Crime

പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കൊലക്കുറ്റം ചുമത്തപ്പെട്ട ലേഡി ഡോക്ടർ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ലാൽസോട്ട് ആസ്ഥാനമായുള്ള ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഗൈനക്കോളജിസ്റ്റ് അർച്ചന ശർമ്മയാണ് ആത്മഹത്യ ചെയ്തത്. ഡോക്ടറുടെ ആത്മഹത്യയിൽ പ്രതിഷേധിക്കുകയാണ് രാജ്യത്തൊട്ടാകെയുള്ള ഡോക്ടർമാർ. ഡോ. അർച്ചന ജോലി ചെയ്യുന്ന ആശുപത്രിയിലെ മുറിയിൽ തന്നെയാണ് തൂങ്ങിമരിച്ചത്. പ്രസവത്തിനിടെ മരിച്ച രോഗിയുടെ കുടുംബം രോഗിയുടെ മരണത്തിന് കാരണക്കാരി ഡോക്ടറാണ് എന്ന് ആരോപിച്ചിരുന്നു. തുടർന്നാണ് പോലീസ് അർച്ചനയ്ക്ക് എതിരെ കേസെടുത്തത്.

പോലീസ് ഐപിസി സെക്ഷൻ 302 (കൊലപാതകശ്രമം) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്ന് മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ഡോക്ടർ ആത്മഹത്യ ചെയ്തത്. ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പിൽ ഗർഭിണി മരിക്കാനിടയായ സംഭവത്തെ വിശദീകരിക്കുന്നുണ്ട്. പ്രസവസമയത്ത് സംഭവിക്കാനിടയുള്ള അപൂർവമെങ്കിലും സങ്കീർണതയായ പ്രസവാനന്തര രക്തസ്രാവം മൂലമാണ് യുവതി മരിച്ചതെന്ന് അർച്ചന ശർമ്മ കുറിപ്പിൽ പറയുന്നുണ്ട്.

അതേസമയം, ഡോക്ടർമാരെ ശല്യപ്പെടുത്തരുതെന്ന് അഭ്യർത്ഥിക്കുന്ന അർച്ചന ശർമ്മയുടെ ആത്മഹത്യാ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാർട്ടം ഹെമറേജ് എന്നത് ഒരു ഡോക്ടറുടെ കൈപ്പടിയിൽ ഒതുങ്ങുന്നതല്ലെന്ന് മലയാളി ഡോക്ടറായ സുൽഫി നൂഹുവും ചൂണ്ടിക്കാട്ടുന്നു. 25 മുതൽ 40 ശതമാനം വരെ ഗർഭിണികളുടെ മരണത്തിന് ഇത് കാരണമാകുന്നു. ഇതിന്റെ പേരിൽ ഒരു ഡോക്ടർക്ക് കൊലക്കുറ്റം ചുമത്തിയത് അങ്ങേയറ്റം ക്രൂരതയാണ്, ഇത് ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഡോ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഒരു ഡോക്ടറുടെ ആത്മഹത്യ കുറിപ്പ്?
—-+
‘ഞാൻ എന്റെ ഭർത്താവിനെയും മക്കളെയും സ്‌നേഹിക്കുന്നു, ദയവായി എന്റെ മരണശേഷം അവരെ ഉപദ്രവിക്കരുത്’
‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’.
‘ഞാൻ ആരെയും കൊന്നിട്ടില്ല’.
‘പോസ്റ്റ് പാർട്ടം ഹെമറേജിന് എനിക്കെതിരേ കൊലക്കുറ്റം ചുമത്തി ഉപദ്രവിച്ചത് ക്രൂരതയാണ്’.
‘ഇത് അറിയപ്പെടുന്ന സങ്കീർണതയാണ്’.
‘ ഒരു പക്ഷേ എന്റെ മരണം എന്റെ നിരപരാധിത്വം തെളിയിക്കാൻ സഹായിച്ചേക്കാം’
‘ഇനിയും ഇങ്ങനെ നിരപരാധികളായവരെ ഉപദ്രവിക്കരുത്’..
‘ലവ് യു’
‘ദയവു ചെയ്ത് എന്റെ കുട്ടികൾക്ക് അമ്മയുടെ അഭാവം അനുഭവപ്പെടരുത്’.
എന്ന്
ഡോ .അർച്ചന.

രാജസ്ഥാനിലാണ്. നാളെ ഇത് ഇവിടെയും സംഭവിച്ചേക്കാം. പോസ്റ്റ് പാർട്ടം ഹെമറേജ് എന്ന അതീവഗുരുതരമായ സ്ഥിതിവിശേഷത്തിൽ എത്തിച്ചേർന്ന ഗർഭിണി നിർഭാഗ്യവശാൽ മരിക്കുന്നു. ഗർഭിണികളുടെ മരണത്തിന് 25 മുതൽ 40 ശതമാനം വരെ കാരണമാകുന്നത് ഈ അവസ്ഥയാണ്. വളരെ ഉയർന്ന മരണനിരക്കുള്ള ഈ അസുഖം ചിലപ്പോഴൊക്കെ ഡോക്ടറുടെ കൈപിടിയിൽ ഒതുങ്ങുന്നതല്ല. രോഗി മരിക്കുന്നു ഡോക്ടർക്കെതിരെ കൊലക്കുറ്റത്തിന് കേസ് ചാർജ് ചെയ്യുന്നു. സെക്ഷൻ 302 ipc പ്രകാരം. സമൂഹ മാധ്യമ വിചാരണ. വിവിധ മേഖലകളിൽ നിന്നുള്ള നിരന്തര ആക്രമണം. ഇന്നലെ ഡോക്ടർ ആത്മഹത്യ ചെയ്തു. ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്‌ബോൾ ചില ജീവനുകൾ കൈപ്പിടിയിലൊതുങില്ല. നിയമപ്രകാരം കൊലക്കുറ്റം ചാർജ് ചെയ്യാൻ ഒരു വകുപ്പുമില്ല . ഈ ക്രൂരത ഒരു ഡോക്ടറുടെ ജീവനെടുത്തു. ഇത് ആവർത്തിക്കപ്പെടരുത് ഒരിക്കലും.

ഡോ സുൽഫി നൂഹു

വധഗൂഢാലോചനാക്കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് തന്നെയെന്ന് ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്‍. കേസിലെ ആറാം പ്രതിയായ ശരത്തിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായ ശേഷമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ഇയാള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ഹാജരായിരുന്നത്. ഇതിന് ശേഷമാണ് എസ്പിയുടെ പ്രതികരണമുണ്ടായത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദീലീപിന് കൈമാറുമ്പോഴും ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ആലോചന നടത്തിയപ്പോഴും ശരത്ത് വീട്ടിലുണ്ട് എന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ കൈയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചു ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്നു കണ്ടതിനു താന്‍ ദൃക്‌സാക്ഷിയാണെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സുഹൃത്ത് ശരത്താണ് ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ വീട്ടിലെത്തിച്ചതെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.

അതേസമയം, കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയില്‍ പോലും പരിശോധനയുടെ പേരില്‍ പോലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു.

കേസില്‍ വാദം തുടരും. വധഗൂഢാലോചന കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും ഹൈക്കോടതി ചോദിച്ചു. അങ്ങനെയെങ്കില്‍ വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ഇന്ന് നടന്ന വാദത്തിനിടെ ഹൈക്കോടതി പ്രൊസിക്യൂഷനോട് ചോദിച്ചു.

അതേസമയം ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു.

മലപ്പുറം മഞ്ചേരിയിൽ തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭ കൗൺസിലർ അബ്ദുൾ ജലീൽ കൊല്ലപ്പെട്ടു.ഇന്നലെ രാത്രി ഏഴരയോടെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ് അബ്ദുൾ ജലീലിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ആക്രമിച്ചത്.

പയ്യനാട് വെച്ചാണ് അബ്ദുൾ അബ്ദുൾ ജലീലിന് വെട്ടറ്റത്. പാർക്കിംഗിനെ ചൊല്ലിയുള്ള ചെറിയ തർക്കമാണ് വലിയ ആക്രമത്തിലെത്തിയത്. അബ്ദുൽ ജലീലടക്കമുള്ള മൂന്ന് പേർ കാറിലാണ് ഉണ്ടായിരുന്നത്. തർക്കത്തിന് പിന്നാലെ കാറിനെ പിന്തുടർന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെൽമറ്റ് ഏറിഞ്ഞ് കാറിൻറെ പിറകിലെ ചില്ല് ആദ്യം തകർത്തു. പിന്നാലെ കാറിൽ നിന്ന് പുറത്തിറങ്ങിയ അബ്ദുൾ ജലീലിനെ വാളെടുത്ത് വെട്ടുകയായിരുന്നു. തലക്കും നെറ്റിയിലുമാണ് ആഴത്തിൽ മുറിവേറ്റത്.

ഗുരുതരമായി പരിക്കേറ്റ അബദുൾ ജലീലിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പത്തിരണ്ട് കാരനായ അബ്ദുൾ ജലീൽ മഞ്ചേരി നഗരസഭയിലെ പതിനാറാം വാർഡ് മുസ്ലീം ലീഗ് കൗൺസിലറാണ്.

കേസിലെ പ്രതി അബ്ദുൽ മജീദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മജീദും ഷുഹൈബുമാണ് അബ്ദുൽ ജലീലിന്റെ വാഹനത്തെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ചത്.അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭാ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. രാവിലെ ആറ് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ഹർത്താൽ ആചരിക്കുക.

യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ യുവതി ഓടിച്ച് പിടിച്ച് പോലീസിലേല്പിച്ചു. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പുതിയ മാതൃക കാണിച്ചത്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം.

ബസില്‍നിന്ന് ഇറങ്ങിയോടിയ അക്രമിയെ കാഞ്ഞങ്ങാട് ടൗണിലൂടെ പിന്നാലെ ഓടിയാണ് ആരതി പിടിച്ചത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി.

പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. ബസിലുള്ള മറ്റാരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്‌പോലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതിനിടയില്‍ അയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി.

എന്തുതന്നെയായാലും വിടില്ലെന്നുറപ്പിച്ച് ആരതിയും പിന്നാലെ ഓടി. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. രക്ഷപ്പെട്ടാല്‍ പരാതി നല്‍കുമ്പോള്‍ ഒപ്പം ചേര്‍ക്കാന്‍ അയാളുടെ ഫോട്ടോയുമെടുത്തു. ഒടുവില്‍ അയാള്‍ ഒരു ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. ആരതി പിറകെയെത്തി സമീപ കടക്കാരോട് വിവരം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് അയാളെ തടഞ്ഞുവെച്ചു. പിങ്ക് പോലീസിനെയും വിവരമറിയിച്ചു.

മിനിറ്റുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്തപ്പോഴാണ് മാണിയാട്ട് സ്വദേശി രാജീവനാണെന്ന് വ്യക്തമായത്. സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവെച്ചതോടെയാണ് ആരതിക്കുണ്ടായ ദുരനുഭവവും ചെറുത്തുനില്പും നാട്ടുകാരറിഞ്ഞത്.

കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍നിന്ന് കഴിഞ്ഞവര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ ആരതി കോളേജിലെ എന്‍.സി.സി. സീനിയര്‍ അണ്ടര്‍ ഓഫീസറായിരുന്നു. ഇതിനു മുന്‍പും ബസില്‍വെച്ച് ആരതിക്ക് ഇത്തരമൊരു അനുഭവമുണ്ടായിരുന്നു. പോലീസിനോട് പറയാനായി ബസില്‍നിന്നിറങ്ങിയപ്പോള്‍ അയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

കുറിച്ചി ചാമാക്കുളത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പള്ളിക്കത്തോട് മുലൂരിലെ പാറമടക്കുളത്തിൽ കണ്ടെത്തി. കുറിച്ചി മലകുന്നം വാഴപ്പറമ്പിൽ സദാനന്ദന്റെ മകൻ വി.എസ് അജിന്റെ(24) മൃതദേഹമാണ് പള്ളിക്കത്തോട് മുഴുരിലെ പാറമടക്കുളത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ 29 നാണ് ഇയാളെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം പള്ളിക്കത്തോട്ട് കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ ഇതുവഴി നടക്കാനിറങ്ങിയ നാട്ടുകാരാണ് പാറമടക്കുളത്തിനു സമീപത്തെ റോഡരികിൽ സ്‌കൂട്ടർ ഇരിക്കുന്നത് കണ്ടത്. രണ്ടു ദിവസത്തോളമായി ഇവിടെ റോഡരികിൽ സ്‌കൂട്ടറിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇവർ വിവരം പള്ളിക്കത്തോട് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് പാറമടയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പാറമടക്കുളത്തിൽ നിന്നും പുറത്തെടുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇവിടെ നിന്നും പുറത്തെടുക്കുന്ന മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. കുറിച്ചി സ്വദേശിയായ യുവാവ് കിലോമീറ്ററുകൾ അകലെയുള്ള പള്ളിക്കത്തോട്ടിൽ എത്തിയത് എന്തിനാണ് എന്ന സംശയമാണ് നാട്ടുകാർ ഇപ്പോൾ ഉന്നയിക്കുന്നത്. സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈസ്റ്റ്ഹാമില്‍ റസ്റ്റോറന്റില്‍ വച്ചു വെള്ളിയാഴ്ച കുത്തേറ്റു ഗുരുതരാവസ്ഥയിലായ മലയാളി യുവതി അപകടനില തരണം ചെയ്തു. നിരവധി തവണ കുത്തേറ്റ 30 കാരിയെ എയര്‍ ആംബുലന്‍സില്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ആക്രമണം നടത്തിയ ഇന്ത്യക്കാരനായ സഹപാഠി പിന്നീട് അറസ്റ്റിലായി. ഈസ്റ്റ് ലണ്ടനില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന ഈസ്റ്റ്ഹാമിലെ ബാര്‍ക്കിങ് റോഡിലുള്ള സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റിലാണ് മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 2.20നാണ് ബാര്‍ക്കിങ് റോഡിസെ ഹൈദ്രാബാദ് വാല എന്ന സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റില്‍ വച്ച് ആക്രമണം ഉണ്ടായത്. റസ്റ്റോറന്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ അക്രമി ബലമായി കീഴ്പെടുത്തി നിരവധി തവണ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. കേസില്‍ ശ്രീറാം അംബര്‍ലായെയാണ് അറസ്റ്റ് ചെയ്തത്. 23 കാരനായ ഇയാള്‍ റിമാന്‍ഡിലാണ്. ശ്രീറാമിനെ ഇന്നലെ തെംസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കൊലപാതക ശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹൈദരാബാദിന് അടുത്ത സിര്‍സില്ല സ്വദേശികളാണ് ഇരുവരും. അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് സഹപാഠികളും പറയുന്നു. പിതാവ് മലയാളിയായ യുവതിയുടെ കുടുംബവും ഹൈദരാബാദിലാണ്. സിര്‍സിലായില്‍ ഉള്ള വാര്‍ഡമാന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബിടെക് പഠന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.

അക്രമം തടയാന്‍ ശ്രമിച്ച ഹോട്ടലിലെ മറ്റു ജീവനക്കാര്‍ക്കു നേരെയും ഇയാള്‍ കത്തിവീശി. ഇവര്‍ ഭയന്നു പിന്മാറിയതോടെ യുവതിയെ പലതവണ കുത്തിയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തിയ മെട്രോപൊലിറ്റന്‍ പൊലീസ് ഇയാളെ കീഴടക്കുകയായിരുന്നു. യുകെയില്‍ ഉന്നത പഠനത്തിനായി യുവതി ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലും യുവാവ് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലുമാണ് എത്തിയത്. കോഴ്‌സ് പൂര്‍ത്തിയായ ശേഷം രണ്ടു വര്‍ഷത്തെ സ്റ്റേ ബാക് സൗകര്യം പ്രയോജനപ്പെടുത്തി താത്കാലിക ജോലി ചെയ്യുകയായിരുന്നു.

യുവതി അകലുന്നതായി തോന്നി ശ്രീറാം ജോലി ഉപേക്ഷിച്ച് യുവതിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു.സുഹൃത്തുക്കളില്‍ നിന്ന് ആണ് വിവരം ലഭിച്ചു കണ്ടെത്തിയത്. രണ്ടു വര്‍ഷം മുമ്പ് വര്‍ധമാന്‍ എഞ്ചിനീയറിങ് കോളേജിലെ ബിടെക് പഠനം പൂര്‍ത്തിയാക്കിയാണ് യുവതി ലണ്ടനില്‍ മാസ്റ്റേഴ്‌സ് പഠനത്തിനെത്തിയത്.

അതിനിടെ വിവരങ്ങളെ കുറിച്ച് പൂര്‍ണ്ണമായി ധാരണയില്ലാതെ സഹോദരനെ ലണ്ടനില്‍ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ശ്രീറാമിന്റെ സഹോദരന്‍ അഭിഷേക് അംബര്‍ലാ അഭ്യര്‍ത്ഥിച്ചു.

നടിയെ ആക്രമിച്ച കേസിലെ വധശ്രമത്തിലെ ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ദിലീപിനെ ചോദ്യംചെയ്യുന്നു. ക്രൈംബ്രാഞ്ചാണ് ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഉച്ചയോടെ നിർമായകമായ നീക്കം നടത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച ദിലീപിന്റെ ചോദ്യംചെയ്യൽ വൈകുന്നേരവും തുടരുകയാണ്.

ബാലചന്ദ്രകുമാറിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് ദിലീപിനെ ചോദ്യംചെയ്തത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് ഇന്നലെ നടത്തിയ ചോദ്യംചെയ്യലിൽ ദിലീപ് ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഒപ്പമിരുത്തി ചോദ്യംചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.

സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു തിങ്കളാഴ്ച നടന്ന ചോദ്യംചെയ്യലിൽ ദിലീപിന്റെ മറുപടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം താൻ കണ്ടിട്ടില്ലെന്നും ദിലീപ് ചോദ്യംചെയ്യലിൽ അറിയിച്ചിരുന്നു.

അതേസമയം, ക്രൈംബ്രാഞ്ച് ദിലീപിന്റെ മൊബൈൽ ഫോണിൽനിന്ന് വീണ്ടെടുത്ത തെളിവുകൾ നിരത്തിയായിരുന്നു എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇന്നലത്തെ ചോദ്യംചെയ്യൽ. വാട്സാപ്പ് ചാറ്റുകൾ, സംഭാഷണങ്ങൾ, ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ, സൈബർ ഹാക്കർ സായ് ശങ്കറിന്റെ മൊഴി എന്നിവയും ഉൾപ്പെടുത്തിയായിരുന്നു ചോദ്യാവലി തയ്യാറാക്കിയത്. പല ചോദ്യങ്ങൾക്കും അറിയില്ല എന്ന മറുപടിയാണ് ദിലീപ് നൽകിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് എന്തിന് എന്നുള്ള ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി കിട്ടിയില്ലെന്ന് പോലീസ് പറയുന്നു.

മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടില്‍ എത്തി യുവാവ് തീ കൊളുത്തി മരിച്ചു. വളയം സ്വദേശിയായ രത്‌നേഷ് എന്ന 42കാരനാണ് മരിച്ചത്. വീടിന് തീ വെച്ച് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മരിച്ചത് എന്നാണ് വിവരം.

നാദാപുരം ജാതിയേരി കല്ലുമ്മലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ വീട്ടിലെത്തിയ യുവാവ് യുവതിയുടെ കിടപ്പുമുറിയായ രണ്ടാം നിലയില്‍ കയറി മുറിയില്‍ തീ വയ്ക്കുകയായിരുന്നു.

വീടിന് തീ പടരുന്നത് കണ്ട അയല്‍വാസികള്‍ നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. പിന്നാലെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവാവ് വീടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. സംഭവത്തില്‍ യുവതിക്കും അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയെ രത്‌നേഷിന് ഇഷ്ടമായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഇയാളുമായുള്ള ബന്ധത്തിന് താത്പര്യം ഉണ്ടായിരുന്നില്ല. ഏപ്രില്‍ ആദ്യം പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.

പതിനാലുകാരിയെ പീഡിപ്പിച്ച 55 കാരനെ പെണ്‍കുട്ടിയുടെ പിതാവും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാണ്ഡ്വയിലാണ് സംഭവം. പ്രദേശത്തെ നദിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കഷ്ണങ്ങളാക്കിയ നിലയിലുള്ള മൃതദേഹം ഞായറാഴ്ചയാണ് പുഴയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് സക്ലാപുര്‍ ജില്ലയിലെ ത്രിലോക്ചന്ദ് എന്നയാളാണെന്ന് കണ്ടത്തുകയായിരുന്നു. പിന്നാലെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 14 കാരിയെ പീഡിപ്പിച്ച സംഭവത്തിലുള്ള പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ത്രിലോകും അറസ്റ്റലായവരും ബന്ധുക്കളാണെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് കൊലപാതകം നടന്നത്.

കൊല്ലപ്പെട്ട ത്രിലോക് ചന്ദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി നേരത്തെ പരാതി ഉണ്ടായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് ഇയാളെ പ്രദേശത്തെ അജ്‌നാല്‍ നദീതീരത്തേക്ക് കൊണ്ടുപോയത്. ബൈക്കില്‍ നദീ തീരത്ത് എത്തിച്ച ത്രിലോകിനെ പിന്നീട് കൊലപ്പെടുത്തുകയായിരുന്നു.

മീന്‍ വെട്ടുന്ന കത്തികൊണ്ടാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. മൃതദേഹം കഷ്ണങ്ങളാക്കി പിന്നീട് പുഴയില്‍ തള്ളുകയായിരുന്നു എന്നും സബ് ഡിവിഷണല്‍ ഓഫീസറെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലണ്ടനിൽ മലയാളി യുവതിയെ ഇന്ത്യക്കാരനായ യുവാവ് അതിക്രൂരമായി കുത്തിപരുക്കേൽപിച്ചു. അക്രമി അറസ്റ്റിലായി. ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഈസ്റ്റ്ഹാമിലെ ബാർക്കിങ് റോഡിലുള്ള സൗത്ത് ഇന്ത്യൻ റസ്റ്ററന്റിലാണ് മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്.

യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തു എന്നാണ് ‌റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20നാണ് ബാർക്കിങ് റോഡിസെ ഹൈദ്രാബാദ് വാല എന്ന സൗത്ത് ഇന്ത്യൻ റസ്റ്ററന്റില്‍ വച്ച് ആക്രമണം ഉണ്ടായത്. റസ്റ്ററന്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ അക്രമി ബലമായി കീഴ്പെടുത്തി നിരവധി തവണ കുത്തി പരുക്കേൽപിക്കുകയായിരുന്നു.

അക്രമം തടയാൻ ശ്രമിച്ച ഹോട്ടലിലെ മറ്റു ജീവനക്കാർക്കു നേരെയും ഇയാൾ കത്തിവീശി. ഇവർ ഭയന്നു പിന്മാറിയതോടെ യുവതിയെ പലതവണ കുത്തിയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം പാഞ്ഞെത്തിയ മെട്രോപൊലിറ്റൻ പൊലീസ് സമീപത്തുനിന്നും ഇയാളെ പിടികൂടി.

പരുക്കേറ്റ യുവതിയെ എയർ ആംബുലൻസിൽ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ നടന്ന ഈ കൊടും ക്രൂരതയുടെ ഞെട്ടലിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ.

Copyright © . All rights reserved