Australia

ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍ വിലയിരുത്തപ്പെടുന്നത്. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു.

ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്‍റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.

ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്‌ത്തി. ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്‌ന്‍ വോണ്‍. പിന്നീട് ടീമിന്‍റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.

മഴയ്ക്കൊപ്പം പെയ്തിറങ്ങിയ ഒരു വിചിത്ര ജീവിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തുമ്പിക്കൈ പോലെ നീണ്ട അവയവവും ചാരനിറവുമുള്ള വിചിത്ര ജീവിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴപ്പെയ്ത്തായിരുന്നു. ഇവിടുത്തെ പല പ്രദേശങ്ങളും കടുത്ത വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്.

സിഡ്നിയിലാണ് തകർത്തു പെയ്യുന്ന മഴയ്ക്കൊപ്പം വിചിത്ര ജീവിയും പെയ്തിറങ്ങിയത്. ഫെബ്രുവരി 28ന് പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസിയായ ഹാരി ഹായസ് എന്ന യുവാവാണ് ഈ വിചിത്ര ജീവിയെ ആദ്യം കണ്ടത്. ഒറ്റ നോട്ടത്തിൽ തന്നെ അന്യഗ്രഹജീവിയാണെന്ന് തോന്നിപ്പിക്കുന്ന രൂപമായിരുന്നു ജീവിയുടേത്.

ഉടൻതന്നെ ഹാരി ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി. ഏതെങ്കിലും ജീവികളുടെ ഭ്രൂണമാകാം ഇതെന്നും ഹാരി സംശയം പ്രകടിപ്പിച്ചു. എടുത്ത ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ജന്തുശാസ്ത്ര ഗവേഷകയായ എല്ലിയും ദൃശ്യം കണ്ടിരുന്നു. എന്നാൽ ഇവർക്കും ഈ ജീവി ഏതാണെന്ന് തിരിച്ചറിയാനായില്ല. ന്യൂ സൗത്ത് വെയ്ൽസ് സർവകലാശാലയും ജീവിയെക്കുറിച്ച് കൃത്യമായ വിശദീകരണങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

 

View this post on Instagram

 

A post shared by @_harryhayes

ഓസ്‌ട്രേലിയയില്‍ കടലില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനിറങ്ങി കാണാതായ പ്രശസ്ത കാന്‍സര്‍ ഗവേഷകന്റെ മൃതദേഹം കണ്ടെത്തി. ഗ്രിഫിത്ത് സര്‍വകലാശാലയില്‍ കാന്‍സര്‍ ഗവേഷകനായ ഡോ. ലുഖ്മാന്‍ ജുബൈര്‍ (35) ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി ക്വീന്‍സ് ലന്‍ഡിലെ മിയാമിയില്‍ ഒരാള്‍ കടലില്‍ അകപ്പെട്ടെന്ന് മത്സ്യത്തൊഴിലാളി അറിയിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം രക്ഷിക്കാനിറങ്ങിയത്. തുടര്‍ന്ന് കടലില്‍ കാണാതാകുകയായിരുന്നു.

കരയിലും വെള്ളത്തിലും വ്യോമ മാര്‍ഗത്തിലും നടത്തിയ വിപുലമായ തിരച്ചിലാണ് മെര്‍മെയ്ഡ് ബീച്ചില്‍ നിന്ന് ലുഖ്മാന്‍ ജുബൈറിന്റെ മൃതദേഹം കണ്ടെത്തിയത്.സിഡ്‌നിയിലെ ലിറ്റില്‍ ബേ ബീച്ചില്‍ കഴിഞ്ഞ ദിവസം സ്രാവിന്റെ ആക്രമണത്തില്‍ സ്‌കൂബ ഡൈവിംഗ് പരിശീലകന്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് പുതിയ സംഭവം.

ഇറാഖ് സ്വദേശിയായ ലുഖ്മാന്‍ ജുബൈര്‍ 2014-ലാണ് അവിടെ നിന്നു പലായനം ചെയ്ത് ഓസ്ട്രേലിയയിലെത്തിയത്. ഇറാഖില്‍ ഡോക്ടറായിരുന്ന ഡോ. ലുഖ്മാന്‍ ഓസ്ട്രേലിയയില്‍ വീണ്ടും യോഗ്യത തെളിയിച്ച് ഗ്രിഫിത്ത് സര്‍വകലാശാലയില്‍ കാന്‍സര്‍ ഗവേഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു.

മികച്ച സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തും അര്‍പ്പണബോധമുള്ള ശാസ്ത്രജ്ഞനുമായിരുന്നു ലുഖ്മാനെന്ന് സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ നൈജല്‍ മക്മില്ലന്‍ പറഞ്ഞു. ഇറാഖിലെ കഠിനമായ പശ്ചാത്തലത്തില്‍നിന്ന് മികച്ച അവസരങ്ങള്‍ തേടി ഓസ്ട്രേലിയയില്‍ എത്തിയ ആളാണ് ലുഖ്മാന്‍. ഗവേഷണ രംഗത്ത് അദ്ദേഹം വളരെയധികം കഴിവുകളുള്ള വ്യക്തിയായിരുന്നുവെന്ന് നൈജല്‍ മക്മില്ലന്‍ അനുസ്മരിച്ചു.

‘വാര്‍ത്ത കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി, പക്ഷേ രക്ഷാപ്രവര്‍ത്തനത്തിനായി അദ്ദേഹം കടലില്‍ ഇറങ്ങിയതില്‍ അതിശയിക്കാനില്ല. അവിശ്വസനീയമാംവിധം ധൈര്യശാലിയും പ്രതിഭാശാലിയുമായ വ്യക്തിയായിരുന്നു ലുഖ്മാന്‍.

കാന്‍സറിനെതിരായ പോരാട്ടത്തില്‍ ഉപയോഗിക്കുന്ന ക്രിസ്പര്‍ (CRISPR) എന്ന ജീന്‍ എഡിറ്റിംഗ് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഡോ. ലുഖ്മാന്‍.’CRISPR’ കാന്‍സര്‍ ഭേദമാക്കാന്‍ ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാട്ടുന്ന ലോകത്തിലെ ആദ്യത്തെ ഗവേഷണ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേതാണ്. മൃഗങ്ങളിലായിരുന്നു പരീക്ഷണം.

കാന്‍ബറ: ഓസ്‌ട്രേലിയന്‍ വ്യോമസേനയുടെ വിമാനത്തിനു നേരേ ചൈനീസ് യുദ്ധക്കപ്പലില്‍നിന്നു ലേസര്‍ ആക്രമണമുണ്ടായതായി ഓസ്‌ട്രേലിയന്‍ പ്രതിരോധ വകുപ്പിന്റെ വെളിപ്പെടുത്തല്‍. റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്സിന്റെ അത്യാധുനിക നിരീക്ഷണ വിമാനമായ പി-8 പോസിഡോണിനു നേരേയാണ് ചൈനീസ് നാവികസേനയുടെ കപ്പല്‍നിന്ന് ലേസര്‍ ലൈറ്റ് തെളിച്ചത്.

വിമാനത്തിലുണ്ടായിരുന്ന പത്തോളം ഓസ്ട്രേലിയന്‍ പ്രതിരോധ സേനാംഗങ്ങളുടെ ജീവന്‍ പോലും അപകടത്തിലാക്കുന്ന വിധമുള്ള ലേസര്‍ ആക്രമണമാണ് ഉണ്ടായതെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ഓസ്ട്രേലിയയുടെ വടക്കന്‍ മേഖലയിലൂടെ പറക്കുമ്പോഴാണ് ലേസര്‍ രശ്മി പ്രയോഗം വ്യോമസേനാംഗങ്ങളുടെ ശ്രദ്ധയില്‍പെട്ടത്്. വിമാനം പറക്കുന്നതിനിടെ ഇത്തരം ലേസര്‍ ആക്രമണമുണ്ടായാല്‍ വിമാനം പ്രവര്‍ത്തനരഹിതമാവാനും വന്‍ ദുരന്തം സംഭവിക്കാനും സാധ്യതയുണ്ട്. പൈലറ്റ് ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് അന്ധത ബാധിക്കാനും വിമാനത്തിലെ ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാനും സാധ്യതയേറെയാണ്.

‘ചൈനീസ് കപ്പല്‍ ലേസര്‍ രശ്മികള്‍ പ്രകാശിപ്പിക്കുന്നത് അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പ്രൊഫഷണല്‍ അല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ ഇത്തരം സൈനിക നടപടികളെ ശക്തമായി അപലപിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ പ്രതിരോധ സേനാംഗങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയേക്കാമെന്നും പ്രതിരോധ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സംഭവസമയത്ത് രണ്ട് ചൈനീസ് നാവിക സേനാ കപ്പലുകള്‍ ഓസ്‌ട്രേലിയയ്ക്കു സമീപമുള്ള അറഫുറ കടലിലൂടെ സഞ്ചരിക്കുകയായിരുന്നു.നയതന്ത്ര-വാണിജ്യ ബന്ധങ്ങളില്‍ ചൈനയും ഓസ്‌ട്രേലിയയും തമ്മില്‍ ഭിന്നതകള്‍ വര്‍ധിക്കുന്നതിനിടെയാണ് പുതിയ സംഭവം.

വിമാനത്തിനു നേരെയുണ്ടായ ലേസര്‍ രശ്മി പ്രയോഗത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ചൈനീസ് യുദ്ധക്കപ്പലിന്റേത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത, അശ്രദ്ധവും നിരുത്തരവാദപരവുമായ പ്രവൃത്തിയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

‘സംഭവം ഓസ്‌ട്രേലിയയ്ക്കു നേരേയുള്ള ചൈനയുടെ ഭീഷണിയാണ്. നയതന്ത്ര മാര്‍ഗങ്ങളിലൂടെ വിഷയം ചൈനയ്ക്കു മുന്നില്‍ ഉന്നയിക്കും. ഓസ്ട്രേലിയയുടെ കാഴ്ചപ്പാടുകള്‍ ചൈനീസ് സര്‍ക്കാരിനെ കൃത്യമായി അറിയിക്കുമെന്ന് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ഇത്തരമൊരു അപകടകരമായ പ്രവൃത്തി ചൈനീസ് യുദ്ധകപ്പലില്‍നിന്നുണ്ടായതിനെക്കുറിച്ച് ചൈന വിശദീകരണം നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പ്രകോപനവുമില്ലാത്തയുള്ള അനാവശ്യ ഭീഷണികളെ ഓസ്ട്രേലിയ ഒരിക്കലും അംഗീകരിക്കില്ല. ചൈനയുടെ ഭീഷണിപ്പെടുത്തല്‍ എന്ന നിലയില്ലാതെ ഈ പ്രവൃത്തിയെ കാണാനാകില്ലെന്ന് സ്‌കോട്ട് മോറിസണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ചൈനീസ് കപ്പലിന്റേത് അതിരുകടന്ന ആക്രമണമാണെന്നും പ്രതിപക്ഷം സംഭവത്തെ ശക്തമായി അപലപിക്കുന്നതായും പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനീസ് പറഞ്ഞു. സംഭവത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ച വിവാഹച്ചടങ്ങിന്റെ ക്ഷണക്കത്ത് ഇന്ത്യയിലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ. ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശവും ആകാംക്ഷയുമാണ് ക്ഷണക്കത്ത് ചോരാൻ ഇടയാക്കിയതെന്ന് മാക്‌സ്‌വെൽ തുറന്നടിച്ചു. ക്ഷണക്കത്ത് ചോർന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും ശരിയായില്ലെന്നും, തീർത്തും രഹസ്യമായി നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹചടങ്ങുകളുടെ വിശദാംശങ്ങൾ പരസ്യമായ സാഹചര്യത്തിൽ, ചടങ്ങുകളുടെ സുരക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മാക്‌സ്വെൽ തമിഴ് പെൺകൊടി വിനി രാമനെയാണ് മാക്‌സ് വെൽ വിവാഹം ചെയ്യുന്നത്. മാർച്ച് 27നു തമിഴ് ആചാര പ്രകാരമാണു വിവാഹം നടത്തുക. വിനി ജനിച്ചത് ഓസ്‌ട്രേലിയയിൽ ആണെങ്കിലും മാതാപിതാക്കൾ തമിഴ് പാരമ്പര്യം തുടരുന്നവരാണ്. തമിഴിൽ അച്ചടിച്ച വിവാഹക്ഷണക്കത്തു പരമ്പരാഗത മഞ്ഞ നിറത്തിലാണു പുറത്തിറക്കിയത്. ഇതാണ് സോഷ്യൽമീഡിയയിൽ വ്യാപകമായത്.

‘ക്ഷണക്കത്ത് ചോർന്നത് ഒട്ടും ശരിയായില്ല. എന്തായാലും വിവാഹ ചടങ്ങിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സത്യത്തിൽ തീർത്തും സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു ചടങ്ങായിരുന്നു ഇത്. നിർഭാഗ്യവശാൽ ഇന്ത്യയിലെ ബന്ധുക്കളിൽ ചിലർ ആവേശം കയറി ക്ഷണക്കത്ത് അവരുടെ ചില സുഹൃത്തുക്കളെ കാണിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം അവിടുത്തെ പ്രധാനപ്പെട്ട മാധ്യമങ്ങളിലെല്ലാം ആ കത്ത് പ്രത്യക്ഷപ്പെട്ടു. ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിലൂടെ കത്ത് എനിക്കും അയച്ചുതന്നു’ മാക്‌സ്‌വെൽ പ്രതികരിച്ചു.

മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. 2017 മുതൽ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്നു വിവാഹം മാറ്റിവെയ്ക്കുകയായിരുന്നു.

 

ഓസ്ട്രേലിയയിലെ സിഡ്നിയിൽ കടലിൽ നീന്താനിറങ്ങിയ യുവാവ് സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സിഡ്നിയിലെ പ്രശസ്തമായ ലിറ്റിൽ ബേ ബീച്ചിലാണ് ദാരുണ സംഭവം ഉണ്ടായത്. സാധാരണയായി സ്രാവുകൾ ഈ പ്രദേശത്തെ കടലിൽ ഉണ്ടാവാറില്ല.

ബുധനാഴ്ച വൈകുന്നേരമാണ് സൈമൺ നെല്ലിസെന്ന യുവാവ് ബീച്ചിനടുത്തെ പാറക്കെട്ടുകൾക്കപ്പുറത്ത് അൽപം ആഴമുള്ള ഭാഗത്തേക്ക് നീന്താൻ ഇറങ്ങിയത്. പെട്ടെന്ന് നിലവിളി കേട്ട ആളുകൾ പാറക്കൂട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഏകദേശം 15 അടിയോളം നീളമുള്ള കൂറ്റൻ സ്രാവ് യുവാവിനെ ആക്രമിക്കുന്നത് കണ്ടത്. അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും കടിച്ചെടുത്ത ഭാഗങ്ങൾ ഭക്ഷണമാക്കിയ സ്രാവ് ഉടൻ തന്നെ കടലിലേക്ക് നീന്തി മറയുകയും ചെയ്തു. സ്രാവിന്റെ ആക്രമണത്തെതുടർന്ന് പ്രദേശത്ത് കടലിലെ വെള്ളത്തിൽ രക്തം കലരുന്നതു കണ്ടു നിൽക്കാൻ മാത്രമേ ദൃക്സാക്ഷികൾക്ക് സാധിച്ചുള്ളൂ. നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ സന്ദർശകർക്ക് സാധിക്കുമായിരുന്നുള്ളൂ.

ലൈഫ്ഗാർഡുകളും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട വ്യക്തിയുടെ ശാരീരിക അവശിഷ്ടങ്ങൾ കണ്ടെടുത്തു. ആക്രമിച്ച സ്രാവിനെ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പരിശോധനകൾ നടത്തിയെങ്കിലും വിഫലമായിരുന്നു. ആക്രമണകാരിയായ സ്രാവിന്റെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സമീപപ്രദേശത്തുള്ള 14 ബീച്ചുകളിൽ സന്ദർശന നിരോധനം ഏർപ്പെടുത്തി.

രാമമംഗലം, പിറവം സ്വദേശി ദിവ്യ മനോജ് (31) ഹൃദയ സ്തംഭനത്തെത്തുടർന്ന് ന്യൂസിലാൻഡിൽ വച്ച് മരണമടഞ്ഞു. ഹാമിൽട്ടണിൽ താമസിക്കുന്ന മനോജ് ജോസിന്റെ ഭാര്യയാണ്. പിറവം രാമമംഗലം മടത്തക്കാട്ട് സൈമൺ- ഷേർലി ദമ്പതികളുടെ മകളാണ്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. മനോജ് ഇടുക്കി സ്വദേശി ആണ്.

മൂന്ന് വർഷത്തെ ക്രിട്ടിക്കൽ പർപ്പസ് വർക്ക് വിസയിൽ നേഴ്സ് ആയിരുന്നു മരണമടഞ്ഞ ദിവ്യ.ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിലും, ഗുഡ്ഗാവ് ആർട്ടിമിഡിസ് ആശുപത്രിയിലും സ്റ്റാഫ് നഴ്സായി ജോലി ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ദിവ്യ ന്യൂസിലൻഡിൽ എത്തിയത്. മൂന്നു മാസം മുൻപ് ഭർത്താവും കുട്ടികളും എത്തിയിരുന്നു. തമാഹെരെ ഇവന്റൈഡ് ഹോം ആൻഡ് വില്ലേജിൽ ജോലി ചെയ്തുവരികയായിരുന്നു.

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനത്തിലെ പശ്ചാത്തലത്തില്‍ നടപ്പാക്കിയ നിയന്ത്രണങ്ങളുടെ പേരില്‍ സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ന്യൂസിലന്റില്‍ അതിവേഗം വ്യാപിക്കുന്നതിനിടെയാണ് നിയന്ത്രണങ്ങളില്‍ സ്വന്തം വിവാഹം തന്നെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ മാറ്റിവെച്ചത്. ന്യൂസിലന്റിലെ സാധരണക്കാരില്‍ നിന്നും താന്‍ വ്യത്യസ്ഥയല്ലെന്നാണ് വിവാഹം മാറ്റിവെച്ചത് സംബന്ധിച്ച് ചോദ്യത്തോട് ന്യൂസിലന്റ് പ്രധാനമന്ത്രി പ്രതികരിച്ചത്.

ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ വിവാഹം അടുത്തുതന്നെ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതിനിടെയാണ് ഒമിക്രോണ്‍ വ്യാപനത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് ന്യൂസിലന്റ് കടന്നത്.ജസീന്ത ആര്‍ഡേനും ദീര്‍ഘകാല പങ്കാളിയും ക്ലാര്‍ക്ക് ഗേഫോര്‍ഡ് ആര്‍ഡനും തമ്മില്‍ വിവാഹം അടുത്ത ദിവസങ്ങളില്‍ നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പതിനായികണക്കിന് ന്യൂസിലന്റ് നിവാസികളില്‍ നിന്നു താന്‍ വ്യത്യസ്തയല്ലെന്നാണ് ജസീന്ത വ്യക്തമാക്കിയത്. വിവാഹം മാറ്റിവെച്ചതില്‍ എന്താണ് തോന്നുന്നതെന്ന ചോദ്യത്തോട് ജീവിതം അങ്ങനെയാണെന്നാണ് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രതികരിച്ചത്.

രാജ്യത്തെ ജനങ്ങളില്‍ പലരും കൊവിഡ് മഹാമാരിയുടെ വിനാശകരമായ ഫലം അനുഭവിക്കുന്നവരാണ്. ഗുരുതര കൊവിഡ് രോഗ ബാധയുള്ളപ്പോഴും പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാന്‍ ആകുന്നില്ലെന്നത് ദുഖകരമായ അവസ്ഥയാണെന്നും ജസീന്ത ചൂണ്ടിക്കാണിച്ചു. ന്യൂസിലന്റില്‍ കഴിഞ്ഞ ദിവസം ഒരു വിവാഹത്തെ തുടര്‍ന്ന് ഒന്‍പതോളം പുതിയ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്ന് മാസ്‌ക്ക് നിര്‍ബന്ധമാക്കുക, പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടത്തിന് നിയന്ത്രണം വരുത്തുക, അടച്ചിട്ടമുറികളില്‍ ചടങ്ങുകള്‍ പരിമിതപ്പെടുത്തുക എന്നിങ്ങനെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

നിയമപോരാട്ടത്തിൽ ഓസ്ട്രേലിയൻ സർക്കാരിനെതിരെ നേടിയ വിജയത്തിനും ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ രക്ഷിക്കാനായില്ല. കോടതി വിധിയുടെ പിൻബലത്തിൽ ഓസ്ട്രേലിയയിൽ തുടരുന്ന നൊവാക് ജോക്കോവിച്ചിന്റെ വീസ രാജ്യത്തെ ഇമിഗ്രേഷൻ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഓസ്ട്രേലിയൻ സർക്കാർ വീണ്ടും റദ്ദാക്കി. ഇതോടെ താരത്തെ ഉടൻ ഓസ്ട്രേലിയയിൽനിന്ന് നാടുകടത്തും. ഫലത്തിൽ നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

അതേസമയം, ഓസീസ് സർക്കാരിന്റെ നടപടിക്കെതിരെ ജോക്കോവിച്ച് വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഈ മാസം 17ന് തുടങ്ങുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് എത്രയും വേഗം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാനാണ് ശ്രമം. കോടതിയെ സമീപിക്കുമെന്ന് ജോക്കോവിച്ചിന്റെ ലീഗൽ ടീം സ്ഥിരീകരിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ ടൂർണമെന്റിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാർ ഇമിഗ്രേഷൻ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് വീണ്ടും വീസ റദ്ദാക്കിയത്. ഇതോടെ ജോക്കോവിച്ച് ഉടൻ ഓസ്ട്രേലിയ വിടേണ്ടിവരും. മാത്രമല്ല, മൂന്നു വർഷത്തേക്ക് താരത്തിന് ഓസ്ട്രേലിയയിൽ കാലുകുത്താനും കഴിയില്ല.

ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി അലക്സ് ഹോക് ആണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ നാടുകടത്താനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. സെക്ഷൻ 133 സി (3) പ്രകാരമാണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ ഓസ്ട്രേലിയയിൽനിന്നും പുറത്താക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്ട്രേലിയൻ അതിർത്തി സേനയും നൽകിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.

വായുനിറച്ച കളിയുപകരണങ്ങൾ പാർക്കുകളിൽ സുലഭമാണ്. അവയിൽ കുട്ടികൾ ചാടികളിക്കുന്നതും കുത്തിമറയുന്നതും ഏറെ ആസ്വദിച്ച് കണ്ടുനിൽക്കുന്നവരാണ് മാതാപിതാക്കൾ. ഇത്തരത്തിൽ തങ്ങളുടെ കൺമുന്നിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ നടന്ന ദുരന്തത്തിൽ നിന്ന് വിട്ടുമാറാതെ പകച്ചുനിൽക്കുകയാണ് ഒരു കൂട്ടം മാതപിതാക്കൾ. ഓസ്‌ട്രേലിയയിൽ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടത് നാല് കുട്ടികളെയാണ്.

സ്‌കൂളിൽ അദ്ധ്യയന വർഷം അവസാനിച്ചതിന്റെ ഭാഗമായി നടന്ന ആഘോഷ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഡ്രാഗൺ രൂപത്തിലുള്ള ബൗൺസിംഗ് കാസിലിൽ കുട്ടികൾ കളിക്കുകയായിരുന്നു. പെട്ടെന്നാണ് ശക്തിയായ കാറ്റുവീശിയത്. ഇതോടെ ഏകദേശം പത്ത് മീറ്ററോളം ഉയരത്തിൽ ബൗൺസിംഗ് കാസിൽ പറന്നുയർന്നു. തലകീഴായി പറന്ന കാസിലിൽ നിന്നും കുട്ടികൾ പലരും താഴേക്ക് പതിച്ചു. നിരവധി കുട്ടികൾക്കും മൂന്ന് മാതാപിതാക്കൾക്കും പരിക്കേറ്റു. സൈന്യം ഉൾപ്പടെയാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഒടുവിൽ നാല് കുട്ടികളുടെ മരണം അധികൃതർ സ്ഥിരീകരിച്ചു.

പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ടാസ്മാനിയയിലെ ദിവോൺപോർട്ടിൽ രാവിലെ 10 മണിയോടെയാണ് അപകടം. അഞ്ച് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ നാല് പേരുടെയും നില അതീവ ഗുരുതരമാണ്. എല്ലാവരും ഹിൽക്രസ്റ്റ് പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. സ്‌കൂളിലെ ഇക്കൊല്ലത്തെ അവസാന ദിനം മാതാപിതാക്കളോടൊപ്പം ആഘോഷിക്കവെയാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്. അപകടം ഹൃദയഭേദകമാണെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രതികരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved