ഓസ്‌ട്രേലിയയിലെ ബ്രിസ്ബനില്‍ കുട്ടികളുടെ പാര്‍ക്കില്‍ ഞായറാഴ്ച ഉച്ചയ്ക്കാണു സംഭവം. ആക്രമിക്കാനെത്തിയ മാഗ്‌പൈ എന്ന പക്ഷിയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മ കാല്‍ വഴുതി വീണത്.പക്ഷിയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ കാല്‍ വഴുതി വീണു കൈയിലിരുന്ന കുഞ്ഞിന് ദാരുണാന്ത്യം. വീഴ്ച്ചയില്‍ ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ക്വീന്‍സ് ലാന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്കു കൊണ്ടുപോയെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഹോളണ്ട് പാര്‍ക്ക് വെസ്റ്റിലെ ഗ്ലിന്‍ഡെമാന്‍ പാര്‍ക്കില്‍നിന്ന് നിരവധി പക്ഷികളെ ബ്രിസ്‌ബേന്‍ സിറ്റി കൗണ്‍സില്‍ തൊഴിലാളികള്‍ നീക്കം ചെയ്തതിന് ശേഷമാണ് ദാരുണമായ സംഭവമുണ്ടാകുന്നത്. മാഗ്‌പൈ പക്ഷികളുടെ ആക്രമണം സംബന്ധിച്ച് നിരവധി മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദേശത്തു സ്ഥാപിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ എല്ലാ ഭാഗത്തും സാധാരണയായി കാണുന്ന പക്ഷിയാണ് മാഗ്പൈകള്‍. പാര്‍ക്കുകളിലും മൈതാനങ്ങളിലും ഉള്‍പ്പെടെയുള്ള മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഈ പക്ഷികള്‍ ധാരാളമായുണ്ട്. സ്വതവേ പ്രശനക്കാരല്ലാത്ത ഇവര്‍ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ആക്രമണകാരികളാകുന്നത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ആറു മുതല്‍ എട്ട് ആഴ്ച്ച കാലയളവിലായാണ് ഇവയുടെ കൂടുകൂട്ടലും മുട്ടയിടീലും കുഞ്ഞുങ്ങളെ വിരിയിക്കലും. കാല്‍നട യാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമാണ് പക്ഷിയുടെ ആക്രമണത്തിന് സ്ഥിരം ഇരയാകുന്നത്.
ഇവയുടെ പ്രജനനകാലത്ത് കാല്‍നടയാത്രക്കാരും, സൈക്കിള്‍ സവാരിക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. കൂടിന്റെ 50 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെയുള്ള പ്രദേശങ്ങളിലാണ് സാധരണയായി ആണ്‍പക്ഷികള്‍ ആക്രമണം അഴിച്ചു വിടുക. കൂടിനെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ ആക്രമണങ്ങള്‍.
മികച്ച പാട്ടുകാരും അനുകരണ കലയില്‍ അതിവിദഗ്ധരുമാണ് മാഗ്പൈ പക്ഷികള്‍. ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവികളിലൊന്നായാണ് മാഗ്‌പൈയെ കണക്കാക്കുന്നത്. 35-ലധികം പക്ഷികളുടെ ശബ്ദവും അതിനു പുറമേ പട്ടിയുടെയും കുതിരയുടെയും മനുഷ്യന്റെ വരെ സ്വരവും ഇവയ്ക്ക് അനുകരിക്കാന്‍ സാധിക്കും.
ഇറ്റാലിയന്‍ പോലീസിന്റെ ഉറക്കംകൊടുത്തിയ കുപ്രസിദ്ധ അധോലോക നായികയാണ് മരിയ ലിക്കിയാര്‍ഡി. നേപ്പിള്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളി ശൃംഖലയായ കമോറ എന്ന ലിക്കിയാര്‍ഡി വംശത്തിന്റെ ആദ്യ വനിതാ മേധാവിയാണ് 70കാരിയായ മരിയ. ഏറെക്കാലം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മരിയ ഇറ്റാലിയന്‍ മിലിട്ടറി പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ച സ്‌പെയിനിലേക്കു കടക്കാന്‍ ശ്രമിക്കവേ റോമിലെ സിയാമ്പിനോ വിമാനത്താവളത്തില്‍വെച്ചായിരുന്നു പോലീസ് ഇവരെ പിടികൂടിയത്. സ്‌പെയിനിലുള്ള മകള്‍ക്ക് അരികിലേക്ക് പോകാനായിരുന്നു മരിയയുടെ ലക്ഷ്യം. തെക്കന്‍ സ്‌പെയിനില്‍ ചില ബിനിനസുകളും പദ്ധതിയിട്ടിരുന്നു. എന്നാല്‍ അവസാന നിമിഷം മരിയയുടെ തന്ത്രങ്ങള്‍ പാളി. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി മിലിട്ടറി പോലീസ് വിരിച്ച വലയില്‍ വീണു.
1951ലാണ് മരിയയുടെ ജനനം. മാഫിയ ലോകത്തെ ‘ഗോഡ് മദര്‍’ എന്നാണ് മരിയ അറിയപ്പെടുന്നത്. ചെറിയ ശരീര പ്രകൃതമായതിനാല്‍ മാഫിയ സംഘങ്ങള്‍ക്കിടയില്‍ ‘ലിറ്റില്‍ വണ്‍’ എന്ന വിശേഷണവും അവര്‍ക്കുണ്ട്. ഇറ്റലിയിലെ കുപ്രസിദ്ധ ക്രിമിനല്‍ സംഘങ്ങളുടെ ഗ്രൂപ്പായ കമോറ കുടുംബത്തിലായിരുന്നു മരിയ. 1990കളുടെ തുടക്കത്തില്‍ ഭര്‍ത്താവും രണ്ട് സഹോദരങ്ങളും അറസ്റ്റിലായതോടെയാണ് മരിയ മാഫിയ സംഘത്തിന്റെ തലപ്പത്തേക്കെത്തുന്നത്.
പിന്നാലെ സംഘത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും അവര്‍ ഏറ്റെടുത്തു. മയക്കുമരുന്ന് കടത്ത്, സിഗരറ്റ് കള്ളക്കടത്ത് തുടങ്ങിയ നിരവധി നിയമവിരുദ്ധ റാക്കറ്റുകളില്‍ മരിയ സജീവമായി. പെണ്‍കുട്ടികളെ എത്തിച്ച് വേശ്യാവൃത്തിയും ആരംഭിച്ചതോടെ വരുമാനം ഉയര്‍ന്നു. പുരുഷന്‍മാര്‍ കൈയടക്കിയിരുന്ന മാഫിയ മേഖലയിലെ പ്രബല നേതാവായും അവര്‍ ഉയര്‍ന്നു.
മാഫിയ സംഘങ്ങള്‍ക്കിടയിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ വലിയ നഷ്ടമുണ്ടാക്കിയതോടെ പ്രശ്‌ന പരിഹാരത്തിനും മരിയ ശ്രമിച്ചു. പരസ്പരം സമാധാനം നിലനിര്‍ത്തിയാല്‍ മാത്രമേ ബിസിനസിലെ നഷ്ടം നികത്താന്‍ സാധിക്കുവെന്ന് മറ്റു മാഫിയ നേതാക്കളെ അവര്‍ ബോധ്യപ്പെടുത്തി. പിന്നീട് കാര്യങ്ങള്‍ സുഗമമായി പോകുന്നതിനിടെ പെട്ടെന്നുണ്ടായ ചില ഭിന്നതകളും മയക്കുമരുന്ന് അഴിമതിയും ഗ്രൂപ്പുകള്‍ തമ്മില്‍ വലിയ തര്‍ക്കത്തിലേക്ക് വഴിവെച്ചു.
ആക്രമണത്തില്‍ മരിയയുടെ മരുമക്കളില്‍ ഒരാള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടു. ഇതോടെ സമാധാന ശ്രമങ്ങള്‍ അവസാനിപ്പിച്ച് തിരിച്ചടിക്കാന്‍ മരിയ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുവലിയ സംഘര്‍ഷത്തിലേക്കും നിരവധി കൊലപാതകങ്ങളിലേക്കും നയിച്ചു. കൊലപാതക പരമ്പരകള്‍ക്ക് പിന്നാലെ 1999ല്‍ ഇറ്റാലിയന്‍ പോലീസ് ഇവര്‍ക്കെതിരേ വാറണ്ട് ഇറക്കി. പിന്നീട് രണ്ട് വര്‍ഷത്തോളം മരിയ ഒളിവില്‍ കഴിഞ്ഞു.
ഇതിനിടെ മറ്റുപല മാഫിയ നേതാക്കളും പോലീസ് പിടിയിലായി. എന്നാല്‍ മരിയ എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചതേയില്ല. ഇടക്കിടെ ഒളിത്താവളം മാറുന്നതും കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കവും പോലീസിനെ വട്ടംകറക്കി. ഒടുവില്‍ 2001ലാണ് മരിയയെ പിടികൂടാന്‍ പോലീസിനായത്. വിവിധ കേസുകളില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഇവര്‍ക്ക് കോടതി തടവുശിക്ഷയും വിധിച്ചു. 2009-ല്‍ ശിക്ഷാകാലാവധി കഴിഞ്ഞ് ജയില്‍മോചിതയായി. തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു.
ഇറ്റലിയിലെ 30 പ്രമുഖ കുറ്റവാളികളുടെ പട്ടികയില്‍ ലിക്കിയാര്‍ഡിയുമുണ്ട്. സാമ്പത്തിക തട്ടിപ്പ്, കൊള്ള, മാഫിയ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍, ലേല തട്ടിപ്പ്, കള്ളപ്പണം തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ലിക്കിയാര്‍ഡി. ശിക്ഷാ കാലവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും മാഫിയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന മരിയയെ ഏറെക്കാലത്തെ അന്വേഷണങ്ങള്‍ക്കും ആസൂത്രണത്തിനും ഒടുവിലാണ് ഇറ്റാലിയന്‍ പോലീസിന് പിടികൂടാനായത്.
ഭാര്യയെ ഡ്രിപ്പിലൂടെ സയനൈഡ് കുത്തിവെച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ ഗുജറാത്തിലെ അങ്കലേശ്വർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസം മുൻപാണ് സംഭവം. 34 കാരിയായ ഊർമ്മിള വാസവയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ജിഗ്നേഷ് പട്ടേലാണ് അസ്റ്റിലായത്.
ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജിഗ്നേഷ് പിടിയിലാകുന്നത്. ജൂലൈ എട്ടിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഊർമ്മിളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഊർമ്മിളയ്‌ക്ക് നൽകിയ ഡ്രിപ്പിൽ ജിഗ്നേഷ് സയനൈഡ് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഡോക്ടർമാരോ നഴ്‌സുമാരോ ആരും തന്നെ ഊർമിളയ്‌ക്ക് സമീപമുണ്ടായിരുന്നില്ല.
സയനൈഡ് ഉള്ളിൽചെന്ന ഉടൻ തന്നെ ഊർമിള മരണത്തിന് കീഴടങ്ങി. മരണത്തിൽ അസ്വഭാവികത തോന്നിയ പോലീസ് അപകട മരണത്തിന് കേസെടുത്തിരുന്നു. ഫോറെൻസിക് പരിശോധനയിൽ വിഷാംശം കണ്ടെത്തിയതോടെയാണ് പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തത്. ജിഗ്നേഷിന്റെ മൊഴിയിൽ അസ്വഭാവികത തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് ശനിയാഴ്‌ച്ച ജിഗ്നേഷ് അറസ്റ്റിലാവുകയായിരുന്നു.
ഏഴ് വർഷം മുൻപാണ് ഇരുവരുടേയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ദമ്പതിമാര്‍ക്കിടയിലെ പരസരവിശ്വാസമില്ലായ്മയാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. ജിഗ്നേഷ് കുറ്റം സമ്മതിച്ചുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
നഴ്‌സിന് അശ്ലീലസന്ദേശം അയച്ച സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകനെ നാട്ടുകാര്‍ ക്ലാസ് മുറിയിലിട്ട് മർദിച്ചു. കര്‍ണാടക ബെലഗാവിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനായ സുരേഷ് ചാവലാഗിയെയാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. സ്‌കൂളിലെത്തി ക്ലാസ്മുറിയില്‍ പൂട്ടിയിട്ടായിരുന്നു മര്‍ദനം. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സായ യുവതിക്ക് സുരേഷ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ മര്‍ദിച്ചത്.
സംഭവം ഇങ്ങനെ- രണ്ടാഴ്ച മുമ്പ് സ്‌കൂളില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നടത്തിയിരുന്നു. ഈ സമയത്താണ് പ്രധാനാധ്യാപകന്‍ നഴ്‌സില്‍നിന്ന് മൊബൈല്‍ നമ്പര്‍ ചോദിച്ചുവാങ്ങിയത്. ചില അധ്യാപകര്‍ക്ക് കുത്തിവെയ്പ്പ് ക്യാമ്പില്‍ പങ്കെടുക്കാനായില്ലെന്നും ഇവര്‍ എത്തിയാല്‍ വിവരം കൈമാറാനെന്നും പറഞ്ഞാണ് നമ്പര്‍ വാങ്ങിയത്. ഇതിനുപിന്നാലെ പ്രധാനാധ്യാപകന്‍ നിരന്തരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണ് നഴ്‌സിന്റെ പരാതി.
അധ്യാപകന്‍ നഴ്‌സിന് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതറിഞ്ഞതോടെ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ഒരു സംഘമാളുകള്‍ സ്‌കൂളിലേക്ക് ഇരച്ചെത്തുകയും അധ്യാപകനെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞതോടെ പൊലീസും സ്ഥലത്തെത്തി.
കുറ്റാരോപിതനായ അധ്യാപകനെ നിലവില്‍ സര്‍വീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് രണ്ട് സ്ത്രീകള്‍ കൂടി ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകനെതിരേ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതരും വ്യക്തമാക്കി.
ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം. വഞ്ചിയൂര്‍ കോടതിവളപ്പിലാണ് സംഭവം.
സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജി, കെയുഡബ്ല്യൂജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്ക് മര്‍ദനമേറ്റു. ശിവജിയുടെ മൊബൈല്‍ ഫോണും ഐഡി കാര്‍ഡും പിടിച്ചെടുക്കുകയും ചെയ്തു.
കെഎം ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. ഇന്ന് പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.
കേസ് അടുത്ത മാസം 29 നു വീണ്ടും പരിഗണിക്കും. കേസില്‍ തെളിവായി പ്രത്യേക സംഘം നല്‍കിയ സിസിടിവിയുടെ ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ട രാമന്‍ ആവശ്യപ്പെട്ട പ്രകാരം മജിസ്‌ട്രേറ്റ് കോടതി നല്‍കിയിരുന്നു.
ഇതിനുശേഷമാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ചാണ് കെഎം ബഷീറിന്റെ മരണം. വാഹന ഉടമയായ വഫ ഫിറോസും കാറില്‍ ഒപ്പമുണ്ടായിരുന്നു.
ഇ ബുള്‍ ജെറ്റ്’ വ്‌ലോഗര്‍മാരെ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. കോടതി മുറിയിലും വ്‌ലോഗര്‍മാര്‍ നാടകീയ രംഗങ്ങള്‍ക്ക് കാരണക്കാരായി. പൊലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഇവരുടെ ഇ- ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരായ ലിബിനും ഇബിനും ആരോപിച്ചത്.
കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തങ്ങളുടെ നെപ്പോളിയന്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓള്‍ട്ടറേഷന്‍ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍ നടപടികള്‍ക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
വാന്‍ ആര്‍ടിഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാര്‍ കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഒടുവില്‍ വ്‌ലോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമാവുകയും തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങളെ തകര്‍ക്കാന്‍ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാന്‍ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുള്‍ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പ്രാങ്ക് വീഡിയോയുടെ പേരിൽ പെൺകുട്ടികളെയും സ്ത്രീകളെയും ശല്ല്യം ചെയ്ത യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചിറ്റൂർ സ്വദേശി ആകാശ് മോഹനാണ് അറസ്റ്റിലായത്. അശ്ലീല ചേഷ്ടകൾ കാണിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് പോലീസെത്തി അറസ്റ്റ് ചെയ്തത്.
വഴിയേ പോകുന്ന പെൺകുട്ടികളോട് അശ്ലീല സംഭാഷണവും ചേഷ്ടയും കാണിക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. എറണാകുളം കച്ചേരിപ്പടിയിൽ ഷൂട്ട് ചെയ്തോണ്ടിരുന്ന ഇയാളെ സ്ത്രീകളെ ശല്ല്യം ചെയ്തതിനുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വില്ലൻ ഹബ് എന്ന യുട്യൂബ് ചാനലിൽ ഇയാൾ നേരത്തെയും ഇത്തരത്തിൽ പെൺകുട്ടികളോട് മോശമായി പെരുമാറുന്ന പ്രാങ്ക് വീഡിയോകൾ ചിത്രീകരിച്ച് പബ്ലിഷ് ചെയ്തിട്ടുണ്ട്.
വീഡിയോ ചിത്രീകരിക്കാൻ ഇയാളെ സഹായിച്ച സുഹൃത്തുക്കൾ പോലീസിനെ കണ്ട് രക്ഷപെടുകയായിരുന്നു. ഇവർക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത ആകാശ് മോഹനെ ജാമ്യത്തിൽ വിട്ടു.
മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യകേസ് തിരുവനന്തപുരം ജില്ല സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിമൂന്നിൽനിന്ന് കേസ് കൈമാറിയ ശേഷം ആദ്യമായാണ് സെഷൻസ് കോടതിയുടെ പരിഗണനയിലേക്ക് വരുന്നത്.
ഇന്ന് കേസ് പരിഗണനയിൽ വരുമ്പോൾ കേസിലെ ഒന്നും രണ്ടും പ്രതികളായ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും കോടതിയിൽ ഹാജരായേക്കും. ഇരുവരോടും തിങ്കളാഴ്ച ഹാജരാകണമെന്ന് ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആദ്യഘട്ടമായി പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ച ശേഷമായിരിക്കും വിചാരണ നടപടി ആരംഭിക്കുക.
ബഷീറിന്റെ വിയോഗത്തിന് രണ്ട് വർഷം പൂർത്തിയായി ഒരാഴ്ച കഴിഞ്ഞാണ് കേസിൽ വിചാരണ നടപടി ആരംഭിക്കുന്നത്. കുറ്റപത്രത്തിെൻറ പകർപ്പുകൾ ഇരുപ്രതികളുടെയും അഭിഭാഷകർക്ക് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 2020 ഫെബ്രുവരി 24ന് നൽകിയിരുന്നു. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികൾ, മെഡിക്കൽ പരിശോധന റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ ശ്രീറാമിൽ നരഹത്യ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
സിഡികൾ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് പ്രതികൾക്ക് നൽകിയ ശേഷം കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. 2020 ഫെബ്രുവരി മൂന്നിന് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫക്കൊപ്പം കാറിൽ അമിതവേഗത്തിലെത്തി മ്യൂസിയം പബ്ലിക്ക് ഓഫിസിന്റെ മുൻവശത്ത് പാർക്ക് ചെയ്ത ബൈക്കിലിരിക്കുകയായിരുന്ന കെഎം ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത.് ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ലോഡ്ജ് മുറിയിൽ മലയാളി സ്ത്രീയുടെ മൃതദേഹം ഭാഗികമായി അഴുകിയ നിലയിലും കൂടെ താമസിച്ചയാളെ മുറിവേറ്റ നിലയിലും കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു( 46) ആണ് മരിച്ചത്. കോഴിക്കോട് സ്വദേശി മുസ്തഫയെയാണ് മുറിവേറ്റ നിലയിൽ കണ്ടത്. കഴിഞ്ഞ 26നാണ് മുസ്തഫയും ബിന്ദുവും ദമ്പതികളെന്ന പേരിൽ ഗാന്ധിപുരം ക്രോസ്കട്ട് റോഡ് അഞ്ചാമത് വീഥിയിലെ ലോഡ്ജിൽ മുറിയെടുത്തത്.
രണ്ടു ദിവസമായി മുറി തുറന്നു കാണാഞ്ഞതിനാൽ വാതിൽ തുറന്നു പരിശോധിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുസ്തഫയുടെ കഴുത്തിലും കൈകാലുകളിലും ഉൾപ്പെടെ മുറിവുകളുണ്ടായിരുന്നു. മുറിയിൽ നിന്ന് വിഷം കണ്ടെടുത്തു. ബിന്ദു വിഷം കഴിച്ച് മരിച്ചതാണെന്നും മുസ്തഫ കത്തികൊണ്ടും മദ്യക്കുപ്പികൊണ്ടും സ്വയം മുറിലേൽപിച്ചതാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടെ ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവ് വിനോദ് കോഴിക്കോട് പൊലീസിൽ പരാതി നൽകി.
ജൂലൈ 19 ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ബിന്ദുവിനെ കാണാതായതിനെ തുടർന്നാണ് ഭർത്താവ് പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. ഇതിനിടയിലാണ് ചാലപ്പുറത്തെ ധനകാര്യ സ്ഥാപന ശാഖയിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മുസ്തഫയെയും കാണാതായ വിവരം ലഭിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂർ ഗാന്ധിപുരത്ത് ലോഡ്ജിൽ ബിന്ദുവിനെ മരിച്ച നിലയിലും കൂടെയുണ്ടായിരുന്ന മുസ്തഫയെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇരുവരും ബാങ്കിൽ താൽക്കാലിക ജീവനക്കാരായ സമയത്തെ പരിചയമാണ്. പൊലീസും ബന്ധുക്കളും ഇന്ന് കോയമ്പത്തൂരിൽ എത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. മുസ്തഫയും വിവാഹിതനാണ്. കാക്കൂരിൽ വാടക വീട്ടിലാണ് താമസം. ബിന്ദുവിന് 12 വയസ്സായ മകനുമുണ്ട്.
നഴ്സുമാര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം ഇസ്രയേലില്‍ ലഭിക്കുന്ന ഏക ജോലി ആയമാരുടെതാണ്.ആയമാര്‍ക്ക് നല്‍കുന്ന വീസയുടെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്. വീസ അപേക്ഷ ലഭിച്ചതിന്റെ പ്രാഥമിക രേഖയില്‍ പേരും വിവരങ്ങളും തിരുത്തിയാണ് തട്ടിപ്പുസംഘം വിലസുന്നത്. വാഗ്ദാനങ്ങളില്‍ വീണു ലക്ഷങ്ങൾ നഷ്ടപ്പെട്ട മലയാളികളുടെ എണ്ണം പെരുകുന്നു.
ആയമാർക്ക് വിദ്യാഭ്യാസ യോഗ്യത കൃത്യമായി നിഷ്കര്‍ക്കുന്നുമില്ല. ഇത് മുതലെടുത്താണ് തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം. എറണാകുളം പുത്തന്‍കുരിശുകാരിയായ നീനയെ പറ്റിച്ചത് തിരുവനന്തപുരം സ്വദേശി നടേശന്‍ അനില്‍കുമാറും കണ്ണൂരുകാരി ജിന്‍സി ജോസഫും. ഇസ്രയേലില്‍ ജോലി ചെയ്യുന്ന അനില്‍ മൂന്നു തവണയായി ഏഴുലക്ഷം കൈപ്പറ്റി. വിസ അപേക്ഷ ലഭിച്ചു കഴിയുമ്പോള്‍ ഇസ്രയേല്‍ നല്‍കുന്ന മത്താഷെയെന്ന പ്രാഥമിക രേഖ മാത്രം നല്‍കി. അതും പേരു തിരുത്തിയുണ്ടാക്കിയതാണെന്ന് അറിയുന്നത് പിന്നീടാണ്. വിസയുടെ കാര്യത്തിലും അവധികള്‍ മാറ്റിപ്പറഞ്ഞതോടെ പണം തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം തിരിച്ചു നല്‍കാമെന്ന് പറഞ്ഞെങ്കിലും പണം നല്‍കിയില്ല. ഇതോടെ പുത്തന്‍കുരിശ് പൊലീസില്‍ പരാതി നല്‍കി.
എന്നാൽ യുവതി മറ്റൊരു ഏജന്‍സിവഴി ജോലി തരപ്പെടുത്തി ഇസ്രയേലിലെത്തി. സമാനമായ രീതിയില്‍ എഴുപതിലധികംപേര്‍ അനില്‍കുമാറിന്റെ തട്ടിപ്പിന് ഇരയായി. എല്ലാവര്‍ക്കും നാലുമുതല്‍ പതിനൊന്നുലക്ഷംവരെ നഷ്ടപ്പെട്ടു. ഇടുക്കിക്കാരായ രണ്ടുപേരുടെ പരാതിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഇടപെടുകയും ലോക്സഭയില്‍ വിഷയം അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ ഫലമുണ്ടായില്ല. അനില്‍കുമാറിനെ ഇസ്രയേലില്‍ അറസ്റ്റ് ചെയ്തുവെന്ന് അയാളുടെ ബന്ധു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാതെ പോലീസും കളിക്കുന്നു.