മുംബൈ: കോവിഡ് വാക്സിൻ നിര്‍മിക്കുന്ന പൂന സിറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. പൂനയിലെ മഞ്ചിയിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ കുടുങ്ങിയ ഏതാനും പേരെ രക്ഷപെടുത്തി.
നിര്‍മാണത്തിലിരിക്കുന്ന പ്ലാന്റിന്റെ രണ്ടാംനിലയിലാണ് ഉച്ചയ്ക്ക് തീപിടിത്തമുണ്ടായത്. പ്ലാന്റിലെ തൊഴിലാളികളാണ് മരിച്ചതെന്ന് കരുതുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
മൂന്ന് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിൽ പ്ലാന്റിലെ തീപിടിത്തം പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടുണ്ട്. വാക്സീന് നിര്‍മാണയൂണിറ്റ് സുരക്ഷിതമാണെന്നും വാക്സീന് ഉല്പാദനം തടസപ്പെടില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അപകട കാരണം വ്യക്തമല്ല.
തിരുവനന്തപുരത്ത് ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ 65 കാരന്‍ പിടിയില്‍. മുരുക്കുംപുഴയിലാണ് സംഭവം. മുരുക്കുംപുഴ സ്വദേശി വിക്രമന്‍ ആണ് പോലീസിന്റെ പിടിയിലായത്.
മുത്തശ്ശിയോടൊപ്പം വാടക വീട്ടില്‍ താമസിക്കുന്ന സഹോദരിമാരാണ് 65കാരന്റെ ഇരയായത്. വീട്ടില്‍ സഹായത്തിനായി വന്നിരുന്ന വിക്രമന്‍, മുത്തശ്ശി പുറത്തുപോകുന്ന സമയം നോക്കി പെണ്‍കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. നാല് മാസത്തോളമായി പീഡനം തുടര്‍ന്നുവരികയായിരുന്നു. ഭയം കാരണമാണ് കുട്ടികള്‍ ആരോടും പറയാതെ ഇരുന്നത്.
അടുത്തിടെ കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അയല്‍ക്കാരാണ് വിവരം ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്ത് പറയുന്നത്. ഇതനുസരിച്ച് ചൈല്‍ഡ് ലൈന്‍ മുരുക്കുംപുഴ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിട്ടുണ്ട്.
ഏറെ ദുരൂഹതകൾ ബാക്കി നിർത്തിയ ജനപ്രിയ സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ ആത്മഹത്യയ്ക്കു പിന്നിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്ത്. ചിത്രയുടെ മരണ കാരണം കടുത്ത മാനസിക സമ്മർദമെന്ന പൊലീസ് കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകൾ പുറത്ത്. കേസിൽ അറസ്റ്റിലായ നടിയുടെ ഭർത്താവ് ഹേംനാഥ് രവി മരണത്തിനു തൊട്ടുപിന്നാലെ സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോൺ സംഭാഷണം പ്രാദേശിക മാധ്യമങ്ങളാണ് പുറത്തു വിട്ടത്.
ഡിസംബർ 9 ന് നസ്രത്ത്പെട്ടിലെ ആഡംബര ഹോട്ടലിൽ ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപ് സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ താൻ ചോദ്യം ചെയ്തുവെന്നും കുപിതയായ നടി ശുചിമുറിയിൽ കയറി വാതിൽ അടച്ചുവെന്നും ചിത്ര കടുംകൈ ചെയ്യുമെന്നു ഒരിക്കിലും കരുതിയിരുന്നില്ലെന്നും ഫോൺ സംഭാഷണത്തിൽ ഹേംനാഥ് രവി പറയുന്ന ഭാഗമാണ് പുറത്തായത്.
ഹേംനാഥിനെതിരെ ഗുരുതര ആരോപണവുമായി ചിത്രയുടെ സുഹൃത്ത് സെയ്ദ് രോഹിത്തും രംഗത്തു വന്നു. ചിത്രയെ ഹേംനാഥ് രവി ശാരീരികമായി ഉപദ്രവിക്കുന്നതിനു താൻ സാക്ഷിയാണെന്നു സെയ്ദ് രോഹിത് വെളിപ്പെടുത്തി.
ഇതിനു മുൻപും സഹതാരങ്ങൾക്കൊപ്പമുള്ള അഭിനയത്തിന്റെ കാര്യത്തിൽ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നു. സീരിയൽ ചിത്രീകരണ സ്ഥലത്തു വച്ചു പോലും ഹേംനാഥിൽ നിന്ന് ചിത്ര മാനസിക പീഡനം നേരിട്ടിരുന്നതായി സെയ്ദ് രോഹിത് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ചിത്ര വളരെ മാന്യമായി ഇടപെടുന്ന ഒരു സ്ത്രീയായിരുന്നു. എന്നാൽ ഹേംനാഥിനൊപ്പമുള്ള ജീവിതത്തിൽ അവർ സംതൃപ്തയായിരുന്നില്ലെന്നും നിരന്തരം പീഡനം ഏറ്റിരുന്നതായും സെയ്ദ് രോഹിത് പറഞ്ഞു.
സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ ചിത്രയുടെ അമ്മ നടിയെ നിർബന്ധിച്ചിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ വിവാഹം റജിസ്റ്റർ ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കി.
വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞു ഡിസംബർ 9 ന് പുലർച്ചെ രണ്ടു മണിയോടെ ഹോട്ടലെത്തിയ ചിത്രയും ഹേംനാഥും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ചിത്രയുടെ മൊബൈൽ ഫോണിൽനിന്നു വീണ്ടെടുത്ത ഓഡിയോ ക്ലിപ്പിന്റെ കൂടി അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡിസംബർ 15 നാണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചിത്രയും ഹേംനാഥിന്റെ അച്ഛനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് നിർണായകമായത്. പാണ്ഡ്യൻ സ്റ്റോഴ്സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിർത്തിരുന്നതായി ചിത്ര ഹേംനാഥിന്റെ അച്ഛനോടു പറയുന്നത് ഓഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നുവെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രയുടെ ഫോണിൽനിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബർ പൊലീസ് വീണ്ടെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
ഭർത്താവിന്റെ വിയോഗം പോലും തിരിച്ചറിയാനാവാത്ത വിധം തളർന്നുപോയിരിക്കുന്നു എഴുപത്തിയാറ്കാരിയായ അമ്മിണി. ഭർത്താവ് പൊടിയൻ മരണത്തിനു കീഴടങ്ങിയത് അറിയാതെ കോട്ടയം മെഡിക്കൽ കോളജിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഈ വൃദ്ധമാതാവ് നിശ്ശബ്ദയാണ്. കേരള മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ വൃദ്ധ ദമ്പതികളുടെ ദാരുണാവസ്ഥ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
അമ്മിണിക്ക് നടുവിനും കാലിനും വേദനയുണ്ടെന്നു മാത്രം ഡോക്ടറോടു പറഞ്ഞിരുന്നു. അതോടെ വിദഗ്ധ ചികിത്സയ്ക്കായി അസ്ഥിരോഗ ചികിത്സാ വിഭാഗത്തിലേക്ക് നിർദേശിച്ചിരിക്കുകയാണ്. വീട്ടിലെ മറ്റു സാഹചര്യങ്ങളെപ്പറ്റിയും ഒന്നും പറഞ്ഞിട്ടില്ല. മാനസികാരോഗ്യം മെച്ചപ്പെടുമ്പോൾ വിശദമായ കൗൺസിലിങ് നടത്താനാണ് തീരുമാനം.
നാട്ടുകാരും ജനപ്രതിനിധികളും ഇന്നലെ വീട്ടിലെത്തുമ്പോൾ നായയുടെ അരികിൽ ഭക്ഷണം കൊടുക്കുന്ന വലിയ പാത്രം കണ്ടു. പക്ഷേ പൊടിയന്റെയും അമ്മിണിയുടെയും സമീപമുള്ളത് ഒരു ചെറിയ പാത്രത്തിൽ കുറച്ചു പഴകിയ ഭക്ഷണം മാത്രം.
നാട്ടുകാരെത്തുമ്പോൾ പാതിബോധത്തിലായിരുന്നു പൊടിയൻ. സമീപത്തെ കസേരയിൽ അമ്മിണി എന്തോ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടെ നിന്നാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. ജോലി ചെയ്യാൻ ആരോഗ്യം ഇല്ലാതെ വന്നതോടെയാണ് ഇവർ അവഗണിക്കപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. പൊടിയന്റെ മരണം പട്ടിണി മൂലമെന്ന് അധികൃതർ ഉറപ്പിച്ചിട്ടില്ല.
ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുന്നു. പ്രാഥമിക നിഗമനം അനുസരിച്ച് പൊടിയന്റെ തൊണ്ടയിൽ നിന്നു ഭക്ഷണം താഴേക്കിറങ്ങിയതിന്റെ ലക്ഷണങ്ങൾ കാണുന്നില്ല. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം അമ്മിണിയെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഷെൽറ്റൽ ഹോം കണ്ടെത്താൻ സാമൂഹിക നീതി വകുപ്പ് ഓഫിസറെ ചുമതലപ്പെടുത്തിയെന്നും കലക്ടർ പറഞ്ഞു.
സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പി.പി.ചന്ദ്രബോസ് ഇന്ന് വീട്ടിലെത്തി തെളിവെടുപ്പു നടത്തും. സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരായ സി.എ.സന്തോഷ്, പുഷ്പാംഗദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ദമ്പതികളെ ആശുപത്രിയിലേക്കു മാറ്റിയത്. ആദ്യം, പഞ്ചായത്തംഗം സിനിമോൾ തടത്തിലാണ് പൊലീസിനെയും കൂട്ടി വീട്ടിലെത്തിയത്.
പിന്നാലെ നാട്ടുകാരുമെത്തി. പൊടിയനെയും അമ്മിണിയെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം മാറ്റിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ അറിയിച്ചു.
ജസ്നാ തിരോധാനക്കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി. പരാതി ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ കൈമാറി. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി വഴി പ്രധാനമന്ത്രിക്ക് നല്‍കും. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കുന്നത്. ജസ്ന ജീവിച്ചിരിക്കുന്നു എന്ന സൂചനയല്ലാതെ മറ്റൊന്നും ആരും പറയുന്നില്ലെന്ന് ജസ്നയുടെ അച്ഛന്‍ പറഞ്ഞു.
ജസ്നാതിരോധാനക്കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും, പത്തനംതിട്ട മുന്‍ ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണും വെളിപ്പെടുത്തിയെങ്കിലും അതിനപ്പുറം എന്തെങ്കിലും സൂചന നല്‍കാന്‍ ഇരുവരും തയാറായിട്ടില്ല. 2018 മാര്‍ച്ച് 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്.
രാവിലെ എരുമേലി മുക്കൂട്ട്തറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടിപിന്നെ തിരിച്ചെത്തിയില്ല. പത്തനംതിട്ട മുന്‍ ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണ്‍ അന്വേഷണത്തില്‍ പ്രത്യേക താല്‍പര്യമെടുത്തെങ്കിലും കോവിഡ് കാലം തടസമായി.
മധ്യപ്രദേശില്‍ പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം. തിങ്കളാഴ്ച മധ്യപ്രദേശിലെ ബീട്ടുലിലാണ് സംഭവം. പാടത്ത് പമ്പ് സെറ്റ് അടയ്ക്കാന്‍ എത്തിയതിനിടെയാണ് അയല്‍വാസിയുടെ അതിക്രമം. പ്രതിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.
കൃഷിയിടത്തേക്ക് പോയ പെണ്‍കുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ വീട്ടുകാരാണ് കുഴിയില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. സുശീല്‍കുമാര്‍ എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായത്.
36കാരനായ പ്രതി സുഹൃത്തിന്റെ മകളെയാണ് പീഡിപ്പിച്ചത്. ബലാത്സംഗം ചെയ്ത ശേഷം കൃഷിയിടത്തിലെ സ്ലാബിനടിയില്‍ കുഴിച്ചിടുകയായിരുന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായി തുടരുകയാണ്.
കൊല്ലം ജില്ലയിലെ എഴുകോണിൽ തുടർപഠനത്തിന് സാമ്പത്തികമായ പിന്തുണയില്ലാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. എഴുകോൺ പോച്ചംകോണം സ്വദേശി അനഘ(19)യാണ് മരിച്ചത്. കിടപ്പു മുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് അനഘയെ കണ്ടെത്തിയത്. സുനിൽ കുമാർ, ഉഷാ ദമ്പതികളുടെ ഇളയ മകളാണ് അനഘ.
ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാൻ പണമില്ലാത്ത മനോവിഷമത്തിലാണ് പത്തൊൻപതുകാരി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പ്രദേശത്തെ ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് വിദ്യാർത്ഥിനിടെ മാനസികമായി വിഷമിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.
എന്നാൽ ഈ ആരോപണം കാനറ ബാങ്ക് അധികൃതർ നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്. തേനിയിലെ ഒരു കോളജിൽ പാരാമെഡിക്കൽ കോഴ്‌സിന് മാനേജ്‌മെന്റ് കോട്ടയിൽ അനഘ സീറ്റ് നേടിയിരുന്നു. പഠനത്തിനായി വായ്പയ്ക്കായി ശ്രമിച്ചെങ്കിലും കാനറാ ബാങ്ക് അധികൃതർ നിഷേധിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അനഘയുടെ പിതാവ് സുനിൽ പ്രവാസിയായിരുന്നു. ഇദ്ദേഹം രണ്ടു വർഷമായി നാട്ടിലുണ്ട്. അസ്വഭാവിക മരണത്തിന് എഴുകോൺ പോലീസ് കേസെടുത്തു.
ഗുജറാത്തിലെ കച്ച് ജില്ലയിലെ രഥയാത്രക്കിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 40ലേറെ പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ധനസമാഹരണമാണ് ഘോഷ യാത്ര നടത്തിയത്.
ഇതിനിടെ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു റാലി. മറ്റ് സമുദായത്തെ പ്രകോപിപ്പിക്കുന്നതിനായി പള്ളിയുടെ മുൻപിലെ വഴിയിൽ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയും വാളുകൾ വടിവാളുകൾ തുടങ്ങിയവ ഉയർത്തുകയും തീവച്ചുമായിരുന്നു റാലി.
അക്രമം നിയന്ത്രിക്കുന്നതിനായി പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. അക്രമത്തിന് ശേഷം ജാർഖണ്ഡ് സ്വദേശിയായ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അക്രമത്തിനിടെയാകാം ഇയാൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. അക്രമത്തിൽ പോലീസുകാർക്കും പരിക്കേറ്റിരുന്നു.
ഞായറാഴ്ച നടത്തിയ രഥയാത്രക്ക് വിശ്വഹിന്ദു പരിഷത്ത് അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിലെ ധനസമാഹരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിലും ഉജ്ജയിനിലും മൻഡാസോറിലും സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വ്യാഴാഴ്ച പരിഗണിക്കും. മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.
അതേസമയം കേസിൽ മറ്റ് പ്രതികളായ സുനിൽ കുമാർ, മണികണ്ഠൻ എന്നിവരുടെ ജാമ്യപേക്ഷ കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്.
ലഹരിമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്വര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുംബൈ സ്വദേശികളായ ദമ്പതികളുടെ കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടതിക്ക് ഖത്വര്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം.
ദമ്പതികളെ ശിക്ഷിച്ചു കൊണ്ടുള്ള കീഴ്ക്കോടതിയുടെ വിധി അപ്പീല്‍ കോടതിയും ശരിവച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. അടുത്ത ബന്ധുവിന്റെ ചതിയാണ് ദമ്പതികളെ കുടുക്കിയതെന്ന് വ്യക്തമാക്കി ഇരുവരുടെയും കുടുംബങ്ങള്‍ ഇന്ത്യയില്‍ നല്‍കിയ കേസ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) നേതൃത്വത്തിലും പുരോഗമിക്കുകയാണ്.
ഇന്ത്യയില്‍ നല്‍കിയ കേസിന്റെ രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ദമ്പതികളെ വിളിച്ച് വീണ്ടും അന്വേഷണം നടത്തിയിരുന്നു. ദോഹയിലെ ലീഗല്‍ കണ്‍സള്‍ട്ടന്റായ നിസാര്‍ കോച്ചേരി മുഖേന സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ അല്‍ അന്‍സാരിയാണ് ദമ്പതികള്‍ക്കായി കേസ് വാദിക്കുന്നത്.
2019 ജൂലൈയില്‍ മധുവിധു ആഘോഷിക്കാനായി ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസില്‍ ഖത്വറില്‍ തടവില്‍ കഴിയുന്നത്. ദമ്പതികളെ ബന്ധു നിര്‍ബന്ധിച്ച് ഗള്‍ഫിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങവെ ഇവരുടെ ബാഗില്‍ നിന്നും നാലു കിലോ ലഹരിമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കീഴ്ക്കോടതിയാണ് ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും മൂന്നു ലക്ഷം റിയാല്‍ വീതം പിഴയും വിധിച്ചത്. ഗര്‍ഭിണിയായിരിക്കെ ഒനിബയെ ബന്ധു നിര്‍ബന്ധിച്ച് മധുവിധുവിന് ദോഹയിലെത്തിക്കുകയായിരുന്നു. ജയിലില്‍ വച്ച് ഒനിബ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞും അമ്മയ്ക്കൊപ്പം ജയിലില്‍ തന്നെയാണ്.