Crime

ഇന്ന് നാടുണർന്ന് കൂട്ടമരണത്തിന്റെ വാർത്ത കേട്ടുകൊണ്ടായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ വൈകാതെ തന്നെ, കൂട്ടമരണത്തിന് പിന്നിൽ പോലീസുകാരനായ റനീസിന് നേരെ ആരോപണ ശരങ്ങൾ ഉയർന്നിരിക്കുകയാണ്. ഇയാളുടെ വഴിവിട്ട പരസ്ത്രീ ബന്ധങ്ങളെ കുറിച്ച് അറിഞ്ഞ് മനംമടുത്ത ഭാര്യ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകായയിരുന്നു എന്നാണ് സൂചന.

ഭർത്താവിന് ഒന്നിലേറെ സ്ത്രീകളുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്നും അതിൽ ഒരാൾ ഇയാളുടെ ബന്ധു തന്നെ ആയിരുന്നുവെന്നുമാണ് അടുത്തബന്ധുക്കൾ മൽകുന്ന വിവരം. ഇവരുടെ വാട്സ്ആപ്പ് ചാറ്റുകൾ പലതവണ ഭാര്യ നജില കണ്ടുപിടിക്കുകയും ഇതിന്റെ പേരിൽ വഴക്കടിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാതവണയും റനീസ് ഇവരെ ക്രൂരമായി മർദ്ദിച്ചായിരുന്നു വായടപ്പിച്ചിരുന്നതെന്നാണ് വിവരം. പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇരുവരും തമ്മിൽ വഴക്ക് നിത്യസംഭവമായിരുന്നുവെന്നും അയൽക്കാർ പറയുന്നു.

അതേസമയം, എന്നാൽ നജിലയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് സഹോദരി നഫ്‌ല രംഗത്ത് എത്തി. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാൻ മാത്രം ധൈര്യമുള്ള ആളായിരുന്നില്ല നജ്ല. റനീസും അയാളുടെ കാമുകിയും ചേർന്ന് സഹോദരിയെയും കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും സഹോദരി ആരോപിക്കുന്നു.

നജില വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും റനീസ് നൽകിയില്ല. ബന്ധം വേർപ്പെടുത്തിയാൽ വീട്ടിലെത്തി നജിലയെയും ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും സഹോദരി പറയുന്നു.

മരണം നടന്നതിന് തലേദിവസവും ഇരുവരും തമ്മിൽ ക്വാർട്ടേഴ്സിൽ തർക്കമുണ്ടായിരുന്നു. രാത്രി ജോലിക്ക് പോയി റനീസ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും മക്കളും മരിച്ച നിലയിൽ കണ്ടത്. അഞ്ചുവയസ്സുകാരൻ ടിപ്പു സുൽത്താനെയും ഒന്നര വയസ്സുകാരി മലാലയെയും കൊലപ്പെടുത്തിയ ശേഷം മാതാവ് 28 കാരിയായ നജില ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഒരു കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്ഡ മുക്കി കൊല്ലുകയും മറ്റൊരു കുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ഫാനിൽ തൂങ്ങി മരിച്ചനിലയിലാണ് നജിലയെ കണ്ടെത്തിയത്.

വെള്ളി പാദസരം മോഷ്ടിക്കാനായി നാല് വയസുകാരിയെ ക്രൂരമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വീടിന് പുറത്തുള്ള മണലിൽ കുഴിച്ചിടുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരമാണ് 29കാരിയായ യുവതി കുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി പെൺകുട്ടിയെ കല്ല് കൊണ്ട് തലക്കടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് കുട്ടി ധരിച്ചിരുന്ന വെള്ളി പാദസരങ്ങൾ കൈക്കലാക്കിയതിന് ശേഷം കുട്ടിയുടെ മൃതദേഹം വീടിന് പുറത്തുള്ള മണലിൽ കുഴിച്ചിട്ടു.

ഇതിനിടെ കുട്ടിയെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ ഞായറാഴ്ച രാവിലെ അയൽവാസിയായ യുവതിയുടെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

തുടർന്ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായും ഇവരുടെ പക്കൽ നിന്ന് പാദസരം കണ്ടെടുത്തതായും പോലീസ് അറിയിച്ചു. കുറ്റകൃത്യത്തെ കുറിച്ച് പ്രതി തന്റെ ഭർത്താവിനോട് പോലും വെളിപ്പെടുത്തിയിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നവവധുവും ഇവരുടെ കാമുകനും ഉൾപ്പടെ ആറു പേർ അറസ്റ്റിൽ. സിദ്ധിപ്പേട്ട് സ്വദേശി കെ ചന്ദ്രശേഖർ ആണ് കൊല്ലപ്പെട്ടത്. നവവധു ശ്യാമള(19), കാമുകൻ ശിവകുമാർ(20), ഇയാളുടെ സുഹൃത്തുക്കളായ രാകേഷ്, രഞ്ജിത്ത്, ബന്ധുക്കളായ സായ് കൃഷ്ണ, ഭാർഗവ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഏപ്രിൽ 28നാണ് ചന്ദ്രശേഖർ മരണപ്പെട്ടത്. ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു ശ്യാമള ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ യുവാവിന്റെ മാതാവ് പോലീസിൽ പരാതി നൽകി. ശേ,ം നടത്തിയ അന്വേഷണത്തിലാണ് നവവധുവിന്റെ കൊടുംക്രൂരത അറിഞ്ഞത്.

ഭർത്താവിനെ താനും കാമുകനും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയതാണെന്ന് ശ്യാമള പൊലീസിനോടു സമ്മതിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ശ്യാമളയും ശിവകുമാറും പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി ഈ വർഷം മാർച്ച് 23ന് ചന്ദ്രശേഖറിനെ വിവാഹം കഴിക്കുകയായിരുന്നു. ഇതിനുശേഷവും ശിവകുമാറുമായി ശ്യാമള ബന്ധം തുടർന്നിരുന്നു. തുടർന്ന് ഭർത്താവിനെ ഒഴിവാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു.

നേരത്തെ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഈ പദ്ധതി നടന്നില്ല. പിന്നീട് ഏപ്രിൽ 28ന് തന്നെയും കൂട്ടി ക്ഷേത്രത്തിൽ പോകാൻ ചന്ദ്രശേഖറിനോട് ശ്യാമള ആവശ്യപ്പെട്ടു. ക്ഷേത്രത്തിലേക്ക് പോകുന്നവഴി മുൻനിശ്ചയിച്ച പ്രകാരം ഇവർ സഞ്ചരിച്ച ബൈക്ക് ശിവകുമാറും കൂട്ടാളികളും തടഞ്ഞു. പിന്നാലെ, ചന്ദ്രശേഖറിനെ ആക്രമിച്ച് ശ്യാമള കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി. ലിതാരയുടെ ദുരൂഹമരണത്തിന് പിന്നിൽ കോച്ച് രവിസിംഗിന്റെ പീഡനമാണെന്ന ആരോപണവുമായി കുടുംബം രം​ഗത്ത്. ബിഹാർ മുഖ്യമന്ത്രി ഇടപെട്ടിട്ടും കോച്ചിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണം ഇഴയുകയാണ്. പാറ്റ്നയിലെ ഫ്ളാറ്റിൽ ഏപ്രിൽ 26നാണ് ലിതാരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാസ്കറ്റ് ബോളിൽ കേരളത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട റെയിൽവേയുടെ താരമാണ് കെ.സി. ലിതാര. ഇക്കഴിഞ്ഞ ഏപ്രിൽ 26നാണ് ബിഹാറിലെ പാറ്റ്നയിൽ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുപത്തിമൂന്നുകാരിയെ കണ്ടെത്തിയത്. കേരളത്തിലെ കുഗ്രാമമായ പാതിരിപ്പറ്റയിൽ നിന്നാണ് ഇന്ത്യയറിയുന്ന കായികതാരമായി ലിതാര വളർന്നത്.

ഏപ്രിൽ 25ന് കോച്ച് രവിസിംഗിൽ നിന്നുണ്ടായ പീഡനമാണ് മകൾ മരിക്കാൻ കാരണമെന്ന് അമ്മ തറപ്പിച്ച് പറയുന്നു. ധൃതിയിൽ തയ്യാറാക്കിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അട്ടിമറി സംശയിക്കുന്നുണ്ട് കുടുംബം. ഒരു തെളിവും അവശേഷിപ്പിക്കാതെ മകളെ കൊന്നതാണെന്ന് അമ്മ കണ്ണീരോടെ പറയുന്നു. ലിതാരയുടെ ഫോൺ പോലും കുടുംബത്തിന് ഇതുവരെ നൽകിയില്ല.

ബിഹാറിലേക്ക് അന്വേഷിച്ച് പോകാൻ ഞങ്ങൾക്കാരുമില്ലെന്ന് പറയുന്ന കുടുംബത്തെ അന്വേഷണ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുമില്ല.
അറസ്റ്റുചെയ്യാൻ തെളിവില്ലെന്ന്കൈമലർത്തുന്ന അന്വേഷണസംഘം കോച്ചിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.ലിതാര മരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടും, കോച്ച് രവിസിംഗിനെ അറസ്റ്റ് ചെയ്തിട്ടില്ല.

ഡിജിപി അനില്‍ കാന്തിനെതിരെ ഗുരുതരമായ ആരോപണവുമായി റിട്ട. എസ്പിയായ സക്കറിയ. ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി 15കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തേത്തുടര്‍ന്ന് ശിക്ഷാ നടപടി ഏറ്റുവാങ്ങിയ ആളാണെന്ന് സക്കറിയ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി നടപ്പാകണം എന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടന്ന ‘അതിജീവിതയ്ക്കൊപ്പം’ ജനകീയ കൂട്ടായ്മയില്‍ വെച്ചാണ് സക്കറിയ ജോര്‍ജിന്റെ പ്രതികരണം.

സക്കറിയ ജോര്‍ജ്ജിന്റെ വാക്കുകള്‍:

ഇന്നത്തെ ഡിജിപി അനില്‍ കാന്ത് അന്ന് പൊലീസ് ട്രെയ്നിംഗ് കോളേജിന്റെ പ്രിന്‍സിപ്പാളായിരുന്നു. യുവ ഐപിഎസുകാര്‍ എഎസ്പി ട്രെയ്നീസ് വന്നപ്പോള്‍ ഐജി രമേശ് ചന്ദ്രഭാനു സാറിന്റെ അടുത്ത് ഇവരെ പരിചയപ്പെടുത്താന്‍ കൊണ്ടുവന്നു. ട്രെയ്നിംഗ് പ്രോഗ്രാമിന്റെ ഭാഗമാണ്.

ഞാന്‍ രമേശ് ചന്ദ്രഭാനു സാറിന്റെ അടുത്ത് കേസിന്റെ ആലോചനയ്ക്കായി ചെന്നപ്പോള്‍ സര്‍ എന്നോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. പിന്നീട് വന്നോളാം എന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്നും പോയി. ഞാന്‍ വരുമ്പോള്‍ ഇദ്ദേഹം അവിടെ നില്‍പ്പുണ്ട്. രണ്ട് ഐപിഎസ് ട്രെയ്നീസ് ഇടവും വലവും നില്‍ക്കുന്നു. രമേശ് ചന്ദ്രഭാനു സാറിന്റെ മുന്നില്‍ നിന്ന് ഇയാളിങ്ങനെ വിറയ്ക്കുവാണ്. ഞാനിതിന്റെ ഇടയ്ക്കൂടെ ഇറങ്ങിവന്നു. അത് കഴിഞ്ഞ് ഇവര്‍ പോയിക്കഴിഞ്ഞതിന് ശേഷം ഞാന്‍ വീണ്ടും മുറിയിലേക്ക് വന്നു.

നിങ്ങള്‍ക്ക് ഇയാളെ അറിയാവോ എന്ന് രമേശ് ചന്ദ്രഭാനു സാറ് ചോദിച്ചു. ഞാന്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് സാര്‍ എന്നോട് പറഞ്ഞു. 15 വയസ്സുള്ള പെണ്‍കുട്ടിയെ കൂടെ കൊണ്ടു വന്ന് താമസിപ്പിച്ചേക്കുവാണ്. ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ മൂല്യം അയാള്‍ക്ക് അറിയില്ല എന്ന് പറഞ്ഞു. അതിന്റെ നൊബലിറ്റി അറിയില്ലെന്ന് പറഞ്ഞു. ഇത് ഞാന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണ്. പക്ഷേ, നമ്മുടെ ഭരണ നേതൃത്വം ഇത് കേട്ടില്ല.

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ രംഗത്ത്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ പി റഫ്താസ്.

റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നാണ് അഭിഭാഷകനും പറയുന്നത്. റിഫ മരിച്ച ഉടന്‍ തന്നെ കരഞ്ഞു കൊണ്ട് ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ആരോപണം.

ദുബായില്‍ നിന്ന് കിട്ടിയ സര്‍ക്കാര്‍ രേഖകളില്‍ റിഫയുടെ മൃതദേഹത്തില്‍ കഴുത്തിന്റെ ഭാഗത്ത് പാടുകള്‍ കാണപ്പെടുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നതായി അഭിഭാഷകന്‍ റഫ്താസ് വെളിപ്പെടുത്തി.

റിഫയുടെ സഹോദരനും ബന്ധുക്കളും ദുബായിലുണ്ട്. റിഫ ഒരു പൊട്ടത്തരം ചെയ്തു, അവള്‍ ആശുപത്രിയിലാണ് എന്നാണ് മരണത്തിന് പിന്നാലെ മെഹ്നാസ് സഹോദരനോട് പറഞ്ഞത്. എന്നാല്‍ സഹോദരന്‍ എത്തിയപ്പോള്‍ കാണുന്നത് എല്ലാം കഴിഞ്ഞ് ആംബുലന്‍സില്‍ കയറ്റുന്നതാണ്. പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ല. സമയത്തിലും വ്യത്യാസമുണ്ട്.

മരിച്ച മൂന്ന് കഴിഞ്ഞ് പോയ ആള്‍ പിന്നെ ഒരു സംസാരമോ ബന്ധുക്കളുമായി നടത്തിയിട്ടില്ല. സ്വന്തം കുട്ടിയെ പോലും കാണാന്‍ വന്നിട്ടില്ല. റിഫയുടെ ഫോണ്‍ ഇപ്പോഴും മിസ്സിങ്ങാണ്. അത് മെഹ്നാസിന്റെ കൈയിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

കല്ല്യാണത്തിന് മുമ്പ് തന്നെ റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു. സുഹൃത്തുമായി സംസാരിച്ചു എന്ന് പറഞ്ഞ് മാളില്‍ വെച്ച് റിഫയുടെ മുഖത്തടിച്ചിട്ടുണ്ട്. ഇരുമ്പ് വടി കൊണ്ട് കാലിന് പൊട്ടലുണ്ടാക്കിയിട്ടുണ്ടെന്ന് റിഫയുടെ പിതാവ് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി.

കേസില്‍ പ്രധാന ദൃക്‌സാക്ഷിയായ റൂം ഷെയര്‍ ചെയ്തിരുന്ന സുഹൃത്ത് ഇപ്പോള്‍ മിസ്സിങ്ങാണ്. അയാള്‍ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

തമിഴ്നാട്ടിൽനിന്ന് സ്വർണമാല മോഷ്ടിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരത്തുവച്ച് യുവാവ് വാഹനാപകടത്തിൽ മരിച്ചു. കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചതെന്നാണ് വിവരം. തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ 11 പവൻ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അമൽ എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം.

നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ പാരൂർക്കുഴി ദേശീയ പാതയിലാണ് ബൈക്ക് ഡിവൈഡറിൽത്തട്ടി മറിഞ്ഞ് അപകടമുണ്ടായത്. ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ബൈക്കിൽനിന്ന് തെറിച്ചുവീണ രണ്ടുപേരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലുള്ള അമൽ കോട്ടയം പാലാ സ്വദേശിയാണെന്നാണ് സൂചന.

സജാദും അമലും ചേർന്ന് ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ കഴുത്തിൽ കിടന്ന 11 പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇതുമായി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പൊട്ടിച്ചെടുത്ത മാല അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമലിന്റെ കയ്യിൽനിന്ന് കണ്ടെടുത്തു.

നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി. പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി.

എന്നാല്‍ വിജയ് ബാബു യുഎഇയില്‍ എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്നതിനെ കുറിച്ച് കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല. ഇത് കണ്ടെത്താനാണ് അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറിയിരുന്നത്. ഇനി യുഎഇ പൊലീസിന്റെ അടുത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും മറുപടിയുടെയും അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

അന്വേഷണ സംഘം വിജയ് ബാബുവിനെതിരെയ മുമ്പ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വിജയ് ബാബുവിന് നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാന്‍ തയ്യാറായിരുന്നില്ല.

പ്രതി താമസിക്കുന്ന രാജ്യത്തോട് അയാളെ താല്‍ക്കാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യര്‍ഥനയാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ഇയാളെ നാട്ടിലെത്തിക്കാന്‍ നേരത്തെ കൊച്ചി സിറ്റി പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.

ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടക്കുകയാണ്. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് ലാബിലാണ് പരിശോധന. അതേസമയം, റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ പോലീസിന് ലഭിക്കും. ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.

ദുബായില്‍ റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം സൂചിപ്പിച്ച് പരാതി നല്‍കുകയായിരുന്നു.

ശനിയാഴ്ചയാണ് റിഫയുടെ കുഴിമാടം തുറന്ന് മൃതദേഹം പുറത്തെടുത്തത്. ആ കാഴ്ച കണ്ടുനില്‍ക്കാനാവാതെ പിതാവും സഹോദരനും.കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു റിഫയെ അടക്കം ചെയ്തിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുക്കാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് പിതാവ് റാഷിദ് ഈറനണിഞ്ഞ കണ്ണുകളുമായി പിന്നിലോട്ട് നടന്നത്.

രാവിലെ മകന്‍ റിജുവിനൊപ്പമാണ് റാഷിദ് ഖബര്‍സ്ഥാനിലെത്തിയത്. നിത്യവും മകള്‍ക്ക് വേണ്ടി ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട് റാഷിദ്. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ പോസ്റ്റുമോര്‍ട്ടം അനിവാര്യമാണെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം.

അതേസമയം, ഖബറടക്കം കഴിഞ്ഞ് ഞൊടിയിടക്കുള്ളില്‍ തന്നെ റിഫയുടെ പെട്ടിയും ഫോണും വസ്ത്രങ്ങളുമായി പോയ മെഹനാസ് പിന്നീട് ഒന്ന് അന്വേഷിക്കുക പോലും ചെയ്തില്ലെന്നും റിഫയുടെ ബന്ധുക്കള്‍ പറയുന്നു.

റിഫ മെഹ്നുവിന്റെ കഴുത്തില്‍ കണ്ട അടയാളം കേസന്വേഷണത്തില്‍ വഴിത്തിരിവായേക്കും. അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ഫോറന്‍സിക് വിഭാഗത്തിന് കൈമാറും. മരണത്തിലെ ദുരൂഹത നീക്കുകയായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ലക്ഷ്യം.

നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമോ എന്ന സംശയം അന്വേഷണസംഘത്തിന് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം തന്നെയായിരുന്നു മുന്നിലെ കച്ചിത്തുരുമ്പ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നല്‍കിയിരുന്നത്. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

പ്രതീക്ഷയായിരുന്ന മകള്‍ റിഫാ മെഹ്നുവിന്റെ ദാരുണമരണത്തിന്റെ കാരണം എന്തെന്നറിയാതെ കഴിയുകയായിരുന്നു കുടുംബം. പോസ്റ്റ്‌മോര്‍ട്ടം നടന്നാല്‍ മരണത്തിന്റെ വസ്തുതകളും അതിലേക്കു നയിച്ച കാര്യങ്ങളും അറിയാന്‍ മാതാവ് ഷെറീനയും സഹോദരന്‍ റിജുനും റിഫയുടെ രണ്ടുവയസ്സുകാരന്‍ മകനുമടങ്ങുന്ന കുടുംബത്തിന് കഴിയുമെന്നാണ് റാഷിദ് കരുതുന്നത്.

ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫ മെഹ്നുവിന്റെ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് രണ്ടുദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. പ്രാഥമിക പരിശോധനയിൽ തന്നെ മരണം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. റിഫയുടെ കഴുത്തിൽ ആഴത്തിൽ പരിക്കേറ്റതിന്റെ പാടുകൾ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

റിഫയുടെ മൃതദേഹം അഴുകിയിട്ടില്ലാത്തതിനാൽ മൃതദേഹം കബറിടത്തിൽനിന്ന് പുറത്ത് എടുത്ത് പരിശോധിച്ചപ്പോൾതന്നെ കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിൽ വിശദമായ പരിശോധന ആവശ്യമുള്ളതിനാലാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

റിഫയെ ശ്വാസം മുട്ടിച്ചിരുന്നോ, തലയോട്ടിയ്ക്ക് ഉൾപ്പടെ ശരീരത്തിൽ ക്ഷതം സംഭവിച്ചിട്ടുണ്ടോ, എന്തെങ്കിലും വിഷ പദാർത്ഥങ്ങൾ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.

മാർച്ച് ഒന്നിന് രാത്രിയാണ് ദുബായിലെ ഫ്ളാറ്റിൽ റിഫയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയത്. അവിടെവെച്ച് റിഫയുടെ പോസ്റ്റ്‌മോർട്ടം നടത്തിയെന്നുപറഞ്ഞ് ഭർത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. നാട്ടിലെത്തിച്ച് തിടുക്കപ്പെട്ട് മൃതദേഹം കബറടക്കിയത് സംശയത്തിനിടയാക്കിയിരുന്നു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് പാവണ്ടൂർ ജുമാമസ്ജിദിലെ കബർസ്ഥാനിൽനിന്ന് റിഫയുടെ മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ സാന്നിധ്യത്തിൽ താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇൻക്വസ്റ്റ് നടത്തി. പന്ത്രണ്ട് മണിയോടെ പോസ്റ്റ്മോർട്ടത്തിനായി ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വൈകീട്ട് മൃതദേഹം തിരികെ പള്ളിയിലെത്തിച്ച് കബറടക്കി.

കോഴിക്കോട് സബ്കളക്ടർ വി ചെൽസാ സിനി, മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ലിസ, കാക്കൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിഎം ഷാജി, മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് കോയ ഹാജി, സെക്രട്ടറി എൻകെ നൗഫൽ, എം അബ്ദുറഹ്‌മാൻ, ഷെരീഫ് മന്ദലത്തിൽ, റിഫയുടെ സഹോദരൻ റിജുൻ, ബന്ധു ഉബൈദ് എന്നിവർ മൃതദേഹം പുറത്തെടുക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു.

RECENT POSTS
Copyright © . All rights reserved