സമരത്തിനിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൊണ്ട് ഇത്തരത്തില്‍ മുദ്രാവാക്യം വിളിപ്പിച്ചതിനാണ് പിതാവിനെ കസ്റ്റഡിയിലെടുത്ത്.
കുട്ടിക്കൊപ്പം മതവിദ്വേഷ മുദ്രാവാക്യം വിളിച്ച മറ്റുള്ളവരെ പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതില്‍ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ് നേരത്തേ പ്രതികരിച്ചിരുന്നു. മുന്‍പും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നാണ് പിതാവിന്റെ വെളിപ്പെടുത്തല്‍.
”അഭിഭാഷകന്റെ നിര്‍ദ്ദേശമനുസരിച്ച് വന്നതാണ്. ഒളിവിലായിരുന്നില്ല. മുദ്രാവാക്യം വിളിക്കുമ്പോള്‍ മകനോടൊപ്പം ഉണ്ടായിരുന്നു. എന്‍ആര്‍സി സമരത്തില്‍ ഇതിനു മുന്‍പും ഇതേ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. സംഭവത്തില്‍ തെറ്റില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്.”- ഇതായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം.
‘നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം’ എന്ന ലേഖനം എഴുതിയ അമേരിക്കൻ നോവലിസ്റ്റ് നാൻസി ക്രാംപ്റ്റൺ ബ്രോഫി ജീവിതത്തിലെ ഭർത്താവിനെ കൊലപ്പെടുത്തി. കേസിൽ നോവലിസ്റ്റ് കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. യുഎസിലെ പോർട്ട്ലാൻഡ് കോടതിയാണ് 71കാരി നാൻസി കുറ്റം ചെയ്തതായി കണ്ടെത്തിയത്. ജൂൺ 13നാണ് നാൻസിക്കുള്ള ശിക്ഷ വിധിക്കുക.
2018ലാണ് 63കാരനായ പാചകവിദഗ്ധൻ ബ്രോഫിയെ നാൻസി വെടിവെച്ചു കൊന്നത്. തെളിവുകളില്ലാതെ എങ്ങനെ കൊല നടത്താമെന്നതു വിശദീകരിക്കുന്ന ലേഖനം 2011 ലാണ് പ്രസിദ്ധീകരിച്ചത്.
അതേസമയം, കൊലപാതകത്തിനായി നാൻസി ഉപയോഗിച്ച തോക്ക് ഇതുവരെയും പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കൊലയ്ക്കു പിന്നിലെ കാരണവും ദുരൂഹമായി തുടരുകയാണ്. സാമ്പത്തിക പ്രശ്നങ്ങളും ലൈഫ് ഇൻഷുറൻസ് പോളിസി തുകയുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് സംശയിച്ചിരുന്നെങ്കിലും നാൻസി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
കൊലയ്ക്ക് ഉപയോഗിച്ച അതേ മാതൃകയിലുള്ള തോക്ക് നാൻസിയുടെ കൈവശമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ബ്രോഫിയുടെ ജോലിസ്ഥലത്തിനടുത്തായി നാൻസി തോക്കുപിടിച്ച് നിൽക്കുന്നതായുള്ള വീഡിയോ തെളിവും പോലീസിന് ലഭിച്ചിരുന്നു.
എന്നാൽ, തോക്ക് നോവൽ എഴുത്തിന്റെ ഭാഗമായി സൂക്ഷിക്കുന്നതാണെന്നാണ് നാൻസി വാദിക്കുന്നത്. 2018ൽ അറസ്റ്റിലായ നാൻസി ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. റോങ് നെവർ ഫെൽറ്റ് റൈറ്റ്, റോങ് ഹസ്ബൻഡ്, റോങ് ലവർ എന്നിവയാണ് നാൻസിയുടെ നോവലുകൾ.
ഉറങ്ങിയില്ലെന്ന് ആരോപിച്ച് 10 മാസം പ്രായമായ കുട്ടിയുടെ മുഖത്തടിച്ച ആയ അറസ്റ്റിൽ. ചോറ്റാനിക്കര പോലീസ് ആണ് ആയയെ അറസ്റ്റ് ചെയ്തത്. പിറവം നാമക്കുഴി തൈപറമ്പിൽ 48കാരിയായ സാലി മാത്യു ആണു പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയാണ് സാലിയുടെ ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ 21ന് ആണു കേസിനാസ്പദമായ സംഭവം. ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ സാലി കുട്ടിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം കണ്ടതോടെ സാലിയെ അന്നുതന്നെ ഇവരെ ജോലിയിൽനിന്നു പറഞ്ഞ് വിടുകയും ചെയ്തു.
എന്നാൽ കുട്ടിയുടെ ചെവിയിൽ നിന്നു രക്തം വന്നത് പിന്നീടാണ് ശ്രദ്ധയിൽപ്പെട്ടത്. ഉടനടി ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ കർണപുടത്തിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് ആരോപിച്ച് ബേക്കറി ഉടമയുടെ കൈ തല്ലിയൊടിച്ചും ആക്രമിച്ചും ആറു യുവാക്കളുടെ അഴിഞ്ഞാട്ടം. ഇതിനു പുറമെ, ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചെന്ന് ആരോപിച്ച് കടയിലെത്തിയ വയോധികനെയും സംഘം ആക്രമിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്.
വൈകീട്ട് അഞ്ചു മണിക്ക് വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് സമീപത്തെ ചായക്കടയിൽ ആറ് യുവാക്കൾ ചായ കുടിക്കാനെത്തി. ഇതിന് പിന്നാലെയാണ് അക്രമം അരങ്ങേറിയത്. യുവാക്കൾ വാങ്ങിയ ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് കടയുടമയായ ശിവകുമാർ, ഭാര്യ കവിത, മക്കളായ കാശിനാഥൻ, സിദ്ധി വിനായക് എന്നിവരെ ആക്രമിക്കുകയായിരുന്നു.
ഈ സമയം കടയിൽ ചായ കുടിക്കാൻ എത്തിയ വേലായുധൻ എന്ന 95 വയസുകാരനെ ചൂടില്ലാത്ത ചായ കുടിച്ചതിന് യുവാക്കൾ ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ, വേലായുധന്റെ ഇടുപെല്ലിന് പരിക്കേറ്റിട്ടുണ്ട് കടയിൽ ആക്രമണം നടത്തിയവർ മറവൻതുരുത്ത് സ്വദേശികളാണെന്ന് പോലീസ് പറയുന്നു. ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
പീഡനക്കേസിൽ പരാതിക്കാരിയായ നടിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി നടനും നിർമാതാവുമായ വിജയ് ബാബു. ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമായിരുന്നെന്നുമാണ് ആരോപണം. പരാതിക്കാരി മുമ്പ് അയച്ച വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഹൈക്കോടതിക്ക് കൈമാറി.
നടിയുടെ ചില ആവശ്യങ്ങൾ നടക്കാതായതോടെയാണ് തനിക്കെതിരെ ഇത്തരത്തിലൊരു പരാതി നൽകിയതെന്നും നടൻ ആരോപിക്കുന്നു. “2018 മുതൽ പരാതിക്കാരിയെ അറിയാം. പലതവണ യുവതി തന്നിൽ നിന്ന് പണം കടം വാങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സിനിമയിൽ അവസരത്തിനുവേണ്ടി നടി നിരന്തരം വിളിച്ചിരുന്നു. ചില അവസരങ്ങൾ നൽകി. പിന്നെയും വിളിച്ചുകൊണ്ടേയിരുന്നു.
പുതിയ സിനിമയിൽ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് പരാതിക്കാരി ലൈംഗിക പീഡനമാരോപിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ ഏപ്രിൽ 12ന് എത്തിയ നടി അവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്ക് ശേഷമാണിത്.ഏപ്രിൽ 14ന് നടി തനിക്കൊപ്പം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു.
വിഷുവിന് ഒന്നിച്ച് കണികാണണമെന്ന ആവശ്യവുമായി ഫ്ലാറ്റിൽ തങ്ങി. അന്ന് തന്റെ ഭാര്യയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇതിനിടെ തനിക്കുവന്ന ഫോണെടുത്ത് മേലിൽ വിളിക്കരുതെന്ന് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെട്ടു. അടുത്ത ദിവസം ആ കുട്ടിയെ വിളിച്ച് നടി മാപ്പു പറഞ്ഞു.ഏപ്രിൽ 18ന് പുതിയ ചിത്രത്തിലെ നായികയോടും അവരുടെ അമ്മയോടും കോഫി ഹൗസിൽ സംസാരിച്ചിരിക്കെ അവിടേക്ക് വന്ന നടി തട്ടിക്കയറി.”- എന്നൊക്കെയാണ് ഹൈക്കോടതിക്ക് നൽകിയ ഉപഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നത്.
അതേസമയം, വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒളിവിൽ കഴിയുന്ന നടൻ മേയ് 30ന് തിരിച്ചെത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വിമാനമിറങ്ങിയാലുടൻ കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ സിറ്റി പൊലീസ് പൂർത്തിയാക്കി.
ഭർതൃപീഡനം അനുഭവിച്ചിരുന്ന യുവതിയും മകളും ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ ഭർത്താവ് വിനീതും കുടുംബവും ഒളിവിൽപ്പോയെന്ന് പരാതി. ഇവർക്ക് എതിരെ ആറൻമുള പോലീസ് സ്ത്രീധന പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തു. മേയ് ആറിന് വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ശ്യാമയും മകളും പിന്നീട് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മേയ് ആറിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇടയാറൻമുളയിലെ വീട്ടിലാണ് ശ്യാമയേയും മൂന്ന് വയസുകാരി മകളേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് 12ന് കുഞ്ഞും പിന്നാലെ ശ്യാമയും മരിച്ചു. ഇതിനുശേഷം ഭർതൃവീട്ടുകാർ ഒളിവിൽ പോയെന്നാണ് ശ്യാമയുടെ വീട്ടുകാർ ആരോപിക്കുന്നത്.
അതേസമയം, കേസിലെ തെളിവുകൾ ഇല്ലാതാക്കാൻ വിനീതും കുടുംബവും ശ്രമിക്കുന്നുണ്ടെന്നാണ് ശ്യാമയുടെ പിതാവ് മോഹനൻ നായരുടെ ആശങ്ക. മകളെ ചികിത്സിച്ച ആശുപത്രിയിൽ വിനീതിന്റെ സഹോദരിയോടൊപ്പം ആന്ധ്രാ സ്വദേശിയായ ഒരു അപരിചിതൻ എത്തിയിരുന്നുവെന്നും. ഇയാളാണ് വിനീതിനും കുടുംബത്തിനും രക്ഷപ്പെടാൻ സഹായം ഒരുക്കിയതെന്നും പിതാവ് ആരോപിക്കുന്നുണ്ട്.
അതേമയം, വിനീതിന്റെയും കുടുംബത്തിന്റെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. ഇവരെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം തുടരുകയാണ്. ശ്യാമയുടേയും വിനീതിന്റെയും കല്യാണം കഴിഞ്ഞിട്ട് ആറ് വർഷമായി. ഇതിനിടെ പണം ആവശ്യപ്പെട്ട് പലതവണ വിനീത് തന്നെ സമീപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പോലീസിന് മൊഴി നൽകിയിട്ടുണ്ടെന്നും ശ്യാമയുടെ പിതാവ് പറഞ്ഞു.
കൂട്ടുകാരിയെ പ്രണയാഭ്യര്‍ഥനയുമായി ശല്യം ചെയ്തതിന് കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിന്റെ തലയറുത്തു. ശുഭജ്യോതി ബസു എന്നയാളാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ പൂജയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
ഒന്നരമാസം മുമ്പായിരുന്നു ശുഭജ്യോതിയുടെയും പൂജയുടെയും വിവാഹം. വിവാഹത്തിന് ശേഷം പൂജയുടെ സുഹൃത്ത് ശര്‍മിഷ്ടയെ പരിചയപ്പെട്ട ശുഭജ്യോതി ഇവരില്‍ ആകൃഷ്ടനായി. പ്രണയാഭ്യാര്‍ഥനയുമായി പുറകേ കൂടിയ ശുഭജ്യോതിയെ ശര്‍മിഷ്ട പല തവണ വിലക്കിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവിലിവര്‍ കാര്യം ഭര്‍ത്താവ് സുബീറിനെയും പൂജയെയും അറിയിച്ചു. ക്ഷുഭിതരായ ഇരുവരും ശുഭജ്യോതിയെ വധിക്കാന്‍ പദ്ധതിയിടുകയായിരുന്നു.
യുവാവിനെ ഹൂഗ്ലി നദിക്കരയിലുള്ള ഇഷ്ടികക്കളത്തിലേക്ക് വിളിച്ചു വരുത്തിയാണ് ഇരുവരും കൃത്യം നടത്തിയത്. ഇവിടെ വെച്ച് സംഘം ബസുവിന് മദ്യം നല്‍കി. ഇയാള്‍ മദ്യലഹരിയിലായതോടെ ഇവര്‍ യുവാവിന്റെ തല അറുത്ത് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഉടല്‍ വാനില്‍ കയറ്റി ഓവുചാലില്‍ തള്ളുകയും ചെയ്തു.
ബസുവിന്റെ ശരീരത്തിലെ ടാറ്റൂ കണ്ടാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവത്തില്‍ സുബീര്‍, പൂജ എന്നിവരടക്കം മൂന്ന് പേരെ പോലീസ് റസ്റ്റ് ചെയ്തു.
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടി പൊലീസ് തുടങ്ങി. നടന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ യാത്രാരേഖയെക്കുറിച്ച് അറിയില്ലെന്നും പൊലീസ് പറഞ്ഞു. റെഡ് കോര്‍ണര്‍ നോട്ടീസ് ആഭ്യന്തര വകുപ്പില്‍ നിന്ന് സിബിഐയ്ക്ക് അയച്ചു. സിബിഐ ഉടന്‍ തന്നെ ഇന്റര്‍പോളിന് നോട്ടീസ് കൈമാറും. ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയാണ് സിബിഐ.
അതേസമയം, നടന്‍ വിജയ് ബാബു മടക്കടിക്കറ്റ് എടുത്തുവെന്ന് അഭിഭാഷകന്‍. മുപ്പതിന് തിരികെ കൊച്ചിയിലെത്തുമെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. ഇയാളുടെ യാത്രാരേഖകളും കോടതിയില്‍ ഹാജരാക്കി. വിജയ്ബാബു ഇന്ന് അഞ്ച് മണിക്കുള്ളില്‍ കേരളത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. കേരളത്തില്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നും പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു.
ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നിരുന്നു. ഇന്റര്‍പോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് പോയത്. ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് ജോര്‍ജിയയിലേക്ക് കടന്നത്.
ദുബായില്‍ ഒളിവില്‍ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാന്‍ ഇടയാക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ രാജ്യം വിട്ടത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോര്‍ജിയ തെരഞ്ഞെടുത്തത്. കൊച്ചി സിറ്റി പൊലീസിന്റെ അപേക്ഷയില്‍ കേന്ദ്രവിദേശ കാര്യമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് അസാധുവാക്കിയിരുന്നു.
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി ഇന്ന്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രസ്താവിച്ചത്. കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി കണ്ടെത്തി. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുണ്ടായിരുന്നത്. ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമായി.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ളയും തമ്മില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് ഇന്ന് കോടതിയില്‍ നടക്കുക. ജീവപര്യന്തം ശിക്ഷ നല്‍കണം എന്നാവും പ്രോസിക്യൂഷന്‍ വാദം. 498 എ ഗാര്‍ഹിക പീഡനം, 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 306 അത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ 3, 4 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണ് എന്നാണ് കോടതി കണ്ടെത്തിയത്. ഇന്നലെ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് കിരണിനെ കൊല്ലം സബ് ജയിലിലേക്ക് മാറ്റിയിരുന്നു.
2021 ജൂണ്‍ 21നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മെയ് 30നാണ് വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.
ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. കേസിന്റെ വിചാരണ പൂര്‍ത്തിയായതോടെ കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സർക്കാരിനും വിചാരണക്കോടതിക്കും എതിരെയാണ് ഹര്‍ജി.
രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുന്നു. നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിലെ പ്രതിയായ ദിലീപിന് ഭരണമുന്നണിയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അവരെ ഒഴിവാക്കി കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ് അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയതിന് കാരണം. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് തനിക്ക് മറ്റുമാര്‍ഗമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.