കൊട്ടിയത്ത് ഏഴ് വയസ്സുകാരി തിരയില്‍പെട്ട് മരിച്ച സംഭവത്തില്‍ ദുരൂഹത. കുട്ടിയെ കടല്‍തീരത്തേക്ക് കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. മരിച്ച ഏഴ് വയസ്സുകാരിയാ ജ്യോഷ്‌നയുടെ അമ്മയെ രണ്ടാം വിവാഹം കഴിക്കുവാന്‍ എത്തിയ യുവാവാണ് കുട്ടിയെ കടല്‍ തീരത്തേക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍ ഇയാള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് കുട്ടിയുടെ പിതാവിന്റെ സഹോദരനാണെന്നാണ് ഇതും ബന്ധുക്കളുടെ സംശയത്തിന് ബലം നല്‍കുന്നു. എന്തിനാണ് ഉച്ചസമയത്ത് കുട്ടികളെ കൊണ്ട് കടല്‍ തീരത്തേക്ക് പോയതെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. ഉച്ചസമയത്ത് ആളുകള്‍ അധികം കടല്‍ തീരത്ത് ഉണ്ടാകില്ല. അതേസമയം കുട്ടികളെ കടല്‍ തീരത്തേക്ക് കൂട്ടിക്കൊണ്ട് പോയ യുവാവ് സമീപവാസിയാണെന്ന് അവകാശപ്പെട്ടുവെങ്കിലും ഇയാള്‍ കോട്ടയം കാരനാണെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.
കുട്ടികളെ കടല്‍ തീരത്ത് ഇറക്കി വിട്ട ശേഷം ഇയാള്‍ കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ പോയി എന്നും എന്നാല്‍ 20 മിനിറ്റ് കഴിഞ്ഞ ശേഷമാണ് ഇയാള്‍ തിരിച്ചെത്തിതെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ബന്ധിക്കള്‍ കുട്ടിയെ കടല്‍ തീരത്ത് കൊണ്ടു പോയത് താങ്കള്‍ അല്ലെ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്നാണ് അയാള്‍ പറഞ്ഞതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. അയാള്‍ വീടിന്റെ അകത്തുണ്ട് എന്നാല്‍ പുറത്ത് വരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
അമേരിക്കയിലെ ഗ്യാസ് സ്റ്റേഷനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ സായിഷ് വീര എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെത്തിയ സായിഷ് വീര പഠനത്തോടൊപ്പം കൊളംബസ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഫ്യൂവല്‍ സ്റ്റേഷനില്‍ പാര്‍ടൈം ജോലിയും ചെയ്തു വരുകയായിരുന്നു.
ഏപ്രില്‍ 20ന് പുലര്‍ച്ചെ 12.50ഓടെ ബ്രോഡ് സെന്‍റ് 1000 ബ്ലോക്കിലേക്ക് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് പോലീസ് സംഘമെത്തി പരിശോധന നടത്തുമ്പോഴാണ് വിദ്യാര്‍ഥിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തുന്നത്. കൊളംബസ് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെത്തി സായിഷ് വീരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നീട് നടന്ന അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയെ കുറിച്ചുള്ള വിവരവും മരിച്ചയാളുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്നതും.സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൊളംബസ് പോലീസ് പറഞ്ഞിട്ടുണ്ട്. സിസിടിവി ക്യാമറകളിൽ പതിഞ്ഞ പ്രതിയുടെ ഫോട്ടോയും കൊളംബസ് ഡിവിഷൻ പൊലീസ് പങ്കുവെച്ചിരിക്കുകയാണ്.
സായിഷ് വീരയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ രോഹിത് യലമഞ്ചിലി എന്നയാളുടെ നേതൃത്വത്തില്‍ നടക്കുന്നു. ബിരുദാനന്തര ബിരുദം സ്വന്തമാക്കാന്‍ 10 ദിവസം മാത്രം ശേഷിക്കെയാണ് ദാരുണമായ സംഭവം നടക്കുന്നത്. സായിഷ് വീരയെ എച്ച് 1 ബി വിസക്കായി പരിഗണിച്ചിരുന്നവെന്നും രോഹിത് എന്നയാൾ പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ സായിഷ് വീര ഗ്യാസ് സ്റ്റേഷനിലെ ക്ലര്‍ക്ക് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു – സുഹൃത്തുക്കള്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് പിതാവിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനായാണ് യുവാവ് അമേരിക്കയിലെത്തുന്നത്. കൊളംബസ് മേഖലയിലെ മികച്ച ക്രിക്കറ്റ് പ്ലേയര്‍ കൂടിയായിരുന്നു സായിഷ് എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞിരിക്കുന്നത്.
വാഴക്കുളത്ത് വാഹനാപകടത്തിൽ മരിച്ച പ്രജേഷിൻ്റേയും മകൾ രണ്ടര വയസ്സുകാരി അലാനയുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു ദർശനത്തിന്ു വച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സെൻ്റ് ജോർജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഇരുവരുടേയും മൃതദേഹങ്ങൾ കൂവേലിപ്പടിയിലുള്ള വീട്ടിലെത്തിച്ചത്. രണ്ട് ആംബുലൻസുകളിലായാണ് മൃതദേഹം കൊണ്ടുവന്നത്. ആദ്യം പ്രജേഷിൻ്റെ മൃതദേഹമാണ് വീട്ടിലെത്തിച്ചത്. തുടർന്ന് അലാന മോളുടെ മൃതദേഹം എത്തിക്കുകയായിരുന്നു.
ദുരന്തത്തിൽ വിറങ്ങലിച്ച അവസ്ഥയിലായിരുന്നു പ്രജേഷിൻ്റെ ഭാര്യ അനു. പൊന്നുമോളുടെയും പ്രിയ ഭർത്താവിൻ്റെയും ചേതനയറ്റ ശരീരം കണ്ട് അനു മുറിയിൽ തളർന്നുവീണ് പൊട്ടിക്കരഞ്ഞു. അനുവിൻ്റെ സങ്കടം അവിടെ കൂടി നിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. കൊല്ലത്ത് ജർമൻ ഭാഷാ പരിശീലനത്തിനായി പോയിരുന്ന അനു തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടിലെത്തിയത്. അപകടത്തെക്കുറിച്ച് വ്യക്തമായി അറിയിച്ചിരുന്നില്ല. എന്നാൽ അധികനേരം ദുരന്തം ഒളിപ്പിച്ചുവയ്ക്കാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. ദുരന്തം തിരിച്ചറിഞ്ഞതോടെ അതിനെ ഉൾക്കൊള്ളാനാവാതെ അലമുറയിട്ട് അനു നിലവിളിച്ചു. അനുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നിസ്സഹായരായി മാറുന്ന കാഴ്ചയ്ക്കാണ് മരണ വീട് സാക്ഷ്യം വഹിച്ചത്.
പ്രജേഷിനേയും അലാനമോളേയും അവസാനമായി ഒരു നോക്കുകാണാൻ ബന്ധുക്കളും നാട്ടുകാരുമായി ഏറെജനങ്ങൾ വീട്ടിലെത്തിയിരുന്നു. ഉറക്കത്തിലെന്ന പോലെയാണ് അലാനമോൾ ചലനമറ്റ് കിടന്നിരുന്നത്. ആ കാഴ്ച ഏവരേയും വേദനിപ്പിച്ചിരുന്നു. മകൻ്റെയും കുഞ്ഞുമോളുടെയും അനക്കമറ്റ ശരീരം കണ്ടതോടെ പ്രജേഷിൻ്റെ മാതാപിതാക്കളായ റോസിലിയ്ക്കും പോളിനും സങ്കടം സഹിക്കാൻ കഴിയാത്ത അവസ്ഥയായി. ഇന്നുരാവിലെ 10.30-ന് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ വച്ച് സംസ്കാരം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വാഴക്കുളത്ത് പാഴ്‌സല്‍ വണ്ടി ഇടിച്ചുകയറി രണ്ടര വയസ്സുകാരി ഉൾപ്പെടെ മൂന്നു കാൽനട യാത്രക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രജേഷിനും അലാനയ്ക്കുമൊപ്പം കൂവേലിപ്പടി സ്വദേശിനിയായ മേരിയും മരണപ്പെട്ടിരുന്നു. റോഡിന് വശത്തുകൂടെ നടന്നുപോയവരാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട പാഴ്സൽ ലോറി ഇവരുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
വാഴക്കുളം മടക്കത്താനത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 8.15 ഓടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അമിത വേഗതയില്‍ എത്തിയ പാഴ്‌സല്‍ വണ്ടി നിയന്ത്രണംവിട്ട് വഴിയാത്രക്കാരെ ഇടിക്കുകയായിരുന്നു എന്നാണ് സംഭവസ്ഥലത്തുള്ളവർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്തുവച്ചുതന്നെ മൂന്നു പേരും മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസസമയം അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
പാഴ്സൽ ലോറി മൂവാറ്റുപുഴയിൽ നിന്നും വരികയായിരുന്നു . കാൽനടയാത്രക്കാരെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് രക്തം തളംകെട്ടി കിടപ്പുണ്ട്. ഇടിയുടെ ആഘാതത്തിൽ വാഹനവും മീറ്ററുകളോളം ദൂരത്തിൽ തെറിച്ചു പോയിരുന്നു. അമിത വേഗതയിലായിരുന്നു വാഹനം വന്നിരുന്നതെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.
അപകടത്തിൽപ്പെട്ട മൂന്ന് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു എന്നാണ് രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നത്. മരണപ്പെട്ട പ്രജേഷ് അപകടം നടന്ന സ്ഥലത്തിന് നൂറു മീറ്റർ അകലെ കട നടത്തുന്ന വ്യക്തിയാണ്. തൻ്റെ രണ്ടര വയസ്സുള്ള മകളെയും എടുത്ത് പ്രജേഷ് കടയിലേക്ക് വരുകയായിരുന്നു. അപകടത്തിൽപ്പെട്ട മരണപ്പെട്ട മേരി കാൽനട യാത്രക്കാരിയാണ്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് മേരി അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം.
ബ്ലൂ ഡാർട്ട് കൊറിയറിൻ്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. വാഹനം സഞ്ചരിച്ചത് അമിത വേഗതയിലായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു. ഡ്രൈവിങ്ങിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. അപകടം നടന്ന സ്ഥലം ഇതിനുമുമ്പും നിരവധി അപകടങ്ങൾക്ക് വേദിയായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മൂന്നു മൃതദേഹങ്ങളും തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടമുണ്ടാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 51 വയസ്സുകാരനായ പിതാവിനെ ശിക്ഷിച്ച് പത്തനംതിട്ട പോക്‌സോ കോടതി. 78 വർഷം കഠിന തടവും 2,75,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കാതിരുന്നാൽ മൂന്നര വർഷം അധിക കഠിന തടവും അനുഭവിക്കണം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (3) പോക്‌സോ ആക്ട് വകുപ്പുകൾ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിതാവിന്റെ മദ്യപാനവും ഉപദ്രവവും കാരണം ഭാര്യ നേരത്തെ വീട് വിട്ട് പോയിരുന്നു. തുടർന്ന് പെൺകുട്ടി പിതൃമാതാവിനും മൂത്ത സഹോദരിമാരോടും ഒപ്പം വീട്ടിലായിരുന്നു.
മകൾ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഒരു അവധി ദിവസം മകളെ ആളില്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയും എതിർത്ത മകളുടെ കവിളിൽ കുത്തിപ്പിടിച്ച് മുറിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
അടുത്ത ദിവസം വീട്ടിലെത്തിയ കുട്ടിയുടെ കവിളിലെ മുറിപ്പാടിൽ സംശയം തോന്നിയ പ്രതിയുടെ സഹോദരി സ്‌കൂൾ ടീച്ചർമാരോട് വിവരം തിരക്കി. തുടർന്നാണ് പിതാവിന്റെ ക്രൂരതകൾ പുറത്തു വരുന്നത്.
ചികിത്സയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റിലായി. കോഴിക്കോട്ടെ മുതിര്‍ന്ന ശിശുരോഗവിദഗ്ധന്‍ ചേവരമ്പലം ഗോള്‍ഫ്‌ലിങ്ക് റോഡ് മേഘമല്‍ഹാറില്‍ ഡോ. സിഎം അബൂബക്കര്‍ (78) നെയാണ് കസബ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോഴിക്കോട് അഞ്ചാം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരത്തിലെ ചാലപ്പുറത്തുള്ള ഡോക്ട്‌ടേഴ്‌സ് ക്ലിനിക്കില്‍ വച്ച് ഏപ്രില്‍ 11, 17 തീയതികളായിരുന്നു കേസിനാസ്പദമായ സംഭവം. പതിനഞ്ചുകാരിയായ കുട്ടി ചികിത്സയ്ക്കു വന്നപ്പോള്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഡോക്ടറുടെ പെരുമാറ്റത്തില്‍ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.
മലയാളി സിഐഎസ്എഫ് ജവാന്‍ വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. ത്സാര്‍ഖണ്ഡ് പത്രാതു സിഐഎഎഫ് യൂണീറ്റിലെ ജവനാണ് അരവിന്ദ്. അരവന്ദും സുഹൃത്തായ ധര്‍മപാല്‍ എന്ന ജവാനും നടക്കുവാന്‍ പോകുന്ന സമയത്താണ് അമിത വേഗതയില്‍ എത്തിയ വാഹനം ഇരുവരെയും ഇടിക്കുകയായിരുന്നു. വാഹനം നിര്‍ത്താതെ പോയി.
അപകടത്തില്‍ പരിക്കേറ്റ് ഇരുവരും ഏറെ നേരം റോഡില്‍കിടന്നുവെന്നാണ് വിവരം. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇരുവരുടെയും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. ഇടിച്ച വാഹനത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു. രാംഗഢിലെ പത്രാതു പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം സംഭവിച്ചത്.
ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ട വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഹമ്മദ് ഹസൻ തിങ്കളാഴ്ചയാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് അഹമ്മദ് ഹസൻ ഐസ്ക്രീം കഴിച്ചത്. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിൽ എത്തി ചികിത്സ തേടിയെങ്കിലും ബേധമായില്ല തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചങ്ങരോത്ത് എയുപി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അഹമ്മദ് ഹസൻ.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷണാവശിഷ്ടങ്ങളുടെ സാമ്പിൾ പരിശോധിച്ചു. ഐസ്ക്രീം വിൽപ്പന നടത്തിയ കട താൽക്കാലികമായി അടച്ച് സീൽ ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.
ഉത്തർപ്രദേശിൽ ലഖ്‌നൗവിൽ പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ നടുറോഡിൽ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചു കൊന്നു.
സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാം ലഖൻ പട്ടേൽ മഹാവിദ്യാലയത്തിലെ ബിഎ വിദ്യാർഥിനി 21 കാരിയായ റോഷിണി എന്ന പെൺകുട്ടിയാണ് ആണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ച പതിനൊന്ന് മണിയോടെ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. നാടൻ തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിർത്തത്.
തലയിൽ വെടിയേറ്റ വിദ്യാർഥിനി സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെയുള്ള തിരക്കേറിയ റോഡിലാണ് ആക്രമണം നടന്നത്.വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അക്രമികളെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും തോക്ക് ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെട്ടു.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ രാജ് അഹിർവാർ എന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം അക്രമം നടത്തിയവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മുൻ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നാലെ യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കോളേജ് യൂണിഫോമിൽ രക്തത്തിൽ കുളിച്ച്,കിടക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രണയ ബന്ധമുണ്ടോ എന്ന കാര്യവും മറ്റും പോലീസ് അന്വേഷിച്ചു വരികയാണ്.
ഇതിനായി പെൺകുട്ടിയുടെ കൂട്ടുകാരിൽ നിന്നും വിവരങ്ങൾ തിരക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പിതാവ് മാൻ സിംഗ് അഹിർവാർ പറയുന്നതനുസരിച്ച്,എന്റെ മൂത്ത മകളും ഈ കോളേജിൽ ബിഎ അവസാന വർഷമാണ് പഠിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ അവൾക്ക് അവധിയായിരുന്നു.അതുകൊണ്ടാണ് അവൾ കോളേജിൽ പോകാതിരുന്നത്.സാധാരണ രണ്ട് പെൺമക്കളും ഒരുമിച്ചാണ് കോളേജിൽ പോയിരുന്നത്. എന്റെ മകളുടെ ഘാതകനെ എത്രയും പെട്ടന്ന് കണ്ടുപിടിക്കണമെന്ന് യോഗി സർക്കാരിനോട് അപേക്ഷിക്കുന്നു എന്നും ഇദ്ദേഹം പറഞ്ഞു.
ദുബൈയിലെ ദേരയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മലപ്പുറം കണ്ണമംഗലം ചേരൂര്‍ സ്വദേശി റിജേഷിയും ഭാര്യ ജിഷിയും മരിച്ചിരുന്നു. വിധി ഇരുവരെയും തട്ടിയെടുത്തത് തങ്ങളുടെ സ്വപ്ന ഭവനത്തില്‍ ഒരു ദിവസം പോലും അന്തിയുറങ്ങാന്‍ അനുവദിക്കാതെയന്നത് വേദനിപ്പിക്കുന്നതാണ്. തങ്ങളുടെ അദ്വാനത്തില്‍ പണിത വീട്ടിന്റെ ഗൃഹപ്രവേശനത്തിന് മുന്നോടിയായുള്ള അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഇരുവരുടെയും ചേതനയറ്റ ശരീരങ്ങള്‍ ഇന്ന് നാട്ടിലെത്തിച്ചത്.
റിജേഷിന്റെയും ജിഷിയുടെയും വിയോഗം ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തുകയാണ്. നാട്ടില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിനു പോകാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും മരണം.
ദുബായിലെ ദെയ്‌റയില്‍ മലയാളികളുടെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ തലാല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലുണ്ടായ തീപിടിത്തത്തിലാണ് ഇരുവരും മരിച്ചത്. വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് 6 മാസം മുന്‍പ് നാട്ടില്‍ പോയി വന്നിരുന്നു.
ഇരുവരും അടുത്തമാസം ഗൃഹപ്രവേശം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 11 വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. കുട്ടികളില്ല. ഡ്രീം ലൈന്‍ ട്രാവല്‍ ഏജന്‍സി റിജേഷിന്റെ സ്വന്തം സ്ഥാപനമാണെന്നു ബന്ധുക്കള്‍ പറഞ്ഞു.
തീപിടുത്തമുണ്ടായ ദിവസം വിഷു ദിനം ആയിരുന്നതിനാല്‍ റിജേഷ് ഓഫീസില്‍ പോയിരുന്നില്ല. ശനിയാഴ്ച സ്!കൂള്‍ അവധിയായിരുന്നതുകൊണ്ട് ജിഷിയും വീട്ടിലുണ്ടായിരുന്നു. രണ്ട് പേരും ഉറക്കത്തിലായിരുന്ന സമയത്താണ് തീപിടിച്ചത്. മലയാളികളുടേത് ഉള്‍പ്പെടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് ദുബൈയിലെ ദേര. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിപ്പേര്‍ സമീപ പ്രദേശങ്ങളില്‍ തന്നെ താമസിക്കുന്നുമുണ്ട്. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടുവെങ്കിലും ഇത്ര വലിയ ദുരന്തമായി അത് മാറുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് പരിസരത്തുണ്ടായിരുന്നവര്‍ പറഞ്ഞു. വലിയ പൊട്ടിത്തെറി ശബ്ദം കേട്ടാണ് പലരും ഇവിടേക്ക് ഓടിയെത്തിയത്.
കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു മരിച്ച റിജേഷ്. ദുബൈയിലെ സാമൂഹിക സേവന രംഗങ്ങളിലും സജീവമായിരുന്നു. അടുത്തിടെ രാഹുല്‍ ഗാന്ധി ദുബൈയില്‍ എത്തിയപ്പോള്‍ ദുബൈ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കുന്നതിന് ഉള്‍പ്പെടെ റിജേഷ് സജീവമായി രംഗത്തുണ്ടായിരുന്നു
മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദിനത്തില്‍ പങ്കെടുത്ത 11 പേര്‍ക്ക് സൂര്യാഘാതമേറ്റ് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാര്‍ഗറിലാണ് സംഭവം. ആഭ്യന്തര മന്ത്രി അമിത് ഷായെത്തിയ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങിനെത്തിയവരാണ് മരിച്ചത്.
തുറന്ന മൈതാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവാര്‍ഡ് വിതരണം ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് അവാര്‍ഡ് സമ്മാനിച്ചത്. 38 ഡിഗ്രി ചൂട് അനുഭവപ്പെട്ട സമയത്തായിരുന്നു തുറന്ന ഗ്രൗണ്ടില്‍ വച്ച് പരിപാടി നടന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും അടക്കമുള്ളവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാവിലെ 11.30ഓടെ ആരംഭിച്ച അവാര്‍ഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് 1 മണിയോടെ സമാപിച്ചത്.
ചടങ്ങുകള്‍ കാണാനും കേള്‍ക്കാനുമുള്ള സംവിധാനങ്ങളും ഇരിക്കാനുള്ള സീറ്റുകളും പരിപാടിക്കായി ഒരുക്കിയിരുന്നുവെങ്കിലും കൊടും ചൂടില്‍ തണല്‍ ഇല്ലാത്ത സാഹചര്യമായിരുന്നു ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുണ്ടായത്.
നിര്‍ഭാഗ്യകരമായ സംഭവമെന്നാണ് സംഭവത്തെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിശേഷിപ്പിച്ചത്. 24 പേര്‍ ചികിത്സയിലുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സൂര്യാഘാത സംബന്ധിയായി ചികിത്സ തേടിയവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.