Association

വിവിധ കലാപരിപാടികളും മത്സരങ്ങളുമായി മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ്ക്ലബിൻ്റ ഫാമിലി ഓണാഘോഷം അവിസ്മരണിയമായി. മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൻ്റ ഈ വർഷത്തെ ഫാമിലി ഓണാഘോഷം 22 – ാം തീയതി ഞായറാഴ്ച നടന്നു. ഓണാഘോഷത്തിന് ആവേശമായി മാവേലിമന്നനും അത്തപ്പൂക്കളും.

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നടന്ന മനോഹരമായ തിരുവാതിരകളിയും, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക മത്സരങ്ങളും ഏവരുടെയും മനസിൽ ബല്യകാലത്തിന്റെ ഗൃഹാദുര ഓർമ്മകൾ സമ്മാനിച്ചു. വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും വയറും മനസും നിറയ്ക്കുന്നതായിരുന്നു.

തുടർന്നുനടന്ന സമാപനയോഗത്തിൽ ക്ലബുമായി ഈ വർഷം സഹകരിച്ച സ്പോൺസർമാരായ Edex, Kuttandan taste, Malabar store, pinnacle financial solutions Ltd. Lulu Mini Mart. തുടങ്ങിയവർക്ക് നന്ദി രേഘപ്പെടുത്തി കൊണ്ട് ഈവർഷത്തെ ഓണാഘോഷപരിപാടികൾ അവസാനിപ്പിക്കുകയും ചെയ്തു.

ജെഗി ജോസഫ്

ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ക്ലീവ് സ്‌കൂളില്‍ വച്ച് നടന്ന ഓണാഘോഷം ഗംഭീരമായി . രാവിലെ 11 മണിയോടെ പൂക്കളമിട്ട് ഓണസദ്യയോടെ ഓണാഘോഷത്തിന് തുടക്കമായി. രാവിലെ 11 മണിക്ക് തന്നെ രജിസ്ട്രേഷന്‍ ആരംഭിച്ചു. തുടര്‍ന്ന് വാശിയേറിയ വടംവലി മത്സരം നടന്നു. മഴയെ തോല്‍പ്പിച്ച് ആവേശത്തോടെ വടംവലി മത്സരം നടന്നപ്പോള്‍ ജിഎംഎയുടെ ചെല്‍റ്റന്‍ഹാം യൂണിറ്റിലെ കരുത്തന്മാര്‍ ഒന്നാം സമ്മാനം നേടി. സെന്റര്‍ഫോര്‍ഡ് യൂണിറ്റ് രണ്ടാം സ്ഥാനം നേടി. ശക്തമായ മഴ ചൊരിയുമ്പോള്‍ അതിലും ആവേശത്തിലായിരുന്നു മത്സരങ്ങളും .പിന്നീട് മട്ടാഞ്ചേരി കിച്ചന്‍ ഒരുക്കിയ ഓണസദ്യയുടെ രുചി ആസ്വദിച്ചാണ് ഏവരും ഓണാഘോഷത്തിന് ഒരുങ്ങിയത്.

രണ്ടു മണിയോടെ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലിയെ ആനയിച്ചു. ജിഎംഎയുടെ വനിതകളും കുട്ടികളും ചെറുപ്പക്കാരും ചെണ്ടമേളത്തിനൊപ്പം തകര്‍ത്താടിയപ്പോള്‍ മാവേലിയെ വരവേല്‍ക്കല്‍ തന്നെ ഓണാഘോഷത്തിന്റെ ആവേശമുള്ള മുഹൂര്‍ത്തങ്ങളായി മാവേലിയായ സതീഷും ജിഎംഎ പ്രസിഡന്റ് അനില്‍ തോമസും, സെക്രട്ടറി ബിസ് പോള്‍ മണവാളനും, യുക്മ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറയും മറ്റ് ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.

സെക്രട്ടറി ബിസ്പോള്‍ മണവാളന്‍ സ്വാഗതം ആശംസിച്ചു. ജിഎംഎയുടേയും സിന്റര്‍ ഫോര്‍ഡിലേയും ഗ്ലോസ്റ്ററിലേയും ചെല്‍റ്റന്‍ഹാമിലേയും ഭാരവാഹികള്‍ക്കും മറ്റ് അംഗങ്ങള്‍ക്കും സ്വാഗതമേകി. ജിഎംഎ പ്രസിഡന്റ് അനില്‍ തോമസ് അദ്ധ്യക്ഷ പ്രസംഗം നടത്തി.യുവത്വത്തിനൊപ്പം കൂടി തങ്ങളും ചെറുപ്പമായെന്നും ഇനിയും ജിഎംഎയെ നമുക്ക് ഉയരങ്ങളിലേക്ക് ഉയര്‍ത്താമെന്നും അനില്‍ തോമസ് തന്റെ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് പറഞ്ഞു. യുക്മ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറയും മാവേലിയായി എത്തിയ സതീഷും ഏവര്‍ക്കും ഓണാശംസകള്‍ അറിയിച്ചു.

ജിസിഎസ് സി എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ജിഎംഎ ഈ വര്‍ഷവും ആദരിച്ചു. ലിയ ബിജു, ഒലീവിയ തോമസ്, മെറിന്‍ ജൂബി എന്നിവര്‍ക്കാണ് എ ലെവലില്‍ ഉന്നത വിജയം നേടിയതിന് സമ്മാനങ്ങള്‍ നല്‍കിയത്. ജിസിഎസ് സിയില്‍ നയന മെറിന്‍ തോമസും ലിയോണ്‍ ബെന്നിയും ഉന്നത വിജയം നേടിയതിന് സമ്മാനങ്ങള്‍ നേടി. അജീഷ് പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും സ്പോണ്‍സേഴ്സിനും നന്ദി പറഞ്ഞു. തുടര്‍ന്ന് വേദിയില്‍ തകര്‍പ്പന്‍ പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്.

തിരുവാതിരക്കളിയോടെ അവതരിപ്പിച്ച കലാമാമാങ്കം വേദിയെ കീഴടക്കി. ഗ്രൂപ്പ് ഡാന്‍സും സിംഗിള്‍ ഡാന്‍സും സിനിമാറ്റിക് ഡാന്‍സുകളും സോളോയും പാട്ടുകളും ഒക്കെയായി ജിഎംഎ അംഗങ്ങള്‍ വേദിയില്‍ മികച്ചൊരു കലാവിരുന്ന് തന്നെയാണ് ഒരുക്കിയത്.

മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ വേദിയില്‍ തകര്‍ത്താടി. മികച്ച നേതൃത്വം ചിട്ടയോടെയാണ് പരിപാടികള്‍ ഒരുക്കിയിരുന്നത്. ജിഎംഎ പ്രസിഡന്റ് അനില്‍ കുമാറും സെക്രട്ടറി ബിസ്മോള്‍ മണവാളനും ട്രഷററര്‍ അരുണ്‍കുമാറിന്റെ അഭാവത്തില്‍ ജോയ്ന്റ് ട്രഷററും എക്സിക്യൂവ് അംഗങ്ങളും ചേര്‍ന്ന് ഗ്ലോസ്റ്റര്‍ മലയാളികള്‍ക്ക് മികച്ച ഓണാഘോഷമാണ് സമ്മാനിച്ചത്.

രാവിലെ മഴയില്‍ നിന്ന് ഓണാഘോഷത്തിന് എത്താന്‍ മടിച്ചവര്‍ പോലും ഉച്ചയോടെ ആഘോഷത്തിന്റെ ഭാഗമായപ്പോള്‍ ജിഎംഎ ക്ലീവ് സ്‌കൂളില്‍ കാണികള്‍ നിറഞ്ഞു. സിബി ജോസഫ്, രമ്യ മനോജ്, ഫ്ളോറന്‍സ് ഫെലിക്സ്, ജെക്സണ്‍ ജോവില്‍ട്ടണ്‍ എന്നിവരായിരുന്നു സ്റ്റേജ് മാനേജ്മെന്റ്. റോബി മേക്കറ, അനില്‍ മഞ്ജിത്ത് എന്നിവരുടെ അവതരണം എടുത്തു പറയേണ്ടതാണ്. മികച്ച ടെക്നിക്കല്‍ സപ്പോര്‍ട്ട് നല്‍കിയത് മനോജ് വേണുഗോപാല്‍, ദേവലാല്‍ എന്നിവരായിരുന്നു. ബ്രിസ്റ്റോളില്‍ നിന്നുള്ള ലിജി ലൂക്കോസ് മികച്ചരീതിയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഒരുക്കി.

അനില്‍ തോമസിന്റെയും ബിസ്മോളിന്റെയും ജിഎംഎയുടെ മുഴുവന്‍ എക്സിക്യൂട്ടിവ് അംഗങ്ങളുടേയും നേതൃത്വത്തില്‍ ഒത്തൊരുമയായ പ്രവര്‍ത്തനമായിരുന്നു ഇത്തവണ ജിഎംഎയുടെ ഓണം ഇത്തര മധുരകരമാക്കിയത്.

ടോം ജോസ് തടിയംപാട്

കിഡ്‌നി രോഗം ബാധിച്ചു ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടിൽ ജോൺ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രസ്റ്റ് ക്യാൻസർ ബാധിച്ചു ചികിൽസിക്കാൻ വിഷമിക്കുന്ന ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തിൽ വീട്ടിൽ ബീന ആറിനെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിയിയിലൂടെ ഇതുവരെ 1020 പൗണ്ട് ലഭിച്ചതായി അറിയിക്കുന്നു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.. .

ദയവായി ഈ ഓണകാലത്ത് നിങ്ങളുടെ ഒരു ചെറിയ സഹായം ഇവർക്കു നൽകി സഹായിക്കണമെന്ന് ഞങ്ങൾ വിനയപൂർവം അഭ്യർത്ഥിക്കുന്നു . നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നൽകുക. ജോണിന്റെ 3 കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ വിവിധ ജോലികൾ ചെയ്തു നന്നായി മുൻപോട്ടു കൊണ്ടുപോകുന്ന സമയത്താണ് കിഡ്‌നി രോഗം ബാധിച്ചത് ഭാര്യ ഒരു കടയിൽ ജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് ആ കുടുംബത്തിനുള്ളത് ..

ബീനയുടെ കുടുംബവും കൂലിപണിയെടുത്താണ് ജീവിച്ചിരുന്നത് , രണ്ടു കുഞ്ഞു കുട്ടികളും ഭർത്താവും അടങ്ങുന്നതാണ് ബീനയുടെ കുടുംബം ബ്രെസ്റ്റ് ക്യൻസറിനു ചികിൽസിക്കാൻ ഒരു നിവർത്തിയും ഇല്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം ,ദയവായി ഇവരെ നിങ്ങൾ കൈവിടരുത്.

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

എൽദോസ് സണ്ണി

ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ 24 മത് ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 21 ശനിയാഴ്ച വൈകുന്നേരം ലിവർപൂൾ കാർഡിനൻ ഹീനൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അരങ്ങേറിയപ്പോൾ പങ്കെടുത്ത എല്ലാവർക്കും അതൊരു നവ്യാനുഭമായി മാറി. കേരളത്തിൽ പോലും അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന വില്ലടിച്ചാൻ പാട്ടും, കഥാ പ്രസംഗവും, കാണികളെ ത്വസിപ്പിക്കുന്നതായിരുന്നു. കൂടാതെ തിരുവാതിര കളിയും, മികച്ച ഡാൻസുകളും, മികച്ച ഗാനങ്ങളും, കാണികളെ പൊട്ടി ചിരിപ്പിച്ച കോമഡി സ്കിറ്റും, ഫിഗർ ഷോയും, കോർത്തിണക്കി കൊണ്ട് അവതരിപ്പിച്ച പ്രോഗ്രാം കാണികളുടെ മുക്തകണ്ടമായ പ്രശസകൾക്ക് പാത്രമായി.

12 ഓളം ബ്രാഹ്മണ വേഷധാരികൾ മന്ത്രധ്വനികൾ ഉരുവിട്ട് കൊണ്ട് മഹാബലി മന്നനെ എതിരേറ്റ് വന്നപ്പോൾ തിരുവാതിര കളിക്കുവാൻ നിന്നിരുന്ന സ്ത്രീകൾ ആരതിയുഴിഞ്ഞു മഹാബലിയെ സ്വികരിച്ചതു കാണികളിൽ പുതുമ ഉയർത്തി. പിന്നീട് നടന്ന എല്ലാ പ്രോഗ്രാമുകളും കാണികളുടെ നിർത്താതെയുള്ള കരഘോഷങ്ങൾക്ക് പാത്രമായി.

ലിവർപൂൾ,നോസിലി മേയർ കൗൺസിലർ കെൻ മക്ഗ്ലാഷൻ ലിമയുടെ ഓണാഘോഷങ്ങളുടെ മുഖ്യാതിഥിയായിരുന്നു. ബഹുമാനപ്പെട്ട മേയർ ലിവർപൂൾ മലയാളി സമൂഹം എൻഎച്ച്എസിന് നൽകുന്ന സേവനങ്ങളെപ്പറ്റിയും, യുകെയിൽ മലയാളി സമൂഹം നൽകുന്ന സഹായങ്ങളെപ്പറ്റിയും പ്രസംഗത്തിൽ പ്രകീർത്തിച്ചു സംസാരിച്ചു.

ചടങ്ങിൽ അതിഥിയായി പങ്കെടുത്ത ലിവർപൂൾകാരി കൂടി ആയ സിനിമാതാരം പ്രിയ ലാൽ ചെറൂപ്പത്തിൽ തനിക്കു കളിച്ചു വളരാൻ നിരവധി അവസരങ്ങൾ നൽകിയിട്ടുള്ള ലിമക്ക് നന്ദി പറഞ്ഞു. കൂടാതെ തന്റെ സ്വന്തം നാട്ടുകാർക്ക് വേണ്ടി ഒരു ഡാൻസ് കളിക്കുകയും ചെയ്തു. 12 മണിക്ക് ആരംഭിച്ച 28 ഓളം വിഭവങ്ങൾ കൊണ്ട് സമ്പന്നമായ ഓണ സദ്യ ഗണപതിക്ക്‌ സമർപ്പിച്ചു കൊണ്ടാണ് ആരംഭിച്ചത്. നാട്ടിൽ നിന്നും മക്കളെ സന്ദർശിക്കാൻ എത്തിയ ഇടുക്കി തടിയംപാട് സ്വദേശി മേരി ജോസഫ് കൊച്ചുപറമ്പിലാണ് ഗണപതിക്ക്‌ സദ്യ നിവേദിച്ചത്. അതിന് ശേഷമാണ് ഓണസദ്യ ആരംഭിച്ചത്. വളരെ ചിട്ടയായി വിളമ്പിയ ഓണസദ്യ പങ്കെടുത്ത എല്ലാവരും നന്നായി ആസ്വദിച്ചു കഴിച്ചു. പരിപാടിയിൽ ഉടനീളം ലിമയുടെ സംഘടനാ മികവ് പ്രകടമായിരുന്നു.

ഓണസദ്യക്കു ശേഷം വാശിയേറിയ പുരുഷ, വനിത വടംവലി മത്സരം നടന്നു. വിജയികൾക്ക് ക്യാഷ് അവാർഡുകൾ ആണ് നൽകിയത്. ലിമയുടെ ഓണം ആഘോഷങ്ങൾക്ക് സ്വാഗതം ആശംസിച്ചത് ലിമയുടെ സെക്രട്ടറി ശ്രീമതി ആതിര ശ്രീജിത്ത് ആയിരുന്നു. ഓണ സന്ദേശം ലിമയുടെ പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യൻ ജോസഫ് നൽകി.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ‘പൊന്നോണം 2024’ പ്രൗഢഗംഭീരമായി. വയനാട്, വിലങ്ങാട് ഉരുൾപൊട്ടലുകളിൽ ഉൾപ്പെട്ട ദുരിതബാധിതർക്കും ജീവൻ നഷ്‌ടപ്പെട്ടവർക്കും പ്രാർത്ഥനകൾ അർപ്പിച്ചു കൊണ്ട് ‘പൊന്നോണം 2024’ ന് ആരംഭമായി. സർഗം നേതൃത്വമെടുത്ത് ദുരിതാശ്വാസ നിധി സമാഹരിച്ചു നേരത്തേ നൽകിയിരുന്നു. തുടർന്ന് ഓണാനുബന്ധ ദൃശ്യാവിഷ്കാര പ്രദർശനം നടന്നു.

പൂക്കളത്തെയും, ഓണത്തപ്പനെയും വലംവെച്ച്‌ തിരുവോണ തോരണങ്ങളുടെയും മുത്തുക്കുടകളുടെയും അലംകൃത വീഥിയിലൂടെ ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും, പുലിക്കളിയുടേയും അകമ്പടിയോടെ മാവേലി മന്നൻ ആഗതനായപ്പോൾ ആർപ്പോ വിളിച്ചും ഹർഷാരവം മുഴക്കിയും ആവേശോജ്ജ്വല സ്വീകരണമാണ് സദസ്സ് നൽകിയത്. തുടർന്ന് സർഗം ഭാരവാഹികൾ മാവേലിയോട് ചേർന്ന് ഭദ്രദീപം തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. സർഗം പ്രസിഡണ്ട് അപ്പച്ചൻ കണ്ണഞ്ചിറ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

‘തിരുവോണം’ പ്രമേയമാക്കി നൃത്ത ശകലങ്ങൾ കോർത്തിണക്കിയും, കഥകളി സമന്വയിപ്പിച്ചും നടത്തിയ ‘വെൽക്കം ഡാൻസും’, ഓണ വേഷ വിധാനങ്ങളുടെ കടൽ കടന്ന സൗന്ദര്യം ഒപ്പിയെടുത്ത് ചരിതം കുറിച്ച ‘ഫാഷൻ ഷോ’യും, ഗാനാനുഭൂതിയും, സംഗീത സാന്ദ്രതയും പകർന്ന ‘മെഡ്ലി’യും, ‘മെഗാ തിരുവാതിര’യും ‘പൊന്നോണം 2024’ നെ വർണ്ണാഭമാക്കി. ‘സ്റ്റീവനേജ് പയ്യൻസ്’ അവതരിപ്പിച്ച നൃത്താഞ്ജലിയും, ‘നൃത്തം ഡാൻസ് അക്കാദമി’ ഒരുക്കിയ ഡാൻസുകളും, ‘ജയൻ’ഫാൻസൊരുക്കിയ ‘ബെൽബോട്ടംസ് ‘ സ്കിറ്റും ആഘോഷത്തിന് കൊഴുപ്പേകി.

ഓണപ്പരിപാടികളുടെ ഏറ്റവും ഹൈലൈറ്റായ 25 ഇനം വിഭവങ്ങളുമായി തൂശനിലയിൽ വിളമ്പിയ ‘ഓണ സദ്യ’ മുഖ്യാതിഥി സ്റ്റീവനേജ് മേയർ ജിം ബ്രൗണും, ഡെപ്യൂട്ടി മേയർ പെന്നി ഷെങ്കലും അടക്കം ഏവരും ഏറെ ആസ്വദിച്ചു കഴിച്ചു. ഓണസദ്യയ്ക്ക് ശേഷം മുഖ്യാതിഥിയായ മേയർ ജിം ബ്രൗൺ, അതിഥികളായ ഡെപ്യൂട്ടി മേയർ പെന്നി ഷെങ്കൽ, യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവരെ സർഗ്ഗം ഭാരവാഹികൾ സ്റ്റേജിലേക്ക് സ്വീകരിച്ചാനയിക്കുകയും തുടർന്ന് മേയറും, അഡ്വ.എബിയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.

അണ്ടർ 17 ഷട്ടിൽ ബാഡ്മിന്റൺ ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ച ജെഫ് അനി ജോസഫ്, യുക്മ സംഘടിപ്പിച്ച നാഷണൽ അത്‌ലറ്റിക്ക് മീറ്റിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം നേടിയ ടിന്റു മെൽവിൻ, എ-ലെവൽ പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ നിഗ്ഗി ജേക്കബ്, ജിസിഎസ്ഇ യിൽ ഉയർന്ന ഗ്രേഡ് കിട്ടിയ ജോഷ് ജിസ്റ്റിൻ, ‘പുഷ്‌പരഹിത പൂക്കളം’ ഒരുക്കിയ ബിജു തങ്കപ്പൻ എന്നിവർക്ക് ട്രോഫിയും കാഷ് പ്രൈസും മേയർ വിതരണം ചെയ്തു. സർഗ്ഗം ഭാരവാഹികൾ മേയർക്ക് ‘കഥകളി മെമന്റോ’ ഉപഹാരമായി നൽകുകയും ചെയ്തു. ആകർഷകങ്ങളായ കലാപരിപാടികൾ കണ്ടും ആസ്വദിച്ചും മണിക്കൂറുകൾക്കു ശേഷമാണ് അതിഥികൾ വേദി വിട്ടത്. സെക്രട്ടറി സജീവ് ദിവാകരൻ നന്ദി പ്രകാശനം നിർവ്വഹിച്ചു.

സത്യൻ തമ്പി, ടെസ്സി ജെയിംസ് എന്നിവർ അവതാരകരായി തിളങ്ങി. ദീപു ജോർജ്ജ് , റോബിൻ കോയിക്കര, ബോണി എന്നിവർ പ്രോഗ്രാം ഫോട്ടോഗ്രാഫി &വിഡിയോഗ്രഫിക്കു നേതൃത്വം നൽകി. ആതിര ഹരിദാസ്, അനിതാ, ബെല്ലാ ജോർജ്ജ്, അൽക്ക എന്നിവർ കലാപരിപാടികൾക്കുള്ള പരിശീലനങ്ങളിലും ഒരുക്കുന്നതിനും നേതൃത്വം വഹിച്ചു. മഹാബലിയായി ജെഫേഴ്സൺ, പുലിവേഷത്തിൽ നോയൽ & ടീമും, ചെണ്ടമേളം ഫെയിം ‘സർഗ്ഗ താളം സ്റ്റീവനേജ്’, പ്രവേശന കവാടം അടക്കം ആകർഷകവും തനിമയാർന്നതുമായ അലങ്കാരങ്ങൾ ഒരുക്കി ഹരിദാസ് തങ്കപ്പൻ എന്നിവർ ആഘോഷത്തിന് ഊർജ്ജം പകർന്നു.

വൈസ് ഫിനാൻഷ്യൽ സർവ്വീസസ്, പോൾ ജോൺ സോളിസിറ്റേഴ്സ്, ചിൽ അറ്റ് ചില്ലീസ്, മലബാർ ഫുഡ്സ്, സെവൻസ് ട്രേഡേഴ്സ്, കറി വില്ലേജ് എന്നിവർ സർഗ്ഗം പൊന്നോണം 2024 നു പ്രായോജകരായിരുന്നു.

ലക്ഷ്മിത പ്രകാശിന്റെ കീബോർഡ്, ആൻറണി ടോം, ഇവാ അന്ന ടോം, ടിന തോംപ്സൺ എന്നിവരുടെ ഗാനാലാപനവും, വൈഗാ വിവേകിന്റെ ഡാൻസിനും ശേഷം നൃത്തം ഡാൻസ് അക്കാദമിക്ക് വേണ്ടി ആൻഡ്രിയ ജെയിംസ്, ജോസ്ലിൻ ജോബി എന്നിവർ ചുവടുവെച്ചു. അഞ്ജു ടോംമും നിസ്സി ജിബിയും ചേർന്ന് പാടിയ യുക്മ ഗാനം, ഇഷ ബിപിൻ നായർ നടത്തിയ നൃത്തവും ആകർഷകമായി. നവ തലമുറയിൽ നിന്നുള്ള മാത്യൂസ്, ഷെർവിൻ, ക്രിസ്, ജൊഹാൻ, അദ്വൈത തുടങ്ങിയവർ നേതൃത്വം നൽകി മുതിർന്നവരോടൊപ്പം തകർത്തടിച്ച ‘സർഗ്ഗതാളം ചെണ്ടമേളം’ ഏറെ കൈയടിയോടെയാണ് വേദി സ്വീകരിച്ചത്.

ബെല്ലാ ജോർജ്ജ്, ഹൃദയ, ടെസ്സ, കഥകളി ആർട്ടിസ്റ്റ് ഷാനിക എന്നിവർ തീം ഡാൻസിനു മിഴിവേകി. നൃത്തം ഡാൻസ് അക്കാദമിക്ക് വേണ്ടി സൈറാ സുനിൽ, മരിസ്സ ജോസഫ്, റീത്ത്, ആൻഡ്രിയ ജെയിംസ്, ജോസ്ലിൻ ജോബി, അസിൻ ജിനേഷ് എന്നിവർ നൃത്തം ചെയ്തു. വേദിയിൽ സംഗീതസാന്ദ്രത പകർന്ന മെഡ്‌ലിക്കായി തേജിൻ തോമസ്, ജോസ് ചാക്കോ, ജെസ്ലിൻ വിജോ, ആതിര ഹരിദാസ്, ഡോ.ആരോമൽ എന്നിവർ ഗാന ശകലങ്ങൾ കോർത്തിണക്കി ആലപിച്ചു. എൽഇഡി സ്ക്രീനിലൂടെ പകർന്ന പശ്ചാത്തല ദൃശ്യ മാസ്മരികത ആഘോഷത്തിന് വശ്യത പകർന്നു.

ആദ്യ ആദർശ്, ഇവാ അന്ന,ആന്റണി ടോം എന്നിവരും, അദ്വ്യത ആദർശ്, അക്ഷര സന്ദീപ് എന്നിവരും, ആതിര ഹരിദാസ്, ടെസ്സി ജെയിംസ്, ശാരിക, അനഘ എന്നിവർ ചേർന്നും നടത്തിയ സംഘനൃത്തം വർണ്ണാഭമായി. ആൻ വർഗ്ഗീസ്, ആൻ മരിയ അജിമോൻ, ദിയ സെബാസ്റ്റ്യൻ, നിന ലൈജോൺ, നിയ ലൈജോൺ, ക്രിസ്സി ജിസ്റ്റിൻ, ജിഗിഷ മനോജ് ,ഡേവിഡ് വിജോ, ജെന്നി വിജോ, ലക്സ്മിത പ്രശാന്ത്, അമേയ എന്നിവരുടെ സംഘനൃത്തങ്ങൾ ആഘോഷത്തിന് മാറ്റേകി. ടിന തോംസൺ അവതരിപ്പിച്ച ഡാൻസ് ആകർഷകമായി.

സരോ സജീവിന്റെ നേതൃത്വത്തിൽ നടന്ന മെഗാ തിരവാതിര ശ്രദ്ധേയമായി. ‘സ്റ്റീവനേജ് പയ്യൻസ്’ നു വേണ്ടി നോയൽ മാത്യു, ജോഷ് ജിസ്റ്റിൻ,ക്രിസ് ബോസ്, കൃഷ്ണ കുമാർ, ആൽബി ഷൈൻ,ജെഫ് അനി എന്നിവർ നിറഞ്ഞാടി. സെമി ക്ലാസ്സിക്കൽ ഡാൻസുമായി ടെസ്സ അനിയും, ജോസ് ചാക്കോ, മരിയ അനി, തേജിൻ തോമസ്, ടാനിയ അനൂപ് എന്നിവർ ഗാനങ്ങളുമായും വേദിയെ കീഴടക്കി. ജോസ് ചാക്കോ-ജെസ്ലിൻ വിജോ പാടിയ യുഗ്മ ഗാനം ഏറെ ഹൃദ്യമായി.

അഞ്ജലി ജേക്കബിന്റെ നേതൃത്വത്തിൽ ക്രിസ് ബോസ്, ഷെർവിൻ ഷാജി, അഖിൽ ജേക്കബ്, പോൾ പ്രിൻസ്, മനു തോമസ്, ലിജിൻ റോക്കി അലീന ബോസ്, ജീത്ത് ജോസ്, ആൻ സൂസൻ പോൽ,ബിയ മെറിൻ എന്നിവർ ചേർന്നവതരിപ്പിച്ച സംഘ നൃത്തം വേദിയെ കോരിത്തരിപ്പിച്ചു. സദസ്സിനു ഹാസ്യരസം പകർന്ന ജയൻ ഫാൻസൊരുക്കിയ ‘ബെൽബോട്ടംസ്’ സ്കിറ്റിനു പ്രിൻസൺ പാലാട്ടി, ലൈജോൺ ഇട്ടീര, ഡിക്‌സൺ മാത്യു, തോംസൺ, ഹരിദാസ് തങ്കപ്പൻ, ടെറീന ഷിജി, വിൽസി പ്രിൻസൺ അജീന എന്നിവർ വേഷമണിഞ്ഞു.

പ്രസിഡണ്ട് അപ്പച്ചൻ കണ്ണഞ്ചിറ, സെക്രട്ടറി സജീവ് ദിവാകരൻ, ട്രഷറർ ജെയിംസ് മുണ്ടാട്ട്, വൈസ് പ്രസിഡണ്ട് വിൽസി പ്രിൻസൺ, ജോ.സെക്രട്ടറി പ്രവീൺ തോട്ടത്തിൽ, കമ്മിറ്റി അംഗങ്ങളായ ഹരിദാസ് തങ്കപ്പൻ, അലക്സാണ്ടർ തോമസ്, ചിന്ദു ആനന്ദൻ, നന്ദു കൃഷ്ണൻ, നീരജ പടിഞ്ഞാറയിൽ എന്നിവർ പൊന്നോണം 2024 നു നേതൃത്വം നൽകി.

അപ്പച്ചൻ കണ്ണഞ്ചിറ

കേംബ്രിഡ്ജ് : യു കെ യിൽ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, പുതുമുഖ പ്രതിഭകൾക്ക് അവസരമൊരുക്കിയും, നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും മലയാളികൾക്കിടയിൽ ഏറെ പ്രശസ്തമായ 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു കേംബ്രിഡ്ജിൽ സീസൺ 8 നു വേദിയൊരുങ്ങുന്നു. 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 8 & ചാരിറ്റി ഈവന്റിന് ഇത്തവണ അണിയറ ഒരുക്കുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനയായ ‘കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷൻ’ ആണ്.

യു കെ യുടെ ചരിത്രം ഉറങ്ങുന്ന നഗരിയും, സാംസ്ക്കാരിക കേന്ദ്രവും, വിദ്യാഭ്യാസ മേഖലയിൽ ആഗോളതലത്തിൽ പ്രശസ്തവുമായ കേംബ്രിഡ്ജിൽ ‘ദി നെതെർഹാൾ സ്‌കൂൾ’ ഓഡിറ്റോറിയത്തിലാണ് സംഗീത-നൃത്തോത്സവത്തിനായി വേദി ക്രമീകരിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 22 നു ശനിയാഴ്ച്ച 2 മണിമുതൽ രാത്രി 10 മണി വരെയാണ് സംഗീതോത്സവം നടക്കുക.

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ നടത്തപ്പെടും. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയ കവിയുടെ സംഗീതാർച്ചനയുമായി നിരവധി ഗായക പ്രതിഭകൾ ഗാന വിരുന്നൊരുക്കുമ്പോൾ 7 ബീറ്റ്‌സ് സംഗീതോത്സവം നാളിതുവരെയുള്ള വർഷങ്ങളിൽ ഓ എൻ വി സാറിനായി ഒരുക്കുന്ന കലാ സമർപ്പണം കൂടിയാവും സംഗീതോത്സവം.

കലാസ്വാദകർക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ കലാവിരുന്നാണ് കലാസ്വാദകർക്കായി ഒരുക്കുക.സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവന്റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ഏഴു വർഷമായി കേരളത്തിലെ നിരവധി നിർദ്ധനരായ കുടുംബങ്ങളെ സഹായിക്കുവാൻ 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകർക്ക്‌ സാധിച്ചിട്ടുണ്ട്.

കലയുടെ കേളികൊട്ടും, സംഗീത വിരുന്നും, കലാസ്വാദകരുടെ വൻ പങ്കാളിത്തവും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ നെഞ്ചിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 8 -ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

Venue:-
The Netherhall School, Queen Edith’s Way, Cambridge, CB1 8NN

കോൺവാളിൽ ട്രൂറോമലയാളി അസോസിയേഷൻ അതിവിപുലമായ ഓണഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തനതായ കലാപരിപാടികളും മത്സരങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയും,വടം വലി മത്സരവും ചേർന്ന ട്രൂറോ മലയാളിക്കൊപ്പമുള്ള ഓണം 2024, സെപ്റ്റംബർ 22 ഞായറാഴ്ച സെൻ്റ് എർമെ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

കോൺവാളിലെ എല്ലാ മലയാളികള്‍ പങ്കെടുക്കുന്ന ഈ മഹാ മാമാങ്കത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ന്യൂസ് ഡെസ്ക് . മലയാളം യുകെ

പുതിയതും എന്നാൽ പുതുമ നിറഞ്ഞതുമായ പ്രവർത്തനങ്ങളിലൂടെ യോർക്ഷയറിൽ മുൻനിരയിലേയ്ക്കെത്തുന്ന യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയുടെ പ്രഥമ ഓണാഘോഷം വർണ്ണാഭമായ കലാവിരുന്നോടെ സെപ്റ്റംബർ 15 -ന് ഹരോഗേറ്റിൽ നടന്നു. ഹരോഗേറ്റിലെ ബിഷപ്പ് മോൺക്ടൺ വില്ലേജ് ഹാളിൽ ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക് ഈശ്വരപ്രാർത്ഥനയോടെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. തുടർന്ന് യോർക്ഷയർ കേരള കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ കഥയും തിരക്കഥയും സംവിധാനവും ശബ്ദവും നൽകി അഭിനയിച്ച ഓണം സ്കിറ്റ് അരങ്ങേറി. ഇതുവരെയും കാണാത്ത തീതിയിൽ അവതരിപ്പിച്ച ഓണം സ്കിറ്റ് കാണികൾക്ക് വേറിട്ടൊരനുഭവമായി മാറി. തുടർന്ന് മാവേലിയുടെ എഴുന്നള്ളത്തായിരുന്നു. താലപ്പൊലിയും ചെണ്ടമേളങ്ങളും വാളും പരിചയുമേന്തിയ കളരിപ്പയറ്റുകാരുടെയും നടുവിൽ ഓലക്കുടയും പിടിച്ച് സൈക്കിൾ ചവിട്ടിയാണ് മാവേലി ഇക്കുറിയെത്തിയത്.

ഓണാഘോഷത്തിൽ പങ്കെടുത്ത പാശ്ചാത്യ സമൂഹത്തിന് ഈ ഘോഷയാത്ര വേറിട്ടൊരനുഭവമായിരുന്നു. റിപ്പണിൽ നിന്നുള്ള ഷിജു മാത്യുവാണ് മാവേലിയായി വേഷമിട്ടത്. തുടർന്ന് നല്ലൊരു ഓണസന്ദേശം നൽകി മാവേലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചീഫ് ഗസ്റ്റുമാരായ റിച്ചാർഡ്, ഡീക്കൻ ഡേവിഡ്, യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കുചേർന്നു. അപ്രതീക്ഷിതമായ തിരക്കുകൾ മൂലം ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ സിറ്റിംഗ് എംപി യോർക്ഷയർ കേരള കമ്മ്യൂണിറ്റിക് ആശംസയറിയിച്ച് അയച്ച വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു. പ്രാദേശിക സമൂഹം പ്രവാസി മലയാളികൾക്കു കൊടുക്കുന്ന പരിഗണനയുടെ പ്രകടമായ തെളിവാണിത്.

ഓണപ്പാട്ട്, തിരുവാതിര, കോലുകളി, കൈകൊട്ടികളി, മുപ്പതോളം കുട്ടികൾ ഒരുമിച്ചവതരിപ്പിച്ച പൂവിളി നൃത്തം തുടങ്ങി ഓണത്തിൻ്റെ ഓർമ്മ മലയാളികളുടെ മനസ്സിൽ നിലനിർത്തുന്ന കലാവിരുന്നാണ് സ്‌റ്റേജിൽ അരങ്ങേറിയത്. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയായിരുന്നു. ഓണസദ്യയ്ക്ക് ശേഷം വിശാലമായ ഗ്രൗണ്ടിൽ കായിക മത്സങ്ങൾ നടന്നു. മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒരുപോലെ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള മത്സരങ്ങളാണ് സംഘാടകർ ഒരുക്കിയിരുന്നത്.
വടംവലി, ഉറിയടി തുടങ്ങിയ പരമ്പരാഗതമായ മത്സരങ്ങളാണ് ഏറ്റവും കൂടുതൽ ആസ്വാദന സുഖമുണ്ടാക്കിയത്.

പ്രത്യേകം ക്ഷണിതാക്കളായ പ്രാദേശിക സമൂഹം മലയാളികളേക്കാൾ കൂടുതൽ ആവേശത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയത് വ്യത്യസ്തമായ കാഴ്ചയായിരുന്നു. പ്രത്യേകിച്ചും സ്ത്രീകളുടെ വടം വലി മത്സരത്തിൽ ആവേശം മൂത്ത് ഒരു ഇംഗ്ലീഷ് പെൺകുട്ടി ഉടുത്തിരുന്ന സാരി പുരുഷന്മാർ മുണ്ട് മടക്കിക്കുന്നതുപോലെ മടക്കിക്കുത്തി വടം വലിക്കിറങ്ങിയത് കാണികൾക്ക് കൗതുകവും മത്സരാർത്ഥികൾക്ക് ആവേശവും പകർന്നു.

മത്സര വിജയികൾക്ക് ഡോ. റിച്ചാർഡ് സമ്മാനദാനം നിർവ്വഹിച്ചു. ചുവന്ന കാർപ്പെറ്റിലൂടെ നടന്ന് വന്ന് പോടിയത്തിൻ്റെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിന്നുകൊണ്ട് സമ്മാനങ്ങൾ വാങ്ങിയ വിജയികൾക്ക് അതൊരു പ്രത്യേക അനുഭവം തന്നെയായിരുന്നു. തുടർന്ന് യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് നന്ദി പ്രസംഗം നടത്തി. 6.30 തോടു കൂടി. യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടികൾ അവസാനിച്ചു.

യോർക്ഷയർ കേരള കമ്മ്യൂണിറ്റിയെ നയിക്കുന്നവർ ഇവരാണ്. ബിനോയ് അലക്സ് ( പ്രസിഡൻ്റ്, സിനി ജയൻ (സെക്രട്ടറി) ജോഷി ജോർജ്ജ് (ട്രഷറർ), ഗ്ലാഡിസ് പോൾ (ജോയിൻ്റ് സെക്രട്ടറി) കുര്യൻ പൈലി (ജനറൽ കോർഡിനേറ്റർ) കൂടാതെ ഈവൻ്റ് കോർഡിനേറ്ററുമാരായ സിജിമോൾ കരേടൻ , ബെൻസ് തോമസ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവരാണ് യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയുടെ നെടുംതൂണുകൾ.

 

റെക്സം കേരളാ കമ്മ്യൂണിറ്റി (WKC)യുടെ തിരുവോണാഘോഷം 14-ാം തീയതി ശനിയാഴ്ച റെക്സം വാർമെമ്മോറിയൽ ഓഡിറ്റോറിയത്തിൽ പ്രഡഗംഭീരം നടത്തപെട്ടു. രാവിലെ പത്തു മണിക്ക് രജിസ്ട്രേഷൻ, തുടർന്ന് അത്തപ്പൂക്കളം ഇടീൽ കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ആനക്ക് വാലുവര, കസേരകളി,. സുന്ദരിക്ക് പൊട്ടുതൊടൽ എന്നിവ മത്സരത്തേക്കാൾ ഉപരി ഏവർക്കും ചിരിപകരുന്ന അനുഭവമായി.

12 മണിയോടെ നാലു ടീമുകൾ ആവേശത്തോടെ നടത്തിയ വടം വലി മത്സരം കാണികൾ ഹർഷാരവത്തോടെയാണ് പ്രോൽസാഹിപ്പിച്ചത്. മനോജ് നാരായണൻ സ്പോൺസർ ചെയ്ത 250 /- പൗണ്ട് ക്യാഷ് പ്രൈസും, WKC സ്പോൺസർ ചെയ്ത ഏവർ റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള ശക്തമായ മത്സരത്തിന് റോഷൻ ക്യാപ്റ്റനായ പാപ്പൻ ആന്റ് ടീം, ബെന്നി ക്യാപ്റ്റനായ ഗുരുക്ഷേത്ര ടീം, സെബാസ്റ്റ്യൻ ക്യാപ്റ്റനായ റെക്സം വാര്യയേഴ്സ്, അജു ക്യാപ്റ്റനായ റെക്സം മല്ലൂസ് .എന്നിവരുടെ ശക്തമായ മൽസരം റെക്സം മലയാളികൾക്ക് പുതു അനുഭവമായിരുന്നു..

ബെന്നി ക്യാപ്റ്റനായ ഗുരു ക്ഷേത്ര ഒന്നാം സ്ഥാനവും അജു കാപ്റ്റനായ റെക്സം മല്ലൂസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി, ആൻസിയും, ബീനയും നേതൃത്വം നല്കിയ സ്ത്രീകളുടെ ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി
.
പുരുഷൻമാർക്ക് ഒപ്പം സ്ത്രീകളും വടം വലി മത്സരത്തിൽ മാറ്റുരച്ചത് മൽസരത്തേക്കാൾ ഉപരി ഏവർക്കും സന്തോഷം പകരുന്നതായി.

ഒരുമണിയോടെ വിഭവ സമൃദ്ധമായ ഓണസദ്യയും . തുടർന്ന് ബ്രിട്ടീഷ് മലയാളി അവാർഡ്ദാനത്തിലെ അവതാരകരായ അന്നപോളും, പ്രിൻസ് സേവ്യറും ചേർന്ന് വിശിഷ്ട അതിഥികളായ റെക്സം സിറ്റി മേയർ മാഡം ബെറിൽ ബ്ലാക്ക് മോർ, മേയർ കൺസോൾഡ് ഡൊറോത്തി ലോയഡ് എന്നിവരെ മഹാബലിയോടും പുലികളി സംഘത്തോടും ഒപ്പം ചേർന്ന് കമ്മറ്റി അംഗങ്ങൾ ചെണ്ടമേള അകമ്പടിയോടെ സ്റ്റേജി ലേക്ക് ആനയിച്ചു. തുടർന്ന് ഇവാൻജല പ്രിൻസ് ഈശ്വര പ്രാർത്ഥനയും ധന്യാ മനോജ്‌ ഓണത്തിന്റെ ഐതീഹ്യം വിവരിച്ച് സ്വാഗതപ്രസംഗവും നടത്തി. തുടർന്ന് പ്രസിഡന്റും വിശിഷ്ട വ്യക്തികളും ചേർന്ന് തിരി തെളിച്ച് ഉൽഘാടന കർമ്മം നിർവഹിച് ഏവർക്കും ആശംസകൾ നേർന്നു. നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കളെ പൂഞ്ചെണ്ട് കൊടുത്ത് സ്റ്റേജിൽ ആദരിച്ചത് നമ്മുടെ മാതാപിതാക്കളോടുള്ള സ്നേഹത്തിന്റ പ്രകടനമായി മാറി.


.
തുടർന്ന് നടന്ന കലാപരിപാടികൾ ഏവർക്കും ആസ്വാദകരം ആയിരുന്നു. തിരുവാതിര,, വള്ളംകളി, ഫ്യൂഷൻ ഡാൻസ് പാട്ടുകൾ, സ്കിറ്റുകൾ, കപ്പിൾ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ ഏവരുടേയും മനം കവരുന്നതായിരുന്നു.

സദസിന്റെ മുഴുവൻ കൈയടി നേടിയ കേരള മങ്ക പുരസ്കാരത്തിന് റ്റിൻറുവും കേരള ശ്രീമാൻ പുരസ്കാരം മനുവും കരസ്ഥമാക്കി. അഞ്ചു മണിയോടെ ചൂട് പാറുന്ന ചെറുകടികളും ചായ, കാപ്പി എന്നിവ ഏവർക്കും നൽകിയത് കൂടുതൽ ഊർജം പകരുന്നത് ആയിരുന്നു.

പതിനാല് സമ്മാനങ്ങൾ ഉൾകൊള്ളുന്ന റാഫിൾ ടിക്കറ്റ് ഏവർക്കും ഭാഗ്യം പരീക്ഷി ക്കുന്നതും ഉപകാരപ്രഥവുമായിരുന്നു. റെക്സം കേരളാ കമ്യൂണിറ്റിയുടെ ഫണ്ട് ശേഖരണാർത്ഥം നടത്തിയ ആവേശകരമായ ലേലം ഏവരേയും . വാശിയുടെ കൊടുമുടിയിൽ എത്തിച്ചു. നാട്ടിൽ നിന്നും എത്തിച്ച ഓൾഡ് മഗ്ഗ്, യുകെയിലെ മലയാളികളുടെ ഉൽപന്നമായ ഒറ്റ കൊമ്പൻ. സ്വീറ്റ് വൈൻ എന്നിവ 350/- പൗണ്ടിന് രാജേഷും, മനോജ് നാരായണനും ചേർന്ന് ൈ കൈപ്പിടിയിൽ ഒതൂക്കി . ഈ ലേലത്തിൽ ഏവർക്കും പങ്കെടുക്കാൻ കഴിയുന്നത് മത്സര ആവേശവും സന്തോഷവും പകരുന്നതായി മാറി. റെക്സം കേരളാ കമ്മ്യൂണിറ്റി നടത്തിയ സ്പോർട്സ് ഡേ, മറ്റ് കലാ മത്സരങ്ങളുടെയും സമ്മാനവും അതോടൊപ്പം ഓണ ആഘോഷത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ കൈമാറുകയുണ്ടായി.

ഓണ പരിപാടികൾക്ക് സംഗീതത്തിന്റെ ലയന, താളം ഒരുക്കാൻ റെക്സം മന്ത്ര ഒരുക്കിയ സംഗീത നിശ ഏവർക്കും നൃത്തചുവടുകൾ വയ്ക്കാൻ പ്രചോദനകരം ആയിരുന്നു..രാത്രി ഒൻപതു മണിയോടെ സെക്രട്ടറിയുടെ നന്ദി പ്രകടനത്തോടെ ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി…

റോമി കുര്യാക്കോസ് 
ഇപ്സ്വിച്ച്: ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രൗഡഗംഭീരമായി. നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഭദ്രദീപം തെളിച്ചു ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സംഘടനയുടെ ഇപ്സ്വിച്ച് യൂണിറ്റാണ് ഉത്രാട ദിവസം കൊണ്ടാടിയ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയും ഇപ്സ്വിച്ച് യൂണിറ്റ് കമ്മിറ്റിയും പുനസംഘടിപ്പിക്കപ്പെട്ടതിനു ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയെന്ന പ്രത്യേകതയും ഇത്തവണത്തെ ഓണാഘോഷ പരിപാടിക്കുണ്ടായിരുന്നു.
താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ  ഒരുക്കിയ മാവേലി എഴുന്നുള്ളത്തും കേരളീയത നിറഞ്ഞു തുളുമ്പുന്ന ശൈലിയിൽ അലങ്കരിച്ച വേദിയും മെഗാ പൂക്കളവും പകർന്ന ദൃശ്യ വിസ്മയം ഗൃഹാതുരത്വം നിറഞ്ഞതായി. സമൃദ്ധമായി ഒരുക്കിയ വേദിയിലേക്ക് മാവേലി തമ്പുരാൻ ആനയിക്കപ്പെട്ടതോടെ പ്രൗഡഗംഭീരമായ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
വയനാട് പ്രകൃതി ദുരന്തത്തിനിരയായവർക്ക്   അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ ഒ ഐ സി സി (യു കെ) ഇപ്സ്വിച്ച് യൂണിറ്റ് പ്രസിഡന്റ്‌ ബാബു മാങ്കുഴിയിൽ അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ കെ ജി ജയരാജ്‌ ആമുഖവും ഇപ്സ്വിച്ച് യൂണിറ്റ് ജനറൽ സെക്രട്ടറി സ്വാഗതവും ആശംസിച്ചു.
ഉദ്ഘടന പ്രസംഗത്തിൽ സംഘടനാ കൂട്ടായ്മകളിൽ ആഘോഷ പരിപാടികൾ പ്രധാനം ചെയ്യുന്ന സ്നേഹം ഐക്യം എന്നിവയുടെ പ്രസക്തി എടുത്തു പറഞ്ഞു. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു ഇത്തരത്തിൽ വിപുലമായ ക്രമീകരണങ്ങളോടെ  ഓണാഘോഷം ഏറ്റെടുത്തു നടത്താൻ തയ്യാറായ ഇപ്സ്വിച്ച് യൂണിറ്റിനെ നാഷണൽ കമ്മിറ്റിയുടെ അനുമോദനവും നന്ദിയും അറിയിച്ചു.
തുടർന്നു, ഒ ഐ സി സി (യു കെ) വർക്കിംഗ്‌ പ്രസിഡന്റ്‌ അപ്പ ഗഫൂർ, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ജനറൽ സെക്രട്ടറി അഷറഫ് അബ്ദുള്ള, നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, മറ്റു ഭാരവാഹികളായ സി നടരാജൻ, ബേബി ലൂക്കോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഒ ഐ സി സി (യു കെ)  ഇപ്സ്വിച്ച് യൂണിറ്റ് പ്രവർത്തകർ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ 200 – ഓളം പേർ ഒരുമിച്ചിരുന്നു അസ്വദിച്ചത് പുത്തൻ അനുഭവം പകർന്നു . യൂണിറ്റ് അംഗങ്ങളും കുട്ടികളും ചേർന്നു അവതരിപ്പിച്ച കലാവിരുന്നുകൾ ഓണാഘോഷത്തിന്റെ കൊഴുപ്പ് വർധിപ്പിച്ചു. പ്രസ്‌ഥാനത്തിന്റെ മുൻപോട്ടുള്ള പ്രയാണത്തിന് ഉതകുന്ന ഫണ്ട്‌ രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ലേലം, പ്രസ്ഥാനത്തോടുള്ള അംഗങ്ങളുടെ ആത്മാർത്ഥത വിളിച്ചോതുന്നതായിരുന്നു.
അവതരണം കൊണ്ടു സദസ്സിന്റെ പ്രശംസ നേടുകയും ഓണസദ്യവട്ടങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്ത കെ ജി ജയരാജ്‌, പ്രോഗ്രാം കോർഡിനേറ്റർ വിഷ്ണു പ്രതാപ്, ഇപ്സ്വിച്ച് യൂണിറ്റ് ഭാരവാഹികളായ അഡ്വ.  സി പി സൈജേഷ്, ജെനിഷ് ലൂക്ക, ജിജോ സെബാസ്റ്റ്യൻ, നിഷ ജെനിഷ്, ജോസ് ഗീവർഗീസ്, നിഷ ജയരാജ്‌, ജിൻസ് വർഗീസ്, ജോൺസൺ സിറിയക്, ബിജു ജോൺ, ആന്റു എസ്തപ്പാൻ, ജയ്മോൻ ജോസ്, ജെയ്സൺ പിണക്കാട്ട്, ബാബു മത്തായി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
പരിപാടിയുടെ വലിയ വിജയത്തിൽ ചെറുതല്ലാത്ത പങ്കു വഹിച്ച സ്പോൺസമാരായ ഷൈനു ക്ലെയർ മാത്യൂസ് (ടിഫിൻ ബോക്സ്‌, കവന്ററി), ജിജോ സെബാസ്റ്റ്യൻ (വൈസ് മോർട്ഗേജ് ആൻഡ് ഇൻഷുറൻസ്), മാത്യു തോമസ് (കേരള സ്റ്റോർ, ഇപ്സ്വിച്ച്), മാവേലിയുടെ വേഷ പകർച്ച ഗംഭീരമാക്കിയ ജീനീഷ് ലൂക്ക, പരിപാടിയിൽ പങ്കാളികളായവർക്കുമുള്ള നന്ദി യൂണിറ്റ് പ്രസിഡന്റ്‌ ബാബു മങ്കുഴിയിൽ രേഖപ്പെടുത്തി.
പരിപാടിയോട് അനുബന്ധിച്ചു നടന്ന റാഫിൾ നറുക്കെടുപ്പിൽ സമ്മാനാർഹരായവർക്കുള്ള സമ്മാനദാനം ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഷൈനു ക്ലെയർ മാത്യൂസ്, അപ്പ ഗഫൂർ, അഷ്‌റഫ്‌ അബ്ദുള്ള, റോമി കുര്യാക്കോസ് എന്നിവർ നിർവഹിച്ചു. പരിപാടിയിൽ സാന്നിധ്യമറിയിച്ച നാഷണൽ കമ്മിറ്റി ഭാരവാഹികൾക്കുള്ള ഓണസമ്മാനം ഇപ്സ്വിച്ച് യൂണിറ്റ് ഭാരവാഹികൾ നൽകി. കലാവിരുന്നുകളിൽ പങ്കാളികളായ കൊച്ചു മിടുക്കർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും കരുതിയിരുന്നു.
വെകുന്നേരം ആറുമണിക്ക് ദേശീയ ഗാനത്തോടെ ആഘോഷങ്ങൾ പൂർണ്ണമായി.
കൂടുതൽ ചിത്രങ്ങൾ:
RECENT POSTS
Copyright © . All rights reserved