ഗുരുതരമായി പൊള്ളലേറ്റ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട കമിതാക്കൾ മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ ദുരൂഹത ഉയരുന്നു. മരിച്ച ആര്യയെ തീകൊളുത്തിയതാണെന്നും ആത്മഹത്യാശ്രമമല്ലെന്നുമാണ് ഉയരുന്ന സംശയം. അബോധാവസ്ഥയിലായിരുന്ന ആര്യയുടെ മൊഴിയും ഇതിനെ സാധൂകരിക്കുന്നതാണ്. ‘ചതിക്കപ്പെട്ടു’ എന്നായിരുന്നു ആശുപത്രിയിൽ വെച്ച് ആര്യ അവസാനമായി പറഞ്ഞത്.
കഴിഞ്ഞ വെളളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പയ്യന്നൂർ നഗര മധ്യത്തിലുള്ള വാടകകെട്ടിടത്തിൽ നിന്ന് കാസർകോട് വെസ്റ്റ് എളേരി തട്ടിലെ വികെ ശിവപ്രസാദിനെയും പയ്യന്നൂർ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി ഏഴിലോട് പുറച്ചേരിയിലെ ആര്യയെയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്.
പിന്നാലെ, തിങ്കളാഴ്ച രാത്രി ആര്യയും ചൊവ്വാഴ്ച പുലർച്ചെ ശിവപ്രസാദും മരണത്തിന് കീഴടങ്ങി. ഇരുവരും തമ്മിൽ നാല് വർഷത്തിലധികമായി പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ, ഇവരുടെ പ്രണയത്തെ എതിർത്ത വീട്ടുകാർ ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചു. ഈ മാസം 21നായിരുന്നു വിവാഹനിശ്ചയം നടക്കേണ്ടിയിരുന്നത്.
ഇതിനിടെ, വെളളിയാഴ്ച പരീക്ഷ എഴുതാനായി കോളേജിൽ എത്തിയ ആര്യയെ സുഹൃത്തിന്റെ കാറിലെത്തിയ ശിവപ്രസാദ് താമസസ്ഥലത്തേക്ക് കൂട്ടി പോവുകയായിരുന്നു. ഇവിടെ നിന്നാണ് ഇരുവരേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഒന്നിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നാകട്ടെയെന്നും മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ ഒരു കത്ത് സംഭവ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
നില അതീവ ഗുരുതരമായതിനാൽ മരണമൊഴി രേഖപ്പെടുത്താൻ പോലും പോലീസിന് സാധിച്ചിരുന്നില്ല. എന്നാൽ അബോധാവസ്ഥയിലാകും മുൻപ് താൻ ചതിക്കപ്പെട്ടെന്ന് യുവതി ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്. ആര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ ശിവപ്രസാദ് തന്ത്രപൂർവ്വം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് സൂചന. താമസസ്ഥലത്തെത്തിയ ശേഷം ശിവപ്രസാദ് ആര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. തുടർന്ന് ശിവപ്രസാദും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാകാമെന്നും പോലീസ് പറയുന്നു. സംഭവത്തിൽ പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കിച്ച് ഭർത്താവ്. മഹാരാഷ്ട്രയിലെ ഒസ്മാനബാദിലാണ് ക്രൂരസംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.
അഗ്നി പരീക്ഷ നടത്തി പാതിവ്രത്യം തെളിയിക്കാൻ ഇയാൾ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. തിളച്ച എണ്ണയിൽ അഞ്ചുരൂപ നാണയം ഇട്ട ശേഷം കൈമുക്കി അതെടുക്കാനാണ് ഇയാൾ ഭാര്യയോട് പറഞ്ഞത്. പരിശുദ്ധ ആണെങ്കിൽ കൈ പൊള്ളില്ലെന്നാണ് ഇയാളുടെ വിശ്വാസം.
ഈ മാസം 11ന് ഭാര്യ ആരോടും പറയാതെ വീട് വിട്ടുപോയെന്നാണ് ഭർത്താവ് പറയുന്നത്. നാലു ദിവസത്തിന് ശേഷമാണ് പിന്നെ ഇവർ തിരിച്ചെത്തുന്നത്. തന്നെ രണ്ടുപേർ തട്ടിക്കൊണ്ടുപോയതാണെന്നും നാലു ദിവസം അവർ തന്നെ ബന്ദിയാക്കിയെന്നും ഭാര്യ പറഞ്ഞു. ഈ വാദം വിശ്വസിക്കാൻ കഴിയില്ലെന്നും പർഥി സമുദായത്തിന്റെ വിശ്വാസപ്രകാരം തിളച്ച എണ്ണയിൽ കൈ മുക്കി സത്യം തെളിയിക്കണമെന്നും ഇയാൾ ഭാര്യയോട് ആവശ്യപ്പെട്ടു.
തിളച്ച എണ്ണയിൽ കൈമുക്കിയതോടെ ഭാര്യ കരയുന്നതും കൈ പച്ചവെള്ളത്തിൽ മുക്കുന്നതും വീഡിയോയിൽ കാണാം.
ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻരോഷമാണ് ഉയർന്നത്. പിന്നാലെ അധികൃതർ ഇടപെട്ട് ഭർത്താവിനെതിരെ നിയമനടപടി സ്വീകരിച്ചു.
Nashik , It has been revealed that the same caste panchayat has ruled that a woman with suspicion should be boiled in boiling oil.
The husband took a video of the incident and made it viral. pic.twitter.com/eUz5bTmKbp— BHARAT GHANDAT (@BHARATGHANDAT2) February 20, 2021
തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടൈക്കു സമീപത്തെ അലങ്കാനാട് റോഡിലൂടെ രാവിലെ പോയവർ ആ കാഴ്ച കണ്ടു ഞെട്ടി. അറുത്തെടുത്ത ചോര ഉറ്റി വീഴുന്ന മനുഷ്യ തല നടു റോഡിൽ കിടക്കുന്നു. ഇരുചക്രവാഹനത്തിൽ പോയവരിൽ നിന്ന് താഴെ വീണതാണ് തലയെന്നറിഞ്ഞപ്പോൾ ഞെട്ടൽ വീണ്ടും കൂടി. വിവരമറിഞ്ഞു പൊലീസ് കുതിച്ചെത്തി. തല ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് എന്ന 34 കാരനാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. തുടർന്ന് നടന്ന തിരച്ചിലിൽ സമീപത്തെ കയർ ഫാക്ടറിയിൽ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടിൽ നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു രാജേഷ്.
കാത്തിരുന്ന ആക്രമി സംഘം പിടികൂടി കയർ ഫാക്ടറിയിൽ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊലപാതകം, കൊലപതാക ശ്രമം, വീടുകയറി ആക്രമണം അടക്കം നിരവധി കേസുകളുള്ള പ്രാദേശിക ഗുണ്ടയായിരുന്നു രാജേഷ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. പിന്നീട് അണ്ണാ ഡിഎംകെ യിൽ ചേരുകയായിരുന്നു. എന്നാൽ കൊലപതകത്തിനു പിന്നിൽ ആരെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല
ഇടുക്കി പള്ളിവാസലിലെ പതിനേഴുകാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകൾ കണ്ടെത്തി. കൊലപാതക സമയത്ത് രേഷ്മയുമായുണ്ടായ മൽപ്പിടുത്തത്തിനിടെ കുത്തേറ്റതാകാമെന്നാണ് പൊലീസ് നിഗമനം. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറുപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ഒമ്പത് മണിയോടെയാണ് മുതിരപ്പുഴയാറിന് സമീപത്ത് അനുവെന്ന് വിളിക്കുന്ന അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ പവര്‍ഹൗസ് ഭാഗത്ത് നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെ നാട്ടുകാരാണ് മരക്കൊമ്പില്‍ തൂങ്ങി നിന്ന അരുണിന്റെ മൃതദേഹം ആദ്യം കണ്ടത്.
രേഷ്മ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനാൽ അവളെ കൊലപ്പെടുത്തുമെന്നും അതിനുശേഷം താനും ആത്മഹത്യ ചെയ്യുമെന്നുമുള്ള അനുവിന്റെ കുറ്റസമ്മത കുറുപ്പ് രാജകുമാരിയിലെ വാടക മുറിയിൽ നിന്ന് പൊലീസിനു ലഭിച്ചിരുന്നു. അരുണ്‍ ആത്മഹത്യ ചെയ്തിക്കാം എന്ന നിഗമനത്തില്‍ കഴിഞ്ഞ ദിവസം ഏഴ് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാത്രിയോടെ അരുണ്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. കൊലപാതകം നടന്ന വെള്ളിയാഴ്ച്ച മുതല്‍ അരുണ്‍ സമീപ പ്രദേശങ്ങളില്‍ തന്നെ ഉണ്ടായിരുന്നു എന്നും പൊലീസ് ഉറപ്പിക്കുന്നു.
കൊലപാതക ദിവസം വൈകിട്ട് രേഷ്മയും അരുണും ഒന്നിച്ച് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അരുണിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയത്. ഉളി പോലെയുള്ള ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും രേഷ്മയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇന്‍ക്വസ്റ്റില്‍ അരുണിന്റെ മൃതദേഹത്തിലും കുത്തേറ്റ 2 മുറിവുകൾ ഉണ്ട്. ഉളി കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മരപ്പണിക്കാരനായ അരുണിന്റെ പക്കല്‍ ഉളി കണ്ടതായി നാട്ടുകാരുടെ മൊഴിയുമുണ്ട്. പ്രതി അരുണാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഈ ആയുധം കണ്ടെത്തേണ്ടതുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
യുഎഇ കോൺസുൽ ജനറലിന്‍റെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും കാണാതായി. ജയഘോഷിനെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകി. ജയഘോഷ് രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചിരുന്നു. പിന്നീടാണ് കാണാതായത്.
ജയഘോഷിന്റെ സ്‌കൂട്ടര്‍ നേമം പൊലീസിനു ലഭിച്ചു. താന്‍ വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മാറിനില്‍ക്കുകയാണെന്നും അറിയിച്ചുകൊണ്ടുള്ള ജയഘോഷിന്‍റെ കത്തും പൊലീസിന് ലഭിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇത് രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാവുന്നത്. സ്വർണക്കടത്ത് കേസില്‍ അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലായ് 16 ന് രാത്രി ജയഘോഷിനെ കാണാതായിരുന്നു. പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടില്‍ കയ്യിൽ മുറിവേറ്റ നിലയില്‍ അവശനിലയില്‍ ജയഘോഷിനെ കണ്ടെത്തുകയായിരുന്നു.
നടി അക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലിപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുന്നത് വിചാരണ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസിലെ നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റൻ ദിലീപ് ശ്രമിച്ചുവെന്നും ഇത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയാണ് വിപിൻലാലിനെ പ്രദീപ് കുമാർ ഭീഷണിപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസിലെ മറ്റു പ്രധാന സാക്ഷികളുടെ മൊഴി മാറ്റത്തിലും പ്രതിഭാഗത്തിന്റെ ഇടപെടലുകളുണ്ടെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നുണ്ട്. കേസിൽ നിലവിൽ ദിലീപ് എട്ടാം പ്രതിയാണ്.
എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ, ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്‍റെ വാദം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
വിവാഹത്തിന് വീട്ടുകാർ ശക്തമായ വിസമ്മതം അറിയിച്ചതിനെ തുടർന്ന് കമിതാക്കൾ ആത്മാഹുതി ചെയ്തു. പയ്യന്നൂരിൽ വാടക കെട്ടിടത്തിൽ വെച്ച് തീകൊളുത്തിയ യുവാവും യുവതിയുമാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് ഇരുവരേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
ചിറ്റാരിക്കൽ എളേരിയാട്ടിലെ ശിവപ്രസാദ്, ഏഴിലോട് പുറച്ചേരിയിലെ ആര്യ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 19നാണ് പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ വാടക കെട്ടിടത്തിൽ ഇരുവരെയും പൊള്ളലേറ്റനിലയിൽ കണ്ടെത്തിയത്.
19ാം തീയതി പരീക്ഷ കഴിഞ്ഞിറങ്ങിയ ആര്യയെ ശിവപ്രസാദ് കാറിലെത്തിയാണ് വാടക കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇരുവരും തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ രണ്ടു പേരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ആര്യയും ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ ശിവപ്രസാദും മരിച്ചു.
ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹത്തിന് ഇരുവീട്ടുകാരും എതിർപ്പ് അറിയിക്കുകയായിരുന്നു. ഇതിനിടയ്ക്ക് ആര്യയുടെ വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. ആര്യയുടെ വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു ആത്മഹത്യാശ്രമം.
കിഴക്കൻ കോംഗോയിൽ വാഹനത്തിനു നേരേയുണ്ടായ വെടിവയ്പിൽ ഇറ്റാലിയൻ അംബസഡർ കൊല്ലപ്പെട്ടു. കോംഗോയുടെ കിഴക്കൻ മേഖലാ തലസ്ഥാനമായ ഗോമയിൽ യുഎൻ സംഘത്തിനുനേരേ വിമതർ നടത്തിയ ആക്രമണത്തിലാണ് അംബാസഡർ ലൂക്ക അത്തനാസിയോയും ഇറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥനും ഡ്രൈവറും കൊല്ലപ്പെട്ടത്.
ഗോമയിൽ ലോക ഭക്ഷ്യപദ്ധതി (ഡബ്ല്യുഎഫ്പി) സംഘത്തിനു നേരേയാണ് ആക്രമണമുണ്ടായതെന്നു കോംഗോ വിദേശകാര്യമന്ത്രാലയവും പ്രദേശവാസികളും പറഞ്ഞു. റുത്ഷുരുവിലെ സ്കൂളിൽ ഭക്ഷ്യവിതരണ പരിപാടി നിരീക്ഷിക്കുന്നതിനായി പോവുകയായിരുന്നു സംഘമെന്ന് ഡബ്ല്യുഎഫ്പി പറഞ്ഞു.
2017 മുതൽ കോംഗോയിലെ അംബാസഡറാണു ലൂക്ക അത്തനാസിയോ. അഞ്ചു പേരാണു വാഹനത്തിലുണ്ടായിരുന്നത്. വെടിവയ്പിൽ ഡ്രൈവർ സംഭവസ്ഥലത്തുവച്ചു മരിക്കുകയും മറ്റുള്ളവർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി തദ്ദേശീയ ഭരണകൂടത്തിന്റെ പ്രസിഡന്റ് മാംബോ കവായി പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ യുഎൻ ആശുപത്രിയിൽ എത്തിച്ചു. ത്രി ആന്റിന എന്നറിയപ്പെടുന്ന പ്രദേശത്തുനിന്ന് 2018ൽ രണ്ട് ബ്രിട്ടീഷുകാരെ ആയുധധാരിയായ അജ്ഞാതൻ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.
ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ യോഗത്തിനിടെ വിദേശനയ മേധാവി ജോസഫ് ബോറെൽ സഹമന്ത്രിമാരോട് അംബാസഡറിന്റെ മരണവാർത്ത അറിയിക്കുകയും അനുശോചനം രേഖപ്പടുത്തുകയും ചെയ്തു. കൊലപാതകം ആശങ്ക ഉളവാക്കുന്നതായും സ്ഥിതിഗതികൾ യൂറോപ്യൻ യൂണിയൻ നിരീക്ഷിക്കുന്നതായും ഇയു വക്താവ് നബീല മസറാലി പറഞ്ഞു. കിഴക്കൻ കോംഗോ നിരവധി വിമതസംഘങ്ങളുടെ താവളമാണ്. കഴിഞ്ഞ വർഷമുണ്ടായ സായുധകലാപത്തിൽ 2,000 സാധാരണക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ആലപ്പുഴ മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ നിര്‍ദേശപ്രകാരം. യുവതിക്ക് കള്ളക്കടത്തുസംഘവുമായി ബന്ധമെന്ന് പൊലീസ്. ദുബായില്‍ നിന്ന് സ്വര്‍ണം കടത്താന്‍ യുവതിയെ ഉപയോഗിച്ചു. യുവതിയുടെ കയ്യില്‍ ഒന്നരക്കിലോ സ്വര്‍ണം കൊടുത്തുവിട്ടു. എന്നാല്‍ സ്വര്‍ണം എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചെന്ന് യുവതി മൊഴി നല്‍കി. സ്വര്‍ണമോ പണമോ ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ട് പോയെന്നും പൊലീസ്.
മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിക്കടുത്ത് വാഹനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. മാന്നാര്‍ കുരട്ടിക്കാട് സ്വദേശിയായ യുവതിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്നാണ് ആദ്യമേ സംശയിച്ചിരുന്നു. യുവതിയെ മാന്നാറിലെത്തിച്ച് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് ആലപ്പുഴ മാന്നാര്‍ കുരട്ടിക്കാട് വിസ്മയ വിലാസത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം ആളുകള്‍ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ദുബായില്‍ നിന്ന് നാലു ദിവസം മുന്‍പാണ് യുവതി വീട്ടിലെത്തിയത്. പുലര്‍ച്ചെ വീട്ടിലെത്തിയ പതിനഞ്ചോളം ആളുകള്‍ വാതില്‍തകര്‍ത്ത് അകത്ത്കടന്ന് തന്നെയും ബിന്ദുവിന്‍റെ അമ്മ ജഗദമ്മയെയും മര്‍ദിച്ചശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനോയ് പൊലീസിനോട് പറഞ്ഞത്.
ആക്രമണത്തില്‍ ജഗദമ്മയ്ക്ക് നെറ്റിയില്‍ മുറിവേറ്റു പരുക്കേറ്റു. തട്ടിക്കൊണ്ടുപോയവര്‍രാവിലെ 11 മണിയോടെ ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിക്കടുത്ത് വാഹനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തട്ടിക്കൊണ്ടു പോയ വാഹനത്തില്‍ നാലുപേരുണ്ടായിരുന്നുവെന്നും അവര്‍ പണം ആവശ്യപ്പെട്ടെന്നും ബിന്ദു പറഞ്ഞു.
ബിന്ദുവില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ തട്ടിക്കൊണ്ടുപോകലിനു പിന്നിലെ ദുരൂഹതകള്‍ നീക്കാന്‍ സഹായിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി.ജയനാഥ് വീട്ടിലെത്തി.
ബിന്ദു നാട്ടിലെത്തിയതിനുശേഷം സ്വര്‍ണത്തിന്‍റെ കാര്യം അന്വേഷിച്ച് ചിലര്‍ വീട്ടിലെത്തിയതായി ഭര്‍ത്താവ് ബിനോയ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതില്‍ ചിലരുടെ ചിത്രങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളി, മലപ്പുറം എന്നിവിടങ്ങളിലെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളവരാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലുള്ളതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോയതിലെ ദുരൂഹതകള്‍ നീക്കണമെന്ന് സജി ചെറിയാന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ഏഴുവര്‍ഷമായി വിദേശത്ത് ജോലി ചെയ്തിരുന്ന ബിനോയിയും ബിന്ദുവും എട്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് വീണ്ടും രണ്ടു തവണ സന്ദര്‍ശകവിസയില്‍ ബിന്ദു ദുബായിലേക്ക് പോയിരുന്നു. ബിന്ദു നാട്ടിലെത്തിയതു മുതല്‍ ചിലര്‍ ബിന്ദുവിന്‍റെയും ഭര്‍ത്താവിന്‍റെയും നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടി. ബിന്ദുവിന്‍റെ ഫോണും പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ഫൊറന്‍സിക് വിദഗ്ധരും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. അതേസമയം തട്ടിക്കൊണ്ടുപോകലിനും വീടാക്രമണത്തിനും പിന്നില്‍ പ്രാദേശികമായി ചിലരുടെ സഹായം ലഭിച്ചിരുന്നുവെന്നും സൂചനകള്‍ പൊലിസിനു ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് – പാലക്കാട് ദേശീയപാതയ്ക്ക് അരികിൽ കൈകള്‍ മുറിച്ചുമാറ്റി നഗ്നമായ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപത്തായാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
നഗ്നമായ നിലയില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കൈകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കാലുകള്‍ മുറിച്ചെടുക്കാന്‍ ശ്രമിച്ചതായും പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ഇപ്പോൾ പാലക്കാട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഒരാഴ്ചയ്ക്കിടെ മണ്ണാര്‍ക്കാട്, തച്ചമ്ബാറ ഭാഗങ്ങളില്‍നിന്ന് ആരെയും കാണാതായതായി പരാതിയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാല്‍ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തച്ചമ്പാറയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പാലക്കാട് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്. നിഷ്ഠൂരമായ രീതിയിലാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.