ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ പല ഭാഗങ്ങളിലും തുടരുന്ന കടുത്ത വരൾച്ചയും ചൂടും ബ്രിട്ടന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി കർഷക സംഘടനകൾ രംഗത്ത്. മഴയുടെ കടുത്ത കുറവും 30 ഡിഗ്രി സെൽഷ്യസിന് മുകളിലെ താപനിലയും ഗോതമ്പ്, ബാർലി ഉൾപ്പെടെയുള്ള പ്രധാന വിളകളുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ചില പ്രദേശങ്ങളിൽ വിളകൾ സാധാരണ ഉയരത്തിന്റെ പകുതിപോലും എത്തിയിട്ടില്ലെന്നും ഈ വർഷത്തെ വിളവെടുപ്പ് ചരിത്രത്തിലെ ഏറ്റവും നേരത്തേതായി മാറുകയാണെന്നും കർഷകർ പറയുന്നു.

നാഷണൽ ഫാർമേഴ്സ് യൂണിയൻ (NFU) ഉൾപ്പെടെയുള്ള സംഘടനകൾ പല ഫാമുകളിലും ധാന്യവിളവിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി വ്യക്തമാക്കി. പച്ചക്കറി കൃഷിയെയും ജലക്ഷാമം ബാധിച്ചതോടെ ആഭ്യന്തര ഉൽപാദനം കുറയുകയും ചില ഭക്ഷ്യവസ്തുക്കൾക്ക് ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. തുടർച്ചയായ വരൾച്ച മൂലം മൊത്തവില ഉയരുന്നതിന്റെയും സൂപ്പർമാർക്കറ്റുകളിൽ ചില ഉൽപന്നങ്ങളുടെ ലഭ്യത കുറയുന്നതിന്റെയും സാധ്യതകളും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നാമത്തെ വലിയ വരൾച്ചയാണ് ബ്രിട്ടൻ നേരിടുന്നത്. ഏകദേശം 2.3 കോടി ആളുകൾ നിലവിൽ ജല ഉപയോഗ നിയന്ത്രണങ്ങളുടെ പരിധിയിലാണെന്നും കാട്ടുതീ സംഭവങ്ങളും വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ജലസംഭരണ സംവിധാനങ്ങൾക്കും കാലാവസ്ഥാ മാറ്റത്തെ നേരിടാൻ കഴിയുന്ന കൃഷിരീതികൾക്കും സർക്കാർ കൂടുതൽ പിന്തുണ നൽകണമെന്നാണ് കർഷകരുടെ ആവശ്യം. അല്ലാത്തപക്ഷം രാജ്യത്തെ ഭക്ഷ്യോൽപാദന മേഖല ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.











Leave a Reply