Association

അപ്പച്ചൻ കണ്ണഞ്ചിറ

ബെർമിങ്ങാം : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ടും യുവ നിയമസഭാ സാമാജികനുമായ രാഹുൽ മാങ്കൂട്ടത്തിലിന് ബർമിങ്ങാം എയർപോർട്ടിൽ വച്ച് ഒ ഐ സി സി (യു കെ) ഗംഭീര സ്വീകരണം ഒരുക്കി. നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ പൂച്ചെണ്ട്‌ നൽകിയാണ് രാഹുലിനെ സ്വീകരിച്ചത്.

നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, വിവിധ യൂണിറ്റുകളുടെ പ്രതിനിധികൾ അടക്കം നിരവധി പേർ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.

പാലക്കാട്ടെ ഐതിഹാസിക വിജയത്തിന് ശേഷം രാഹുൽ നടത്തുന്ന ആദ്യ വിദേശരാജ്യ സന്ദർശനമാനിത്. ഒ ഐ സി സി (യു കെ) യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രാഹുൽ യു കെയിൽ എത്തിയിരിക്കുന്നത്.


ഒ ഐ സി സി (യു കെ) യുടെ ബോൾട്ടനിൽ ഒരുക്കിയ നാഷണൽ കമ്മിറ്റി ഓഫീസ്, പ്രിയദർശിനി ലൈബ്രറി, ഉമ്മൻ ചാണ്ടി, പി ടി തോമസ് മെമ്മോറിയൽ ട്രോഫിക്ക്‌ വേണ്ടിയുള്ള ഓൾ യു കെ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് എന്നിവയുടെ ഉദ്ഘാടനം രാഹുൽ നിർവഹിക്കും.

കവൻട്രിയിലെ ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തിലും ടോക്ക് ഷോയിലും അദ്ദേഹം പങ്കെടുക്കും.

രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയുമായി യുകെയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിന് മുദ്രാവാക്യം വിളികളോടെ ബോള്‍ട്ടിലും ആവേശകരമായ വരവേല്പ്പ്. കഴിഞ്ഞ ദിവസം കവന്‍ട്രിയില്‍ നടന്ന പൊതുജന സമ്പര്‍ക്ക പരിപാടിക്ക് പിന്നാലെയാണ് രാഹുല്‍ ബോള്‍ട്ടണിലെത്തിയത്.ഓഐസിസി (യുകെ) നാഷണല്‍ കമ്മിറ്റി ഓഫീസിന്റെയും പ്രിയദര്‍ശിനി ലൈബ്രറിയുടെ ഉദ്ഘാടനം ബോള്‍ട്ടനില്‍ എം എല്‍ എ നിര്‍വഹിച്ചു. നൂറിലധികം പ്രവര്‍ത്തകരാണ് രാഹുലിനെ കാണാനായി ഇവിടേക്ക് എത്തിയത്.

 

യുകെയില്‍ ആദ്യമായിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തുള്ള സംഘടനയ്ക്ക് സ്വന്തമായി ഓഫീസ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നത്. ഒഐസിസി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യുവിന്റെ നിര്‍ണായക ഇടപെടലിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. അടുക്കം ചിട്ടയോടെയുള്ള പ്രവര്‍ത്തനവും യുകെയിലെ കോണ്‍ഗ്രസ് അനുഭാവികളായവര്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായതുമെല്ലാം രാഹുലിന്റെ സ്വീകരണപരിപാടികളിലും തെളിഞ്ഞ് കാണാം. വരും ദിവസങ്ങളില്‍ യുകെയിലെമ്പാടും ഒരു ഡസനോളം യൂണിറ്റുകള്‍ ആരംഭിക്കുമെന്നും രാഹുലിന്റെ സാന്നിധ്യത്തില്‍ ദേശീയ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യു അറിയിച്ചിട്ടുണ്ട്്.

ഒഐസിസിക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന ചിരകാലസ്വപ്നമാണ് ബോള്‍ട്ടനില്‍ ഓഫീസ് തുറക്കുന്നതോടുകൂടി യാഥാര്‍ഥ്യമായിരിക്കുകയാണ്. ഓഫീസിനോടനുബന്ധിച്ച് ഒരുക്കുന്ന പ്രിയദര്‍ശിനി ലൈബ്രറിയില്‍ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, ചെറുകഥ, നോവല്‍, കവിതാ സമാഹാരങ്ങള്‍, കുട്ടികള്‍ക്കായുള്ള രചനകള്‍ എന്നിങ്ങനെ വിവിധ ശ്രേണിയിലുള്ള പുസ്തകങ്ങള്‍ ഒരുക്കും. കുട്ടികള്‍ക്കായുള്ള പ്ലേ സ്റ്റേഷന്‍ ആണ് മറ്റൊരു ആകര്‍ഷണം.

ഒഐസിസി (യുകെ) മാഞ്ചസ്റ്റര്‍ റീജിയന്റെ കീഴില്‍ പുതുതായി രൂപീകരിച്ച ബോള്‍ട്ടന്‍, അക്രിങ്ട്ടന്‍, ഓള്‍ഡ്ഹം യൂണിറ്റുകളുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും പ്രിയദര്‍ശിനി ലൈബ്രറിയുടെ ആദ്യ മെമ്പര്‍ഷിപ്പ് വിതരണവും ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു. ബോള്‍ട്ടന്‍, അക്രിങ്ട്ടന്‍, ഓള്‍ഡ്ഹം ലിവര്‍പൂള്‍, പീറ്റര്‍ബറോ യൂണിറ്റുകളുടെ ഭാരവാഹികള്‍ക്കുള്ള ‘ചുമതലപത്രം’ കൈമാറ്റ ചടങ്ങും ഇതോടനുബന്ധിച്ചു നടന്നു.

രാഹുലിന് തൊട്ടുപിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുള്ള നേതൃത്വനിര യുകെയില്‍ എത്തുന്നു എന്നതും കോണ്‍ഗ്രസുകാരുടെ ആവേശം ഇരട്ടിയാക്കുന്നു. രാഹുല്‍ എത്തുന്നതിനു തൊട്ടടുത്ത ദിവസമാണ് കെപിസിസി സെക്രട്ടറി മുന്‍ എംഎല്‍എ വിപി സജീന്ദ്രന്‍, എന്‍ എം നസീര്‍, മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവരാണ് കേരളത്തില്‍ നിന്നും യുകെയില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമാകാന്‍ എത്തുന്നത് .

തിരക്കിട്ട ഷെഡ്യൂളും ആയി എത്തുന്ന രാഹുലിന്റെ മൂന്നാമത്തെയും അവസാനത്തെയും പൊതു പരിപാടി ഇന്ന് അനേകം കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്ള സ്റ്റോക് ഓണ്‍ ട്രെന്റിലാണ്. ചരിത്രത്തിലാദ്യമായി ഒഐസിസി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഉത്ഘാടനം നിര്‍വഹിച്ച ശേഷം മത്സരം പൂര്‍ത്തിയാകാന്‍ നില്കാതെ അദ്ദേഹം നാട്ടിലേക്ക് മടങ്ങും എന്നാണ് ലഭ്യമാകുന്ന വിവരം. തികച്ചും വക്തിപരമായ കാരണങ്ങളാണ് രാഹുല്‍ തിരക്കിട്ടു മടങ്ങുന്നതെന്നു അദ്ദേഹത്തിന്റെ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.

സ്റ്റോക്ക് – ഓണ്‍ – ട്രെന്റ് ഫെന്റണ്‍ മനോറിലുള്ള സെന്റ്. പീറ്റേഴ്സ് കോഫ് അക്കാഡമിയില്‍ വച്ച് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഇന്‍കാസ് മുന്‍ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഒ ഐ സി സി (യു കെ) – യുടെ പ്രഥമ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15 ന് രാവിലെ 9 മണി മുതൽ. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.

മത്സരങ്ങൾ രണ്ട്‌ കാറ്റഗറികളിലായി:

മെൻസ് ഡബിൾസ്

രണ്ട്‌ ഇന്റർമീഡിയേറ്റ് കളിക്കാർ അല്ലെങ്കിൽ ഒരു ഇന്റർമീഡിയേറ്റ് കാറ്റഗറി കളിക്കാരൻ ഒരു അഡ്വാൻസ് കാറ്റഗറി കളിക്കാരനുമായി ചേർന്നു ടീമായി മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. 32 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

സമ്മാനങ്ങൾ

£301+ ട്രോഫി
£201+ ട്രോഫി
£101+ ട്രോഫി

മെൻസ് ഡബിൾസ് (40 വയസിന് മുകളിൽ)

16 ടീമുകൾക്ക് മത്സരിക്കാൻ അവസരം ഉണ്ടായിരിക്കും.

സമ്മാനങ്ങൾ

£201+ ട്രോഫി
£101+ ട്രോഫി
£75 + ട്രോഫി

കോട്ടയം ജില്ലയിലെ പ്രകൃതിരമണീയമായ അരിക്കുഴി വെള്ളച്ചാട്ടം ഉൾപ്പെടുന്ന ഭൂപ്രദേശം ആയ ഉഴവൂർ പഞ്ചായത്തിലെ പയസ്മൗണ്ടിൽ നിന്നും യുകെയിലേക്ക് കുടിയേറി പാർത്ത കുടുംബാംഗങ്ങളുടെ ആദ്യത്തെ സംഗമം ബർമിഹാമിലെ കോർപ്പസ് ക്രിസ്റ്റി ചർച്ച് ഹാളിൽ വച്ച് ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ പത്തുമണി മുതൽ വൈകുന്നേരം 4 മണി വരെ നടത്തപ്പെടുന്നതാണ് രാവിലെ പത്തുമണിക്ക് തുടങ്ങുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം പള്ളിയുടെ ഹാളിൽ വച്ച് നടക്കുന്ന പരിപാടി മുൻ ഉഴവൂർ ബ്ലോക്ക് പ്രസിഡണ്ടും പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീമതി മോളി ലൂക്കാ ഉദ്ഘാടനം ചെയ്യുന്നതാണ് തുടർന്ന് കുട്ടികളുടെ പരിപാടിയും അതേ തുടർന്ന് യുകെയിലെ പ്രശസ്ത ഗായകരായ കാഥികൻ ജയ് മോനും ലക്സി എബ്രഹാം എന്നിവർ നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ എത്രയും പെട്ടെന്ന് കോഡിനേറ്റർ മാരായ സിബി മുളകനാലിനെയോ (07723759634) ജൈബി പുന്നിലത്തിനെയോ (07788817277)
റിച്ചാർഡ് മഴുപ്പേൽ (07846016839)നെയോ ബന്ധപ്പെടേണ്ടതാണ്. ഹാളിന്റെ പോസ്റ്റ് കോഡ്
CORPUS CHRISTI CHURCH HALL
LITTLETTON ROAD
STECHFORD. B33 8BJ.

ചുരുങ്ങിയ കാലത്തെ പ്രവർത്തനം കൊണ്ട് യുകെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ പുരോഗമന സാംസ്‌കാരിക സംഘടന കൈരളി യുകെയുടെ ദേശീയ സമ്മേളനം 2025 ഏപ്രിൽ 25, 26 തീയതികളിൽ ഇംഗ്ലണ്ടിലെ ന്യൂബറിയിൽ വെച്ച് നടക്കുന്നു.

ഏപ്രിൽ 25ന് നടക്കുന്ന പൊതു സമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഗസൽ ഗായകൻ അലോഷിയുടെ ഗാനസന്ധ്യയ്ക്കൊപ്പം വൈവിദ്ധ്യമാർന്ന കലാ പരിപാടികൾ പൊതു പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. ഉച്ച മുതൽ രാത്രി വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ സൗജന്യവും പങ്കെടുക്കുവാൻ മുൻകൂറായി ടിക്കറ്റ്‌ എടുക്കുകയോ റജിസ്റ്റർ ചെയ്യേണ്ടതായോ ആവശ്യമില്ല. പൊതു പരിപാടിയിൽ യുകെയിലെ മലയാളി സമൂഹത്തിനു മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കും. അന്നേ ദിവസം വിവിധ സ്റ്റാളുകളും ഫുഡ്‌ ട്രക്കുകളും സമ്മേളന നഗരിയിൽ ഉണ്ടായിരിക്കും. കൈരളി യുകെയുടെ നാൽപതിലധികം യൂണിറ്റുകളിൽ നിന്നും വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ഈ പരിപാടി ആസ്വദിക്കാൻ എത്തിച്ചേരുന്നത്.

ഏപ്രിൽ 26 ന് നടക്കുന്ന പ്രതിനിധി സമ്മേളനം കൈരളി യുകെയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി വരും കാലങ്ങളിൽ കൈരളി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യും. ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനായി വിപുലമായ സംവിധാനങ്ങളും സ്വാഗത സംഘവും രൂപീകരിച്ച്‌ ഒരുക്കങ്ങൾ നടക്കുന്നു. സമ്മേളനത്തിൽ ഭാഗമാകുവാൻ യുകെ യിലെ മുഴുവൻ മലയാളികളേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി‌ കൈരളിയുടെ കേന്ദ്ര കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പിനും കൈരളിയുമായി ഫേസ്ബുക്ക്‌ ഇൻസ്റ്റ അക്കൗണ്ടുകൾ വഴി ബന്ധപ്പെടുക.

റോയ് തോമസ്

എക്സിറ്റർ: അടുത്തു കാലത്തായി സാധാരണക്കാരായ പ്രവാസി മലയാളികൾക്ക് തുറന്നു കിട്ടിയ സ്വപ്ന തുല്യമായ തൊഴിൽ മേഖലയാണ് ട്രെക്ക് ഡ്രൈവിങ് ജോലി. ആ ജോലി സാധ്യത പ്രത്യേകിച്ച് കോവിഡാനന്തരം ഇംഗ്ലണ്ടിലെ മലയാളികളും ഉപയോഗപ്പെടുത്തി വരുന്നു.

ഉയർന്ന വിദ്യാഭ്യസ യോഗ്യതയില്ലാത്തവർക്കും സുന്ദരമായൊരു ജീവിതം കെട്ടിപിടുത്തുവാൻ സഹായമാവുന്ന വേതനവും ജോലി സാഹചര്യവും ലഭ്യമാകുന്നതു കൊണ്ട് കൂടുതൽ ചെറുപ്പക്കാരും മധ്യവയ്സകരും ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ മലയാളികളായ ട്രെക്ക് ഡ്രൈവറന്മാരുടെ എണ്ണം ഇരുന്നൂറ് കഴിഞ്ഞു എന്നത് നമുക്കും സന്തോഷകരമായ കാര്യമാകുന്നതോടൊപ്പം തന്നെ ലോകത്തിൻ്റെ അവശ്യ സേവന മേഖലയിൽ അവർ ഭാഗമാകുന്നുവെന്നത് ഒരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യവുമാണ്.

തങ്ങളുടെ സൗഹൃദങ്ങളും, തൊഴിൽ സംബന്ധമായ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നുതിനും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനുമായി ഇംഗ്ലണ്ടിലെ ട്രെക്ക് ഡ്രൈവന്മാർ എല്ലാ വർഷവും നമ്മേളിക്കാറുണ്ട്. മലയാളി ട്രക്ക് ഡ്രൈവേഴ്സ് യുണൈറ്റഡ് കിങ്ങ്ഡത്തിൻ്റെ മൂന്നാമത് കൂട്ടായ്മ കഴിഞ്ഞ വാരാന്ത്യത്തിൽ പീക്ക് ഡിസ്ട്രക്റ്റിലെ തോൺബ്രിഡ്ജ് ഔട്ട്ഡോർസിൽ ചേരുകയുണ്ടായി.

തൊഴിൽ മേഖലയിലെ സ്വന്തം അനുഭവങ്ങൾ പങ്കു വയ്ക്കുകയും കൂടുതൽ മലയാളികളെ ഈ മേഖലയിലേക്ക് കടന്നുവരുവാൻ സഹായിക്കാനാവും വിധം കൂട്ടായ്മയുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്ന കാര്യങ്ങളടക്കമുള്ള വിഷയങ്ങൾ കൂട്ടായ്മയിൽ ചർച്ച ചെയ്തു. സ്വന്തമായി ലോജിസ്റ്റിക് ബിസ്സിനസ്സ് നടത്തുന്നതിൻ്റെ സാധ്യതകളെ കുറിച്ച് ബിജോ ജോർജ്, ജയേഷ് ജോസഫ്, ബിൻസ് ജോർജ് എന്നിവർ. തങ്ങളുടെ അനുഭങ്ങൾ പങ്കു വച്ചത് മറ്റുള്ളവർക്ക് കൂടുതൽ പ്രചോദനവും പ്രതിക്ഷയും നൽകുന്ന കാര്യമായിരുന്നു.

2025-26 കാല ഘട്ടത്തിലെ പുതിയ കമ്മറ്റിയംഗങ്ങളായി റോയ് തോമസ് (എക്സിറ്റർ), ജെയ്ൻ ജോസഫ് ( ലെസ്റ്റർ) അമൽ പയസ് (അബ്രഡിയൻ) അനിൽ അബ്രാഹം (അയൽ സ്ബറി ) ജിബിൻ ജോർജ് (കെൻ്റ്) എന്നിവരെ ഐക്യകണ്ഠേന പ്രസ്തുത യോഗത്തിൽ തെരഞ്ഞെടുത്തു.

കൂട്ടായ്മയോട് അനുബന്ധിച്ച നടന്ന യോഗത്തിൽ തോമസ് ജോസഫ് മുഖ്യ പ്രഭാഷണവും ബിജു തോമസ് സ്വാഗതവും റോയ് തോമസ് നന്ദിയും രേഖപ്പെടുത്തി.

മലയാളി ട്രക്ക് ഡ്രൈവേഴ്സ് യുണൈറ്റഡ കിങ്ഡം പുതിയ ലോഗോയുടെ പ്രകാശനം കോശി വർഗീസും റെജി ജോണും ചേർന്ന് നടത്തുകയുണ്ടായി.

വിഭവ സമൃദ്ധമായ ഭക്ഷണങ്ങളും രാവേറെ നീണ്ടു നില്ക്കുന്ന ആഘോഷങ്ങൾക്കും ശേഷം എംടിഡിയുകെ അംഗങ്ങൾ മൂന്നാം ദിനം പീക്ക് മലനിരകളെറങ്ങി യുകെയിലെ നിരത്തിലൂടെ തെല്ലും അഭിമാനത്തോടും സന്തോഷത്തോടും സ്വഭവനങ്ങളിലേക്ക് മടങ്ങി.

ബിബിൻ കെ ജോയ്

വൂസ്റ്റർ : ഇംഗ്ലണ്ടിലെ വൂസ്റ്ററിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വൂസ്റ്റർ ഫാമിലി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മലയാളം സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ (ശനി) 2 പി എമ്മിന് മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ സി എ ജോസഫ് നിർവ്വഹിക്കും. മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ, ലോക കേരള സഭാംഗവും, റീജീയണൽ കോർഡിനേറ്ററുമായ ആഷിക്ക് മുഹമ്മദ് നാസർ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. വൂസ്റ്റർ ഫാമിലി ക്ലബ് പ്രസിഡന്റ് ജോബിൾ ജോസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഫാമിലി ക്ലബ് സെക്രട്ടറി ബിബിൻ കെ ജോയ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സവിത രവീന്ദ്രൻ കൃതജ്ഞതയും പറയും.

വൂസ്റ്റർ റഷ്വിക്ക് വില്ലേജ് ഹാളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കേരളത്തിൽ നിന്നും ഇംഗ്ലണ്ടിലെ വൂസ്റ്ററിൽ കുടിയേറിയിട്ടുള്ള മലയാളി കുടുംബങ്ങൾക്ക് തങ്ങളുടെ കുട്ടികളെ മലയാള ഭാഷ പഠിപ്പിക്കുകയും അതിലൂടെ നാടിന്റെ സംസ്കാരവും പൈതൃകവും വരും തലമുറയിലും എത്തിക്കണമെന്നുള്ള ആഗ്രഹമാണ് വൂസ്റ്റർ ഫാമിലി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ നാളെ സഫലീകൃതമാകുന്നത്. നിരവധി കുട്ടികളാണ് ‘എന്റെ മലയാളം’ എന്ന പേരിൽ ആരംഭിക്കുന്ന മലയാളം സ്കൂളിൽ ചേർന്ന് ആദ്യാക്ഷരം കുറിക്കുവാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത് .

മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ സഹകരണത്തോടെ വൂസ്റ്ററിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളികളായ കുട്ടികൾ മലയാളഭാഷ ശരിയായ രീതിയിൽ എഴുതുകയും വായിക്കുകയും സംസാരിക്കുകയും ചെയ്യണമെന്നുള്ള ലക്ഷ്യത്തോടെയാണ് മലയാളം ക്ലാസുകൾ ആരംഭിക്കുന്നത്. കുട്ടികളെ സുഗമമായ രീതിയിൽ മലയാളം പഠിപ്പിക്കുന്നതിനായി അധ്യാപകരെയും രക്ഷകർത്താക്കളെയും ഉൾപ്പെടുത്തിയുള്ള കമ്മറ്റിയും ഊർജ്ജസ്വലമായി പ്രവർത്തിച്ചുവരുന്നു.

നമുക്ക് പൈതൃകമായി ലഭിച്ചതും ജീവിതത്തിൽ എന്നും സുപ്രധാനമായ സ്ഥാനം നൽകുന്നതുമായ മാതൃഭാഷ വരും തലമുറയിലേക്കും എത്തിച്ചു കൊടുക്കുന്നതിനുവേണ്ടി വൂസ്റ്റർ ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മലയാളം സ്കൂളിന് വൂസ്റ്ററിലെ മുഴുവൻ മലയാളി കുടുംബാംഗങ്ങളുടെയും സഹകരണവും പ്രോത്സാഹനവും ഉണ്ടാവണമെന്നും ഉദ്ഘാടന പരിപാടികളിൽ എല്ലാവരും വന്ന് പങ്കെടുത്ത് വിജയിപ്പിക്കണമെന്നും വൂസ്റ്റർ ഫാമിലി ക്ലബ്ബ് പ്രസിഡന്റ് ജോബിൾ ജോസ് , വൈസ് പ്രസിഡന്റ് സിനോജ് സെബാസ്റ്റ്യൻ, സെക്രട്ടറി ബിബിൻ കെ ജോയ്, ട്രഷറർ ജോൺ ബാബു എന്നിവർ അഭ്യർത്ഥിച്ചു.

ഹാളിന്റെ വിലാസം :

Rushwick Village Hall,
Branford Road, WR2 5TA.

Date and Time: 15/2/25, 2 Pm.

കൂടുതൽ വിവരങ്ങൾക്കും കുട്ടികളുടെ രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന ഈമെയിലിൽ ബന്ധപ്പെടുക:

[email protected]

പതിനെട്ടാം വർഷത്തിലേക്ക് ചുവടുകൾ വയ്ക്കുന്ന കെൻ്റിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ ദി വെസ്റ്റ് കെൻ്റ് കേരളൈറ്റ്സിനു പുതിയ നേതൃത്വം.

ഫെബ്രുവരി മാസം എട്ടാം തീയതി ശനിയാഴ്ച്ച ടൺ ബ്രിഡ്ജ് വെൽസിലെ മാറ്റ് ഫീൾഡ് ഹാളിൽ വെച്ചു നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സഹൃദയുടെ 2025- 2026 വർഷത്തേക്കുള്ള പുതു നേതൃത്വത്തെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.

2024-25 വർഷ ഭരണസമിതി പ്രസിഡന്റ് ആൽബർട്ട് ജോർജിൻ്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ ജനറല്‍ സെക്രട്ടറി ഷിനോ ടി പോൾ സമഗ്രമായ പ്രവർത്തന റിപ്പോര്‍ട്ടും, ട്രഷറർ റോജിൻ വറുഗീസ് വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു.

തുടര്‍ന്ന് റിപ്പോർട്ടും, കണക്കും, ദേദഗതികളും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ മാർഗനിർദേശങ്ങളും അംഗങ്ങൾ ചർച്ച ചെയ്തു പാസാക്കി. തുടർന്നു ഭരണസമിതി അവതരിപ്പിച്ച പുതിയ ഭരണസമിതിയുടെ ഏഴംഗ പാനൽ ജനറൽ ബോഡി അംഗീകരിക്കുകയും തുടർന്നു പത്തൊമ്പത് അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും, മൂന്നു പേരടങ്ങുന്ന ഓഡിറ്റേഴ്സ് ടീമിനെയും തിരഞ്ഞെടുത്തു

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഇപ്രകാരം :
പ്രസിഡന്റ് – വിജു വറുഗീസ്
വൈസ് പ്രസിഡന്റ്- അനൂഷ സന്തോഷ്
സെക്രട്ടറി- ബിബിൻ എബ്രഹാം
ജോയിന്റ് സെക്രട്ടറി – സുജിത്ത് മുരളി
ട്രഷറർ- രോഹിത്ത് വർമ്മ
ജോയിൻ്റ് ട്രഷറർ – ഡെസ്മണ്ട് ജോൺ
പ്രോഗ്രാം കോ ഓർഡിനേറ്റർ – ജോഷി സിറിയ്ക്ക്

എക്സ് ഒഫീഷോ :
ആൽബർട്ട് ജോർജ് & ഷിനോ ടി പോൾ

കമ്മറ്റിയംഗങ്ങൾ :
സ്വർണമ്മ അജിത്ത്, ലിൻഡാ മനോജ് , റോസ് ജയ്സൺ, ബിജു ചെറിയാൻ, നിയാസ് മൂത്തേട്ടത്ത്, ജോമി ജോസഫ്, ഷിബി രാജൻ, സിജു ചാക്കോച്ചൻ, മെൽബിൻ ബേബി, വിജിൽ പോത്തൻ.

ഓഡിറ്റേഴ്സ്:
മനോജ് കോത്തൂർ, റോജിൻ മാത്യു, ജയ്സൺ ആലപ്പാട്ട്.

തുടർന്നു നടന്ന ചർച്ചയിൽ കഴിഞ്ഞ ഒരു വര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സഹായസഹകരണങ്ങൾ നൽകിയ ഓരാ സഹൃദയനോടുമുള്ള സ്നേഹവും എല്ലാ സ്‌പോണ്‍സേഴ്സിനോടുമുള്ള പ്രത്യേക നന്ദിയും സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ആൽബർട്ട് ജോർജ് അറിയിച്ചു.

കൂടാതെ സ്തുത്യര്‍ഹമായ രീതിയില്‍ കഴിഞ്ഞ പതിനേഴ് വർഷം ഒത്തൊരുമയോടെ ഒരു സാമൂഹിക സാംസ്കാരിക ചാരിറ്റി സംഘടനയായി നിലനിന്ന സഹൃദയ എന്ന മലയാളി കൂട്ടായ്മയെ കൂടുതല്‍ കെട്ടുറപ്പോടെ മുന്‍പോട്ട് നയിക്കുകയാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്നും അതിനായി എല്ലാ അസോസിയേഷന്‍ അംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വിജു വറുഗീസ് അഭ്യര്‍ത്ഥിച്ചു. ജനറൽബോഡി യോഗത്തിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി പോയ വർഷ കമ്മറ്റിക്കു വേണ്ടി അഞ്ജു അബി അറിയിച്ചു .

റോമി കുര്യാക്കോസ്

കവൻട്രി: ഫെബ്രുവരി 13, വ്യാഴാഴ്ച യു കെയിലെത്തുന്ന സമരനായകനും യുവ എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന യു കെയിലെ ആദ്യ പൊതു ചടങ്ങ് കവൻട്രിയിൽ വച്ച് നടക്കും. മീറ്റ് & ഗ്രീറ്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ എന്ന പരിപാടി കവൻട്രി ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റിൽ വച്ച് വൈകിട്ട് 7 മണി മുതൽ 10 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ഗംഭീര പൗര സ്വീകരണമാണ് രാഹുലിനായി കവൻട്രിയിൽ ഒരുക്കിയിരിക്കുന്നത്.
ഒ ഐ സി സി (യു കെ) കവൻട്രി യൂണിറ്റും ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റും ചേർന്നാനാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി / വിവിധ റീജിയൻ, യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ ചടങ്ങുകളുടെ ഭാഗമാകും.

പുതിയതായി രൂപീകരിച്ച കവൻട്രി യൂണിറ്റിന്റെ ഇൻസ്റ്റലേഷനും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭാരവാഹികൾക്കുള്ള ‘ചുമതല പത്രം’ കൈമാറ്റവും ചടങ്ങിൽ വച്ച് രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിക്കും. ഒ ഐ സി സി (യുകെ) കവൻട്രി യൂണിറ്റ് രാഹുലിന് ‘സ്നേഹാദരവ്’ നൽകും.

മുൻകൂട്ടി സീറ്റുകൾ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. +447436514048 എന്ന ഫോൺ നമ്പറിൽ വൈകിട്ട് 5 മണി മുതൽ 12 മണി വരെയുള്ള സമയങ്ങളിൽ വിളിച്ച് സീറ്റുകൾ ബുക്ക്‌ ചെയ്യുവാൻ സാധിക്കുന്നതാണ്.

വേദി:
The Tiffin Box Restaurant
7-9 Butts, Coventry
CV1 3GJ

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ഒരു ഗുരുവായൂരപ്പക്ഷേത്രം എന്ന സാക്ഷാത്കാരത്തിന് വേണ്ടി സംയുകതമായി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യ വേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് പന്ത്രണ്ടാമത് ശിവരാത്രി നൃത്തോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു. ഈ വരുന്ന ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച മൂന്ന് മുപ്പത് മുതൽ സറെയിലെ കാർഷെൽട്ടൻ ബോയ്സ് സ്പോർട്സ് കോളേജ് അങ്കണത്തിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. ലണ്ടനിലെ പ്രമുഖ നൃത്ത അധ്യാപികയായ ശ്രീമതി ആശ ഉണ്ണിത്താന്റെ നേതൃത്വത്തിലുള്ള നൃത്തോത്സവവും തുടർന്ന് ദീപാരാധന അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതി മത ഭേദമന്യേ എല്ലാവരും ഈ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ശ്രീ ഗുരുവായൂരപ്പന്റെ നാമത്തിൽ സംഘടകർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved