ് മൽത്സരം പരിപാടിയെ ആവേശത്തിന്റെ പുതിയ ഉയരങ്ങളിലേക്കെത്തിച്ചു. ആവേശകരമായ മത്സരം പരിപാടിയുടെ മുഖ്യ ആകർഷണമായി മാറി.
കാണികളിൽ ആകാംക്ഷ നിറച്ച, മില്ലിസെക്കന്റുകളുടെ വ്യത്യാസത്തിൽ മാത്രം വിജയിയെ തിരഞ്ഞെടുത്ത ഫൈനൽ മത്സരത്തിൽ സ്പാൽഡിങ് ഗ്രാമർ സ്കൂളിലെ ഇയർ 8 വിദ്യാർത്ഥിയായ ഹംദാൻ റസൂൽ റെഫിന് 21.055 സെക്കൻഡിൽ ക്യൂബ് സോൾവ് ചെയ്തു ഒന്നാം സ്ഥാനവും. 22.00 സെക്കൻഡിൽ ക്യൂബ് സോൾവ് ചെയ്ത ചെറിഹിന്റൺ ചര്ച്ച ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്കൂളിലെ ഇയർ 6 വിദ്യാർത്ഥിയായ നേഥൻ സുസുക്കി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുറഞ്ഞ സമയത്തിൽ റുബിക് ക്യൂബ് സോൾവ് ചെയ്തു കൈരളി ക്യൂബ് ചാമ്പ്യൻ 2024 കരസ്ഥമാക്കിയ ഹംദാന് ലോയൽറ്റി ഫൈനാൻഷ്യൽ സൊല്യൂഷൻസ് CEO സോണി ജോർജ് സമ്മാനദാനം നിർവഹിച്ചു.
ആരവം 2024 ഭാഗമായി റുബികിസ് ക്യൂബ് മത്സരത്തിന് പുറമെ പ്രായ ഭേദമന്യേ എല്ലാവര്ക്കും പങ്കെടുക്കാൻ സാധിക്കുന്ന ചെസ്സ്, കാരംസ്, ചിത്ര രചന, കുട്ടികൾക്കായി സംഘടിപ്പിച്ച സയൻസ് ക്വിസ്, ഇതിനു പുറമെ കൈരളി സയൻസ് ആൻഡ് സൊസൈറ്റിയുടെ ഭാഗമായി കുട്ടികൾക്കുവേണ്ടി നടത്തുന്ന കോഡിങ് ക്ലബ്ബിന്റെ പദ്ധതികൾ വിശദീകരിക്കാനായി പ്രത്യേക സ്റ്റാളും പ്രവർത്തിച്ചു. കോഡിങ് ക്ലബ് പ്രവർത്തകരായ യൂസഫ് സൈത് , രഞ്ജിനി ചെല്ലപ്പൻ എന്നിവർ കുട്ടികളെ പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഗെയിം ഡെവലൊപ്മെൻറ് എന്നീ മേഖലകളുടെ സാധ്യതകളെ കുറിച്ചും, കൈരളി കേംബ്രിഡ്ജ് യൂണിറ്റിന്റെ വരാനിരിക്കുന്ന കോഡിങ് ക്ലബ് പരിപാടികളെക്കുറിച്ചും അവബോധരാക്കി. കുട്ടികൾക്ക് സ്റ്റാളിൽ വരുവാനും സ്വന്തമായി കോഡുകൾ എഴുതുവാനും അവ പ്രവർത്തിപ്പിച്ചു നോക്കുവാനുമുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നത് കുട്ടികളെയും മാതാപിതാക്കളെയും ഒരുപേലെ സ്റ്റാളിലേക്കു ആകർഷിച്ചു. കുട്ടികളോടൊപ്പം കോഡുകൾ എഴുതി വളരെ കൗതുകത്തോടെ റോബോട്ടുകളെ ചലിപ്പിച്ച മാതാപിതാക്കൾ കുട്ടികളോടൊപ്പം തന്നെ ആവേശത്തോടെ കോഡ് ക്ലബ്ബിന്റെ ഭാഗമായി.
കുട്ടികൾക്ക് വേണ്ടി നടത്തിയ സയൻസ് ക്വിസ് വിജയികളായ അഥർവ്, ഈഥൻ എന്നിവർക്ക് കൈരളി സയൻസ് ആൻഡ് സൊസൈറ്റി ഭാരവാഹിയായ രഞ്ജിനി ചെല്ലപ്പൻ ഉപഹാരങ്ങൾ നൽകി.
കൈരളി യുകെയുടെ വിശപ്പുരഹിത ക്രിസ്മസ് എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഭ കേശവൻ മെമ്മോറിയൽ ഫുഡ് ബാങ്കിലേക്ക് അവശ്യ ഭക്ഷണ സാമഗ്രികളുടെ ശേഖരണവും ആരവം 2024 ഭാഗമായി നടന്നു. എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള രസകരമായ തംബോലയും, കരോക്കെ മ്യൂസിക് സ്റ്റേഷനും ചായസൽക്കാരവും പരിപാടിയെ കൂടുതൽ ഹൃദ്യമാക്കി. ഇതോടൊപ്പം തന്നെ നടത്തിയ നറക്കെടുപ്പിൽ ഭാഗ്യശാലികളായവർക്കു കൈരളി കേംബ്രിഡ്ജ് ഭാരവാഹികളായ വിജയ് ബോസ്കോ ജോൺ, ജെറി വല്യാറ എന്നിവർ സമ്മങ്ങൾ കൈമാറി. യൂണിറ്റ് ട്രെഷറർ ബിജോ ലൂക്കോസ് , സാബു പൗലോസ് എന്നിവരുടെ മേൽനോട്ടത്തിൽ ഔപചാരികതകൾ ഒന്നും കൂടാതെ നടത്തിയ ആരവം 2024 പങ്കെടുത്ത എല്ലാവര്ക്കും വേറിട്ടൊരു അനുഭവമായി മാറി.