ഗാര്‍ഹിക പീഡനക്കേസില്‍ ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തെത്തുടര്‍ന്നാണ് അറസ്‌റ്റെന്ന് വെളിപ്പെടുത്തിയ പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിഡ്‌നിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ലഹരി മരുന്നിന്റെ അടിമയായ സ്ലേറ്റര്‍ ഭാര്യയുമായി വഴക്കിട്ടതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസ്‌ട്രേലിയയിലെ ടിവി അവതാരകയായ ജോ ആണ് ഭാര്യ. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.

ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രതാപകാലത്ത് ദേശീയ ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്നു ഓപ്പണിങ് ബാറ്ററായ സ്ലേറ്റര്‍. 1993 മുതല്‍ 2001 വരെയുള്ള കാലയളവില്‍ ഓസീസിനായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം കമന്റേറ്ററുടെ റോളില്‍ കളിക്കളങ്ങളില്‍ സജീവമായിരുന്നു.

ഈ വര്‍ഷം മെയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണെതിരെ കടുത്ത വിമര്‍ശനവുമായി സ്ലേറ്റര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ കൈകളില്‍ ചോരക്കറയുണ്ടെന്നായിരുന്നു സ്ലേറ്റിന്റെ പരാമര്‍ശം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലുള്ള ഓസ്‌ട്രേലിയക്കാര്‍ക്ക് നാട്ടില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു വിമര്‍ശനം. ആ സമയത്ത് ഐപിഎല്ലുമായി ബന്ധപ്പെട്ട് ഇന്ത്യയിലായിരുന്നു സ്ലേറ്റര്‍.