സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന റിൻസിയെ റിയാസ് വെട്ടിയത് മുപ്പതിലേറെ തവണയെന്ന് റിപ്പോർട്ട്. മരിച്ച റിൻസിയുടെ ദേഹത്ത് മുപ്പതോളം വെട്ടുകളാണ് ഏറ്റിരിക്കുന്നത്. വെട്ടേറ്റ് ഇവരുടെ കൈവിരലുകൾ അറ്റു തെറിച്ചുപോയി. ഓടിക്കൂടിയവർ വിരലുകൾ കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. എറിയാട് ബ്ലോക്ക് ഓഫീസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് ആക്രമണത്തിനിരയായത്.

വ്യാഴാഴ്ച രാത്രി മക്കളോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് റിൻസിയെ പ്രതി റിയാസ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഇവർ മരണത്തിന് കീഴടങ്ങി. എറിയാട് കേരള വർമ സ്‌കൂളിന് സമീപം ഭർത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിൻസി കടയിൽനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.

കൈക്കും തലക്കും ഗുരുതര പരിക്കേറ്റ റിൻസിയെ ആദ്യം കൊടുങ്ങല്ലൂർ ചന്തപ്പുര എആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു.

വണ്ടിയിലുണ്ടായിരുന്ന മക്കൾ ഭയന്നു കരയുകയും ഇതുകേട്ട് വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി സ്ഥലം വിടുകയായിരുന്നു. പ്രദേശവാസിയായ പുതിയ വീട്ടിൽ റിയാസ് (26) ആണ് ഇവരെ വെട്ടിയത്. ഇയാൾ റിൻസിയുടെ കടയിലെ മുൻ ജീവനക്കാരനാണ്. റിയാസിനെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.

മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി വെട്ടാൻ ഉപയോഗിച്ച വാൾ വെള്ളിയാഴ്ച രാവിലെ കണ്ടെത്തി.