Association

റോമി കുര്യാക്കോസ്

നോട്ടിങ്ഹാം: വയനാട് ദുരന്തത്തിനിരയായവർക്ക് സാന്ത്വനമരുളിക്കൊണ്ട് ഒ ഐ സി സി (യു കെ) അധ്യക്ഷ ഷൈനു ക്ലെയർ മാത്യൂസ് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയുമായി യു കെ മലയാളി സമൂഹവും സോഷ്യൽ മീഡിയയും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നോട്ടിങ്ഹാമിലെ സ്കൈഡൈവ് ലാങ്ങറിൽ സംഘടിപ്പിക്കപ്പെട്ട ‘സ്കൈ ഡൈവിങ്ങി’ന്റെ ഭാഗമാവുകയായിരുന്നു യു കെയിലെ അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തക കൂടിയായ ഷൈനു. ഏകദേശം 11,000 പൗണ്ട് സമാഹരിക്കാൻ ഈ ഉദ്യമത്തിലൂടെ ഇതുവരെ സാധിച്ചിട്ടുണ്ട്.

കേരളത്തെ പിടിച്ചു കുലുക്കിയ ഒരു പ്രകൃതി ദുരന്തത്തിന്റെ ദുരിതത്തിൽ നിന്നും കരകയറുന്നതിന് സഹായകമായി, ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് തീർത്തും സുതാര്യമായി ഇത്തരത്തിലുള്ള സാഹസിക പ്രകടനങ്ങളിലൂടെ, വിദേശ മലയാളി സമൂഹത്തിലെ രാഷ്ട്രീയ – സാംസ്കാരിക സംഘടനയയുടെ തലപ്പത്തുള്ള ഒരാൾക്ക്, ഇത്രയും പണം സ്വരൂപിക്കാൻ സാധിച്ചതും അർഹതപ്പെട്ട കരങ്ങളിൽ അതു എത്തിക്കുന്നതും ആദ്യമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസമാണ് കോൺഗ്രസ്‌ ആഭിമുഖ്യമുള്ള പ്രവാസ സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) – യുടെ യു കെ ഘടകം അധ്യക്ഷയായി ഷൈനുവിനെ കെ പി സി സി നിയമിക്കുന്നത്.

വയനാട് ദുരന്തത്തിനിരയായ അനേകം ജീവനുകളുടെ കണ്ണീരൊപ്പുന്നതിനായുള്ള ജീവകാരുണ്യ പ്രവർത്തന ധന ശേഖരണത്തിന്റെ ഭാഗമായി, 15000 അടി ഉയരത്തിൽ നിന്നും കഴിഞ്ഞ ദിവസം ഷൈനു ക്ലെയർ മാത്യൂസ് വിജയകരമായി പൂർത്തീകരിച്ച ‘ആകാശ ചാട്ടം’ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു. യു കെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള മലയാളി സമൂഹം നേരിട്ടും അല്ലാതെയും വലിയ പിന്തുണയാണ് ഈ സാഹസിക ഉദ്യമത്തിന് നൽകിയത്. ധന സമാഹരണത്തിനായി ഷൈനുവിന്റെയും അവരുടെ ഏയ്ഞ്ചൽ മൗണ്ട്, ക്ലെയർ മൗണ്ട് എന്നീ പ്രസ്ഥാനങ്ങളിലെ ജീവനക്കാരുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്ന് ‘ഫുഡ് ഫെസ്റ്റു’കളും യു കെയിൽ വൻ ഹിറ്റായിരുന്നു.

ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻപും രണ്ടു തവണ ഇത്തരത്തിലുള്ള സ്കൈ ഡൈവിംഗ് ഷൈനു ക്ലെയർ മാത്യൂസ് നടത്തിയിട്ടുണ്ട്. അതിയായ ആത്മവിശ്വാസം ആവശ്യമായ ആകാശച്ചാട്ടം, ഈ പ്രായത്തിലും അനായാസമായി പൂർത്തീകരിക്കാൻ സാധിച്ചത് അവരുടെ ഇച്ഛാശക്തിയും അർപ്പണബോധവും ഒന്നു കൊണ്ട് മാത്രമാണ് എന്നായിരുന്നു ഷൈനുവിന്റെ സ്കൈ ഡൈവ് ഇൻസ്ട്രക്ടർ ജാനിന്റെ വാക്കുകൾ.

ഒരേസമയം അത്ഭുതവും ആകാംഷയും തെല്ലു സമ്മർദ്ധവും പകരുന്നതാണ് ആകാശച്ചാട്ടം. സ്കൈ ഡൈവേഴ്‌സും ഇൻസ്‌ട്രക്ട്ടറും ക്യാമറമാനും അടങ്ങുന്ന സംഘത്തെ ചെറു എയർ ക്രാഫ്റ്റുകളിൽ നിരപ്പിൽ നിന്നും 15000 അടി മുകളിൽ എത്തിക്കുക എന്നതാണ് ആദ്യ കടമ്പ. തുടർന്നു, ലാൻഡിംഗ് സ്പേസ് ലക്ഷ്യമാക്കിയുള്ള ചാട്ടം. മണിക്കൂറിൽ 120 മൈൽ വേഗതയിൽ പായുന്ന ‘ഫ്രീ ഫാൾ’ ആണ് ആദ്യത്തെ 45 – 50 സെക്കൻന്റുകൾ. പിന്നീട് ഇൻസ്‌ട്രക്ട്ടർ പാരച്യൂട്ട് വിടർത്തി മെല്ലെ സേഫ് ലാൻഡിംഗ് ചെയ്യിക്കുന്നു. ഇതിനിടയിൽ ആകാശകാഴ്ചകളുടെ അത്ഭുതവും പാരച്യൂട്ട് സ്പിന്നിംഗ് പോലുള്ള അഭ്യാസ പ്രകടനങ്ങളുടെ സാഹസികതയും അനുഭവിക്കാം. ദൃശ്യങ്ങൾ പകർത്താൻ ക്യാമറാമാനും ഒപ്പം ഉണ്ടാകും.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മാതൃകയാക്കിയിരിക്കുന്ന ഷൈനു ക്ലിയർ മാത്യൂസ്, വയനാടിനായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ആ കർത്തവ്യബോധം എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ സഹായകകരമായെന്നും സത്യം ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. മലയാളി സമൂഹത്തിൽ നിന്നും ലഭിക്കുന്ന സഹകരണവും പിന്തുണയുമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള തന്റെ ആത്മവിശ്വാസവും ഊർജ്ജവുമെന്നും അവർ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 30 വരെ ധന ശേഖരണത്തിനായുള്ള ലിങ്ക് മുഖേന വയനാടിന് സഹായമെത്തിക്കുവാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സാധിക്കും. തന്റെ പ്രവർത്തനങ്ങള നേരിട്ടും അല്ലാതെയും സോഷ്യൽ മീഡിയ വഴിയും പിന്തുണച്ചവർക്കും ഫണ്ട് സമാഹരണം / ഫുഡ് ചലഞ്ചുകൾ എന്നിവയിൽ പങ്കാളികളായവർക്കും എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ചേർന്നു നിന്ന് പിന്തുണയ്ക്കുന്ന തന്റെ ജീവനക്കാരോടുള്ള നന്ദിയും ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.

പൊതു രംഗത്തും ചാരിറ്റി രംഗത്തും സജീവ സാന്നിധ്യമായ ഷൈനു, യു കെയിലെ അറിയപ്പെടുന്ന സംരംഭക കൂടിയാണ്. യു കെയിൽ ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട്, സിയോൻ മൗണ്ട് എന്നീ കെയർ ഹോമുകളും ഗൾഫ് രാജ്യങ്ങളിൽ ‘ടിഫിൻ ബോക്സ്‌’ എന്ന പേരിൽ ഹോട്ടൽ ശൃംഗലകളും നാനൂറോളം സീറ്റിങ് കപ്പാസിറ്റിയുമായി യു കെയിലെ മലയാളി റെസ്റ്റോറന്റുകളിൽ ഏറ്റവും വലിപ്പമേറിയത് എന്ന ഖ്യാതിയുള്ള കവൻട്രിയിലെ ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റും ഷൈനുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്.

റോമി കുര്യാക്കോസ് 
റോമി കുര്യാക്കോസ്
ഇപ്സ്വിച്ച്: ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ  14 – ന് ഇപ്സ്വിച്ചിൽ വച്ചു സംഘടിപ്പിക്കും. സെന്റ്. മേരീ മഗ്ദേലീൻ കാത്തലിക് ചർച്ച ഹാളാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ആഘോഷപരിപാടികൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്യും. ഒ ഐ സി സി നാഷണൽ / റീജിയൻ നേതാക്കന്മാരും സാംസ്കാരിക പ്രവർത്തകരും യു കെയിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള പ്രവർത്തകരും ആഘോഷ പരിപാടികളുടെ ഭാഗമാകും.
ഒ ഐ സി സി (യു കെ) – യുടെ നവ നാഷണൽ കമ്മിറ്റിയും ഇപ്സ്വിച് റീജിയൻ കമ്മിറ്റിയും നിലവിൽ വന്ന ശേഷം സംഘടിപ്പിക്കുന്ന പ്രഥമ ആഘോഷ പരിപാടി എന്ന നിലയിൽ, അതിവിപുലമായ ആഘോഷങ്ങളാണ്  ഒരുക്കിയിരിക്കുന്നതെന്നു പരിപാടികളുടെ സംഘാടകരായ ഒ ഐ സി സി (യു കെ) ഇപ്സ്വിച് റീജിയൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
രാവിലെ 11 മണിക്ക് ആരംഭം കുറിക്കുന്ന ഓണാഘോഷങ്ങൾക്ക് മിഴിവ് പകരാൻ ‘മാവേലി എഴുന്നുള്ളത്ത്’, ചെണ്ടമേളം, വിവിധ കലാവിരുന്നുകൾ, കുട്ടികൾക്കായുള്ള മത്സരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുട്ടുണ്ട്. ഇപ്സ്വിച് കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നു ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയാണ് ആഘോഷത്തിലെ മറ്റൊരു ആകർഷണം. ഒ ഐ സി സി (യു കെ) നേതാക്കന്മായായ ജി ജയരാജ്‌, വിഷ്ണു പ്രതാപ് എന്നിവരാണ് പ്രോഗ്രാം കോർഡിനേറ്റർമാർ.
യു കെയിലെ മുഴുവൻ പ്രവാസി മലയാളികളെയും കുടുംബസമേതം ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഒ ഐ സി സി (യു കെ) ഇപ്സ്വിച് റീജിയൻ പ്രസിഡന്റ്‌ ബാബു മാങ്കുഴിയിൽ, വൈസ് പ്രസിഡന്റുമാരായ നിഷ ജനീഷ്, ജിജോ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി അഡ്വ. സി പി സൈജേഷ് എന്നിവർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റേഴ്‌സുമായി ബന്ധപ്പെടാം:
ജി ജയരാജ്‌: 07404604305
വിഷ്ണു പ്രതാപ്: 07365242255
വേദിയുടെ വിലാസം:
Saint. Mary Magdelen Catholic Church Hall
468, Norwich Rd
Ipswich IP1 6JS

മാഞ്ചസ്റ്ററിന്‍റെ അങ്കത്തട്ടില്‍ തീപാറി, വടംവലിയിലെ തലതൊട്ടപ്പൻമാർ തങ്ങള്‍ തന്നെയെന്ന് ഹെരിഫോർഡ് അച്ചായൻസ്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കൊമ്പൻസ് കാൻ്റബെറിയെ മുട്ടുകുത്തിച്ചാണ് അച്ചായൻസ് തുടർച്ചയായ രണ്ടാം കിരീടം കൈപ്പിടിയിലൊതുക്കിയത്. പതിനാറ് ടീമുകള്‍ മാറ്റുരച്ച ടൂർണമെന്‍റില്‍ ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്സ് കിംഗ്സ് മൂന്നാംസ്ഥാനവും തൊമ്മനും മക്കളും ഈസ്റ്റ് ബോൺ നാലാം സ്ഥാനവും നേടി. ഫെയർ പ്ലേ അവാർഡ് സ്വന്തമാക്കിയത് ബ്രാഡ്ഫോഡില്‍ നിന്നുള്ള പുണ്യാളൻസ് ടീമാണ്.

മികച്ച കമ്പവലിക്കാരനായി ഹെരിഫോർഡ് അച്ചായൻസിലെ അനൂപ് മത്തായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം
സ്ഥാനക്കാർക്ക് 1501 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. 751 പൗണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് നല്‍കിയത്. മൂന്നും നാലും സ്ഥാനക്കാർക്ക് 501 പൗണ്ടും 251 പൗണ്ടും കൈമാറി. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 101 പൗണ്ട് നല്‍കി. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 51 പൗണ്ടുമാണ് സമ്മാനിച്ചത്.

മാഞ്ചസ്റ്റർ സിറ്റി കൗൺസില്‍ സ്പോർട്സ് സ്ട്രാറ്റജി ഓഫീസർ ഹീത് കോള്‍ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു.
സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടേറിയറ്റ് മെമ്പറും സ്പോർട്സ് കോഡിനേറ്ററുമായ ജിജു സൈമൺ സ്വാഗതം പറഞ്ഞു. നാഷണല്‍ വൈസ് പ്രസിഡന്‍റ് ഭാസ്കരൻ പുരയില്‍, മാഞ്ചസ്റ്റർ യൂണിറ്റ് സെക്രട്ടറി ഷിബിൻ കാച്ചപ്പള്ളി എന്നിവർ സംസാരിച്ചു. നാഷണൽ കമ്മിറ്റി അംഗവും വടംവലി കോർഡിനേറ്ററുമായ അരവിന്ദ് സതീഷ് നന്ദി പറഞ്ഞു.

വിശിഷ്ടാതിഥികളും ടീം ക്യാപ്റ്റൻമാരും ചേർന്ന് ദീപം തെളിയിച്ചു. ദിനേഷ് വെള്ളാപ്പള്ളി, ഭാസ്കരൻ പുരയില്‍, ജിജു സൈമൺ, അരവിന്ദ് സതീഷ്, അഡ്വ.ദിലീപ് കുമാർ, ഉണ്ണികൃഷ്ണൻ ബാലൻ,ശ്രീകാന്ത് കൃഷ്ണൻ , രാജി ഷാജി, ഗ്ലീറ്റർ, സുജീഷ് കെ അപ്പു, പ്രവീൻ രാമചന്ദ്രൻ, ബൈജു ലിസെസ്റ്റർ, വിനു ചന്ദ്രൻ എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബിജോ പറശേരിലും സെബാസ്റ്റ്യൻ എബ്രഹാമുമാണ് മത്സരം നിയന്ത്രിച്ചത്.

 

ചടുലമായ അനൗൺസ്മെൻ്റിലൂടെ സാലിസ്ബറിയിൽ നിന്നുള്ള ജയേഷ് അഗസ്റ്റിൻ കാണികളെ ആവേശം കൊള്ളിച്ചു. വടംവലി മത്സരത്തില്‍ നിന്ന് ലഭിച്ച തുക ഉരുള്‍പൊട്ടലില്‍ തകർന്നടിഞ്ഞ വയനാട് മുണ്ടക്കൈ ഗ്രാമത്തിന്‍റെ പുനർനിർമാണത്തിനായി ചിലവഴിക്കും. ദുരന്തത്തില്‍ വീട് നഷ്ടമായ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമ്മിച്ചുനല്‍കാനും സമീക്ഷ തീരുമാനിച്ചിട്ടുണ്ട്. മത്സരവേദിയോട് ചേർന്ന് ചായക്കട നടത്തിയും സമീക്ഷ പണം സ്വരൂപിച്ചിരുന്നു.

 

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് മത്സരം കാണാൻ വിതൻഷോവ് പാർക്ക് അത്ലറ്റിക് സെന്‍ററില്‍ എത്തിയത്. സമീക്ഷയുടെ ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള കുടുംബസംഗമം കൂടിയായി മത്സരവേദി. സംഘാടന മികവ് കൊണ്ടും ടൂർണമെന്‍റ് വേറിട്ടുനിന്നു. വടംവലി മത്സരം വൻവിജമാക്കിയതിന് പിന്നില്‍ നാല് മാസക്കാലത്തെ ചിട്ടയായ പ്രവർത്തനമാണ്. അടുത്ത വർഷം കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.

പ്രവാസി മലയാളി സമൂഹത്തിന്റെ നാടിന്റെ ഓര്‍മ്മ തൊട്ടുണര്‍ത്തുന്ന ഏറ്റവും മനോഹരമായ ആഘോഷം ഓണം തന്നെയാണ്. ഇപ്പോഴിതാ ഗ്ലോസ്റ്ററിന് ഗംഭീരമായ ഓണാഘോഷത്തിന് തുടക്കമിട്ടിരിക്കുകയാണ് കെസിഎ ഗ്ലോസ്റ്റര്‍.

ചര്‍ച്ച്ഡൗണ്‍ ഹാളില്‍ ഗ്ലോസ്റ്റര്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം പതിനൊന്നരയ്ക്ക് വാശിയേറിയ വടംവലിയോടെ ആരംഭിച്ചു. അവേശം തുളുമ്പിയ മത്സരങ്ങള്‍ക്കൊടുവില്‍ ടിസിഎസ് ഗുലാന്‍സ് ഒന്നാം സമ്മാനം നേടി. തുടര്‍ന്ന് പായസവും പപ്പടവും ഒക്കെ ചേര്‍ന്നുള്ള വിഭവ സമൃദ്ധമായ സദ്യ ഏവരും ആസ്വദിച്ചു. നാട്ടിലെ ഓണസദ്യയെ അനുസ്മരിക്കുന്നതായിരുന്നു ഇതും.

ചാരിറ്റിയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സംഘടനയാണ് കെസിഎ. ഇക്കുറി ലോക്കല്‍ ഫുഡ് ബാങ്കിനായി ഫുഡ് കളക്ഷനും ഒരുക്കിയിരുന്നു. എല്ലാ അംഗങ്ങളും ഈ ചാരിറ്റിയുടെ ഭാഗവുമായി. പിന്നീട് ഗ്ലോസ്റ്റര്‍ കേരളയുടെ മങ്കമാര്‍ ചേര്‍ന്ന് മനോഹരമായ തിരുവാതിര കളി അവതരിപ്പിച്ചു.ശേഷം താളവാദ്യ ഘോഷത്തിന്റെയും പുലിക്കളിയുടേയും അകമ്പടിയോടെ മങ്കമാര്‍ ചേര്‍ന്ന് മാവേലിയെ വേദിയിലേക്ക് വരവേറ്റു. തുടര്‍ന്ന് കെസിഎയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി സജി തോമസ് പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ചു. മാവേലി ഏവര്‍ക്കും മനോഹരമായ ഓണ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കോര്‍ഡിനേറ്ററായ ജോയല്‍ എത്തിച്ചേര്‍ന്ന ഏവരേയും ഓണാഘോഷത്തിലേക്ക് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മാവേലിയും ബോര്‍ഡ് ഓഫ് ട്രസ്റ്റി സജി തോമസും പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായ ജോയല്‍ ജോസും ശ്രീലക്ഷ്മി വിപിനും കെസിഎ ട്രഷറര്‍ ലിജോ ജോസും കെസിഎ പിആര്‍ഒ വിപിനും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.

കെസിഎയുടെ പ്രാധാന്യത്തെ പറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റി ഏവരേയും ഓര്‍മ്മിപ്പിച്ചു. ഇനിയും മികച്ച പ്രവര്‍ത്തനം നടത്താന്‍ ഓരോരുത്തരുടേയും പിന്തുണ തേടിയ അദ്ദേഹം ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ ഹൃദയം കീഴടക്കുന്നവയായിരുന്നു.

തിരുവാതിരക്കളിക്ക് ശേഷം ജോജി തോമസിന്റെ നേതൃത്വത്തില്‍ ഒരു തട്ടിക്കൂട്ടു ഓണം എന്ന ഹാസ്യ സ്‌കിറ്റ് ഏവരിലും ചിരി പടര്‍ത്തി.വേദിയില്‍ മികച്ചൊരു നൃത്ത വിരുന്നാണ് അരങ്ങേറിയത്. സാരംഗി ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഗാനമേള ഒരുപിടി മനോഹരമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് അവതരിപ്പിച്ചത്..മനോജ്, സ്റ്റെഫി, ലക്ഷ്മി എന്നിവരുടെ അവതരണവും പരിപാടിയുടെ മാറ്റു കൂട്ടി.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു. കെസിഎയുടെ കോര്‍ഡിനേറ്റേഴ്‌സിന്റെ കുറച്ചു ദിവസമായുള്ള തയ്യാറെടുപ്പുകളുടെ ഫലമായിരുന്നു മികച്ച രീതിയില്‍ നടന്ന ഈ ഓണാഘോഷം. അംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള മുന്നൊരുക്കങ്ങള്‍ മികച്ചൊരു ദിവസം തന്നെയാണ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് സമ്മാനിച്ചത്. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പത്തുമണിയോടെ ഡിജെയോടു കൂടി പരിപാടികള്‍ അവസാനിച്ചു.

റെക്സം കേരളാ കമ്മ്യൂണിറ്റി (WKC)യുടെ തിരുവോണാഘോഷം 14-ാം തീയതി ശനിയാഴ്ച റെക്സം വാർമെമ്മോറിയൽ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ ആരംഭിക്കുന്നു. രജിസ്ട്രേഷൻ, തുടർന്ന് അത്തപ്പൂക്കളം ഇടീൽ കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കായിക മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നു. ഓണദിനത്തിൽ ഏവർക്കും മനസിന് ആനന്ദം പകരുന്ന വിവിധ ഇനം മത്സരങ്ങൾ ഇത്തവണ ആഘോഷത്തിന് കൊഴുപ്പേകും.

കായിക മൽസരങ്ങൾ പൂർത്തിയായ ശേഷം നിരവധി ടീമുകളായി അണിനിരക്കുന്ന വടം വലി മത്സരം ഏവരേയും ആവേശ കൊടുമുടിയിൽ എത്തിക്കും എന്നതിൽ സംശയലേശമില്ല. പുരുഷൻമാർക്ക് ഒപ്പം സ്ത്രീകളും മത്സരത്തിൽ മാറ്റുരയ്ക്കും. മത്സരം വിജയിക്കുന്ന ടീമുകൾക്ക് ആ കർഷകമായ സമ്മാനങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ ഓണാലോഷത്തോട് ചേർന്ന് ഓണത്തിന്റെ നല്ല ദിനം ഓർമിപ്പിക്കുന്ന മഹാബലി തമ്പുരാൻ പ്രജകളെ കാണാൻ വരുന്നതും ആശംസകൾ നേരുന്നതുമാണ്. തുടർന്ന് വിശിഷ്ട വ്യക്തികളും ആശംസകൾ നേരാൻ എത്തി ചേരുന്നതും ഉത്ഘാടന പരിപാടികൾക്ക് തുടക്കമാകുന്നു തുടർന്ന് പുലികളി, ഓണപാട്ടുകൾ, തിരുവാതിര, വള്ളംകളി നിരവധിയായ ഡാൻസ് പ്രോഗ്രാമുകൾ, പാട്ടുകൾ, സ്കിറ്റുകൾ, കപ്പിൾ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ ഏവരുടേയും മനം കവരും.

നിരവധി സമ്മാനങ്ങൾ ഉൾകൊള്ളുന്ന റാഫിൾ ടിക്കറ്റ് ഏവർക്കും ഭാഗ്യം പരീക്ഷിക്കുന്നതിനുള്ള അവസരമാണ്. ഒരു പൗണ്ട് മുടക്കിയാൽ നിങ്ങളെ കാത്തിരിക്കുന്നത് ഉപകാരപ്രദമായ സമ്മാനങ്ങൾ തന്നെ. റെക്സo കേരളാ കമ്യൂണിറ്റിയുടെ ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന ലേലം ഏവരേയും ആകർഷിക്കുന്ന സമ്മാനം തന്നെയാണ് അവതരിപ്പിക്കുന്നത്. ഈ ലേലത്തിൽ ഏവർക്കും പങ്കെടുക്കാൻ കഴിയുന്നതും ആവേശവും സന്തോഷവും പകരുന്നതുമാണ്. ഓണ പരിപാടികൾക്ക് സംഗീതത്തിന്റെ ലയന, താളം ഒരുക്കാൻ റെക്സം മന്ത്ര ഒരുക്കുന്ന സംഗീത നിശ ഏവർക്കും നൃത്തചുവടുകൾ വയ്ക്കാൻ പ്രചോദനകരം തന്നെയാവും. തിരുവോണ ആഘോഷത്തിലേയ്ക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്ത എല്ലാവരെയും റെക്സം വാർ മെമ്മോറിയൽ ഹാളിലേക്ക് റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മിറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.

യുകെയിൽ കെയർ അസിസ്റ്റൻറ് ആയി പ്രവർത്തിക്കുന്ന നേഴ്സിംഗ് ബിരുദധാരികൾക്ക് എൻഎംസി രജിസ്ട്രേഷൻ ലഭിക്കുവാൻ ആവശ്യമായ ഒഇടി പരീക്ഷ പാസാകുന്നതിനുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം കൈരളി യുകെ സെപ്റ്റംബർ 16 ആരംഭിക്കുന്നു. രജിസ്റ്റർ ചെയ്ത 180 പേർക്കാണ് പുതിയ സെഷനിൽ പരിശീലനം ലഭിക്കുന്നത്.

പരിശീലന പരിപാടിയുടെ ഉദ്ഘാടനം സെപ്റ്റംബർ എട്ടാം തീയതി വൈകുന്നേരം യുകെയിലെ എംപിയും ഹോം ഓഫീസിന്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറി സീമ മൽഹോത്ര നിർവഹിക്കും. ചടങ്ങിൽ യുകെയിലെ നഴ്സിംഗ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ആയ അജിമോൾ പ്രദീപ്, മിനിജ ജോസഫ്, സാജൻ സത്യൻ, സിജി സലീംകുട്ടി, ബിജോയ് സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും.

ഒഇടി പരിശീലനം നടത്തുന്ന അംഗീകൃത സംവിധാനത്തിന്റെ ഉൾപ്പെടെ മുൻപ് പരിശീലനം നടത്തിയിട്ടുള്ള നിരവധിപേർ ഈ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകും. ഇപ്പോൾ യുകെയിലെ വിവിധ കെയർ ഹോമുകളിലും ആശുപത്രികളിലും പ്രവർത്തിക്കുന്ന കെയർ അസിസ്റ്റൻറ്മാർക്ക് അവരുടെ ജോലിയുടെ കൂടെ പഠനവും സാധ്യമാക്കുന്ന വിധത്തിൽ ആയിരിക്കും പരിശീലനങ്ങൾ നടക്കുക എന്ന് പരിപാടിയുടെ കോർഡിനേറ്ററും കൈരളി യുകെ ദേശീയ ജോയിന്റ്‌ സെക്രട്ടറിയുമായ നവീൻ ഹരികുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ കൈരളി യുകെ ഫേസ്ബുക്ക്‌ പേജ്‌ സന്ദർശിക്കുക: https://www.facebook.com/KairaliUK

ടോം ജോസ് തടിയംപാട്

കിഡ്‌നി രോഗം ബാധിച്ചു ഡയാലിസിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടിൽ ജോൺ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രെസ്റ്റ് ക്യാൻസർ ബാധിച്ചു ചികിത്സിക്കാൻ വിഷമിക്കുന്ന ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തിൽ വീട്ടിൽ ബീന ആർ നെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിയിലേക്കു ദയവായി നിങ്ങളുടെ സഹായങ്ങൾ നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

ജോണിന്റെ 3 കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ വിവിധ ജോലികൾ ചെയ്തു നന്നായി മുൻപോട്ടു കൊണ്ടുപോകുന്ന സമയത്താണ് കിഡ്‌നി രോഗം ബാധിച്ചത് ഭാര്യ ഒരു കടയിൽ ജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് ആ കുടുംബത്തിനുള്ളത് . ജോണിന്റെ വിഷമം ഞങ്ങളെ അറിയിച്ചത് ബെർമിംഗ്ഹാമിൽ താമസിക്കുന്ന തൊടുപുഴ സ്വദേശിയും നല്ല ഒരു മനുഷ്യ സ്നേഹിയുമായ ടോമി സെബാസ്റ്റ്യനാണ് .

ബീനയുടെ കുടുംബവും കൂലിപണിയെടുത്താണ് ജീവിച്ചിരുന്നത് , രണ്ടു കുഞ്ഞു കുട്ടികളും ഭർത്താവും അടങ്ങുന്നതാണ് ബീനയുടെ കുടുംബം ബ്രെസ്റ്റ് ക്യൻസറിനു ചികിൽസിക്കാൻ ഒരു നിവർത്തിയും ഇല്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം , ദയവായി ഇവരെ നിങ്ങൾ കൈവിടരുത് ബീനയുടെ വിവരം ഞങ്ങളെ അറിയിച്ചത് ബെഡ്‌വേർതിൽ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഒരു സഹായികൂടിയായ ഷേർലി കൊന്നക്കോട്ടാണ് .

ഇവരെ രണ്ടുപേരെയും സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഓണം ചാരിറ്റിയിലേക്കു നിങ്ങളാൽ കഴിയുന്ന സഹായം താഴെ കൊടുത്തിരിക്കുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നൽകണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ , വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,26 50000 (ഒരുകോടി ഇരുപത്തിആറുലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.

2004 ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦ കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

റോമി കുര്യാക്കോസ്

ലണ്ടൻ: ചരിത്രത്തിലാദ്യമായി ഒ ഐ സി സി (യു കെ) നാഷണൽ കമ്മറ്റി വനിതാ അധ്യക്ഷയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. ലണ്ടനിലെ ക്രോയ്ഡനിൽ വെച്ചു സംഘടിപ്പിച്ച സമ്മേളനം എ ഐ സി സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) വക്താവ് റോമി കുര്യാക്കോസ് ആമുഖവും, പ്രോഗ്രാം കൺവീനറും ഒ ഐ സി സി (യു കെ) സറെ റീജിയൻ പ്രസിഡന്റുമായ വിൽ‌സൺ ജോർജ് സ്വാഗതവും ആശംസിച്ചു. യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും റീജിയനുകളിൽ നിന്നും നിരവധി പ്രവർത്തകർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കു ചേരുന്നതിനും പുതിയ കമ്മിറ്റിക്ക് അഭിവാദ്യങ്ങളും അനുമോദനങ്ങളും അർപ്പിക്കുവാൻ എത്തിച്ചേർന്നു.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ശ്രീ. വിശ്വനാഥൻ പെരുമാൾ സത്യവാചകം ചൊല്ലി കൊടുത്തു. പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റെടുത്തത്. പ്രസിഡന്റിനു പുറമെ വർക്കിംഗ് പ്രസിഡന്റുമാരായ ബേബികുട്ടി ജോർജ്, സുജു കെ ഡാനിയേൽ, ഡോ. ജോഷി ജോസ്, അപ്പ ഗഫുർ എന്നിവർക്കും വിശ്വനാഥൻ പെരുമാൾ പ്രത്യേകമായി സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർന്നു, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ഫിലിപ്പ് കെ ജോൺ, ജനറൽ സെക്രട്ടറിമാരായ തോമസ് ഫിലിപ്പ്, അജിത് വെണ്മണി, അഷ്റഫ് അബ്ദുള്ള, നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറിമാർ, അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, നാഷണൽ കമ്മറ്റി അംഗങ്ങൾ യുവജന പ്രതിനിധികൾ, എന്നിവർ കൂട്ടമായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.

ഒ ഐ സി സി (യു കെ) വർക്കിങ്ങ് പ്രസിഡന്റ് മണികണ്ഠൻ അയ്ക്കാട്, ട്രഷറർ ബിജു വർഗീസ് എന്നിവർ ഇന്ത്യയിൽ ആയിരുന്നതിനാൽ പിന്നീടൊരു അവസരത്തിൽ മാത്രമേ അവർ സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേൽക്കും എന്ന് നേതൃത്വം അറിയിച്ചു. വൈസ് പ്രസിഡന്റ് ലിലിയ പോൾ, ജോയിന്റ് സെക്രട്ടറി ശാരിക അമ്പിളി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത വനിത പ്രതിനിധികൾ. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം കേക്ക് മുറിച്ചു അംഗങ്ങൾ സന്തോഷം പങ്കിട്ടു.

ഒ ഐ സി സിയുടെ ചരിത്രം പരിശോധിക്കുമ്പോൾ സംഘടനയുടെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച മുൻ കെ പി സി സി അധ്യക്ഷൻ രമേശ് ചെന്നിത്തല, കോൺഗ്രസ്‌ പാർട്ടിയുടെ സമുന്നത നേതാക്കന്മാരായ കെ സുധാകരൻ, മുല്ലപ്പളി രാമചന്ദ്രൻ, വി എം സുധീരൻ, കെ മുരളീധരൻ, വി ഡി സതീശൻ എന്നി നേതാക്കന്മാരെ മറക്കാൻ സാധിക്കില്ല എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വിശ്വനാഥൻ പെരുമാൾ പറഞ്ഞു. ഒ ഐ സി സി (യു കെ) – യുടെ പുതിയ പ്രസിഡന്റ് വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ പ്രവർത്തന പ്രാവീണ്യം തെളിയിക്കുകയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്നും പുരസ്‌കാരം കരസ്ഥമാക്കിയ കോൺഗ്രസ് നേതാവാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. മലയാളി സമൂഹം കൂടുതലായുള്ള യു കെയിൽ ഒ ഐ സി സിയുടെ പങ്ക് ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും വിശ്വനാഥൻ പെരുമാൾ കുട്ടിച്ചേർത്തു. കെ പി സി സിയുടെ ചുമതല വഹിച്ചിരുന്ന എ ഐ സി സി ജനറൽ സെകട്ടറിയായിരുന്ന വിശ്വനാഥൻ പെരുമാൾ കഴിഞ്ഞ ദിവസമാണ് തെലുങ്കാനയുടെ ചുമതലയിലേയ്ക്ക് മാറിയത്.

⁠നേതാക്കന്മാരുടെ സത്യ പ്രതിജ്ഞയ്ക്കും തന്റെ നയപ്രഖ്യാപനത്തിനും ശേഷം പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യുസ് സംഘടനയുടെ 2024 – 25 വർഷത്തേക്കുള്ള കർമ്മ പദ്ധതികളയുടെ കരട് രൂപം വേദിയിൽ അവതരിപ്പിച്ചു. ‘നേതൃത്വം പ്രവർത്തകരിലേക്ക്’ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കാൻ ഒ ഐ സി സിയുടെ പുതിയ നേതൃത്വം പ്രതിജ്ഞാ ബദ്ധരാണെന്ന് ഷൈനു ക്ലെയർ മാത്യുസ് തന്റെ നയ പ്രഖ്യാപനത്തിൽ കൂട്ടിച്ചേർത്തു. കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുടുംബ സമ്മേളനം, മാതാ പിതാക്കന്മാരെ ആദരിക്കുന്ന ‘അമ്മ തൊട്ടിലിൽ’ പദ്ധതി, യുവജന പുരോഗതിക്കായുള്ള ‘യുവം യു കെ’ പദ്ധതി, ജീവനരക്ഷക്കായുള്ള രക്തദാന പദ്ധതി, ജീവകരുണ്യ പദ്ധതികൾ തുടങ്ങിയവയുടെ കരട് രൂപ പ്രഖ്യാപനം നിറഞ്ഞ കൈയടികളോടെയാണ് നേതാക്കന്മാരും പ്രവർത്തകരും ഏറ്റെടുത്തത്.

യു കെയിലാകമാനം ഒ ഐ സി സിയുടെ സംഘടന ശക്തി വർധിപ്പിക്കുന്നതിനും സജ്ജരായ പ്രവർത്തകരെ വാർത്തെടുക്കുന്നതിനുമായി അടുത്ത ഒരുവർഷക്കാലത്തേക്ക് യുദ്ധകലാടിസ്ഥാനത്തിലാണ് പദ്ധതികൾ രൂപീകരിച്ചിരിക്കുന്നതെന്നും ഒ ഐ സി സിയുടെ ഓഫീസ് യു കെയിൽ തുറന്നു സജ്ജീകരിക്കുമെന്നും ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ ഒ ഐ സി സി പ്രവർത്തകരുടെ ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നതായും പ്രസിഡന്റ്‌ കൂട്ടിച്ചേർത്തു.

ചടങ്ങിൽ അണിചേരാൻ യു കെയിലെ വിവിധ റീജിയനുകളിൽ നിന്നും സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന നേതാക്കന്മാർക്കും പ്രവർത്തകർക്കും ഒ ഐ സി സി വർക്കിംഗ്‌ പ്രസിഡന്റ്‌ ഡോ. ജോഷി ജോസ് നന്ദി അർപ്പിച്ചു. മധുര വിതരണത്തിനും സ്നേഹവിരുന്നിനും ശേഷം സമ്മേളനം അവസാനിച്ചു.

എൽദോസ് സണ്ണി

കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ട മേളം ബീറ്റിൽസിന്റെ നാടായ ലിവർപൂളിൽ പുനരാവിഷ്കരിച്ചു,
അല്ല അതിനെ അതിലും മനോഹരമായി ചെണ്ട ആശാൻ കണ്ണൻ നായരും അദ്ദേഹം പഠിപ്പിച്ചെടുത്ത ടീം അംഗങ്ങളും പറിച്ചെടുത്തുവച്ചു ലിവർപൂളിൽ എന്നാണ്, ലിവർപൂളിൽ ഇവരുടെ അരങ്ങേറ്റം കഴിഞ്ഞപ്പോൾ ഉണ്ടായ ജന സംസാരം.

ഈ കഴിഞ്ഞ ദിവസം (31-08-2024) ലിവർപൂളിൽ നടത്തപ്പെട്ട തനിമ എന്ന പുതിയ ഒരു മലയാളി അസോസിയേഷന്റെ ഓണം ആഘോഷങ്ങളോട് അനുബന്ധിച്ച് ലിവർപൂളിലെ ചെണ്ടമേളത്തെ നെഞ്ചോട് ചേർത്ത് പിടിച്ച ഒരു പറ്റം കലാ സ്‌നേഹികൾ നാട്ടിൽ നിന്ന് പുതിയതായി ലിവർപൂളിലേക്ക് കുടിയേറിയ കണ്ണൻ നായർ എന്ന ചെണ്ട വിദ്വാന്റെ കീഴിൽ മാസങ്ങൾ നീണ്ട കഠിന പരിശീലനത്തിലൂടെ സ്വായത്തമാക്കിയ തങ്ങളുടെ കരവിരുത് പുറത്തെടുത്തത്.

അരങ്ങേറ്റത്തിൽ തന്നെ തങ്ങളുടെ പ്രതിഭ പുറത്തെടുത്ത് “വാദ്യ ” എന്ന് പേരിട്ട ഈ ബാന്റ് ലിവർപൂൾ നിവാസികളുടെ അനുമോദനങ്ങളും, ഹർഷാരവങ്ങളും ഏറ്റുവാങ്ങി. ഈ തകർപ്പൻ അരങ്ങേറ്റത്തോടെ യുകെയിലെ വിവിധ അസോസിയേഷനുകളുടെ നിരവധി ബുക്കിങ്ങുകൾ ലഭിച്ച സന്തോഷത്തിലാണ് വാദ്യയിലെ ചെണ്ട വിദ്വാൻമാരും, അവരുടെ ആശനായ ശ്രീ കണ്ണൻ നായരും.

വാദ്യ ട്രൂപ്പിന്റ അരങ്ങേറ്റത്തിന് ശേഷം അനേകം പേർ ചെണ്ട പഠിക്കുന്നതിനായി ആശാൻ ശ്രീ കണ്ണൻ നായരുടെ അടുത്ത് പേരുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

വാദ്യ ചെണ്ടമേളം ടീം അംഗങ്ങൾ

കണ്ണൻ നായർ [ആശാൻ ],തോമസ് കുട്ടി ജോർജ്,ശ്രീജിത്ത്‌,ജോയൽ,സജി സ്കറിയ,റോയി മാത്യു,സജിൻ,
സ്റ്റജിൻ,അബിൻ ,അനൂപ്,കൃഷ്ണലാൽ, ഷോൺ റോയി,ആരൺ ആഷിക്ക്, ഷൈജോ,അശ്വവിൻ സ്വരൂപ്
ജൈമോൻ തോമസ്

പോളി ജോസഫ് പുതുശ്ശേരി

ചാവറ കുര്യാക്കോസ് അച്ഛൻ ഏവുപ്രാസ്യമ്മ എന്നിവരുടെ ജന്മം കൊണ്ട് കേരളത്തിലെ പുണ്യഭൂമി എന്നറിയപ്പെടുന്ന കൂനംമ്മാവ് വരാപ്പുഴ ആലങ്ങാട് നാട്ടിൽ നിന്നും സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലെയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മ സെപ്റ്റംബർ മാസം 6 ,7, 8 തീയതികളിൽ ഗ്ലോസ്റ്ററിലെ ഫോറെസ്റ്റ് ഓഫ് ഡീനിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 6ന് വൈകിട്ട് 5 മണിയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും.

എല്ലാ വർഷത്തെപ്പോലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. യു കെയിലെ ആദ്യകാല സംഗമങ്ങളിൽ ഒന്നാണ് കൂനംമ്മാവ് വരാപ്പുഴ ആലങ്ങാട് സംഗമം .കോവിഡ് കാലത്തു നിയന്ത്രണങ്ങൾ ഉണ്ടായിരുന്നപ്പോൾ മാത്രമാണ് സംഗമം മാറ്റിവച്ചിട്ടുള്ളത് . കൂനമ്മാവ് വരാപ്പുഴ ആലങ്ങാട് സംഗമത്തിന്റെ രെജിസ്ട്രേഷൻ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

സംഗമ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു . ഇനിയും പങ്കെടുക്കാൻ താല്പര്യം ഉള്ളവർ സിറോഷ് (ബെർമ്മിഹാം )+447828659934 ഫെലിക്സ് (സ്വാൻസി) +447988978588 എന്നിവരുമായി ബന്ധപ്പെടുക.

RECENT POSTS
Copyright © . All rights reserved