Association

ഹരിപ്പാടിനടുത്തുള്ള ചിങ്ങോലി ചൂരവിള യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾ കരുതലായി സമീക്ഷ യുകെ. വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 10 വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾക്കാണ് സമീക്ഷ യുകെ നടത്തിയ ടെലിവിഷൻ ചലഞ്ച് തുണയായത്.

സമീക്ഷ യുകെ DYFI യുമായി സഹകരിച്ചു നടത്തിയ ടെലിവിഷൻ ചലഞ്ചിലൂടെ സ്വരൂപിച്ച ടെലിവിഷനുകളിൽ നിന്നാണ് 10 ടെലിവിഷനുകൾ ചിങ്ങോലി ചൂരവിള യുപി സ്കൂളിലെ കുട്ടികൾക്ക് കൈമാറിയത് . സ്കൂൾ ചെയർമാൻ ടി കെ ദേവകുമാർ Ex MLA യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ DYFI ജില്ലാ സെക്രട്ടറി ആർ രാഹുൽ ഉദഘാടനം നടത്തി. പൊതു സാമൂഹ്യ രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത് മുതൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഈ കുട്ടികൾ പഠനം നടത്തിയിരുന്നത്. ഇന്ന് മുതൽ തങ്ങളുടെ വീട്ടിലും ഈ സൗകര്യം ഉണ്ടാവും എന്നത് കുട്ടികളെ തെല്ലൊന്നുമല്ല ആഹ്ളാദിപ്പിച്ചത് .

സമീക്ഷയുടെയും DYFI യുടെയും സഹായം നിർധന കുടുംബങ്ങളിൽ നിന്നുള്ള ഈ കുട്ടികൾക്ക് ഒരു അനുഗ്രഹമായെന്നു സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു. ഇതുപോലുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തികൾ നടത്തുന്നതിൽ സമീക്ഷ യുകെ യും DYFI യും നാടിനു മാതൃകയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .

ബിജു ഗോപിനാഥ്.

ഇടതുപക്ഷ സാംസ്‌കാരിക സംഘടനായ സമീക്ഷ യുകെയുടെ പുതിയ ബ്രാഞ്ച് സാലിസ്ബറിയിൽ നിലവിൽ വന്നു. വളർച്ചയുടെ പടവുകൾതാണ്ടി യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനായ സമീക്ഷയുടെ ഇരുപതിനാലാമത്തെ ബ്രാഞ്ച് ആണ് വില്ൽട്ഷെയർ കൗണ്ടിയിലെ പട്ടണമായ സാലിസ്ബറിയിൽ ശനിയാഴ്ച ഉദ്‌ഘാടനം ചെയ്യപ്പെട്ടത്.

ലോക്ക്ഡൗൺ വ്യവസ്ഥകൾ പാലിച്ചുകൊണ്ട്‌ സാലിസ്ബറിയിലെ ഇടതുപക്ഷ മനസ്സുള്ള ഒരുകൂട്ടം ചെറുപ്പക്കാർ ഓൺലൈൻ മാധ്യമത്തിലൂടെ യോഗം ചേർന്നാണ് ബ്രാഞ്ച് രൂപീകരണം നടത്തിയത് .
ശ്രീ രാജേഷ് സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമീക്ഷ ദേശിയ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിന്റെ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്‌ഘാടനം നിർവഹിച്ചു . തുടർന്ന് സമീക്ഷ പ്രസിഡന്റ് ശ്രീമതി സ്വപ്ന പ്രവീൺ , വൈസ് പ്രസിഡന്റ് ശ്രീ പ്രസാദ് ഒഴാക്കൽ എന്നിവർ സമീക്ഷയുടെ പ്രസക്തിയെക്കുറിച്ചും സമീക്ഷ പ്രവാസലോകത്തു നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ യോഗത്തിൽ പങ്കെടുത്തവർ സമീക്ഷ ബ്രാഞ്ച് ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിച്ചു. ഭാവി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാനായി ബ്രാഞ്ച് കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം തെരെഞ്ഞെടുത്തു.

ഭാരവാഹികൾ :
പ്രസിഡന്റ് : രാജേഷ് സുധാകരൻ
വൈ : പ്രസിഡന്റ് : ബോബി ജോർജ്
സെക്രട്ടറി: ജിജു നായർ
ജോ. സെക്രട്ടറി :നിധിൻ ചാക്കോ
ട്രെഷറർ : ശ്യാം മോഹൻ
പിആർഒ: കീത്ത് ജോർജ്

ബ്രാഞ്ചിന്റെ പ്രഥമ സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട ജിജു യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി .

ജോൺസൺ കളപ്പുരയ്ക്കൽ

ലണ്ടൻ :  കഴിഞ്ഞ 11 വർഷമായി കുട്ടനാട് സംഗമത്തിനായി യുകെയിലെ ഓരോ സിറ്റികളിലായി ഒത്തുകൂടിയിരുന്ന കുട്ടനാട്ടുകാർ ഈ വർഷത്തെ കുട്ടനാട് സംഗമം വീഡിയോ കോൺഫറൻസിലൂടെ നടത്തുവാൻ നാളെ ഒത്തു കൂടുന്നു . യുകെയിലെ കുട്ടനാടൻ മക്കളുടെ ഒരുമയുടെയും , ഒത്തുകൂടലിന്റെയും , പരസ്പര സ്നേഹത്തിന്റെയും ഉദാത്ത മാതൃകയായിരുന്ന കുട്ടനാട് സംഗമം കോവിഡ് മഹാമാരിയെ തുടർന്നാണ് മാറ്റി വച്ചത് . അതുകൊണ്ട് പന്ത്രണ്ടാമത് കുട്ടനാട് സംഗമം എടത്വാ സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ : ജോച്ചൻ ജോസഫ് വീഡിയോ കോൺഫ്രൻസിലൂടെ നാളെ ഉത്ഘാടനം ചെയ്യും.

യുകെയിലെ കുട്ടനാട്ടുകാരെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ട്  നാളെ രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ ആശയ കൈമാറ്റം നടത്തുവാനും , ടി വി ഇല്ലാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടനാട്ടുകാരായ കുട്ടികളെ സഹായിക്കുന്നതിനെപ്പറ്റിയും നാളത്തെ മീറ്റിങ്ങിൽ ചർച്ച ചെയ്യും . പ്രവാസികൾ ഇന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള സിമ്പോസിയവും സംഘടിപ്പിക്കുന്നുണ്ട്.

അതിജീവനത്തിന് ഭാണ്ഡക്കെട്ട് പേറി യുകെയിലേക്ക് കുടിയേറിയ കുട്ടനാടൻ പ്രവാസി  മക്കളുടെ ഹൃദയത്തിന്റെ താളമായി മാറിയ കുട്ടനാട് സംഗമം മാറ്റി വയ്ക്കേണ്ടി വന്നതിൽ യുകെയിലെ കുട്ടനാട്ടുകാർ ദുഃഖിതരാണ് . യുകെയിലെ ബഹുഭൂരിപക്ഷം വരുന്ന കുട്ടനാട്ടുകാരും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ് .  അതുകൊണ്ട് തന്നെ കാലഘട്ടം അവരെ ഏൽപ്പിച്ച ഉത്തരവാദിത്വം ആത്മാർത്ഥതയോടെ , യാഥാർത്ഥ്യ ബോധത്തോടെ ഏറ്റെടുത്ത് മുന്നോട്ട് പോകുമ്പോൾ ഈ വർഷം സംഗമവേദിയിൽ എത്തിച്ചേരുവാൻ സാധിക്കാത്തത് യുകെയിലെ കുട്ടനാട്ടുകാർ ഒരു പ്രതിസന്ധിയായി കാണുന്നില്ല. ഈ വർഷത്തെ സംഗമവേദിയായി നിശ്ചയിച്ചിരുന്ന സ്വിൻഡനിൽ വെച്ച് തന്നെ അടുത്ത വർഷത്തെ കുട്ടനാട് സംഗമം കൂടുതൽ ജനപങ്കാളിത്തത്തോടെ നടത്തുവാൻ ആഗ്രഹിക്കുന്നതായി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട് .

ഈ വർഷത്തെ കുട്ടനാട് സംഗമത്തിന് സാമ്പത്തിക സഹായം വാഗ്ദാനം നൽകിയിരുന്ന Tech Bank ന്റെ ഉടമ സുബാഷ് മാനുവൽ ജോർജ്ജിനും , Infinity Fainancials Ltd ന്റെ ജെഗ്ഗി ജോസഫിനും , Ample Finance ന്റെ സിജിമോൻ ജോസ്സിനും , Betterframes UK യുടെ രാജേഷ്  അയ്യപ്പനും , സോജി തോമസ് ജോസ്സിനും , Free land Photographer രാജേഷ് പൂപ്പാറയ്ക്കും  മുഴുവൻ കുട്ടനാട്ടുകാരുടെ പേരിൽ പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനർമാരായ ആന്റണി കൊച്ചിത്തറ , സോണി ആന്റണി , പി ആർ ഒ തോമസ് ചാക്കോ , ഫുഡ് കമ്മിറ്റി അംഗങ്ങളായ ജയേഷ് കുമാർ , സോജി തോമസ് , റോജൻ തോമസ് , ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായ  ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി, പ്രോഗ്രാം കോർഡിനേറ്റേർമാരായ റാണി ജോസ് ഒഡേറ്റിൽ , അനു ചന്ദ്ര , ജെസ്സി വിനോദ് , ഷോണി ലെനി , ജൂബി സോജി എന്നിവർ ആത്മാർത്ഥമായ നന്ദി അറിയിച്ചു.

ബിജു ഗോപിനാഥ്

പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനും എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന അവകാശം കോവിഡ് കാലഘട്ടത്തിൽ ആർക്കും നഷ്ടപ്പെടാതിരിക്കുവാനും വേണ്ടി സമീക്ഷ യു കെ നടത്തിയ ടി വി ചലഞ്ചിന്‌ അഭൂതപൂർവ്വമായ പ്രതികരണമാണ് യുകെ യിലെ മലയാളി പ്രവാസി സമൂഹത്തിൽ നിന്ന് ലഭിച്ചത് . നിർദ്ധനരായ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐ നടത്തുന്ന ടി വി ചലഞ്ചിലേയ്ക്ക് 72 ടെലിവിഷൻ സെറ്റുകളാണ് സമീക്ഷ യുകെ സംഭാവനയായി നൽകിയത്.


അവകാശപോരാട്ടങ്ങളുടെ ചുവന്ന ഭൂമിയായ ആലപ്പുഴയിലെ മാരാരിക്കുളത്തെ ശ്രീ ചിത്തിര മഹാരാജവിലാസം ഗവ: യു പി സ്കൂളിലെ പത്തു കുട്ടികൾക്ക് ടെലിവിഷൻ സീറ്റുകൾ നൽകി അവരുടെ അതിജീവനസ്വപ്നങ്ങൾക്കു സമീക്ഷ യു കെ DYFI യുടെ സഹായത്തോടെ നിറം പകർന്നു.

സ്കൂൾ അങ്കണത്തിൽ നടന്ന മഹനീയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാനായ ശ്രീ.കെ.ടി.മാത്യു വിതരണോത്ഘാടനം നിർവഹിച്ചു. DYFI ജില്ലാ സെക്രട്ടറി ശ്രീ.ആർ.രാഹുൽ., KSTA സംസ്ഥാന സെക്രട്ടറി ശ്രീ. ഡി .സുധീഷ് , ശ്രീ. ശ്രീജിത്ത് , ശ്രീ . അരുൺ പ്രസാദ് , ശ്രീ സജി രാജൻ തുടങ്ങിയവർ പങ്കെടുത്തു . സമീക്ഷ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളിയുടെയും പ്രസിഡന്റ് ശ്രീമതി.സ്വപ്ന പ്രവീണിന്റേയും ആശംസ സന്ദേശങ്ങൾ ചടങ്ങിൽ വായിച്ചു.

സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പി ജി വേണു , സ്റ്റാഫ് സെക്രട്ടറി ശ്രീ യേശുദാസ് എന്നിവർ സമീക്ഷയും DYFI യും നടത്തിയ നന്മ നിറഞ്ഞ ഈ മഹനീയ പ്രവർത്തനത്തിന് നന്ദി പറഞ്ഞു . പ്രവാസ ലോകത്തിരിക്കുമ്പോളും സ്വന്തം നാടിനോടും നാട്ടുകാരോടും സമീക്ഷയും അതിലെ അംഗങ്ങളും കാണിക്കുന്ന കരുതൽ മാതൃകാപരമാണെന്നു അവർ കൂട്ടിച്ചേർത്തുകൊണ്ട് സംഘടനകുടെ തുടർന്നുള്ള പ്രവർത്തനത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു.

കേരളത്തിലെ കുരുന്നുകളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു സമീക്ഷ നടത്തിയ പ്രവർത്തനങ്ങളുമായി സഹകരിച്ച നന്മനിറഞ്ഞ എല്ലാ മനസ്സുകൾക്കും സമീക്ഷാ യുകെയുടെ നാഷണൽ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

 ബിജു ഗോപിനാഥ്

ലോക്ക്ഡൗൺ മൂലം സ്കൂളുകളിൽ പോവാനാവാതെ തങ്ങളുടെ കൂട്ടുകാരുമായി സംവദിക്കാനാവാതെ വീടുകൾക്കുള്ളിൽ അടച്ചിടപ്പെട്ട അവസ്ഥയിൽ ആണ് യു കെ യിലെ കുഞ്ഞു പ്രതിഭകൾ . ഇവരുടെ സർഗവാസനകൾ പൊടിതട്ടിയെടുക്കുവാനുള്ള ഒരു അവസരവുമായാണ് സമീക്ഷ യുകെ സർഗ്ഗവേദി എന്നപേരിൽ വിവിധ മത്സരങ്ങളുമായി എത്തിയത് .

സമീക്ഷ സർഗ്ഗവേദി നടത്തിയ മത്സരങ്ങളിൽ ആദ്യത്തേതായിരുന്നു ഏപ്രിൽ 20 മുതൽ 26 വരെ നടന്ന ചിത്രരചനാ മത്സരം . മൂന്നു വയസ്സ് മുതൽ പതിനെട്ടു വയസ്സുവരെയുള്ള കുഞ്ഞു പ്രതിഭകളെ വിവിധ വിഭാഗങ്ങളിലായി തിരിച്ചു നടത്തിയ മത്സരത്തിന് മികച്ച പ്രതികരണമാണ് കുട്ടികളിൽനിന്നു ഉണ്ടായത്. ഓരോ വിഭാഗത്തിനും ഓരോ വിഷയം ആസ്പദമാക്കി ആയിരുന്നു മത്സരം . കുരുന്നു ചിത്രകലാ പ്രതിഭകളുടെ ഭാവനകൾ പെൻസിൽ ഡ്രോയിങ്ങിലൂടെ മനോഹരമായാണ് ചിറകുവിരിച്ചത് .

ലഭിച്ച എൻട്രികളിലിൽ നിന്നും ഓരോ വിഭാഗത്തിലെയും മികച്ച 10 വീതം ചിത്രങ്ങൾ സമീക്ഷ സർഗ്ഗവേദിയുടെ വിദഗദ്ധ സമിതി ആദ്യ റൗണ്ടിൽ തിരഞ്ഞെടുത്തു. ഷോർട്ട് ലിസ്റ്റ് ചെയ്ത ഈ ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച മൂന്നു ചിത്രങ്ങൾ രണ്ടാം റൗണ്ടിൽ തിരഞ്ഞെടുത്തത് ചിത്രകലാരംഗത്തെ പ്രഗത്ഭർ ആയിരുന്നു. അദ്ധ്വാന വർഗ സ്ത്രീ പക്ഷ ചിത്രകാരി ശ്രീജ പള്ളം , ടെലിഫിലിം സംവിധായകൻ, മികച്ച ചിത്രകാരൻ, തമിഴ് സിനിമ രംഗത്ത് എഡിറ്റർ എന്ന നിലകളിലെല്ലാം തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സുജിത്ത് സഹദേവ് എന്നിവരാണ് ഓരോ വിഭാഗത്തിലെയും മികച്ച മൂന്നു ചിത്രങ്ങൾ തെരെഞ്ഞുടുക്കുക എന്ന ശ്രമകരമായ ദൗത്യത്തിന് സമീക്ഷ സർഗവേദിയെ സഹായിച്ചത്. നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ ഈ രണ്ടു ചിത്രകാരും സ്വന്തമായി ചിത്രപ്രദർശനങ്ങളും ചിത്രരചനാ ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട് കലാസ്നേഹികളായ സാധാരണ ജനത്തിന്റെ കയ്യൊപ്പുകൂടി അന്തിമ വിധിയിൽ ലഭിക്കുന്നതിനായി 10% മാർക്ക് സമീക്ഷ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ വോട്ടിങ്ങിലൂടെ ആയിരുന്നു.

വിവിധ വിഭാഗങ്ങളിലെ വിജയികളായി തിരഞ്ഞെടുക്കപെട്ട കുരുന്നു പ്രതിഭകൾ താഴെ പറയുന്നവരാണ് സബ് ജൂനിയർ വിഭാഗം വിഷയം : പ്രകൃതി എന്റെ കണ്ണിലൂടെ

ഒന്നാം സ്ഥാനം – ഡാനിയേൽ ജോൺസൺ – ഇപ്സ്വിച് നിവാസികളായ ജോൺസൻ ദേവസ്സ്യയുടെയും ജിഷ ജോൺസണിന്റെയും മകനാണ്.

രണ്ടാം സ്ഥാനം – സ്റ്റഫീന മരിയ സാജു – മാഞ്ചസ്റ്റർ നിവാസികളായ സാജു ലാസറിന്റെയും ഫെബിലു സാജുവിന്റെയും മകളാണ്.

മൂന്നാം സ്ഥാനം – നീഹാര ബിൻഡ്സൺ – ഗ്രേറ്റ് യമോത് നിവാസികളായ ബിൻഡ്സൺ ഭാസ്കറിന്റെയും ജിമ കുമാറിന്റെയും മകളാണ്.

ജൂനിയർ വിഭാഗം വിഷയം : എന്റെ കേരളം.

ഒന്നാം സ്ഥാനം –

ദിയ വർഗീസ് – ഇപ്സ്വിച് നിവാസികളായ വിൽസൺ ജോസഫ് വർഗീസിന്റെയും ജിൻസി വിൽസണിന്റെയും മകളാണ്.

രണ്ടാം സ്ഥാനം – ആൽഡ്രിന സന്തോഷ് – വെസ്റ്റ് സെക്സസ് നിവാസികളായ സന്തോഷ് ജോസഫിന്റെയും ടെൽമ ജോസിന്റെയും മകളാണ്.

മൂന്നാം സ്ഥാനം – സായ സിജോ – എക്സിറ്റർ നിവാസികളായ സിജോ ജേക്കബിന്റെയും ഗ്രീഷ്മ സിജോവിന്റെയും മകളാണ്.

സീനിയർ വിഭാഗം :- വിഷയം: കോവിഡ് പ്രത്യാഘാതങ്ങൾ

ഒന്നാം സ്ഥാനം – ഷരൺ ആഷാ സാജൻ – സാജൻ ഫെഡെറിക്കിന്റെയും ആഷാ സാജന്റെയും മകൾ ആണ്.

രണ്ടാം സ്ഥാനം – റോണിയ റോയ് തോമസ് – എക്സിറ്റർ നിവാസികളായ റോയ് തോമസിന്റെയും ലിജി റോയ് തോമസിന്റെയും മകളാണ്

മൂന്നാം സ്ഥാനം – ആൽഫി ജിൻസൺ – മാഞ്ചസ്റ്റർ നിവാസികളായ ജിൻസൺ വർഗീസിന്റെയും ജോയ്‌സി ജിൻസണിന്റെയും മകളാണ്.

വിജയികളെ ഹാർദ്ദമായി അഭിനന്ദിക്കുന്നതിനോടൊപ്പം പങ്കെടുത്ത എല്ലാ കുരുന്നു പ്രതിഭകൾക്കും അവരുടെ രക്ഷിതാക്കൾക്കും സമീക്ഷ സർഗ വേദി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. സമീക്ഷ യുകെയുടെ അടുത്ത ദേശീയ സമ്മേളനത്തിൽ വെച്ച് പ്രഗത്ഭരായ വ്യക്തികൾ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതായിരിക്കും എന്ന് സമീക്ഷ നാഷണൽ കമ്മിറ്റി അറിയിച്ചു.

സമീക്ഷ സർഗ്ഗവേദിയുടെ അടുത്ത മത്സരങ്ങളുടെ വിജയികളെ കണ്ടെത്താൻ നിങ്ങൾക്കും അവസരം. വോട്ടിംഗിനായി തയ്യാറായിക്കൊണ്ടിരിക്കുന്ന മത്സരങ്ങൾക്ക് സമീക്ഷ ഫേസ്ബുക് പേജിലൂടെ വോട്ട് ചെയ്ത്, വരാനിരിക്കുന്ന എല്ലാ കലാകാരേയും പ്രോത്സാഹിപ്പിക്കണമെന്ന് സമീക്ഷ സർഗവേദി യുകെയിലെ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സമീക്ഷ യുകെയുടെ ഫേസ്ബുക് പേജിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.

https://www.facebook.com/SMKAUK/

 

ജോൺസൺ കളപ്പുരയ്ക്കൽ 

ലണ്ടൻ : കുട്ടനാട്ടിലെ പ്രവാസികളായ മലയാളി മക്കളുടെ , മനസ്സിന്റെ മന്ത്രമായ , സ്നേഹ ജ്വാലയായ കുട്ടനാട് സംഗമം , അതിന്റെ പന്ത്രണ്ടാമത് സംഗമത്തിന്റെ കാര്യപരിപാടികൾ ഈ അവസരത്തിൽ മാറ്റിവെക്കുകയാണ്. കഴിഞ്ഞ 11 വർഷമായി അഭംഗുരമായി യുകെയിലെ ഏതെങ്കിലും ഒരു പ്രദേശത്ത് നൂറു മുതൽ ഇരുനൂറ്റിനാൽപതു വരെ കുടുംബങ്ങളിലെ വ്യക്തികൾ ഒത്തുചേരുന്ന കുട്ടനാട് സംഗമം കുട്ടനാടൻ മക്കളുടെ ഒരുമയുടെയും , ഒത്തുകൂടലിന്റെയും , പരസ്പര സ്നേഹത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു. അതോടൊപ്പം തന്നെ കുട്ടനാടിന്റെ പൈതൃകവും , തനതായ വിശേഷങ്ങളും അടുത്ത തലമുറയിലേക്ക് പകർന്നു നൽകുക എന്ന കർത്തവ്യം ഏറ്റുവാങ്ങി പ്രാവർത്തികമാക്കുകയാണ് കുട്ടനാട് സംഗമം ചെയ്തുകൊണ്ടിരുന്നത്.

യുകെയിലെ വിവിധ പ്രദേശങ്ങളിൽ അത് അഭംഗുരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ വർഷത്തെ കുട്ടനാട് സംഗമം വീഡിയോ കോൺഫറൻസിലൂടെ നടത്തുവാനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്. പതിമൂന്നാമത് കുട്ടനാടൻ സംഗമം അടുത്ത വർഷം ഇതേ സമയം , ജൂൺ മാസത്തിലെ അവസാന ശനിയാഴ്ച ഉദ്ദേശിച്ചിരുന്ന അതേ സ്ഥലത്ത് വച്ച് തന്നെ നടത്തുവാനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്.

കുട്ടനാടൻ സംഗമം കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിനും ,  അതോടൊപ്പം കുട്ടനാടിനും നൽകിയ സേവന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും , കൂടുതൽ മികവുറ്റതാക്കാനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. എല്ലാ വർഷങ്ങളിലും അനുഭവിക്കുന്നതിൽ കൂടുതലായി പ്രളയക്കെടുതികൾ കുട്ടനാടിനെ വിഴുങ്ങിയപ്പോഴും , ദൂര ദേശത്തുനിന്നും തങ്ങളുടെ അധ്വാനത്തിന്റെ ഒരു പങ്ക് സഹജീവികൾക്ക് എത്തിക്കാനും , ദുരിതാശ്വാസ പ്രവർത്തനത്തിലൂടെ കേരളത്തിന് കയ്യയച്ച് സംഭാവനകൾ നൽകാനും അംഗങ്ങൾ ശ്രദ്ധിച്ചിരുന്നു.

വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും കൂടുതൽ സംഭാവനകൾ നൽകാൻ സംഘടനയിലെ അംഗങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ വർഷത്തെ കുട്ടനാട് സംഗമം നടത്താൻ തീരുമാനിച്ചിരുന്ന ജൂൺ 27 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ യുകെയിലെ കുട്ടനാട്ടുകാരെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ട് ആശയ കൈമാറ്റം നടത്തുവാനും , ടി വി ഇല്ലാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടനാട്ടുകാരായ കുട്ടികളെ സഹായിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്.

ഈ വർഷത്തെ കുട്ടനാട് സംഗമത്തിന് സാമ്പത്തിക സഹായം വാഗ്ദാനം നൽകിയിരുന്ന Tech Bank ന്റെ ഉടമ സുബാഷ് മാനുവൽ ജോർജ്ജിനും , Infinity Fainancials Ltd ന്റെ ജെഗ്ഗി ജോസഫിനും , Ample Finance ന്റെ സിജിമോൻ ജോസ്സിനും , Betterframes UK യുടെ രാജേഷ്  അയ്യപ്പനും , സോജി തോമസ് ജോസ്സിനും , Free land Photographer രാജേഷ് പൂപ്പാറയ്ക്കും  മുഴുവൻ കുട്ടനാട്ടുകാരുടെ പേരിൽ പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനർമാരായ ആന്റണി കൊച്ചിത്തറ , സോണി ആന്റണി , പി ആർ ഒ തോമസ് ചാക്കോ , ഫുഡ് കമ്മിറ്റി അംഗങ്ങളായ ജയേഷ് കുമാർ , സോജി തോമസ് , റോജൻ തോമസ് , ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായ  ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി, പ്രോഗ്രാം കോർഡിനേറ്റേർമാരായ റാണി ജോസ് ഒഡേറ്റിൽ , അനു ചന്ദ്ര , ജെസ്സി വിനോദ് , ഷോണി ലെനി , ജൂബി സോജി എന്നിവർ ആത്മാർത്ഥമായ നന്ദി അറിയിച്ചു.

കുട്ടനാടൻ സംഗമത്തിന് ഇതുവരെ നൽകിയ എല്ലാ ആശീർവാദങ്ങൾക്കും , അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. ഈ വൈതരണിയെ, ഈ മഹാമാരിയെ നമ്മുക്ക് നേരിടാം , ഒത്തൊരുമയോടെ കുട്ടനാടിന്റെ ഐക്യ ബോധത്തോടെ , താള ബോധത്തോടെ നമുക്ക് അതിജീവിക്കാം. അതിജീവന പോരാട്ടത്തിന്റെ ആയോധനകലകൾ ഒന്നൊന്നായി പുറത്തെടുത്ത് നമുക്കിതിനെ കീഴ്പ്പെടുത്താം.

വരും കാലങ്ങൾ നമുക്കുള്ളതാണ്, വരും വർഷങ്ങളിൽ നമ്മുടെ കുട്ടികൾക്കൊപ്പം ഈ സംഗമവേദിയിൽ എത്തുവാൻ എല്ലാവർക്കും ദൈവം അനുഗ്രഹം നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് കുട്ടനാട് സംഗമത്തിന് എല്ലാവിധ ആശംസകളും നേരുന്നു . അതോടൊപ്പം ജൂൺ 27 ന് നടത്തുന്ന വീഡിയോ കോൺഫറൻസിൽ എല്ലാവരും പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു .

ലോക്ക് ഡൌണിന്റെ ഈ സമയത്ത് ഒത്തു ചേരലുകൾ സാധ്യമല്ലാതായപ്പോൾ അംഗങ്ങളെ എങ്ങനെ ഒത്തു ചേർക്കാം എന്ന് എല്ലാ അസോസിയേഷനുകളും ബുദ്ധിമുട്ടുമ്പോൾ ഒരു പുതിയ സംരംഭവുമായി ഡെർബി മലയാളി അസോസിയേഷൻ മുന്നോട്ടുവന്നിരിക്കുകയാണ് . … ഒരു ഓൺലൈൻ ഗെയിം നടത്തിയാണ് ലോക്ക് ഡൌൺ പ്രീതിസന്ധി അവർ മറികടന്നത് .

പ്രസിഡന്റ് ഷിബു രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഒരു 5 അംഗ കോർ കമ്മിറ്റിയാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. . ഷിബു രാമകൃഷ്ണൻ , സിജു ദേവസി , ജിനീഷ് തോമസ് , അനിൽ ജോർജ്ജ് , ബിജോ ജേക്കബ് . ഇവർ ഓരോ ദിവസത്തെയും മത്സരങ്ങൾ തയ്യാറാക്കുന്നു . ഇവരും ഇവരുടെ ഫാമിലിയും ഒരു മത്സരത്തിലും പങ്കെടുക്കുന്നില്ല .

മത്സരത്തിന്റെ വിധി നിർണ്ണയത്തിനായ് യുകെയുടെ തന്നെ വിവിധ ഭാഗങ്ങളിൽ ഉള്ള കലാ സാംസ്കാരിക രംഗത്ത് പ്രഗൽഭരായ മൂന്ന് പേരെ തിരഞ്ഞെടുത്തു എന്നതും പ്രത്യേകം എടുത്തു പറയേണ്ട കാര്യം ആണ് . മത്സരാർത്ഥികൾ അവരുടെ ഉത്തരങ്ങൾ നേരിട്ട് ജഡ്ജസിന് അയച്ചു കൊടുക്കുകയും ജഡ്ജസ് ഉത്തരങ്ങൾ വിലയിരുത്തി വിജയികളെ കോർ കമ്മിറ്റിയെ അറിയിക്കുകയും ചെയ്യും. .

മത്സരങ്ങളുടെ എല്ലാ സമ്മാനങ്ങളും സ്പോൺസർ ചെയ്തിരിക്കുന്നത് ..ഫ്രീഡം മോർട്ടഗേജ്സ് ആൻഡ് ഇൻഷുറൻസ് ലിമിറ്റഡ് ആണ് .

 

ബാലസജീവ് കുമാർ

യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ-യുകെ ലോക്ക് ഡൗൺ മൂലം യു കെയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നേരിട്ട് കൊച്ചി വിമാനത്താവളത്തിലെത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സമർപ്പിച്ച ചാർട്ടേർഡ് ഫ്ലൈറ്റ് അപേക്ഷ ജൂൺ 15-ന് ശേഷം പരിഗണിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ യു എം ഓ- യുകെ ഭാരവാഹികളെ അറിയിച്ചു. യു എം ഓ ഹെൽപ്പ്ലൈനിൽ വന്ന നിരവധി മലയാളികളുടെ അപേക്ഷയെ തുടർന്ന് മെയ് 31-ന് പ്രധാന മാദ്ധ്യമങ്ങളിൽ വാർത്ത നൽകുകയും, ജൂൺ 1-ന് ഇന്ത്യൻ ഹൈക്കമ്മീഷനിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.

ആദ്യ ദിവസം തന്നെ 586 അന്വഷണങ്ങൾ യു എം ഓ- യുകെ ക്ക് ലഭിക്കുകയുണ്ടായി. അവയെ ഇന്ത്യാ ഗവൺമെന്റിന്റെയും, കേരളാ സംസ്ഥാന സർക്കാരിന്റെയും മുൻഗണനാ ക്രമമനുസരിച്ച് തരം തിരിച്ച് ബന്ധപ്പെട്ടവർക്കെല്ലാം മറുപടികൾ അയച്ചു. അപേക്ഷകരുടെ വ്യക്തിവിവരങ്ങളുടെ രഹസ്യത സൂക്ഷിക്കേണ്ടതുകൊണ്ട് പരിമിതമായ വോളന്റിയേഴ്‌സിനെ പങ്കെടുപ്പിച്ചതുകൊണ്ടും, പ്രൊഫഷണൽ രീതിയിൽ മുൻഗണനാക്രമം ചാർട്ട് രീതിയിൽ സമർപ്പിച്ചതുകൊണ്ടും മൂന്ന് ദിവസത്തെ കാലതാമസമെടുത്താണ് ഇത് പൂർത്തീകരിക്കാൻ സാധിച്ചത്. ഇതിനോടകം ഇന്ത്യൻ ഹൈക്കമ്മീഷനിൽ മൂന്നിൽ കൂടുതൽ ചാർട്ടേർഡ് ഫ്ലൈറ്റ് അപേക്ഷകൾ വ്യക്തികളും, വാട്ട്സാപ്പ് ഗ്രൂപ്പുകളും ആയി നൽകുകയും, വ്യക്തികളുടെയോ ഗ്രൂപ്പിന്റേയോ പേരിൽ ചാർട്ടേർഡ് ഫ്ലൈറ്റിന് പണം മുടക്കുന്നത് വ്യക്തികളുടെ പൂർണ്ണ ഉത്തരവാദിത്തത്തിലായിരിക്കും എന്നും ഇന്ത്യൻ ഹൈക്കമ്മീഷന് ഇക്കാര്യത്തിൽ ഒരു ഉത്തരവാദിത്തവും ഉണ്ടാവില്ല എന്ന നിലയിൽ ട്വീറ്റ് ചെയ്യുകയും ഉണ്ടായി.

യു എം ഓ- യുകെ യുടെ പ്രവർത്തനങ്ങളിൽ വിശ്വാസമർപ്പിച്ചവരുടെ ആവശ്യത്തിനായി പരിശ്രമം തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷനും കേന്ദ്ര വിദേശ മന്ത്രാലയവും ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ച് അനുമതിക്കായി കാത്തിരുന്നപ്പോൾ കേരളാ ഗവണ്മെന്റിന്റെയും നോർക്കയുടെയും അനുമതി കൂടി വേണമെന്നുള്ളത് ശ്രദ്ധയിൽ പെട്ടു. ഇതിനോടകം ലോകകേരളാ സഭ യുകെ ഇപ്രകാരം ഒരനുമതി വാങ്ങി കൈവശം വച്ചിരുന്നു എങ്കിലും, വ്യക്തമായി കാരണങ്ങൾ നിരത്തി യു എം ഓ- യുകെ നൽകിയ അപേക്ഷയിൽ ഉടനടി തീരുമാനമുണ്ടാക്കി വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കുവാനുള്ള ഏതൊരു ചെറിയ ശ്രമത്തിനും ഊർജ്ജം പകരുന്ന കേരളാ സർക്കാരിന് അഭിനന്ദനങ്ങൾ

വിവിധ ഫ്ലൈറ്റ് ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ട് ‘വന്ദേഭാരത് മിഷൻ’ ഫ്ലൈറ്റുകൾക്ക് തത്തുല്യമായ തുകക്ക് ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ചാർട്ടേർഡ് ഫ്ലൈറ്റിന് 302 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം ബുക്ക് ചെയ്ത വിവരവും, കേന്ദ്ര ഗവണ്മെന്റ് അനുശാസിച്ച പ്രകാരം ഉള്ള മുൻകരുതലുകൾ ആര് എപ്രകാരം ചെയ്യുമെന്നുള്ള വിശദീകരണങ്ങളുമായി അപേക്ഷ സമർപ്പിച്ചിട്ടും ഇന്ത്യൻ ഹൈക്കമ്മീഷനും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അലംഭാവം കാട്ടിയപ്പോളാണ് സ്വന്തം മകളുടെ സുരക്ഷയിൽ ആശങ്കയുണ്ടായിരുന്ന ഒരു പിതാവ് കേരളാ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും, കേരളാ ഹൈക്കോടതി യൂ എം ഓ- യുകെ യുടെ ചാർട്ടേർഡ് ഫ്ലൈറ്റ് അപേക്ഷയുടെ സ്ഥിതി അടിയന്തിരമായി കോടതിയെ അറിയിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഉത്തരവിടുകയും ചെയ്യുന്നത്.

ഈ അവസരത്തിൽ, ഇന്ത്യൻ ഹൈക്കമ്മീഷൻ യു എം ഓ- യുകെ ഭാരവാഹികളെ ബന്ധപ്പെട്ട് മുൻകൂട്ടി പ്രഖ്യാപിച്ച കേരളത്തിലേക്കുള്ള ഏക വിമാനം റദ്ദു ചെയ്തു എന്നും, പകരം ജൂൺ മാസം തന്നെ മൂന്ന് വിമാനങ്ങൾ കേരളത്തിലേക്ക് പുറപ്പെടുവിക്കുന്നതാണെന്നും, അവക്കുള്ള ബുക്കിങ്ങുകൾ ജൂൺ 10-ന് സ്വീകരിക്കുമെന്നും, അതുകൊണ്ട് വീണ്ടും അവസരം ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കിൽ ജൂൺ 15-ന് ശേഷം യു എം ഓ- യുകെ യുടെ അപേക്ഷ പരിഗണിക്കാം എന്നും അറിയിക്കുകയായിരുന്നു. എന്നാൽ ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത പലർക്കും കൺഫർമേഷൻ ആയില്ല എന്നു കാണിച്ച് അറിയിപ്പ് വന്നപ്പോൾ, നേരിട്ട് കൊച്ചിയിൽ എത്താൻ സഹായിക്കണം എന്ന ആവശ്യം ശക്തമായപ്പോൾ, വീണ്ടും ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടു.

വന്ദേഭാരത് മിഷന്റെ ഭാഗമായി ദിനം പ്രതി ഇന്ത്യയിലേക്ക് രണ്ട് ഫ്ലൈറ്റുകൾ വീതം പോകുന്നുണ്ട് എന്നും, അവയിൽ നൂറിൽ അധികം സീറ്റുകൾ ബാക്കിയാണ് എന്നും, മലയാളികളെ അവയിൽ ഡെൽഹിയിലോ മുംബൈ യിലോ എത്തിച്ച് അവിടെ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റ് ഒരുക്കിയാൽ കോറന്റൈൻ ഒഴിവാക്കി നാട്ടിലെത്തിക്കാം എന്ന ഉപദേശമാണ് ഹൈക്കമ്മീഷൻ്റെ വക്താവ് വാട്സാപ്പ് സന്ദേശത്തിലൂടെ നൽകിയത്. ഇക്കാര്യത്തിലുള്ള യു എം ഓ- യുകെയുടെ നിലപാട് ആവശ്യക്കാരുടെ ബാഹുല്യം അനുസരിച്ച് കേരളത്തിലുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സാഹചര്യം ഒത്തുവരുന്നതനുസരിച്ച് അറിയിക്കുന്നതാണ്.

ഇതിനോടകം, യു എം ഓ- യുകെയുടെ ശ്രമങ്ങളെ അറിഞ്ഞ, കേരളത്തിൽ അകപ്പെട്ടുപോയ യുകെ മലയാളികളും, ജോലി വിസക്കാരുമായ ഒരുപറ്റം പേർ ബന്ധപ്പെടുകയും, അവർക്ക് യുകെയിലെത്തുവാൻ ഉള്ള സാഹചര്യത്തിനുള്ള ശ്രമമായി, ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ യുകെ പൗരന്മാരുടെയും, വിസ ഉള്ളവരുടെയും സ്വതന്ത്ര യാത്രക്ക് സ്വാതന്ത്ര്യം നൽകണം എന്ന നിർദ്ദേശം ഇന്ത്യാ ഗവൺമെന്റിന് നൽകുകയും ഉണ്ടായി. മുൻ ബ്രാഡ്‌ലിസ്റ്റോക്ക് മേയർ ടോം ആദിത്യ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേലുമായി ബന്ധപ്പെട്ട് നേടിയ ഈ ശുപാർശ, യു എം ഓ- യുകെയുടെ ചാർട്ടേർഡ് ഫ്ലൈറ്റിന് തിരികെ വരുമ്പോഴും യാത്രികരെ ലഭിക്കുന്നതിനാൽ, യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും, കേരളത്തിൽ അകപ്പെട്ടുപോയ യുകെ നിവാസികൾക്കും ജോലി വിസക്കാർക്കും കുടുംബത്തോട് ഒത്തുചേരുന്നതിനും, ജോലിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മാർഗ്ഗമാകുമായിരുന്നു.

നിലവിലെ സാഹചര്യത്തിൽ ജൂൺ 15-ന് ശേഷം യു എം ഓ- യുകെ യുടെ അപേക്ഷ പരിഗണിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുകയാണെങ്കിൽ മാത്രമേ, ആശങ്കാകുലരായ മലയാളികൾക്ക് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലയിൽ മറുപടി നൽകാൻ കഴിയുകയുള്ളൂ. എങ്കിലും, യു എം ഓ- യുകെയുടെ സമർത്ഥമായ ഇടപെടൽ മൂലമാണ് മിസോറാം ഗവർണർ ബഹുമാനപ്പെട്ട ശ്രീധരൻ പിള്ളയുടെ ശ്രമഫലമായി കേരളത്തിലേക്ക് ജൂൺ മാസം തന്നെ മൂന്നു ഫ്‌ളൈറ്റുകൾ ലണ്ടനിൽ നിന്നും അനുവദിച്ചു കിട്ടിയത്.

യു എം ഓ- യുകെയുടെ ഈ ഉദ്യമത്തിൽ പൂർണ്ണ സഹകരണവും, സഹായവുമായിരുന്ന മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവർകളോടും, ശ്രീ രാജമാണിക്യം ഐ എ എസ്, വേണുസാർ ഐ എ എസ്, ഇളങ്കോവൻ ഐ എ എസ്, റോഹൻ സാവന്ത് ഐ പി എസ്, എം പി ഡോക്ടർ ശശി തരൂർ എന്നിവരോടും, ഈ ഉദ്യമത്തെ പൂർണ്ണതയിൽ എത്തിക്കുന്നതിന് സഹായിച്ച റോജിമോൻ വറുഗീസ്, ബാലസജീവ് കുമാർ, ബിൻസു ജോൺ, റോസ്ബിൻ രാജൻ, സാന്ദ്ര, അനന്തു, കിരൺ സോളമൻ, ബിനു ജോർജ്ജ്, ജോമോൻ കുന്നേൽ എന്നിവർക്കും, സ്‌കൂൾ അവധിയിലും ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഇമെയിലുകൾ ചെക്കുചെയ്ത് രേഖപ്പെടുത്തിയ സുന്ദർലാണ്ടിലെ റോഷ്‌നിമോൾക്കും ഉള്ള പ്രത്യേക അഭിനന്ദനം യു എം ഓ- യു കെ അറിയിക്കുന്നു.

എന്നും ചോരാത്ത സേവനമനോഭാവമുമായി, പരസ്പരസഹായസംരംഭം എന്ന ആശയവുമായി രൂപീകൃതമായ യു എം ഓ- യുകെ ഇന്നും ഇന്നും ഹെൽപ്പ്ലൈനും, യുകെയിൽ എവിടെയും അരമണിക്കൂറിനുള്ളിൽ സഹായമെത്തിക്കുവാൻ തയ്യാറുള്ള സന്നദ്ധസേവകനിരയുമായി രംഗത്തുണ്ട്. ജാതി-മത-രാഷ്ട്രീയ പ്രായ-ലിംഗ ഭേദമെന്യേ, ഏതൊരാവശ്യത്തിനും വിളിക്കുക 02070626688

ജിപ്സൺ തോമസ്

കോവിഡ് 19 എന്ന മഹാമാരിയുടെ സംഹാരതാണ്ഡവത്തിൽ യു കെ മലയാളികൾക്കേറ്റ ആദ്യപ്രഹരമായിരുന്നു റെഡ് ഹിൽ നിവാസിയായ സിന്റോ ജോർജിന്റെ അകാല നിര്യാണം. ലോകംമുഴുവനും യൂറോപ്പ് പ്രത്യേകിച്ചും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ഏപ്രിൽ ആദ്യവാരത്തിലായിരുന്നു ഈ വേർപാട്. മഹാമാരിയുടെ പരിമിതികൾക്കിടയിൽ ബന്ധുമിത്രാദികൾ പലർക്കും ഈ കുടുംബത്തെ സന്ദർശിക്കാനോ സ്വാന്തനിപ്പിക്കാനോ സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിൽ റെഡ് ഹില്ലിലെ മലയാളി കൂട്ടായ്മയായ മാഴ്‌സും സീറോ മലബാർ സഭയുടെ ഭാഗമായ സെന്റ് ക്ലെയർ മിഷനും അടിയന്തിര കൂടിയാലോചനകൾക്കുശേഷം സിന്റോയുടെ ഭാര്യ നിമിയേയും കുട്ടികളെയും സന്ദർശിച്ചു തങ്ങളാൽ ആകുന്ന സഹായങ്ങൾ ഉറപ്പുനല്കുകയുമുണ്ടായി.

സിന്റോയുടെ പ്രായമായ മാതാപിതാക്കളെയും ഭാര്യ നിമിയേയും മൂന്നു പിഞ്ചുകുഞ്ഞുങ്ങളെയും സാമ്പത്തികമായി സഹായിക്കുന്നതിനും മരണാനന്തര കർമ്മങ്ങൾക്കുള്ള തുക കണ്ടെത്തുന്നതിനുമായി നിമിയുടെ അനുവാദത്തോടെ യു കെ മലയാളികളോട് സഹായാഭ്യർത്ഥന നടത്തി. മലയാളി സമൂഹം ആ കുടുംബത്തിന്റെ നഷ്ടത്തെ സ്വന്തം നഷ്ടമായി കണ്ടു വളരെ ഉദാരമായി സഹായിച്ചു. സെന്റ് ക്ലയർ മിഷന്റെ നേതൃത്വത്തിൽ നടത്തിയ ധന അഭ്യർത്ഥനയോട് യുകെയിലെ എല്ലാ ഇടവക സമൂഹങ്ങളും വളരെ വലിയ സഹകരണമാണ് നടത്തിയത് . മാഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ ധനസമാഹരണത്തിൽ യുക്മയടക്കമുള്ള വിവിധങ്ങളായ മലയാളി അസോസിയേഷനുകളും സംഘടനകളും അകമഴിഞ്ഞ് സഹായിച്ചു. ഈ അവസരത്തിൽ ഞങ്ങളോട് ചേർന്ന് ഒരു വലിയ തുക സമാഹരിക്കുന്നതിന് സഹകരിച്ച സട്ടൻ മലയാളി അസ്സോസിയേഷനെയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെയും നന്ദിയോടെ സ്മരിച്ചു കൊള്ളുന്നു.

സിന്റോയുടെ മൃതസംസ്കാരശുശ്രൂഷകൾക്ക് ശേഷം പല സ്രോതസ്സുകളിൽനിന്നായി സമാഹരിച്ച തുകകൾ ഏകോപിപ്പിക്കുന്നതിനും അതിന്റെ ഉചിതമായ വിനിയോഗത്തിനു നിമിയെ സഹായിക്കുന്നതിനുമായി മാഴ്സിന്റെയും സെന്റ് ക്ലയർ മിഷന്റെയും പ്രതിനിധികൾ ചേർന്ന് ഒരു എട്ട് അംഗകമ്മിറ്റി രൂപികരിച്ചു. ഈ കമ്മിറ്റി യഥാസമയങ്ങളിൽ യോഗം ചേരുകയും നിമിയുമായും നിമിയുടെയും സിന്റോയുടെയും കുടുംബാംഗങ്ങളുമായും കൂടിയാലോചനകൾ നടത്തുകയും ചെയ്തു. സാമ്പത്തിക സഹായത്തോടൊപ്പം നിമിയുടെയും കുഞ്ഞുങ്ങളുടെയും ഭാവിജീവിതം സുരക്ഷിതമാക്കുന്നതിനാവശ്യമായ യുകെ വിസ തരപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കും കമ്മിറ്റി നേതൃത്വം നൽകിവരുന്നു. അതിനോടൊപ്പംതന്നെ കൗൺസിലുമായി ബന്ധപ്പെട്ട് അർഹമായ ആനുകൂല്യങ്ങൾ നേടിക്കൊടുക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിച്ചുകൊണ്ടിരുന്നു.

ആവശ്യനേരത്ത് സഹായഹസ്തങ്ങൾ നീട്ടി പ്രവാസി സമൂഹത്തിനാകെ മാതൃകയായ ഓരോരുത്തരോടും നന്ദി പറയുന്നതിനൊപ്പം ലഭിച്ച തുകയുടെ വിവരങ്ങൾ ചെവടെ ചേർക്കുന്നു.

സെന്റ് ക്ലയർ മിഷൻ സമാഹരിച്ച തുക – £ 52680 .02

മാഴ്‌സും മറ്റു മലയാളി അസോസിയേഷനുകളും ചേർന്ന് സമാഹരിച്ച തുക – £65264 . 25

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൌണ്ടേഷൻ – £16250

ആകെ ലഭിച്ച തുക – £134194 .27

മൃത സംസ്കാര ശുശ്രൂഷകളുടെ ചിലവ് – £6126 .2

സിന്റോയുടെ ആശ്രിതർക്കൊരു കൈത്താങ്ങായിമാറിയ പ്രവാസി സമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ചും നിമിയുടെയും ബന്ധുമിത്രാദികളുടെയും താൽപ്പര്യങ്ങൾ പരിഗണിച്ചും ബാക്കി തുകയായ £128067 . 07 താഴെപറയും പ്രകാരം വീതിച്ചുനൽകാനും കമ്മിറ്റി തീരുമാനിച്ചു.

സിന്റോയുടെ മാതാപിതാക്കൾക്ക് സഹായധനമായി – £11000

ഓരോ കുട്ടിയുടെയും പേരിൽ പതിനെട്ടുവയസ്സു വരെയുള്ള സ്ഥിര നിക്ഷേപമായി £20000 വീതം – £60000

ബാക്കി തുകയായ £57068 .07 ഇത് നിന്നും ബാങ്ക് വിനിമയ ഫീസുകൾ കഴിച്ചുള്ള തുക നിമിയുടെയും കുട്ടികളുടെയും ആവശ്യങ്ങൾക്കായി നിമിയുടെ പേരിലും നൽകും.

യുകെ അക്കൗണ്ടിൽ പണം സ്വീകരിക്കുന്നതിനുള്ള സാങ്കേതിക തടസ്സം മൂലം, വിസ നടപടികൾ പൂർത്തിയാക്കി നിമിയുടെയും കുട്ടികളുടെയും പേരിൽ പുതിയ അക്കൗണ്ടുകൾ തുറക്കുന്നതുവരെ കമ്മിറ്റി ഈ തുക സൂക്ഷിക്കുന്നതിന് നിമി അഭ്യർത്ഥിച്ചതിനാൽ താൽക്കാലികമായി ഈ തുക സെന്റ് ക്ലയർ മിഷന്റെയും മാഴ്സിന്റെയും അക്കൗണ്ടുകളിലും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് കുട്ടികളുടെ പേരിൽ നൽകിയിട്ടുള്ള ചെക്കിലും സൂക്ഷിച്ചിട്ടുള്ളതാകുന്നു . അക്കൗണ്ടുകൾ തുറക്കുന്നമുറയ്ക്ക് കമ്മിറ്റി ഈ തുക കൈമാറുന്നതായിരിക്കും.

ഈ ഉദ്യമത്തിൽ ഞങ്ങളോട് ഏതെങ്കിലും രീതിയിൽ സഹകരിച്ച എല്ലാവർക്കും സിന്റോയുടെ മാതാപിതാക്കളുടെയും നിമിയുടെയും കുട്ടികളുടെയും പേരിലും റെഡ് ഹിൽ മലയാളീ സമൂഹത്തിന്റെപേരിലുമുള്ള അകൈതവമായ നന്ദി അറിയിച്ചുകൊള്ളട്ടെ.

ബെൽഫാസ്റ്റ്: കർമ്മാ കലാകേന്ദ്രവും,കെറ്റിൽ ഓഫ് ഫിഷും ചേർന്ന് നിർമ്മിച്ച ഡോക്കുമെന്ററി സീരിയസ് ആയ അരങ്ങിന്റെ ആദ്യ ഭാഗം യുട്യൂബ് പ്രീമിയറിൽ റിലീസ് ചെയ്തു.കർമ്മാ കലാകേന്ദ്രത്തിലെ വിദ്യാർത്ഥിനികൾ,നൃത്ത അദ്ധ്യാപകർ,മാതാപിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ സംരംഭം ആണ് അരങ്ങ്.

ഭരതനാട്യത്തിന്റെ ആധുനിക ചരിത്രം,ക്ലാസ്സിക്കൽ നൃത്ത രൂപങ്ങളുടെ നോവാദ്ധാനം തുടങ്ങിയ നിരവധി കാര്യങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന വിഡിയോയിൽ കർമ്മാ കലാകേന്ദ്രത്തിലെ വിദ്യാർത്ഥിനികളുടെ നൃത്ത രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തിൽ ഏറെയായി വടക്കൻ ഐർലണ്ടിൽ കലാ-സാംസ്‌കാരിക വാവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കലാകേന്ദ്രമാണ് കർമ്മ.അരങ്ങിന്റെ നിർമ്മിതിയിൽ ഭാഗമായ കെറ്റിൽ ഓഫ് ഫിഷ് പ്രദേശത്തെ പ്രമുഖ ഡോക്കുമെന്ററി നിർമ്മാണ കമ്പിനികളിൽ ഒന്നാണ്.
അരങ്ങിന്റെ ഇംഗ്ലീഷ് പതിപ്പായ Arena അടുത്ത മാസം റിലീസ് ചെയ്യും എന്ന് കർമ്മാ അധികൃതർ അറിയിച്ചു.
അരങ്ങിന്റെ ലിങ്ക് ചുവടെ:https://www.youtube.com/watch?v=xGTx6Cjjuss&t=913s

RECENT POSTS
Copyright © . All rights reserved