യുവനടനും അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകനുമായ ഉണ്ണി രാജന്‍ പി. ദേവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പലതവണ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായ ഉണ്ണിയെ നെടുമങ്ങാട്ടെത്തിച്ച പൊലീസ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തുന്നതിനിടയിലാണ് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചത്.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള പ്രിയങ്കയുടെ ഫോണ്‍ രേഖകള്‍ സംബന്ധിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഉണ്ണിയുടെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രിയങ്കയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കുറച്ച് ദിവസം മുമ്പാണ് തിരുവനന്തപുരം വെമ്പായം കരിക്കകം വിഷ്ണു ഭവനില്‍ ജെ പ്രിയങ്കയെ(25) വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
അങ്കമാലി വില്ലേജ് ഓഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കായിക അധ്യാപികയായിരുന്നു. ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭര്‍ത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക പരാതി നല്‍കിയത്.
ഉത്തർപ്രദേശിൽ മാസ്ക് ധരിച്ചില്ലെന്ന കാരണത്താൽ യുവാവിന്റെ കാലിലും കയ്യിലും പൊലീസ് ആണി തറച്ചു കയറ്റിയെന്ന് ആരോപിച്ച് യുവാവിന്റെ അമ്മ പരാതി നൽകി. 3 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകിയത്. ബറേലിയിൽ നടന്ന സംഭവത്തിന്റെ ചിത്രങ്ങളും ഇവർ പുറത്തുവിട്ടു.
മാസ്ക് ധരിക്കാത്തിനെ തുടർന്ന് വീടിനു പുറത്തുള്ള റോഡ് വക്കിൽ ഇരിക്കുകയായിരുന്ന മകനെ പൊലീസുകാർ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. താൻ അവിടെ അന്വേഷിച്ചെത്തിയപ്പോൾ മകൻ സ്ഥലത്തില്ല. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മറ്റൊരിടത്തു നിന്നും മകനെ കണ്ടെത്തി. കയ്യിലും കാലിലും ആണി തറച്ചു കയറ്റിയിരുന്നു.
പൊലീസുകാർക്കെതിരെ പരാതി നൽകിയാൽ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞുവെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, ആരോപണങ്ങളെല്ലാം നിഷേധിച്ച് ബറേലി പൊലീസ് രംഗത്തെത്തി. നിരവധി കേസുകളിൽ പ്രതിയായ യുവാവ് ആണ് ഇയാൾ. അതിൽ നിന്ന് തടിയൂരാൻ പൊലീസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് എസ്.എസ്.പി രോഹിത് സാജ്‍വാൻ വ്യക്തമാക്കി എന്നാണ് റിപ്പോർട്ട്.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയശേഷം മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയെ ആന്റിഗ്വയിൽനിന്നു കാണാതായി. കരീബിയൻ രാജ്യമായ ആന്റിഗ്വയിലെ റോയൽ പോലീസ് ഫോഴ്സാണ് ഇക്കാര്യം അറിയിച്ചത്. 2018 ജനുവരി മുതൽ ചോക്സി ആന്റിഗ്വയിലാണ്.
ചോക്സിയെ കാണാതായ വാർത്ത അഭിഭാഷകൻ വിജയ് അഗർവാൾ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണു ചോക്സിയെ അവസാനമായി കണ്ടതെന്ന് ആന്റിഗ്വൻ പോലീസ് അറിയിച്ചു. പ്രമുഖ റസ്റ്ററന്റിൽ രാത്രി ഭക്ഷണം കഴിക്കാൻ പോയ ചോക്സി പിന്നീട് തിരികെയെത്തിയില്ല. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നു മുങ്ങുന്നതിനു മുന്‍പേ 2017ൽ ചോക്സി ആന്റിഗ്വൻ പൗരത്വമെടുത്തിരുന്നു.
ചോക്സിയും അനന്തരവൻ നീരവ് മോദിയും ചേർന്നാണു പഞ്ചാബ് നാഷണൽ ബാങ്കിൽ കോടികളുടെ തട്ടിപ്പു നടത്തിയത്. രണ്ടു പേർക്കെതിരെയും സിബിഐ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. നീരവ് മോദി നിലവിൽ ലണ്ടൻ ജയിലിലാണ്.
ചെക്ക് പോസ്റ്റിലെ ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. വേഗത്തിലെത്തിയ ബൈക്കിന്റെ പിന്നിൽ ഇരുന്ന യുവാവാണ് ക്രോസ്ബാറിൽ തലയിടിച്ച് തെറിച്ചുവീണത്. ഇയാൾ അപ്പോൾ തന്നെ മരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തെലങ്കാനയിലെ വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപമായിരുന്നു അപകടം. ഇവിടെ ക്രോസ്ബാർ താഴ്ത്തി വച്ചിരിക്കുകയായിരുന്നു. അമിത വേഗത്തിലെത്തുന്ന ബൈക്ക് കണ്ട് ഉദ്യോഗസ്ഥൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ച യുവാവ് ഇത് അനുസരിച്ചില്ല. ക്രോസ്ബാറിന് അടിയിലൂടെ പോകാനായിരുന്നു ശ്രമം. ബൈക്ക് ഓടിച്ച യുവാവ് തല കുനിച്ച് കടന്നെങ്കിലും പിന്നിലിരുന്ന യുവാവ് ക്രോസ്ബാറിൽ തലയിടിച്ച് നിലത്തുവീണു തൽക്ഷണം മരിച്ചു. ബൈക്ക് നിർത്താതെ പോകുന്നതും വിഡിയോയിൽ കാണാം.
സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. തെലങ്കാനയിലെ തലപൂർ ജില്ലയിലെ ജന്നാരം മണ്ഡൽ പ്രദേശത്താണ് സംഭവം.
Freak accident caught on cctv camera in Mancherial district. Biker booked for rash and negligent riding after pillion rider dies on spot. They were trying to evade cops. #Telangana
PS- Accident footage, viewer discretion advised. pic.twitter.com/OpbsxHku6o— Paul Oommen (@Paul_Oommen) May 24, 2021
നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ. ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് നടപടി. മരിക്കുന്നതിന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയെ മർദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു.
ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും വെമ്പായത്തെ വീട്ടിലെത്തിയാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. ഇതിന് തൊട്ടുമുൻപുള്ള ദിവസം പ്രിയങ്ക ഭർത്താവ് ഉണ്ണി രാജൻ പി ദേവിനെതിരെ വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മര്‍ദ്ദിക്കുന്നതായാണ് പരാതിയിൽ പറഞ്ഞത്. പ്രിയങ്കയ്ക്ക് മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങളടക്കം കുടുംബം പൊലീസിന് കെ മാറിയിരുന്നു.
ആത്മഹത്യയ്ക്ക് കാരണം മാനസിക – ശാരീരിക പീഡനമെന്ന പ്രിയങ്കയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രിയങ്കയുടെ അമ്മയടക്കമുള്ള ബന്ധുക്കളും ഉണ്ണിക്കെതിരെ പൊലീസിനെതിരെ മൊഴി നൽകി. പ്രാഥമിക തെളിവ് ശേഖരത്തിന് പിന്നാലെയാണ് ഉണ്ണി രാജൻ പി ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലിയിലെ വീട്ടിൽ നിന്ന് അറസ്റ്റ്റ് ചെയ്ത ഉണ്ണിയെ തിരുവനന്തപുരത്തെത്തിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നത്. നെടുമങ്ങാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ഉണ്ണിയെ ചോദ്യം ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
മലയാള ടെലിവിഷൻ സീരിയൽ താരമുൾപ്പെട്ട തലസ്ഥാനത്തെ ഇടപ്പഴിഞ്ഞി പെൺ വാണിഭക്കേസിൽ സീരിയൽ നടിയടക്കം നാലു പ്രതികളെ ജൂൺ 10 ന് ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ഉത്തരവിട്ടു. സീരിയൽ നടി കിളിമാനൂർ സ്വദേശിനി വേണി എന്ന ആവണിയടക്കം 4 പേരെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി നിർദേശിച്ചത്. കേസിൽ 1 മുതൽ 4 വരെ പ്രതികളായ അനാശാസ്യ കേന്ദ്ര നടത്തിപ്പുകാരും ഇടപാടുകാരുമായ ജഗതി സ്വദേശി ശ്രീകുമാരൻ നായർ , മഴവിൽ മനോരമ ചാനലിലടക്കം ശ്രദ്ധേയമായ വേഷം ചെയ്ത ആവണി , ബിന്ദു എന്ന ലൗലി , പുനലൂർ സ്വദേശി മാത്യു ജേക്കബ്ബ് എന്ന വിനോദ് എന്നിവരെയാണ് ഹാജരാക്കേണ്ടത്.
എറണാകുളം , തിരുവനന്തപുരം ജില്ലകളിലെ വൻകിട ഹോട്ടലുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച് നക്ഷത്ര വേശ്യാലയം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സീരിയൽ താരം എന്നാണ് ആരോപണം. 2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടപ്പഴിഞ്ഞിയിൽ കുടുംബസമേതം താമസിക്കുന്ന ശ്രീകുമാരൻ നായർ വൻ തുക ഈടാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്ക് വീട് നൽകി വരികയായിരുന്നു. നാട്ടുകാർ പല ആവർത്തി പരാതിപ്പെട്ടിട്ടും മ്യൂസിയം പൊലീസ് അനങ്ങിയില്ല. നക്ഷത്ര വേശ്യാലയത്തിലെ കണ്ണികൾ വഴി മാസപ്പടി പറ്റുന്നതിനാലാണ് മ്യൂസിയം പൊലീസ് നിഷ്‌ക്രിയമായതെന്ന് ചൂണ്ടിക്കാട്ടി സ്ഥലവാസികൾ സിറ്റി പൊലീസ് കമ്മീഷണർക്ക് രഹസ്യവിവരം നൽകി. മ്യൂസിയം പൊലീസ് റെയ്ഡ് വിവരം സെക്‌സ് റാക്കറ്റിന് ചോർത്തി നൽകി റെയ്ഡ് പൊളിക്കുമെന്ന് മനസ്സിലാക്കിയ കമ്മീഷണർ അതീവ രഹസ്യമായി കന്റോൺമെന്റ് അസി. കമ്മീഷണറെക്കൊണ്ട് റെയ്ഡ് ചെയ്താണ് സംഘത്തെ വലയിലാക്കിയത്. മ്യൂസിയത്തറിയിച്ചാൽ വല പൊട്ടുമെന്ന് ബോധ്യപ്പെട്ടാണ് കമ്മീഷണർ നേരിട്ട് ഓപ്പറേഷൻ നടത്തിയത്.
കമ്മീഷണറാഫീസിൽ എത്തിച്ച വാണിഭ സംഘത്തെ ചോദ്യം ചെയ്ത ശേഷം സംഘത്തിനെതിരെ കേസെടുക്കാൻ മ്യൂസിയം പൊലീസിന് കൈമാറുകയായിരുന്നു. അതേ സമയം 2009 ൽ രജിസ്റ്റർ ചെയ്ത അനാശാസ്യ കേസിൽ 5 വർഷം പിന്നിട്ട ശേഷം 2014 ജൂൺ 30 നാണ് മ്യൂസിയം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ആഴത്തിലുള്ള അന്വേഷണം നടത്തി മുഴുവൻ കണ്ണികളെയും അറസ്റ്റ് ചെയ്ത് റാക്കറ്റിനെ വേരോടെ നിയമത്തിന് മുന്നിൽ ഹാജരാക്കാൻ കമ്മീഷണർ നിർദ്ദേശിച്ചിട്ടും മ്യൂസിയം പൊലീസ് അനങ്ങിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കേസ് ഡയറി ഫയൽ പൂഴ്‌ത്തി വച്ച് തെളിവുകൾക്ക് മേൽ ഉറങ്ങിയ മ്യൂസിയം പൊലീസ് ഒടുവിൽ കമ്മീഷണർ സ്ഥലം മാറിപ്പോയ ശേഷം റാക്കറ്റിലെ ഉന്നതരെ ഒഴിവാക്കി ആദ്യ 4 പ്രതികളെ മാത്രം വച്ച് നാമമാത്ര കുറ്റപത്രം കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) (അസാന്മാർഗിക പ്രവർത്തനം തടയൽ) നിയമത്തിലെ 3 , 4 , 5 (1) , (6) എന്നീ വകുപ്പുകൾ പ്രകാരം 7 വർഷത്തിന് മേൽ ശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യമായതിനാൽ സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട ഗൗരവമേറിയ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി കേസ് വിചാരണക്കായി തിരുവനന്തപുരം സെഷൻസ് കോടതിയിലേക്ക് കേസ് കമ്മിറ്റ് ചെയ്യുകയായിരുന്നു.
ക്രിമിനൽ നടപടി ക്രമത്തിലെ 193 , 209 എന്നീ വകുപ്പുകൾ പ്രകാരമാണ് വിചാരണക്കായി കമ്മിറ്റ് ചെയ്തയച്ചത്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് 7 വർഷം വരെ തടവും പരിധിയില്ലാത്ത പിഴയും ശിക്ഷ വിധിക്കാനധികാരമുണ്ട്. ഇമ്മോറൽ ട്രാഫിക് ( പ്രിവൻഷൻ ) നിയമ പ്രകാരം ചാർജ് ഷീറ്റ് ചെയ്യപ്പെട്ട കേസ് മജിസ്‌ട്രേട്ട് കോടതി വിചാരണ ചെയ്യേണ്ട കേസാണ്. വിചാരണക്കൊടുവിൽ തെളിവു മൂല്യം വിലയിരുത്തിയുള്ള കുറ്റ സ്ഥാപനത്തിൽ പ്രതിക്ക് 7 വർഷത്തിന് മേൽ ശിക്ഷ കൊടുക്കണമെന്ന് സി.ജെ.എമ്മിന് തോന്നുന്ന പക്ഷം ശിക്ഷ വിധിക്കാനായി കേസ് റെക്കോർഡുകൾ സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചാൽ മതിയാകും.
തുറവൂരില്‍ വീടിനുള്ളില്‍ രണ്ടുപേരെ മരിച്ചനിലയില് കണ്ടെത്തി. ചാവടി കൊല്ലേശേരിയില്‍ ബൈജു(50), കൈതവളപ്പില്‍ സ്റ്റീഫന്‍ (46) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചതാണ് മരണകാരണമെന്നാണ് സംശയം.
ഇവരുടെ വീടുകളില്‍ നിന്ന് സാനിറ്റൈസറും ഗ്ലാസുകളും കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യവില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്.
മദ്യം കിട്ടാതായതോടെ മറുവഴികള്‍ മദ്യപാനികള്‍ തേടിയിരുന്നു. ഇതിന്റെ ഭാഗമായി മീഥേല്‍ ആല്‍ക്കഹോള്‍ വെള്ളം ചേര്‍ത്ത് കുടിച്ച ഒരാള്‍ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തിരുന്നു.
വാഹനം കേടായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രി ജീവനക്കാരിയെ വീട്ടിലെത്തിച്ചതിന് യുവാവിനെയും മാതാവിനെയും യുവതിയുെട ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചതായി പരാതി. യുവതിയുടെ സുഹൃത്തും കോഴിക്കോട് ചോയിക്കുളം സ്വദേശിയുമായ ദിഖില്‍കുമാറിനും മാതാവ് ബേബിക്കുമാണ് മര്‍ദനമേറ്റത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ട്രാവലറും അടിച്ചുതകര്‍ത്തതിനൊപ്പം യുവതിയുടെ ഇരുചക്രവാഹനവും കടത്തിക്കൊണ്ടുപോയി. എലത്തൂര്‍ പൊലീസ് തുടര്‍നടപടിയെടുക്കാന്‍ വൈകുന്നുവെന്നാണ് ആക്ഷേപം.
കഴിഞ്ഞ പതിനെട്ടിന് കോഴിക്കോട്ടെ ആശുപത്രിയിലെ ജോലികഴിഞ്ഞ് യുവതി തലശ്ശേരിയിലേക്ക് മടങ്ങുന്നതിനിെട പൂളാടിക്കുന്നിന് സമീപം വാഹനം കേടായി. ദിഖില്‍കുമാറെത്തി യുവതിയെ സ്വന്തം വാഹനത്തില്‍ തലശ്ശേരിയിലെ വീട്ടിലെത്തിച്ചു. യുവതിയുടെ കേടായ വാഹനം ദിഖിലിന്റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഈ വൈരാഗ്യമാണ് പിറ്റേന്ന് രാത്രിയിലെ ആക്രമണത്തിനിടയാക്കിയത്.
സുഹൃത്തിന് കോവിഡായതിനാല്‍ ദിഖില്‍ മറ്റൊരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മാതാവ് ബേബി അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തി. അക്രമികള്‍ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ബേബിക്ക് അടിയേറ്റത്.
ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷം കേസെടുക്കാമെന്നാണ് എലത്തൂര്‍ പൊലീസ് ദിഖിലിനെ അറിയിച്ചിട്ടുള്ളത്. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പൊലീസ് ബോധപൂര്‍വം സമയം നല്‍കുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. തുടര്‍ നടപടിയെടുക്കുന്നതിന് കാലതാമസം വരുത്തിയിട്ടില്ലെന്നും കേസെടുക്കാന്‍ വൈകില്ലെന്നുമാണ് എലത്തൂര്‍ പൊലീസിന്റെ വിശദീകരണം.
ലോകമഹായുദ്ധകാലത്തെ ബോംബ് ഓണ്‍ലൈനായി വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബ്രിട്ടീഷ് മെറ്റല്‍ ഡിറ്റെക്‌റ്റോറിസ്റ്റ് മാര്‍ക്ക് വില്യംസ് ആണ് അറസ്റ്റിലായത്.
ഹാംപ്‌ഷെയറിലുള്ള സഹോദരന്റെ വീടിന് സമീപത്ത് നിന്നാണ് മാര്‍ക്കിന് ബോംബ് കിട്ടിയത്.പഴക്കമേറിയതും ചരിത്രപ്രധാനവുമായ സ്‌ഫോടകവസ്തു കിട്ടിയതിന്റെ ആഹ്‌ളാദത്തില്‍ മാര്‍ക്ക് അതി വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈന്‍ വിപണിയായ ഇബെയില്‍ ബോംബിന്റെ പരസ്യം കണ്ട റാല്‍ഫ് ഷെര്‍വിന്‍ എന്ന സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ് ആണ് പൊലീസിനെ വിവരമറിയിച്ചത്. പരസ്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇയാള്‍ മാര്‍ക്കിനെ വിളിച്ച് ബോംബ് കയ്യില്‍ സൂക്ഷിക്കുന്നത് അപകടമാണെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ഇദ്ദേഹം വകവെച്ചില്ല.
ബോംബ് നിര്‍വീര്യമാക്കിയതാണോ എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് ബോംബ് ആള്‍പ്പാര്‍പ്പുള്ള സ്ഥലത്ത് കുഴിച്ചിട്ടിരിക്കുകയാണെന്ന മാര്‍ക്കിന്റെ മറുപടി മുന്‍നിര്‍ത്തി റാല്‍ഫ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ഇബേയുമായി ബന്ധപ്പെട്ട് മാര്‍ക്കിന്റെ വിലാസം പൊലീസ് കണ്ടെത്തുകയും ബോംബ് കുഴിച്ചിട്ടിരിക്കുന്ന സ്ഥലത്തിന് അമ്പത് മീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് ബോംബ് കണ്ടെടുക്കുകയുമായിരുന്നു. ബോംബ് നിര്‍വീര്യമാക്കുന്നതിനായി പൊലീസ് കൊണ്ടുപോയി.
സ്‌ഫോടക വസ്തു കൈവശം വെച്ചതിന് മാര്‍ക്കിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.ഇബേയില്‍ അപകടകരമായ വസ്തുക്കളോ ആയുധങ്ങളോ വില്‍ക്കുന്നത് അനുവദനീയമല്ലെന്ന് ഇബേ വക്താവ് അറിയിച്ചു. വിവരം അറിഞ്ഞ ഉടനേ തന്നെ മാര്‍ക്കിന്റെ വിലാസം പൊലീസിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈ തീരത്തുണ്ടായ ബാർജ് ദുരന്തത്തിൽ ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് തോലനൂര്‍ കീഴ്പാല പൂതമണ്ണില്സുരേഷ് കൃഷ്ണന്(43) ആണ് മരിച്ചത്. മാത്യൂസ് അസോസിയേറ്റ് കോണ്‍ട്രാക്ട് കമ്പനിയിലെ പ്രോജക്ട് മാനേജറായിരുന്നു. സംസ്ക്കാരം ഞായറാഴ്ച ബോംബെയില്‍ നടക്കും. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി ആയി ഉയർന്നു.
കൊല്ലം സ്വദേശി എഡ്വിൻ, തൃശൂർ സ്വദേശി അർജുൻ വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായീൽ എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റു മലയാളികൾ. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.