Australia

ആസ്ട്രേലിയയിലെ ബോണ്ടി കടൽത്തീരത്ത് ഇന്ന് ആയിരങ്ങൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പൂർണനഗ്നരായി ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തു ലോകപ്രശസ്ത യു.എസ് ഫോട്ടോഗ്രാഫിക് ആർട്ടിസ്റ്റ് സ്പെൻസർ ട്യൂണിക്കിന്റെ കാമറയ്ക്ക് മുന്നിലാണ് അവർ നഗ്നരായത്. ഈ ഫോട്ടോഷൂട്ടിന് പിന്നിൽ മഹത്തായ ഒരു ലക്ഷ്യമുണ്ടായിരുന്നു. ഓസ്ട്രേലിയയിൽ സാധാരണമായ മെലനോമ എന്ന സ്കിൻ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഈ ഫോട്ടോഷൂട്ട്. സ്ത്രീകളും പുരുഷൻമാരുമായി 2500ഓളം പേർ ഫോട്ടോഷൂട്ടിൽ പങ്കെടുത്തു.

സ്പെൻസർ ട്യൂണിക്കിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ് ഈ ഫോട്ടോ ഇൻസ്റ്റലേഷൻ. ഈ വർഷം ആസ്ട്രേലിയയിൽ 17756 പുതിയ ചർമ്മ കാൻസർ കേസുകൾ കണ്ടെത്തുമെന്നും 1281 ആസ്ട്രേലിയക്കാർ ഈ രോഗം മൂലം മരണമടയുമെന്നും ഫെഡറൽ ഗവൺമെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ന്യൂയോർക്ക് ആസ്ഥാനമായ ചാരിറ്റി സംഘടനയായ ചാരിറ്റി ചെക്ക് ചാമ്പ്യൻസുമായി സഹകരിച്ചായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

വമ്പൻ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എടുക്കുന്നതിൽ പ്രശസ്തനാണ് ട്യൂണിക്. 2010ൽ സിഡ്‌നി ഓപ്പറ ഹൗസിൽ 5200 ഓസ്ട്രേലിയക്കാർ നഗ്നരായി പങ്കെടുത്ത ഫോട്ടോഷൂട്ടാണ് ട്യൂണിക്ക് ഒടുവിൽ സംവിധാനം ചെയ്തത്.

 

 

 

View this post on Instagram

 

A post shared by Spencer Tunick (@spencertunick)

ട്വന്റി-20 ലോകകപ്പിന് ഓസ്ട്രേലിയയിൽ എത്തിയ ശ്രീലങ്കൻ ക്രിക്കറ്റ്‌ താരത്തിനെതിരെ ലൈംഗിക പീഡന പരാതിയും അറസ്റ്റും, ശ്രീലങ്കൻ താരം ധനുഷ്ക്ക ഗുണതിലകയെ ആണ് സിഡ്നി പോലീസ് അറസ്റ്റ് ചെയ്തത്, ഒരു യുവതി നൽകിയ പരാതിയിൽ ഇന്നലെ നടന്ന ഇംഗ്ലണ്ട് -ശ്രീലങ്ക മത്സരത്തിന് തൊട്ട് പിന്നാലെ ആയിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്, ശ്രീലങ്കയ്ക്ക് വേണ്ടി 47 ഏകദിനങ്ങളും 46 ട്വന്റി-20 മത്സരങ്ങളും, 8 ടെസ്റ്റ്‌ മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് 31 കാരനായ ധനുഷ്ക്ക ഗുണതിലക.

പരിക്ക് കാരണം ലോകകപ്പിലെ പല മത്സരങ്ങളിലും ഗുണതിലകയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല, ഗുണതിലകയ്ക്ക് പകരം ടീമിൽ മറ്റൊരു താരത്തെ എടുത്തെങ്കിലും താരം ഓസ്ട്രേലിയയിൽ തുടരുകയായിരുന്നു, ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 29 കാരിയാണ് താരത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്, ഇതിനിടെ ശ്രീലങ്കൻ ടീം നാട്ടിലേക്ക് മടങ്ങി, ലോകകപ്പിലെ തോൽവിയും പിന്നാലെ ടീം അംഗത്തിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളും അറസ്റ്റും ശ്രീലങ്കൻ ക്രിക്കറ്റ് ബോര്ഡിന് തലവേദന ആയിരിക്കുകയാണ്.

ഓസ്ട്രേലിയയിൽ നിന്ന് കൊലപാതകം നടത്തി ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ബില്യൺ ഓസ്‌ട്രേലിയൻ ഡ‌ോളർ പ്രതിഫലം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. ഇന്ത്യാക്കാരനായ രാജ്‌വേന്ദ്രർ സിംഗാണ് കുറ്റവാളി. 2018ൽ ആണ് സംഭവം. ബീച്ചിൽ സവാരിക്കിറങ്ങിയ 24കാരിയെ ഇയാൾ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഇന്നിസ്‌ഫാളിൽ നഴ്സായി ജോലി ചെയ്‌തിരുന്ന രാജ്‌വീന്ദർ കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. ക്വീൻസ്‌ലാൻഡ് പൊലീസാണ് ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് റെക്കോഡ് തുക പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയിൽനിന്നുള്ളവർ തന്നെ തങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്വീൻസ്‌ലാൻഡ് പൊലീസ് പറയുന്നു.കൊലപാതകം നടന്നത് ഒക്‌ടോബർ 21നാണ്. പിറ്റേദിവസം തന്നെ രാജ്‌വേന്ദ്രർ സിഡ്‌നിയിൽ എത്തുകയും, തുടർന്ന് ഇന്ത്യയിലേക്ക് കടക്കുകയുമായിരുന്നു. ഇയാൾ ഇന്ത്യയിലേക്കാണ് കടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ന്യൂസിലാന്‍റിന്‍റെ പിറ്റ് ദ്വീപിന്‍റെ തീരത്ത് 240 തിമിംഗലങ്ങളുടെ തീരത്തടിഞ്ഞ് ചത്തു. ഭൂരിഭാഗം തിമിംഗലങ്ങളും കരയ്ക്കടിഞ്ഞ ശേഷം സ്വാഭാവികമായി ചാവുകയായിരുന്നു. ചെറിയ ജീവന്‍ ഉണ്ടായിരുന്ന തിമിംഗലങ്ങളെ അധികൃതര്‍ ദയാവധം നടത്തിയതായി തീരദേശ സംരക്ഷണ വകുപ്പ് അറിയിച്ചു. 100-ൽ താഴെ ആളുകൾ താമസിക്കുന്ന പിറ്റ് ദ്വീപില്‍ പലതരത്തിലുള്ള സാമൂഹ്യ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാലും, അവശനിലയിലായ തിമിംഗലങ്ങളെ വീണ്ടും കടലിലേക്ക് വിട്ടാല്‍ സ്രാവുകൾ തിന്നുമെന്ന ഭീഷണിയും ഉള്ളതിനാലാണ് ദയാവധം ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.

“ഈ തീരുമാനം എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുന്നതായിരുന്നില്ല, എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ആ ജീവികളോട് ദയ കാണിക്കേണ്ടതുണ്ട്, അതുകൊണ്ടാണ് ദയാവധത്തിന് മുതിർന്നത്, മനുഷ്യർക്കും തിമിംഗലങ്ങൾക്കും സ്രാവ് ആക്രമണ സാധ്യതയുള്ളതിനാൽ ഈ പ്രദേശത്ത് തിമിംഗലങ്ങളെ വീണ്ടും കടലില്‍ വിടുന്നത് ശരിയായ തീരുമാനം അല്ല’ – മറൈൻ സംരക്ഷണ വകുപ്പിലെ സാങ്കേതിക ഉപദേഷ്ടാവ് ഡേവ് ലൻഡ്‌ക്വിസ്റ്റ് ഇതിനെക്കുറിച്ച് റോയിട്ടേഴ്സിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിന്‍റെ കിഴക്കൻ തീരത്ത് നിന്ന് 840 കിലോമീറ്റർ അകലെയുള്ള ചാതം ദ്വീപുകളുടെ ദ്വീപസമൂഹത്തിലാണ് തിമിംഗലങ്ങള്‍ അടിഞ്ഞത്. ഏറ്റവും കുറഞ്ഞ മനുഷ്യസാന്നിധ്യമുള്ള പിറ്റ് ദ്വീപും ചാത്തം ദ്വീപും ഉൾപ്പെടുന്നതാണ് ഈ ദ്വീപസമൂഹം. അതേ സമയം തിമിംഗലങ്ങള്‍ തീരത്ത് അടിയുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഇതുവരെ മറൈൻ ബയോളജിസ്റ്റുകൾക്ക് സാധിച്ചിട്ടില്ല.

മറൈൻ ബയോളജിസ്റ്റുകൾ ഇതുവരെ ഡീകോഡ് ചെയ്തിട്ടില്ലാത്ത മറൈൻ സയൻസിലെ ഏറ്റവും നിഗൂഢമായ സംഭവങ്ങളിലൊന്നാണ് തിമിംഗലങ്ങള്‍ തീരത്ത് അടിയുന്നത്. കോളനികളായി വസിക്കുന്നതാണ് തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും ജീവിത രീതി, അവ കൂട്ടമായി സഞ്ചരിക്കുന്നു, പലപ്പോഴും ഒരെണ്ണമാകും കാര്യങ്ങൾ നിയന്ത്രിക്കുക, ബാക്കിയുള്ളവയെല്ലാം ഈ തിമിംഗലത്തെ പിന്തുടരുകയാകും ചെയ്യുക. അങ്ങനെയുള്ളപ്പോൾ നിയന്ത്രണം നിർവ്വഹിക്കുന്ന തിമിംഗലത്തിന് പരിക്കോ മറ്റോ പറ്റി അത് തീരത്ത് അടിയുമ്പോള്‍ മറ്റുള്ളവയും ഒന്നിച്ച് തീരത്ത് അടിയുന്നതാകാം എന്നതാണ് സംഭവത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു അനുമാനം.

ഇപ്പോള്‍ തീരത്ത് അടിഞ്ഞിരിക്കുന്നത് പൈലറ്റ് തിമിംഗലങ്ങളാണ്. ഇവ ഇരയെ കണ്ടെത്താനും, സഞ്ചാരത്തിനും സോണാർ ഉപയോഗിക്കും. അതിനാല്‍ വൈദ്യുതകാന്തിക മണ്ഡലത്തിലെ മാറ്റങ്ങൾ ഇവയെ തെറ്റായ ദിശയിലേക്ക് നയിച്ചേക്കാം. അങ്ങനെയും ഇവ തീരത്ത് അടിയാൻ സാധ്യതയുണ്ട്.

ദ്വീപിനടുത്തെ കടൽത്തീരങ്ങളുടെ വേലിയേറ്റത്തിന്‍റെ തോതും ചിലപ്പോൾ കാരണമായേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ തിമിംഗലങ്ങളോ ഡോൾഫിനുകളോ വെള്ളത്തിൽ നിന്നും തീരത്തേക്ക് തള്ളപ്പെടുകയും ഒറ്റപ്പെട്ടുപോകുകയും ചെയ്യുന്നു എന്നാണ് കരുതുന്നത്. എന്നാല്‍ ഈ മൂന്ന് കാരണങ്ങളില്‍ ഏതാണ് യഥാര്‍ത്ഥ കാരണം എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

അതേ സമയം ഇത്തരത്തില്‍ തീരത്ത് അടിഞ്ഞ തിമിംഗലങ്ങളുടെ ഭക്ഷണ രീതി പരിശോധിച്ചതില്‍ തീരത്തിനോട് അടുത്തു കാണുന്ന കണവകളാണ് ഇവ കൂടുതലായി കഴിച്ചത് എന്നും അതിനെ തിന്നാന്‍ തീരത്തോട് അടുക്കുമ്പോള്‍ ഇവ തീരത്ത് അടിയുന്നതാകാം എന്നുമാണ് 2019 ലെ ഒരു പഠനം പറയുന്നത്.

ഒക്ടോബറിലെ ഇതുവരെ 400-ലധികം പൈലറ്റ് തിമിംഗലങ്ങൾ തീരത്ത് അടിഞ്ഞ് കൊല്ലപ്പെട്ടപ്പോൾ, സമാനമായ ഒരു സംഭവം ആഴ്ചകൾക്ക് മുമ്പ് സെപ്റ്റംബറിൽ ഓസ്‌ട്രേലിയയിലെ ടാസ്മാനിയയുടെ പടിഞ്ഞാറൻ തീരത്ത് നടന്നിരുന്നു. അന്ന് 230 തിമിംഗലങ്ങൾ ഇത്തരത്തില്‍ ചത്തിരുന്നു. നേരത്തെ, മെൽബണിനും ടാസ്മാനിയയുടെ വടക്കൻ തീരത്തിനും ഇടയിലുള്ള ബാസ് കടലിടുക്കിൽ ടാസ്മാനിയ സംസ്ഥാനത്തിന്‍റെ ഭാഗമായ കിംഗ് ഐലൻഡിൽ 14 പൈലറ്റ് തിമിംഗലങ്ങൾ ചത്തതായി കണ്ടെത്തിയിരുന്നു.

മദ്യം മോഷ്ടിച്ചെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിച്ചതിന് മലയാളി ഡോക്ടറോട് മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയന്‍ പൊലീസ്. തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ പ്രസന്നന്‍ പൊങ്ങണംപറമ്പിലാണ് രണ്ടു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ വിജയം നേടിയത്. 2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇക്കഴിഞ്ഞ ആഗസ്റ്റ് 19നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് ഡോക്ടറോട് പരസ്യമായി മാപ്പ് പറഞ്ഞത്.ഓസ്‌ട്രേലിയയിലെ വിക്ടോറിയ ലാട്രോബ് റീജണല്‍ ഹോസ്പിറ്റലില്‍ ഡോക്ടറായ പ്രസന്നന്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയായിരുന്നു കടന്നു പോയത്.

2020 മെയ് 15നായിരുന്നു മദ്യഷോപ്പില്‍ നിന്ന് റം മോഷ്ടിച്ചുവെന്ന് സംശയിക്കുന്നയാള്‍ എന്ന് പറഞ്ഞ് പ്രസന്നന്റെ ചിത്രം പേക്കന്‍ഹാം ലോക്കല്‍ പൊലീസ് ഫേസ്ബുക്കിലിടുന്നത്. മെയ് 16ന് പ്രസന്നന്റെ ഭാര്യ നിഷയുടെ സുഹൃത്ത് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി. ഉടന്‍ തന്നെ പേക്കന്‍ഹാം സ്റ്റേഷനിലെത്തി മദ്യം വാങ്ങിയതിന്റെ ബില്ല് കാണിച്ചുവെങ്കിലും കുറ്റവാളിയോടെന്ന പോലെ മുന്‍വിധിയോടെയായിരുന്നു പൊലീസ് പെരുമാറിയത്. ഇതിനെതിരെ കേസ് നല്‍കിയെങ്കിലും കൊവിഡ് കാരണം രണ്ടു വര്‍ഷത്തോളം കേസ് നീണ്ടുപോയുകയായിരുന്നു.

പ്രസന്നനും നിഷയും കോക്ക്‌ടെയില്‍ ഉണ്ടാക്കുന്നതിനായി റം വാങ്ങാനാന്‍ മദ്യ ഷോപ്പില്‍ പോയിരുന്നു. പണം നല്‍കി റെസീപ്റ്റ് വാങ്ങിയ ശേഷം വില ഉറപ്പിക്കുന്നതിനായി ഒരു തവണ കൂടി ഷോപ്പിലേക്ക് ചെന്നു. വില കൃത്യമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ റമ്മുമായി കാറില്‍ കയറിപ്പോയി. എന്നാല്‍ പണം നല്‍കാതെ പോയെന്ന് തെറ്റിദ്ധരിച്ച ഷോപ്പ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പ്രസന്നന്‍ മദ്യക്കുപ്പിയുമായി നില്‍ക്കുന്ന സിസിടിവി ദൃശ്യം പങ്കുവച്ച് പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. മദ്യ ഷോപ്പില്‍ മോഷണം നടന്നെന്നും ചിത്രത്തില്‍ കാണുന്നയാളെ കണ്ടു കിട്ടുന്നവര്‍ പൊലീസിനെ ബന്ധപ്പെടണമെന്നുമായിരുന്നു പോസ്റ്റില്‍ പറഞ്ഞത്.

‘കേട്ടപ്പോള്‍ വല്ലാത്ത അവസ്ഥയിലായിരുന്നു. ഇനി ഞങ്ങള്‍ കാശടിച്ചില്ലേ എന്ന് ഒരുവേള ഭയപ്പെട്ടു എന്നാല്‍ കാറില്‍ നിന്ന് ബില്ല് കിട്ടിയതോടെയാണ് ആശ്വാസമായത്. പൊലീസ്‌നെ സമീപിച്ചപ്പോള്‍ അവര്‍ക്ക് ബില്ല് നോക്കി ഷോപ്പില്‍ വിളിച്ച് ക്രോസ് ചെക്ക് ചെയ്താല്‍ മതിയായിരുന്നു. പക്ഷെ അവരത് ചെയ്തില്ല. ആ പ്രത്യേക പോലീസുദ്യോഗസ്ഥര്‍ മുന്‍വിധി, ധാര്‍ഷ്ട്യം, വംശീയത എന്നിവ മൂലമൊക്കെയാവാം കുറ്റക്കാരന്‍ എന്ന തീര്‍പ്പിലെത്തിയപോലെ പെരുമാറിയത്. കുറ്റവാളിയോടെന്ന പോലെ പോലീസ് വാനിലിരുത്തിയാണ് കൊണ്ടുപോയത് മാത്രവുമല്ല അവരീ കേസിനെ തെറ്റായ ദിശയില്‍ കൈകാര്യം ചെയ്തു എന്നതാണ് നിയമ നടപടിക്കൊരുങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്. റെസീപ്റ്റ് ഉണ്ടെന്ന് പറഞ്ഞിട്ടും അവര്‍ അത് ചോദിച്ചില്ല’, ഡോക്ടര്‍ പ്രസന്നന്‍ പറയുന്നു.

‘ഗൂഗിള്‍ പേ വഴിയാണ് കാശടച്ചത്. അതിന്റെ രേഖയുണ്ടായിരുന്നു. പക്ഷെ ബില്ലിൽ കൃത്യമായ ഐറ്റം, നമ്പര്‍ എന്നിവ രേഖപ്പെടുത്തുമെന്നതിനാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി. മാത്രവുമല്ല എത്രകാശ് ചിലവായാലും ഒരു കാരണവുമില്ലാതെ പൊതുവിടത്തില്‍ അപമാനിതനായതിനും മനുഷ്യാവകാശ ലംഘനം നടത്തിയതിനും പോരാടണമെന്നുറച്ചിരുന്നു’, പ്രസന്നന്‍ കൂട്ടിച്ചേര്‍ത്തു.

റെസീപ്റ്റുണ്ടോ എന്ന ഒറ്റ ചോദ്യത്തില്‍ തീര്‍ക്കാമായിരുന്ന പ്രശ്‌നത്തിലാണ് പൊലീസിന്റെ മുന്‍വിധി മൂലം പ്രസന്നനും കുടുംബത്തിനും മാനസികമായി പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നത്. കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും ഒരു ദിവസം വോകിയാണ് ഫോട്ടോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തത്. ഇതിനിടയില്‍ത്തന്നെ ധാരാളം പേര്‍ ചിത്രം ഷെയര്‍ ചെയ്തിരുന്നു. പോസ്‌റിന് താഴെ അപമാനകരമായ കമന്റുകളും നിറഞ്ഞിരുന്നു.മാനസിക സംഘര്‍ഷമേറിയപ്പോള്‍ സൈക്കോളജിസ്റ്റിനെ കാണേണ്ടിവന്നുവെന്നും പ്രസന്നന്‍ പറയുന്നു.

ഓസ്ട്രേലിയയില്‍ ഡോക്ടര്‍ രജിസ്ട്രേഷന്‍ എല്ലാ വര്‍ഷവും റിവ്യു ചെയ്യണം. പൊതു സമൂഹത്തില്‍ നിന്ന് ഡോക്ടറെ കുറിച്ച് മോശമായ എന്തെങ്കിലും പ്രതികരണങ്ങളുണ്ടായാല്‍ അത് പബ്ലിഷ് ചെയ്യും. ഡോക്ടറുടെ ചരിത്രം രോഗി അറിയണമെന്ന യുക്തിയില്‍ നിന്നാണ് ഇങ്ങനെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസന്നനെയും കുടുംബത്തെയും കൂടുതല്‍ ആശങ്കയിലാഴ്ത്തിയത്. ഒബ്രിയന്‍ ക്രിമിനല്‍ ആന്റ് സിവില്‍ സോളിസിറ്റെഴ്‌സിലെ സ്റ്റിവാര്‍ട്ട് ഓകോണല്‍ ആയിരുന്നു പ്രസന്നന്റെ അഭിഭാഷകന്‍.

മലയാളി നേഴ്സ് സാലി രാജു (47) ഓസ്ട്രേലിയയിൽ നിര്യാതയായി .  പെര്‍ത്തിലെ മിഡ്‌ലാന്‍ഡില്‍ താമസിക്കുന്ന രാജു പുലവിങ്കലിന്റെ ഭാര്യ സാലി രാജുവാണ് നിര്യാതയായത് . ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ നേഴ്‌സായിരുന്നു. കോവിഡിനെതുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഷോപ്പിങ്ങിനു പോകാന്‍ തയാറാകുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. മരണസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ലിഞ്ചു (24), ലിജോ (21), ലിനോ (11) എന്നിവര്‍ മക്കളാണ്.

പെരിന്തല്‍മണ്ണ മേലാറ്റൂര്‍ പാതിരിക്കോട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ് സാലി. എറണാകുളം പെരുമ്പാവൂരിലെ ഐരാപുരം പോക്കാട്ട് വര്‍ഗീസിന്റെയും ശോശാമ്മയുടെയും മകളാണ്.
ചിന്നമ്മ, മേരി. സാജു. ബീന. ബിജോയ് എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം പിന്നീട്.

സാലി രാജുവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലോകത്തിന്റെ ഏത് കോണില്‍ ചെന്നെത്തിയാലും അവിടെയൊരു മലയാളി ഉണ്ടാകും. അക്ഷരാര്‍ഥത്തില്‍ അത് ശരിയുമാണ്. മറ്റ് രാജ്യങ്ങളില്‍ ഉന്നത സ്ഥാനങ്ങളിലുള്ള മലയാളികളെല്ലാം വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോഴിതാ ന്യൂസീലന്‍ഡ് പോലീസിലെ വനിതാ പോലീസ് ഓഫീസറായിരിക്കുകയാണ് പാലാക്കാരി സ്വദേശി അലീനാ അഭിലാഷ്. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ആദ്യ നിയമനം ഓക്ലന്‍ഡിലാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ മലയാളികൂടിയാണ് അലീന.

കഴിഞ്ഞ ദിവസം വെല്ലിങ്ടണില്‍ വെച്ചായിരുന്നു അലീനയുടെ ബിരുദദാന ചടങ്ങ്. റോയല്‍ ന്യൂസീലന്‍ഡ് പോലീസ് കോളജിലാണ് ഈ പാലക്കാരി പരിശീലനം പൂര്‍ത്തിയാക്കിയത്. പാമര്‍സ്റ്റണ്‍ നോര്‍ത്തില്‍ സ്ഥിര താമസമാക്കിയവരാണ് അലീനയും കുടുംബവും. ഉള്ളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്‍ പിഴക് പുറവക്കാട്ട് ബോബി എന്നിവരാണ് അലീനയുടെ മാതാപിതാക്കള്‍.

ആറാം ക്ലാസുവരെ പാലായിലാണ് അലീന പഠിച്ചത്. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ന്യൂസീലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു. ഒട്ടാഗോ യൂണിവേഴ്സിറ്റിയില്‍ സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണ് പോലീസില്‍ ചേര്‍ന്നത്. അലീനയുടെ ആഗ്രഹപ്രകാരം തന്നെയായിരുന്നു പഠനമെല്ലാം.

ഈ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും അതിന് സാധ്യമാകുന്ന ഒരു തൊഴില്‍മേഖല സ്വീകരിക്കണമെന്നുമായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് പോലീസില്‍ ചേരാന്‍ തീരുമാനിച്ചത്. സഹോദരന്‍ ആല്‍ബി അഭിലാഷ് ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്. നിരവധി പേരാണ് അലീനയുടെ നേട്ടത്തില്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

ബലാത്സംഗക്കേസുകളില്‍ അന്വേഷണവും വിചാരണയും നടക്കുന്നതിനിടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന അവകാശവാദം കുറ്റാരോപിതര്‍ നടത്താറുണ്ട്. എന്നാല്‍ നടന്നത് കുറ്റകൃത്യമാണെന്ന് തെളിയിക്കാന്‍ അതജീവിതര്‍ക്ക് വലിയ നിയമയുദ്ധംതന്നെ നടത്തേണ്ടിവരാറുണ്ട്. ഓസ്ട്രേലിയയിലെ ന്യൂസൗത്ത്വെയില്‍സ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പാസാക്കിയ അഫര്‍മേറ്റീവ് കണ്‍സന്റ് ബില്ലിന്റെ പ്രാധാന്യം അവിടെയാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് പങ്കാളിയുടെ അനുമതി ഉള്ളതായി അനുമാനിക്കപ്പെട്ടാല്‍ മാത്രംപോരാ, അനുമതി ഉണ്ടെന്ന് കൃത്യമായി ആശയവിനമയം ചെയ്തിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് പുതിയ നിയമം. എസ്തർ ( എസ്തർ എന്നത് യഥാർഥ പേരല്ല, അതിജീവിതകളുടെ പേര് വെളിപ്പെടുത്തുന്നതിന് ഇന്ത്യയിൽ നിയമപരമായ പരിമിതി ഉണ്ട്) എന്ന യുവതി നടത്തിയ ധീരമായ പോരാട്ടത്തിന്റെ ഫലമായാണ് ഇത്തരമൊരു നിയമം ന്യൂസൗത്ത്വെയില്‍സ് ഗവണ്‍മെന്റിന് പാസാക്കേണ്ടിവന്നത്. അഞ്ചുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് അവരെ പ്രേരിപ്പിച്ചതാകട്ടെ 18-ാം വയസില്‍ നൈറ്റ് ക്ലബ്ബില്‍വച്ച് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമവും.

2013 മെയ് 11-നാണ് എസ്തർ ഉറ്റസുഹൃത്തായ ബ്രിട്നി വാട്സിനൊപ്പം സിഡ്നിയിലേക്ക് ഒന്ന് കറങ്ങാന്‍ പോകുന്നത്. നൈറ്റ്ക്ലബ് സന്ദര്‍ശനം അടക്കമുള്ളവ യായിരുന്നു അവരുടെ പദ്ധതികള്‍. 18-വയസ് മാത്രം പ്രായമുണ്ടായിരുന്ന അവര്‍ പണം അധികം ചിലവാക്കാതെതന്നെ ഒന്ന് ആഘോഷിച്ച് മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. സോഹോ നൈറ്റ് ക്ലബ്ബാണ് അന്നവര്‍ സന്ദര്‍ശിച്ചത്. സോഹോയുടെ ഉടമകളില്‍ ഒരാളും സമ്പന്നനുമായ ആന്‍ഡ്രൂ ലാസറസിന്റെ മകന്‍ ലൂക്ക് എന്ന 21-കാരന്‍ അവിടുത്തെ പതിവ് സന്ദര്‍ശനവും നൈറ്റ് ക്ലബ്ബിന്റെ മാര്‍ക്കറ്റിങ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്നയാളും ആയിരുന്നു. രാത്രി സോഹോയിലെത്തിയ യുവതികള്‍ പിന്നീട് പുറത്തുപോകുകയും രാത്രി വൈകി വീണ്ടും തിരിച്ചെത്തുകയും ചെയ്തു. ഈ സമയത്ത് നൈറ്റ് ക്ലബ്ബിലെ ഡാന്‍സ് ഫ്ളോറില്‍ അധികം ആരുമുണ്ടായിരുന്നില്ല. എന്നാല്‍ 18-വയസുകാരികള്‍ അതൊന്നും കാര്യമാക്കാതെ നൈറ്റ് ക്ലബ്ബില്‍ തുടര്‍ന്നു. ഈ സമയത്താണ് നൈറ്റ് ക്ലബ് ഉടമകളില്‍ ഒരാളുടെ മകനായ ലൂക്ക് ലാസറസ് നൃത്തംചെയ്യാന്‍ എസ്തറിനൊപ്പം കൂടുന്നത്. നൈറ്റ് ക്ലബ് ഉടമകളില്‍ ഒരാളാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് ഒരു തിരിച്ചറിയല്‍ കാര്‍ഡ് അവരെ കാണിക്കുകയും ചെയ്തു. നൃത്തംചെയ്യുന്നതിനിടെ സുഹൃത്ത് ബ്രിട്സി വാട്സിനെ കാണാതായെന്ന് എസ്തർ പറയുന്നു. അവരെവിടെ എന്ന് മെസേജ് അയച്ച് അന്വേഷിച്ചു. ഇതിനിടെ സാക്സണെ വിഐപി ഏരിയയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനംചെയ്ത് ലൂക്ക് ലാസറസ് അവരെ നൈറ്റ് ക്ലബ്ബിന് പിന്‍വശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സംശയം തോന്നിയ എസ്തർ സുഹൃത്തിന്റെ അടുത്തേക്ക് പോകണമെന്ന് നിര്‍ബന്ധംപിടിച്ചുവെങ്കിലും ലൂക്ക് അനുവദിച്ചില്ല. തുടര്‍ന്ന് അയാള്‍ അവരെ ബലാത്സംഗംചെയ്തു. പിന്നീട് പൊട്ടിക്കരഞ്ഞുകൊണ്ട് സുഹൃത്തായ ബ്രിട്നി വാട്സിനടുത്തേക്ക് ഓടിയെന്നാണ് എസ്തർ പറയുന്നത്. തുടര്‍ന്ന് പരിക്കേറ്റ നിലയില്‍ സഹോദരി അര്‍ണിക്കയുടെ വീട്ടില്‍ രണ്ട് യുവതികളും എത്തിയതിന് പിന്നാലെ പോലീസില്‍ വിവരം അറിയിക്കണമെന്ന് അര്‍ണിക്ക നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെ വിവരം അധികൃതരെ അറിയിക്കുകയും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ക്കുശേഷം 2013 ഓഗസ്റ്റില്‍ ലൂക്ക് ലാസറസിനെതിരേ ഉഭയസമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തി. 2015 ല്‍ കേസിന്റെ വിചാരണ തുടങ്ങുകയുംചെയ്തു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സാക്സണിന്റെ സമ്മതമുണ്ടെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ലൂക്ക് കോടതിയില്‍ പറഞ്ഞു. തന്നെ ഉപദ്രവിക്കരുതെന്ന് ഒരു ഘട്ടത്തില്‍ ലൂക്കിനോട് പറഞ്ഞുവെന്നാണ് ഓര്‍ക്കുന്നത് എന്ന തരത്തില്‍ എസ്തർ പോലീസിന് നല്‍കിയ മൊഴി ചൂണ്ടിക്കാട്ടി ലൂക്കിന്റെ അഭിഭാഷകര്‍ എസ്തറിന്റെ വാദഗതികള്‍ തള്ളാന്‍ ശ്രമം നടത്തി. എന്നാല്‍ ഇത്തരം ചെറിയ പ്രശ്നങ്ങള്‍ ബലാത്സംഗ പരാതികളില്‍ ഉണ്ടാവുക സ്വാഭാവികമാണെന്ന നിലപാടില്‍ അധികൃതര്‍ എത്തി.

വിചാരണയ്ക്കിടെ, എസ്തറിന്റെ സമ്മതത്തോടെയല്ല താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്ന് ലൂക്ക് തുറന്ന് സമ്മതിച്ചു. തുടര്‍ന്ന് ലൂക്കിനെ അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു.

ലൂക്ക് ലാസറസിന്റെ അഭിഭാഷകര്‍ ശിക്ഷാ വിധിക്കെതിരേ അപ്പീല്‍ ഫയല്‍ചെയ്തതോടെ ശിക്ഷ ലഭിച്ച് 11 മാസത്തിനുശേഷം അയാള്‍ പുറത്തിറങ്ങി. കേസില്‍ പുനര്‍വിചാരണയ്ക്ക് കളമൊരുങ്ങുകയും ചെയ്തു. ലൈംഗിക ബന്ധത്തിന് അനുമതി നല്‍കിയിരുന്നില്ല എന്ന എസ്തറിന്റെ വാദത്തിന് വേണ്ടത്ര പിന്‍ബലമില്ലെന്ന് പുതുതായി കേസില്‍ വാദംകേട്ട ജഡ്ജി വിലയിരുത്തി. അവരുടെ മൗനം സമ്മതമാണെന്ന വാദവും കോടതിയില്‍ ഉയര്‍ന്നു. എസ്തർ ആദ്യദിവസം പോലീസിന് നല്‍കിയ മൊഴിയില്‍ ഉപദ്രവിക്കരുതെന്ന് പറഞ്ഞുവെന്നാണ് കരുതുന്നത് എന്ന് വ്യക്തമാക്കിയതും കോടതിയില്‍ ചൂണ്ടിക്കാട്ടപ്പെട്ടു. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ അതിജീവിത ശ്രമിച്ചില്ല എന്നകാര്യവും കോടതി ചൂണ്ടിക്കാട്ടി.

അതിജീവിതയുടെ പെരുമാറ്റത്തില്‍നിന്ന് അവര്‍ ലൈംഗിക ബന്ധത്തിന് അനുമതി നല്‍കിയിരുന്നുവെന്നാണ് അനുമാനിക്കാന്‍ കഴിയുന്നതെന്ന് കോടതി വ്യക്തമാക്കി. 2017 മെയ് നാലിന് ലൂക്ക് ലാസറസ് കുറ്റവിമുക്തനാക്കപ്പെട്ടു.

അതിജീവിത സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്താതിരുന്നത് പെട്ടെന്ന് നേരിടേണ്ടിവന്ന അതിക്രമത്തില്‍ മരവിച്ചു പോയതുകൊണ്ടാകാം എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ലൂക്കിനെ വെറുതെവിട്ടതിനെതിരെ നിയമനടപടിക്ക് ശ്രമിച്ചെങ്കിലും കോടതി അനുകൂലിച്ചില്ല. സംഭവം നടന്നിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞുവെന്നും ലൂക്ക് പലതവണ വിചാരണ നേരിട്ടുവെന്നും 11 മാസം ജയിലില്‍ കഴിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിവിധി അതിജീവിതക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. എന്നാല്‍ പരാജയപ്പെട്ട് പിന്മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല. നിലവിലെ നീതിന്യായ വ്യവസ്ഥയില്‍നിന്ന് നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ പോരാട്ടത്തിന് ഇറങ്ങാന്‍ അവര്‍ തീരുമാനമെടുത്തു.

2018 ല്‍ പേര് വെളിപ്പെടുത്തിക്കൊണ്ട് അവര്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ ഫോര്‍ കോര്‍ണേഴ്സ് എന്ന പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. വലിയ കോളിളക്കമാണ് അവരുടെ വെളിപ്പെടുത്തല്‍ ഓസ്ട്രേലിയയില്‍ ഉണ്ടാക്കിയത്. ഇതേത്തുടര്‍ന്നാണ് ഓസ്ട്രേലിയയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത്വെയ്ല്‍സ് അഫര്‍മേറ്റീവ് കണ്‍സെന്റ് ബില്‍ പാസാക്കാനുള്ള നീക്കം തുടങ്ങിയത്. ബില്‍ നിയമമായതോടെ ഓസ്ട്രേലിലയിലെ സ്ത്രീ സുരക്ഷയുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടത്.

ലൈംഗിക ബന്ധത്തിന് ഒരുതവണ നല്‍കിയ അനുമതി അത്തരംകാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള അനുമതിയല്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. പുതിയ നിയമംനിര്‍മാണം തനിക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് എന്നാണ് അതിജീവിത പ്രതികരിച്ചത്. നിയമം ഭേദഗതി ചെയ്യപ്പെടുന്നതോടെ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം ഇല്ലാതാകുന്നില്ല. എന്നാല്‍ താന്‍ നേരിട്ട മാനസിക സംഘര്‍ഷത്തിലൂടെ മറ്റാര്‍ക്കും കടന്നുപോകേണ്ടിവരാതിരിക്കാന്‍ പുതിയ നിയമം സുരക്ഷ നല്‍കട്ടെയെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതുകൊണ്ട് തന്റെ പോരാട്ടം അവസാനിക്കില്ലെന്നും ഇത്തരം നിയമങ്ങള്‍ എല്ലാ രാജ്യത്തും പ്രാബല്യത്തില്‍ കൊണ്ടുവരുത്തുന്നതിനായി ശ്രമം നടത്തുമെന്നും അവര്‍ പറയുന്നു. ബലാത്സംഗക്കേസുകളില്‍പ്പെടുന്ന സ്ത്രീകള്‍ നീതിന്യായ വ്യവസ്ഥയില്‍നിന്ന് നേരിടേണ്ടിവരുന്ന കടുത്ത മാനസിക പീഡനങ്ങള്‍ ഒഴിവാക്കാനുള്ള പരിശ്രമങ്ങള്‍ ഇനിയും ഒരുപാട് നടത്തേണ്ടതുണ്ട്. അതിജീവിതകള്‍ക്ക് നീതിന്യായ വ്യവസ്ഥയില്‍നിന്ന് നീതി ലഭിക്കുന്നുവെന്നത് ആശ്യാസമാണ്. എന്നാല്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ കടുത്ത മാനസിക പീഡനങ്ങളാണ് പലര്‍ക്കും നേരിടേണ്ടിവരുന്നത്. അതെല്ലാം അവസാനിക്കണമെന്നും അവര്‍ പറയുന്നു.

ഓസ്ട്രേലിയയില്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ ലൈംഗിക അതിക്രമം നേരിടുന്നുവെന്നാണ് 2019 ല്‍ പുറത്തുവന്ന ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്ന് സ്ത്രീകളില്‍ ഒരാള്‍ക്ക് ശാരീരിക അതിക്രമം നേരിടേണ്ടിവരുന്നു. പത്ത് സ്ത്രീകളില്‍ ഒരാള്‍ക്ക് അജ്ഞാത വ്യക്തിയില്‍നിന്നും ആക്രമണം നേരിടേണ്ടി വരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 ല്‍ ഐറിഷ് വനിത മെല്‍ബണില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം വ്യാപക പ്രതിഷേധത്തിനും ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്നതിനും ഇടയാക്കിയിരുന്നു.

 

ജേക്കബ് മാളിയേക്കൽ

സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ജൂൺ നാല്, അഞ്ച് (ശനി, ഞായർ) തീയതികളിൽ ഒരുക്കുന്ന യുവജനോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്‍റ് ടോമി വിരുത്തിയേൽ അറിയിച്ചു.

ഭാരതത്തിന്‍റെ സമ്പന്നമായ കലാ – സാഹിത്യ – സാംസ്‌കാരിക പാരമ്പര്യത്തിന്‍റെ മഹനീയവും ഊർജസ്വലവുമായ വർത്തമാന കാലാവിഷ്ക്കാരങ്ങൾക്ക് ആഗോളതലത്തിൽ അംഗീകാരം നേടിയെടുക്കുക എന്ന ഉദ്ദേശത്തോടെ മുന്പോട്ടുവന്ന കേളി ഇന്‍റർനാഷണൽ കലാമേള സൂറിച്ചിലാണ് കൊടിയേറുന്നത്.‌

ഇന്ത്യൻ അംബാസഡർ സഞ്ജയ് ഭട്ടാചാര്യ മുഖ്യാതിഥിയായെത്തുന്ന ചടങ്ങിൽ പ്രശസ്ത കൊറിയോഗ്രാഫർ ജോർജ് ജേക്കബ് 50 തിലേറെ കലാപ്രതിഭകളുമായി അണിയിച്ചൊരുക്കുന്ന മെഗാ ഷോയും ഭരതനാട്യം ഫ്യൂഷൻ, ലൈവ് മ്യൂസിക്, സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറും.

മഹാമാരിക്കിടയിലും 300 ലതികം റജിസ്ട്രേഷനുമായി വീണ്ടും പുനരാരംഭിക്കുന്ന 17-ാ മത് ഇന്റർനാഷണൽ കലാമേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുന്നു.കലാമേളയുടെ പര്യാവസാനത്തിനായി സമ്പന്നമായ ഒരു സമാപന ചടങ്ങും തയ്യാറാക്കിയിട്ടുണ്ട്.

നിരവധി പ്രോഗ്രാമുകൾ കൂട്ടിയിണക്കി, ഭാരതീയരാണെന്നതിൽ അഭിമാനം കൊള്ളുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന കേളി ഇന്റർനാഷണൽ കലാമേളയിലേക്ക് എല്ലാവരെയും കേളി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

യാത്രക്കാരനില്‍ നിന്നും കുപ്പികളിലാക്കി സൂക്ഷിച്ച ഗോമൂത്രം പിടികൂടി നശിപ്പിച്ചതായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍. ക്രൈസ്റ്റ്ചര്‍ച്ച് എയര്‍പോര്‍ട്ടില്‍ വെച്ചാണ് ബയോസെക്യൂരിറ്റി വിഭാഗം ഗോമൂത്രം പിടിച്ചെടുത്തത്.

അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ പതിവ് പരിശോധനയിലാണ് യാത്രക്കാരനില്‍ നിന്നും ‘ഗോമാതാ’ ഗോമൂത്രം പിടികൂടി നശിപ്പിച്ചത്. ന്യൂസിലാന്‍ഡിന്റെ മിനിസ്ട്രി ഫോര്‍ പ്രൈമറി ഇന്‍ഡസ്ട്രീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് വിമാനത്താവളത്തിലാണ് സംഭവം. ജൈവ സുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കുപ്പികളിലായി ഗോമൂത്രം കണ്ടെത്തിയത്.

ജൈവായുധമായി കണക്കാക്കിയാണ് ഇവ പിടിച്ചെടുത്ത് നശിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹിന്ദു വിശ്വാസ പ്രകാരം ചിലയിടങ്ങളില്‍ ഗോമൂത്രം പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശുദ്ധീകരണത്തിനായി ഉപയോഗിക്കാറുണ്ടെങ്കിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഗുരുതരമായ രോഗങ്ങള്‍ക്കിടയാക്കിയേക്കാമെന്നാണ് അധികൃതരുടെ വിശദീകരണം.

ഒപ്പം ലഗേജിലെ ഒരു ഇനം ബയോസെക്യൂരിറ്റി അപകടസാധ്യതയുള്ളതാണോ എന്ന് ഉറപ്പാക്കിയില്ലെങ്കില്‍ പിഴ ചുമത്തുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

അതേസമയം ശരിയായ രീതിയിലുള്ള ഉപയോഗത്തിനാണ് ഗോമൂത്രം കയ്യില്‍ കരുതിയതെന്ന് യാത്രക്കാരന്‍ വിശദീകരിച്ചു. യാത്രക്കാരന്റ വ്യക്തി വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നെത്തിയ യാത്രക്കാരന്റെ ബാഗേജില്‍ നിന്നും യുഎസ് വിമാനത്തിവളത്തിലെ കസ്റ്റംസ് വിഭാഗം ചാണക വറളി പിടിച്ചെടുത്ത് നശിപ്പിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വാഷിങ്ടണിലെ വിമാനത്താവളത്തിലായിരുന്നു സംഭവം.

RECENT POSTS
Copyright © . All rights reserved