ക്രൂയിസ് കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആര്യന്‍ ഖാന്‍ ജയിലില്‍നിന്ന് വീഡിയോ കോളിലൂടെ മാതാപിതാക്കളായ ഷാരൂഖ് ഖാനുമായും ഗൗരി ഖാനുമായും സംസാരിച്ചു. ഷാരൂഖ് ഖാന്‍ മണി ഓര്‍ഡറായി അയച്ച 4,500 രൂപ ആര്യന് ലഭിച്ചതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഇരുപത്തി മൂന്നുകാരനായ ആര്യന്‍ ഖാന്‍. മുംബൈ തീരത്തുണ്ടായിരുന്ന ആഡംബരക്കപ്പലില്‍നിന്ന് മൂന്നാം തിയതിയാണ് ആര്യന്‍ ഖാനെയും സുഹൃത്ത് അബ്ബാസ് മര്‍ച്ചന്റിനെയും മോഡല്‍ മുന്‍മും ധമേച്ചയെയും ഉള്‍പ്പെടെയുള്ളവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തത്.
”കോവിഡ് -19 മാനദണ്ഡങ്ങള്‍ കാരണം കുടുംബാംഗങ്ങളുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ച സാധ്യമല്ലാത്തതിനാല്‍, വിചാരണത്തടവുകാര്‍ക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീഡിയോ കോളിലൂടെ ബന്ധുക്കളോട് സംസാരിക്കാന്‍ അനുവാദമുണ്ട്. അതനുസരിച്ച്, ഓഡിയോ വിഷ്വല്‍ സൗകര്യം വഴി മാതാപിതാക്കളായ ഷാരൂഖ് ഖാനോടും ഗൗരി ഖാനോടും സംസാരിക്കാന്‍ ആര്യന്‍ ഖാനെ അനുവദിച്ചു,” ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടു മൂന്ന് ദിവസം മുമ്പാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ തയാറാക്കിയ ഭക്ഷണമാണ് ആര്യന് നല്‍കുന്നതെന്നും പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജയിലിലെ ഭക്ഷണം മികച്ചതും ആവശ്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയില്‍ വളപ്പിലെ കാന്റീനില്‍നിന്ന് ആവശ്യമുള്ള കാര്യങ്ങള്‍ വാങ്ങാന്‍ ആര്യന് കഴിയുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഷാരൂഖ് ഖാന്‍ മണി ഓര്‍ഡറായി അയച്ച 4,500 രൂപ തിങ്കളാഴ്ച ആര്യനു ലഭിച്ചു. ജയിലേക്കു മാറ്റിയതിനെത്തുടര്‍ന്ന് ആര്യനു വിചാരണത്തടവുകാര്‍ക്കുള്ള തിരിച്ചറില്‍ സംഖ്യ നല്‍കിയതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആര്യന്‍ ഖാന്റെയും മറ്റു രണ്ടുപേരുടെയും ജാമ്യാപേക്ഷകള്‍ വിധി പറയാനായി പ്രത്യേക കോടതി ഇരുപതിലേക്കു മാറ്റിയിരിക്കുകയാണ്. അതുവരെ ആര്യന്‍ ഖാന്‍ ജയിലില്‍ തുടരും. കേസില്‍ അറസ്റ്റിലായ മറ്റ് അഞ്ചുപേരും ആര്‍തര്‍ റോഡ് ജയിലിലാണുള്ളത്. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ഇവരെ ആര്‍തര്‍ റോഡ് ജയിലിലെ ജനറല്‍ ബാരക്കിലേക്കു മാറ്റിയതായി മറ്റൊരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
കൊല്ലം കടക്കലിൽ എസ്എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച് ബിജെപി പ്രവർത്തകർ. കടയ്ക്കൽ എസ്എച്ച്എം കോളേജിന് സമീപമാണ് സംഭവം. സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.
എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈയ്ക്ക് വെട്ടേറ്റത്. പരിക്കേറ്റ മൂന്ന് ബിജെപി പ്രവർത്തകരെയും ആശുപത്രിയിലേക്ക് മാറ്റി. കോളേജിൽ ബിജെപി പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഇത് ചോദ്യം ചെയ്തതിന് ബിജെപി പ്രവർത്തകർ വിദ്യാർത്ഥികളെ ആക്രമിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
എന്നാൽ സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവർത്തകർ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. സ്ഥലത്ത് വൻ പോലീസ് സന്നാഹം കാവൽ തുടരുകയാണ്.
ഉത്ര വധക്കേസ് പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കിലെടുത്താണ് നടപടി. കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.
17 വര്‍ഷത്തെ തടവിനു ശേഷം ജീവപര്യന്തം അനുഭവിക്കണം. പത്തു വര്‍ഷം, ഏഴ് വര്‍ഷം, രണ്ട് ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ അനുഭവിക്കേണ്ടത്. പ്രതി അഞ്ചു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു.
നേരത്തെ റിമാന്‍ഡ് തടവുകാരന്‍ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്. സൂരജിന് വധശിക്ഷ നല്‍കണമെന്ന് എന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യമെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ തീരുമാനമെടുത്തിട്ടില്ല. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. പ്രതി മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പിട്ടിട്ടില്ലെന്നതും കോടതി പരിഗണിച്ചു. കോടതിയില്‍ നിര്‍വികാരനായാണ് സൂരജ് കാണപ്പെട്ടത്.
ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307, 302, 328, 201 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതി വിധി. കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
കഴിഞ്ഞ വര്‍ഷം മേയ് ഏഴിനാണ് അഞ്ചല്‍ ഏറത്തെ വീട്ടില്‍ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയില്‍ കണ്ടത്. റെക്കോര്‍ഡ് വേഗത്തിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണ പൂര്‍ത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം നടത്തിയും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച ശാസ്ത്രീയ അന്വേഷണമാണ് കേസില്‍ നടന്നത്.
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയെ പൊതിരെ തല്ലുന്ന അധ്യാപകന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കടലൂര്‍ ചിദംബരത്തെ നന്തനാര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ചര്‍ച്ചയാകുന്നത്. ക്ലാസില്‍ കൃത്യമായി വരുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
വടി ഉപയോഗിച്ച് തല്ലുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ഥിയെ മുട്ടുകാലില്‍നിര്‍ത്തിയും മര്‍ദ്ദിക്കുന്നുണ്ട്. ക്ലാസ് മുറിയില്‍ മറ്റു കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു അധ്യാപകന്റെ ക്രൂരത. ഈ കുട്ടികളിലൊരാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സഹപാഠിയെ അധ്യാപകന്‍ ക്രൂരമായി തല്ലുമ്പോള്‍ ചില വിദ്യാര്‍ഥികള്‍ അടക്കിചിരിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം, ഈ സംഭവം എന്ന് നടന്നതാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ വിദ്യാര്‍ഥികളോ അധ്യാപകനോ മാസ്‌ക് ധരിച്ചിട്ടില്ല. സ്‌കൂളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിലവില്‍ നിര്‍ദേശമുണ്ട്. അതിനാല്‍ കോവിഡ് ലോക്ഡൗണിന് മുമ്പ് നടന്ന സംഭവമാണോയെന്നും പരിശോധിച്ചു വരികയാണ്.
കോതമംഗലം ചേലാട് പെരിയാർ വാലി കനാൽ ബണ്ടിൽ സ്റ്റുഡിയോ ഉടമയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച എൽദോസ് പോളിന്റെ അയൽവാസി എൽദോസ് ജോയിയെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റു ചെയ്തു.എൽദോസിൽ നിന്നും കടം വാങ്ങിയ പണം തിരികെ നൽകാതിരിക്കാനായിരുന്നു കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. പിണ്ടിമന പുത്തൻ പുരക്കൽ എൽദോസ് (കൊച്ചാപ്പ27) ഇയാളുടെ പിതാവ് ജോയി (58) മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ചേലാട് സെവൻ ആർട്‌സ് സ്റ്റുഡിയോ ഉടമ എൽദോസ് ആണ് കൊല്ലപ്പെട്ടത്. സ്റ്റുഡിയോ ഉടമയായ എൽദോസ്, കൊച്ചാപ്പ എന്നു വിളിക്കുന്ന എൽദോസിന് മൂന്നു ലക്ഷം രൂപ കടം നൽകിയിരുന്നു. ഇത് തിരികെ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മഴുക്കൈ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.മൃതദേഹം സ്‌കൂട്ടറിലിരുത്തി കൊണ്ടുപോയി കനാൽ ബണ്ടിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കത്തിച്ചുകളഞ്ഞതായാണ് പ്രതികൾ പറയുന്നത്. ആയുധത്തിന്റെയും നശിപ്പിക്കപ്പെട്ട മൊബൈൽ ഫോണിന്റെയും അവശിഷ്ടങ്ങൾ തെളിവെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഒരു കോൾ വന്നതിനെ തുടർന്ന് വീട്ടിൽനിന്ന് പോയ എൽദോസ് പോളിനെ പിറ്റേന്ന് രാവിലെയാണ് കനാൽബണ്ടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു തന്നെ സ്‌കൂട്ടർ മറിഞ്ഞ നിലയിൽ കിടന്നിരുന്നതിനാൽ അപകടമരണമെന്നായിരുന്നു പ്രാഥമിക നിഗമനം.പോസ്റ്റുമോർട്ടത്തിൽ തലയ്ക്ക് പിന്നിൽ സാരമായ പരിക്ക് കണ്ടെത്തിയിരുന്നു. കൂടാതെ എൽദോസിന്റെ മൊബൈൽ ഫോൺ കാണാതായതും ദുരൂഹതയ്ക്കിടയാക്കി. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായിരിക്കുന്നത്.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ പ്രസംഗിക്കാന്‍ എത്തിയെന്ന് ആരോപിച്ച് മുന്‍ എംഎല്‍എ പിസി ജോര്‍ജിന് എതിരെ പ്രതിഷേധവുമായി യോഗം പ്രവര്‍ത്തകര്‍. പിസി ജോര്‍ജ് പ്രസംഗം അവസാനിപ്പിച്ച് തിരികെപ്പോയി. കൊല്ലത്തെ ശങ്കേഴ്‌സ് ആശുപത്രിക്ക് മുന്നില്‍ നടക്കുന്ന എസ്എന്‍ഡിപി സംരക്ഷണ സമിതിയുടെ രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കാനാണ് ജോര്‍ജ് എത്തിയത്.
വെള്ളാപ്പള്ളി നടേശനെ അപമാനിക്കാനാണ് പിസി ജോര്‍ജ് എത്തിയത് എന്നാരോപിച്ചായിരുന്നു യോഗം പ്രവര്‍ത്തകരുടെ പ്രതിഷേധം.സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പിസി ജോര്‍ജ് പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ യൂണിയന്‍ കൗണ്‍സിലര്‍ ഇരവിപുരം സജീവന്റെ നേതൃത്വത്തില്‍ സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചു.
‘ഇത് പൂഞ്ഞാറല്ല, എസ്എന്‍ഡിപി യോഗത്തിന്റെ ആസ്ഥാനമായ കൊല്ലമാണ്. ഇവിടെയെത്തി ജനറല്‍ സെക്രട്ടറിയെ ആക്ഷേപിച്ചാല്‍ വിവരം അറിയുമെന്നും ചെരുപ്പേറുണ്ടാകുമെന്നും’ ഇവര്‍ ബഹളമുണ്ടാക്കി. ഇതിന് പിന്നാലെ പിസി ജോര്‍ജ് വേദി വിട്ടുപോവുകയായിരുന്നു. ശങ്കേഴ്‌സ് ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.
തെലുങ്ക് താരസംഘടനയായ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനിലെ തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ നടി ഹേമ, നടന്‍ ശിവ ബാലാജിയെ കടിച്ചു . പ്രകാശ് രാജും വിഷ്ണു മാഞ്ചും നയിക്കുന്ന പാനലുകളാണ് മത്സരിച്ചത്.
ഇന്നലെ തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. ഹേമ, പ്രകാശ് രാജിന്റെ പാനലില്‍ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ശിവ ബാലാജി വിഷ്ണു മാഞ്ചുവിന്റെ പാനലില്‍ നിന്നുമാണ് മത്സരിച്ചത്. ഇരുവരും വോട്ട് ചെയ്യാന്‍ നില്‍ക്കുന്നതിനിടെ ശിവ ബാലാജിയുടെ ഇടതുകൈയില്‍ ഹേമ കടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഇതിന് നടി പ്രതികരണവുമായി രംഗത്തെത്തി. ഒരാളെ അക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ താന്‍ ശ്രമിക്കുമ്പോള്‍ ശിവ ബാലാജി തന്നെ തടഞ്ഞുവെന്നും അതിന്റെ പരിണിതഫലമായി സംഭവിച്ചു പോയതാണെന്നും നടി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വിഷ്ണു മാഞ്ചു നേതൃത്വം നല്‍കിയ പാനല്‍ ആണ് വിജയിച്ചത്. മായുടെ പുതിയ പ്രസിഡന്റായി വിഷ്ണു മാഞ്ചു സ്ഥാനമേല്‍ക്കുകയും ചെയ്തു. വിജയികളെ അഭിനന്ദിച്ച പ്രകാശ് രാജ്, സംഘടനയില്‍ പ്രാദേശികവാദം ശക്തമാണെന്ന് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അവസാനമായി കത്തെഴുതി 16കാരന്‍ ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കി. മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശിയായ 16കാരനാണ് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിയ്ക്കും മധ്യപ്രദേശ് സര്‍ക്കാറിനും കത്തെഴുതിയ ശേഷമാണ് ട്രെയിനിന് മുന്‍പില്‍ ചാടിയത്.
തനിക്ക് വേണ്ടി ഒരു മ്യൂസിക് വീഡിയോ നിര്‍മിക്കണമെന്നും ഗായകന്‍ അരിജിത് സിംഗ് തന്നെ ഗാനം ആലപിക്കണമെന്നുമാണ് കത്തിലെ ആവശ്യം. തന്റെ അവസാന ആഗ്രഹം പ്രധാനമന്ത്രി നടത്തിതരണമെന്നും കത്തില്‍ പറയുന്നുണ്ട്. അജിത് വന്‍ഷ്‌കര്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. വലിയ നര്‍ത്തകനായി പേരെടുക്കണമെന്നതായിരുന്നു ഇയാളുടെ ആഗ്രഹം.
എന്നാല്‍ അത് സാധിക്കാതെ വന്നതിന്റെ നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത്. തന്റെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ മാതാപിതാക്കള്‍ പിന്തുണ നല്‍കുന്നില്ലെന്നും കുട്ടി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പണമുള്ളവര്‍ക്ക് മാത്രമേ ഇത് സാധിക്കൂ എന്ന ധാരണയാണ് മാതാപിതാക്കള്‍ക്ക്. അതുകൊണ്ടു തന്നെ അവര്‍ തന്റെ ഹെയര്‍സ്‌റ്റൈല്‍ പോലും ഇഷ്ടപ്പെടുന്നില്ല. മാതാപിതാക്കള്‍ തന്നോട് ക്ഷമിക്കണമെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്.
മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി അരിജിത്ത് സിംഗ് ആലപിക്കുകയും സുശാന്ത് ഖത്രി കൊറിയോഗ്രാഫ് ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ എന്റെ ആത്മാവിന് ശാന്തി കിട്ടൂ. എന്റെ ആഗ്രഹം പ്രധാനമന്ത്രിയെ അറിയിക്കണം. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല- കത്തില്‍ പറയുന്നു.
ആര്യന്‍ ഖാന്‍ മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായതിനു പിന്നാലെ ഷാരൂഖ് ഖാന്‍ കടുത്ത മനോവിഷമത്തിലെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടരെ ജാമ്യം നിഷേധിക്കപ്പെട്ട് മകന്‍ ആഴ്ചകളായി ജയലില്‍ കഴിയുന്നതില്‍ ഷാരൂഖിന് കടുത്ത ദേഷ്യവും നിരാശയിലുമാണെന്നാണ് വിവരം.
ഷാരൂഖിന്റെ അടുത്ത സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നന്നായി ഉറങ്ങാത്ത ഷാരൂഖ് ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കുന്നില്ലെന്നും പറയുന്നു. ഒക്ടോബര്‍ മൂന്നിന് എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന് നിലവില്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുകയാണ്. മുംബൈ കോടതി കഴിഞ്ഞ ദിവസം ആര്യന്റെ ജാമ്യം തള്ളിയിരുന്നു.
ആര്യന്റെ അഭിഭാഷകന്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അതുവരെ ആര്യന്‍ ജയിലില്‍ തുടരും. ഇതിനിടെ, ആര്യന്‍ ഖാന്‍ ഷാരൂഖിനെ പറ്റി എന്‍സിബിയോട് പറഞ്ഞ കാര്യവും ചര്‍ച്ചയാവുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം തന്റെ അച്ഛന്‍ എപ്പോഴും തിരക്കിലായിരുന്നെന്നും അതിനാല്‍ അദ്ദേഹത്തെ ഇടയ്ക്ക് കാണാന്‍ വേണ്ടി താന്‍ അപ്പോയ്ന്റ്‌മെന്റ് എടുക്കേണ്ടി വന്നിട്ടുണ്ടെന്നും ആര്യന്‍ എന്‍സിബിയോട് പറഞ്ഞിട്ടുണ്ട്.
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് പ്രതി സൂരജിനെ പാമ്പ് പിടിത്തക്കാരന് സുരേഷ് പരിശീലിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൂരജിന് സുരേഷ് പാമ്പിനെ കൈമാറുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്.
ഉത്രയെ കൊലപ്പെടുത്തുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളാണിത്. ഈ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ഭാഗം നേരത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതി സൂരജ് കുറ്റക്കാരനാണെന്ന നിഗമനത്തില്‍ കോടതി എത്തിയത് ഈ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷമാണ്.
ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബുധനാഴ്ചയാണ് പ്രതിക്ക് ശിക്ഷ വിധിക്കുക. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറഞ്ഞത്.
പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി 302, 307, 328, 201 വകുപ്പുകളാണ് പ്രതിക്കുമേല്‍ ചുമത്തിയത്. ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി.