വാല്‍സാള്‍: യുകെയിലെ മലയാളി സമൂഹത്തിന് ദുഖത്തിന്റെ മറ്റൊരു ദിനം കൂടി നല്‍കി ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളില്‍ നിന്നൊരു മരണവാര്‍ത്ത. ഏവര്‍ക്കും പ്രിയങ്കരിയായിരുന്ന സിസിലി ജോയ് ആണ് ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ വാല്‍സാല്‍ മാനര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു സിസിലി. മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായ പള്ളി ഇടവകാംഗമാണ്. താമരക്കാട് (അമനക്കര) പുളിക്കിയില്‍ ജോയ് ആണ് ഭര്‍ത്താവ്. താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ പള്ളി ഇടവകാംഗമായ ജോയ് നിലവില്‍ യുകെകെസിഎ ജോയിന്റ് സെക്രട്ടറിയും സെന്‍ട്രല്‍ കമ്മറ്റി അംഗവുമാണ്. മൂത്ത മകള്‍ ജോയ്സി ജോയ് ബര്‍മിംഗ്ഹാം ആപ്പിള്‍ കമ്പനി സ്റ്റോറില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകള്‍ ജ്യോതിസ് ജോയ് കീല്‍ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിനിയാണ്.
സഹോദരങ്ങള്‍ : ഗ്രേസി ജോര്‍ജ്ജ്, സിസ്റ്റര്‍ വിന്‍സി (ഹോളി ക്രോസ്സ് ഹസാരിബാഗ്), ലീലാമ്മ ജോസഫ്, സിസ്റ്റര്‍ ശോഭിത (എസ് വി എം കോട്ടയം) , ജിജി വരിക്കാശ്ശേരി (ബര്‍മിംഗ്ഹാം യുകെ), ലാന്‍സ് വരിക്കാശ്ശേരി (മെല്‍ബണ്‍ ആസ്ട്രേലിയ)
പ്ലൈമൗത്: യുകെ മലയാളികളെ ഞെട്ടിച്ചു നടന്ന രണ്ട് മരണങ്ങൾ ആണ് ഇന്നലെ നടന്നതെങ്കിൽ ഇന്ന് ആരുടേയും ഹൃദയം പിളർക്കുന്ന ഒരു മരണവാർത്തയാണ് മലയാളം യുകെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്ലൈമൗത്തിൽ കുടുംബസമേതം താമസിച്ചിരുന്ന ഷൈജു സ്കറിയാ ജെയിംസ് (37) ആണ് ഇന്ന് ഉച്ചതിരിഞ്ഞു മരണമടഞ്ഞിരിക്കുന്നത്. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് അറിവാകുന്ന പ്രാഥമിക വിവരം.
ഭാര്യയായ നിത്യ മൂന്ന് ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തത്. ആശുപത്രിൽ തന്നെ കഴിയുന്ന നിത്യയെയും കുഞ്ഞിനേയും കണ്ടതിന് ശേഷമാണ് ഷൈജു ഭക്ഷണം കഴിക്കുവാനായി ആശുപത്രി ക്യാന്റീനിലേക്ക് പോയത്. എന്നാൽ തിരിച്ചെത്താൻ എടുക്കുന്ന സമയം കൂടുകയും ചെയ്തപ്പോൾ ഷൈജുവിന്റെ ഫോണിലേക്ക് നിത്യ വിളിച്ചു എങ്കിലും ആരും ഫോൺ അറ്റൻഡ് ചെയ്‌തില്ല. റിസപ്ഷനിൽ പഠിക്കുന്ന മൂത്ത കുട്ടിയെ സ്കൂളിൽ നിന്നും എടുക്കേണ്ട സമയവും അടുക്കുന്നു.
പന്തികേട് തോന്നിയ നിത്യ പെട്ടെന്ന് തന്നെ ആശുപത്രി സെക്യൂരിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. സെക്യൂരിറ്റിയുടെ തിരച്ചിൽ എത്തിനിന്നത് ക്യാന്റീനിൽ ഉള്ള ടോയ്‌ലെറ്റിൽ ആയിരുന്നു. ടോയ്‌ലെറ്റിൽ വീണു കിടക്കുന്ന ഷൈജുവിനെ ഉടനടി ആംബുലൻസ് ക്രൂ എത്തി ആശുപത്രിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വിവരം.
രണ്ടു വർഷം മുൻപാണ് ഷൈജുവും കുടുംബവും യുകെയിൽ എത്തുന്നത്. നാട്ടിൽ കറുകച്ചാൽ ആണ് പരേതന്റെ സ്വദേശം. ഭാര്യ നിത്യ ഷൈജു, രണ്ട് മക്കൾ- ആരവ് ഷൈജു (4), അന്നാ മേരി ഷൈജു (മൂന്ന് ദിവസം).
മൃതദേഹം ആശുപത്രി മോർച്ചറിയിൽ ആണ് ഇപ്പോൾ ഉള്ളത്. കൂടുതൽ വിവരങ്ങൾ പിന്നീട്.
ഷൈജു സ്കറിയാ ജെയിംസിന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
ലീഡ്‌സ്/ വെയിക്ഫീൽഡ്: ഇരട്ടി നൊമ്പരമായി യുകെ പ്രവാസി മലയാളികൾ. ഇന്ന് ഉച്ചക്ക് മരിച്ച ചിചെസ്റ്റർ മലയാളി നഴ്‌സായ റെജി ജോണി മരിച്ച വാർത്ത യുകെ മലയാളികൾ അറിഞ്ഞു വരുന്നതിനകം തന്നെ വെയിക്ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണിയുടെ (48) മരണവാർത്ത അക്ഷരാർത്ഥത്തിൽ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കഠിന ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്. ഇന്ന് വൈകീട്ട് 7.45pm ന് ചികിത്സയിൽ ഇരിക്കെ മഞ്ജുഷ് മാണി വിടപറഞ്ഞത്. ഇവിടെയും വില്ലൻ ക്യാൻസർ തന്നെ.
ഭാര്യ – ബിന്ദു. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. ആൻ മേരി, അന്ന എന്നിവർ യഥാക്രമം എ ലെവലിനും പത്താം ക്‌ളാസ്സിലും പഠിക്കുന്നു.
യുകെയിലെ തന്നെ മുൻനിര സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ മോറിസണിലെ കെയിറ്ററിങ് ഡിപ്പാർട്മെന്റ് മാനേജർ ആയിട്ടാണ് പരേതൻ ജോലി ചെയ്‌തിരുന്നത്. രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എങ്കിലും കുടുംബത്തോടോ, കൂട്ടുകാരോട് പോലും ഈ കാര്യം പങ്ക്‌വെച്ചിരുന്നില്ല. എന്നാൽ തന്റെ ഭാര്യയുടെയും മക്കളുടെയും ജീവിതം കൃത്യമായി മുന്നോട്ട് പോകാൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും നടത്തുകയായിരുന്നു മഞ്ജുഷ്. ഇതിനിടയിൽ ചികിത്സകളും മറ്റും കൃത്യമായി ചെയ്‌തു പോന്നു. ഈ കാര്യങ്ങൾ എല്ലാം തിരിച്ചറിയുന്നത് പിന്നീട് ആയിരുന്നു എന്ന് മാത്രം.
എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ ഈ മരണം വെയിക്ഫീൽഡ് മലയാളികളുടെ നൊമ്പരമായി മാറിയത്. കഴിഞ്ഞ രണ്ടു മാസമായി രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ലീഡ്‌സ് ഇടവക വികാരിയായ ഫാദർ ജോസ് അന്ത്യാകുളം എല്ലാ അന്ത്യകൂദാശകളും കൊടുത്തു ബന്ധുക്കൾക്കും കൂട്ടുകാർക്കും ഒപ്പം അരികെ നിൽക്കുമ്പോൾ ആണ് മഞ്ജുഷ് മരണമടഞ്ഞത്.
പിറവം മഞ്ചാടിയിൽ കുടുംബാംഗമായ മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്‌കാരം നടത്തുന്നത്. പരേതന്റെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
വെസ്റ്റ് സസ്സെക്സ്/ ചിചെസ്റ്റർ : ചിചെസ്റ്ററിൽ മലയാളി നഴ്സിന്റെ മരണം. ചിചെസ്റ്ററിലേ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിയുടെ ഭാര്യയും ചിചെസ്റ്റർ NHS ആശുപത്രിയിലെ ബാൻഡ് ഏഴ് നഴ്‌സാണ് ജോലി ചെയ്തിരുന്ന റെജി ജോണിയാണ് (49) അല്പം മുൻപ് മരണമടഞ്ഞിരിക്കുന്നത്. യുകെയിൽ എത്തുന്നതിന് മുൻപ് എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിലെ നഴ്‌സായിരുന്നു പരേതയായ രജി ജോണി. ക്യാൻസർ ആണ് മരണകാരണം. ഭർത്താവ് ജോണി. ഒരു പെൺകുട്ടി (അമ്മു ജോണി ) മാത്രമാണ് ഈ ദമ്പതികൾക്കുള്ളത്.
കഴിഞ്ഞ വർഷം 2022 മെയ് മാസത്തിലാണ് സാധാരണപോലെ ആശുപത്രിയിൽ ജോലി ചെയ്യവേ റെജിക്ക് ഒരു ചെസ്റ് വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ വൈദ്യസഹായം ലഭിക്കുകയും ചെയ്‌തിരുന്നു. കോവിഡിന് ശേഷം ഉണ്ടായ ഈ വേദന കോവിഡിന്റെ പരിണിതഫലമാണ് എന്നാണ് തുടക്കത്തിൽ കരുതിയത്. എന്നാൽ തുടന്ന് നടന്ന പരിശോധനകളിൽ ക്യാൻസർ ആണ് എന്നുള്ള വസ്തുത മനസ്സിലാക്കുന്നത്.
പിന്നീട് തുടർ ചികിത്സകൾ നടത്തിവരവേ രോഗം തിരിച്ചറിഞ്ഞു ഒരു വർഷം പോലും പൂർത്തിയാകുന്നതിനു മുൻപേ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. രോഗ വിവരം തന്നെ സഹപ്രവർത്തകരെ ഞെട്ടിച്ചപ്പോൾ ചിചെസ്റ്ററിലെ മലയാളികളെ ഒന്നടങ്കം വേദനയിൽ ആഴ്ത്തിയാണ് ഇപ്പോൾ റെജിയുടെ നിത്യതയിലേക്കുള്ള യാത്ര.
റെജിയുടെ ശവസംസ്‌കാര ചടങ്ങുകൾ തൊടുപുഴക്കടുത്തു മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടും. യുകെയിലെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിനുസരിച് നാട്ടിലെ തിയതി പിന്നീട് അറിയിക്കുന്നതാണ്. മരണത്തിന് മുൻപേ റെജിയുടെ തീരുമാനമാണ് സ്വന്തം മാതാപിതാക്കളെ അടക്കിയിരിക്കുന്ന സ്ഥലത്തുതന്നെ തന്നെയും സംസ്ക്കരിക്കണമെന്നുള്ളത്. പരേതയായ റെജിയുടെ മൂത്ത സഹോദരനാണ് ഈ വിവരം മലയാളം യുകെയുമായി വേദനയോടെ പങ്കുവെച്ചത്.
മറിക പാറത്തട്ടേൽ കുടുംബാംഗമാണ് പരേത. സഹോദരങ്ങൾ. പി ജെ ജോസ്, സണ്ണി ജോൺ, ജാൻസി ജോൺ, ജിജി ജോൺ. ഏറ്റവും ഇളയവളായ ജിജി ജോണിയും പരേതയായ റെജിയും ഇരട്ടകുട്ടികളാണ്.
റെജിയുടെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
റെജിയുടെ സഹപാഠിയുടെ ഹൃദയസ്പർശിയായ കുറിപ്പുകൂടി വായിക്കാം..
റെജീ ,നീയും കാണാമറയത്ത് പോയി മറഞ്ഞല്ലോ ? നമ്മൾ 50 പേരിൽ ഓരോരുത്തരായി യാത്ര ആവുകയാണ് എത്ര ശ്രമിച്ചിട്ടും ഒന്നും മറക്കാൻ കഴിയുന്നില്ലെടാ .2022 June 24 ന് രണ്ടാഴ്ചത്തേക്ക് നാട്ടിൽ വരുമ്പോൾ എല്ലാവരെയും കാണണം എന്ന് പറഞ്ഞ് May 10th ന് ticket എടുത്തപ്പോൾ തന്നെ എൻ്റെ Leave ok ആക്കണമെന്ന് വിളിച്ച് പറഞ്ഞ നീ ,പിന്നീടുള്ള സംസാരങ്ങൾ എല്ലാം നമ്മളുടെ കണ്ടുമുട്ടലുകളെ കുറിച്ചായിരുന്നു ,പക്ഷേ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നീ നടത്തിയ പരിശോധനയിൽ May 26 ന് ആണ് CA Liver Secondary ആണെന്ന സത്യാവസ്ഥ മനസ്സിലായത് ,ആദ്യത്തെ കുറെ ദിവസം മനസ്സ് വേദനിച്ചെങ്കിലും നീ അതിൽ നിന്നെല്ലാം കരകയറി ,വീണ്ടും നമ്മുടെ സംസാരങ്ങൾ പഴയത് പോലെ ആയി ,നാട്ടിൽ വരണം എല്ലാവരെയും കണ്ട് പോരണം എന്ന് February വരെ നീ ആഗ്രഹിച്ചിരുന്നു ,പക്ഷേ March ആയപ്പോഴേക്കും നിൻ്റെ ആരോഗ്യനില മോശമായി തുടങ്ങി ,എന്നിരുന്നാലും നിന്നെ സ്നേഹിക്കുന്ന ഞങ്ങൾ എല്ലാവരും നിനക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു ,ദൈവം നല്ല മനുഷ്യരെ അധികകാലം ഭൂമിയിൽ നിർത്തില്ല ,അവരെ നേരത്തേ ദൈവസന്നിധിയിലേക്ക് വിളിക്കും ആകൂട്ടത്തിൽ നിന്നെയും വിളിച്ചു. മിനിമം ഒന്നര മണിക്കൂർ ആയിരുന്നു നമ്മുടെ ഫോൺ സംഭാഷണം ,എടീ എന്നാട്ടടീ വിശേഷം എന്ന നിൻ്റെ ചോദ്യം ഇനി എങ്ങനെ ഞാൻ കേൾക്കും .വീണ്ടും കണ്ട് മുട്ടും വരെ പ്രിയകൂട്ടുകാരി നിനക്കും വിട 🙏🙏😪😪 അമ്മുവിനും ജോണിക്കും സങ്കടകരമായ ഈ അവസ്ഥ തരണം ചെയ്യാൻ ജഗദീശരൻ ശക്തി നല്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ചാൾസ് രാജാവ് കിരീടധാരണം നടത്താൻ ഇനിയുള്ളത് വളരെ കുറച്ച് ദിവസങ്ങൾ മാത്രം. ഇതിനോട് അനുബന്ധിച്ചു വിപുലമായ ചടങ്ങുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 2023 മെയ് 6 ശനിയാഴ്ചയാണ് കിരീടധാരണം നടക്കുന്നത്.
കിരീടധാരണ സമയം
ചാൾസ് മൂന്നാമൻ രാജാവിന്റെയും പത്നി കാമില രാജ്ഞിയുടെയും കിരീടധാരണം മെയ് 6 നാണ് നടക്കുന്നത്. ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് രാജകുടുംബം ഘോഷയാത്രയായി എത്തിയതിന് ശേഷം വെസ്റ്റ്മിൻസ്റ്റർ ആബിയിലെ ചടങ്ങുകൾ രാവിലെ 11 മണിക്ക് ആരംഭിക്കും. ചടങ്ങുകൾക്ക് ശേഷം കൊട്ടാരത്തിലേക്കുള്ള ഘോഷയാത്രയിൽ കൂടുതൽ രാജകുടുംബാംഗങ്ങൾ ചേരും. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ രാജാവും രാജ്ഞിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ആ ദിവസത്തെ ആചാരപരമായ പരിപാടികൾ അവസാനിപ്പിക്കും.
ഘോഷയാത്രയുടെ റൂട്ട്
ഇരുവരും അഡ്മിറൽറ്റി കമാനം വഴി മാളിലൂടെ ഇറങ്ങി, ട്രഫാൽഗർ സ്‌ക്വയറിന്റെ തെക്ക് ഭാഗത്തേക്ക് പോകും, തുടർന്ന് വൈറ്റ്ഹാൾ, പാർലമെന്റ് സ്ട്രീറ്റ് എന്നിവയിലൂടെ കടന്ന് ആബിയിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കിരീടധാരണത്തിനുശേഷം രാജ്ഞി വൈറ്റ്ഹാൾ, ട്രാഫൽഗർ സ്‌ക്വയർ, പാൽ മാൾ, ഹൈഡ് പാർക്ക് കോർണർ, മാർബിൾ ആർച്ച്, ഓക്‌സ്‌ഫോർഡ് സർക്കസ് എന്നിവയിലൂടെ അഞ്ച് മൈൽ യാത്ര ചെയ്തു ബാക്കിഗ്ഹാം കൊട്ടാരത്തിൽ എത്തും. യാത്രയ്ക്കായി ഇരുവരും ഗോൾഡ് സ്റ്റേറ്റ് കോച്ചാണ് ഉപയോഗിക്കുന്നത്.
കിരീടധാരണത്തിന് ശേഷമുള്ള തിങ്കളാഴ്ച, അതായത് മെയ് 8 യുകെയിൽ ബാങ്ക് അവധിയാണ്. ഈ ദിവസം സന്നദ്ധപ്രവർത്തനത്തിനായിട്ടാണ് നീക്കി വെച്ചിരിക്കുന്നത്. ഇതിലൂടെ ആളുകൾ അവരുടെ പ്രാദേശികമായ ഇടങ്ങളിലെ വിവിധ പ്രൊജക്ടുകളിൽ പങ്കുചേരുന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി ടേക്ക് ദാറ്റ്, കാറ്റി പെറി, ലയണൽ റിച്ചി എന്നിവരണിനിരക്കുന്ന മ്യൂസിക് ഷോ ക്രമീകരിച്ചിട്ടുണ്ട്. 1953 ലെ രാജ്ഞിയുടെ കിരീടധാരണത്തിൽ നിന്നും ഇത്തവണത്തെ ചടങ്ങിന് ചില മാറ്റങ്ങളുണ്ട്. 1953-ലെ കിരീടധാരണം മൂന്ന് മണിക്കൂർ ദൈർഘ്യമുള്ളതും 8,000 അതിഥികൾ പങ്കെടുത്തുവെങ്കിലും ഇത്തവണത്തെ ചടങ്ങ് ചെറുതാണെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
ഫ്രാങ്ക്‌ഫർട്ട് : ജർമ്മനിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശിനിയായ ശ്രീമതി അനിമോൾ സജിയാണ് (44 വയസ്സ്) ജർമ്മനിയിൽ ന്യൂമോണിയ ബാധിച്ചു മരണമടഞ്ഞത്. കണ്ണൂർ അങ്ങാടിക്കടവിൽ സ്റ്റുഡിയോ നടത്തുന്ന ശ്രീ സജി തോമസിസ് മമ്പള്ളിക്കുന്നേലിന്റെ ഭാര്യയാണ് പരേതയായ അനിമോൾ. ഇവർക്ക് മക്കളായി രണ്ട് പെൺകുട്ടികളാണ് ഉള്ളത്.
രണ്ട് മൂന്ന് ദിവസമായി പനിയുണ്ടായിരുന്ന അനിമോളുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്ന് വെളിപ്പിന് (8 ശനിയാഴ്ച്ച 4.30 മണിയോടെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും വിദഗ്‌ദ്ധ ഡോക്ടർമാരുടെ പരിചരണം സമയത്ത് ലഭിക്കുകയും ചെയ്തിരുന്നുവെങ്കിലും ന്യുമോണിയ ബാധിച്ചത് മൂലം രക്തത്തിൽ ഉണ്ടായ ആണുബാധ ക്രമാതീതമായി വർധിച്ചതാണ് മരണകാരണമായത് എന്നാണ് പുറത്തുവരുന്ന വിവരം.
ഇക്കഴിഞ്ഞ മാർച്ച് 6 നാണ് ഒത്തിരി സ്വപ്നങ്ങളോടെയും അതിലേറെ പ്രതീക്ഷകളോടെയും ജോലിയാവശ്യത്തിനായി ശ്രീമതി അനിമോൾ സജി ജർമ്മിനിയിൽ എത്തിച്ചേർന്നത്. ശ്രീമതി അനിമോളുടെ ശരീരം ഹോസ്പിറ്റൽ മോർച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ ദിവസങ്ങൾ അവധി ദിവസങ്ങൾ ആയതിനാൽ ഏപ്രിൽ 11 ചൊവ്വഴ്ച്ചയോട് കൂടി മാത്രമേ മൃതദേഹം നാട്ടിലെത്തിക്കേണ്ട മറ്റു നടപടി ക്രമങ്ങൾ ആരംഭിക്കുകയുള്ളു.
അനിമോളുടെ അകാല വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും മലയാളം യുകെ അനുശോചനം അറിയിക്കുകയും പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
പുന്നവേലിത്തടത്തിലെ ശ്രീ ജോയ് സാറിന്റെ മകൻ ശ്രീ അഭിഷേക് പുന്നവേലിലാണ് (36 വയസ്സ്) ഓസ്ട്രേലിയയിൽ നിന്നും നാട്ടിൽ വന്ന് തിരിച്ച് ഓസ്‌ട്രേലിയക്ക് പോകുന്ന വഴി നെടുമ്പാശ്ശേരിൽ വച്ചുണ്ടായ ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ക്വീൻസ്‌ലൻഡ് സംസ്ഥാനത്തെ കെയിൻസിൽ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ : ശ്രീമതി ജോസ്ന അഭിഷേക്. രണ്ട് മക്കൾ.
അഭിഷേക് പുന്നവേലിയുടെ അകാലനിാര്യണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഷിബു മാത്യൂ.
സ്പോട്സ് ഡെസ്ക്. മലയാളം യുകെ.
യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സംഘടിപ്പിച്ച ഡബിൾസ് ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റിന് ഷെഫീൽഡിൽ തിരശ്ശീല വീണു. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് ഒരു മണിക്ക് ഷെഫീൽഡിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് സെൻ്ററിൽ യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്ത ടൂർണ്ണമെൻ്റിൽ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണിൽ നിന്നായി 20 ഓളം ടീമുകൾ പക്കെടുത്തു. മൂന്ന് കോർട്ടുകളിലായിട്ടാണ് മത്സരം നടന്നത്. തുടക്കം മുതലേ അത്യന്തം വാശിയേറിയ മത്സരങ്ങളാണ് ഓരോ ടീമും കാഴ്ച്ചവെച്ചത്. കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഫൈനൽ മത്സരത്തിനൊടുവിൽ ശിറാസ് ഹാസെൽ അരുൺ K S സഖ്യം കപ്പിൽ മുത്തമിട്ടു. ആൻ്റോ ജോസ് ക്രിസ് കുമാർ സഖ്യം റണ്ണേഴ്സപ്പായി. ജോസഫ് പ്രിൻസ് സാമുവേൽ ജോസഫ് സഖ്യം മൂന്നാമതെത്തി.
മിക്സഡ് ഡബിൾസ് വിഭാഗത്തിൽ തന്മയ തോമസ് ജെറിൻ ആൻ്റണി സഖ്യം ജേതാക്കളായി. ബിജു ചാക്കോ ലീനുമോൾ ചാക്കോ സഖ്യം റണ്ണേഴ്സപ്പായി.
വൈകിട്ട് ആറുമണിക്ക് നടന്ന ചടങ്ങിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.
യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റിജണൽ ഡബിൾസ് ബാറ്റ്മിൻ്റൻ ടൂർണ്ണമെൻ്റിന് റീജിയണിൽ നിന്ന് നിസ്വാർത്ഥമായ സഹകരണമാണ് ലഭിച്ചത്. 16 ടീമുകളെ മാത്രം ഉൾപ്പെടുത്തി ടൂർണ്ണമെൻ്റ് നടത്താനായിരുന്നു സംഘാടകർ പ്ലാൻ ചെയ്തിരുന്നത്. ടൂർണ്ണമെൻ്റ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ടീമുകളുടെ എണ്ണം പതിനാറ് കഴിഞ്ഞു. ഒടുവിൽ ടീമുകളുടെ എണ്ണം ഇരുപതിൽ എത്തിയപ്പോൾ രജിസ്ട്രേഷൻ നിർത്തിവെയ്ക്കേണ്ടതായി വന്നുവെന്ന് റീജണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. യുക്മ എന്ന സംഘടനയുടെ സ്വീകാര്യതയാണ് ടൂർണ്ണമെൻ്റിലുടനീളം കണ്ടത്.
യുക്മ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സാജൻ സത്യൻ, നാഷണൽ വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് സിബി മാത്യൂ, ജോയിൻ്റ് സെക്രട്ടറി ജിന്നറ്റ് അവറാച്ചൻ, സജിൻ രവീന്ദ്രൻ സ്പോട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, എന്നിവർ ടൂർണ്ണമെൻ്റിന് നേതൃത്വം നൽകി. അറ് മണിക്ക് ആവേശകരമായ ടൂർണ്ണമെൻ്റിന് തിരശ്ശീല വീണു.
“ൻ്റെ പീടിക” ഗ്രോസറി ഷോപ്പ് ഷെഫീൽഡാണ് ടൂർണ്ണമെൻ്റിൻ്റെ പ്രധാന സ്പോൺസർ.
ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. വളരെ നാളുകളായി അര്‍ബുദരോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. 2021 ലാണ് അദ്ദേഹത്തിന് നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ സ്ഥിരീകരിച്ചത്. തുടര്‍ന്ന് എയിംസില്‍ ഉള്‍പ്പെടെ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി സിനിമയില്‍ സജീവമായ ശേഷം ഇക്കൊല്ലം വീണ്ടും ആരോഗ്യനില
വഷളാവുകയായിരുന്നു.ഇന്ന് രാത്രി പത്തുമണിയോടെ എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയിലധികമായി അദ്ദേഹം അവിടെ ചികല്‍സയിലായിരുന്നു
1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ എത്തി. പില്‍ക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു.
ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പ്രിയ വായനക്കാരെ,
ഈ വാർത്തയുമായി ബന്ധപ്പെട്ട് പരേതന്റെ കുടുംബം മലയാളം യുകെയെ ബന്ധപ്പെട്ടിരുന്നു. വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും ശരിയാണെന്നും ആ കുടുംബം അറിയിച്ചപ്പോൾതന്നെ മറ്റൊരു കാര്യം കൂടി ആ കുടുംബം ഞങ്ങളോട് അഭ്യർത്ഥിച്ചു… “ഞങ്ങൾക്ക് നഷ്ടപ്പെടുവാനുള്ളത് നഷ്ടപ്പെട്ടു, മരണവുമായി കേസ് കൊടുക്കുവാനോ, മറ്റുള്ളവരെ കണ്ടെത്തുവാനോ ആഗ്രഹിക്കുന്നുമില്ല.. ആയതിനാൽ ഈ വാർത്തയുമായി കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന നിരവധിയായ ഫോൺ വിളികൾ ഞങ്ങളെ കൂടുതൽ സങ്കടത്തിലേക്ക് തള്ളിയിടുന്നു… അതുകൊണ്ട് സാധിക്കുമെങ്കിൽ ഫോട്ടോയും വാർത്തയും പിൻവലിക്കാമോ?…
ഇവിടെ ഈ കുടുംബത്തിന്റെ അഭ്യർത്ഥനക്കൊപ്പം മാനുഷിക വശങ്ങളും മലയാളം യുകെ കണക്കിലെടുത്ത്, ഫോട്ടോയും വാർത്തയുടെ ഉള്ളടക്കവും നീക്കം ചെയ്യുന്നു.
മലയാളം യുകെ ഡയറക്ടർ ബോർഡ്