Crime

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിനിമ സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി. പോലീസ് നിരീക്ഷണത്തിലായിരുന്ന കണ്ണന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മുങ്ങിയത്.

രണ്ട് കേസുകളില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതിരുന്ന ഇയാള്‍ മൂന്ന് മാസത്തോളം പോലീസിനെ വെട്ടിച്ച് നടന്നതിന് ശേഷമാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. വിവരമറിഞ്ഞെത്തിയ പട്ടാമ്പി പോലീസിന്റെ നിരീക്ഷണത്തിലാണ് ഇയാള്‍ ആശുപത്രിയില്‍ കഴിഞ്ഞ് വന്നിരുന്നത്.

ആശുപത്രിയിലായതിനെ തുടര്‍ന്ന് ജാമ്യം തേടി കോടതിയെ സമീപിച്ച കണ്ണന് ഈ മാസം ആറ് വരെ താല്‍ക്കാലിക ജാമ്യം അനുവധിച്ചതോടെ പോലീസ് പിന്‍മാറിയിരുന്നു.6 ന് കേസ് വീണ്ടും പരിഗണിച്ച കോടതി കണ്ണന്റെ താല്‍ക്കാലിക ജാമ്യം റദ്ദ് ചെയ്യുകയും സ്വന്തം ജില്ലയായ പാലക്കാട് കടക്കരുതെന്ന് വിലക്കുകയും ചെയ്തിരുന്നു.

കോടതി ജാമ്യം റദ്ദ് ചെയ്യുകയും പ്രതി നിരീക്ഷണത്തിലുണ്ടെന്ന് പോലീസ് കോടതിയെ അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കണ്ണന്‍ ആശുപത്രിയില്‍ നിന്നും മുങ്ങിയിരിക്കുന്നത്. കോടതിയുടെ വിലക്ക് ലംഘിച്ച് പാലക്കാട് ജില്ലയിലെ തൃത്താലയിലെ വീട്ടിലെത്തിയ ശേഷമാണ് കണ്ണന്‍ മുങ്ങിയിരിക്കുന്നത്.

ഇതിനിടെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയ പട്ടാമ്പിയിലെ വനിത ഡോക്ടറുടെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണനെ കൂടാതെ മട്ടായ സ്വദേശി നൗഷാദും കണ്ടാലറിയുന്ന മറ്റൊരാളും ഈ കേസില്‍ പ്രതികളാണ്.

ഇന്ത്യൻ വംശജയായ ട്രാവൽ ബ്ലോഗർ മെക്‌സിക്കോയിലെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. 25 കാരിയായ അഞ്ജലി റ്യോതാണ് കൊല്ലപ്പെട്ടത്. കരീബിയൻ കോസ്റ്റ് റിസോർട്ടിൽ രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ നടന്ന വെടിവയ്പ്പിലാണ് അഞ്ജലി കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. റൂഫ് ടോപ് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഒു സംഘം തോക്ക് ധാരികളെത്തി വെടിവയ്പ്പ് ആരംഭിച്ചത്. വെടിവയ്പ്പിൽ അഞ്ജലിയെ കൂടാതെ ജർമൻ സഞ്ചാരിയും കൊല്ലപ്പെട്ടു. നെതർലാൻഡ്‌സിൽ നിന്നും ജർമനിയിൽ നിന്നുമുള്ള മറ്റ് രണ്ട് സഞ്ചാരികൾക്ക് ജീവൻ നഷ്ടമായി.

ഹിമാചൽ പ്രദേശ് സ്വദേശിനിയായ അഞ്ജലി കാലിഫോർണിയയിൽ സാൻ ഹോസെയിലാണ് താമസം. അഞ്ജലി തന്റെ പിറന്നാൾ ദിനമായ ഒക്ടോബർ 22 ന് മുന്നോടിയായാണ് മെക്‌സിക്കോയിൽ എത്തിയത്.

ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ഉതിമൂട് മാമ്പാറവീട്ടില്‍ ഷൈജു കമലാസനന്‍ (40) ആണ് മരിച്ചത്. ഉതിമൂട് കോഴിക്കോട്ടില്‍ വീട്ടില്‍ രാജേഷ്(40), കുമ്പഴ തറയില്‍ വീട്ടില്‍ ജയന്‍(41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മേക്കൊഴൂരില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ലോറിക്കടിയില്‍പ്പെട്ടവരെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. മേക്കൊഴൂരില്‍നിന്ന് തടികയറ്റിവന്ന ലോറി പുതുവേലിപ്പടി ഇറക്കത്തില്‍ എതിരേ ഓട്ടോറിക്ഷ വരുന്നതുകണ്ട് ബ്രേക്ക് ചെയ്‌തെങ്കിലും നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു. ലോറിക്കും സമീപത്തെ മതിലിനും ഇടയില്‍ ഓട്ടോറിക്ഷ അമര്‍ന്നുപോയി. മുകളിലേക്ക് തടിയും വീണു. ഇതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.

തടിയുടെ കെട്ട് അയഞ്ഞുപോയതിനാല്‍ അഗ്‌നിരക്ഷാസേനയെത്തിയിട്ടും തുടര്‍പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമായി. പത്തനംതിട്ടയില്‍നിന്ന് രണ്ട് ക്രെയിനുകള്‍ എത്തിച്ച് ലോറി ഉയര്‍ത്തിനിര്‍ത്തി അഗ്‌നിരക്ഷാസേനയുടെ കട്ടര്‍ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെടുക്കാന്‍ സാധിച്ചത്. തടിക്കടിയില്‍പ്പെട്ട് ഞെരിഞ്ഞുപോയ ഷൈജു കമലാസനനെ ഒടുവിലാണ് പുറത്തെടുക്കാനായത്.

ജൂവലറി ജീവനക്കാരൻ രണ്ടുകോടിയോളം രൂപയുമായി മുങ്ങിയതായി പരാതി. കണ്ണൂർ ഫോർട്ട്‌ റോഡിലെ സി.കെ.ഗോൾഡ് മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്ന അത്താഴക്കുന്ന് കോരമ്പേത്ത് ഹൗസിൽ കെ.പി.നൗഷാദ്(47) ആണ് സ്ഥാപനത്തെയും ഇടപാടുകാരെയും കബളിപ്പിച്ച് ഒരാഴ്ചമുമ്പ് മുങ്ങിയത്. സി.കെ.ഗോൾഡ് എം.ഡി. സി.കെ.റജീഫും കബളിപ്പിക്കലിനിരയായ ഇടപാടുകാരും പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നൗഷാദിനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മുസ്‌ലിം ലീഗ്‌ പുഴാതി മേഖലാ പ്രസിഡന്റായിരുന്നു നൗഷാദ്. ഭർത്താവിനെ കാണാനില്ലെന്ന് നൗഷാദിന്റെ ഭാര്യ സമീറയും പോലീസിനോട് പറഞ്ഞു.

സ്ഥാപനത്തെ കബളിപ്പിച്ച് 30 ലക്ഷത്തോളം രൂപ നൗഷാദ് തട്ടിയെടുത്തെന്ന് സി.കെ.ഗോൾഡ് എം.ഡി. സി.കെ.റജീഫ് കണ്ണൂർ സിറ്റി എ.സി.പി. പി.പി.സദാനന്ദന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. നൗഷാദിന്റെ മകളുടെ വിവാഹത്തിന് സ്വർണം വാങ്ങിയ വകയിലും സ്ഥാപനത്തിൽനിന്ന് ഇയാൾ മുഖേന വായ്പയായി സ്വർണം വാങ്ങിയവർ നല്കിയ പണം അടയ്ക്കാത്ത ഇനത്തിലുമാണിത്. ആവശ്യപ്പെടുന്ന സമയത്ത് പണിക്കൂലി ഈടാക്കാതെ അതേ തൂക്കത്തിൽ ആഭരണം തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ സ്വർണവും നിക്ഷേപമെന്ന നിലയിൽ പണവും നൽകിയ അൻപതോളം പേരാണ്‌ തട്ടിപ്പിനിരയായത്‌.

ജൂവലറിയുടെ മാർക്കറ്റിങ് ജനറൽ മാനേജരെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്‌. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്‌, കുന്നുംകൈ, പാപ്പിനിശ്ശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്‌, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ്‌ തട്ടിപ്പിനിരയായത്‌. ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്‌. ഒരുലക്ഷത്തിന്‌ പ്രതിമാസം 3000 മുതൽ 6000 രൂപവരെ വാഗ്ദാനം ചെയ്തു. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക്‌ കൂടുതൽ പലിശയും. മുദ്രപ്പത്രത്തിൽ കരാറാക്കിയാണ്‌ നിക്ഷേപം സ്വീകരിച്ചത്‌. സ്വന്തം ചെക്കും ഭാര്യയുടെ ചെക്കും ഇയാൾ ഈടായി നൽകി.

പഴയ സ്വർണം നൽകുന്നവർക്ക്‌ 11 മാസത്തിനുശേഷം പണിക്കൂലിയില്ലാതെ തുല്യ അളവിൽ ആഭരണം നൽകുന്ന പദ്ധതിയും സി.കെ. ഗോൾഡിലുണ്ടായിരുന്നു. ഇങ്ങനെയും പലരിൽനിന്നും സ്വർണം സ്വീകരിച്ചിട്ടുണ്ട്‌. ഈ പേരിൽ ഇയാൾ കൈപ്പറ്റിയ സ്വർണം ജൂവലറിയിൽ എത്തിയിരുന്നില്ലെന്ന്‌ ഉടമകൾ ആരോപിക്കുന്നു. ചെറിയ തുക പ്രതിമാസം നിക്ഷേപിച്ച്‌ സ്വർണം വാങ്ങുന്നതിനുള്ള പദ്ധതിയും ജൂവലറി നടപ്പാക്കിയിരുന്നു. ഇങ്ങനെ പണം നിക്ഷേപിച്ചവരും വഞ്ചിതരായി. മൂന്നുവർഷത്തോളം ജൂവലറിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്ത നൗഷാദിനെ എട്ടുമാസംമുമ്പ്‌ ഒഴിവാക്കിയതായി സി.കെ. ഗോൾഡ്‌ ഉടമകൾ പറഞ്ഞു.

സിറിയയില്‍ വന്‍ നാശം വിതച്ച കാട്ടുതീയുമായി ബന്ധപ്പെട്ട്, കാടിന് തീയിട്ടുെവന്ന കേസില്‍ 24 പേരെ പൊതുസ്ഥലത്തു വെച്ച് തൂക്കിക്കൊന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്തില്‍ മൂന്ന് പേരുടെ മരണത്തിനും ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമി കത്തിനശിക്കാനും ഇടയാക്കിയ കാട്ടുതീയുമായി ബന്ധപ്പെട്ടാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സിറിയന്‍ നീതിന്യായ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇവരുടെ വിശദവിവരങ്ങളോ എവിടെ വെച്ചാണ് ശിക്ഷ നടപ്പാക്കിയെതന്നോ പുറത്തുവന്നിട്ടില്ല.

യുദ്ധം തകര്‍ത്തുകളഞ്ഞ സിറിയയില്‍ കുറേക്കാലമായി പൊതുസ്ഥലത്തുള്ള വധശിക്ഷകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പതിറ്റാണ്ടു നീണ്ട സംഘര്‍ഷങ്ങളില്‍ രാജ്യത്ത് ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു. ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ക്കും വീടും കിടപ്പാടവും നഷ്ടപ്പെട്ടു. രാജ്യത്തിനു പുറത്ത് 50 ലക്ഷം പേരാണ് അഭയാര്‍ത്ഥികളായി കഴിയുന്നത്.

കഴിഞ്ഞ വര്‍ഷമാണ് വന്‍നാശനഷ്ടമുണ്ടാക്കിയ കാട്ടുതീ ഉണ്ടായത്. ഉഷ്ണതരംഗത്തെ തുടര്‍ന്നാണ് കാട്ടുതീ പടര്‍ന്നതെങ്കിലും ചിലര്‍ ആസൂത്രിതമായി തീയിടുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ പൊതുസ്വത്തുക്കള്‍ നശിപ്പിച്ച കേസില്‍ ഭീകരവാദ കുറ്റം ചുമത്തിയാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്. സംഭവത്തില്‍ 17 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും നീതിന്യായ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ആഭ്യന്തര യുദ്ധം നടക്കുന്നതിനിടെ, സിറിയന്‍ ജയിലുകളില്‍ രഹസ്യ വിചാരണകള്‍ക്കു ശേഷം ആയിരക്കണക്കിനാളുകളെ കൂട്ടമായി തൂക്കിക്കൊന്നതായി ആംനസ്‌ററി ഇന്റര്‍നാഷനല്‍ അടക്കമുള്ള ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആംനസ്റ്റിയുടെ കണക്കു പ്രകാരം 2011-2015 കാലത്തു മാത്രം 13,000 പേരെയാണ് സിറിയയിലെ സയിദ്‌നയ ജയിലില്‍ മാത്രം തൂക്കിലേറ്റിയത്. ഇവയെല്ലാം കോടതിക്കു പുറത്തുള്ള ശിക്ഷകളായിരുന്നുവെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കൊട്ടാരക്കയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലില്‍ കത്തി കുത്തേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കൊല്ലം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാഹുലാണ് മരിച്ചത്. പരുക്കേറ്റ മറ്റ് രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍വെച്ചാണ് ഇരുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രാഹുലിന് കുത്തേറ്റത്. കേസുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ പ്രസിഡന്റായ സിദ്ദീഖ് അടക്കമുളള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

ആശുപത്രിക്ക് സമീപവും ആശുപത്രിക്ക് അകത്തും വെച്ച് ഇരുപതോളം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ല് ഉണ്ടായത്. ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള തൊഴില്‍പരമായ തര്‍ക്കങ്ങളാണ് ഏറ്റുമുട്ടലിന് കാരണമായത്. ആക്രമണത്തില്‍ കുന്നിക്കോട് സ്വദേശികളായ വിനീത് ശിവന്‍, വിഷ്ണുശിവന്‍, രാഹുല്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.

കുത്തേറ്റ രാഹുല്‍ പ്രാണരക്ഷാര്‍ത്ഥം ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചും പിന്നാലെ എത്തിയ സംഘം ആക്രമിച്ചു. കത്തിയും ഇരുമ്പ് ദണ്ഡും കല്ലുകളുമായി സംഘം ഓപറേഷന്‍ തിയേറ്ററിനുള്ളില്‍ ഓടിക്കയറിയ രാഹുലിനെ ആക്രമിക്കാനെത്തി. വിവവരമറിഞ്ഞെത്തിയ പോലീസാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

മെക്‌സിക്കോയിൽ സിനിമാ ചിത്രീകരണത്തിനിടെ നായകനടന്റെ വെടിയേറ്റ് ഛായാഗ്രാഹക കൊല്ലപ്പെട്ടു. നടൻ അലക് ബോൾഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹാല്യാന ഹച്ചിൻസ് (42) ആണ് മരിച്ചത്. അടുത്തുനിൽക്കുകയായിരുന്ന സംവിധായകൻ ജോയൽ സോസയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

വെടിയേറ്റ ഉടനെ ഹല്യാനയെ വ്യോമമാർഗം ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോസ എമർജൻസി വിഭാഗത്തിൽ ചികിത്സയിലാണ്.ന്യൂമെക്‌സിക്കോയിൽ ‘റസ്റ്റ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ദാരുണ സംഭവം. സംഭവത്തെ തുടർന്ന് സിനിമാചിത്രീകരണം നിർത്തിവെച്ചു.

ചിത്രത്തിൽ അബദ്ധത്തിൽ ഒരാളെ വെടിവെച്ച് കൊല്ലുന്ന പതിമൂന്നുകാരന്റെ അച്ഛൻ റസ്റ്റായാണ് ബോൾഡ്വിൻ അഭിനയിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സാന്റാഫേ പോലീസ് പറഞ്ഞു.

ഷൂട്ടിങ്ങിന് ഏത് തരം തോക്കാണ് ഉപയോഗിച്ചിരുന്നതെന്നും സംഭവമുണ്ടായത് എങ്ങനെയാണെന്നും പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

നടന്‍ വിവേകിന്റെ മരണത്തിലെ ദുരൂഹത ഒഴിയുന്നു. മരണ കാരണം കോവിഡ് വാക്‌സിന്‍ മൂലമല്ലെന്നും ഹൃദയാഘാതമാണെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷന്‍ വകുപ്പ് വിവേകിന്റെ മരണകാരണം ഹൃദയാഘാതമാണെന്നും വാക്സിനുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ട് നല്‍കി. വാക്സിന്‍ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും അറിയിച്ചുകൊണ്ട് റിപ്പോര്‍ട്ട് നല്‍കി.

കോവിഡ് വാക്സിന്‍ സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് കാരണം വാക്സിനെടുത്തതാണെന്ന തരത്തില്‍ വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു.

വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് ഹര്‍ജി സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോവിഡ് വാക്‌സിനെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ചിലര്‍ പ്രചാരണം നടത്തുമ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു വിവേകിന്റെ മരണം.

തൃക്കൊടിത്താനം കിളിമല ഭാഗത്ത് അയിത്തമുണ്ടകം പാടശേഖരത്തിനു സമീപം അയൽക്കാരും സുഹൃത്തുക്കളുമായ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തൽ ദുരൂഹത. കോട്ടമുറി അടവിച്ചിറ സ്വദേശികളായ ചിറയിൽ സത്യൻ (47), കുന്നത്ത് സുനിൽ കുമാർ (42) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

സത്യന്റെ മൃതദേഹം പാടത്തിനു സമീപമുള്ള തോട്ടിലാണു കണ്ടെത്തിയത്. സുനിൽ അടുത്തുള്ള പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം ഇരുവരും ഒരുമിച്ചു മദ്യപിച്ചിരുന്നതായി സൂചനയുണ്ട്.

അപ്‌ഹോൾസ്റ്ററി ജോലികൾ ചെയ്തിരുന്ന ആളാണ് സത്യൻ. മരം വെട്ട് തൊഴിലാളിയാണ് സുനിൽ കുമാർ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ എന്നും സംഭവത്തിൽ ദുരൂഹത ഉണ്ടോ എന്നു പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

വിവരമറിഞ്ഞെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈഎസ്പി ആർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിഡ്ജ്ൻഡ്.: ലോഗൻ മവാംഗി (5) യെ കൊലപ്പെടുത്തിയ കേസിൽ പതിനാലുകാരൻ കോടതിയിൽ ഹാജരായി. ലോഗൻ വില്യംസൺ എന്നറിയപ്പെടുന്ന ലോഗൻ മവാംഗിയെ ബ്രിഡ്ജ്ൻഡ് കൗണ്ടിയിലെ ഒഗ് മോർ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത് ജൂലൈ 31 നാണ്. അഞ്ച് വയസുകാരനായ ലോഗൻ മവാംഗിയുടെ മരണം അന്വേഷിക്കുന്ന സംഘം 14 വയസുകാരനെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് സൗത്ത് വെയിൽസ് പോലീസ്‌ അറിയിച്ചു. കുട്ടിയുടെ പ്രായം കണക്കിലെടുത്ത് പേരും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ലോഗന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മയും രണ്ടാനച്ഛനും കുറ്റക്കാരാണെന്ന് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 39 കാരനായ ജോൺ കോളിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ വഴി തെറ്റിച്ചതിന് ലോഗന്റെ അമ്മ അങ്കരാഡ് വില്യംസണെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സ്കൂൾ വിദ്യാർത്ഥിയായ 14 കാരനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ജഡ്ജി മൈക്കിൾ ഫിറ്റൺ ക്യുസി 2022 ജനുവരി 31 ആണ് വിചാരണ തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. ബ്രിഡ്ജൻഡിലെ പാണ്ടി പാർക്കിനടുത്തുള്ള ഒഗ് മോർ നദിയിൽ ജൂലൈ 31 ശനിയാഴ്ചയാണ് ലോഗനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഗനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ബ്രിഡ്ജൻഡിലെ ബ്രൈൻമെനിൻ പ്രൈമറി സ്കൂളിലെ നഴ്സറി വിദ്യാർത്ഥിയായിരുന്നു ലോഗൻ. മരണത്തിൽ ദുരൂഹത തോന്നിയ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനച്ഛൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

Copyright © . All rights reserved