മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഉപരോധം ഏര്‍പ്പെടുത്താനാകില്ലെന്ന് അമേരിക്ക. സൗദിയുമായുള്ള ബന്ധം നല്ല നിലയ്ക്ക് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ബൈഡന്‍ ഭരണകൂടം യു.എസ്-സൗദി ബന്ധം വിച്ഛേദിക്കാതെ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. നിലവില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് പോലുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് സൗദി അറേബ്യയിലെ അമേരിക്കന്‍ സ്വാധീനത്തെ ബാധിക്കുമെന്നും നെഡ് പ്രൈസ് വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറത്തുവിട്ടതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് അന്താരാഷ്ട്രതലത്തില്‍ നടക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാനെതിരെ വാഷിംഗ്ടണ്‍ നടപടിയെടുക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണ്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം.
ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് സൗദിയിലെ 76 പേര്‍ക്ക് യു.എസ് ഉപരോധവും യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധമുള്ളവരെ ഉപരോധിച്ചെങ്കിലും അദ്ദേഹത്തിനെതിരെ മാത്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് യു.എസിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നതായി ആക്ടിവിസ്റ്റ് ആന്‍ഡ്രിയ പ്രാസോവ് പറഞ്ഞിരുന്നു.
വനിതാ ദന്തഡോക്ടർ കുത്തേറ്റ് മരിച്ച കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തൃശ്ശൂരിലെ കുട്ടനെല്ലൂരിലെ ക്ലിനിക്കിന് അകത്ത് വെച്ചാണ് ഡോക്ടർ സോനയെ പ്രതി മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്. ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് സർക്കാരിന്റെ ഹർജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തിയിരുന്ന സോനാ ജോസിനെ സെപ്റ്റംബർ 28 നാണ് മഹേഷ് കൊലപ്പെടുത്തിയത്. ഒക്ടോബർ ആറിന് അറസ്റ്റിലായ മഹേഷിന് ഹൈക്കോടതി ഡിസംബർ 21 ന് ജാമ്യം അനുവദിച്ചു.
സ്വന്തം പിതാവിന്റെ മുന്നിൽവെച്ചാണ് സോനയെ കൊലപ്പെടുത്തിയതെന്നും വെറും 42 ദിവസം മാത്രം ജയിലിൽ കഴിഞ്ഞ മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ വാദിച്ചു.
വിവാഹബന്ധം വേർപെടുത്തിയ ശേഷം സോന രണ്ട് വർഷമായി കുരിയച്ചിറയിലെ ഫ്‌ലാറ്റിലായിരുന്നു താമസം. പിന്നീട് ആരംഭിച്ച ഡന്റൽ ക്ലിനിക്കിന്റെ ഇന്റീരിയർ വർക്കുമായി ബന്ധപ്പെട്ടാണ് പഠനകാലത്തെ സുഹൃത്തായിരുന്ന മഹേഷിനോട് സോന അടുക്കുന്നത്. കുട്ടനെല്ലൂരിലെ ക്ലിനിക്കിന്റെ ഇന്റീരിയർ ഡിസൈനിന്റെ നിർമ്മാണച്ചെലവു സംബന്ധിച്ചുണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് കേസ്.
കൊവിഡ് വാക്‌സിന്‍ എടുത്തതിന് പിന്നാലെയുള്ള സഹപ്രവര്‍ത്തകരുടെ പരിഹാസത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫീസിലെ ഓഫിസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനിയെന്ന 48കാരിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.
മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ആനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഓഫീസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നേരത്തെ, തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മിഷണര്‍ ഓഫീസില്‍ ജോലിക്ക് എത്തുന്നത്. അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചിരുന്നതായി പറയുന്നു. ഇതിന്റെ പേരില്‍ ഓഫിസിലെ സഹപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും ഡയറിയില്‍ കുറിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. ഭര്‍ത്താവ് തൃലോചനനുമായി ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. മക്കള്‍: വിഷ്ണു, പാര്‍വതി(ഇരുവരും വിദ്യാര്‍ഥികള്‍).
നഗ്ന പൂജ ചെയ്താല്‍ 50 കോടി രൂപ മഴയായ് പെയ്യുമെന്ന് ധരിപ്പിച്ച് പെണ്‍കുട്ടിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയില്‍. ഫെബ്രുവരി 26ന് പെണ്‍കുട്ടി നാഗ്പുര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
നഗ്‌നയായി ചില പ്രത്യേക പൂജകള്‍ ചെയ്താല്‍ 50 കോടി രൂപ മഴപോലെ പെയ്യുമെന്നായിരുന്നു പ്രതികള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. വിവസ്ത്രയാകണമെന്ന് കേട്ടതോടെ ചതി മനസിലാക്കിയ പെണ്‍കുട്ടി ഇത് നിരസിച്ചു. എന്നാല്‍ വീണ്ടും ഇതേ ആവശ്യവുമായി പ്രതി തന്നെ സമീപിച്ചെന്നും കാണിച്ചാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ വിക്കി ഗണേഷ്(20), ദിനേഷ് മഹാദേവ് നിഖാരേ(25), രാമകൃഷ്ണ ദാദാജി മസ്‌കര്‍(41), വിനോദ് ജയറാം മസ്രാം(42), സോപന്‍ ഹരിബോ കുംറേ(35) എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടി വിക്കിയ്ക്കെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇയാളില്‍ നിന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ഐപിഎസ് ഉദ്യോഗസ്ഥയുടെ ലൈംഗിക പീഡന പരാതിയില്‍ ഡിജിപിക്കെതിരെ കേസ്. ഔദ്യോഗിക വാഹനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വനിതാ എസ്പിയുടെ പരാതിയില്‍ ഡിജിപി രാജേഷ് ദാസിനെതിരെ തമിഴ്‌നാട് സിബി- സിഐഡിയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതി കൊടുക്കാന്‍ പോകുന്നതിനിടെ വഴിമധ്യേ തടയാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ചെങ്കല്‍പേട്ട് എസ്പി ഡി കണ്ണനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട തന്നെ ഔദ്യോഗിക വാഹനത്തില്‍ വച്ച് രാജേഷ് ദാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. തമിഴ്‌നാട് ഡിജിപി ജെ കെ ത്രിപാദിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബി- സിഐഡി അന്വേഷണം ഏറ്റെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഉപദ്രവിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് നടപടി.
എഫ്‌ഐആറില്‍ ചെങ്കല്‍പേട്ട് എസ്പി ഡി കണ്ണന്റെ പേരുമുണ്ട്. പരാതി കൊടുക്കാന്‍ പോകുന്നതിനിടെ വഴിമധ്യേ വനിതാ എസ്പിയെ തടയാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് എസ്പി ഡി കണ്ണനെതിരെ കേസ്. ചെന്നൈയിലേക്ക് പോകുന്ന വഴിയാണ് തടയാന്‍ ശ്രമിച്ചത്. രാജേഷ് ദാസിന്റെ ഉത്തരവ് അനുസരിച്ചാണ് തടയാന്‍ ശ്രമിച്ചതെന്നാണ് കണ്ണന്റെ വാദം. ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ നിര്‍ബന്ധിത അവധിയിലാണ് എസ്പി. നേരത്തെ വനിതാ എസ്പിയുടെ പരാതിയില്‍ ആഭ്യന്തര സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയതില്‍ പങ്കാളികളായത് മൂന്നു സംഘങ്ങളില്‍പ്പെട്ടവര്‍. യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ടു മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയാനും വാഹനത്തിന്‍റെ നമ്പര്‍ കണ്ടെത്താനും പൊലീസിന് കഴിഞ്ഞു. നേരത്തെയും യുവതി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി.
മലബാര്‍, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും പ്രാദേശികമായി തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ സഹായിച്ചവരുമാണ് ഇവര്‍. ഈ മൂന്നു സംഘത്തിനും സ്വര്‍ണക്കടത്ത് സംഘം ഓരോ ചുമതലകള്‍ വീതിച്ചു നല്‍കിയിരുന്നു. ഈ മൂന്നു സംഘത്തിലും പെട്ടവര്‍ അറസ്റ്റിലായവരിലുണ്ട്. മാന്നാർ കുരട്ടിക്കാട് സ്വദേശി ബിനോയിയുടെ വീടു ആക്രമിച്ച് ഭാര്യ ബിന്ദുവിനെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.
എറണാകുളം പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ വെടിമറ വീട്ടിൽ അൻഷാദ് (36), പൊന്നാനി ആനയടി പാലയ്ക്കൽ അബ്ദുൽ ഫഹദ് (35), തിരുവല്ല കുരിശുകവല ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് ( കുട്ടപ്പായി– 37), പരുമല കോട്ടയ്ക്കമാലി സുധീർ (കൊച്ചുമോൻ– 36) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു സംഘവുമായി ബന്ധപ്പെട്ടവരാണെന്നും ഇതിൽ അൻഷാദ്, അബ്ദുൽ ഫഹദ് എന്നിവരൊഴികെയുള്ളവർ സ്വർണക്കടത്തു സംഘത്തിനു പ്രാദേശികമായി സഹായം നൽകിയവരാണെന്നും പൊലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയതിനു പിന്നാലെ വീട്ടിലെത്തിയ പൊലീസ് സംഘത്തോട് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ബിന്ദുവിന്‍റെ ഭര്‍ത്താവടക്കമുള്ളവര്‍ തയാറായില്ല. തട്ടിക്കൊണ്ടുപോയവര്‍ ബിന്ദുവിനെ വഴിയിലുപേക്ഷിച്ചപ്പോള്‍ ആദ്യം വിളിച്ചത് മാന്നാര്‍ പൊലീസിനെയാണ്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ജോസ് വടക്കഞ്ചേരി പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.
അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്ന മാന്നാര്‍, പരുമല സ്വദേശികളാണ് വീടാക്രമിച്ച് യുവതിയെ പിടിച്ച് സംഘത്തെ ഏല്‍പ്പിച്ചത്. പ്രധാന പ്രതി രാജേഷ് പ്രഭാകറിന്റെ ഭാര്യയുടെ പേരിലുള്ള ഇന്നോവ കാറിലാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതെന്നും കാർ ഓടിച്ചിരുന്നത് അബ്ദുൽ ഫഹദ് ആണെന്നും പൊലീസ് പറഞ്ഞു. ആ വാഹനത്തിൽ അൻഷാദുമുണ്ടായിരുന്നു. ഒന്നരകിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്‍റെ നിഗമനം.
അറസ്റ്റിലായ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ജോസിന്‍റെ നേതൃത്വത്തില്‍ മാന്നാര്‍ സി.ഐ എസ്.ന്യൂമാന്‍, എടത്വ സിഐ ശിവപ്രസാദ്, ചെങ്ങന്നൂര്‍ സിഐ ബിജു എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇനി ഏതാനും പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്.
സ്വർണക്കടത്തു സംഘം വിദേശത്തുനിന്നു കൊടുത്തയച്ച സ്വർണം മാലിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴി സംബന്ധിച്ചും അവ്യക്തത നീങ്ങിയിട്ടില്ല. വ്യക്തത വരുത്താൻ മാലി, നെടുമ്പാശേരി വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നാടകീയ നീക്കങ്ങൾ. പ്രതികൾ തങ്ങൾ ആണെന്നവകാശപ്പെട്ട് കീഴടങ്ങാൻ നാലുപേർ മാന്നാർ പോലീസ് സ്റ്റേഷനിൽ എത്തി.
ബുധനാഴ്ചയാണ് സംഭവം. എറണാകുളം പറവൂർ സ്വദേശികളായ നാലുപേർ ഒരു കാറിലാണ് മാന്നാർ പോലീസ് സ്റ്റേഷനിൽ യുവതിയെ തട്ടിക്കൊണ്ടു പോയത് ഞങ്ങളാണ് എന്ന് അവകാശപ്പെട്ടു കീഴടങ്ങാൻ എത്തിയത്. എന്നാൽ പോലീസ് ചോദിച്ച ചോദ്യങ്ങൾക്ക് ഇവർ വ്യക്തമായ മറുപടി നൽകിയില്ല.
കേസിലെ പ്രധാന പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു നീക്കം എന്നാണ് പോലീസിന്റെ നിഗമനം.യുവാക്കളെ ഇപ്പോൾ മാന്നാർ പോലീസിന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്.
മാന്നാറിൽ സ്വർണ്ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലിസ് ഇന്ന് കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് കൈമാറും. മുഹമ്മദ് ഹനീഫ് എന്ന വ്യക്തിയാണ് സ്വർണക്കടത്തിനും യുവതിയെ തട്ടിക്കൊണ്ട് പോയതിനും പിന്നിലെന്നാണ് കണ്ടെത്തൽ. അതേ സമയം ഒന്നരക്കിലോ സ്വർണം പേസ്റ്റ് രൂപത്തിലാക്കി ബൽറ്റായി ധരിച്ചാണ് ബിന്ദു കടത്തിക്കൊണ്ട് വന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു.
എൻഫോഴ്സ്മെൻറിനും, കസ്റ്റംസിനുമാണ് പൊലീസ് റിപ്പോർട്ട് കൈമാറുക. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേരളത്തിലും ഗൾഫിലും വലിയ ശൃoഖല തന്നെയുണ്ടെന്നാണ് കണ്ടെത്തൽ. വിദേശത്തുള്ളവരാണ് ബിന്ദുവിനെ തട്ടിക്കൊണ്ട് പോകുന്നതിനായി നിർദ്ദേശം നൽകിയത്. മുഹമ്മദ് ഹനീഫയുടെ സ്വർണക്കടത്ത് സംഘത്തിലെ 9 പേരാണ് ആലപ്പുഴയിലെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചട്ടുണ്ട്.
ബിന്ദുവിൻ്റെ ഭർത്താവ് ബിനോയിയുമായി ഹനീഫക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബിനോയി മുഖാന്തരമാണ് ബിന്ദു ഹനീഫയുടെ സംഘത്തിൽ എത്തുന്നത്. പേസ്റ്റ് രൂപത്തിലാക്കി ബൽറ്റായി ധരിച്ചാണ് ബിന്ദു സ്വർണം കടത്തിയത്. വിമാന താവളത്തിൽ നിന്നും പുറത്തെത്തിയ ഇവർ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ കണ്ണുവെട്ടിച്ച് മാന്നാറിൽ എത്തുകയായിരുന്നു. സാധാരണ വഴിയിൽ നിന്ന് മാറി പരമാവധി ദൂരം സഞ്ചരിച്ചാണ് ബിനോയിയും ബിന്ദുവും വീട്ടിലെത്തിയത്. ഇതോടൊപ്പം തന്നെ സ്വർണ്ണക്കടത്ത് സംഘവും മാന്നാറിൽ ബിന്ദുവിനെ തേടി എത്തി.
ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ 9 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊടുവള്ളി സ്വദേശി രാജേഷിൻ്റെ വീട്ടിൽ പൊലീസ് റെയിഡ് നടത്തിയിരുന്നു. വരും ദിവസങ്ങളിലും ഇത് തുടരും. അതിനിടയിൽ ആരോഗ്യസ്ഥിതി മോശമെന്നറിയിച്ചതിനാൽ ബിന്ദുവിനെ ചോദ്യം ചെയ്യാതെ കസ്റ്റംസ് സംഘം മടങ്ങിയിരുന്നു. ആശുപത്രിയിൽ നിന്ന് വിട്ട ശേഷം ചോദ്യം ചെയ്യാൻ ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകും.
22 ന് പുലർച്ചെ രണ്ടരയോടെയാണ് മാന്നാറിലെ വീട്ടിൽ നിന്നും ബിന്ദുവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയത്. കൈകാലുകൾ കെട്ടി വായിൽ തുണി തിരികെ വലിച്ചിഴച്ച് കൊണ്ടു പോയെന്ന് വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം കൊടുവള്ളി സ്വദേശി രാജേഷാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് ഭർത്താവ് ബിനോയി പൊലിസിന് മൊഴി നൽകി. പൊലീസ് പരിശോധന കർശനമായതോടെ ബിന്ദുവിനെ സംഘം പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. നാട്ടിലെത്തിച്ച ബിന്ദുവിന് ചികിത്സ ആവശ്യമുള്ളതിനാൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാന്നാറിൽ ബിന്ദു എത്തിയ ഉടൻ തന്നെ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന് ബിന്ദു പോലീസിന് മൊഴി നൽകി. ബിന്ദുവിൻ്റെ ഫോൺ പരിശോധിച്ചതിൽ നിന്നും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടൻ്റാണ് എന്നാണ് ബിന്ദുവും കുടുംബവും പറയുന്നതെങ്കിലും അങ്ങനെയല്ല എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹനീഫയുടെ ജീവനക്കാരിയായിരുന്നു ബിന്ദുവും.
പൊലീസ് റിപ്പോർട്ട് കൈമാറുന്നതിന് മുമ്പ് തന്നെ കസ്റ്റംസ് ബിന്ദുവിനെ കണ്ടിരുന്നു. ഇന്നു മുതൽ എൻഫോഴ്സ്മെൻ്റ് അടക്കം കൂടുതൽ കേന്ദ്ര ഏജൻസികൾ കേസന്വേഷണത്തിൽ പങ്കാളികളാകും.
ഭാര്യ പിതാവിനെ കാറിടിച്ചു കൊലപ്പെടുത്തുകയും സ്വന്തം മകനെ പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിന് വഴിയൊരുക്കിയത് വർഷങ്ങളായുള്ള കുടുംബ പ്രശ്നങ്ങൾ. 15 വർഷം മുൻപാണ് യഹിയയുടെ മകൾ അനീസയെ പാലോട് സ്വദേശിയായ അബ്ദുൽ സലാം വിവാഹം ചെയ്തത്. വിദേശത്തായിരുന്ന അബ്ദുൽ സലാം അബ്ദുൽസലാം നാട്ടിലെത്തുമ്പോഴെല്ലാം ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നതായി പൊലീസ് പറഞ്ഞു. കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും അബ്ദുൽ സലാമും അനീസയും തമ്മിൽ കേസ് നിലവിലുണ്ട്.അബ്ദുൽ സലാമിന്റെ പേരിലുള്ള വസ്തു വകകൾ കോടതി അറ്റാച്ച് ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിൽ കടുത്ത വിരോധത്തിന് ഇടയാക്കി. കാറിടിച്ചു കൊലപ്പെടുത്തിയതെന്നു അബ്ദുൽ സാലം പൊലീസിനോട് സമ്മതിച്ചു.
യഹിയുടെ ചെറുമകനും കാർ ഓടിച്ചിരുന്ന അബ്ദുൽ സലാമിന്റെ, മകനുമായ മുഹമ്മദ് അഫ്സൽ(14) ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.തട്ടത്തുമല പാറക്കടയിൽ ചൊവ്വാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം.
അബ്ദുൽ സലാമും ഭാര്യയും തമ്മിൽ കൊട്ടാരക്കര കുടുംബ കോടതിയിൽ കേസ് നിലവിലുണ്ട്. സലാം തന്റെ വസ്തുക്കൾ സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിലേക്ക് മാറ്റിയിരുന്നു. ഇതിന് ഭാര്യ കൊട്ടാരക്കര കുടുംബ കോടതിയിൽ നിന്നു 23ന് സ്റ്റേ വാങ്ങി. ഈ ഉത്തരവ് നടപ്പാക്കാൻ സലാമിന്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകുന്നതിനായി ഭാര്യ പിതാവും മകനും കോടതി ഉദ്യോഗസ്ഥനും കൂടി കാറിൽ തട്ടത്തുമലയിൽ എത്തിയപ്പോഴാണ് കാറിടിപ്പിച്ചുള്ള കൊലപാതകം.
യഹിയയും അഫ്സലും തട്ടത്തുമല പാറക്കടയിൽ ഇറങ്ങി നിന്നു. കോടതി ഉദ്യോഗസ്ഥൻ ഉത്തരവുമായി സഹോദരിയുടെ വീട്ടിലേക്ക് പോയി. സ്റ്റേ ഉത്തരവ് കിട്ടിയതറിഞ്ഞ സലാം കാറിൽ ഇവരെ പിൻ തുടരുന്നുണ്ടായിരുന്നു. പാറക്കടയിൽ റോഡിൽ ഇവരെ കണ്ട് കാറിന്റെ വേഗത കൂട്ടി യഹിയയെയും അഫ്സലിനെയും ഇടിച്ചു തെറിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി യഹിയ മരണപ്പെട്ടു. ഭാര്യ: ഷെരീഫ. മക്കൾ: നിസ, അനീസ, സിയാദ്.
കബറടക്കം തുമ്പമൺതൊടി മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിൽ നടന്നു, കിളിമാനൂർ ഐഎസ്എച്ച്ഒ: എസ്.സനൂജ്, എസ്ഐമാരായ ടി.ജെ.ജയേഷ്, അബ്ദുൽഖാദർ എന്നിവരും സംഘവും അറസ്റ്റ് പ്രതിയെ കോടതിയിൽ ഹാജരാക്കി. സാഹചര്യ തെളിവുകളും സാക്ഷി മൊഴിയും അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണമാണ് അപകടമെന്ന് ആദ്യം കരുതിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞത്. കൈക്കും കാലിനും ഒടിവ് പറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകൻ അഫ്സലിന്റെ മൊഴിയും പിതാവിന് കുരുക്കായി. 9 മാസമായി അബ്ദുൽസലാം ഭാര്യയുമായി പിണങ്ങി കഴിയുകയാണ്.
വയലാറില്‍ എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷം. അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. ആര്‍എസ്എസ് നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ(22)യാണ് അക്രമണത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വയലാര്‍ കടപ്പള്ളി കെഎസ് നന്ദു(23)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കൈയറ്റതായാണ് വിവരം. നില ഗുരുതരമായി തുടരുകയാണ്.
ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. സംഭവത്തില്‍ ഏഴ് പേര്‍ കസ്റ്റഡിലായതായി പോലീസ് അറിയിക്കുന്നു. പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ ഹര്‍ത്താല്‍ ആരംഭിച്ചു. രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് എസ്ഡിപിഐ നടത്തിയ പ്രചാരണജാഥയിലെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായി.
അതിന്റെ തുടര്‍ച്ചയായി സന്ധ്യയോടെ ഇരുപക്ഷവും പ്രകടനം നടത്തി. പോലീസ് കാവലിലായിരുന്ന പ്രകടനങ്ങളും നടന്നത്. അതിനുശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ തമ്മില്‍ അപ്രതീക്ഷിത സംഘര്‍ഷമുണ്ടാവുകയായിരുന്നു. കല്ലേറും കൂട്ടത്തല്ലുമുണ്ടായതായാണ് വിവരം. അതിനിടെയാണ് ഇരുവര്‍ക്കും വെട്ടേറ്റത്. മരിച്ച നന്ദുകൃഷ്ണയുടെ തലയ്ക്കുപിന്നിലാണ് വെട്ടേറ്റത്. ഇരുവരെയും ഉടന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദുകൃഷ്ണ രാത്രി 8.30-ഓടെ മരണപ്പെടുകയായിരുന്നു.