തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി ബിജെപി. നേമത്ത് ഒ.രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ മത്സരിക്കാൻ സാധ്യത. സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറക്കുന്നത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലൂടെയാണ്. ഇത്തവണയും നേമം നിലനിർത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

രാജഗോപാലിന് 91 വയസ്സായി. ഒരു തിരഞ്ഞെടുപ്പിൽ കൂടി രാജഗോപാലിനെ സ്ഥാനാർഥിയാക്കാൻ ബിജെപി ഒരുക്കമല്ല. അതുകൊണ്ടാണ് രാജഗോപാലിന് പകരക്കാരനെ തേടുന്നത്. കുമ്മനം രാജശേഖരൻ നേമത്ത് മത്സരിക്കണമെന്നാണ് പാർട്ടിയിലെ താൽപര്യം. മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കുമ്മനത്തിനു പാർട്ടി നിർദേശം നൽകി. നേമം മണ്ഡലത്തിൽ കുമ്മനം വീട് വാടകയ്‌ക്കെടുത്തതായാണ് റിപ്പോർട്ട്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ഉപതിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിലാണ് കുമ്മനം മത്സരിച്ചത്. വോട്ടുകളുടെ എണ്ണത്തിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചെങ്കിലും മണ്ഡലം പിടിക്കാൻ സാധിച്ചിരുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുമ്മനം വട്ടിയൂർക്കാവിൽ മത്സരിക്കില്ല. പകരം, മറ്റൊരു മുതിർന്ന നേതാവിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനാണ് സാധ്യത.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും മത്സരരംഗത്തുണ്ടാകും. സുരേന്ദ്രൻ മത്സരിക്കണമെന്നാണ് ആർഎസ്എസ് താൽപര്യം. പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമേ മത്സരിക്കൂ എന്ന നിലപാടാണ് സുരേന്ദ്രന്.

ബി.ഗോപാലകൃഷ്ണൻ, എ.എൻ.രാധാകൃഷ്ണൻ എന്നിവർ തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കാനും സാധ്യതയുണ്ട്. ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കേരള ബിജെപിയിൽ തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ശോഭാ സുരേന്ദ്രനെ പാർട്ടിയിൽ സജീവമാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രനും തമ്മിലുള്ള അഭിപ്രായഭിന്നത തുടർന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.