Crime

പാലാരിവട്ടത്ത് ഹോട്ടല്‍ ശുചിമുറിയില്‍ ഒളിക്യാമറ. ജീവനക്കാരനായ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം ചിക്കിങ്ങിലാണ് സംഭവം.ഹോട്ടലിലെത്തിയ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ജീവനക്കാരനായ പാലക്കാട് സ്വദേശി വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്.

നാല് മണിയോടെ ഹോട്ടലിലെത്തിയ കുടുംബത്തിലെ പെണ്‍കുട്ടികളില്‍ ഒരാള്‍ ബാത്ത്റൂം ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് വീഡിയോ റെക്കോര്‍ഡിങ്ങ് ഓണായ നിലയില്‍ മൊബൈല്‍ കണ്ടത്.

സംഭവം ഉടമയെ അറിയിച്ചപ്പോള്‍ വേലുവും സുഹൃത്തും രക്ഷപ്പെടാനായി മറ്റൊരു മുറിയില്‍ കയറി വാതിലടച്ചു. പുറത്തിറങ്ങിയ ഇവര്‍ കുറ്റം നിഷേധിച്ചതോടെയാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പാലാരിവട്ടം പോലീസ് എത്തി വേലുവിനെ കസ്റ്റഡിയിലെടുത്തു.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനകൊലയാണ് കെവിന്റേത്. ഇപ്പോള്‍ കെവിന്റെ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റതായുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഹൈക്കോടതിയും ജില്ലാ ജഡ്ജിയും നടത്തിയ അതിവേഗ അന്വേഷണത്തിലാണ് ടിറ്റു ജെറോമിന് മര്‍ദ്ദനമേറ്റതായും, ഗുരുതര പരിക്കേറ്റതായും കണ്ടെത്തിയിരിക്കുന്നത്.

ടിറ്റു ജെറോമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് ടിറ്റു ജറോമിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

ജയിലിലെത്തി മകനെ കാണാന്‍ ശ്രമിച്ചെങ്കിലും ജയില്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് അടിയന്തര പരിശോധനയ്ക്ക് ജില്ലാ ജഡ്ജിയെയും ഡിഎംഒയെയും ഹൈക്കോടതി ചുമതലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍, കോടതി ജയിലധികൃതരെ കര്‍ശനമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി ജയിലിലെത്തി പരിശോധന നടത്തി. ടിറ്റുവിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും കണ്ടെത്തി. പൂജപ്പുര ജയിലില്‍ കഴിയുന്ന ടിറ്റുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ജില്ലാ ജഡ്ജി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി പ്രതിക്ക് ആശുപത്രിയില്‍ പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയില്‍ അധികൃതര്‍ സംരക്ഷണം നല്‍കേണ്ടതില്ലെന്നും കോടതി തുറന്നടിച്ചു. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു കെവിന്‍. 2018 മെയ് 27 ന് ഇരുപത്തിമൂന്നാം വയസ്സിലാണ് നീനുവിന്റെ വീട്ടുകാരാല്‍ കൊല്ലപ്പെട്ടത്.

2018 മെയ് 28 ന് കെവിനെ തെന്‍മലയ്ക്ക് സമീപത്തെ ചാലിയേക്കര പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തലേന്ന് കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്ന് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനീഷിനെ വഴിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി സംഘം കടന്നു. പിറ്റേന്ന് തെന്‍മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറെ നാള്‍ നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുത്തത്.

കേരളത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയിലെ വഴിത്തിരിവാകുന്നു. തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ 14-കാരനായ മകനെ പീഡിപ്പിച്ചെന്ന കേസ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. കേസിൽ ഇപ്പോള്‍ നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. അമ്മയ്ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി പറഞ്ഞു. ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ കേസില്‍ കുടുക്കിയതാണെന്ന് മാതാപിതാക്കളും പരാതിപ്പെട്ടു. ഭാര്യയ്ക്കെതിരെ പരാതിയുമായെത്തിയ ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നും ആരോപണം

എല്ലാം വാപ്പച്ചി അടിച്ച് പറയിപ്പിക്കുന്നതാണ് എന്നാണ് ഇളയ മകൻ പറയുന്നത്. തന്നെക്കൊണ്ടും പറയിപ്പിക്കാൻ നോക്കിയിട്ടുണ്ട്. വെറുതെ ഇരുന്നാലും അടിക്കും. ഉമ്മച്ചിയെ ജയിലില്‍ ആക്കണമെന്ന് എപ്പോഴും പറയും. അതിന് വേണ്ടിയാണ് ചേട്ടനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. എന്തിനാണ് ജയിലിൽ ആക്കുന്നത് എന്നറിയില്ല.

പക്ഷേ ഉമ്മച്ചിയെ എപ്പോഴും ഉപദ്രവിക്കും. ചവിട്ടുകയും ഒക്കെ ചെയ്യും. ഉമ്മച്ചി കരയും. ചേട്ടനോട് ഉമ്മച്ചിക്കെതിരെ പറയണമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. നീ മൊഴി പറഞ്ഞ് ജയിലാക്കണം എന്നാണ് പറയുന്നത്. ബുക്ക് വണ്ടിയിൽ ഇരിക്കുന്നുവെന്ന് പറഞ്ഞാണ് തന്നെയും ചേട്ടനെയും വിളിച്ചുകൊണ്ട് പോയത്. തന്നെയും കൂടെക്കൊണ്ടുപോകാൻ നോക്കിയെങ്കിലും കൈ തട്ടി ഓടുകയായിരുന്നുവെന്നും 11-കാരനായ കുട്ടി പറയുന്നത്.

നിയമപരമായി വിവാഹമോചനം തേടാതെ രണ്ടാം വിവാഹം കഴിച്ചതിൽ യുവതി പരാതി നൽകിയിരുന്നു. അതിന്റെ വൈരാഗ്യം തീർക്കാനാണ് ഈ കേസെന്ന് ആക്ഷേപമുണ്ട്.

ചെന്നൈ ∙ ജാതി മാറി പ്രണയിച്ചതിന്റെ പേരില്‍ ഹരിഹരൻ എന്ന ഇരുപത്തിരണ്ടുകാരനെ ജനക്കൂട്ടം നോക്കിനില്‍ക്കെ കാമുകിയുടെ മുന്നിലിട്ടു കുത്തിക്കൊന്നു. തമിഴ്നാട് കരൂരിലാണ് ക്രൂരമായ കൊലപാതകം. ചര്‍ച്ചയ്ക്കായി ക്ഷേത്രത്തിനു മുന്നിലേക്കു വിളിച്ചുവരുത്തിയായിരുന്നു കൊല. കാമുകിയുടെ മുത്തഛ്ഛന്‍ അടക്കം മൂന്നുപേര്‍ അറസ്റ്റിലായി.

കോളജില്‍ സഹപാഠിയായിരുന്ന, അയല്‍വാസിയായ മീനയെന്ന പെണ്‍കുട്ടിയുമായി ഹരിഹരൻ പ്രണയത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് കുടുംബത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഹരിഹരനെ ഫോണിൽ ബന്ധപ്പെടുന്നത് അവസാനിപ്പിച്ചിരുന്നു. മീനയെ കാണാന്‍ ഹരിഹരന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല.

ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കാമെന്നറിയിച്ചാണു കാമരാജപുരം പശുപതീശ്വര ക്ഷേത്രത്തിലേക്കു മീനയുടെ കുടുംബം ഹരിഹരനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയത്. ക്ഷേത്രത്തിനു മുന്നില്‍ വച്ചുള്ള സംസാരം കയ്യേറ്റമായി. കുത്തേറ്റു നിലത്തുവീണിട്ടും അരിശം തീരാതെ പ്രതികൾ ഹരിഹരനെ നിർത്താതെ മർദ്ദിച്ചുവെന്നും ദൃക്സാക്ഷികൾ പറയുന്നു.

ബാര്‍ബറായ ഹരിഹരന്‍ മകളെ പ്രണയിച്ചതു സവര്‍ണജാതിക്കാരായ മീനയുടെ കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കരൂര്‍ പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ശങ്കര്‍, അമ്മാവന്‍ കാര്‍ത്തികേയന്‍, ബന്ധു വേലുച്ചാമി എന്നിവര്‍ അറസ്റ്റിലായി. അക്രമികളുടെ ഇടയില്‍നിന്ന് ഹരിഹരനെ മോചിപ്പിച്ചു സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഴുവന്‍ അക്രമികളെയും പിടികൂടണമെന്നാവശ്യപ്പെട്ടു കുടുംബവും സുഹൃത്തുക്കളും ആശുപത്രിക്കു മുന്നില്‍ സമരം നടത്തി.

ഉത്തര്‍പ്രദേശില്‍ 50 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബദൗര്‍ ജില്ലയിലാണ് നിര്‍ഭയ കേസിന് സമാനമായ ബലാത്സംഗം നടന്നിരിക്കുന്നത്. ക്ഷേത്രത്തില്‍ പോയി മടങ്ങവെയായിരുന്നു മധ്യവയസ്‌കയെ ആക്രമിച്ചത്. അതിക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റതായും കാലുകളും വാരിയെല്ലും ഒടിഞ്ഞതായും പോലീസ് പറഞ്ഞു.

സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. അംഗണവാടി ജീവനക്കാരിയായിരുന്ന മധ്യവയ്‌സ്‌ക ജനുവരി മൂന്നിന് വൈകീട്ടോടെ ക്ഷേത്രത്തില്‍ പോയപ്പോഴായിരുന്നു അക്രമം. ക്ഷേത്രത്തിലെ പൂജാരിയും മറ്റ് രണ്ട് പേരും മൃതദേഹവുമായി വീട്ടിലെത്തുകയും തങ്ങള്‍ എന്തെങ്കിലും അങ്ങോട്ട് ചോദിക്കുന്നതിന് മുന്‍പ് അവര്‍ മടങ്ങിപ്പോകുകയായിരുന്നെന്നും ഇവരുടെ മകന്‍ ആരോപിക്കുന്നു.

എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍, യുവതി കിണറ്റില്‍ വീണതാണെന്നും നിലവിളി കേട്ട് സഹായത്തിനായി തങ്ങള്‍ എത്തിയതാണെന്നുമാണ് പറഞ്ഞത്. തങ്ങള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നെന്നും യുവതിയുടെ ബന്ധുക്കളെ ബന്ധപ്പെടാന്‍ നമ്പര്‍ ഒന്നും ലഭിച്ചില്ലെന്നും അറിയിച്ചു. പിന്നാലെ, ക്ഷേത്ര പുരോഹിതനെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ട് രംഗത്തെത്തി. മധ്യവയ്‌സ്‌കയുടെ ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. രക്തസ്രാവം നിയന്ത്രണാതീതമായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അനില്‍ അംബാനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമെന്ന് എസ്ബിഐ. ഡല്‍ഹി ഹൈക്കോടതിയിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നീ ബാങ്ക് അക്കൗണ്ടുകളാണ് വ്യാജമെന്ന് എസ്ബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

2016ലെ ആര്‍ബിഐ സര്‍ക്കുലറിനെതിരെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ മുന്‍ ഡയറക്ടര്‍ പുനീത് ഗാര്‍ദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇന്ന് ബാങ്കിന്റെ ഓഡിറ്റ് ഡിവിഷന്‍ അക്കൗണ്ടുകള്‍ വ്യാജമാണെന്നതിന് തെളിവുകളുണ്ടെന്ന് കാണിച്ച് രംഗത്തെത്തുകയായിരുന്നു. ആര്‍ബിഐ ചട്ടപ്രകാരം ഒരു നിശ്ചിത സമയപരിധിയില്‍ പണമിടപാട് മുടങ്ങിയ അക്കൗണ്ടുകള്‍ നോണ്‍ പെര്‍ഫോമിംഗ് അസറ്റായി കണക്കാക്കും. തുടര്‍ന്ന് ഈ അക്കൗണ്ടുകളെ ഓഡിറ്റ് ചെയ്യും.

ഇത്തരത്തില്‍ ഓഡിറ്റ് നടത്തിയ അക്കൗണ്ടില്‍ തിരിമറി കണ്ടെത്തിയാല്‍ ആ അക്കൗണ്ടിനെ വ്യാജമെന്ന് പറയും. അങ്ങനെ വ്യാജമെന്ന് കണ്ടെത്തിയ അക്കൗണ്ടിനെ കുറിച്ച് റിസര്‍വ് ബാങ്കിന് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. അതേസമയം, അനില്‍ അംബാനിയുടെ വ്യാജമെന്ന് പറയപ്പെടുന്ന മൂന്ന് അക്കൗണ്ടുകളിലുമായി 49000 കോടി രൂപയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍, അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് എസ്ബിഐ.

നെടുമ്പാശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് റയിൽവേ ട്രാക്കിൽ തള്ളി. അങ്കമാലി-എറണാകുളം റയിൽവേ ട്രാക്കിലാണ് മൃതദേഹം ഛിന്നഭിന്നമായ നിലയിൽ കണ്ടെത്തിയത്. ഒഡീഷ സ്വദേശി ശ്രീധറാണ് കൊല്ലപ്പെട്ടത്. കൂടെ ജോലി ചെയ്യുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒഡീഷ സ്വദേശികളായ അഷിഷ് ബോയി, ചെങ്കാല സുമൻ എന്നിവരാണ് പിടിയിലായത്. റയിൽവേ ട്രാക്കിന് അര കിലോമീറ്റർ ദൂരെ പ്രവർത്തിക്കുന്ന ഹാർഡ്ബോർഡ് പെട്ടി കമ്പനിയിലെ ജോലിക്കാരാണ് മൂന്നുപേരും. ഇന്നലെ രാത്രി ഒന്നരയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ മൽപ്പിടുത്തം നടന്നതിൻ്റെ തെളിവുകളും പരിസരത്ത് രക്തക്കറയും കണ്ടെത്തി.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി ബിജെപി. നേമത്ത് ഒ.രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ മത്സരിക്കാൻ സാധ്യത. സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറക്കുന്നത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലൂടെയാണ്. ഇത്തവണയും നേമം നിലനിർത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

രാജഗോപാലിന് 91 വയസ്സായി. ഒരു തിരഞ്ഞെടുപ്പിൽ കൂടി രാജഗോപാലിനെ സ്ഥാനാർഥിയാക്കാൻ ബിജെപി ഒരുക്കമല്ല. അതുകൊണ്ടാണ് രാജഗോപാലിന് പകരക്കാരനെ തേടുന്നത്. കുമ്മനം രാജശേഖരൻ നേമത്ത് മത്സരിക്കണമെന്നാണ് പാർട്ടിയിലെ താൽപര്യം. മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കുമ്മനത്തിനു പാർട്ടി നിർദേശം നൽകി. നേമം മണ്ഡലത്തിൽ കുമ്മനം വീട് വാടകയ്‌ക്കെടുത്തതായാണ് റിപ്പോർട്ട്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ഉപതിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിലാണ് കുമ്മനം മത്സരിച്ചത്. വോട്ടുകളുടെ എണ്ണത്തിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചെങ്കിലും മണ്ഡലം പിടിക്കാൻ സാധിച്ചിരുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുമ്മനം വട്ടിയൂർക്കാവിൽ മത്സരിക്കില്ല. പകരം, മറ്റൊരു മുതിർന്ന നേതാവിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനാണ് സാധ്യത.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും മത്സരരംഗത്തുണ്ടാകും. സുരേന്ദ്രൻ മത്സരിക്കണമെന്നാണ് ആർഎസ്എസ് താൽപര്യം. പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമേ മത്സരിക്കൂ എന്ന നിലപാടാണ് സുരേന്ദ്രന്.

ബി.ഗോപാലകൃഷ്ണൻ, എ.എൻ.രാധാകൃഷ്ണൻ എന്നിവർ തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കാനും സാധ്യതയുണ്ട്. ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കേരള ബിജെപിയിൽ തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ശോഭാ സുരേന്ദ്രനെ പാർട്ടിയിൽ സജീവമാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രനും തമ്മിലുള്ള അഭിപ്രായഭിന്നത തുടർന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.

തെന്നിന്ത്യൻ സിനിമാ ആരാധകർക്കിടയിൽ മാദക റാണിയായിരുന്നു റാണി പത്മിനി എന്ന നടി. ഒരു കാലത്ത് യുവാക്കളുടെ സിരകളിൽ ലഹരിയായി റാണി പത്മിനി ഒഴുകി നടന്നിരുന്നു. എന്നാൽ ഏറെ പ്രശസ്തിക്കും പണത്തിനും എല്ലാം നടുവിൽ കഴിയവെ റാണി പത്മിനിയേയും അമ്മ ഇന്ദിരയേയും ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമാ ലോകത്തെ തന്നെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു റാണി പത്മിനിയുടെ മരണം.

ജ്വലിക്കുന്ന സൗന്ദര്യവും കണ്ണുകളിലെ പ്രണയഭാവവും കൊണ്ട് ആരാധകരെ സമ്പാദിച്ച റാണി പത്മിനിയുടെ ജീവിതം 1986 ഒക്ടോബർ പതിനഞ്ചിന് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് അവസാനിക്കുകയായിരുന്നു. റാണിയെ സ്വന്തം അമ്മയുടെ മുമ്പിലിട്ട് വീട്ടുജോലിക്കാരാണ് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. താരം മരിച്ച വിവരം പോലും അഞ്ചു ദിവസത്തിനു ശേഷമാണ് പുറമലോകമറിഞ്ഞത്.

1981 ൽ കഥയറിയാതെ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ റാണി പത്മിനി ആശ, ഇനിയെങ്കിലും, ആക്രോശം, മനസ്സേ നിനക്കു മംഗളം, കുയിലിനെതടി, കിളിക്കൊഞ്ചൽ, നസീമ, ഉയിർത്തെഴുന്നേൽപ്പ്, മരുപ്പച്ച തുടങ്ങി ഒരുപിടി നല്ല വേഷങ്ങളിലൂടെ പ്രശസ്ത്രിയിലേക്ക് ഉയരുകയായിരുന്നു. പതിയെ റാണിയെ മാദകനടിയാക്കി ചലച്ചിത്ര ലോകം അവതരിപ്പിച്ചു. അഭിനയത്തേക്കാൾ ശരീരപ്രദർശനം സംവിധായകർ ആവശ്യപ്പെട്ട് റാണിയെ ചൂഷണം ചെയ്തു. മേനി പ്രദർശനവും ബാലൻ കെ നായരോടൊപ്പമുള്ള ഒരു ബലാത്സംഗരംഗവും റാണിയുടെ ഇമേജിനെ തകിടം മറിച്ചു.

ഹിന്ദി സിനിമാലോകത്തേക്ക് പോയ റാണി വേണ്ടവിധം ശോഭിക്കാതെ തിരിച്ച് മദ്രാസിലേക്ക് തന്നെ വണ്ടി കയറി. മദ്രാസിലെത്തിയ റാണി വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവ് വാടകയ്‌ക്കെടുത്ത് താമസമാക്കിയതാണ് അവരുടെ ജീവൻ പോലും നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.

ബംഗ്ലാവിൽ താമസമാരംഭിച്ച റാണി പുതിയ വാച്ച്മാൻ, അടുക്കളക്കാരൻ, ഡ്രൈവർ എന്നിവരെ നിയമിച്ചു. ആദ്യം റാണിയുടെ വീട്ടിലേക്കു ജോലി തേടി ജെബരാജ് എന്നയാളാണ് എത്തിയത്. ജെബരാജ് ജോലിയിൽ പ്രവേശിച്ചു കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ വാച്ചറായി ലക്ഷ്മി നരസിംഹൻ എന്നയാളും അവിടെ ജോലിക്ക് വന്നു. കാർ മോഷണക്കേസിലുൾപ്പടെ ജയിൽ ശിക്ഷ അനുഭവിച്ച ക്രിമിനലാണ് ജെബരാജെന്നും ജെബരാജും നരസിംഹനും സുഹൃത്തുക്കളാണെന്നും താരവും അമ്മയും അറിഞ്ഞിരുന്നില്ല.

ഇവരെ കൂടാതെ ഗണേശൻ എന്ന പാചകക്കാരനും റാണിയുടെ ബംഗ്ലാവിൽ ജോലിക്കെത്തിയിരുന്നു. ഒരിക്കൽ റാണിയെ കടന്നുപിടിക്കാൻ ശ്രമിച്ച ജെബരാജിനെ റാണി തല്ലി പുറത്താക്കി. ജോലിയിൽ നിന്നും പിരിച്ചുവിട്ടതോടെ ജെബരാജ് റാണിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ ഈ ബംഗ്ലാവ് സ്വന്തമായി വിലകൊടുത്ത് വാങ്ങിക്കാനും റാണി പത്മിനി നീക്കം നടത്തി. അതിനായി പ്രസാദ് എന്ന ഇടനിലക്കാരനോട് റാണി സംസാരിക്കുകയും മൊത്തം വിലയും പണമായി തന്നെ കൈ മാറാമെന്ന് വാക്കു നൽകുകയും ചെയ്തു.

ഈ വിവരമറിഞ്ഞ ജെബരാജ് റാണിയുടെ വീട്ടിൽ കുറെയേറെ പണവും പൊന്നും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചാണ് ക്രൂരകൃത്യം പ്ലാൻ ചെയ്തത്. അവസരം പാർത്തിരുന്ന ജെബരാജ് വാച്ച്മാനെയും പാചകക്കാരനെയും ഒപ്പം കൂട്ടി. 1986 ഒക്ടോബർ 15ന് ക്രൂരന്മാർ പ്ലാൻ ചെയ്ത ആ ദാരുണ ദിനമെത്തി. രാത്രിയിൽ റാണിയും അമ്മയും മദ്യപിക്കുന്നത് പതിവാണെന്ന് മനസിലാക്കിയ പ്രതികൾ തക്കം പാർത്തിരുന്നു. പതിവുപോലെ രാത്രിയിൽ നന്നായി മദ്യപിച്ച റാണി എന്തോ ആവശ്യത്തിന് അടുക്കളയിലേക്ക് പോയ സമയത്ത് അക്രമികൾ അമ്മ ഇന്ദിരയെ കഠാര കൊണ്ട് തുരുതുരെ കുത്തിവീഴ്ത്തി.

അമ്മയുടെ അലർച്ച കേട്ട് ഓടിയെത്തിയ റാണി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയിൽ കുളിച്ചുകിടന്ന അമ്മയെയാണ്. അപകടം മനസ്സിലാക്കി മുകളിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച റാണിയെ അക്രമികൾ അമ്മയുടെ മുമ്പിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്തു. അതിനുശേഷം അവരെ കുത്തിക്കൊലപ്പെടുത്തുകയും 15 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളും, 10,000 രൂപയും മൂന്നായി ഭാഗം വച്ച് സ്ഥലം വിടുകയും ചെയ്തു. ഇരുവരും കൊല്ലപ്പെട്ടതു പോലും പുറംലോകമറിഞ്ഞില്ല.

നേരത്തെ പറഞ്ഞുറപ്പിച്ച പോലെ വീട് വാങ്ങുന്ന കാര്യം സംസാരിക്കാൻ റാണി പത്മിനിയെ കാണാനായി ഒക്ടോബർ ഇരുപതാം തീയതി ബ്രോക്കർ പ്രസാദ് ബംഗ്ലാവിലെത്തിയപ്പോഴാണ് താരത്തിന്റെ ദാരുണമരണം ലോകമറിഞ്ഞത്. കോളിങ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറക്കാതെ വന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് വീടിനകത്തു നിന്നും വല്ലാത്ത ഒരു ദുർഗന്ധം വമിക്കുന്നതായി പ്രസാദ് ശ്രദ്ധിച്ചത്. പിറകു വശത്തെ വാതിൽ ചെറുതായി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പ്രസാദ് അതിലൂടെ അകത്തു കയറിയതോടെ ദുർഗന്ധം രൂക്ഷമായി. മേലേയ്ക്ക് കയറുന്തോറും ഈച്ചകളുടെയും ശല്യം കൂടിക്കൂടി വന്നു.

തിരഞ്ഞുപോയ പ്രസാദ് ഒടുവിൽ എത്തിപ്പെട്ടത് ഒരു കുളിമുറിക്ക് മുന്നിലായിരുന്നു. ചീഞ്ഞളിഞ്ഞ നിലയിൽ കിടക്കുന്ന രണ്ട് ശവശരീരങ്ങൾ കണ്ട് പ്രസാദ് അലറി നിലവിളിച്ചു കൊണ്ട് ഇറങ്ങിയോടി. പ്രസാദ് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി. ജഡങ്ങൾ അവിടെ നിന്നും ഒന്നനക്കിയാൽ പോലും കഷ്ണങ്ങളായി വേർപ്പെടാമെന്നിരിക്കെ പോസ്റ്റ്‌മോർട്ടം കുളിമുറിയിൽ വെച്ചുതന്നെയാണ് നടത്തിയത്.

റാണിയുടെ മരണമറിഞ്ഞ് അവിടെ എത്തിയവരിൽ സിനിമക്കാരായി നടന്മാരായ കൊച്ചിൻ ഹനീഫയും രാമുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് തക്ക സമയത്തിന് ആംബുലൻസ് എത്തി ചേരാത്തത് കാരണം ഒരു ടാക്‌സിയുടെ ഡിക്കിയിലാണ് ഇരുവരുടെയും ജഡങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവരുടെ ജഡങ്ങൾ സീറ്റിൽ വയ്ക്കാൻ പോലും ടാക്‌സിഡ്രൈവർ സമ്മതിച്ചില്ല. രണ്ട് പേരുടെയും ജഡങ്ങൾ ഏറ്റുവാങ്ങാൻ ആരും എത്തിയതുമില്ല. മോർച്ചറിയിൽ നിന്നും മൃതദേഹങ്ങൾ ചലച്ചിത്ര പരിഷത്ത് ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഒട്ടേറെ പ്രിയപ്പെട്ട സിനിമകളെ ബാക്കിയാക്കി റാണി പത്മിനിയുടെ ജീവിതം ദുരന്തമായി പര്യവസാനിച്ചു.

സ്വർണക്കടത്ത് കേസില്‍ എന്‍.ഐ.എ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷ്, സരിത്ത്, കെ.ടി. റമീസ് എന്നിവരുൾപ്പെടെ മുപ്പത്തഞ്ചോളം പേരെ പ്രതികളാക്കിയാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. എന്‍.ഐ.എ കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ പ്രതിയല്ല. കസ്റ്റംസ് കരുതല്‍ തടങ്കലിലാക്കിയ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കിയാണ് കുറ്റപത്രം. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ എം ശിവശങ്കറാണെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും പറയുമ്പോഴും ഇക്കാര്യത്തില്‍ എന്‍.ഐ.എ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. രാധാകൃഷ്ണ പിള്ളയാണ് കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ആദ്യ പ്രതിയായ സരിത്തിനെ അറസ്റ്റ് ചെയ്ത് ആറു മാസം തികയുന്നതിനു മുന്‍പാണ് എന്‍.ഐ.എ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. മുപ്പത്തഞ്ചോളം പ്രതികളിൽ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. അതേസമയം 12 പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പണം നല്‍കിയവര്‍ അടക്കമുളളവരാണ് ജാമ്യം ലഭിച്ച് പുറത്തുള്ളത്. സന്ദീപ് നായര്‍ക്ക് പുറമേ നാല് പേര്‍ കൂടി മാപ്പുസാക്ഷിയായെന്നാണ് സൂചന.

കേസില്‍ യു.എ.പി.എ. നിലനില്‍ക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇനിയും കേസില്‍ പിടികൂടാനുള്ള പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തി അവരെ പിടികൂടുന്ന മുറയ്ക്ക് കൂടുതല്‍ കുറ്റപത്രങ്ങൾ കോടതിക്കു മുന്നിലെത്തും.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി റെബിന്‍സിനെ വിദേശത്തുനിന്ന് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താന്‍ എന്‍.ഐ.എയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട ചില പ്രധാന പ്രതികള്‍ ഇപ്പോഴും വിദേശത്താണ്.

Copyright © . All rights reserved
➤