അജിമോൻ ഇടക്കര
റിയാലിറ്റി ഷോകളുടെ ചരിത്രത്തിൽ ആദ്യമായി അതിലെ ഒരു മത്സരാർത്ഥി ബാക്കി എല്ലാവരെയും പതിന്മടങ്ങു പിന്നിലാക്കി വോട്ടിങ്ങിലും ജനപ്രീതിയിലും ഒരു പോലെ മുന്നിട്ടു കുതിക്കുന്ന അത്ഭുത കാഴ്ച്ചയിൽ ആവേശഭരിതരായിരിക്കുന്ന ലോക മലയാളികളുടെ കൂടെ യുക്കെ മലയാളികളും പങ്ക്
ചേരുന്നു. ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥി ഡോ . രജിത്കുമാർ പിന്തുണയ്ക്കുന്ന രജിത് ആർമിയുടെ യുകെ ഘടകം മാർച്ച് 14 നു ഈസ്റ്റ് ഹാമിൽ ഒത്തു കൂടുന്നു. കഴിഞ്ഞ ആഴ്ചയിൽ യു എ ഇയിലും , മാർച്ച് 1 നു കോട്ടയത്തും വച്ച് നടന്ന രജിത് ആർമി സമ്മേളനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് യൂറോപ്പിലെ ആദ്യ മീറ്റ് അപ് ലണ്ടനിലെ ഈസ്റ്റ് ഹാമിൽ വച്ച് മിമിക്രിയും ഗാനമേളയും അടക്കം വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ അരങ്ങേറുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക സമ്മേളനങ്ങളും അവസാനം കൊച്ചിയിൽ എല്ലാ ജില്ലാക്കാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഗ്രാന്റ് മീറ്റിങ്ങും ബിഗ് ബോസ് ഷോ തീരും മുൻപെ ഉണ്ടാകും എന്ന് രജിത് ആർമി ഫേസ് ബുക്ക് പേജ് അഡ്മിന്മാരിലൊരാൾ ആയ അമൽ അമ്പലത്തറ സൂചിപ്പിക്കുകയുണ്ടായി. ഡോ. രജിത്കുമാർ തന്റെ ജീവിതത്തിലൂടെ തന്നെ കാണിച്ചു തരുന്ന നന്മയുടെ ആശയങ്ങൾ കൂടുതൽ ആളുകളിലേക്കെത്തിക്കുക, പരമാവധി പ്രേക്ഷക വോട്ടുകൾ ഡോ .രജിത് കുമാറിന് ഉറപ്പു വരുത്തി അദ്ദേഹത്തെ ഈ മത്സരത്തിൽ ഒന്നാമനാക്കി മാനവസ്നേഹം മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള നിസ്വാർത്ഥജീവിതങ്ങളെ ഉയർത്തികാണിക്കുക എന്ന മഹത്തായ ലക്ഷ്യം മാത്രമാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശം എന്ന് യുക്കെയിൽ ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ട രഘുലാൽ രവി പറയുകയുണ്ടായി.
ജാതിമതലിംഗ പ്രായ ദേശ ഭേദമെന്യേ, ഈ റിയാലിറ്റി ഷോയോടും ഇത് നടത്തുന്ന ചാനലിനോടും പ്രത്യേക മമതയോ താല്പര്യമോ ഇല്ലാത്തവർ പോലും, ഡോ . രജിത്കുമാർ എന്ന സാധാരണ മനുഷ്യന്റെ വ്യക്തിത്വത്തിൽ ആകൃഷ്ടരായി ഈ പരിപാടിയെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ കലാകേരളം കണ്ട് കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ഒഫീഷ്യൽ പേജിനേക്കാൾ പതിനായിരത്തിലധികം അംഗങ്ങൾ ആണ് രജിത് ആർമി ഫേസ് ബുക്ക് പേജിൽ ഉള്ളത് എന്നത് തന്നെ ഡോ. രജിത് കുമാർ ജനമനസ്സുകളെ എത്ര മാത്രം സ്വാധീനിച്ചിരിക്കുന്നു എന്നതിന് ശക്തമായ തെളിവാണ്.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ സ്വദേശിയായ രജിത് കുമാറിന് മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റും സൈറ്റോജെനറ്റിക്സിൽ സ്വർണ്ണ മെഡലോടെ എം ഫിൽ ബിരുദം, നാച്ചുറൽ സയൻസിൽ ബീ എഡ്, സൈക്കോ തെറാപ്പിയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും, ഉണ്ട് . കാലടി ശ്രീ ശങ്കര കോളേജിലെ അധ്യാപകനായിരുന്ന ഡോ. രജിത് കുമാർ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആജീവനാന്ത അംഗവും ഡോ . രജിത്കുമാർ ചാരിറ്റി സർവീസസ് എന്ന ചാരിറ്റി ഓർഗനൈസേഷൻന്റെ സ്ഥാപകനും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത നടത്തുന്ന ഒരു സാമൂഹ്യപ്രവർത്തകൻ ആണ്. ആയിരക്കണക്കിന് പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ ട്യൂഷൻ, ഭക്ഷണം, യൂണിഫോം, പഠന സാമഗ്രികൾ എന്നിവ സ്വന്തം ശമ്പളത്തിൽ നിന്ന് കണ്ടെത്തുന്ന ഡോ . രജിത്കുമാർ അറിയപ്പെടുന്ന ഒരു മോട്ടിവേഷണൽ പ്രാസംഗികനാണു. ജീവിതവിജയം കണ്ടെത്താൻ സഹായിക്കുന്ന ഒട്ടേറെ പുസ്തകൾ എഴുതിയിട്ടുള്ള ഡോ.രജിത് കുമാർ ചെറുതും വലുതുമായ അനേകം അവാർഡുകളും നേടിയിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണ സംബന്ധമായ അദ്ദേഹത്തിൻറെ ചില വിവാദപരമായ അഭിപ്രായങ്ങൾ ഒട്ടേറെ യുക്തി വാദികളും സ്ത്രീ പക്ഷവാദികളും ഏറ്റെടുത്തിരുന്നു. നീണ്ട നരച്ച താടിയും മുടിയുമൊക്കെയായി തികച്ചും സാത്വികനായ ഒരു താപസനെ പോലെ കഴിഞ്ഞ ഡോ. രജിത് കുമാർ ജനലക്ഷങ്ങൾ കാണുന്ന ഷോയ്ക്കിണങ്ങുന്ന വിധം മുടിയൊക്കെ കറുപ്പിച്ചു, താടിയൊക്കെ ഉപേക്ഷിച്ചു ഉറ്റവർ പോലും തിരിച്ചറിയാത്ത ഗെറ്റപ്പിൽ ആയിരുന്നു ബിഗ്ബോസ് വീട്ടിൽ പ്രവേശിച്ചത്.
ഈ മാസം പതിനാലാം തിയതി ലണ്ടനിലെ ഈസ്റ്റ് ഹാമിൽ എം എ യുകെ ഹാളിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സമ്മേളനം ആരംഭിക്കുക. ശനിയാഴ്ചയിലെ എപ്പിസോഡ് വലിയ സ്ക്രീനിൽ ഒന്നിച്ചിരുന്നു കാണാനുള്ള സൗകര്യവും പങ്കെടുക്കുന്നവർക്ക് ഭക്ഷണ ക്രമീകരണവും ഉണ്ടായിരിക്കും. രജിത് സാർ യുക്കെ ആർമിയിലെ അംഗങ്ങളും അറിയപ്പെടുന്ന ഗായകരും മിമിക്രി കലാകാരന്മാരുമായവരുടെ കലാപരിപാടികളും അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നു . നിസ്വാർത്ഥ മാനവ സ്നേഹത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ സുമനസ്സുകളെയും ഈ കൂട്ടായ്മയിലേക്ക് സുസ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു. ഈ സംഗമത്തിന്റെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് രജിത്സർ ആർമി (UK) എന്ന ഫേസ് ബുക്ക് പേജ് സന്ദർശിക്കുകയോ ഇതിന്റെ സംഘാടക നിരയിൽ മുന്നിൽ നിൽക്കുന്ന രഘുലാൽ രവി (ഫോൺ 07960120099), ജോജി :- (തോമസ് ഫിലിപ്പ് -ഫോൺ 07454023115) എന്നിവരെ വിളിക്കുകയോ ചെയ്യുക.
Venue : MAUK Hall, 671 Romford Road, Manor Park, London E12 5AD
Date & Time : March 14, 2020 – 2 PM to 6 PM
ലണ്ടൻ മലയാള സാഹിത്യവേദിയുടെ “പുരസ്കാരസന്ധ്യ 2020″, ഫെബ്രുവരി 29 ന് കോട്ടയത്ത്; കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു സുലൈമാൻ ( പി. ആർ. ഒ, ലണ്ടൻ മലയാള സാഹിത്യവേദി )
ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാർഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന”പുരസ്കാരസന്ധ്യ 2020” ഫെബ്രുവരി 29 ശനിയാഴ്ച വൈകുന്നേരം 4 ന് കോട്ടയത്ത് ഹോട്ടൽ അർകാഡിയയിൽ വച്ച് നടത്തപ്പെടുന്നു. ചടങ്ങിൽ മലയാള കല സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ തിളക്കമാർന്ന സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്കാരം നൽകി ആദരിക്കുന്നു.
ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തും. ലണ്ടൻ മലയാള സാഹിത്യവേദി കോർഡിനേറ്ററും പത്താം വാർഷീകാഘോഷങ്ങളുടെ പ്രോഗ്രാം കോർഡിനേറ്ററും ആയ ശ്രീ. സി. എ. ജോസഫ് സ്വാഗതവും പുരസ്കാര സന്ധ്യയുടെ കോർഡിനേറ്ററും സാമൂഹ്യ പ്രവർത്തകനുമായ സന്തോഷ് ഫിലിപ്പ് നന്തികാട്ട് നന്ദിപ്രകാശനവും ചെയ്യും.
പ്രമുഖ സാഹിത്യകാരനും പത്രപ്രവർത്തകനുമായ ശ്രീ. ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ ശ്രീ. തോമസ് ചാഴികാടൻ എം.പി യും മുൻ കേരള സർക്കാർ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. പോൾ മണലിലും ആശസകൾ നേർന്ന് സംസാരിക്കും.
ശ്രീ. കിളിരൂർ രാധാകൃഷ്ണൻ ( സാഹിത്യത്തിന് നൽകിയ സമഗ്ര സംഭവനക്ക് ), ശ്രീ. കെ.എ. ഫ്രാൻസിസ് ( ചിത്രരചന രംഗത്തും പത്രപ്രവർത്തന രംഗത്തും നൽകിയ സമഗ്ര സംഭവനക്ക് ), ശ്രീ. കാരൂർ സോമൻ ( സാഹിത്യരംഗത്ത് നൽകിയ നൽകിയ സമഗ്ര സംഭവനക്ക് ), ശ്രീ. മാത്യു നെല്ലിക്കുന്ന് ( സാഹിത്യരംഗത്തും സാംസ്കാരിക രംഗത്തും നൽകിയ സമഗ്ര സംഭവനക്ക് ), ശ്രീ. ജോസ് പുതുശ്ശേരി (സാംസ്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും നൽകിയ സമഗ്ര സംഭവനക്ക്) എന്നിവരെ പുരസ്കാരം നൽകി ആദരിക്കും.
കിളിരൂർ രാധാകൃഷ്ണൻ ചെറുകഥാ സമാഹാരങ്ങൾ, നോവലുകൾ, വിവർത്തനങ്ങൾ, ബാല സാഹിത്യകൃതികൾ അടക്കം നൂറോളം കൃതികളുടെ രചയിതാവും പുസ്തക പ്രസാധക രംഗത്ത് സാമ്യമില്ലാത്ത വ്യക്തിയുമാണ്. രണ്ടു തവണ ഭീമാ ബാലസാഹിത്യ പുരസ്കാരമടക്കം നിരവധി
പുരസ്കാരങ്ങൾ നേടിയ കിളിരൂർ രാധാകൃഷ്ണൻ 20 വർഷം ഡീസി ബുക്സിന്റെ ജനറൽ മാനേജരായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
കെ. എ. ഫ്രാൻസിസ് കേരളം അറിയുന്ന ചിത്രകാരനും സാഹിത്യകാരനും പത്രപ്രവർത്തകനുമാണ്. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ ഇൻ ചാർജ് ആയി പ്രവർത്തിക്കുന്ന അദ്ദേഹത്തെതേടി നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്.
കാരൂർ സോമൻ പ്രവാസി ആണെങ്കിലും മലയാള സാഹിത്യരംഗത്ത് 50 ൽ പരം കൃതികളുടെ രചയിതാവാണ്. സാഹിത്യത്തിന്റെ സമസ്ത മേഖലകളിലും കൃതികൾ രചിച്ച കാരൂർ സോമൻ ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും നിരന്തരം എഴുക്കൊണ്ടിരിക്കുന്നു. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ലണ്ടനിൽ താമസിക്കുന്നു.
മാത്യു നെല്ലിക്കുന്ന് അമേരിക്കയിൽ ടെക്സസ്സിലെ ഹൂസ്റ്റണിൽ താമസിക്കുന്നു. 1974 ൽ അമേരിക്കയിൽ എത്തിയ മാത്യു നെല്ലിക്കുന്ന് നിരവധി സാംസ്കാരിക സംഘടനകളുടെ സ്ഥാപകനും ആയ അദ്ദേഹം പത്രപ്രവർത്തന രംഗത്തും വളരെ സജീവമാണ്. നിരവധി പ്രസിദ്ധീകരണങ്ങളുടെ ചുമതലകൾ വഹിക്കുന്ന മാത്യു നെല്ലിക്കുന്ന് നോവൽ, കഥ, ഹാസ്യം, ലേഖനം എന്നീ സാഹിത്യ ശാഖകളിൽ 20 ൽ പരം കൃതികൾ രചിച്ചിട്ടുണ്ട്.
ജോസ് പുതുശ്ശേരി യൂറോപ്പിലെ സാംസ്കാരിക കലാ രംഗത്ത് പകരം വെക്കാൻ പറ്റാത്ത വ്യക്തിത്വത്തിന് ഉടമയാണ്. പത്രപ്രവർത്തന രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. കേരളം സർക്കാർ രൂപം കൊടുത്ത ലോക കേരള സഭയിലെ അംഗവുമായ ജോസ് പുതുശ്ശേരി
നിരവധി സാഹിത്യ സമ്മേളനങ്ങൾ ജർമനിയിൽ നടത്തുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.
ആധുനീക കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ഡിജിറ്റൽ യുഗത്തിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ലണ്ടൻ മലയാള സാഹിത്യവേദി നിരവധി കർമ്മപരിപാടികൾക്കാണ് രൂപം കൊടുക്കുന്നത്. നിരവധി സർഗ്ഗാത്മക പരിപാടികളിലൂടെ യുകെയിലെ പ്രമുഖ സംഘടനകളിൽ
ഒന്നയി വളർന്നിരിക്കുന്ന ലണ്ടൻ മലയാള സാഹിത്യവേദിയുടെ പ്രവർത്തനമേഖലയിൽ കേരളവും ഉൾപ്പെടുത്തി പ്രവർത്തനമേഖല വിപുലമാക്കുന്നതിന്റെ ആദ്യപടിയാണ് ഇപ്പോൾ നടക്കുന്ന പുരസ്കാരസന്ധ്യയെന്ന് ഭാരവാഹികൾ അറിയിച്ചു.
ആത്മാവിനൊരു വിൽപത്രം തയാറാക്കുകയെന്നത് കേൾക്കുമ്പോൾ പലർക്കും വിചത്രമായി തോന്നിയേക്കാം. എന്നാൽ മരണത്തിന്റെ ആകസ്മികതയും, അതു മനുഷ്യന്റെ വ്യക്തിത്വത്തോടും കുലീനതയോടും കാട്ടുന്ന അനാദരവും, സാമൂഹികവും ബൗദ്ധികവുമായി ഉയർന്ന നിലവാരം പുലർത്തുന്ന, തന്റെ ശരീരത്തെ ബഹുമാനിക്കുന്ന ഒരുവന് അംഗീകരിച്ചു കൊടുക്കുവാൻ ബുദ്ധിമുട്ടായിരിക്കും. നിനച്ചിരിക്കത്ത സമയങ്ങളിൽ അപ്രതീക്ഷിതമായി കടന്നു വന്നു തന്റെ അസ്തിത്വം അപഹരിക്കുന്ന മരണത്തിന് അടിയറവു പറയാൻ നിന്നുകൊടുക്കാതെ സ്വന്തം മരണം എപ്പോളാവണമെന്ന് ഇവർ സ്വയം കുറിച്ച് വയ്ക്കുന്നു.
ആത്മാവിന്റെ വിൽ പത്രങ്ങൾ കുറ്റമറ്റ രീതിയിൽ ഏറ്റെടുത്തു നടത്തിക്കൊടുക്കുന്ന ലോകത്തിലെ അറിയപ്പെടുന്ന രണ്ടു സംഘടനകളാണ് സ്വിറ്റ്സർലൻഡിൽ പ്രവർത്തിച്ചു വരുന്ന EXIT ഉം DIGNATAS ഉം.
വ്യക്തി സ്വാതന്ത്ര്യത്തിനും വ്യക്തിത്വ വികസനത്തിനും അതിരുകളില്ലാത്ത കളങ്കരഹിതമായ ഒരു സമൂഹത്തിൽ മാത്രമേ ഇങ്ങനെയൊരു സംവിധാനത്തിന് അവസരമുള്ളു.
അതുകൊണ്ടു തന്നെ ലോകത്തിൽ മറ്റെങ്ങും സാധ്യമല്ലാത്ത, മരണസമയം സ്വയം തിരഞ്ഞെടുക്കുവാനുള്ള ഒരുവന്റെ സ്വാതന്ത്ര്യത്തെയും അതു ഭംഗിയായി നടത്തികൊടുക്കുന്ന ഈ സംഘടനകളുടെ പ്രവർത്തനരീതിയെയും 75 % മാനത്തിലധികം സ്വിസ്സ് നിവാസികളും പിന്തുണക്കുന്നു
താൻ എങ്ങിനെ ജീവിക്കണമെന്ന് സ്വയം തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം പോലെയോ അതിലധികമോ പ്രാധാന്യമർഹിക്കുന്നതാണ് സ്വന്തം മരണം എപ്പോളാവണമെന്നു തീരുമാനിക്കുവാനുള്ള അവകാശവും
ശരീര കോശങ്ങളിൽ ആത്മാവിന്റെ അസ്തിത്വം തേടുന്നവരും, മരണശേഷം ദൈവസന്നിധിയിലെത്തേണ്ട ആത്മാവിന്റെ സുരക്ഷിതത്വം കാംക്ഷിക്കുന്നവരും, മരണസമയം സ്വയം തിരഞ്ഞെടുക്കുന്നവന്റെ തീരുമാനത്തെ ആത്മഹത്യയെന്നു മുദ്ര കുത്തി അവഹേളിക്കുന്നു. ഒരു സ്വാഭാവിക മരണത്തിലൂടെ ആത്മാവിനു ലഭിക്കേണ്ടിയിരുന്ന സ്വർഗ്ഗ പ്രാപ്തിയോ, പുനർജന്മത്തിലൂടെ ലഭ്യമാകുമായിരുന്ന ശ്രേഷ്ട ജന്മമോ നഷ്ടപ്പെടുത്തുന്നതോർത്തു വിലപിക്കുന്നു
ആത്മാവിന്റെ അസ്തിത്വത്തിൽ വിശ്വസിക്കാത്തവന് അല്ലെങ്കിൽ പ്രാണവായു- അവസാനത്തെ ശ്വാസം ബഹിർഗമിച്ച് അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുമ്പോൾ മരണപ്പെടുന്നെന്നും, പ്രകൃതിയെ സൃഷ്ടാവായി കണ്ട തന്റെ ആത്മാവ് സൃഷ്ടാവിൽ – പ്രകുതിയിൽ അലിഞ്ഞു ചേരുന്നെന്നും വിശ്വസിക്കുന്നവന് കുറ്റബോധം ലവലേശമില്ലാതെ കൃതാർത്ഥതയോടെ തന്നെ ഈ മരണമാർഗ്ഗം തിരഞ്ഞെടുക്കാം
നാസ്തികനും വിശ്വാസിക്കും ഒരുപോലെ സ്വീകാര്യമാകേണ്ട പച്ചയായ യാഥാർഥ്യം
വിൽ പത്ര മരണങ്ങളെ ആത്മഹത്യയായി കണക്കാക്കാത്തതുപോലെ തന്നെ ദയാവധവുമായും ബന്ധപ്പെടുത്താറില്ല. മരണപ്പെടുന്നവന്റെ തീരുമാനങ്ങളിൽ ഒരു സാധാരണ വിൽ പത്രത്തിൽ സംഭവിക്കുന്ന പങ്കാളിയുടെയോ ബന്ധു മിത്രാദികളുടെയോ ഇടപെടലുകൾ പോലും ഇവിടെ അനുവദനീയമല്ല
മാനസികമായി പൂർണ ആരോഗ്യവാനായിരിക്കുമ്പോൾ സ്വാതന്ത്രമനസ്സോടെ തനിയെ തയാറാക്കുന്നതായിരിക്കണം വിൽ പത്രമെന്നു സാരം.
വിൽ പത്ര മരണങ്ങളിലൂടെ ഒരുവൻ തന്റെ ജീവനു നൽകാവുന്ന ഏറ്റവും ഉയർന്ന ബഹുമാനം നൽകിക്കൊണ്ട് അന്തസ്സായ ഒരന്ത്യം സമ്മാനിക്കുകയാണ് ചെയ്യുന്നത്
ഈ മരണമാർഗം തിരഞ്ഞെടുക്കുവാനുള്ള സാഹചര്യങ്ങൾ വിവിധങ്ങളായിരിക്കാം.
തന്റെ ജീവിതത്തിലെ ലക്ഷ്യങ്ങളെല്ലാം പൂർത്തീകരിച്ചിരിക്കുന്നു എന്ന തോന്നലിൽ നിന്നാവാം –
ചികിൽസിച്ചു ഭേദമാക്കാൻ വയ്യാത്ത രോഗബാധയിൽ നിന്നാവാം –
പ്ലാൻ ചെയ്തിരുന്ന പ്രൊജെക്ടുകൾ എല്ലാം പൂർത്തീകരിച്ച ശേഷമാവാം –
വളർച്ചയുടെ, ഉയർച്ചയുടെ പാരമ്യതയിൽ നിന്നാവാം –
ഏറ്റവും അടുത്തവരുടെ വിയോഗത്തിനു ശേഷമാവാം
സാഹചര്യങ്ങളെന്തായിരുന്നാലും, ആരോഗ്യമുള്ള മനസ്സിനുടമയായിരുന്നവർ തങ്ങളുടെ മരണസമയം സ്വയം തിരഞ്ഞെടുക്കുന്നതിന്റെ സാംഗത്യം മനസ്സിലാക്കുവാൻ സാധാരണക്കാരനു ബുദ്ധിമുട്ടായിരിക്കും
മരണം വരുന്ന വഴികൾ പലപ്പോഴും അപ്രതീക്ഷിതവും നാടകീയവുമായിരിക്കുമ്പോൾ – ഏറ്റവും സുഖകരമായതുമുതൽ സങ്കടകരമായവ വരെ- ഒരുവന്റെ ജീവിത കാല ചെയ്തികളിലെ നന്മ തിന്മകളുടെ പ്രതിഫലനമായി മരണത്തെ ബന്ധപ്പെടുത്തുന്നത് അസ്ഥാനത്താണ്
ഒരു മരണം സുഖകരമാകുവാൻ വേണ്ടി, അതായത് മരണാസന്നന്റെ കിടക്കക്കരികിൽ ഏറ്റവും വേണ്ടപ്പെട്ടവരുടെ സാംമീപ്യം ആസ്വദിച്ച്, അവരിൽ നിന്നൊരിറ്റു വെള്ളം സ്വീകരിച്ചു പുഞ്ചിരിയോടെയുള്ള വിട പറയൽ സാധ്യമാകുവാൻ വേണ്ടി, ഒരു രീതിയിലുള്ള ഇടപെടലുകളും സാധ്യമല്ല. ഇഷ്ടപെട്ടവരുടെ സാമീപ്യം അനുഭവിച്ചുള്ള ഒരു മരണം തന്നെ ഇന്നു വിരളമെന്നു പറയാം.
ഭാഗ്യ മരണങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാനാവാതെ, സന്തത സഹചാരിയുടെ ഒരു നിമിഷത്തെ അസാന്ന്യധ്യത്തിലോ, മറവി രോഗം ബാധിച്ചു സ്വന്തബന്ധങ്ങൾ തിരിച്ചറിയാനാവാതെ അപരിചിതരാൽ ചട്ടപ്പെട്ടിരിക്കുന്നു എന്ന ഭയം ഗ്രസിച്ച നിമിഷത്തിലോ, വേദന സംഹാരികളുടെ അഭാവത്തിൽ ഒരു നിമിഷം പോലും സാധ്യമല്ലാത്തപ്പോളോ ഒക്കെ സംഭവിക്കുന്ന മരണങ്ങൾ, മരണപ്പെടുന്നവന്റെ വ്യക്തിത്വത്തോടും നയിച്ചിരുന്ന ജീവിത ക്രമങ്ങളോടും ഒരു രീതിയിലും നീതി പുലർത്തുന്നില്ല എന്നതാണ് യാഥാർഥ്യം
ഇവിടെയാണ് മുൻകൂർ തീരുമാനിച്ചുറപ്പിക്കുന്ന വിൽ പത്ര മരണങ്ങൾ അഭിലഷണീയമാകുന്നത്. സംഘടനയിൽ അംഗത്വമെടുക്കുന്നവരുടെ അന്ത്യം അത്യന്തം ശ്രദ്ധയോടെ നടത്തിക്കൊടുക്കുവാൻ അവർ പ്രതിജ്ഞാബദ്ധരാണ്. മനഃശാസ്ത്രഞ്ജരും ഭിഷഗ്വരുമടങ്ങുന്ന വിദഗ്ധ സംഘം പുതുതായി അംഗത്വമെടുക്കുന്നവരും ബന്ധുക്കളുമായി സമ്പർക്കത്തിലേർപ്പെടുകയും ഇങ്ങനെയൊരു തീരുമാനമെടുക്കാനുണ്ടായ സാഹചര്യങ്ങൾ വിശകലനം ചെയ്യുകയും പ്രത്യേക സാഹചര്യങ്ങളിൽ മുൻപോട്ടു ജീവിച്ചു പോകാനുള്ള അവസരങ്ങൾ നിർദേശിച്ചു കൊടുക്കുകയും ചെയ്യുന്നു. അംഗങ്ങളാകുന്നവർക്കു പെട്ടെന്നുള്ള ഒരു മരണമല്ല സംഘടന വാഗ്ദാനം ചെയ്യുന്നത്. രണ്ടും മുന്നും വർഷങ്ങൾക്കു ശേഷം തീരുമാനം സ്ഥിരപ്പെടുത്തിയവരെ വ്യക്തിയുടെ സ്വന്തം സ്വന്തം ഡോക്ടർ കുറിച്ചു നൽകുന്ന മരിക്കുവാനുള്ള പാനീയം പരസഹായമില്ലാതെ സ്വയം എടുത്തു കുടിക്കുവാൻ നിർദേശിച്ചുകൊണ്ട് സംഘടനയുടെ മേൽനോട്ടത്തിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തികച്ചും സുതാര്യമായ സാഹചര്യത്തിലായിരിക്കും വേദനാരഹിതവും സന്തോഷകരവുമായ മരണം സാധ്യമാക്കുന്നത്. അംഗത്വത്തിന് ഈടാക്കുന്ന ചെറിയ ഒരു ഫീസ് അല്ലാതെ മറ്റൊരു രീതിയിലുള്ള ധനലാഭവും സംഘടനകൾ ഈ സേവനത്തിലൂടെ സമാഹരിക്കുന്നില്ല.
ഒരിക്കൽ അംഗത്വമെടുത്തതുകൊണ്ടു തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്നോ ഈ രീതിയിൽ മരണത്തെ പുൽകണമെന്നോ ആരും നിർബന്ധിക്കുന്നില്ല. ഏതവസരത്തിലും തീരുമാനം പുനർ പരിശോധിക്കാനും പിന്മാറാനും സംഘടന അംഗങ്ങളെ സഹായിക്കുന്നു
ഇവിടെ സ്വാഭാവികമായി ഉണ്ടാവുന്ന ഒരു സംശയമാണ് മരണത്തിനു സാഹചര്യമൊരുക്കുന്ന ഇങ്ങനത്തെ സംഘടനകൾ നിലവിലുള്ളപ്പോൾ വളരെയധികം ആളുകൾ ഈ മാർഗം തിരഞ്ഞെടുക്കുകയില്ലേ എന്നത്. യാഥാർഥ്യം മറിച്ചാണ്. 1980 ൽ EXIT നിലവിൽ വരുന്നതിനു മുൻപ് 1600 ലധികം പേർ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇന്നത് 1100 ൽ താഴെയയായി കുറഞ്ഞിരിയ്ക്കുന്നു. ജീവിത നൈരാശ്യങ്ങൾക്കു പരിഹാരമായി ആത്മഹത്യ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കു വരെ മാർഗദർശനങ്ങൾ നൽകി അവരെ ജീവിതത്തിലേയ്ക്ക് തിരിച്ചു വിടുവാൻ ഇവർക്ക് സാധിക്കുന്നു എന്നത് പ്രശംസനീയം തന്നെ. നിയമപരമായി ജീവിതം അവസാനിപ്പിക്കുവാൻ സഹായിക്കുന്ന ഒരു സംഘടനയിൽ തന്റെ ആകുലതകൾ വെളിപ്പെടുത്തുന്നത് ആത്മഹത്യ ശ്രമം വരെ കുറ്റകരമായ സാഹചര്യങ്ങളെക്കാളും ആയാസരഹിതമായിരിക്കുമല്ലോ
EXIT സംഘടന സ്വിറ്റസർലണ്ടിൽ സ്ഥിരതാമസക്കാരെ മാത്രം ഉദ്ദേശിച്ചു രൂപം കൊണ്ടിട്ടുള്ളതാണ്. നിലവിൽ 120 000 ത്തിൽ അധികം അംഗങ്ങളാണ് ഇവരിലൂടെ തങ്ങളുടെ അന്ത്യം ആഗ്രഹിച്ചു രജിസ്റ്റർ ചെയ്തിട്ടുള്ളത്.
DIGNITAS പക്ഷെ ഈ മാർഗം കുറ്റകരമായി കാണുന്ന മറ്റു രാജ്യങ്ങളിലുള്ളവരെ സ്വിറ്റ്സർലണ്ടിൽ സന്ദർശകരായെത്തിച്ച് വേദനരഹിതവും സുഖപ്രദവുമായ മരണത്തിനു സാഹചര്യമൊരുക്കുന്നു.
EXITഉം , DIGNITAS ഉം മാനവികതയ്ക്കു നൽകുന്നത് മഹത്തരമായ സേവനമെന്ന് അടിവരയിട്ടുകൊണ്ട് അവസാനിപ്പിക്കുന്നു.
ന്യൂകാസിൽ. മലയാളം സംസാരിക്കുവാൻ പോലും ബ്രിട്ടനിലെ മലയാളി കുട്ടികൾ വിമുഖത കാട്ടുന്ന ഈകാലത്തു ശുദ്ധ മലയാളത്തിൽ ഒരു ക്രിസ്തീയ ഭക്തിഗാനവുമായി ന്യൂകാസിലിലെ പത്തു വയസുകാരൻ മലയാളി ബാലൻ ജേക്കബ് ഷൈമോൻ ശ്രദ്ധേയനാകുന്നു . ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകൾ ഇല്ലാത്ത അനവധി ഗാനങ്ങളിലൂടെ മലയാളി മനസുകളിൽ സ്ഥാനം പിടിച്ച ഫാ. ഷാജി തുമ്പേചിറയിൽ രചനയും സംഗീതവും നിർവഹിച്ച “കർത്താവെ നീയെന്റെ സ്വന്തം “എന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനത്തിനാണ് ചാക്കോച്ചൻ ശബ്ദം നൽകി അഭിനയിച്ചിരിക്കുന്നത് .ഷാജി തുമ്പേച്ചിറ അച്ചൻ തന്നെ സ്റ്റുഡിയോയിൽ നേരിട്ട് ചാക്കോച്ചനെ പാട്ടു പഠിപ്പിച്ചു പാടിക്കുന്ന മനോഹരമായ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത് . ബിർമിംഗ്ഹാമിലെ ബിജോ റ്റോം നിർമ്മിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് സ്കറിയ ജേക്കബും , വീഡിയോ മനോഹരമായി എഡിറ്റ് ചെയ്തിരിക്കുന്നത് വിഷ്ണു പി ആർ സെലെബ്രന്റ്സും ആണ് , സുനിൽ വി ജോയി ആണ് നിർമ്മാണ നിർവഹണം നിവഹിച്ചിരിക്കുന്നതു , ഷാജി അച്ചന്റെ ഇതിനു മുൻപുള്ള ഒരു ആൽബത്തിലും ചാക്കോച്ചൻ ഒരു പാട്ട് പാടിയിരുന്നു . എന്തൊരു സ്നേഹമാണ് എന്ന് തുടങ്ങുന്ന ആ ഗാനം യു ട്യൂബിൽ വൈറൽ ആയിരുന്നു .ഫാ . സെബാസ്റ്റ്യൻ ചാമക്കാല രചന നിർവഹിച്ച ആ ഗാനത്തിന്റെയും സംഗീത സംവിധാനം നിർ വഹിച്ചത് ഫാ. ഷാജി തുമ്പേചിറയിൽ ആണ് . ബ്രിട്ടനിൽ മാധ്യമ പ്രവർത്തകനായ ഷൈമോൻ തോട്ടുങ്കലിന്റെയും , എൻ . എച്ച് . എസ് . ജീവനക്കാരിയായ സിമിയുടെയും രണ്ടാമത്തെ പുത്രനാണ് ന്യൂകാസിൽ സെന്റ് ജോസെഫ് പ്രൈമറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയായ ചാക്കോച്ചൻ , ഈ പാട്ട് കാണുവാനും കേൾക്കുവാനുമായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക .
ബിജു ഗോപിനാഥ്
ഇടതുപക്ഷ കലാസാംസ്കാരിക സംഘടനായ സമീക്ഷ യു കെ യുടെ പുതിയ ബ്രാഞ്ചിന് യു കെ യുടെ സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഷെഫീൽഡിൽ തുടക്കമായി .
ഫെബ്രുവരി 23 ഞായറാഴ്ച ഷെഫീൽഡിൽ ഡോ . സീന ദേവകിയുടെ വസതിയിൽ ശ്രീ ജോഷി ഇറക്കത്തിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമീക്ഷ യു കെ ദേശിയ സെക്രട്ടറി ശ്രീ.ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിൻറെ പ്രവർത്തനങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു .
പങ്കെടുത്തവരെ ഡോ . സീന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു .
സമീക്ഷ എന്ന സംഘടനയ്ക്ക് യുകെയിലെ മലയാളി സമൂഹത്തിന്റെ ഇടയിലുള്ള പ്രസക്തി വർദ്ധിക്കുന്നു എന്നതിന്റെ തെളിവായിരുന്നു യോർക്ഷയറിലെ ഒരു പ്രധാന പട്ടണമായ ഷെഫീൽഡിലെ ബ്രാഞ്ചുരൂപീകരണയോഗത്തിലെ പങ്കാളിത്തം . വനിതകളും യുവാക്കളും അടക്കം നിരവധി പേരാണ് പങ്കെടുത്തത്. പ്രമുഖ യൂണിവേഴ്സിറ്റികളായ ഷെഫീൽഡ് യൂണിവേഴ്സിറ്റി , ഹല്ലാം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭാസം നടത്തുന്ന യുവാക്കളുടെ ആവേശകരമായ സാന്നിധ്യം യോഗത്തിനു ഊർജ്യം പകർന്നു .
യോഗത്തിന് നേരിട്ടെത്തിച്ചേരാൻ കഴിയാതിരുന്ന സമീക്ഷ ദേശിയ പ്രസിഡന്റ് സ്വപ്ന പ്രവീൺ ഓൺലൈനിൽ പങ്കെടുത്തു യോഗത്തിനെത്തിച്ചേർന്നവർക്ക് സമീക്ഷയുടെ ദേശിയ സമിതിയുടെ പേരിൽ അഭിവാദ്യം അർപ്പിച്ചു. തുടർന്ന് സംസാരിച്ച ശ്രീ ദിനേശ് വെള്ളാപ്പള്ളി സംഘടനയെക്കുറിച്ചും സംഘടന ഭാവിയിൽ നടത്താൻ ഉദ്യേശിക്കുന്ന പ്രവർത്തന പരിപാടികളെക്കുറിച്ചും വിശദീകരിച്ചു . തുടർന്ന് എല്ലാവരും സംഘടനയിൽ അംഗത്വം സ്വീകരിച്ചു.
സമീക്ഷ ഷെഫീൽഡ് ബ്രാഞ്ചിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു
പ്രസിഡന്റ് : ഡോ . അർച്ചന സോമൻ
വൈ. പ്രസിഡന്റ് : ശ്രീ അഭിൻ വിജു
സെക്രട്ടറി : ശ്രീ. ജോഷി ഇറക്കത്തിൽ
ജോ . സെക്രട്ടറി : ശ്രീ . ഷാജു സി ബേബി
ട്രെഷറർ : സ്റ്റാൻലി ജോസഫ് .
ഭാവി പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കാനായി യോഗത്തിൽ പങ്കെടുത്തവർ വിവിധ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു . ബ്രാഞ്ചിന്റെ ആദ്യ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡോ. അർച്ചന യോഗത്തിൽ പങ്കെടുത്തവർക്കും സഹകരിച്ചവർക്കും നന്ദി രേഖപ്പെടുത്തി .
ടോം ജോസ് തടിയംപാട്
ഞങ്ങൾ മഠത്തിൽ ഒരുവിധം നന്നായി കിടന്നുറങ്ങുമ്പോൾ ഞങ്ങളുടെ അപ്പനും അമ്മയും മഴനഞ്ഞു കിടക്കുന്നതുകൊണ്ടു ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്നും രാത്രിയിൽ എഴുന്നേറ്റിരുന്നു കരയുകയായിരുന്നു .സിസ്റ്റർ പ്രീതി .
യു കെ മലയാളികളുടെ സഹായം കൊണ്ട് ഏപ്പുചേട്ടൻ പുതിയ വീട്ടിലേക്കു ഇന്നു താമസം മാറി ,ക്നാനായ സമൂഹം ഇടുക്കി ചാരിറ്റിയെ ഏൽപിച്ച പണവും കൈമാറി ,ഒരു ലിവർപൂൾ മലയാളി വാങ്ങി നൽകിയ ടി വി യും കൈമാറി .
ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നൽകുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികൾ നൽകിയ ഏകദേശം 460000 (നാലുലക്ഷത്തിഅറുപത്തിനായിരം രൂപ ) കൊണ്ട് നിർമ്മിച്ച വീട്ടിലേക്കു ഏപ്പുചേട്ടനും കുടുംബവും ഇന്നു (വൈകുന്നേരം ഞായറാഴ്ച )മാറി ഗ്രഹപ്രവേശനംനടത്തി .
വീടിന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽ ദാനവും വിമലഗിരി വികാരി ഫാദർ ജിജി വടക്കേൽ നിർവഹിച്ചു ,ലിവർപൂൾ ക്നാനായ സമൂഹം നൽകിയ 30000 രൂപ തൊമ്മൻ ജോസഫ് കൊച്ചുപറമ്പിൽ ഏപ്പുചേട്ടനു കൈമാറി. ലിവർപൂൾ മലയാളി നൽകിയ ടി വി സെറ്റ് , ബാബു ജോസഫ് കൈമാറി , വീടുപണിക്ക് നേതൃത്വം കൊടുത്ത കമ്മറ്റിയെ നയിച്ച വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ. ,ബാബു ജോസഫ്, സീന ഷാജു ,ജോയ് വർഗീസ് , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു നന്ദി പ്രകാശിപ്പിച്ചുകൊണ്ടു സംസാരിച്ച ഏപ്പുചേട്ടന്റെ മകൾ സിസ്റ്റർ പ്രീതിയുടെ വാക്കുകൾ അവിടെ കൂടിയ എല്ലാവരെയും കരയിപ്പിച്ചു ഞങ്ങൾ മഠത്തിൽ ഒരുവിധം നന്നായി കിടന്നുറങ്ങുമ്പോൾ ഞങ്ങളുടെ അപ്പനും അമ്മയും മഴനഞ്ഞു കിടക്കുന്നതുകൊണ്ടു ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്നും രാത്രിയിൽ എഴുന്നേറ്റിരുന്നു കരയുകയായിരുന്നു. ഞങ്ങൾ പ്രാർത്ഥിക്കാത്ത പള്ളികളില്ല . വയനാട് ചുരം കയറി എന്റെ പ്രവർത്തനങ്ങൾ നടത്തുമ്പോൾ എന്റെ അപ്പനും അമ്മക്കും കിടക്കാൻ ഒരിടം വേണം എന്നുമാത്രമായിരുന്നു എന്റെ പ്രാർത്ഥന അതാണ് ഇപ്പോൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തി തന്നത് . ഞങ്ങൾ നിങ്ങൾക്കുവേണ്ടി എന്നും കൊന്തചൊല്ലും എന്ന് പറഞ്ഞാണ് സിസ്റ്റർ പ്രസംഗം അവസാനിപ്പിച്ചത് .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ നേതൃത്വത്തിൽ ശേഖരിച്ച 4003 പൗണ്ട് ( 3,63000 രൂപ) ഇന്ന് ഇടുക്കി എം പി ഡീൻ കുര്യക്കോസ് ഏപ്പുചേട്ടനു കൈമാറിയിരുന്നു ,കൂടാതെ ഹെയർഫീൽഡ് ലണ്ടൻ ലേഡി ഓഫ് റോസറി നൈറ്റ് വിജിൽ ഗ്രൂപ്പ് 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നേരിട്ടു നൽകിയിരുന്നു കൂടാതെ ലിവർപൂൾ ക്നാനായ സമൂഹം നൽകിയ 30000 രൂപ .ലിവർപൂൾ മലയാളി നൽകിയ 22000 രൂപയുടെ T V എന്നിങ്ങനെ . .460000 (നാലുലക്ഷത്തിഅറുപത്തിനായിരം രൂപയുടെ സഹായമാണ് യു കെ മലയാളികൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ ഏൽപ്പിച്ചത് ഞങ്ങൾ അത് ഏല്പിക്കേണ്ട കൈകളിൽ ഏൽപ്പിക്കുകയും ചെയ്തു എന്ന് നിങ്ങളെ അറിയിക്കുന്നു . യു കെ മലയാളികളുടെ നല്ലമനസുകൊണ്ടു ഏകദേശം 85 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകൾക്ക് നൽകി സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് ..അതിനു ഞങ്ങൾ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു .
ഏപ്പുചേട്ടന്റെ കുടുംബത്തിന്റെ ദുഃഖ൦ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഒട്ടേറെ നല്ലമനുഷ്യർ മുൻപോട്ടു വന്നിരുന്നു .അതിൽ എടുത്തുപറയേണ്ടത് ,,ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ(LIMCA) പ്രസിഡന്റ് ,തമ്പി ജോസ് ,ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ (LIMA)പ്രസിഡണ്ട് ഇ ജെ കുര്യക്കോസ് ,ലിവർപൂൾ ക്നാനായ അസ്സോസിയേഷൻ പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ട് ,. ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്, ക്യാപ്റ്റൻ തോമസുകുട്ടി ഫ്രാൻസിസ്, വിരാൽ സൈന്റ്റ് ജോസഫ് കത്തോലിക്ക പള്ളിയുടെ വികാരി ഫാദർ ജോസ് അഞ്ചാനീ, ട്രസ്റ്റിമാരായ ജോർജ് ജോസഫ് ,റോയ് ജോസഫ് ജോഷി ജോസഫ് എന്നിവരാണ് . ഞങ്ങൾക്ക് നിങ്ങളോടുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു.കൂടാതെ അമേരിക്കയിലുള്ള ഏപ്പുചേട്ടന്റെ അയൽവാസിയും പണം അയച്ചു തന്നു അവരോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു .
ഈ ചാരിറ്റി ഈ വാർത്ത പ്രസിദ്ധികരിച്ചപ്പോൾ മുതൽ വാർത്തകൾ ഷെയർ ചെയ്തു ഞങ്ങളെ സഹായിച്ച ആന്റോ ജോസ് , മനോജ് മാത്യു .ബിനു ജേക്കബ് ,മാത്യു അലക്സഡർ ,എന്നിവരെയും നന്ദിയോടെ ഓർക്കുന്നു ഭാവിയിൽ ഞങ്ങൾ നടത്തുന്ന എളിയ പ്രവർത്തനങ്ങളിലും നിങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സുതാരൃവും സത്യസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ്.എന്നിവരാണ് ഞങ്ങൾ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും .
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”
..
സജീഷ് ടോം
യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ- മാഗസിന്റെ 2020 ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരണത്തിൽ അഞ്ച് വർഷം പൂർത്തീകരിച്ച ജ്വാല ഇ-മാഗസിൻ ലോക പ്രവാസി മലയാളി സാഹിത്യരംഗത്തിന് അഭിമാനമായി മാറികഴിഞ്ഞിട്ടുണ്ട്. അറുപതാം ലക്കം പ്രസിദ്ധീകരിച്ചുകൊണ്ട് അഭിമാനകരമായൊരു നാഴികക്കല്ല് പിന്നിടാൻ ജ്വാലക്ക് കഴിഞ്ഞത് വായനയെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരു സന്തോഷ വർത്തമാനം തന്നെയാണ്.
വേറിട്ടതും ഈടുറ്റതുമായ രചനകളാൽ സമ്പന്നമായ ഫെബ്രുവരി ലക്കത്തിന്റെ എഡിറ്റോറിയലിൽ ഇന്ത്യൻ വിദ്യാഭാസ രംഗത്തെ അപചയത്തെക്കുറിച്ചു ചീഫ് എഡിറ്റർ റജി നന്തികാട്ട് എഴുതുന്നു. കലാപങ്ങളും സംഘർഷങ്ങളും ഇന്ത്യൻ വിദ്യാഭാസത്തെ കലുഷിതമാക്കുന്നു. ജീവിത മൂല്യങ്ങൾ പഠിപ്പിക്കുന്നതിന് പകരം മത്സരപ്പരീക്ഷകൾ പാസാകാനുള്ള കുറുക്കുവഴികൾ പഠിപ്പിക്കുന്ന കേന്ദ്രങ്ങളായി ഇന്ത്യൻ വിദ്യാഭാസ രംഗം മാറിയിരിക്കുന്നതായി റജി നന്തികാട്ട് പത്രാധിപക്കുറിപ്പിൽ നിരീക്ഷിക്കുന്നു.
മലയാള സിനിമക്ക് മാത്രമല്ല ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനമായി മാറിയ ചലച്ചിത്ര സംവിധായകനും ചിത്രകാരനുമായ ജി അരവിന്ദന്റെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ആർ. ഗോപാലകൃഷ്ണൻ എഴുതിയ അരവിന്ദൻ എന്ന ലേഖനം. ഫെബ്രുവരി ലക്കത്തിന്റെ മുഖചിത്രവും അരവിന്ദൻ തന്നെയാണ്. പച്ചയായ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ജോർജ്ജ് അരങ്ങാശ്ശേരിയുടെ സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ താൻ നേരിട്ട ഒരു ജീവിതാനുഭവം മനോഹരമായി വിവരിക്കുന്നു.
വിനോയ് തോമസിന്റെ “മലയാള പാഠപുസ്തകങ്ങൾ മലയാള സാഹിത്യത്തോട് ചെയ്തത്” എന്ന ലേഖനം വിമർശനപരമായി നല്ലൊരു രചനയാണ്. സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന കവിയാണ് എം ബഷീർ. അദ്ദേഹത്തിന്റെ കവിതകൾ ജീവിതത്തിന്റെ അകത്തളങ്ങളിലെ കാഴ്ചകൾ നമ്മെ കാണിക്കുന്നു. എം. ബഷീറിന്റെ “ഗാന്ധിയെ കൊന്നതിന്റെ പിറ്റേന്ന്” എന്ന കവിത ഈ ലക്കത്തിലെ ശക്തമായ രചനകളിൽ ഒന്നാണ്. യു കെ മലയാളിയായ ബീനാ റോയി എഴുതിയ ഇംഗ്ലീഷ് കവിതയും അതിന്റെ മലയാള പരിഭാഷയും അടങ്ങിയ ” സമയത്തിന്റെ അന്ത്യം വരേയ്ക്കും ” എന്ന രചനയും കെ. വിഷ്ണുനാരായണൻ രചിച്ച ” സമ്മാനം ” എന്ന കവിതയും ഈ ലക്കത്തിലെ മനോഹര രചനകളാണ്.
വൈഖരീ ഈശ്വർ എഴുതിയ അച്ഛൻ എന്ന കഥയും ബിനു ആർ എഴുതിയ സന്യാസം ഒരു മരീചികയാണ് എന്ന കഥയും ആർ ഗോപാലകൃഷ്ണന്റെ “ഇളമുളച്ചി – ഒരു ശാസ്ത്ര കൗതുകം” എന്ന രചനയും വായനക്കാരുടെ പ്രിയ കൃതികൾ ആയിരിക്കും. റോയി സി ജെയുടെ ചിത്രങ്ങൾ രചനകളെ മനോഹരമാക്കുന്നു. ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഒരു പതിറ്റാണ്ടിലുപരി കാര്യക്ഷമതയോടുകൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഹൃദയ എന്ന സംഘടന, യുകെയിലെ തന്നെ മുൻനിരയിലെ ഒന്നാണെന്ന് നിസ്സംശയം പറയാവുന്നതാണ്. കലാകായിക പരിപാടികളിലും, സാമൂഹിക സേവന സംരംഭങ്ങളിലും വളരെ ഊർജ്ജസ്വലതയോടെ തന്നെ അതിന്റെ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചിട്ടുണ്ട്! ചാരിറ്റി സേവനത്തിലും നമ്മുടെ കൊച്ചു കൂട്ടുകാർക്ക് മലയാളം എന്ന സ്വന്തം ഭാഷയെ ഉയർത്തി കാട്ടുവാനും സാധ്യമാക്കുന്നതിൽ സഹൃദയ ഒരുപടി മുമ്പിൽ തന്നെയാണ്. അതിനായി അഹോരാത്രം പ്രവർത്തിക്കുന്ന കഴിഞ്ഞകാല സംഘടനാ ഭാരവാഹികളുടെ സേവനത്തെ മുക്തകണ്ഠം പ്രശംസനീയവുമാണ്.
അങ്ങനെ നന്മയുടെയും, സ്നേഹത്തിന്റെയും സഹോദര്യത്തിൻെറയും, പടവുകൾ കയറി കൊണ്ട് ഈ കഴിഞ്ഞ ഫെബ്രുവരി എട്ടാം തീയതി നടന്ന വാർഷിക പൊതുയോഗം സഹൃദയ 2020ലെ കരുത്തുറ്റതും, കഴിഞ്ഞകാല ഭാരവാഹിത്ത പരിചയ സമ്പന്നരുമായ ആറംഗ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് സ്ഥാനത്തേക്ക് മജോ തോമസ്, വൈസ് പ്രസിഡന്റ്. എമി ജുബിൻ, ജനറൽ സെക്രട്ടറി ബേസിൽ ജോൺ, അസിസ്റ്റന്റ് സെക്രട്ടറി മനോജ് കൂത്തൂർ, ട്രഷററായി ടോമി വർക്കി, പ്രോഗ്രാം കോർഡിനേറ്റർ തോമസ് വർഗീസ്(ലാലു ) മറ്റ് എക്സിക്യൂട്ടീവ് മെമ്പേഴ്സായി ബിജു ചെറിയാൻ, സെബാസ്റ്റ്യൻ എബ്രഹാം, വിജു വർഗീസ്, സുനിത ഫെബി ജേക്കബ്, സുജ ജോഷി, സ്റ്റെബിൻ ഇമാനുവൽ, ലാബു ബാഹുലേയൻ, അജി മാത്യു, ധനേഷ് ബാലചന്ദ്രൻ എന്നിവരാണ് ഇനിയും സംഘടന അംഗങ്ങളുടെ പൂർണ്ണ പിൻബലത്തോടെ ഭാവി പരിപാടികൾക്ക് രൂപം കൊടുക്കുന്നതും പ്രവർത്തനങ്ങൾക്കു കൂടുതൽ ഊർജ്ജം പകരുന്നതും !
അന്തർദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള മുദ്രാവാക്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വനിതകളുടെ മാഞ്ചസ്റ്റർ വോക്കിനോട് അനുബന്ധിച്ച് മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗം അംഗങ്ങൾ മാർച്ച് 7 ന് വനിതകളുടെ മാഞ്ചസ്റ്റർ വോക്കിൽ അണിചേരും.
തുല്യാവകാശവും തുല്യനീതിയും തങ്ങളുടെ മൗലികഅവകാശമാണെന്ന് ആവശ്യപ്പെട്ടാണ് മാഞ്ചസ്റ്റർ വോക്ക്. തുല്യ അവകാശത്തിനുവേണ്ടി പടപൊരുതിയ എമിലിൻ പാൻഹർസ്റ്റിന്റെയും കരോൾ ആൻ ഡഫിയുടെയും പാദസ്പർശം ആവോളം ഏറ്റ മാഞ്ചസ്റ്റർ വീഥികളിൽ മുദ്രാവാക്യങ്ങളുമായി നടന്ന് നീങ്ങുമ്പോൾ ഇത് മാഞ്ചസ്റ്റർ മലയാളികൾക്ക് അഭിമാനനിമിഷം ആകും.
കൂടുതൽ വിവരങ്ങൾക്ക് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളുമായോ 07886526706 എന്ന നമ്പറുമായോ ബന്ധപ്പെടാം.
മൂന്നാമത് യുക്കെ സാഹിത്യോല്സവവും കോട്ടയം ഡി സി ബുക്സുമായി സഹകരിച്ച് നടത്തിയ മൂന്നാമത് യുക്കെ കഥ കവിത രചനാ മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനവും 2020 ഫെബ്രുവരി 22നു രാവിലെ 11:00 മുതൽ ലണ്ടനിലെ ‘മലയാളി അസോസിയേഷൻ ഓഫ് യൂക്കെ’യുടെ (MAUK)മാനര്‍ പാര്‍ക്കിലെ റോംഫോര്‍ഡ് റോഡിലെ കേരള ഹൌസില്‍ വെച്ച് നടത്തപ്പെടുന്നു.
മലയാള സാഹിത്യത്തെ യുക്കെയിലെ ജനങ്ങളിലേക്ക് എത്തിക്കുവാനും കൂടുതല്‍ വായനക്കാരെ പ്രോത്സാഹിപ്പിക്കുവാനുമായി തുടക്കം കുറിച്ച സാഹിത്യകൂട്ടായ്മ്മയുടെ മൂന്നാമത് സാഹിത്യോത്സവം പരിപാടിയാണ് നടക്കുന്നത്. ഓരോ വര്‍ഷവും ഈ സാഹിത്യോല്സവത്തിനു അന്താരാഷ്ട്രതലത്തില്‍ വരെ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ഇക്കുറി സാഹിത്യോല്സവത്തിനു ഉത്ഘാടന അവതരണ കവിത എഴുതി നല്‍കിയിരിക്കുന്നത് കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിയും പുസ്തക രചയിതാവും കൊച്ചി സ്വദേശിയും LIC ല്‍ അട്മിനിസ്ട്രെറ്റീവ് ഒഫീസ്സറുമായ റൂബി ജോര്‍ജ് ആണ്.
യൂകെയിലെ പ്രവാസിമാലയാളികളില് നിന്നാണ് കൃതികള്‍ ക്ഷണിച്ചത്. കേരളത്തിലും അമേരിക്കയിലുമുള്ള സാഹിത്യമേഖലയിലെ പ്രഗല്ഭരായ മൂന്ന് വിധികര്‍ത്താക്കളാണ് രചനകള്‍ വിലയിരുത്തിയത്. രചയിതാക്കളുടെ പേരുകൾ നീക്കം ചെയ്തു അയച്ച പ്രസ്തുത സൃഷ്ട്ടികൾ ഈ മൂന്നു വിധികർത്താക്കളുടെയും മാർക്കുകളുടെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിൽ നിന്നും മികച്ച കൃതികള്‍ തിരഞ്ഞെടുത്തു. യുക്കെയില്‍ നടത്തുന്ന ഈ സാഹിത്യ മത്സരത്തിനെ എത്രകണ്ട് മലയാളികള്‍ ഇഷ്ട്ടപ്പെടുന്നു എന്നതിന് തെളിവായിരുന്നു ഇക്കുറിയും കഥയിലും കവിതയിലും ലഭിച്ച കൃതികള്‍ സൂചിപ്പിക്കുന്നത്.
മത്സരാർത്ഥികൾ അയച്ചുതന്ന കൃതികള്‍ എല്ലാം മികച്ചനിലവാരമാണ് പുലര്‍ത്തിയത്. ആനുകാലികങ്ങളിലും ബ്ലോഗ്ഗുകളിലും സോഷ്യല്‍ മീഡിയായിലും മറ്റും എഴുതുകയും ഒപ്പം സ്വതന്ത്ര കൃതികള്‍ പ്രസ്ദ്ധീകരിക്കുകയും ചെയ്ത, കഴിവുള്ള എഴുത്തുകാരായിരുന്നു മിക്കവരും. ഇതിന് മുന്നേ നടത്തിയ രണ്ട് സാഹിത്യമത്സരങ്ങളില് വിജയികളായവര്‍ ഇന്ന് സാഹിത്യമേഖലയില്‍ മുന്‍നിരയില്‍ സഞ്ചരിക്കുന്നു എന്നുള്ളത് അഭിമാനപൂര്‍വ്വം ഞങ്ങള്‍ സ്മരിക്കുന്നു. യുക്കെ മലയാളികള്‍ക്കായി ഇക്കുറി സാഹിത്യ മത്സരം സംഘടിപ്പിച്ചത് ‘യുകെ റൈറ്റേഴ്സ് നെറ്റ് വർക്ക്, അഥേനീയം റൈറ്റേഴ്സ് സൊസൈറ്റി യൂക്കെ, അഥേനീയം ലൈബ്രറി ഷെഫീൽഡ് എന്നിവ ചേര്‍ന്നാണ്. ഇത് മൂന്നാം തവണയാണ് കോട്ടയം DCബുക്സിന്റെയും കറന്റ് ബുക്സിന്റെയും മാനേജിങ് ഡയറക്റ്ററായ രവി ഡി സി, ഡി സി ബുക്സിലൂടെ യുക്കെ സാഹിത്യമത്സരങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്.
മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ദി യുക്കെയുടെ ആഥിതേയത്തിൽ നടക്കുന്ന സാഹിത്യോല്സവത്തില് മറ്റ് കലാ സാംസ്കാരിക സാഹിത്യ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുന്നു. സാഹിത്യോത്സവത്തിന് മുന്നോടിയായി നടന്ന സാഹിത്യ പ്രഭാഷണ പരമ്പര ഒരു വന്‍ വിജയമായി മാറി. ഇരുപതിന് മേല്‍ സാഹിത്യപ്രവര്‍ത്തകരും സാഹിത്യപ്രേമികളും ആരോഗ്യം, സിനിമ, സാഹിത്യം, നാടകം, പുസ്തകം, കല, തത്വചിന്ത തുടങ്ങി അനവധി വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയായില്‍ കൂടിയും യൂ ട്യൂബ് വഴിയുമാണ് പ്രഭാഷണങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അത് ശ്രവിക്കുന്നവരുടെ എണ്ണവും ഏറെയുണ്ടായി.
അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ കൈകളിലൂടെ മലയാള സാഹിത്യം വളർന്നുകൊണ്ടിരിക്കുകയാണ്. അച്ചടി മാധ്യമങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും സ്വതന്ത്ര പ്രസിദ്ധീകരണങ്ങളിലൂടെയും യുക്കെയില്‍ അനവധി സാഹിത്യ സ്നേഹികൾ എഴുത്തിന്റെ മേഖലയിൽ അഭിരമിക്കുന്നു. എഴുത്തിന്റെ ലോകത്തിലേക്ക് വരുവാൻ അനവധിയാളുകൾ താല്പര്യം കാണിക്കുകയും ചെയ്യുന്നു. ഇവരെയെല്ലാം ഒരുമിപ്പിച്ച് ചേർത്തുകൊണ്ടാണ് ലണ്ടനിൽ വെച്ച് ഈ ശനിയാഴ്ച യുക്കെ സാഹിത്യോത്സവം 2020 സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി എല്ലാ സാഹിത്യ സ്നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
സാഹിത്യത്തോട് താത്പര്യമുള്ള മറ്റുള്ളവര്‍ക്ക്കൂടി ഈ സംരംഭത്തെക്കുറിച്ച് അറിവുകൊടുക്കണമെന്നും അപേക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഈമെയില്‍ വിലാസത്തില്‍ ബെന്ധപ്പെടുക.
പരിപാടി നടക്കുന്ന സ്ഥലം Address- Malayali Association of UK, Kerala House, 671 Romford Road, Manor Park, London, E12 5AD
സമയം രാവിലെ 11:00 മുതൽ