Breaking news

ബ്രിസ്റ്റോളിനെ നടുക്കിയ ഇരട്ട കൊലപാതകത്തിന് പിന്നിൽ ‘പോസ്റ്റ് കോഡ് ഗ്യാങ് വാർ’ ആണെന്ന് പ്രദേശവാസികൾ ആരോപിച്ചു. കുറച്ചു നാളുകളായി പ്രദേശത്തെ രണ്ടു വില്ലേജുകളിൽ താമസിക്കുന്ന ഗ്യാങ്ങുകൾ തമ്മിൽ ശത്രുതയും ഇടയ്ക്കിടയ്ക്ക് ചെറിയ അക്രമങ്ങളും ഉണ്ടായിരുന്നതായി ഇവർ പറയുന്നു. ഈ രണ്ട് ഗ്രൂപ്പുകളും തമ്മിലുള്ള ശക്തി പ്രകടനത്തിന്റെ ഭാഗമായുണ്ടായ ആക്രമണത്തിലാണ് നിരപരാധികളായ രണ്ടു കുട്ടികൾ കൊല്ലപ്പെടാനിടയായത് എന്നും നാട്ടുകാർ ആരോപണമുന്നയിച്ചു.

ശനിയാഴ്ച രാത്രി 11 മണിയോടെ ആണ് ബ്രിസ്‌റ്റോളിലെ ഇൽമിൻസ്റ്റർ അവന്യുവിൽ കൗമാരക്കാരായ രണ്ട് കുട്ടികൾ ഒരു സംഘം ആൾക്കാരുടെ കത്തിക്കുത്തേറ്റ്‌ ദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്തുക്കളും അയൽവാസികളുമായ മാക്സ് ഡിക്‌സൺ (16 ) മേസൺ റിസ്റ്റ് (15 ) എന്നിവരാണ് അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മരണമടഞ്ഞത്. ഇവരുടെ വീടിനു സമീപത്തുള്ള ബസ് സ്റ്റോപ്പിനടുത്ത് സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ ഒരു കാറിൽ ഇവിടെയെത്തിയ സംഘം കത്തിയും വടിയും ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സമീപത്തെ രണ്ടു പോസ്റ്റ് കോഡുകളിൽ താമസിക്കുന്ന ഗ്യാങ്ങുകൾ തമ്മിൽ അടുത്തിടെ ചില പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ കൊല്ലപ്പെട്ട കുട്ടികൾ ഒരു ഗ്യാങ്ങിന്റെയും ഭാഗമായിരുന്നില്ലയെന്നാണ് അറിയുന്നത്. ആള് മാറിയാണ് ഇവർ ആക്രമിക്കപ്പെട്ടത് എന്നാണ് ഇവരുടെ കുടുംബങ്ങളും അയൽക്കാരും പറയുന്നത്.

 

ബഹളം കേട്ടെത്തിയ സമീപവാസികളും ഇവിടെ ആ സമയം നിർത്തിയിട്ടിരുന്ന ഒരു ബസിലെ യാത്രക്കാരും കുത്തേറ്റു വീണ ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടിൽ നിന്നെടുത്ത് കൊണ്ട് വന്ന തുണി ഉപയോഗിച്ച് രക്തപ്രവാഹം തടയാൻ താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്ന് സമീപവാസിയായ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് ഗ്യാങ്ങുകളുടെ ഉപദ്രവം ഉള്ളതിനാൽ പേര് വെളിപ്പെടുത്തരുത് എന്നും ഇയാൾ അഭ്യർത്ഥിച്ചു. ഏകദേശം ഇരുപതു മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസ് സ്ഥലത്തെത്തിയത് എന്നും അപ്പോഴേക്കും ധാരാളം രക്തം വാർന്നു പോയിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു. ഇരുവരെയും ബ്രിസ്റ്റോളിൽ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

 

കൊലപാതകത്തിൽ പങ്കെടുത്തു എന്ന് കരുതുന്ന നാല് പേർ ഇതുവരെയായി പോലീസിന്റെ പിടിയിൽ ആയിട്ടുണ്ട്. നാൽപ്പത് വയസ്സുള്ള ഒരാളെയും പതിനഞ്ചുകാരനായ ഒരു കൗമാരക്കാരനെയും ഞായറാഴ്ച തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു ഇരുപതുകാരനും ഇരുപത്തി രണ്ടു വയസ്സുകാരനും തിങ്കളാഴ്ച പോലീസ് പിടിയിലായി. ഒരു വാഹനവും കസ്റ്റഡിയിൽ എടുത്തതായി ഡെവൺ ആൻഡ് സോമർസെറ്റ് പോലീസ് അറിയിച്ചു.

കുട്ടികളുടെ മരണത്തിൽ ദുഖാർത്തരായ ഏകദേശം ഇരുനൂറിലധികം ആളുകൾ ഇന്നലെ ഇവർ കുത്തേറ്റ് വീണ സ്ഥലത്ത് ഒരുമിച്ച് കൂടി ആദരാഞ്ജലി അർപ്പിച്ച്. പൂക്കളും മെഴുകുതിരികളുമായി എത്തിച്ചേർന്ന ഇവർ ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെ എന്ന് എഴുതിയ ബാനറുകളും സ്ഥലത്ത് സ്ഥാപിച്ചു.

ബ്രിട്ടനിൽ കത്തിക്കുത്ത് ഏറ്റു മരണമടയുന്ന ആളുകളുടെ എണ്ണത്തിൽ വൻവർധന ആണ് ഉണ്ടായിരിക്കുന്നത്. 2025 ഓടെ കത്തിയുമായി പൊതു ഇടങ്ങളിൽ തിരിച്ചറിയുന്ന ക്യാമറ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ഇത് മൂലം സർക്കാർ ഇപ്പോൾ.

 

അറ്റ്‌ലാന്റ∙ ഹരിയാന സ്വദേശിയായ വിവേക് സെയ്നി (25) യുഎസിൽ ക്രൂരമായി കൊല്ലപ്പെട്ടത് ഇന്ത്യയിലേക്കു മടങ്ങാനിരിക്കെ എന്നു റിപ്പോർട്ട്. ജനുവരി 26ന് നാട്ടിലേക്കു മടങ്ങാനിരിക്കെയാണു വിവേക് യുഎസ് സംസ്ഥാനമായ ജോർജിയയിൽ കൊല്ലപ്പെട്ടത്. ഹരിയാനയിലെ പഞ്ച്‌കുളയിൽ ഭഗവൻപുർ സ്വദേശിയാണ്. മകൻ മടങ്ങിയെത്തുന്നതു കാത്തിരുന്ന ഗുർജീത് സിങ് – ലളിത സെയ്നി ദമ്പതികൾ വിയോഗവാർത്ത കേട്ടതിന്റെ ദുഃഖത്തിൽനിന്നു മോചിതരായിട്ടില്ല.

ഭവനരഹിതനായ ജൂലിയൻ ഫോക്നെറാണു വിവേകിനെ ചുറ്റിക കൊണ്ടു പലതവണ തലയ്ക്കടിച്ചു കൊന്നതെന്നു പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തു. ജനുവരി 16ന് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്. ജോർജിയയിലെ ഒരു കടയിൽ വിവേക് പാർട് ടൈം ക്ലർക്കായി ജോലി ചെയ്തിരുന്നു. പ്രദേശത്ത് അലഞ്ഞു നടന്നിരുന്ന ജൂലിയൻ ഫോക്നറിന് ഈ സ്റ്റോറിൽനിന്നു വെള്ളം അടക്കമുള്ള സാധനങ്ങൾ വിവേകിന്റെ നേതൃത്വത്തിൽ നൽകിയിരുന്നതായി ജീവനക്കാർ പറയുന്നു.

പുതപ്പ് ചോദിച്ചപ്പോൾ ഇല്ലാത്തതിനാൽ ജാക്കറ്റ് നൽകി. സിഗരറ്റും വെള്ളവും ഇടയ്ക്കിടെ ചോദിച്ചുവാങ്ങി. പുറത്തു നല്ല തണുപ്പായതിനാൽ പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു. കുറെ ദിവസമായി ജൂലിയൻ ഇവിടെത്തന്നെ കൂടിയപ്പോൾ ഇനി സൗജന്യമായി ഭക്ഷണം നൽകാനാകില്ലെന്നും സ്റ്റോറിൽനിന്നു പോകണമെന്നും ജനുവരി 16ന് വിവേക് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പൊലീസിനെ അറിയിക്കുമെന്നും പറഞ്ഞു. ഇതു ജൂലിയന് ഇഷ്ടപ്പെട്ടില്ല.

ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകാനൊരുങ്ങിയ വിവേകിനെ ചുറ്റിക കൊണ്ടു ജൂലിയൻ ആക്രമിച്ചു. ചുറ്റിക ഉപയോഗിച്ച് അൻപതോളം തവണ തുടർച്ചയായി തലയിലും മുഖത്തും അടിച്ചെന്ന് പൊലീസ് പറഞ്ഞു. ക്രൂര മർദനത്തെ തുടർന്നു സംഭവസ്ഥലത്തുതന്നെ വിവേക് മരിച്ചു. കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ജൂലിയനെ അറസ്റ്റ് ചെയ്തു. ഇയാളിൽനിന്നു രണ്ടു കത്തികളും മറ്റൊരു ചുറ്റികയും പിടിച്ചെടുത്തു. ബിടെക് പൂർത്തിയാക്കി രണ്ടു വർഷം മുൻപാണു വിവേക് യുഎസിൽ എത്തിയത്. അടുത്തിടെ എംബിഎ ബിരുദം നേടിയിരുന്നു.

ബെംഗളൂരു : കർണാടകയിലെ ബെൽത്തങ്ങാടി കുക്കേടി വില്ലേജിൽ പടക്ക നിർമാണ പ്ലാൻ്റിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്നു പേർ മരിച്ചു.

സ്വാമി(55) ,വർഗ്ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. ഹസൻ സ്വദേശി ചേതനാണ് (25)മരിച്ച മറ്റൊരാൾ. സ്‌ഫോടനത്തെ തുടർന്ന് രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

വേനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ സോളിഡ് ഫയർ വർക്ക് എന്ന പടക്കനിർമ്മാണ ശാലയിലായിരുന്നു സ്ഫോടനം ഉണ്ടായത്. സംഭവ സമയത്ത് ഒമ്പതുപേരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്.

മലയാളികളായ പ്രേം, കേശവ്, ഹസൻ സ്വദേശികളായ ദിനേശ്, കിരൺ, അരസൈക്കര സ്വദേശി കുമാർ, ചിക്കമരഹള്ളി സ്വദേശി കല്ലേശ എന്നിവർക്കാണ് പരിക്കേറ്റത്.

നാലുകിലോമീറ്ററോളം ദൂരത്തോളം സ്ഫോടനത്തിന്റെ ആഘാതം ഉണ്ടായതായി ഗ്രാമവാസികൾ പറയുന്നു. ഒരാളുടെ മൃതദേഹം സ്ഫോടന സ്ഥലത്തു നിന്ന് തന്നെയാണ് കണ്ടെടുത്തത്. മറ്റു രണ്ടുപേരുടെ മൃതദേഹം നൂറൂമീറ്ററോളം ദൂരത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ബെൽത്തങ്കാടി ഫയർഫോഴ്സ് സംഘം എത്തി രക്ഷാപ്രവർത്തനം നടത്തി. എം.എൽ.എ. ഹാരിസ് പൂഞ്ച, ഡിവൈഎസ്പി വിജയ പ്രസാദ് മറ്റു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

വേണൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . അഗ്നിശമനസേനയും അത്യാഹിത വിഭാഗവും സ്ഥലത്തെത്തിയാണ് തീ അണച്ചത്. സ്‌ഫോടനത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഫാം ഉടമ ബഷീറടക്കം രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആധാര്‍ എടുക്കുന്നതിനുള്ള നിബന്ധനകളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. ഇതനുസരിച്ച് പ്രവാസികള്‍ക്ക് ആധാര്‍ എടുക്കാന്‍ ഇനി പ്രത്യേക ഫോറങ്ങളാണ് ഉപയോഗിക്കേണ്ടത്. സാധുതയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എല്ലാ വിദേശ ഇന്ത്യക്കാരും ആധാറിന് അര്‍ഹരാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇതില്‍ വ്യത്യാസമൊന്നുമില്ല. ഏത് ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ നിന്നും പ്രവാസികള്‍ക്ക് ആധാര്‍ എടുക്കാം. എന്നാല്‍ സാധുതയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മാത്രമാണ് ആധാര്‍ എടുക്കാന്‍ പ്രവാസികളില്‍ നിന്ന് സ്വീകരിക്കുന്ന ഒരേയൊരു തിരിച്ചറിയല്‍ രേഖ. 2023 ഒക്ടോബര്‍ ഒന്നിന് ശേഷം ജനിച്ചവ വിദേശ ഇന്ത്യക്കാരും അല്ലാത്തവരും ജനന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.

പ്രവാസികള്‍ ആധാര്‍ എടുക്കുമ്പോള്‍ ഇ-മെയില്‍ വിലാസം നല്‍കണം. വിദേശ ഫോണ്‍ നമ്പറുകളിലേക്ക് ആധാര്‍ സേവനങ്ങളുടെ എസ്.എം.എസുകള്‍ ലഭിക്കില്ല. ഇതോടൊപ്പം ആധാര്‍ എന്റോള്‍മെന്റിനും മറ്റ് സേവനങ്ങള്‍ക്കുമായി വിവിധ പ്രായക്കാര്‍ക്ക് ഉപയോഗിക്കേണ്ട ഫോറങ്ങളുടെ വിവരങ്ങളും യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി പുറത്തിറക്കി. അവ ഇപ്രകാരമാണ്.

്18 വയസിന് മുകളില്‍ പ്രായമുള്ളവരും ഇന്ത്യയില്‍ വിലാസമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ആധാര്‍ എന്റോള്‍മെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത് ഒന്നാം നമ്പര്‍ ഫോറമാണ്.

വിദേശത്തെ വിലാസം നല്‍കുന്ന, 18 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ ആധാര്‍ എന്റോള്‍മെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത് രണ്ടാം നമ്പര്‍ ഫോറം ആണ്.

ഫോറം നമ്പര്‍ മൂന്ന് ആണ് അഞ്ച് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ളവരും ഇന്ത്യയില്‍ വിലാസമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ആധാര്‍ എന്റോള്‍മെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത്. ഇന്ത്യയ്ക്ക് പുറത്തുള്ള വിലാസം നല്‍കുന്ന, അഞ്ച് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള പ്രവാസികളായ കുട്ടികള്‍ക്ക് വേണ്ടി ഫോറം നമ്പര്‍ നാല് ആണ് ഉപയോഗിക്കേണ്ടത്.
അഞ്ച് വയസിന് താഴെ പ്രായമുള്ളവരും ഇന്ത്യയില്‍ വിലാസമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ആധാര്‍ എന്റോള്‍മെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത് ഫോറം നമ്പര്‍ അഞ്ച് ആണ്.

ഫോം നമ്പര്‍ ആറ് ആണ് ഇന്ത്യയ്ക്ക് പുറത്തും വിലാസം നല്‍കുന്ന അഞ്ച് വയസില്‍ താഴെ പ്രായമുള്ള പ്രവാസികളായ കുട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ടത്. 18 വയസിന് മുകളില്‍ പ്രായമുള്ളവരും വിദേശ പാസ്‌പോര്‍ട്ടുള്ള ഇന്ത്യയില്‍ സ്ഥിരമായി താമസിക്കുന്നവരുമായ ആളുകള്‍. ഇവര്‍ വിദേശ പാസ്‌പോര്‍ട്ട്, ഒസിഐ കാര്‍ഡ്, സാധുതയുള്ള ദീര്‍ഘകാല വിസ, ഇന്ത്യന്‍ വിസ, ഇ-മെയില്‍ വിലാസം എന്നിവ നല്‍കണം. ഇവര്‍ ഫോറം നമ്പര്‍ ഏഴ് ആണ് ആധാറിനായി ഉപയോഗിക്കേണ്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇസ്രായേൽ- പലസ്തീൻ സംഘർഷത്തെ തുടർന്നുണ്ടായ വംശീയ പ്രശ്നങ്ങൾ മൂലം ബ്രിട്ടനിൽ സ്കൂളുകൾ ആൻ ഫ്രാങ്ക് ട്രസ്റ്റ് നടത്തുന്ന വിദ്യാഭ്യാസ പദ്ധതികളിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് ഭീകരാക്രമണം നടത്തിയതിന് ശേഷം മൂന്ന് സ്‌കൂളുകളാണ് അവരുടെ വിദ്യാഭ്യാസ പരിപാടികൾ മാറ്റിവെച്ചതെന്ന് ചാരിറ്റി ട്രസ്റ്റ് പറഞ്ഞു. യഹൂദന്മാരുടെ കൂട്ടക്കൊല നടന്ന സമയത്ത് അവർ അനുഭവിച്ച ദുരന്തത്തെക്കുറിച്ച് ആൻ ഫ്രാങ്കിന്റെ ഡയറി കുറിപ്പുകളിലൂടെയും മറ്റും കുട്ടികളിലേക്ക് അവബോധം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ആൻ ഫ്രാങ്ക് ട്രസ്റ്റ്. ഇന്ന് ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിൽ നാസികൾ കൊലപ്പെടുത്തിയ ആറ് ദശലക്ഷം ജൂതന്മാരെ ഓർക്കാൻ ലോകം അനുസ്മരിക്കുന്ന ദിവസമാണ്. ആൻ ഫ്രാങ്ക് ട്രസ്റ്റ് 2023-ൽ ബ്രിട്ടനിലുടനീളം 800-ലധികം സ്‌കൂളുകളിലായി 119,000 യുവാക്കളിലേക്ക് അവബോധം എത്തിക്കുന്നതിനായി മുൻകൈ എടുത്തിരുന്നു.

യുദ്ധം ആരംഭിച്ചതിന് ശേഷം മൂന്ന് സ്കൂളുകൾ പിൻവലിച്ചെങ്കിലും, കഴിഞ്ഞ വർഷം ഈ കാലയളവിനെ അപേക്ഷിച്ച് അവരുടെ മൊത്തത്തിലുള്ള പങ്കാളികളുടെ എണ്ണം വർദ്ധിച്ചതായി ചീഫ് എക്സിക്യൂട്ടീവ് ടിം റോബർട്ട്സൺ പറഞ്ഞു. ഒക്ടോബർ 7-ൻ്റെ ഫലമായി ചാരിറ്റി അതിൻ്റെ പാഠ്യപദ്ധതിയിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ ആൻ ഫ്രാങ്ക് ട്രസ്റ്റ് യുകെയുടെ ആദ്യത്തെ റോയൽ രക്ഷാധികാരിയായി കാമില രാജ്ഞി മാറിയെന്നും ചാരിറ്റി പ്രഖ്യാപിച്ചു.

രണ്ടാം ലോകമഹായുദ്ധസമയത്ത് നെതർലൻഡ്‌സിലെ നാസി അധിനിവേശത്തിനുശേഷം ആൻ ഫ്രാങ്കും കുടുംബവും ഒരു രഹസ്യ അനെക്‌സിൽ രണ്ട് വർഷത്തോളം ഒളിച്ചു താമസിച്ചു. പക്ഷേ 1944-ൽ ഒരു റെയ്ഡിൽ അവർ പിടിക്കപ്പെട്ടു. ആനും അവളുടെ സഹോദരിയും പിന്നീട് 1945-ൽ ബെർഗൻ-ബെൽസൻ കോൺസെൻട്രേഷൻ ക്യാമ്പിൽ വെച്ച് മരണപ്പെട്ടു. എന്നാൽ അവളുടെ പിതാവ് കണ്ടെത്തിയ അവളുടെ ഡയറി, ഹോളോകോസ്റ്റിൻ്റെ ഏറ്റവും വേട്ടയാടുന്ന അക്കൗണ്ടുകളിൽ ഒന്നായി പിന്നീട് മാറി. ഈ ഡയറിയുടെ ഏകദേശം 30 ദശലക്ഷം കോപ്പികളാണ് വിറ്റു പോയിരിക്കുന്നത്. ഇത്തരത്തിലുള്ള യഹൂദ വിരുദ്ധതയെ ഒഴിവാക്കാനാണ് ആൻഫ്രാങ്ക് ട്രസ്റ്റ് മുഖ്യമായും കുട്ടികളെ ബോധവൽക്കരിക്കുന്നത്.

ബെംഗളൂരു: ബെംഗളുരുവിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്നുവീണ് നാലു വയസുകാരി മരിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കിയും മറ്റൊരു ജീവനക്കാരനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തു. പ്രിൻസിപ്പൽ കോട്ടയം സ്വദേശി തോമസ് ചെറിയാൻ, കണ്ടാൽ അറിയുന്ന മറ്റൊരു ജീവനക്കാരൻ എന്നിവരെ പ്രതിയാക്കിയാണ് പ്രാഥമിക അനേഷണം ആരംഭിച്ചത്. പ്രിൻസിപ്പൽ കുട്ടി മരിക്കാനിടയാക്കിയ സംഭവത്തിന് ശേഷം ഒളിവിൽ പോയത് സംഭവം കൂടുതൽ ദുരൂഹമാക്കി.

മരണത്തിൽ സ്‌കൂളിലെ ഒരു ആയയ്ക്കു പങ്കുള്ളതായി സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടതിനു പിറകെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇന്നലെ രാത്രിയാണു കോട്ടയം മണിമല സ്വദേശി ജിറ്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിറ്റോ സ്‌കൂൾ കെട്ടിടത്തട്ടിൽ നിന്നും വീണു മരിച്ചത്. ഐടി ജീവനക്കാരായ കോട്ടയം മണിമല കുറുപ്പൻ പറമ്പിൽ ജിറ്റോ ടോമി ജോസഫിന്റെയും ബിനീറ്റയുടെയും മകളാണ് മരണമടഞ്ഞ നാല് വയസ്സുകാരി.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഹെന്നൂർ ചലിക്കരെ ഡൽഹി പ്രീ സ്‌കൂളിൽ കുട്ടിയെ വീണു പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ചുമരിൽ തലയിടിച്ചു വീണെന്നാണ് സ്‌കൂൾ അധികൃതർ ആദ്യം മാതാപിതാക്കളെ അറിയിച്ചത്. മൂന്ന് ആശുപത്രികൾ കയറി ഇറങ്ങിയ ശേഷമാണ് ഹെബ്ബാളിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എത്തുന്നത്. അവിടെയെത്തിയപ്പോഴാണ് ഉയരത്തിൽ നിന്ന് വീണപ്പോഴുള്ള മാരകമായ പരുക്കുകളാണു ദേഹത്തുള്ളതെന്ന് കണ്ടെത്തുന്നത്. വൈകാതെ ബോധം നഷ്ടമായ ജിയന്നയെ വെന്റിലേറ്ററിലേക്ക് മാറ്റി.

അടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചു. തുടക്കത്തിൽ കൂടെയുണ്ടായിരുന്ന സ്‌കൂൾ പ്രിൻസിപ്പൽ കുട്ടി അബോധാവസ്ഥയിലായതോടെ മുങ്ങിയത് സംശയം ജനിപ്പിച്ചു. തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. സ്‌കൂൾ പ്രിൻസിപ്പൽ ചങ്ങനാശേരി സ്വദേശി തോമസിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സ്‌കൂളിലെ ആയമാരിൽ ഒരാൾ കുട്ടിയോടു മോശമായി പെരുമാറിയിരുന്നു. ഇവരും മാതാപിതാക്കളും തമ്മിലുള്ള പ്രശ്‌നത്തിൽ കുട്ടിയോട് പകവീട്ടിയെന്ന സംശയവും മാതാപിതാക്കൾ ഉയർത്തുന്നുണ്ട്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പ്രിൻസിപ്പൽ തോമസ് ചെറിയാൻ നശിപ്പിച്ചതായും മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്.

എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനു പിറകെ ഒളിവിൽ പോയ പ്രിൻസിപ്പലിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ കിട്ടിയാൽ മാത്രമേ കുട്ടി വീഴാൻ ഇടയായ സാഹചര്യം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം ചെല്ലക്കര കല്യാൺ നഗറിലെ ഫ്‌ളാറ്റിൽ പൊതുദർശനത്തിനു വച്ച ശേഷം ജന്മനാടായ കോട്ടയം മണിമലയിലേക്ക് കൊണ്ടുപോയി. നാളെയാണ് സംസ്‌കാരം.

ബോൺമൗത്തിൽ ഇന്ന് നടന്ന കത്തി കൊണ്ടുള്ള ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു ബോൺമൗത്തിലെ മെയ്റിക്ക് റോഡിൽ കത്തിയും വടിയും ഉപയോഗിച്ച് രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയത്. ചെറുപ്പക്കാരായ ഏകദേശം ഇരുപതോളം ആളുകൾ സംഭവത്തിൽ ഉൾപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തിനിടയിൽ ‘ഫ്രീ ഫോർ ആൾ’ എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു എന്നും സംഭവം കണ്ടുനിന്നവർ പറയുന്നു.

സംഭവത്തോട് അനുബന്ധിച്ച് മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ ഉള്ളതായി അറിയുന്നു. ഇതിൽ രണ്ടു പേർ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയതിനും ഒരാൾ വടി ഉപയോഗിച്ച് ആക്രമണം നടത്തിയതിനുമാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ബോൺമൗത്തിലെ പൂൾ കോളേജിന് സമീപമുള്ള മെയ്റിക്ക് റോഡിൽ ആയിരുന്നു ഇന്നുച്ചയോടെ ആക്രമണം ഉണ്ടായത്. സമീപത്തെ സ്‌കൂളിൽ നിന്നും കുട്ടികളെ കൂട്ടുവാൻ വന്ന നിരവധി രക്ഷിതാക്കൾ ആക്രമണ സംഭവങ്ങൾക്ക് ദൃക്‌സാക്ഷികളാകേണ്ടി വന്നു.

 

 

 

 

 

 

 

 

 

 

സായുധ പോലീസ് ഉൾപ്പെടെ വൻസംഘം പോലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തിയത് സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാൻ സഹായകരമായി. സംഭവത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തതാണ് ആവില്ലെന്നും ഡോർസെറ്റ് പോലീസ് വക്താവ് അറിയിച്ചു.

നോർഫോക്കിലെ വീട്ടിൽ രണ്ട് പെൺകുട്ടികളും യുവതിയും മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ചവരുടെ ശരീരത്തിൽ കഴുത്തിൻെറ ഭാഗത്തായി ആഴമേറിയ മുറിവുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ജനുവരി 19-നാണ് ജാസ്മിൻ കുസിൻസ്‌ക (12), നതാഷ കുസിൻസ്‌ക (8) കാന്റിച്ച സുക്‌പെങ്‌പാനോയ്‌ (36)എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിൽ മരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്.

പെൺകുട്ടികളുടെ പിതാവെന്ന് കരുതപ്പെടുന്ന 45 കാരനായ ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളുടെ ശരീരത്തിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് നോർഫോക്ക് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ നിരവധി കുത്തുകളേറ്റതാണ് സ്ത്രീയും കുട്ടികളും മരിച്ചതിന് കാരണമെന്ന് കണ്ടെത്തി.

ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഈ സംഭവത്തിലുള്ള അന്വേഷണം പോലീസ് ആരംഭിച്ചതായി അറിയിച്ചു. അന്വേഷണത്തിൽ തങ്ങളെ സഹായിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രദേശത്തെ പട്രോളിങ് തുടരുമെന്നും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗികളെ ഉപദ്രവിക്കുകയും രേഖകളിൽ കൃത്രിമം കാട്ടുകയും ചെയ്ത 31 ലധികം ജീവനക്കാരെ എൻഎച്ച് എസ് ആശുപത്രിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരേ ആശുപത്രിയിൽ നിന്ന് തന്നെ ഇത്രയധികം ജീവനക്കാർക്ക് എതിരെ ഒറ്റയടിക്ക് നടപടി സ്വീകരിക്കുന്നത് അപൂർവ്വമാണ്. ഇതിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. നോട്ടിംഗ് ഹാം ഷെയറിലെ ഹൈബറി ഹോസ്പിറ്റലിലെ ജീവനക്കാരാണ് നടപടി നേരിട്ടത്.

ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തെ കുറിച്ച് ലഭിച്ച പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഇത്രയും ജീവനക്കാർ നടപടി നേരിട്ടത്. ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെ രോഗികളാണ് ക്രൂരമായ പീഡനത്തിന് വിധേയരായത്. സസ്പെൻഡ് ചെയ്ത ജീവനക്കാരിൽ ഡോക്ടർമാർ, നേഴ്സുമാർ, ഹെൽത്ത് കെയർ അനസ്തേഷ്യന്മാർ, നോൺ ക്ലിനിക്കൽ സ്റ്റാഫ് എന്നിവരടക്കമുള്ള രജിസ്റ്റർ ചെയ്ത പ്രൊഫഷനലുകൾ ഉൾപ്പെട്ടിട്ടുണ്ട്.

ജീവനക്കാരുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ഏതെങ്കിലും രോഗികളുടെ മരണങ്ങളോ മറ്റൊ അന്വേഷണത്തിന്റെ പരിധിയിൽ ഉണ്ടോ എന്നതിനെക്കുറിച്ച് വിശദീകരണം നൽകാൻ ഹോസ്പിറ്റൽ ട്രസ്റ്റ് വിസമ്മിച്ചതായാണ് റിപ്പോർട്ടുകൾ. രോഗികളെ സംരക്ഷിക്കുന്നതിനുള്ള മതിയായി ജീവനക്കാർ ആശുപത്രിയിൽ ഇല്ലായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ രോഗികൾക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ പരിചരണം നൽകുന്നുവെന്ന് ഉറപ്പു വരുത്താൻ നോട്ടിംഗ് ഹാം ഷെയർ ഹെൽത്ത് കെയർ പ്രതിജ്ഞാബദ്ധരാണെന്ന് ട്രസ്റ്റിന്റെ വക്താവ് പറഞ്ഞു

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സൈന നെഹ്വാൾ, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനിൽ കുംബ്ലെ, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സോനു നിഗം, രജനി കാന്ത്, റണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട് തുടങ്ങിയ നിരവധി വിവിഐപികളാണ് ക്ഷേത്രത്തിലെത്തിയത്.

മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ അടക്കമുള്ള നേതാക്കളും ക്ഷേത്രത്തിലെത്തിയിരുന്നു. ചടങ്ങിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് അനിൽ കുംബ്ലെ പറഞ്ഞു. അതേസമയം, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി അയോധ്യയിലെത്തിയില്ല. അതിശൈത്യമായതിനാലാണ് അദ്ദേഹം ചടങ്ങിനെത്താത്തതെന്നാണ് വിവരം. അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേരളത്തിലും വിവിധ ആഘോഷ പരിപാടികളാണ് ബിജെപിയും ഹിന്ദു സംഘടനകളും നടത്തുന്നത്. പല ക്ഷേത്രങ്ങളിലും പ്രത്യേക പൂജകള്‍ നടന്നു. തിരുവനന്തപുരം വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു.

Copyright © . All rights reserved