Crime

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് രണ്ടാംജയം. ഉത്തര്‍പ്രദേശിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചു. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം ഏഴ് പന്ത് ശേഷിക്കെ ലക്ഷ്യത്തിലെത്തി. 81 റണ്‍സെടുത്ത റോബിനും 76 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് കേരളത്തിന്റെ വിജയശില്‍പികള്‍. സഞ്ജു സാംസന്‍ 29 റണ്‍സെടുത്തു. ആദ്യംബാറ്റുചെയ്ത ഉത്തര്‍പ്രദേശ് 283 റണ്‍സിന് പുറത്തായി. അഞ്ചുവിക്കറ്റെടുത്ത എസ്.ശ്രീശാന്തിന്റെ പ്രകടനമാണ് ഉത്തര്‍പ്രദേശിന്റെ സ്കോര്‍ 300ന് താഴെ പിടിച്ചുകെട്ടിയത്. 9.4 ഓവറില്‍ 65റണ്‍സ് വിട്ടുകൊടുത്താണ് അഞ്ചുവിക്കറ്റെടുത്തത്.

ടോസ് നേടിയ കേരളം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറുകളിൽ ശ്രീശാന്തിന്റെ തകർപ്പൻ ബോളിങ്ങിലൂടെയാണ് കേരളം, ഉത്തർപ്രദേശിനെ പിടിച്ചുകെട്ടിയത്. അവസാന മൂന്ന് ഓവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ അഞ്ച് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്.

അഭിഷേക് ഗോസ്വാമി (68 പന്തിൽ 54), പ്രിയം ഗർഗ് (59 പന്തിൽ 57), അക്‌ഷദീപ് നാഥ് (60 പന്തിൽ 68) എന്നിവരുടെ അർധസെഞ്ചുറിയുടെ ബലത്തിലാണ് യുപി ഭേദപ്പെട്ട നിലയിലെത്തിയത്. നാലാം വിക്കറ്റിൽ ഗർഗും അക്‌ഷദീപും ചേർന്ന് 79 റൺസാണ് യുപി ഇന്നിങ്സിലേക്ക് കൂട്ടിച്ചേർത്തത്. ഇരുവരും അനായാസം യുപിയെ 300 കടത്തുമെന്നാണ് ആദ്യം കരുതിയത്.

എന്നാൽ 43 ഓവറിൽ ഗർഗിനെ റണ്ണൗട്ടാക്കി ക്യാപ്റ്റൻ സച്ചിൻ ബേബി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ ഉപേന്ദ്ര യാദവിനെയും സച്ചിൻ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചു. എങ്കിലും ഒരറ്റത്ത് അക്‌ഷദീപ് ഉറച്ചുനിന്നു. 47ാം ഓവറിൽ സമീർ ചൗധരിയെ നിധീഷ് പുറത്താക്കി. ഇതിനു പിന്നാലെയാണ് ശ്രീശാന്തിന്റെ തകർപ്പൻ സ്പെൽ. 48–ാം ഓവറിൽ ക്യാപ്റ്റൻ ഭുവനേശ്വർ കുമാറിനെ റോജിത്തിന്റെ കൈകളിൽ എത്തിച്ച ശ്രീ, അതേ ഓവറിൽ തന്നെ മൊഹ്‌സിൻ ഖാനെ ക്ലീൻ ബൗൾഡാക്കി.

50 ഓവറിൽ അക്‌ഷദീപിനെയും ശിവം ശർമയെയും പുറത്താക്കി ശ്രീശാന്ത് യുപിയുടെ പതനം പൂർത്തിയാക്കി. 21ാം ഓവറിൽ അഭിഷേക് ഗോസ്വാമിയെ പുറത്താക്കിയായിരുന്നു ശ്രീശാന്തിന്റെ ആദ്യ വിക്കറ്റ്. അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയത് മൂന്ന് ഓവറിനിടെ.

കരൺ ശർമ (58 പന്തിൽ 34), റിങ്കു സിങ് (26), ഉപേന്ദ്ര യാദവ് (7 പന്തിൽ 12), സമീർ ചൗധരി (7 പന്തിൽ 10), ഭുവനേശ്വർ കുമാർ (3 പന്തിൽ 1), മൊഹ്‌സിൻ ഖാൻ ( 2 പന്തിൽ 6), ശിവം ശർമ (5 പന്തിൽ 7) എന്നിങ്ങനെയാണ് മറ്റു യുപി ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. കാർത്തിക് ത്യാഗി (പൂജ്യം*) പുറത്താകാതെ നിന്നു.

കേരളത്തിനായി ക്യാപ്റ്റൻ സച്ചിൻ ബേബി രണ്ടു വിക്കറ്റും നിധീഷ്, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടൂർണമെന്റിൽ, ഒഡീഷയ്ക്കെതിരായ ആദ്യ മത്സരത്തിൽ കേരളം 34 റൺസിന് വിജയിച്ചിരുന്നു. റോബിൻ ഉത്തപ്പയുടെ സെഞ്ചുറിയുടെ ബലത്തിലായിരുന്നു കേരളത്തിന്റെ തകർപ്പൻ ജയം.

കേരളത്തിൽ‌ ദൃശ്യം 2 ചർച്ചയാകുമ്പോൾ മധ്യപ്രദേശിൽ ദൃശ്യം മോഡൽ കൊലപാതകമാണ് റിപ്പോർട്ട് ചെയ്യുന്നത്. കാമുകിയെ കൊന്ന് കുഴിച്ചുമൂടാൻ യുവ ഡോക്ടർ മാതൃകയാക്കിയത് ദൃശ്യം ഒന്നാം ഭാഗത്തെയാണ്. പക്ഷേ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ ഡോക്ടർക്ക് കഴിഞ്ഞില്ല. മധ്യപ്രദേശിലെ സാത്ന ജില്ലയില്‍ ദന്തഡോക്ടറായ അഷുതോഷ് ത്രിപാഠിയാണ് കാമുകിയെ കൊന്ന് കുഴിച്ചിട്ടത്.

അഷുതോഷിന്റെ ക്ലിനിക്കിൽ ജീവനക്കാരിയായിരുന്ന വിബ എന്ന യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണം എന്ന് നിർബന്ധം പിടിച്ചതോടെ യുവതിയെ ഒഴിവാക്കാൻ ഇയാൾ തീരുമാനിച്ചു. അങ്ങനെ രണ്ടു മാസങ്ങൾക്ക് മുൻപ് ഇയാൾ യുവതിയെ കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം മറവ് ചെയ്യാൻ ഇയാൾ ദൃശ്യം സിനിമയിലേത് പോലെ പദ്ധതി ഒരുക്കി.

ഡിസംബർ 14നാണ് അഷുതോഷ് വിബയെ കഴുത്തുഞെരിച്ച് െകാല്ലുന്നത്. പിന്നാലെ ഒരു നായയുടെ ജഡവും സംഘടിപ്പിച്ചു. ചത്ത നായയെ കുഴിച്ചിടാൻ എന്നും പറഞ്ഞ് തൊഴിലാളികളെ വച്ച് പറമ്പിൽ കുഴിയെടുത്തു. പിന്നാലെ തൊഴിലാളികളെ ഒഴിവാക്കിയ ശേഷം യുവതിയുടെ മൃതദേഹം ചെളിയിൽ പൊതിഞ്ഞ് കുഴിയിട്ടു. പിന്നാലെ നായയുടെ ജഡവും ഇട്ട് കുഴി മൂടി. സിനിമയിൽ ചത്ത പശുക്കുട്ടിയെ കുഴിച്ചിടുന്ന സീനാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഇയാളെ നയിച്ചത്.

എന്നാൽ യുവതിയെ കാണാനില്ലെന്ന പരാതി യുവ ഡോക്ടറെ കുടുക്കി. ചോദ്യം ചെയ്യാനെത്തിയ പൊലീസിനെ ആദ്യമൊക്കെ ഇയാൾ കമ്പളിപ്പിച്ചു. എന്നാൽ മൊബൈൽ ടവർ ലൊക്കേഷൻ എടുത്തപ്പോൾ അവസാനം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു എന്ന തെളിവ് കിട്ടി. പിന്നാലെ അഷുതോഷിനെ വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. കേസിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്.

കോവിഡ് വാക്സീൻ എടുത്തതിനു ശേഷം ബിഡിഎസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. പരിയാരം മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ചാണു പരാതി.

കോഴിക്കോട് മാത്തോട്ടം അരക്കിണർ കൃഷ്ണമോഹനത്തിൽ മോഹനന്റെ മകൾ മിത മോഹൻ‍ (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വാക്സീൻ പ്രത്യാഘാതങ്ങളെ മെഡിക്കൽ കോളജ് അധികൃതർ പൂർണമായും അവഗണിക്കുകയായിരുന്നെന്നും ഇതാണു മരണത്തിലേക്കു നയിച്ചതെന്നും കുടുംബം പറയുന്നു.

‘പരിയാരം മെഡിക്കൽ കോളജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർഥിനിയായിരുന്നു. വാക്സീൻ എടുത്തതിനു ശേഷം തലവേദനയും ഛർദിയും തുടങ്ങി. കൂടെ വാക്സീൻ എടുത്ത പലർക്കും സമാന ലക്ഷണങ്ങളുണ്ടായിരുന്നു. രോഗം മാറാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോൾ കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ മിതയെ ഐസലേഷനിലേക്കു മാറ്റി. വാക്സീൻ എടുത്ത ശേഷമുള്ള പ്രശ്നങ്ങൾ കൃത്യസമയത്ത് കൈകാര്യം ചെയ്യാൻ പരിയാരം മെഡിക്കൽ കോളജ് അധികൃതർ ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു’’– കുടുംബം പറഞ്ഞു.

ആശുപത്രിയുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നു പരിയാരം മെഡിക്കൽ കോളജ് അധികൃതർ. കോളജിലെ വിദ്യാർഥിനിയായതിനാൽ പ്രത്യേക പരിചരണം നൽകിയിരുന്നതായും അറിയിച്ചു

പള്ളിവാസൽ പവർഹൗസിനു സമീപം പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ബന്ധുവായ യുവാവിന്റെ കുറ്റസമ്മതക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. വണ്ടിപ്പാറയിൽ രാജേഷ്–ജെസി ദമ്പതികളുടെ മകൾ രേഷ്മ(17)യെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന നീണ്ടപാറ വണ്ടിപ്പാറയിൽ അരുൺ(അനു–28) താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയിൽ നിന്നാണ് 10 പേജുള്ള കത്ത് പൊലീസിനു ലഭിച്ചത്. അരുൺ സുഹൃത്തുക്കൾക്ക് എഴുതിയ കത്താണിതെന്ന് പൊലീസ് പറഞ്ഞു.

വർഷങ്ങളായി രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോൾ ഏതാനും ആഴ്ചകളായി തന്നെ ഒഴിവാക്കാൻ ശ്രമിച്ചതായും കത്തിലുണ്ട്. പ്രതികാരമായി രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെയും ആരും കാണില്ലെന്നും കത്തിൽ പറയുന്നു.

കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അരുണിന്റെ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൊബൈൽ ഫോണിലെ സിം ഉൾപ്പെടുന്ന ഭാഗം കൊലപാതകം നടന്ന സ്ഥലത്തു നിന്ന് ഇന്നലെ പൊലീസിനു ലഭിച്ചു. ഫോൺ ഒടിച്ചുകളഞ്ഞതാണെന്ന് പൊലീസ് പറയുന്നു. ഫോണിന്റെ ബാറ്ററിയും പിൻഭാഗവും ശനിയാഴ്ച ഇവിടെ നിന്നു കണ്ടെത്തിയിരുന്നു.

കൂടുതൽ തെളിവുകൾക്കായി അന്വേഷണ ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വീണ്ടും പരിശോധന നടത്തി. ഇന്നലെ പരിശോധന നടത്തിയ പൊലീസ് നായ ഇവിടെ നിന്നു പോയത് പ്രധാന റോഡിലേക്കാണ്. പ്രതി സംഭവത്തിനു ശേഷം റോഡിലേക്ക് കയറി രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

രേഷ്മയുടെ ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇടതു കൈക്കും കഴുത്തിനും മുറിവുണ്ട്. ഉളി പോലുള്ള ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് സംശയം. മരപ്പണിക്കാരനായ അരുൺ ചെറിയ ഉളി എപ്പോഴും കയ്യിൽ കരുതിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. രാജകുമാരിയിൽ എത്തിയിട്ടു മാസങ്ങളായെങ്കിലും ഇയാൾക്ക് ഇവിടെ ആരുമായും അടുത്ത ബന്ധമില്ല.

പോസ്റ്റ്മോർട്ടത്തിനു ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രേഷ്മയുടെ സംസ്കാര ചടങ്ങുകൾ കോതമംഗലം വടാട്ടുപാറയിലെ കുടുംബവീട്ടിൽ നടത്തി. രേഷ്മ പഠിച്ചിരുന്ന ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ 4 ദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. സ്കൂളും പരിസരവും അണുവിമുക്തമാക്കി. രേഷ്മയോടൊപ്പം 2 ബാച്ചുകളിലായി 80 വിദ്യാർഥികളാണ് പ്ലസ് ടു വിഭാഗത്തിൽ ഉണ്ടായിരുന്നത്. രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർഥികളെയും അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു.

ആലപ്പുഴ മാന്നാറില്‍ വീട് ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് കോട്ടുവിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് ഇരുപതോളം പേര്‍ ചേര്‍ന്ന് വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തകര്‍ത്താണ് സംഘം വീടിനുള്ളില്‍ പ്രവേശിച്ചത്. നാല് ദിവസം മുമ്പാണ് ഇവര്‍ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. നാട്ടിലെത്തിയതുമുതല്‍ ബിന്ദു സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സംശയം. യുവതി നാട്ടിലെത്തിയ ദിവസം രാത്രി രണ്ടുപേരെ വീടിന് സമീപം കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പൊലീസിന് കൈമാറി. പൊലീസ് അന്വേഷണം ആരംഭിച്ചു.

മോഹൻലാലിന്റെ ദൃശ്യം 2 നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽകരിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ.

ഇത് ഒരു ആവറേജ് ക്രൈംത്രില്ലർ പോലുമല്ലെന്നും സിനിമയിൽ അയുക്തികമായ പലതുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

അയുക്തികമായ പലതുമുണ്ട് ദൃശ്യം 2 ൽ. അതൊരു ആവറേജ് ക്രൈംത്രില്ലർ പോലുമല്ല, പോട്ടെ. പോപ്പുലർ സിനിമയിൽ സംവിധായകൻ ന്യായീകരിക്കുന്ന, വികസിത ജനാധിപത്യ സമൂഹത്തിനു അസഹനീയമായ ഒന്നുണ്ട്. സമൂഹത്തിനു അപകടകരമായ ഒന്ന്.

പൊലീസിന് സംശയമുണ്ട് എന്നതിന്റെ മാത്രം പേരിൽ, കോടതി വെറുതേ വിട്ട ഒരുവന്റെ വീട്ടിൽ എമ്പാടും ബഗ് വെയ്ക്കുക, വോയ്‌സ് റിക്കാർഡ് ചെയ്യുക, അവരുടെ പ്രൈവസിയിലേക്ക് നിരന്തരം ഒളിഞ്ഞു നോക്കുക, എന്നിട്ട് ഷാഡോ പൊലീസെന്നു പേരും !!

‘നിയമത്തിനു മുന്നിൽ തെളിവ്മൂല്യമില്ല – ലീഡ് കിട്ടാനാണ്’ എന്നൊക്കെ പറയുന്നെങ്കിലും അത് അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്.

ശുദ്ധ പോക്രിത്തരമാണ്‌.

“സിസ്റ്റമിക് സപ്പോർട്ടൊന്നും ഞങ്ങൾക്ക് കിട്ടുന്നില്ല” എന്നു IG ജഡ്ജിയുടെ ചേംബറിൽ പോയി പറയുന്ന സീനുണ്ട്. പോലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടിൽ ഒളിക്യാമറ വെച്ചു റിക്കാർഡ് നടത്തി കേസ് തെളിയിക്കാൻ സ്റ്റേറ്റ് മിഷനറി കൂടി പോലീസിനെ സഹായിക്കണം എന്നാവും സംവിധായകൻ ഉദ്ദേശിച്ചത്. സത്യം പറഞ്ഞാൽ, ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ IG യുടെ ജോലി തെറിക്കേണ്ടതാണ്.

പോലീസ് സംശയിക്കുന്ന ആളുകളുടെയൊക്കെ പ്രൈവസിയിലേക്ക് സ്റേറ്റിന് നിരന്തരം ഒളിഞ്ഞു നോക്കാൻ അവസരം നൽകുന്നത് ക്രൈം കുറയ്ക്കാൻ നല്ലതല്ലേ എന്നു സംശയിക്കുന്ന നിഷ്കളങ്ക ഊളകൾ ഏറെയുള്ള കാലമാണ് സിനിമയിലും അത് വെളുപ്പിച്ചെടുക്കാൻ നോക്കുന്നത്.

NB: സിനിമയല്ലേ, ഇങ്ങനെയൊക്കെ പറയണോ എന്നു ചോദിക്കുന്നവരോട്, ഏറ്റവുമധികം മനുഷ്യരുടെ ചിന്തകളെ, അഭിപ്രായങ്ങളേ സ്വാധീനിക്കുന്ന മാധ്യമമാണ്. സിനിമകൾ എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്ന് ഗൂഗിൾ ചെയ്തു നോക്കണം.

രേഷ്മയുടെ കൊലപാതകത്തിൽ പ്രതി അരുൺ എന്നു പൊലീസ് സംശയിക്കുന്നു. എന്നാൽ പ്രതിയെ കണ്ടെത്താനോ കൊലപാതകത്തിന്റെ തുമ്പു കണ്ടെത്താനോ കഴിയാതെ പൊലീസ്. രേഷ്മയും അരുണും ഒന്നിച്ചു നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യവും നാട്ടുകാരുടെ മൊഴിയുമാണ് ആശ്രയം.

ഇരുവരെയും അവസാനമായി ഒന്നിച്ചുകണ്ടു 15 മിനിറ്റു കഴിഞ്ഞു രേഷ്മയ്ക്കു കുത്തേറ്റു എന്നാണു പ്രാഥമിക നിഗമനം. ഇതാണു പ്രതി അരുൺ എന്നു പൊലീസ് സംശയിക്കാനുള്ള കാരണം. ഉളി പോലുള്ള മൂർച്ചയേറിയ ആയുധം കൊണ്ടാണു മുറിവേറ്റത് എന്നു പരിശോധനയിൽ സ്ഥിരീകരിച്ചു. അരുൺ മരപ്പണിക്കാരനാണ് എന്നതും സംശയം ബലപ്പെടുത്തുന്നു. എന്നാൽ രേഷ്മയെ മുറിവേൽപിച്ച ആയുധം കണ്ടെത്താനായില്ല.

രേഷ്മയ്ക്കു കുത്തേറ്റ സ്ഥലത്തിനു സമീപത്തു നിന്നു കിട്ടിയത് അരുണിന്റെ മൊബൈൽ ഫോൺ ആണെന്നു പൊലീസ് കരുതുന്നു. ബാറ്ററിയും കവറും ഊരി മാറിയ നിലയിലായിരുന്നു ഫോൺ. അതിനാൽ ഫോൺ പിന്തുടർന്നുള്ള അന്വേഷണത്തിനു സാധ്യതയില്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ഇൗ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായാണു കാണുന്നത്.

അരുൺ ഇടുക്കി ജില്ല വിട്ടു പോകാതിരിക്കാൻ വെള്ളിയാഴ്ച രാത്രി തന്നെ നടപടിയെടുത്തെന്നു പൊലീസ് പറയുന്നു. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് എത്തി. അരുണിനെ കണ്ടെത്താതെ സംഭവത്തിനു കൂടുതൽ വ്യക്തത കിട്ടില്ല എന്ന അവസ്ഥയിലാണു പൊലീസ്.

സ്കൂളിൽ നിന്നു രേഷ്മ സാധാരണ ദിവസങ്ങളിൽ വീട്ടിലേക്കു മടങ്ങുന്നത് അമ്മയോടൊപ്പമായിരുന്നു. വാടക വീടുള്ള പവർഹൗസിൽ നിന്നു കുഞ്ചിത്തണ്ണി വരെ നടന്നും തുടർന്നു ബസിലുമാണു രേഷ്മ ബൈസൺവാലിയിലെ സ്കൂളിൽ പോയിരുന്നത്. പവർഹൗസിനടുത്തുള്ള സ്വകാര്യ റിസോർട്ടിലാണു രേഷ്മയുടെ അമ്മ ജെസി ജോലി ചെയ്യുന്നത്.

സ്കൂളിൽ നിന്നു വരുന്ന വഴി ജെസിയോടൊപ്പമാണു വീട്ടിലേക്കു നടന്നു പോകാറുള്ളത്. വെള്ളിയാഴ്ച വൈകിട്ട് 5 വരെ ജെസി രേഷ്മ വരുന്നതും കാത്തു നിന്നു. തുടർന്നു തനിയെയാണു വീട്ടിലേക്കു പോയത്. ഉടനെ തന്നെ വെള്ളത്തൂവൽ പൊലീസിൽ വിവരമറിയിച്ചു. സ്കൂളിൽ നിന്നു വൈകിട്ട് പതിവുപോലെ മടങ്ങിയെന്നാണു ക്ലാസിലെ സഹപാഠികളുടെ മൊഴി.

രേഷ്മയുടെ വീട്ടിൽ വരാറുള്ള ബന്ധുവാണ് അരുൺ എന്നു രേഷ്മയുടെ പിതാവ് രാജേഷ് പറയുന്നു. കുടുംബത്തിൽ എല്ലാവരോടും ഏറെ സ്നേഹത്തോടെയാണ് അരുൺ പെരുമാറിയിരുന്നതെന്നും സംശയകരമായി ഒന്നും തോന്നിയിട്ടില്ലെന്നും രാജേഷ് പറഞ്ഞു. 18 വർഷം മുൻപു കോതമംഗലം വടാട്ടുപാറയിൽ നിന്നു പള്ളിവാസൽ പവർഹൗസിലെത്തിയ രാജേഷ് കൂലിപ്പണി ചെയ്യുന്നയാളാണ്.

സംശയത്തെ തുടർന്ന് ഭർത്താവ് ലോഡ്ജിലെത്തിച്ച് കഴുത്തറുത്ത് ഗുരുതരമായി പരിക്കേൽപ്പിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം എടക്കര പാർളി സ്വദേശി കുണ്ടൂപറമ്പിൽ സലീന (42)യാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഫെബ്രുവരി 13ന് രാത്രിയാണ് സലീനയെ ഭർത്താവ് മേപ്പയൂർ സ്വദേശി പത്താംകാവുങ്ങൽ കെവി അഷ്‌റഫ്(38) വിളിച്ചുവരുത്തി കൊലപ്പെടുത്താൻ  നോക്കിയത് . അഷ്‌റഫിനെ സംഭവദിവസം തന്നെ കസബ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

കോഴിക്കോട് മാവൂർ റോഡിലെ ലോഡ്ജിലെ മുറിയിൽ രാത്രി 10.45 ഓടെ അഷ്‌റഫ് കത്തിയുപയോഗിച്ച് സലീനയുടെ കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നു. സലീന നിലവിളിച്ചതോടെ ആളുകൾ കൂടി. ഇതോടെ സലീന സ്വയം കഴുത്തിൽ കുത്തി പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് അഷ്‌റഫ് പറഞ്ഞത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സലീന ഒറ്റക്കാണ് ഓട്ടോയിൽ ആശുപത്രിയിലെത്തിയത്. ബോധരഹിതയാവുന്നതിനുമുമ്പ് ഭർത്താവാണ് തന്റെ കഴുത്തിൽ കത്തിയുപയോഗിച്ച് പരിക്കേൽപ്പിച്ചതെന്ന് ഇവർ ആശുപത്രിയിൽ എഴുതി നൽകുകയും ചെയ്തിരുന്നു.

സലീനയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ ഇവരുടെ കൂടെ ഒന്നരവയസ്സുളള മകൾ അഫ്രിനും കൂടെയുണ്ടായിരുന്നു. മെഡിക്കൽ കോളജ് വെന്റിലേറ്ററിലായിരുന്ന സലീന ശനിയാഴ്ച രാവിലെ 11.45 ഓടെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മുൻ പ്രവാസികൂടിയായ ഭർത്താവ് അഷ്‌റഫ്, എരഞ്ഞിപ്പാലത്ത് ലേഡീസ് ഹോസ്റ്റൽ നടത്തുന്ന സലീനയെ സംശയത്തെ തുടർന്നാണ് ലാഡ്ജിൽവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും കൊലപാതക ശ്രമത്തിൽ അറസ്റ്റിലായ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും കസബ പോലീസ് പറഞ്ഞു.

ചെന്നൈയിൽ കുടുംബ വഴക്കിനെ തുടർന്ന് ഡോക്ടർ ഭാര്യയെ കഴുത്തറുത്തു കൊന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഗോകുൽ കുമാറാണ് ഭാര്യ കീർത്തനയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ചെന്നൈ ഡിണ്ടി വനംസ്വദേശി ഡോക്ടർ ഗോകുൽ കുമാർ ആണ് ഭാര്യയെ കറിക്കത്തി കൊണ്ടു കഴുത്തറുത്തതിന് ശേഷം ദേഹത്തിലൂടെ കാർ ഓടിച്ചു കൊലപ്പെടുത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ എച്ച് . ആർ മാനേജരായ കീർത്തനയെ മൂന്ന് വർഷം മുൻപാണ് ഡോക്ടർ വിവാഹം കഴിച്ചത്. ലോക്ഡൗൺൺ ആരംഭിച്ചതോടെ ജോലിക്ക് പോകുന്നത് ഡോക്ടർ നിർത്തി. ഇതു സംബന്ധിച്ച് ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു.

ഇതിനെ തുടർന്ന് കീർത്തനയും ഗോകുലും മേൽ മര്വ്വത്തൂരിലെ കീർത്തനയുടെ വീട്ടിലേക്കു താമസം മാറ്റിയിരുന്നു. എന്നാൽ വഴക്കിനു ഒരു കുറവും ഉണ്ടായിരുന്നില്ല. വീട്ടുകാർ ഇടപ്പെട്ടു വിവാഹ മോചന നടപടികളും തുടങ്ങിയിരുന്നു.

വെള്ളിയാഴ്ച വൈകീട്ടും പതിവ് പോലെ വഴക്ക് തുടങ്ങി. വഴക്കിനിടെ അടുക്കളയിലേക്കു പോയ ഗോകുൽ കറിക്കത്തിയുമായി എത്തി കീർത്തനയെ ആക്രമിച്ചു. കഴുത്തു വെട്ടേറ്റു തൂങ്ങി. ബഹളം കേട്ടു ഓടിയെത്തിയ കീർത്തനയുടെ മാതാപിതാക്കളെയും ആക്രമിച്ചു. അരിശം തീരാതിരുന്ന ഗോകുൽ മുടിയിൽ പിടിച്ചു വലിച്ചിഴച്ചു കീത്തനയെ വീടിനു പുറത്ത് എത്തിച്ചു. തുടർന്നു പോർച്ചിൽ നിന്നും കാർ എടുത്തുകൊണ്ടുവന്നു പലതവണ കീർത്തനയുടെ ദേഹത്തിലൂടെ കയറ്റി ഇറക്കി മരണം ഉറപ്പാക്കി.

തുടർന്ന് കാറുമായി രക്ഷപെട്ടു. അയൽക്കാർ വിവരം നൽകിയതനുസരിച്ചു സ്ഥലത്തു എത്തിയ പൊലീസ് കീർത്തനയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്ന് രക്ഷപെട്ട ഗോകുലിനെ ചെന്നൈ -തിരുച്ചിറപ്പളളി ദേശീയ പാതയിൽ ആർതുർ ടോൾ പ്ലാസക്കു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞ നിലയിൽ കണ്ടെത്തി. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂളിലേക്ക് പോയ പതിനേഴുകാരി തിരിച്ചെത്താത്തിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് കുത്തേറ്റ് മരിച്ചനിലയിൽ. ഇടുക്കി പള്ളിവാസൽ പവർഹൗസ് ഭാഗത്താണ് പ്ലസ്ടു വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈസൺവാലി ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച വൈകുന്നേരം ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർത്ഥിനി സ്‌കൂളിൽ നിന്നെത്താത്തതിനെ തുടർന്ന് തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയിരുന്നു. വിശദമായ അന്വേഷണത്തിൽ പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പെൺകുട്ടിയെ കണ്ടതായി പോലീസിന് വിവരം ലഭിച്ചു.

പെൺകുട്ടിക്കൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നുവെന്നും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പവർഹൗസിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്തുനിന്ന് പെൺകുട്ടിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പോലീസ് പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി അന്വേഷണം ആരംഭിച്ചു. ഇയാളുമായുള്ള സൗഹൃദം നേരത്തെ ചില പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Copyright © . All rights reserved