മൂന്നു വർഷം മുൻപ് കേരളത്തെ ഞെട്ടിച്ച കെവിൻ എന്ന യുവാവിന്റെ ദുരഭിമാന കൊലപാതകം, അതേ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും, അതേ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഗുണ്ടാ അക്രമി കഞ്ചാവ് മാഫിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി. അന്ന് അലംഭാവം കാട്ടിയ പൊലീസ് സംഘം ഇന്ന് ഉണർന്നു പ്രവർത്തിച്ചതോടെ മണിക്കൂറുകൾക്കകം പ്രതികൾ വലയിലായി. കഞ്ചാവ് നൽകാൻ പണം വാങ്ങിയ ശേഷം അക്രമി സംഘത്തെ കരിയിലയും ചപ്പും ചവറും നൽകിയ പറ്റിച്ചതിന്റെ വൈരാഗ്യത്തിനാണ് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയത്.
വെള്ളൂർ ഇറുമ്പയം ഇഞ്ചിക്കാലായിൽ ജോബിൻ ജോസിനെ (24)യാണു ബുധനാഴ്ച രാത്രി ഒമ്പതരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും ഗുണ്ടാ മാഫിയ സംഘം തട്ടിക്കൊണ്ടു പോയത്. രാത്രി ഒൻപത് മുതൽ പുലർച്ചെ മൂന്നു വരെ നീണ്ടു നിന്ന മാരത്തോൺ അന്വേഷണത്തിനൊടുവിൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ കൃത്യമായ ഇടപെടലിനൊടുവിൽ ഗുണ്ടാ സംഘത്തിലെ പ്രധാനികളായ രണ്ടു പേരെ പൊലീസ് പൊക്കി അകത്താക്കി.
പത്തനംതിട്ട കോയിപ്രം ദ്വാരകയിൽ ലിബിൻ (28), കോയിപ്രം മോളിക്കൽ ചരിവുകാലായിൽ രതീഷ് (26) എന്നിവരെയാണ് ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് വി.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കൽ കോളേജ് മുതൽ തിരുവല്ല വരെ വാഹനത്തെ പിൻതുടർന്നു പ്രതികളെ പിടികൂടിയത്. ഗുണ്ടാ സംഘത്തിലെ രണ്ടു പേരെ കൂടി ഇനി പിടികൂടാനുണ്ടെന്നു പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടു വർഷത്തിലേറെയായി വെള്ളൂരിലെ വീട്ടിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ലോഡ്ജിലാണ് പ്രതി താമസിച്ചിരുന്നത്. ഇയാളുടെ ഇടപാടുകൾ എല്ലാം ദുരൂഹമാണ് എന്ന ആരോപണവും ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രതികൾ അടങ്ങുന്ന കഞ്ചാവ് മാഫിയ സംഘത്തിനു ജോബിൻ കഞ്ചാവ് വിറ്റത്. കഞ്ചാവ് വിൽക്കുന്നതിനായി പ്രതികൾ അടങ്ങിയ സംഘത്തിൽ നിന്നും ജോബിൻ 25000 രൂപ വാങ്ങിയിരുന്നു. ഇതിനു ശേഷം കഞ്ചാവിനു പകരമായി നൽകിയത് ചപ്പും ചവറും അടങ്ങിയ പൊതിയായിരുന്നു.
ഇതിനു പ്രതികാരം ചെയ്യുന്നതിനായാണ് ഗുണ്ടാ മാഫിയ സംഘം കഴിഞ്ഞ ദിവസം നഗരത്തിൽ എത്തിയത്. തുടർന്നു, ജോബിനെ കണ്ടെത്തിയ സംഘം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബലം പ്രയോഗിച്ച് ജോബിനെ കാറിനുള്ളിലേയ്ക്കു വലിച്ചു കയറ്റുന്നതും ആക്രമിക്കുന്നതും കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഉടൻ തന്നെ കോട്ടയം ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി.
തുടർന്നു, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സുരേഷ് വി. നായർ , എസ്.ഐ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി. ഇവിടെ നിന്നു ഒരു ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടുകയും, ഫോണിലേക്കു വന്ന കോൾ പിന്തുടർന്നു പുലർച്ചെ മൂന്നരയോടെ പ്രതികളെ തിരുവല്ലയിൽ നിന്നു പിടികൂടുകയുമായിരുന്നു.
എ.എസ്.ഐ മനോജ്, ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ , രാഗേഷ്,അജിത്ത് കുമാർ, ഷൈജു കുരുവിള, അനീഷ്, വിജയലാൽ ,രാധാകൃഷ്ണൻ, ശശികുമാർ ,സോണി, കോട്ടയം സൈബർ പോലീസ് സ്റ്റേഷനിലെ ജോർജ് ജേക്കബ്, ജോബിൻസ് ജെയിംസ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
ഉത്തർപ്രദേശിൽ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ് പൊലീസ് സ്റ്റേഷനിൽ. ഹർദോയ് ജില്ലയിലെ പൻഡേതര ഗ്രാമത്തിലാണ് സംഭവം.
സർവേഷ് കുമാർ എന്നയാളാണ് മകളെ കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് നടന്നു വന്നത്.
മകളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതിനെ തുടർന്നാണ് കൊലപാതകം. വെട്ടിയെടുത്ത തലയുമായി പിതാവ് സ്റ്റേഷനിലേക്ക് നടന്നുവരുന്ന ദൃശ്യങ്ങൾ രണ്ടു പൊലീസുകാർ വിഡിയോയിൽ പകർത്തി.
തുടർന്ന് ഇയാളുടെ പേരും സ്ഥലവും പൊലീസുകാർ ചോദിക്കുന്നതും ആരെയാണ് കൊലപ്പെടുത്തിയത് എന്നുള്ള ചോദ്യത്തിന് മകളെയാണെന്നും ഇയാൾ പറയുന്നുണ്ട്.
തമിഴ്നാട് തഞ്ചാവൂരിലാണ് അഞ്ചുവയസുകാരനെ ജ്യോല്‍സ്യന്റെ വാക്കുകേട്ട് പിതാവ് ക്രൂരമായി കൊലപെടുത്തിയത്. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി സായ് ശരണാണ് അന്ധവിശ്വാസത്തിന്റെ ഒടുവിലത്തെ ഇര.
അന്ധവിശ്വാസം ഒരു ജീവൻ കൂടിയെടുത്തു തമിഴ്നാട്ടിൽ. തഞ്ചാവൂര്‍ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി ജ്യോല്‍സ്യന്റെ വാക്കനുസരിച്ചായിരുന്നു ജീവിച്ചിരുന്നത്. കുടുംബത്തിലെ ദാരിദ്രത്തിനു കാരണം മൂത്തമകന്‍ സായ്ശരണിന്റെ ജാതകമാണെന്ന് ഈയിടെ ജ്യോല്‍സ്യൻ കവടി നിരത്തി പ്രവചിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാള്‍ പലപ്പോഴായി ഇയാള്‍ മകനെ ഉപദ്രവിച്ചു.
അതേച്ചൊല്ലി ഭാര്യ ഗായത്രിയും രാംകിയും തമ്മില്‍ കലഹം പതിവായിരുന്നു. അഞ്ചുദിവസം മുമ്പ് പതിവുപോലെ മകന്റെ ജാതകത്തെ ചൊല്ലി വഴക്കുണ്ടായി അരിശം മൂത്തു രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്തു മകന്റെ ദേഹത്തൊഴിച്ചു തീകൊളുത്തി.
ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയൽക്കാരും ചേർന്ന് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. അറസ്റ്റിലായ രാംകിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ മന്നാർഗുഡി ജയിലിലടച്ചു. ജോത്സ്യനു വേണ്ടി തിരച്ചില്‍ തുടങ്ങി.
സദാചാര ഗുണ്ടായിസത്തിനെതിരെ പൊരുതുന്ന ഒരു സമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ് തിങ്കളാഴ്ച മുത്താരപ്പീടികയിൽ നടന്ന മർദ്ദനം. യുവജന സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്നയാളാണ് ഇത്തരമൊരു കൃത്യത്തിനു മുതിർന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. യൂണിഫോമിലായിരുന്ന വിദ്യാർഥിയെ മർദിക്കാൻ പ്രതിക്കുള്ള പ്രകോപനമെന്തെന്നു വിശദീകരിക്കാനാകാതെ പൊലീസും തുടക്കത്തിൽ കുഴങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്കു നടന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത് ഇന്നലെ രാത്രി വൈകിയാണ്. ‘
ആളു മാറിപ്പോയി എന്നു പറഞ്ഞ് പ്രതി ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും കേസുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്ന് വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. നട്ടുച്ചയ്ക്ക്, നടുറോഡിൽ, യൂണിഫോം ധരിച്ച വിദ്യാർഥിക്കു നേരെയാണ് സദാചാര ഗുണ്ടായിസത്തിന്റെ പേരിലുള്ള ഈ ആക്രമണം നടന്നത്. രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
ഒരു എഎസ്ഐയും ചില സിപിഎം പ്രവർത്തകരും ഇതിനു ശ്രമിച്ചെന്ന് ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് ഒത്തുതീർപ്പിനു ശ്രമിച്ചെന്ന ആരോപണം ശരിയല്ലെന്നും സംഭവം നടന്ന ദിവസം തന്നെ കേസെടുത്തിട്ടുണ്ടെന്നും അക്രമത്തിനു പിന്നിലെ പ്രകോപനം വ്യക്തമല്ലെന്നും പാനൂർ പൊലീസ് പറഞ്ഞു.
സഹപാഠിയായ പെൺകുട്ടിക്കൊപ്പം ഒന്നിച്ചു നടന്നതിന്റെ പേരിലാണു വിദ്യാർഥിക്കു നേരെ ക്രൂര മർദനമുണ്ടായത്. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു തന്നെ മർദനത്തിന്റെ ഭീകരത വ്യക്തമാണ്. മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണു മർദനമേറ്റത്. മർദനമേറ്റ കാര്യം വിദ്യാർഥി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി.
വിദ്യാർഥി പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പല്ല് ഇളകിയതായി വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. പ്രകോപനമില്ലാതെയാണു ചെണ്ടയാട് സ്വദേശിയായ വിദ്യാർഥിയെ മുത്താരപ്പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിനീഷ് മർദിച്ചത്. സഹപാഠിക്കൊപ്പം നടന്നതിനാണു മർദിച്ചതെന്നാണ് വിദ്യാർഥിയുടെ പിതാവും പറയുന്നത്. പരാതി നൽകിയിട്ടും പൊലീസ് ഒത്തുതീർപ്പിനു ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.
സംഭവം കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞും പ്രതിയെ പിടിക്കാൻ കഴിയാതെ വന്നതോടെ പ്രതിഷേധം ശക്തമായിരുന്നു. പ്രതി ഡിവൈഎഫ്ഐ ഭാരവാഹിയാണെന്നത് സംഘടനയ്ക്കും സമ്മർദ്ദമായി. ഇന്നലെ വൈകിട്ടോടെ പ്രതിയെ പിടികൂടണം എന്ന് ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
ഈ കേസിൽ പ്രതിക്കൊപ്പം നിന്നാൽ രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്. ആക്രമങ്ങളെ നീതീകരിക്കാൻ സാധിക്കില്ലെന്നും പീഡിതർക്കൊപ്പമാണ് ഡിവൈഎഫ്ഐ നിലകൊള്ളുകയെന്നും സംഘടനയുടെ ബ്ലോക്ക് സെക്രട്ടറി കെ.ആദർശ് പറഞ്ഞു. മൊകേരിയിൽ നിന്നാണ് രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
‘ഞാനും എന്റെ ക്ലാസിലെ പെൺകുട്ടിയും നടന്നു വരുമ്പോൾ ഒന്നും പറയാതെ വെറുതെ പിടിച്ച് അടിച്ചു. ആളു മാറിയെന്നാണ് അവസാനം പറയുന്നത്. അടിയെല്ലാം കഴിഞ്ഞാണിതു പറയുന്നത്.
പരീക്ഷ കഴിഞ്ഞ് ഒരേ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഒന്നിച്ചു വരികയായിരുന്നു. പെൺകുട്ടി അവളുടെ വീട്ടിലേക്കു പോയി. മകൻ ഞങ്ങളുടെ വീട്ടിലേക്കു വരികയായിരുന്നു. അപ്പോഴാണ് മർദനം. നീയെന്തിനാ ഓൾടെ കൂടെ നടക്കുന്നത് എന്നു ചോദിച്ചായിരുന്നു മർദനം. എല്ലാവരും നോക്കി നിന്നു. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ അവിടെയുണ്ടായിരുന്നു. ഒരു കുട്ടിയെ അടിക്കുന്നതു കണ്ടിട്ട് ഒന്നു പിടിച്ചുമാറ്റാൻ പോലും ഇവർ തയാറായില്ല. സ്റ്റേഷനിലെ പൊലീസിന്റെ ഇടപെടലും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതു പോലെയായിരുന്നു.
സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു മധ്യവയസ്കനെ തേൻകെണിയിൽ കുടുക്കി 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളും കവർന്ന യുവതി ഉത്തർ പ്രദേശിലെ നോയിഡയിൽ സിറ്റി പൊലീസിന്റെ പിടിയിൽ.
തൃശൂർ സ്വദേശിനിയും നോയിഡയിൽ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലൻ (33) ആണ് അറസ്റ്റിലായത്. തൃശൂരിൽ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനെ കെണിയിൽ കുടുക്കി നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തി പണംതട്ടിയതിനാണ് അറസ്റ്റ്.
തൃശൂരിൽ സ്ഥലം മാറിയെത്തിയ സബ് കലക്ടർ ട്രെയിനിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ധന്യ ഇദ്ദേഹത്തെ പരിചയപ്പെട്ടത്. വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്നു വിശ്വസിപ്പിച്ചു ഹോട്ടൽ മുറികളിലും ഫ്ലാറ്റുകളിലും വിളിച്ചുവരുത്തി കെണിയിൽപ്പെടുത്തിയെന്നാണു പരാതി. നഗ്നചിത്രങ്ങൾ പകർത്തുകയും ഇവ കുടുംബാംഗങ്ങൾക്ക് അയച്ചു നൽകുമെന്നു ഭീഷണിപ്പെടുത്തി 17 ലക്ഷം രൂപയും സ്വർണവും തട്ടിയെടുക്കുകയും ചെയ്തു.
കമ്മിഷണർ ആർ. ആദിത്യയ്ക്കു പരാതി നൽകിയതോടെ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസിപി പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ധന്യ നോയിഡയിൽ ഉണ്ടെന്നു കണ്ടെത്തി.
നിഴൽ പൊലീസ് എസ്ഐ എൻ.ജി. സുവൃതകുമാർ, എഎസ്ഐ ജയകുമാർ, സീനിയർ സിപിഒ ടി.വി. ജീവൻ, സിപിഒമാരായ എം.എസ്. ലിഗേഷ്, പ്രതിഭ, പ്രിയ എന്നിവർ ഉൾപ്പെട്ട സംഘമാണ് ധന്യയെ അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂർ: മദ്യലഹരിയിൽ അനുവാദമില്ലാതെ പ്ലേറ്റിൽനിന്ന് പൊറോട്ട എടുത്തുകഴിച്ച യുവാവിനെ വയോധികൻ തല്ലിക്കൊലപ്പെടുത്തി. കോയമ്പത്തൂർ എടയാർപാളയം സ്വദേശിയായ ജയകുമാറിനെ കൊലപ്പെടുത്തിയ തൊഴിലാളിയായ വെള്ളിങ്കിരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാർ മദ്യലഹരിയിൽ വെള്ളിങ്കിരിയുടെ പ്ലേറ്റിൽനിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു. എന്നാലിത് ഇത് വെള്ളിങ്കിരി ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.
വെള്ളിങ്കിരി തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും തുടർച്ചയായി അടിക്കുകയായിരുന്നു. സാരമായി മർദ്ദനമേറ്റ ജയകുമാർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജയകുമാറിന്റെ അമ്മയുടെ പരാതിയിൽ വെള്ളിങ്കിരിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
കൂട്ടുകാർക്കൊപ്പം വനത്തിനുള്ളിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് ചന്തക്കുന്ന് ലക്ഷംവീട് കോളനിയിൽ എആർ നിവാസിൽ റഷീദിന്റെയും അമ്മിണിയുടെയും മകൻ അംജിത്(30)നെയാണ് വനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ ഭരതന്നൂർ കല്ലുമല മേഖലയിലെ വനത്തിലാണ് മൃതദേഹം കണ്ടത്. കൂട്ടുകാർക്കൊപ്പമാണ് അംജിത് കൊടും വനത്തിലെത്തിയത്. തുടർന്ന് ഓട്ടേറിക്ഷാ ഡ്രൈവറുടെ ഫോൺ വാങ്ങി കോൾ ചെയ്യുന്നതിനായി അംജിത് വനത്തിനുള്ളിലേക്ക് നടന്നു നീങ്ങുകയായിരുന്നു. എന്നാൽ ഏറെ നേരത്തിന് ശേഷവും അംജിത് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് കൂട്ടുകാരുടെ മൊഴി.
ഒടിഞ്ഞു വീണ് ചരിഞ്ഞ അക്കേഷ്യ കമ്പിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടതെന്നും ജീവനുണ്ടെന്നു സംശയിച്ച് കെട്ടഴിച്ചിറക്കിയെന്നും മരണം സംഭവിച്ചുവെന്ന് മനസ്സിലാക്കിയതിനെത്തുടർന്നു പൊലീസിൽ വിവരമറിയിച്ചുവെന്നും സുഹൃത്തുക്കൾ പൊലീസിനോടു പറഞ്ഞു. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടിപ്പർ ലോറി ഡ്രൈവറാണ് മരിച്ച അംജിത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു കാരണവും ഇല്ലാതെ മൂവർ സംഘം കൊടും വനത്തിലെത്തിയതിനെ പൊലീസ് സംശയിക്കുന്നു. അംജിത് ധരിച്ചിരുന്ന കൈലിമുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയിരിക്കുന്നത്. വളരെ താഴ്ന്ന നിലയിലാണ് മുണ്ട് കെട്ടിയിരിക്കുന്നത്. കാലിൽ ചെരുപ്പ് ധരിച്ചിട്ടുണ്ട്. തറയിൽ മലർന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം.
ധരിച്ചിരിക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ ഒരു മൊബൈൽ ഫോണുമുണ്ട്. ഓട്ടോയിൽ രണ്ടു പേരെ ഫോറസ്റ്റ് വാച്ചർമാരും കണ്ടിരുന്നു. എന്നാൽ മരിച്ചയാളെ ഇവർ കണ്ടിരുന്നില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിനോടു വ്യക്തമാക്കി. വിദഗ്ധ സംഘത്തിന്റെ വിശദ പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയയ്ക്കും
കോട്ടയം: കോട്ടയം എം സി റോഡിൽ നാഗമ്പടത്ത് ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. നാഗമ്പടം പാലത്തിലായിരുന്നു വാഹനാപകടം ഉണ്ടായത്.
പുത്തേട്ട് പ്രകാശിന്റെ ഭാര്യയും കോട്ടയം നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയുമായ നിഷയാണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തേക്ക് ഭർത്താവ് പ്രകാശിനൊപ്പം സ്‌കൂട്ടറിൽ വരികയായിരുന്നു നിഷ. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിക്കുകയും നിയന്ത്രണം നഷ്ടമായ സ്‌കൂട്ടറിൽ നിന്നും ഇരുവരും റോഡിലേക്ക് വീഴുകയും നിഷയുടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയുമായിരുന്നു.
നാഗമ്പടം പാലത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തു വെച്ച് മറ്റൊരു ടോറസ് ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ മറിയുകയും പുറകിലൂടെ എത്തിയ ടോറസ് നിഷയുടെ തലയിലൂടെ കയറുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.
ഈ സമയം റോഡിന്റെ എതിർദിശയിൽ നിന്നും ഒരു സ്വകാര്യ ബസ് എത്തിയിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ഈ സ്വകാര്യ ബസ് ഇവരുടെ സ്‌കൂട്ടറിൽ തട്ടിയതാവാം അപകടകാരണമെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ, ഇതു സംബന്ധിച്ചു അന്വേഷണം നടത്തണമെന്നാണ് പൊലീസ് പറയുന്നത്.
സ്ഥലത്തെത്തിയ പോലീസ് ഇരുസാധ്യതകളും അന്വേഷിക്കും എന്ന് പറഞ്ഞു. അഗ്നി രക്ഷാ സേന എത്തിയാണ് റോഡിൽ നിന്നും ശരീര ഭാഗങ്ങളും രക്തവും കഴുകിക്കളഞ്ഞത്. ഭർത്താവ് പ്രകാശിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. നിഷയുടെ മൃതദേഹം കോട്ടയം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അംഷ,അംഷിത് എന്നിവർ മക്കളാണ്.
ഇടുക്കി പള്ളിവാസലില്‍ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രധാനതൊണ്ടിമുതലായ ആയുധം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം അരുണ്‍ ആത്മഹത്യ ചെയ്തതാണന്ന് നിഗമനമെങ്കിലും ശാസ്ത്രീയമായി തെളിക്കാന്‍ ആയുധം കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ പ്രതിയും കൊല്ലപ്പെട്ടതോടെ കേസ് നടപടികള്‍ അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം.
അരുൺ (അനു–28) മരിച്ചതിനാൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതോടെ കേസ് അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പൊലീസ്. രേഷ്മയെ കുത്തിയതെന്നു കരുതുന്ന ആയുധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അരുണിന്റെ മുറിയിൽ നിന്നു ലഭിച്ച കുറ്റസമ്മതക്കത്തും ഇരുവരുടെയും ദേഹത്തെ രക്തസാംപിളും ശാസ്ത്രീയ പരിശോധനാഫലങ്ങളും കേസിൽ നിർണായക തെളിവുകളാവും.
വെള്ളിയാഴ്ച വൈകുന്നേരം രേഷ്മയെ ഉളി പോലുള്ള ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയ അരുൺ 3 ദിവസം കഴിഞ്ഞ് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ രാത്രി തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.
അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ 2 അടയാളങ്ങളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഇത് ആഴത്തിലുള്ള മുറിവല്ലെന്ന് വ്യക്തമായതായി അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. കൃത്യത്തിനു ശേഷം ജീവനൊടുക്കാൻ അരുൺ സ്വയം കുത്തിയതാകാനാണു സാധ്യതയെന്നു വെള്ളത്തൂവൽ എസ്എച്ച്ഒ ആർ.കുമാർ പറഞ്ഞു.
ഇരിങ്ങാലക്കുടയില്‍ പട്ടാപകല്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ആഭരണം തട്ടിയെടുത്ത കൊലയാളിയെ തേടിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. ഒരു വര്‍ഷത്തിലധികം ലോക്കല്‍പൊലീസ് അന്വേഷിച്ച ശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സംശയകരമായി പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തവരെയെല്ലാം ക്രൈംബ്രാഞ്ച് സംഘവും ചോദ്യം ചെയ്തെങ്കിലും അന്വേഷണം കാര്യമായി പുരോഗമിക്കുന്നില്ലെന്നാണ് വിവരം.
2019 നവംബര്‍ പതിനാലിനായിരുന്നു ഇരിങ്ങാലക്കുട സ്വദേശി ആലീസ് വീടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസം. രാവിലെ വീടിനകത്തു കയറിയ കൊലയാളി കഴുത്തറുത്ത് കൊലപ്പെടുത്തി സ്ഥലംവിട്ടു. നാലു മാസത്തിനിടെ ആയിരം പേരെ പൊലീസ് ചോദ്യംചെയ്തു. പക്ഷേ, കൊലയാളിയെ കണ്ടെത്താനായില്ല. ആയുധം പൊതിഞ്ഞു കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ന്യൂസ് പേപ്പര്‍ വീടിനടുത്തു നിന്ന് കിട്ടിയിരുന്നു. കൊലയാളിയെ ആരും കണ്ടിട്ടില്ല.
വീടുകള്‍ തിങ്ങിനിറഞ്ഞ പ്രദേശത്ത് ആരുമറിയാതെ പുറത്തു നിന്നൊരാള്‍ കൊല നടത്തി പോകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘവും അന്വേഷിക്കുന്നത്. സംശയിക്കുന്ന ആളുകളുടേയെല്ലാം ഡി.എന്‍.എ. സാംപിള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ആലീസിന്റെ ശരീരത്തില്‍ നിന്ന് കിട്ടിയ മുടി കൊലയാളിയുടേതാണെന്ന് സംശയമാണ് അന്വേഷണസംഘത്തിനുള്ളത്. കൊലയാളികളെന്ന് സംശയിക്കുന്ന എട്ടുപേരുടെ പട്ടികയാണ് ലോക്കല്‍ പൊലീസ് തയാറാക്കിയിരുന്നത്. ഇവരെയെല്ലാം ചോദ്യം ചെയ്തെങ്കിലും ആരും കുറ്റം സമ്മതിച്ചില്ല…സംശയകരമായി സാഹചര്യത്തില്‍ കൊലനടക്കുന്ന ദിവസം ഇരിഞ്ഞാലക്കുട ടൗണിലുണ്ടായിരുന്നവരാണ് ഇവരെല്ലാം.
ഇവരെ കേസുമായി ബന്ധിപ്പിക്കാവുന്ന തെളിവുകളും പൊലീസ് ലഭിച്ചിരുന്നില്ല. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും ഇവരെ ചോദ്യം ചെയ്തു. കൃത്യമായ സൂചനകളൊന്നും ലഭിക്കാതായതോടെയാണ് അന്വേഷണം വഴിമുട്ടിയത്. കഴുത്തറുത്ത ശൈലിവച്ച് ഇറച്ചിക്കടയിലെ ജീവനക്കാരനാകാം കൊലയാളിയെന്ന് പൊലീസ് ആദ്യമേ തന്നെ സംശയിച്ചിരുന്നു. സംഭവ ദിവസം വീടിനടുത്ത് എത്തിയ കര്‍ട്ടണ്‍ പണിക്കാരെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷിച്ചെങ്കിലും വഴിത്തിരിവുണ്ടായില്ല. കൊലക്കേസുകള്‍ തെളിയിക്കാന്‍ വൈകിയാല്‍ ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്ന പതിവും ആലിസ് കൊലക്കേസില്‍ നടന്നില്ല.
പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ലോക്കല്‍പൊലീസ് അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കാതെ നീട്ടുകൊണ്ട് പോയി. ഒടുവില്‍ ആലീസ് കൊല്ലപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും തുമ്പൊന്നും ലഭിക്കാതായതോടെ പ്രതിഷേധവും ശക്തമായി. ഇതോടെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്…ഇതിനിടെ ശാസ്ത്രീയതെളിവുകളെല്ലാം നഷ്ടപ്പെട്ടെന്ന ആരോപണവും ഉയര്‍ന്നു. കേസ് അന്വേഷണം ഏറ്റെടുത്ത് പലരേയും ക്രൈംബ്രാഞ്ചും ചോദ്യം ചെയ്തെങ്കിലും പ്രതിയിലേക്ക് നീളുന്ന തുമ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന..ഇതോടെ പ്രതിഷേധം ശക്തിപ്പെടത്താന്‍ ഒരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.