Crime

പ്രഭാതനടത്തത്തിനിറങ്ങിയ ആത്മസുഹൃത്തുക്കൾ ടോറസ് ലോറിയിടിച്ചു മരിച്ചുവെന്ന വാർത്ത കേരളം അതിരാവിലെ ഞെട്ടലോടെയാണ് കേട്ടത്. നൂറനാട് വാലുകുറ്റിയിൽ വി.എം. രാജു, താഴമംഗലത്ത് വിക്രമൻ നായർ, കലാമന്ദിരം രാമചന്ദ്രൻ നായർ എന്നിവരാണ് അതിദാരുണമായി മരിച്ചത്. പണയിൽ പാലമുക്കിലെ വളവിൽ അമിതവേഗത്തിലെത്തിയ ടോറസ് ലോറിയാണ് നാലുപേരെ ഇടിച്ചിട്ടശേഷം നിർത്താതെപോയത്.

ഈ അപകടത്തിൽ സംഘത്തിലെ സോപാനത്തിൽ രാജശേഖരൻ നായർ മാത്രമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. പരിക്കുകൾ ഒന്നുമില്ലാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്നാൽ ആത്മസുഹൃത്തുക്കളുടെ വേർപാട് നൂറനാട് പണയിൽ സോപാനത്തിൽ രാജശേഖരൻ നായർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. സ്ഥിരമായി പ്രഭാതനടത്തത്തിനിറങ്ങിയിരുന്ന നാൽവർസംഘത്തിൽ ഇനി താൻ മാത്രമാണ് ബാക്കിയെന്ന സത്യം ഉൾകൊള്ളാൻ സാധിക്കാതെ മൗനത്തിലാണ് ഇദ്ദേഹം.

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഇദ്ദേഹത്തെ വ്യാഴാഴ്ച വൈകീട്ടോടെ വീട്ടിലേക്കു കൊണ്ടുവന്നു. ആശുപത്രി വിടുന്നതിനു തൊട്ടുമുൻപാണ് അപകടത്തിൽപ്പെട്ട മൂന്നു സുഹൃത്തുക്കളുടെയും മരണം രാജശേഖരൻ നായർ അറിയുന്നത്. ശരീരമാസകലമുള്ള വേദനയ്ക്കുമപ്പുറം സൃഹൃത്തുക്കളുടെ വേർപാടിന്റെ വേദന താങ്ങാനാകുന്നില്ലെന്ന് രാജശേഖരൻ നായർ പറഞ്ഞു. കുറേവർഷങ്ങളായി ഇവർ ഒരുമിച്ചാണ് പ്രഭാതസവാരിക്കിറങ്ങുന്നത്.

രാജശേഖരൻ നായരുടെ വാക്കുകൾ;

അടുത്ത വീട്ടുകാരനായ വിക്രമൻ നായരെയും കൂട്ടി കെപി റോഡിലെത്തുമ്പോൾ രാജുവും രാമചന്ദ്രൻ നായരും അവിടെയുണ്ടാകും. ഒരുമിച്ച് പടനിലംവരെ നടന്നുമടങ്ങുമായിരുന്നു. കെ.പി.റോഡിൽ വാഹനത്തിരക്കും അപകടങ്ങളും വർധിച്ചതോടെയാണ് നൂറനാട് പള്ളിമുക്ക്-ആനയടി റോഡിൽ നടക്കാൻ തുടങ്ങിയത്. രാജുവിനെയുംകൂട്ടി രാമചന്ദ്രൻ നായർ പണയിൽ ഭാഗത്തേക്കു നടപ്പ് ആരംഭിക്കും. ഈ സമയം താനും വിക്രമൻ നായരും പള്ളിമുക്കിലേക്കു നടക്കും.

ഇടയ്ക്കു തമ്മിൽ കാണുന്ന സ്ഥലത്തുനിന്ന് ഒരുമിച്ച് പള്ളിക്കൽ ഗണപതിക്ഷേത്രത്തിന്റെ വഞ്ചിമുക്കുവരെ പോയി മടങ്ങുകയാണു പതിവ്. വ്യാഴാഴ്ചയും പതിവുപോലെ നടന്നശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. ടോറസ് പോകുന്നതിനു മുൻപായി ഒരു കാർ പോയിരുന്നു. ഈ സമയം റോഡരികിലേക്കു മാറി. സെക്കൻഡുകൾക്കുള്ളിലാണ് അമിതവേഗത്തിൽ ടോറസ് വന്ന് ഇടിച്ചുതെറിപ്പിച്ചത്. തെറിച്ചുവീണ താൻ എഴുന്നേറ്റെങ്കിലും ഒന്നിനും കഴിയുമായിരുന്നില്ല. എന്റെ നിലവിളിയും ശബ്ദവുംകേട്ട് ചിലരൊക്കെ ഓടിവന്നെങ്കിലും അടുത്തേക്കു വരാൻ ആളുകൾ ആദ്യം മടിച്ചു.

സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന റിൻസിയെ റിയാസ് വെട്ടിയത് മുപ്പതിലേറെ തവണയെന്ന് റിപ്പോർട്ട്. മരിച്ച റിൻസിയുടെ ദേഹത്ത് മുപ്പതോളം വെട്ടുകളാണ് ഏറ്റിരിക്കുന്നത്. വെട്ടേറ്റ് ഇവരുടെ കൈവിരലുകൾ അറ്റു തെറിച്ചുപോയി. ഓടിക്കൂടിയവർ വിരലുകൾ കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. എറിയാട് ബ്ലോക്ക് ഓഫീസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് ആക്രമണത്തിനിരയായത്.

വ്യാഴാഴ്ച രാത്രി മക്കളോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് റിൻസിയെ പ്രതി റിയാസ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഇവർ മരണത്തിന് കീഴടങ്ങി. എറിയാട് കേരള വർമ സ്‌കൂളിന് സമീപം ഭർത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിൻസി കടയിൽനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.

കൈക്കും തലക്കും ഗുരുതര പരിക്കേറ്റ റിൻസിയെ ആദ്യം കൊടുങ്ങല്ലൂർ ചന്തപ്പുര എആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു.

വണ്ടിയിലുണ്ടായിരുന്ന മക്കൾ ഭയന്നു കരയുകയും ഇതുകേട്ട് വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി സ്ഥലം വിടുകയായിരുന്നു. പ്രദേശവാസിയായ പുതിയ വീട്ടിൽ റിയാസ് (26) ആണ് ഇവരെ വെട്ടിയത്. ഇയാൾ റിൻസിയുടെ കടയിലെ മുൻ ജീവനക്കാരനാണ്. റിയാസിനെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.

മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി വെട്ടാൻ ഉപയോഗിച്ച വാൾ വെള്ളിയാഴ്ച രാവിലെ കണ്ടെത്തി.

കുവൈറ്റിലെ അർദിയയിൽ സ്വദേശി കുടുംബത്തിലെ മൂന്നുപേരെ കുത്തികൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇന്ത്യക്കാരനായ പ്രതി ജയിലിൽ തൂങ്ങിമരിച്ച നിലയിൽ.

കുവൈറ്റ് പൗരൻ അഹമ്മദ് (80) ഭാര്യ ഖാലിദ (50) മകൾ അസ്മ (18) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ അറസ്റ്റിലായി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് മരണം.

മാർച്ച് നാല് വെള്ളിയാഴ്ചയാണ് മൂന്നുപേരുടെ മൃതദേഹം അർദിയയിലെ വീട്ടിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെ ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രതിയുടെ മൃതദേഹം ഫോറൻസിക് പരിശോധനക്ക് കൈമാറിയതായി പ്രോസിക്യൂഷൻ അറിയിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയാണിയാൾ. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു.

പതിനേഴുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ വൈദികന്‍ കസ്റ്റഡിയില്‍. പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സണ്‍ ജോണ്‍ ആണ് പോക്‌സോ കേസില്‍ പൊലീസ് പിടിയിലായത്.പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

കൗണ്‍സിലിംഗിന് എത്തിയ പെണ്‍കുട്ടിക്ക് നേരെയായിരുന്നു വൈദികന്റെ ലൈംഗികാതിക്രമം. പരാതി പ്രകാരം കേസെടുത്ത പൊലീസ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്.

സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില്‍ വന്‍ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പോലീസ് ലാത്തിവീശി. സ്ത്രീകള്‍ അടക്കമുള്ളവരെ വലിച്ചിഴച്ചു. മുന്‍നിരയില്‍ നിന്നിരുന്ന പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം കല്ലിടല്‍ തുടരുകയാണ്.

ജോസഫ് എം പുതുശേരിക്കും വിജെ ലാലിക്കും ഉൾപ്പെടെ പോലീസ് ആക്രമണത്തിൽ പരുക്കേറ്റു

നോട്ടീസ് പോലും നല്‍കാതെയാണ് സ്വകാര്യ ഭൂമിയില്‍ കയ്യേറി കല്ലിടുന്നതെന്ന് ജോസഫ് എം. പുതുശേരി പറഞ്ഞു. നനാട്ടുകാരെ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സംഘഠര്‍ഷത്തില്‍ പരിക്കേറ്റവരെ ചെത്തിപ്പുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാധാനം പാലിക്കേറ്റ പോലീസ് പ്രശ്‌നം വഷളാക്കുകയാണെന്നും ജോസഫ് എം. പുതുശേരി പറഞ്ഞു.

രാവിലെ മുതല്‍ മനുഷ്യമതില്‍ തീര്‍ത്താണ് കക്ഷി ഭേദമന്യേ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ശക്തമായ ചെറുത്തുനില്‍പ്പാണ് നാട്ടുകാരുടെ ഭാഗത്തുനിന്ന് അധികൃതര്‍ നേരിട്ടത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. സര്‍വേ സംഘത്തെ തടയുകയും കല്ലുമായി വന്ന വാഹനം തടഞ്ഞിടുകയും ചെയ്തിരുന്നു.

ബിജോ തോമസ് അടവിച്ചിറ

 

ഹോളി ദിനത്തില്‍ നരബലി നടത്തുന്നതിനായി ഏഴ് വയസ്സുകാരിയെ തട്ടിയെടുത്ത രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഛിജാര്‍സി ഗ്രാമത്തിലെ സോനു ബാല്‍മികി, കൂട്ടാളി നീതു എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പേര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

മാര്‍ച്ച് 13നാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. ബാഗപത് ജില്ലയിലെ സോനുവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ നരബലിയ്ക്കായാണ് കുട്ടിയ തട്ടിയെടുത്തതെന്ന് പ്രതികള്‍ സമ്മതിച്ചു. ഹോളി ദിനത്തില്‍ കുട്ടിയെ കൊലപ്പെടുത്താനായിരുന്നു പദ്ധതി.

കുട്ടിയുടെ അയല്‍വാസിയാണ് സോനു. ഇയാള്‍ വളരെ നാളുകളായി വിവാഹം നടക്കാത്തതിനാല്‍ അതീവ ദുഖിതനായിരുന്നുവെന്നും ഇതിന് പരിഹാരമെന്ന നിലയ്ക്ക് പ്രതികളിലൊരാളായ സതേന്ദ്ര നരബലി നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. സതേന്ദ്രയുള്‍പ്പടെ മൂന്ന് പേരാണ് ഒളിവിലുള്ളത്. പ്രതികളെ കണ്ടെത്താന്‍ സഹായിച്ച പ്രദേശവാസികള്‍ക്ക് 50000 രൂപ പാരിതോഷികം നല്‍കുമെന്ന് പോലീസ് കമ്മിഷണര്‍ അലോക് സിങ് അറിയിച്ചിട്ടുണ്ട്.

കൊല്ലം ഭരണിക്കാവിൽ വെച്ച് റോഡിൽ വീണ യുവാവിന് മുകളിൽ വാഹനങ്ങൾ കയറിയിറങ്ങിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ബാർ ജീവനക്കാരുടെ അനാസ്ഥയാണ് യുവാവിന്റെ ജീവനെടുത്തതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

സ്വകാര്യബാറിന് മുന്നിലെ റോഡിൽ വീണ പോരുവഴി കമ്പലടി പുതുമംഗലത്ത് നിസാം (33) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഞായർ രാത്രി 10.30ന് ആണ് ഭരണിക്കാവ് ജങ്ഷന് സമീപത്തുവെച്ച് നിസാം അപകടത്തിൽ മരിച്ചത്. അമിതമായി മദ്യപിച്ച നിസാമിനെ ബാറിലെ സെക്യൂരിറ്റി ജീവനക്കാർ തിരക്കേറിയ റോഡിലേക്ക് ഇറക്കിവിടുകയായിരുന്നു.

തുടർന്ന് അവശനായ നിസാം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ റോഡിന് നടുവിൽ വീണെങ്കിലും ജീവനക്കാർ കാഴ്ചക്കാരായി നോക്കിനിന്നു. ആദ്യമെത്തിയ കാർ വെട്ടിച്ച് കടന്നുപോയെങ്കിലും പ്രദേശത്ത് ഇരുട്ടായതിനാൽ ശ്രദ്ധയിൽപ്പെടാതെ പിന്നാലെയെത്തിയ രണ്ട് വാഹനങ്ങൾ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. യുവാവ് റോഡിൽ വീണ് കിടക്കുന്നത് സെക്യൂരിറ്റി ജീവനക്കാർ നോക്കിനിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

വണ്ടന്‍മേടില്‍ സുഹൃത്തിനെ തന്ത്രപൂര്‍വ്വം മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊന്ന പ്രവീണാണ് അറസ്റ്റിലായത്. വണ്ടൻമേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛൻ പവൻരാജിന്റെ മൊഴിയാണ് വഴിത്തിരിവായത്.

പ്രവീണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവിൽ പ്രതി എല്ലാം തുറന്നു പറയുകയായിരുന്നു. താനുമായുള്ള സൗഹൃദം മുതലെടുത്ത് സഹോദരിയുമായി രാജ്കുമാര്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നെന്നും ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമമെന്നുമാണ് പ്രവീണിന്റെ മൊഴി.

ഒരു മാസത്തോളമായി കൊല ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പ്രവീണ്‍ വിശദമാക്കി. അവസരം ഒത്തുവന്നപ്പോൾ പ്രവീണിനെ തമിഴ്നാട് അതിര്‍ത്തി പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുപോയി.

രണ്ട് പേരും മദ്യവും കഞ്ചാവും ഉപയോഗിച്ചു. രാജ്കുമാറിന്റെ സുബോധം നഷ്ടമായെന്നറിഞ്ഞപ്പോൾ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുത്തു. മരണം ഉറപ്പാക്കി മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രവീണ്‍ തിരികെ വീട്ടിലെത്തി. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാട്ടില്‍ തെരച്ചിൽ നടത്തി പൊലീസ് മൃതദേഹം കണ്ടെത്തി.

ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊട്ടിയ മദ്യക്കുപ്പിയും മദ്യത്തിന്‍റെ അവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. തമിഴ്നാട് അധീനതയിലുള്ള സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തിയതിനാൽ തമിഴ്നാട് പോലീസ് എത്തിയതിനുശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്. നാളെ പോസ്റ്റുമോര്‍ട്ടം നടക്കും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രവീണിനെ കോടതിയിൽ ഹാജരാക്കും.

ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ കാറിനുള്ളില്‍ തമിഴ്‌നാട് സ്വദേശികളായ അമ്മയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കൂഗീയില്‍ ജോണ്‍ ഗ്രഹാം റിസര്‍വിലാണ് 40 വയസുള്ള സ്ത്രീയുടെയും 10 വയസില്‍ താഴെയുള്ള രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയത്. പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തിനശിച്ചത്.

എട്ടു വയസുള്ള ആണ്‍കുട്ടിയും 10 വയസുള്ള പെണ്‍കുട്ടിയുമാണ് അമ്മയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നത്. മൂന്നു പേരുടെ മരണത്തില്‍ ആര്‍ക്കും പങ്കുള്ളതായി കരുതുന്നില്ലെന്ന് മേജര്‍ ക്രൈം ഡിവിഷന്‍ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ക്വന്റിന്‍ ഫ്‌ളാറ്റ്മാന്‍ പറഞ്ഞു.

ഉച്ചയ്ക്ക് 11.45-നാണ് കാറിനു തീപിടിച്ചതായുള്ള വിവരം ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിനു ലഭിക്കുന്നത്. പന്ത്രണ്ട് മണിയോടെ അഗ്‌നിശമന സേനാംഗങ്ങളെത്തി തീ അണിച്ചശേഷമാണ് ദാരുണമായ കാഴ്ച്ച കണ്ടത്. പാര്‍ക്കില്‍ നിരവധി ആളുകള്‍ തീപിടിത്തത്തിനു സാക്ഷിയായെങ്കിലും വാഹനത്തിനുള്ളില്‍ മൂന്നു പേരുണ്ടായിരുന്നതായി ആരും തിരിച്ചറിഞ്ഞില്ല. എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്ത് എത്തിയെങ്കിലും കാറിന്റെ പിന്‍സീറ്റില്‍ മൂന്നു പേരും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

കാറില്‍ തീ ആളിക്കത്തുന്നത് കണ്ടതായും പൊട്ടിത്തെറിക്കുന്നതു പോലുള്ള വലിയ ശബ്ദങ്ങള്‍ കേട്ടതായും ഒരു സാക്ഷി പറഞ്ഞു.

ഫോറന്‍സിക് പോലീസും ഡിറ്റക്ടീവുകളും പ്രദേശത്ത് പരിശോധന നടത്തി ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളില്‍നിന്നു തീ പടര്‍ന്നതായാണ് പോലീസ് നിഗമനം. കത്തിയ കാറിനുള്ളില്‍ ഒരാള്‍ മരിച്ചെന്നാണ് ആദ്യം പോലീസ് റിപ്പോര്‍ട്ട് ചെയ്തത്.

കുട്ടികളുടെ പിതാവ് ഞായറാഴ്ച രാത്രിയാണ് പെര്‍ത്തില്‍നിന്നു വിദേശത്തേക്കു യാത്ര തിരിച്ചത്. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് നേരിട്ടതായും ഇപ്പോള്‍ പെര്‍ത്തിലേക്ക് മടങ്ങിയെന്നും ഇന്‍സ്‌പെക്ടര്‍ ക്വന്റിന്‍ ഫ്‌ളാറ്റ്മാന്‍ പറഞ്ഞു.

തിരുവനന്തപുരം കല്ലറയിൽ എട്ടു മാസം ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു. കല്ലറ കോട്ടൂർ മണിവിലാസത്തിൽ 21കാരിയായ ഭാഗ്യയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മദ്യപിച്ചതിൽ മനംനൊന്താണ് ഭാഗ്യ ജീവനൊടുക്കിയത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് എട്ടുമാസം ഗർഭിണിയായ ഭാഗ്യ തൂങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭർത്താവ് മദ്യപിക്കുന്നത് കണ്ടതോടെ ഭാഗ്യ വലിയ മനോവിഷമത്തിലായിരുന്നു. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. മദ്യപിച്ചതിനെ ചൊല്ലി ഭർത്താവും ഭാഗ്യയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് ഭാഗ്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീടനകത്തെ മുറിയിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം. കല്ലറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved