Association

കൊറോണ എന്ന മഹാദുരന്തത്തിലകപ്പെട്ട് ലോകമാകെ വിറങ്ങലിച്ചു നിൽക്കുമ്പോൾ സഹായ ഹസ്തത്തിൻ്റെ ഒരു ചെറിയ കൈക്കുമ്പിളുമായി കലാകേരളം ഗ്ലാസ് ഗോയും.
മഹാപ്രളയകാലത്ത് ഒട്ടനവധി വീടുകൾ നിർമ്മിച്ചു നൽകി പ്രവാസ സംഘടനകൾക്കാകെ മാതൃകയായ കലാകേരളം:മാനവ സമൂഹം ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ഒരു ദുരന്തത്തെ അതിജീവിക്കാൻ പ്രയത്നപ്പെടുന്ന ഈ അവസരത്തിലും ഒരു സാമൂഹ്യ സംഘടനയെന്ന നിലയക്ക് നാളിതുവരെ ചെയ്തു കൊണ്ടിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വീണ്ടും ഏറെ പ്രസക്തമാകുകയാണ്.


കോവിഡ് 19- മൂലം ദുരിതമനുഭവിക്കുന്ന 70 ലധികം ആളുകൾക്ക് ഭക്ഷണത്തിനുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കുവാ നും ഐസൊലേഷനില് കഴിയുന്നവര്‍ക്ക് അവശ്യ സഹായങ്ങള്‍ എത്തിക്കാനും നാളിതുവരെ സാധിച്ചിട്ടുണ്ട്.


ഇനിയും ആരുടെയെങ്കിലും അറിവിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആരെയെങ്കിലുമറിയുമെങ്കിൽ കലാകേരളം ഭരണ സമിതിയുമായി ബന്ധപ്പെടുമല്ലോ.സ്റ്റുഡൻെറ വിസയിൽ എത്തിച്ചേർന്നവർ, ജോലിക്ക് പോകാൻകഴിയാത്തവർ,ഐസൊലേഷനില് കഴിയുന്നവര്‍അങ്ങനെ സഹായങ്ങൾ ആവശ്യമുള്ളവർ നിരവധിയാണ്. ഗ്ലാസ്ഗോയിലും പരിസരപ്രദേശങ്ങളിലും ബുദ്ധിമുട്ടനുഭവിക്കുന്ന ആർക്കും കലാകേരളവുമായി ബന്ധപ്പെടാവുന്നതാണ്. മനo ഒന്നിച്ചു, കരം ഒന്നിച്ചു കലാ കേരളം ഗ്ളാസ് ഗോ മലയാളികള്‍ക്കൊപ്പം.

ന്യൂകാസിൽ :  കോവിഡ് കാലത്തു ബ്രിട്ടനിലെ മലയാളി അസോസിയേഷനുകൾക്ക് മാതൃകയായി ന്യൂകാസിലിലെ മാൻ അസോസിയേഷൻ . ലോക്ക് ഡൌൺ മൂലം പുറത്തിറങ്ങാതുവാനോ അത്യാവശ്യ സാധനങ്ങൾ വാങ്ങുവാനോ ബുദ്ധിമുട്ടുന്ന നോർത്ത് ന്യൂകാസിലിലെ വിദ്യാർഥികൾ ഉൾപ്പടെ ഉള്ളവരെ സഹായിക്കുന്നതിനായി യുക്മ ദേശീയ നേതൃത്വത്തിന്റെ അഭ്യർഥന പ്രകാരം ഹെല്പ് ഡെസ്ക് ആരംഭിക്കുകയും ആവശ്യമുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തതിനു പിന്നാലെ അസോസിയേഷനിൽ അംഗങ്ങളായ മുഴുവൻ ആളുകൾക്കും സൗജന്യമായി അരിയും , പല വ്യഞ്ജനങ്ങളും ഉൾപ്പടെ ഉള്ള പ്രത്യേക കിറ്റ് വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്തു , അരി ഉൾപ്പടെ ഉള്ള കേരളീയ ഭക്ഷണം തയാറാക്കുന്നതിന് വേണ്ട സാധനങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടുന്ന സമയത്തു പ്രത്യേക താൽപ്പര്യം എടുത്തു ന്യൂകാസിലിലെ മലയാളികൾക്കായി സാധന സാമഗ്രികൾ എത്തിച്ചിരുന്നു , ഭക്ഷണമോ , അത്യാവശ്യ സഹായങ്ങളോ ആവശ്യമുള്ള വിദ്യാർഥികൾ ഉൾപ്പടെ ഉള്ള നോർത്ത് ഈസ്റ്റിൽ താമസിക്കുന്ന മലയാളികൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ യുക്മ ഹെല്പ് ഡസ്കിനെയോ മാൻ അസോസിയേഷൻ ഭാരവാഹികളെയോ സമീപിക്കാവുന്നതാണ് . മാൻ അസോസിയേഷൻ ഗവർണർ ജനറൽ ഷിബു മാത്യു എട്ടുകാട്ടിൽ , ബിനു കിഴക്കയിൽ എന്നിവരാണ് കിറ്റുകൾ വീടുകളിൽ എത്തിച്ചത് .

ബാല സജീവ് കുമാർ

കൊറോണ രോഗ ബാധയും ദുരന്തഫലങ്ങളും ലോക ജനതയെ ആകമാനം ആശങ്കയിലാഴ്ത്തിയിരിക്കുകയും, സാധാരണ ജീവിതത്തിന് തടയിട്ടിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതോടനുബന്ധിച്ച് പുതിയ വിവാദങ്ങളും ഉയർന്നുവരികയാണ്. യു കെ യിൽ NHS ഹോസ്പിറ്റലുകളിൽ ഇന്നലെവരെയുള്ള കണക്കനുസരിച്ച് പതിനേഴായിരത്തിനു മുകളിൽ ആൾക്കാർ മരിക്കുകയും, അത്രയും തന്നെ പേർ ചികിത്സയിലിരിക്കുകയും ചെയ്യുന്നതായാണ് ഗവണ്മെന്റ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. യു കെ യിലെ പ്രമുഖ മാദ്ധ്യമങ്ങളായ സ്കൈ ന്യൂസ്, ഗാർഡിയൻ, ദി ടെലിഗ്രാഫ്, ഡെയ്‌ലി മെയിൽ എന്നിവരുടെ വാർത്താവിശകലനങ്ങളിൽ വ്യക്തമാകുന്നത് യു കെയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും, വെളുത്ത വംശക്കാരെക്കാൾ കൂടുതലായി വംശീയ ന്യൂനപക്ഷങ്ങളാണ് ഇരയായിരിക്കുന്നത് എന്നാണ്.

യു കെ യിൽ കോവിഡ് രോഗബാധ കാരണം മരണമടഞ്ഞ ആദ്യ പത്തു ഡോക്ടർമാരും ഏഷ്യൻ-ആഫ്രിക്കൻ വംശജരായ വംശീയ ന്യൂനപക്ഷണങ്ങളായിരുന്നു എന്നതും, രോഗബാധയേറ്റ നേഴ്സുമാരും മറ്റ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരും ആനുപാതികമായി വെളുത്ത വംശജരെക്കാൾ കൂടുതലാണ് എന്നതും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെയും, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് , NHS എന്നിവരുടെയും അന്വേഷണത്തിന് കാരണമായിരിക്കുകയാണ്. അതോടൊപ്പം തന്നെ ബ്ലാക്ക് ആൻറ് ഏഷ്യൻ എത്നിക് മെനോറിറ്റിയെ (BAME) പ്രതിനിധാനം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ യു കെ ഹോസ്പിറ്റലുകളിൽ ന്യൂനപക്ഷവംശജരായ സ്റ്റാഫിനെ താരതമ്യേന അപകടകരമായ ജോലികൾക്ക് നിർബന്ധപൂർവം അയക്കുന്നതായി ആക്ഷേപമുയർത്തിയിട്ടുമുണ്ട്. പതിനായിരക്കണക്കിന് മലയാളികൾക്ക് തുല്യ അവകാശങ്ങളോടെയും, തുല്യ നീതിയോടെയും ജോലിയും, ജോലിയിലെ ഉയർച്ചാസാദ്ധ്യതകളും നൽകുന്ന നാഷണൽ ഹെൽത്ത് സർവീസിനെപ്പറ്റിയുള്ള അസമത്വ ആക്ഷേപം ഒറ്റപ്പെട്ട നിരീക്ഷണങ്ങളായിരിക്കുമെങ്കിലും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ‘ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ‘ പ്രോജക്ടിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന 02070626688 എന്ന ഹെൽപ്പ്ലൈൻ നമ്പറിലേക്ക് വരുന്ന നിരവധി കോളുകളും ജോലി സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും ഉൾക്കൊള്ളുന്നതാണ്.

കോവിഡ് ബാധ സ്ഥിരീകരിച്ച നേഴ്സിനോട് രോഗം മാറിയോ എന്ന് പരിശോധിക്കാതെ പനി മാറിയെങ്കിൽ ജോലിക്ക് വരാൻ ആവശ്യപ്പെട്ടതും, ക്യാൻസറിന് ചികിത്സയിലുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന ഭാര്യയേയും, 8 വയസ്സുള്ള കുഞ്ഞിനേയും തനിച്ചാക്കി ഹോസ്പിറ്റൽ അക്കൊമഡേഷനിൽ താമസിച്ച് ജോലി ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെട്ടതും, കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഹോസ്പിറ്റലിൽ അറിയിച്ചപ്പോൾ പുതുതായി വന്ന നേഴ്‌സുമാരോട് അവരുടെ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെ, പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കരുത് എന്ന താക്കീതോടെ നടന്ന് ആശുപത്രിയിൽ എത്തി ടെസ്റ്റിന് വിധേരാകാൻ ആവശ്യപ്പെട്ടതും ഒക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും, പരിചയക്കുറവോ, ജോലിസ്ഥലത്തെ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ, ഭീതിയോ പലതരത്തിലും ചൂഷണം ചെയ്യപ്പെടുന്നു എന്നത് വ്യക്തമാക്കുകയാണ്.

ജോലി സ്ഥലത്ത് ഇപ്രകാരം ഒരു അസമത്വം നിലനിൽക്കുന്നു എങ്കിൽ അതിനെ എങ്ങിനെ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലക്ക് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഉണർവ് ടെലിമെഡിസിൻ എന്ന വെബ് പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളന്റിയർമാരുടെ വീഡിയോ കോൺഫറൻസിലൂടെ കാര്യങ്ങൾ ചർച്ച ചെയ്തു. പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടും, നാഷണൽ ഹെൽത്ത് സർവീസും വ്യക്തമായ മാർഗ്ഗരേഖകൾ ഇക്കാര്യത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് സീനിയർ നേഴ്‌സുമാരുടെ പാനൽ വ്യക്തമാക്കി. കൂടാതെ കൊറോണ ബാധ കാരണം ആരോഗ്യപ്രവർത്തകരുടെ ക്ഷാമം ഉണ്ടെങ്കിലും, യുകെയിലെ എല്ലാ ഹോസ്പിറ്റലുകളിലും ഇപ്രകാരമുള്ള അസമത്വം നിലവിലില്ല എന്നും, എന്നാൽ ചിലയിടങ്ങളിൽ ചൂഷണം നടക്കുന്നുണ്ട് എന്നും വിലയിരുത്തി. കൂടുതലായും ഫോൺ കോളുകളിലൂടെയാണ് ജോലിക്ക് ചെല്ലാൻ നിർബ്ബന്ധിക്കുന്നത് എന്നും, ഇമെയിൽ പോലുള്ള രേഖാപരമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നില്ല എന്നതും ചർച്ചയായി. പുതുതായി വന്നിരിക്കുന്ന നേഴ്സുമാരും, ബാൻഡ് 5-6 നേഴ്സുമാരുമാണ് കൂടുതലായും ഇപ്രകാരമുള്ള നിർബന്ധങ്ങൾക്ക് ഇരയാകുന്നത് എന്നതും ശ്രദ്ധിക്കപ്പെട്ടു. ഇപ്രകാരം വിഷമവൃത്തത്തിലാകുന്നവരെ സഹായിക്കാനായി ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളണ്ടിയർമാരെ കൂട്ടിച്ചേർത്ത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈൻ കൂടുതൽ കാര്യക്ഷമമാക്കി.

കൊറോണ രോഗബാധ മൂലമുള്ള കടുത്ത തിരക്കും, ജോലിക്കാരുടെ ക്ഷാമവും മൂലം വിഷമവൃത്തത്തിലായിരിക്കുന്ന നാഷണൽ ഹെൽത്ത് സർവീസിനെ പരിരക്ഷിക്കുന്നതോടൊപ്പം നമ്മളോരോരുത്തരുടെയും സുരക്ഷയും പ്രധാനമാണ്.ആതുരസേവനരംഗത്ത് അന്താരാഷ്‌ട്ര പ്രസിദ്ധിയുള്ള മലയാളി സേവനമനഃസ്ഥിതി തുടരുക. എന്നാൽ ജോലിസംബന്ധമായ കാര്യങ്ങളിൽ ഉള്ള സംശയങ്ങൾക്ക് കാര്യക്ഷമമായ ഉപദേശങ്ങൾക്കും, ആരോഗ്യപരമായ പൊതു ഉപദേശങ്ങൾക്കോ അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടിവന്നിരിക്കുന്ന അവസ്ഥയിൽ വേണ്ടിവരുന്ന ചെറിയ സഹായങ്ങൾക്കോ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടുക. ഹെൽപ്പ്ലൈൻ നമ്പർ 02070626688

അപ്രതീക്ഷിതമായി എത്തി ലോകജനതയെ ആശങ്കയുടെ ആഴങ്ങളിലേക്ക് തള്ളിവിട്ട കോവിഡ് -19 വൈറസിനോടുള്ള പോരാട്ടത്തിൽ സ്വന്തം സുരക്ഷയും ആരോഗ്യവും മറന്നു പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ ആദരിച്ച് നൃത്തം അവതരിപ്പിച്ച് ദക്ഷിണ യുകെ. പ്രശസ്ത കൊറിയോഗ്രാഫർ ശ്രീമതി ചിത്രാലക്ഷ്മിയാണ് ‘നന്ദി നിങ്ങൾക്ക് നന്ദി, നന്ദി ഒരായിരം നന്ദി..’ എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തിയത്.
യുകെയിൽ നിന്നുള്ള 11 നർത്തകരാണ് ഈ ലോക്ക്ഡൗൺ കാലത്തും  പലസ്ഥലങ്ങളിൽ നിന്നായി  ഈ നൃത്താഞ്ജലിയിൽ പങ്കു ചേർന്നിരിക്കുന്നത്. നർത്തകരായ ചിന്നു, ആതിര, അർച്ചന, വീണ , ദിവ്യ, സീലി , മിലി, സുജാത, റീന, ഷീന, സംഗീത എന്നിവരാണ് ആരോഗ്യപ്രവർത്തകര്ക്ക് ആദരവറിയിച്ചു ചുവടുകൾ വച്ചത്. അവസാനഭാഗത്ത് പ്രശസ്തമായ ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന ഗാനത്തിന്റെ ശീലുകൾ കൂടി ചേർത്ത് അതിമനോഹരമായാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
യുകെയിലെ പ്രവാസിമലയാളികൾ ഭൂരിഭാഗം പേരും ജോലി ചെയ്യുന്ന എൻഎച്എസിന് പിന്തുണയും ആശംസകളുമായി ഇവിടുത്തെ ഗവണ്മെന്റും സ്ഥാപനങ്ങളും പൊതു സമൂഹവും ഇതിനോടകം തന്നെ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ആരോഗ്യരംഗത്തെ പ്രവർത്തകരെ ബഹുമാനിച്ചു കൊണ്ട് തയ്യാറാക്കിയ ഈ നൃത്തവും അവരോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കുവാനുള്ള അവസരമായി കാണുന്നതായി ഇതിൽ പങ്കെടുത്ത  കലാകാരികൾ  അറിയിച്ചു.
യുകെയിൽ ഭൂരിപക്ഷം മലയാളി കുടുംബങ്ങളും നേരിട്ട് ബന്ധപ്പെട്ടുനിൽക്കുന്ന ആരോഗ്യമേഖലയിലെ  സന്നദ്ധപ്രവർത്തകരെയും സ്റ്റാഫിനെയും എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും ഈ നൃത്തം അവർക്കെല്ലാവർക്കുമായി സമർപ്പിക്കുന്നുവെന്നും ഇതിൽ പങ്കെടുത്ത ഡാൻസേഴ്സിനോടും സഹകരിച്ച ഗർഷോം ടിവിയോടും സംഗീത ഓഫ് ദി യുകെയോടും ഉള്ള നന്ദി അറിയിക്കുന്നതായും   ശ്രീമതി ചിത്രാലക്ഷ്മി പറഞ്ഞു.
വീഡിയോ കാണുവാൻ  ഈ ലിങ്കിൽ ക്ലിക് ചെയ്യുക
തൃശൂർ: വോക്കിങ് കാരുണ്യയുടെ എഴുപത്തിഎട്ടാമതു  സഹായമായ അൻപത്തിഏഴായിരം രൂപ അപൂർവ്വ  രോഗങ്ങൾക്കടിമയായ കൃഷ്ണനും ലീലാമണിക്കും ചാരിറ്റി പ്രവർത്തകനായ സന്തോഷ് കൈമാറി. തദവസരത്തിൽ  ചാരിറ്റി പ്രവർത്തകരായ പോളി വര്ഗീസ് , ഷീജ  എന്നിവരും സന്നിഹിതരായിരുന്നു. പുതുക്കാട് പഞ്ചായത്തിൽ താമസിക്കും കൃഷ്ണനും ലീലയും ഇന്ന് അപൂർവ രോഗങ്ങൾക്ക് അടിമകളാണ്. കൃഷ്ണൻ ഒരു ടെമ്പോ ഡ്രൈവർ ആയിരുന്നു, ആകസ്മികമായി തളർന്നു വീണ കൃഷ്ണനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിദക്ദ്ധ പരിശോധനയിലാണ് മനസിലാക്കാൻ കഴിഞ്ഞത് കൃഷ്ണന് ഗില്ലാൻബാരി സിൻഡ്രോം എന്ന അപൂർവ രോഗമാണെന്ന് . അതോടുകൂടി കൈകാലുകൾ തളർന്നു കൃഷ്ണൻ കിടപ്പിലാവുകയായിരുന്നു. അതോടെ ആകെയുണ്ടായിരുന്ന കുടുംബത്തിന്റെ വരുമാനം നിലച്ചു.
തൊട്ടടുത്ത മാസം രക്തത്തിലെ സ്വേതാ രക്താണുക്കൾ പൂര്ണവളർച്ചയെത്തുന്നതിനുമുന്പു നശിക്കുന്ന രോഗം ബാധിച്ചു ലീലാമണിയും കിടപ്പിലായി. ത്രിശൂർ മെഡിക്കൽ കോളേജിൽ ആണ് ലീലാമണിയുടെ ചികിത്സ. ലീലാമണിക്കു ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത് അൻപതുലക്ഷത്തിൽ അധികം ചെലവ് വരുന്ന മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രീയയാണ്. ഇതുവരെയുള്ള ചികിത്സകൾ നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് മുൻപോട്ടു കൊണ്ടുപോയത്. വിദ്യാര്ധികളായ മക്കളുടെ വിദ്യാഭ്യാസത്തിനു തന്നെ നല്ലൊരു തുക കടമായി വിവിധ ബാങ്കുകളിൽ നിന്നും എടുത്തിട്ടുണ്ട്. അന്തിയുറങ്ങാൻ വാസയോഗ്യമായ ഒരു വീടില്ലാത്ത കൊണ്ട് വാടക വീട്ടിലാണ് താമസിക്കുന്നത്.
അസാധാരണ രോഗങ്ങളുടെ വേട്ടയാടലിനുമുന്പിൽ പകച്ചു നിൽക്കുകയാണ് ഇ കുടുംബം. കരുണ വറ്റാത്തവരുടെ കരുതലിലാണ് ഇനി പ്രതീക്ഷ. പ്രിയമുള്ളവരേ ഈ നിർധാരരായ കുടുംബത്തെ അകമൊഴിഞ്ഞു സഹായിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ നന്ദി അറിയ്യിക്കുന്നു.
Registered Charity Number  1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
 
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

സജീഷ് ടോം

യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിൻെറ ഏപ്രിൽ ലക്കം പുറത്തിറങ്ങി. അനേക ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും യു കെ യും ലോക് ഡൗണിൽ കുടുങ്ങി കിടക്കുന്ന പ്രത്യേക സാഹചര്യത്തിൽ ജ്വാല പുറത്തിറങ്ങുവാനും ചെറിയ കാലതാമസം ഈ മാസം ഉണ്ടായിട്ടുണ്ട്.

മുൻ ലക്കങ്ങളിലേതുപോലെ പോലെ തന്നെ കാമ്പുള്ള രചനകളാൽ സമ്പന്നമാണ് ഏപ്രിൽ ലക്കം ജ്വാലയും. ലോകമെങ്ങും ആഴത്തിൽ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യസമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് പ്രതിപാദിക്കുന്നു. പരസ്പരം കരുതലും സ്നേഹവും എത്രമാത്രം പ്രധാനം ആണെന്ന് ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നുവെന്നു എഡിറ്റോറിയൽ ഹൃദ്യമായി പറഞ്ഞുവക്കുന്നു.

വൈവിദ്ധ്യങ്ങളായ രചനകൾ ഈ ലക്കത്തെ മനോഹരമാക്കുന്നു. മലയാള കവിതക്ക് പുതിയൊരു ഭാവവും ഈണവും നലകിയ കടമ്മനിട്ട രാമകൃഷ്ണന്റെ പ്രസിദ്ധമായ “കോഴി” എന്ന കവിതയോടെയാണ് വായനയുടെ ജാലകം വായനക്കാർക്കായി തുറക്കുന്നത്. കടമ്മനിട്ട തന്നെയാണ് ഈ ലക്കത്തിന്റെ പ്രൗഢമായ മുഖചിത്രവും.

മാതൃഭാഷയെ നെഞ്ചോട് ചേർത്തത് കൊണ്ട് തനിക്ക് നേരിടേണ്ടി വന്ന ഒരനുഭവം ജോർജ്ജ് അറങ്ങാശ്ശേരി തന്റെ പംക്തി “സ്മരണകളിലേക്ക് ഒരു മടക്കയാത്ര” യിൽ ഹൃദയസ്പർശിയായി വിവരിക്കുന്നു. ലോകപ്രസിദ്ധ സാഹിത്യകാരൻ മിലൻ കുന്ദേരയെക്കുറിച്ചു ആർ. ഗോപാലകൃഷ്‌ണൻ എഴുതിയ കുറിപ്പ് ആ മഹാനായ സാഹിത്യകാരന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ്.

പ്രമുഖ സാഹിത്യകാരൻ യു കെ കുമാരൻ എഴുതിയ “ചരിത്രത്തോടൊപ്പം ചേരുന്ന തക്ഷൻകുന്നു സ്വരൂപം” എന്ന നോവലിനെ വിലയിരുത്തിക്കൊണ്ട് അലി കരക്കുന്നൻ എഴുതിയ ലേഖനം, മലയാളത്തിന്റെ പ്രിയ നടി ശാരദയെക്കുറിച്ചു ഇ പി രാജഗോപാലൻ എഴുതിയ ലേഖനം എന്നിവ ഈ ലക്കത്തിലെ ശ്രദ്ധേയ രചനകളാണ്. ജ്വാല ഇ മാഗസിന്റെ രചനകൾക്ക് ചിത്രങ്ങൾ കൊണ്ട് മനോഹാരിത നൽകുന്ന യുകെയിലെ പ്രിയ ചിത്രകാരൻ റോയ് സി ജെ യുടെ കാർട്ടൂൺ പംക്തി ” വിദേശവിചാരം ” കാലിക സാമൂഹ്യ വിഷങ്ങൾ അനാവരണം ചെയ്യുന്നു.

സി പി മുഹമ്മദ് റാഫിയുടെ “അർദ്ധരാത്രിയിലെ അനർഘമായ ചുംബനങ്ങൾ”, പ്രിയ സുനിലിന്റെ “ജഡ്‌ജിയാമ”, ഡോ.വി വി വീനസിന്റെ “മകൻ” എന്നീ കഥകളും എം ബഷീറിന്റെ “കവിത ഒരു കൊറോണ ദേശമായി സ്വയം പ്രഖ്യാപിക്കുന്നു”, ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ ” ഇവൻ എൻ പ്രിയൻ ” എന്നീ കവിതകളും കൂടി ആകുമ്പോൾ മനോഹരമായ ഏപ്രിൽ ലക്കം സമ്പൂർണ്ണമാകുന്നു.

ജ്വാല ഇ-മാഗസിനിൽ കൃതികൾ പ്രസിദ്ധീകരിക്കുവാൻ താല്പര്യം ഉള്ളവർ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് തങ്ങളുടെ കൃതിയും ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോയും അയക്കേണ്ടതാണ്. ഏപ്രിൽ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക:-

 
ബിജു ഗോപിനാഥ്.കുട്ടികളുടെ സർഗാത്മകത വളർത്തുന്ന ചിത്രകല, ഏകാംഗ നൃത്ത, ഏകാഭിനയ, കവിതാ പാരായണ, ഗാന വിഭാഗങ്ങൾ  ഉൾപ്പെടെ വിവിധ മത്സരങ്ങൾ നൂതന വാർത്താവിതരണ സങ്കേതങ്ങൾ ഉപയോഗിച്ച്  2020 ഏപ്രിൽ 20 മുതൽ ആരംഭിക്കുന്നു.  തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ നാട്ടിലയച്ച് അതാത് രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വിധികർത്താക്കളാൽ മൂല്യ നിർണ്ണയം നടത്തി സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നു.  യു കെയിൽ താമസക്കാരായ കുട്ടികളെ സബ്‌ ജൂനിയർ , ജൂനിയർ, സീനിയർ വിഭാഗങ്ങളാക്കി തിരിച്ച് മത്സരങ്ങൾ തയ്യാറാക്കുന്നു.  ഉത്തമ കലകളിലൂടെ വർണ്ണ, ജാതി, മത, രാഷ്ട്രീയ ചിന്തകൾക്ക് അതീതമായ മാനവീക ചിന്താഗതികൾ നമ്മുടെ കുട്ടികളിൽ പൂത്തുലട്ടെ.  മറ്റൊരു മൈക്കൽ ആഞ്ചലോയും വാൻ ഗോഗും ബിഥോവനും ഉൾപടെ ലോക പൗരൻമാർ ഉദയം കൊള്ളട്ടെ. …. അല്ലെങ്കിൽ മറ്റൊരു മധുസൂദനൻ നായരോ ശോഭനയോ പിറക്കട്ടെ.

വിജയികൾക്ക് സമീക്ഷ ദേശീയ സമ്മേളനത്തിൽ വച്ച് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം  ചെയ്യും . അതോടൊപ്പം കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ സമീക്ഷയുടെ ഫേസ് ബുക്ക് പേജിലും വിവിധ ചാനലുകളിലും പ്രസിദ്ധീകരണങ്ങളും നമുക്ക് കാണാം.

വരൂ അണിചേരൂ നമ്മുടെ കുട്ടികളുടെ സൃഷ്ടിപരത പൂത്തുലയട്ടെ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
07449 145145,
07828 659608,
07882 791150
07984 744233

 

ഒരു സൂക്ഷ്മജീവിയുടെ നിയന്ത്രണത്തിൽ ലോകം മുഴുവനും ഒറ്റപ്പെട്ടുകഴിയുമ്പോൾ ലോകജനതയുടെ സൗഖ്യത്തിനായി  പ്രാർത്ഥനാപൂർവ്വം യുകെയിലെ ഗായകർ. യുകെയിലെ ആരോഗ്യമേഖലയിൽ പ്രത്യേകിച്ച് എൻഎച്എസിൽ ജോലി ചെയ്യുന്ന എല്ലാവർക്കുമായി സമർപ്പിച്ചിരിക്കുന്ന ഈ ഗാനം യുകെ മലയാളികളുടെ പ്രിയഗായകർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ‘താങ്ക്യൂ എൻഎച്എസ്’ എന്ന പേരിൽ ഗർഷോം ടിവി യാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
മലയാളത്തിന്റെ സ്വന്തം കെ. എസ്. ചിത്രയും സുജാതയും ശരത്തും മറ്റു 20 ഗായകരും ചേർന്ന് ലോകസൗഖ്യത്തിനായി പാടിയ ‘ലോകം മുഴുവൻ സുഖം പകരനായ്’ എന്ന ഗാനത്തിന്റെ അതെ രൂപത്തിലാണ് ഈ ഗാനവും അവതരിപ്പിച്ചിരിക്കുന്നത്. 1972-ൽ പുറത്തിറങ്ങിയ ‘സ്നേഹദീപമേ മിഴി തുറക്കൂ’ എന്ന ചിത്രത്തിൽ പി. ഭാസ്കരൻ എഴുതി പുകഴേന്തി സംഗീതം നൽകി എസ്. ജാനകി പാടിയ ഈ ഗാനം 27 യുകെ മലയാളികൾ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
അവതാരകയായ സന്ധ്യ മേനോന്റെ ആമുഖത്തോടെ ആരംഭിക്കുന്ന ഈ ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നവർ അനു ചന്ദ്ര, ഡോ. ഫഹദ്, ദീപ സന്തോഷ്, രാജേഷ് രാമൻ, സത്യനാരായണൻ, ഡെന്ന, അഷിത, മനോജ് നായർ, ഹെലൻ റോബർട്ട്, റെക്സ്, റോയ് സെബാസ്റ്റ്യൻ, വിനു ജോസഫ്, ടെസ്സ ജോൺ, ജോമോൻ മാമ്മൂട്ടിൽ, സാൻ ജോർജ്, ഹരികുമാർ വാസുദേവൻ, അലൻ ആന്റണി, ജിയ ഹരികുമാർ, ഹരീഷ് പാലാ, അനീഷ് ജോൺ, രഞ്ജിത് ഗണേഷ്, ശോഭൻ ബാബു, ജിഷ മാത്യു, അനീഷ് ജോർജ്, സോണി സേവ്യർ, ഷാജു ഉതുപ്പ്, ഷംസീർ എന്നിവരാണ്. ഓരോരുത്തരും അവരവരുടെ സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് തയ്യാറാക്കിയ ഈ ഗാനത്തിൽ യുകെയിൽ നിന്നുള്ള പരമാവധി ഗായകരെ ചേർത്തുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ആഗ്രഹവും സന്നദ്ധതയും പ്രകടിപ്പിച്ച യുകെയിലെ മറ്റു പല  ഗായകരെയും ഇതിൽ ഉൾപ്പെടുത്തുവാൻ സാധിച്ചില്ല.
യുകെയിലെ പ്രവാസിമലയാളികൾ ഭൂരിഭാഗം പേരും ജോലി ചെയ്യുന്ന എൻഎച്എസിന് പിന്തുണയും ആശംസകളുമായി ഇവിടുത്തെ ഗവണ്മെന്റും സ്ഥാപനങ്ങളും പൊതു സമൂഹവും ഇതിനോടകം തന്നെ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ എല്ലാദിവസവും വൈകിട്ട് ‘വീ ഷാൽ  ഓവർകം’ എന്ന ഫേസ്ബുക് ലൈവ് പ്രോഗ്രാമിൽ നിരവധി ഗായകരും കലാകാരന്മാരുമാണ് പങ്കെടുത്തുവരുന്നത്. കലാരംഗത്തു പ്രവർത്തിക്കുന്ന യുകെ മലയാളികളിൽ ഭൂരിഭാഗം ആളുകളും ഫേസ്ബുക്കിലൂടെ ലൈവ് പ്രോഗ്രാമുകളുമായി സജീവമായി നിൽക്കുന്നു. കോവിഡ്ആ-19 ഉയർത്തുന്ന ആശങ്കകളിലൂടെയും  രോഗാവസ്ഥകളിലൂടെയും കടന്നു പോകുന്ന ലോകജനതക്ക്  ആശ്വാസവും പ്രതീക്ഷയും നൽകുക എന്ന സദ്ദുദ്ദേശമാണ് എല്ലാ പ്രോഗ്രാമുകൾക്കും.
ആരോഗ്യരംഗത്തെ പ്രവർത്തകരെ ബഹുമാനിച്ചു കൊണ്ട് തയ്യാറാക്കിയ ഈ ഗാനവും അവരോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കുവാനുള്ള അവസരമായി കാണുന്നതായി ഇതിൽ പങ്കെടുത്ത എല്ലാ കലാകാരന്മാരും അറിയിച്ചു.
ഗാനം കേൾക്കുവാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക

ബിബിൻ എബ്രഹാം, ലണ്ടൻ.

ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കോറോണ വൈറസ് മൂലമുള്ള മരണം ഒരു ലക്ഷത്തിനു മേൽ എത്തി നിൽക്കുമ്പോൾ യു.കെയിൽ ഇതു വരെയുള്ള മരണസംഖ്യ പതിമൂവായിരത്തിനു മുകളിൽ ആയി ഉയർന്നു. ഇത് എൻ.എച്ച് എസ് ഹോസ്പിറ്റലുകളിൽ മരണമടഞ്ഞ രോഗികളുടെ മാത്രം കണക്കാണ്. കെയർ ഹോമുകളിലും വീടുകളിലുമായി മരണപ്പെട്ടവരുടെ കണക്കുകൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇന്നലെ വരെ ഉള്ള കണക്കുകൾ പ്രകാരം യു.കെയിൽ ഒരു ലക്ഷത്തിനു മുകളിൽ ആളുകൾക്കാണ് കൊറോണ വൈറസ് ഇതു വരെ സ്ഥീരികരിച്ചത്. യു.കെ മലയാളി സമൂഹത്തെ മുഴുവൻ സങ്കടക്കടലിലാഴ്ത്തി ഇതു വരെ ഏഴു മലയാളികൾക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ നിരവധി മലയാളികൾ യു.കെയിലെ വിവിധ എൻ. എച്ച്. എസ് ഹോസ്പിറ്റലുകളിൽ വെൻറിലേറ്ററിലുമാണ്.

യു.കെയിലെ ദിവസേനയുള്ള മരണനിരക്കിൽ കാര്യമായ മാറ്റം വരാത്തതും, വൈറസിൻ്റെ വ്യാപനം പിടിച്ചു നിറുത്താൻ സാധിക്കാത്തതും കാര്യമായ ആശങ്ക തന്നെയാണ് പൊതുസമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ ലോക്ഡൗൺ മൂന്നു ആഴ്ച്ചത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ, വൈറസിനെതിരേയുള്ള വാക്സിൻ കണ്ടു പിടിക്കുന്നതു വരെ ഒരു പക്ഷേ ഈ ലോക്ഡൗൺ തുടരേണ്ട ആവശ്യകതയെ കുറിച്ചും ഗവൺമെൻ്റ് വൃത്തങ്ങൾ ആലോചിക്കുന്നുണ്ട്.

അതിനിടയിൽ ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ഇല്ലാതെ ജോലി ചെയ്യേണ്ട അവസ്ഥ, കൃത്യമായ മെഡിക്കൽ സഹായം കിട്ടുവാനുള്ള കാലതാമസം, സാമ്പത്തിക പ്രശ്‌നങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയ നിരവധി പ്രശ്നങ്ങളിലൂടെ ആണ് യു.കെയിലെ മലയാളി സമൂഹം കടന്നു പോകുന്നത്.

മരണ ഭീതിയുടെ ആശങ്കയിൽ ആയിരിക്കുന്ന യു.കെയിലെ മലയാളി സമൂഹത്തിനു അല്പമെങ്കിലും സ്വാന്തനമേകുവാനായിട്ടാണ് യുകെയിലേക്ക് കുടിയേറിയ മലയാളികളായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നേഴ്സുമാരും, സോഷ്യൽ വർക്കേഴ്‌സും, അഭിഭാഷകരും, ഹെൽത്ത് കെയർ സെക്ടറിൽ ജോലി ചെയ്യുന്നവരെയും അല്ലാത്തവരെയും അണിനിരത്തി യു.കെ മലയാളികളുടെ ഏകീകൃത സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ്റെ പരസ്പര സഹായപദ്ധതി മാർച്ച് ആദ്യവാരം തുടക്കം കുറിച്ചത്.

ഇന്ന്, യു.കെയിലുള്ള ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് കൊറോണ വൈറസിൻ്റെ സാന്നിധ്യം യു.കെ യിൽ സ്‌ഥിരീകരിച്ച സമയം മുതൽ ഈ മഹാമാരിയെ നേരിടുവാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ യു.കെയിൽ നടപ്പിലാക്കി വരുന്നത്. യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിലെ ഡോക്ടർ ആയ സോജി അലക്‌സിന്റെ നേതൃത്വത്തിൽ മുപ്പത്തോളം ഡോക്ടർമാരും, പത്തോളം നേഴ്സിംഗ് അഡ്വാൻസ്ഡ് പ്രാക്റ്റിഷനർമാരും അടങ്ങുന്ന നാല്പതു പേരുടെ മെഡിക്കൽ ടീം. ഏതൊരു യുകെ മലയാളിക്കും മെഡിക്കൽ ടീമുവായി ബന്ധപ്പെടുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പർ. അത്യാവശ്യഘട്ടത്തില്‍, ഡോക്ടർമാർക്ക് രോഗികളുടെ അവസ്ഥ നേരിട്ട് കണ്ട് വിലയിരുത്തുവാനായി ഇന്ത്യയിലുള്ള ഉണർവ്വ് ടെലിമെഡിസിന്റെ സഹായത്താൽ ഡോക്ടർ ഓൺലൈൻ എന്ന വീഡിയോ കോൺഫറൻസ് സംവിധാനവും കൂടാതെ രോഗികളായവരും അല്ലാത്തവരും സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെപ്പറ്റിയും , മുൻകരുതലുകളെപ്പറ്റിയും മലയാളി ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വീഡോയോ സന്ദേശങ്ങൾ.

ഇതിനോടൊപ്പം, കോറോണ ബാധിച്ച രോഗികൾക്ക്, അല്ലങ്കിൽ രോഗ ബാധ സംശയിക്കുന്ന ആൾക്ക് യു.കെ ഗവണ്മെന്റ് നിർദ്ദേശിക്കുന്ന തരത്തിലുള്ള ഉപദേശങ്ങൾ, നിർദേശങ്ങൾ കൃത്യമായി ഈ ഹെൽപ്പ് ലൈൻ നമ്പറിലൂടെ ലഭ്യമാക്കുന്നു. കൂടാതെ ഐസൊലേഷനിൽ കഴിയുന്ന മലയാളി കുടുംബാംഗങ്ങൾക്കു മരുന്നുകളും , ഭക്ഷണവും വീടുകളിൽ എത്തിക്കുവാനും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുവാനും
250 ഓളം വരുന്ന വോളണ്ടിയേഴ്‌സ് ശൃംഗല. ഇതിൽ നേഴ്സുമാരും, സോഷ്യൽ വർക്കേഴ്സും, യു.കെയിലെ വിവിധ ഹെൽത്ത് കെയർ സെക്ടറിൽ ജോലി ചെയ്യുന്നവരും അല്ലാത്തവരും ഉൾപ്പെടുന്നു.

കൂടാതെ കൊറോണ തുറന്നു വിട്ട പ്രതിസന്ധിയിൽ നട്ടം തിരിയുന്ന മലയാളികൾക്കു അവരുടെ ജോലി, വിസ, സാമ്പത്തികം, നിയമപരമായ പ്രശ്നങ്ങൾക്കു ആവശ്യമായ നിയമ സഹായം സൗജന്യമായി നൽകുവാൻ പത്തോളം അഭിഭാഷകൾ അടങ്ങുന്ന ഒരു നിയമസഹായ സെല്ലും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ്റെ കീഴിൽ ഇരുപത്തിനാലു മണിക്കൂറും സജീവമാണ്. യു കെയിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികൾക്കും മറ്റു ടൂറിസ്റ്റുകൾക്കും വളരെ പ്രയോജനപ്രദമാണ് ഈ സേവനം.

യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ്റെ ഈ പരസ്പരസഹായം പദ്ധതിയിലേക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ട് വിളിക്കുന്ന ഓരോ വ്യക്തിയുടെയും സ്വകാര്യ വിവരങ്ങൾ നഷ്‌ടപ്പെടാതിരിക്കുവാൻ യുകെയിലെ ഗവൺമെൻ്റ് നിർദ്ദേശിച്ചിരിക്കുന്ന മുൻകരുതലുകൾ കൃത്യമായി നിഷ്കർഷിച്ചാണ് ഈ ഇരുപ്പത്തിനാല് മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പർ പ്രവർത്തിക്കുന്നത്. കൂടാതെ യുകെയിൽ അങ്ങോളമിങ്ങോളമുള്ള മലയാളി വീടുകളിൽ സഹായമെത്തിക്കുവാൻ കഷ്ടപ്പെടുന്ന സന്നദ്ധ പ്രവർത്തകൾ അവർ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെപ്പറ്റി കൃത്യമായി അവബോധരുമാണ്.

അങ്ങനെ എല്ലാ അർത്ഥത്തിലും ഉയർന്ന നിലവാരത്തിലുള്ള ക്രമീകരണങ്ങളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ യു.കെയിലെ ഒരോ മലയാളി കുടുംബത്തിനുമായി ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. മാർച്ച് മാസം പതിനഞ്ചാം തീയതി തുടങ്ങിയ ഈ പരസ്പര സഹായ പദ്ധിതിയിലേക്ക് സഹായം അഭ്യർത്ഥിച്ച് അനേകം കോളുകൾ ആണ് ദിവസേന വരുന്നത്. ഒരോ കോളുകളും കൃത്യമായി വിശകലനം ചെയ്തു അതാതു ടീമിനു ഫോർവേഡ് ചെയ്യുന്നു. ഇന്നേക്ക് എകദേശം ആയിരത്തോളം കോളുകൾ ആണ് വിവിധ സഹായം അഭ്യർത്ഥിച്ച് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ്റ ഹെൽപ്പ് ലൈനിൽ എത്തിച്ചേർന്നത്.

ഇന്ന് യു.കെ നേരിടുന്ന ഈ ഭയാനകമായ സാഹചര്യത്തിൽ യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ നേത്ര്യത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ യുകെ മലയാളികൾക്ക് മാത്രമല്ല മറിച്ച് ആരോഗ്യ പ്രവർത്തകരുടെ അഭാവത്താൽ ബുദ്ധിമുട്ടുന്ന യുകെയിലെ ആരോഗ്യവകുപ്പിനും , മൊത്തം ബ്രിട്ടീഷ് സമൂഹത്തിനും ഒരു വലിയ കൈത്താങ്ങ് തന്നെയായി മാറിയിരിക്കുന്നു എന്നു നിസംശയം പറയാം.

യു.കെയിലുള്ള നിങ്ങളുടെ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ ഏതെങ്കിലും വിധത്തിൽ ഉള്ള സഹായഹസ്തം ആവശ്യമായി വന്നാൽ ഈ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാവുന്നതാണ്. യു.കെ യുടെ പുറത്തു നിന്ന് വിളിക്കുന്നവർ 0044 എന്ന കോഡ് ചേർത്ത് വിളിക്കേണ്ടതാണ്.

ജിജോ അരയത്ത്

രക്തബന്ധങ്ങൾ അപകടത്തിലേക്ക് പോകുമ്പോൾ സാധാരണക്കാരനും സൂപ്പർ ഹീറോ ആയി മാറുന്നു.
യു കെ മലയാളികൾ അഭിനയിച്ച, പൂർണമായും ഇംഗ്ലണ്ടിൽ ചിത്രികരിച്ച വ്യത്യസ്തതയാർന്ന ഒരു മലയാള മ്യൂസിക് ആൽബം .

പ്രണയം വിരഹം തുടങ്ങിയ പതിവ് ഇതിവൃത്തങ്ങളിൽനിന്നും മാറി പുതുതലമുറയുടെ “ഈസി മണി മേക്കിങ്” എന്ന പ്രവണതയെ അടിസ്ഥാനമാക്കിയാണ് ഈ ആക്ഷൻ ത്രില്ലെർ മ്യൂസിക് ആൽബം ചിത്രികരിച്ചിരിക്കുന്നത് .രക്തബന്ധങ്ങൾ അപകടകളിലേക്കു പോകുമ്പോൾ ഏത്‌ സാധാരണക്കാരനും സൂപ്പർഹീറോ ആയി മാറുന്നു .ആശ്രേയ പ്രൊഡക്ഷൻനാണ് ഈ ആൽബം റിലീസ് ചെയ്തിരിക്കുന്നത് .നിരവധി പുതുമുഖ കലാകാരന്മാർക്ക് അവസരം നൽകിയ ആശ്രേയ പ്രൊഡക്ഷന്റെ പല ഗാനങ്ങളും ഇതിനോടകം യൂട്യൂബിൽ ഒരു മില്യനിലധികം പ്രേക്ഷകരെ നേടി കഴിഞ്ഞു .യൂ കെ മലയാളിയും , ഐ ടി പ്രൊഫെഷനലും ,നിരവധി ഗാനങ്ങളുടെ സംഗീത സവിധായകനുമായ അബി എബ്രഹാം ആണ് ഈ മ്യൂസിക് ആൽബം സഗീതസംവിധാനം ചെയ്തിരിക്കുന്നത് . മിഥുൻ ജയരാജ് ,ക്രിസ്റ്റോ സേവ്യർ എന്നിവർ ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു .

തന്റെ സിനിമാ മോഹം ഉള്ളിലൊതുക്കി യൂ കെ യിൽ സ്ഥിരതാമസമാക്കിയ പ്രവീൺ ഭാസ്ക്കർ സംവിധാനം ചെയുന്ന രണ്ടാമത്തെ ആൽബം ആണ് മിഴിയെ 2 . അദ്ദേഹംതന്നെയാണ് ഇതിൽ പ്രധാനകഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് . ആഷ് എബ്രഹാമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് .

ഗ്രേറ്റ് യാർമൗത് മലയാളി അസ്സോസിയേഷനി (GYMA )ലെ മെംബേർസ് ആയ പതിമൂന്നോളം കലാകാരന്മാരാണ് മറ്റുകഥാപാത്രങ്ങൾ .ഇവരെല്ലാം പുതുമുഖങ്ങളാണ് എന്നുള്ളതാണ് ഈ മ്യൂസിക്കൽ ആൽബത്തെ വ്യത്യസ്തമാക്കുന്നത് .അസോസിയേഷൻ പ്രസിഡന്റ് ബിൽജി തോമസ് ആണ് മെയിൻ വില്ലൻ വേഷം ചെയ്തിരിക്കുന്നത് . അസോസിയേഷൻ ഭാരവാഹിയായ ദിലീപ് കുറുപ്പത്ത് ആണ് ആർട്ട് ഡയറക്ടർ .സംഗീത രചന ഗോപു മുരളീധരൻ , RAP -ആഷ് എബ്രഹാം . നിരവധി മലയാള തമിഴ് സിനിമകളുടെ ഛായാഗ്രാഹകനായ അബു ഷാ ഈ ആൽബത്തിന്റെയും കാമറ ചെയ്തിരിക്കുന്നത് .ഇംഗ്ലണ്ടിന്റെ കിഴക്കേയറ്റമായ ഗ്രേറ്റ് യാർമോത്തിലും ലണ്ടനിലുമായാണ് ഈ ആൽബം ചിത്രികരിച്ചിരിക്കുന്നത് .റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ആയിരക്കണക്കിന് പ്രേക്ഷകരെനേടി ഈ ആൽബം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
നവീന്റെ എഡിറ്റിംഗിൽ ഗ്രേറ്റ് യാർമൗത് മലയാളികളായ
പ്രവീൺ ഭാസ്‌ക്കർ
ആഷ്
ബിൽജി തോമസ്
അനീഷ് സുരേഷ്
എബ്രഹാം ((കൊച്ചുമോൻ)
പ്രിയ ജിജി
ജോയ്‌സ് ജോർജ്
ദിലീപ് കുറുപ്പത്ത്
ബ്ലിൻറ്റോ ആന്റണി
ലിന്റോ തോമസ്
എബി
പ്രിൻസ് മുതിരക്കാല
റോബിൻ
മാസ്റ്റർ ഡാനി
മാസ്റ്റർ അതുൽ തുടങ്ങിയവരാണ് ഈ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്

RECENT POSTS
Copyright © . All rights reserved