തിരുവനന്തപുരം മുടപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട അജിത്തിന്റെ പരിചയക്കാരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ചിറയിന്‍കീഴിനടുത്ത് അരയാതുരുത്തിലുള്ള അജിത്തിനെ വെള്ളിയാഴ്ച രാവിലെയാണ് മുടപുരത്തെ വഴിയരുകില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ അജിത്തിന്റെ കൊലപാതകത്തിന് പിന്നിലും ക്രിമിനല്‍ സംഘങ്ങള്‍ തന്നെയെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള കിഴുവിലം കൊച്ചാലംമൂട് സ്വദേശികളായ അഭിജിത്ത്, സിനേഷ്, കല്ലുവാതുക്കലില്‍ താമസിക്കുന്ന സുധീഷ്, സ്നേഹന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരും കൊല്ലപ്പെട്ട അജിത്തും പരിചയക്കാരാണ്. പക്ഷെ അഭിജിത്തിനെ പലതവണ അജിത്ത് ഉപദ്രവിച്ചിട്ടുണ്ട്. പണവും ബൈക്കുമെല്ലാം തട്ടിയെടുത്തിട്ടുണ്ടെന്നും പറയുന്നു. ഇതിന്റെ വൈരാഗ്യത്താല്‍ അഭിജിത്താണ് അജിത്തിനെ ആക്രമിക്കാന്‍ തീരുമാനിച്ചത്. മറ്റ് പ്രതികളുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കൊല നടന്നതെന്നാണ് കരുതുന്നത്. അന്ന് 8 മണിയോടെ അഭിജിത്ത്, അജിത്തിനെ സ്നേഹം നടിച്ച് വിളിച്ച് ബൈക്കില്‍ കയറ്റി കൊലനടന്ന സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. മറ്റ് പ്രതികള്‍ കാത്തിരുന്ന ആളൊഴിഞ്ഞ പ്രദേശത്തെത്തിയ ശേഷം കൂട്ടം ചേര്‍ന്ന് വെട്ടിയും കുത്തിയും ആക്രമിച്ചു. അജിത്ത് പുഴയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വഴിയരുകില്‍ ഉപേക്ഷിക്കുകയായിരുന്നു. തെളിവെടുപ്പില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. ഇനി കുറഞ്ഞത് നാല് പേരെങ്കിലും പിടിയിലാകാനുണ്ടെന്ന് ചിറയിന്‍കീഴ് എസ്.എച്ച്.ഒ സി.ആര്‍.രാജേഷ്, എസ്.ഐ എ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലെ അന്വേഷണസംഘം അറിയിച്ചു.