Crime

പ്രസവിച്ചതിന്റെ തൊട്ടടുത്ത ദിവസം പെൺകുഞ്ഞിനെ മരുതിമൂട് സെന്റ് ജോർജ് കത്തോലിക്ക പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാവും കാമുകനും അറസ്റ്റിലായി. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ.ൃ അജയ് ( 32) കുട്ടിയുടെ മാതാവ് മാരൂർ ഒഴുകുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 30ന് പുലർച്ച കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് കുഞ്ഞിനെ തുണിയിൽ പുതപ്പിച്ച് കിടത്തിയ നിലയിൽ കണ്ടത്.

വിവരമറിഞ്ഞ് പോലീസും ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ പ്രഫ. കെ മോഹൻകുമാറും സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് അടൂർ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷം ജില്ല ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

പള്ളിയുടെ മുൻവശത്തെ ക്യാമറ പ്രവർത്തന രഹിതമായത് അന്വേഷണത്തെ ബാധിച്ചെങ്കിലും പത്തനാപുരം മുതൽ അടൂർവരെയുള്ള ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്നിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അജയ് ഓടിച്ച ഓട്ടോ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ചെന്നെത്തിയത്.

ആദ്യവിവാഹം വേർപിരിഞ്ഞ് നിന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ലിജയുടെ വീട്ടിൽ പ്രസവിച്ച കുട്ടിയെ ഇരുവരും ചേർന്ന് പള്ളിക്ക് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. സിഐ യു ബിജു, എസ്‌ഐ അനൂപ്, വനിത സീനിയർ സിവിൽ പോലീസ് ഓഫിസർ റഷീദ ബീഗം, സിവിൽ പോലീസ് ഓഫീസർമാരായ അനുരാഗ് മുരളീധരൻ, ശരത്, സുരേഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ. പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ(22)യെയാണ് ഇന്നലെ പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയ്യാൽ സ്വദേശിയായ യുവാവുമായി ഞായറാഴ്ച വിവാഹം നടക്കാനിരിക്കുകയായിരുന്നു.

അനുഷ കഴിഞ്ഞ ദിവസം വിവാഹാവശ്യത്തിനുള്ള സ്വർണ്ണം വാങ്ങിവരികയും സമീപവാസികളെ ആഭരണങ്ങൾ കാണിക്കുകയും പുലർച്ചെ വരെ കൂട്ടുകാരുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. ബെഡ് ഷീറ്റുകൊണ്ടു ഫാനിൽ കുരിക്കിട്ടു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൊബൈൽ ഇയർ ഫോൺ കൈയിൽ പിടിച്ചിരുന്നു.

കുന്നംകുളം സബ് ഇൻസ്‌പെക്ടർ ഇ ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ചശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കൊവിഡ് പരിശോധന പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ഷീല മാതാവും അതുല്യ സഹോദരിയുമാണ്.

തൊടുപുഴ കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. ബെല്ലി ഡാൻസിനെത്തിയ യുവതികൾക്കു ദിവസം അഞ്ചുലക്ഷം രൂപ വീതം നൽകിയതായി വിവരം. ഇടുക്കി രാജാപ്പാറയിൽ നടന്ന പാർട്ടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. പാർട്ടിയിൽ 250 ലീറ്ററോളം മദ്യമെത്തിച്ചതായുള്ള വിവരത്തെത്തുടർന്ന് എക്സൈസ് അന്വേഷണമാരംഭിച്ചു. രാഷ്ട്രീയ നേതാക്കന്മാരുടെയും പൊലീസിന്റേയും മൗനാനുവാദത്തോടെയായിരുന്നു പരിപാടി.

കോവിഡ് ഭീതിയിൽ നാട് കഷ്ടപ്പെടുമ്പോഴാണു കഴിഞ്ഞ ഞായറാഴ്ച പരിപാടികൾ നടന്നത്. വ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള രാത്രി ആഘോഷം സ്വകാര്യ റിസോർട്ടിലായിരുന്നു. നിശാപാർട്ടിയും ബെല്ലി ഡാൻസും രാത്രി 8 മുതൽ ആറ് മണിക്കൂർ നീണ്ടു. കോവിഡ് മാർഗനിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു. രാഷ്ട്രീയക്കാരും പൊലീസുകാരുമെല്ലാം പരിപാടിക്കെത്തി. ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിനു പുറത്ത് നിന്നാണ് കൊണ്ടുവന്നത്. മുംബൈ സ്വദേശികളായ നർത്തകിമാരെ ഹൈദരാബാദിൽ നിന്നുമാണ്ബുക്ക് ചെയ്തത്.

ഒരു ദിവസം അഞ്ചുലക്ഷം രൂപ കരാറിൽ നാലുദിവസത്തേയ്ക്കാണ് ഇവരെ എത്തിച്ചതെന്നാണു വിവരം. കൊച്ചിയിലെത്തിയ നർത്തകിമാരെ പ്രത്യേക വാഹനത്തിൽ ശനിയാഴ്ച സ്ഥലത്തെത്തിച്ചു. പരിപാടിക്കു ശേഷം ഇവർ കേരളം വിട്ടിട്ടില്ലെന്നാണു വിവരം. തൃശൂരിലും സമാന രീതിയിൽ പരിപാടി നടത്തുവാൻ കരാർ ഉണ്ടാക്കിയതായും വിവരമുണ്ട്. ഇതിനെക്കുറിച്ചും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.

നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹികമാധ്യങ്ങളിൽ പ്രചരിച്ചതോടെയാണ് ശാന്തൻപാറ പൊലീസ് സംഘാടകനായ വ്യാപാരിക്കെതിരെ കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു ബാക്കിയുള്ളവർക്കെതിരെയും കേസെടുക്കാനാണു തീരുമാനം. അതേസമയം സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തതെന്നും ആരോപണമുണ്ട്. പരിപാടി നടന്ന അന്ന് തന്നെ പൊലീസുകാർ റിസോർട്ടിൽ എത്തിയിരുന്നതായും എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം കേസെടുക്കാതെ മടങ്ങുകയായിരുന്നുവെന്നാണ് ആരോപണം.

സംഭവത്തിൽ ഇരുനൂറ്റമ്പതോളം ലീറ്റർ മദ്യം റിസോർട്ടിൽ എത്തിച്ചിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന് റിസോർട്ടിൽ എക്സൈസ് പരിശോധന നടത്തി. കൂടുതൽ അന്വേഷണം സിസിടിവി ദൃശ്യങ്ങൾ ലഭിച്ച ശേഷം ഉണ്ടാകും. സംഭവത്തിൽ ആരോപണം നേരിടുന്ന പൊലീസും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. വിവിധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവികൾ എന്നിവർക്കു പരാതികൾ നൽകിയിട്ടുണ്ട്.

നടൻ വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. അർധരാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തില്‍ വില്ലുപുരം ജില്ലയിൽനിന്നു മാനസിക വെല്ലുവിളിയുള്ള യുവാവിനെ പിടികൂടി.

21 കാരനായ യുവാവ് മുന്‍പും ഇത്തരം ഫോൺ വിളികൾ നടത്തിയിട്ടുണ്ടെന്നു മരക്കാനം ഇൻസ്പെക്ടർ പറഞ്ഞു. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവർണർ കിരൺ ബേദി എന്നിവരെ ഇയാൾ വിളിച്ചിട്ടുണ്ട്. 100ൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഫോൺ വയ്ക്കും. കുറ്റം സ്വയം ചെയ്തതായി യുവാവ് സമ്മതിച്ചു.

സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈൽ ഫോൺ വഴിയാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. യുവാവിനെ താക്കീത് നൽകി വിട്ടയച്ചതായും ഇൻസ്പെക്ടർ പറഞ്ഞു. ജൂൺ ആദ്യം നടൻ രജനീകാന്തിന്റെ ചെന്നൈയിലെ പോയസ് ഗാർഡൻ വസതിക്കും സമാനമായ ഭീഷണി ഉണ്ടായിരുന്നു. ഭീഷണി വ്യാജമാണെന്നു പിന്നീട് തെളിഞ്ഞു.

ഇടുക്കിയിൽ രാജാപ്പാറയിലുള്ള സ്വകാര്യ റിസോർട്ടിൽ കൊവിഡ് സാഹചര്യത്തിലെ പ്രത്യേക നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തി വ്യവസായി സംഘടിപ്പിച്ച നിശാപാർട്ടിയിൽ പങ്കെടുത്തത് ഉന്നതർ. റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും മദ്യസത്കാരവും സംഘടിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർചെയ്തു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചായിരുന്നു മുന്നൂറോളം പേരെ പങ്കെടടുപ്പിച്ച് പാർട്ടി നടത്തിയത്. സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനെതിരേയാണ് ശാന്തൻപാറ പോലീസ് വ്യാഴാഴ്ച കേസെടുത്തത്. നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്.

ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ജൂൺ 28ന് ഡിജെ പാർട്ടിയും ബെല്ലി ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികളും ഉണ്ടായിരുന്നു. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടു. മതമേലധ്യക്ഷന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവർത്തകരും ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

ഈ പാർട്ടി സജ്ജീകരിച്ചത് സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ്. ആഘോഷത്തിൽ മുന്നൂറോളം പേർ പങ്കെടുത്തെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമികവിവരം. ഒരേസമയം 60 മുതൽ നൂറു പേർവരെ ഒത്തുചേർന്നു. മദ്യപിക്കുന്നതിനുള്ള സൗകര്യവും ഏർപ്പാടാക്കിയിരുന്നു. ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചെന്നാണ് വിവരം.

വ്യാപകമായി ആക്ഷേപം ഉയർന്നിട്ടും ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. ഇതിൽ പ്രതിഷേധമുയർന്നപ്പോഴാണ് കേസെടുത്തത്. പാർട്ടി നടന്ന ദിവസം റിസോർട്ടിൽ പരിശോധന നടത്താൻ പോലീസെത്തിയതായും വിവരമുണ്ട്. എന്നാൽ ഉന്നത ഇടപെടലിനെത്തുടർന്ന് ഇവർ മടങ്ങുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ശാന്തൻപാറ പോലീസ് അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ജില്ലാ പോലീസ് മേധാവിയോട് സംസാരിച്ച് നടപടി ഉറപ്പുവരുത്തിയിരുന്നു എന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ പറഞ്ഞു.

ഇറ്റാലിയൻ കപ്പലായ എൻറിക്ക ലെക്സിലെ നാവികർ 2012 ഫെബ്രുവരി 15ന് സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ രാജ്യാന്തര ആർബിട്രേഷൻ ട്രൈബ്യൂണൽ വിധി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അർഹത.

കടൽക്കൊല കേസിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിൽ ഇന്ത്യയ്ക്ക് വിജയം. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടെന്ന് ട്രൈബ്യൂണൽ വിധിച്ചു. ഇറ്റലിയൻ നാവികർക്കെതിരെ ഇന്ത്യ നിയമ നടപടി സ്വീകരിച്ചതും ട്രൈബ്യൂണൽ ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരമില്ലെന്ന് ട്രൈബ്യൂണൽ നീരീക്ഷിച്ചു. ജീവഹാനി, ശാരീരികമായ ഉപദ്രവം, ബോട്ടിനുള്ള കേടുപാടുകൾ, ധാർമികമായ ക്ഷതം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ഇന്ത്യയും ഇറ്റലിയും പരസ്പ്പരം ചർച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കണം. രണ്ടു രാജ്യങ്ങൾക്കും ഇക്കാര്യത്തിൽ ട്രൈബ്യൂണലിന്റെ റൂളിങ്ങിനായി സമീപിക്കാം.

2012ൽ ആണ് കേസിനാസ്പദമായ സംഭവം. ഒരു ഇറ്റാലിയൻ എണ്ണക്കപ്പൽ കേരള തീരക്കടലിലൂടെ നീങ്ങുമ്പോൾ അതിൽ കാവൽ ഡ്യൂട്ടിയിലായിരുന്ന 2 നാവികർ നടത്തിയ വെടിവയ്പ്പിൽ ഒരു മലയാളി ഉൾപ്പെടെ രണ്ടു മൽസ്യത്തൊഴിലാളികൾ കൊല്ലപ്പെടുകയായിരുന്നു. കേസിൽ ഇറ്റാലിയൻ നാവികൻ സാൽവത്തോറെ ജിറോണിനെയും മസ്സിമിലാനോ ലത്തോറിനെയും 2012 ഫെബ്രുവരി 19ന് അറസ്റ്റു ചെയ്തു.

കേസിന്റെ വിചാരണയ്‌ക്കായി സുപ്രീം കോടതി, പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും ട്രൈബ്യൂണലിന്റെ നിർ‌ദേശപ്രകാരം നടപടികൾ നിർത്തേണ്ടിവന്നു. ജാമ്യം അനുവദിച്ചെങ്കിലും പ്രതികൾ രാജ്യം വിടുന്നതു വിലക്കിയിരുന്നു. പിന്നീട്, ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്തു ലത്തോറിനെ ഇറ്റലിയിലേക്കു പോകാൻ കോടതി അനുവദിച്ചു.

നാലുവർഷം ഇന്ത്യയിൽ തടവി‍ൽ കഴിഞ്ഞിരുന്ന സൽവത്തോറെ ജിറോൺ പിന്നീട് മോചിതനായി. പ്രതികളെ വിസ്തരിക്കാൻ ആർക്കാണ് അധികാരമെന്ന് അവിടെ തീരുമാനമാവുംവരെ അവരെ തടവിലിടരുതെന്ന കോടതി നിർദേശത്തെ തുടർന്ന് ഇന്ത്യയിലെ സുപ്രീം കോടതി ജിറോണിനെ മോചിപ്പിക്കുകയായിരുന്നു. നെതർലൻഡ്സിൽ ഹേഗിലെ രാജ്യാന്തര ട്രൈബ്യൂണലാണ് പിന്നീട് കേസ് പരിഗണിച്ചത്. കഴിഞ്ഞ വർഷം ജൂലൈലാണ ്അവസാന വാദം കേട്ടത്.

ഇവർക്കെതിരായ കേസ് നിയമ തർക്കങ്ങൾക്കൊടുവിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിൽ എത്തുകയായിരുന്നു. കേസ് എടുക്കാൻ കേരളാ പൊലീസിന് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചു. പിന്നീട് ഹേഗിലെ അന്താരാഷ്ട്ര തർക്ക പരിഹാര കോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും വാദം കേട്ട ശേഷം ട്രൈബ്യൂണൽ യുഎൻ ചട്ടങ്ങൾക്ക് വിരുദ്ധമായി നാവികർ പെരുമാറിയെന്ന് കണ്ടെത്തി. നാവികർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപിക്കാനുള്ള അധികാരം ഇല്ലെന്നാണ് അന്താരാഷ്ട്ര കോടതിയുടെ നീരീക്ഷണം.

മത്സ്യതൊഴിലാളികള്‍ക്ക് ധനസഹായം നൽകണമെന്നും നാവികർക്ക് എതിരായ ക്രമിനൽ അന്വേഷണം അവസാനിപ്പിക്കണമെന്നും ട്രൈബ്യൂണൽ വിധിച്ചു. ഇന്ത്യ നിയമ വിരുദ്ധമായി തടങ്കലിൽ വച്ചതിന് നാവികർക്ക് നഷ്ടപരിഹാരം നൽകണമെന്ന ഇറ്റലിയുടെ ആവശ്യം ട്രൈബ്യൂണൽ തള്ളി. ഈ ഉത്തരവിന് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സ്വന്തം ലേഖകൻ

വെംബ്ലി : ലണ്ടൻ വെംബ്ലി പാർക്കിൽ വച്ച് സഹോദരിമാരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് മേൽ കൊലപാതകകുറ്റം ചുമത്തി. നിക്കോൾ സ്മാൾമാനും ബിബ ഹെൻ‌റിയും കൊല്ലപ്പെട്ട കേസിൽ ഡാനിയൽ ഹുസൈൻ എന്ന 18നുകാരൻ ഇന്നലെയാണ് പിടിയിലായത്. ബ്ലാക്ക് ഹീത്തിലെ ഗൈ ബാർനെറ്റ് ഗ്രോവ് സ്വദേശിയായ പ്രതിയെ പിന്നീട് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഈ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ അശ്രാന്തമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് നോർത്ത് വെസ്റ്റ് ബിസിയു കമാൻഡർ റോയ് സ്മിത്ത് പറഞ്ഞു. അന്വേഷണത്തിനും സംഭവസ്ഥലത്തെ പോലീസ് പ്രവർത്തനത്തിനും പിന്തുണ നൽകിയതിന് പ്രദേശ നിവാസികൾക്കും പോലീസ് നന്ദി പറഞ്ഞു.

ജൂൺ 5ന് നടന്ന ജന്മദിനാഘോഷത്തിന് ശേഷം രണ്ട് ദിവസങ്ങൾ കഴിഞ്ഞാണ് വെംബ്ലിയിലെ ഫ്രയൻറ് ഗാർഡനിൽ നിന്ന് സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്. കത്തി കൊണ്ടുള്ള കുത്തേറ്റാണ് ഇരുവരും മരണപ്പെട്ടത്. ഈ കേസിൽ ഊർജിതമായ അന്വേഷണം ആരംഭിച്ച പോലീസ് കൊലപാതകം നടന്ന് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ പ്രതിയെ പിടികൂടിയിരിക്കുകയാണ്. അറസ്റ്റിനെക്കുറിച്ച് സഹോദരിമാരുടെ കുടുംബത്തെയും അറിയിച്ചിട്ടുണ്ട്.

പാർക്കിൽ ചെറിയ തിരയലുകൾ തുടരുമെങ്കിലും വിപുലമായ ഫോറൻസിക് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഫോട്ടോയെടുത്തതിന് നോർത്ത് ഈസ്റ്റ് കമാൻഡ് യൂണിറ്റിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു. പല ആരോപണങ്ങളിലേക്കും വഴി തുറന്ന കേസിനാണ് ഉചിതമായ പോലീസ് അന്വേഷണത്തോടെ കൂടി തിരശീല വീണത്.

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ മുംബൈ പോലീസ് ചോദ്യം ചെയ്‌തേയ്ക്കും. ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി സമന്‍സ് അയച്ചേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ബന്‍സാലിയുടെ രണ്ട് ചിത്രങ്ങളില്‍ സുശാന്തിനെ നായകനായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഈ വേഷങ്ങളില്‍ നിന്ന് താരം ഒഴിവാക്കപ്പെട്ടു. സിനിമകളില്‍ നിന്നുള്ള ഇത്തരം മാറ്റി നിര്‍ത്തലുകളും മറ്റുമാണ് സുശാന്തിനെ വിഷാദത്തിലേക്കും തുടര്‍ന്ന് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രധാനമായും ഉയര്‍ന്ന് വന്നിരുന്ന ആരോപണം. ഇതിന്റെ ഭാഗമായാണ് ബന്‍സാലിയെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

അതേസമയം, യഷ് രാജ് ഫിലിംസിലെ കാസ്റ്റിംദ് ഡയറക്ടറായ ഷാനു ശര്‍മ്മയെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജൂണ്‍ 28 ന് നേരത്തെ ഷാനുവിനെ ചോദ്യം ചെയ്തിരുന്നു. ആദിത്യ ചോപ്രയുടെ ബ്യോംകേഷ് ബക്ഷിയിലും ശുദ്ധ ഡെസി റൊമാന്‍സിലും ഷാനു ഉണ്ടായിരുന്നു. നടി കങ്കണ റാവത്തിനേയും സംവിധായകന്‍ ശേഖര്‍ കപൂറിനേയും മൊഴി രേഖപ്പെടുത്താനായി പോലീസ് വിളിപ്പിക്കും.

ആൻജിയോഗ്രാം ചെയ്യുന്നതിനിടെ യന്ത്രഭാഗം ഹൃദയവാൽവിൽ തുളഞ്ഞുകയറിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. ചികിത്സ പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞമാസം നാലിനായിരുന്നു ആൻജിയോഗ്രാം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ഇടയിൽ ഉപകരണം പൊട്ടി ഹൃദയവാൽവിൽ തുളഞ്ഞുകയറുകയായിരുന്നു

പരുമലയിലെ ആശുപത്രിയിൽ എത്തിച്ചാണ് ഉപകരണം പുറത്തെടുത്തത്. ആദ്യ ശസ്ത്രിക നടത്തിയ ഡോക്ടർ കുറ്റസമ്മതം നടത്തിയെന്നും കുടുംബം പറഞ്ഞു

ഇന്നലെയാണ്‌ വീണ്ടും ശാരീരിക അസ്വസ്ഥതകൾ കാരണം ബിന്ദുവിനെ ആശുപത്രിയിൽ കൊണ്ടുപോയത്. രാത്രിയോടെ മരിച്ചു. വാർത്ത പുറത്തു വരാതിരിക്കാൻ ആശുപത്രി അധികൃതർ നഷ്ടപരിഹാരം നൽകാമെന്ന് നിരന്തരം വിളിച്ചു പറയുകയാണെന്നും കുടുംബം പറഞ്ഞു

നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസ് മറ്റ് ചലച്ചിത്രതാരങ്ങളിലേക്കും. പ്രതികള്‍ ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ വരെ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. അതേസമയം, മറ്റൊരു നടനെയും നടിയെയും തട്ടിപ്പ് സംഘം സമീപിച്ചിരുന്നു. സ്വര്‍ണക്കടത്ത് സംഘം എന്നു സ്വയം പരിചയപ്പെടുത്തിയാണ് ഫോണില്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചത്.

പൊലീസ് കഴിഞ്ഞ ദിവസം വിളിപ്പിച്ച നടന് സ്വര്‍ണ്ണക്കടത്തിന് പകരമായി സംഘം ഓഫര്‍ ചെയ്തത് രണ്ടുകോടിയും ആഡംബര കാറുമായിരുന്നു. ഇടപാടിന് മുമ്പ് എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മുങ്ങുന്നതാണ് സംഘാംഗങ്ങളുടെ രീതി. അതുകൊണ്ട് തന്നെ ഇടപാടെല്ലാം ഫോണ്‍ വഴി മാത്രമാണ് നടന്നത്.

വിവാഹ ആലോചനയെന്ന വ്യാജേന ഫോണില്‍ ബന്ധം പുലര്‍ത്തിയ ഷംന കാസിമിനോടും അത്യാവശ്യമെന്ന് പറഞ്ഞ് ഒരുലക്ഷം ചോദിച്ചിരുന്നു. അത് കൊടുത്തില്ലെങ്കിലും ഷംന ബന്ധം തുടര്‍ന്നപ്പോള്‍ വിശ്വാസം നിലനിര്‍ത്താനായാല്‍ കൂടുതല്‍ വാങ്ങിയെടുക്കാം എന്ന കണക്കുകൂട്ടലിലാണ് പെണ്ണുകാണലെന്ന പേരില്‍ നേരിട്ട് വീട്ടിലെത്തിയത്. ഇതിനെല്ലാം മുമ്പണ് പ്രമുഖ നായികനടിയെ ഇവര്‍ ഫോണില്‍ വിളിച്ച് സ്വര്‍ണ്ണകടത്തിന് ക്ഷണിച്ചത്.

ഫോണ്‍ നമ്പറിന്റെ അഡ്രസ് ശേഖരിച്ച് നടിയുടെ ഭര്‍ത്താവ് തിരിച്ചുവിളിച്ചപ്പോള്‍ അപകടം മനസിലാക്കി സംഘം പിന്മാറി. കാലങ്ങളായി കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളത്തിലെ പ്രമുഖ നടനെ ബന്ധപ്പെടാന്‍ സംഘം പലവട്ടം ശ്രമിച്ചെങ്കിലും ഫോണില്‍ കിട്ടാത്തതിനാല്‍ നടന്നില്ല. ഷംനയുടെ പരാതിയില്‍ പ്രതികള്‍ അറസ്റ്റിലായ ശേഷം ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെ വന്‍ വാഗ്ദാനം നല്‍കി പാലക്കാട്ടും കോയമ്പത്തൂരുമെല്ലാം വിളിച്ചുവരുത്തി താമസിപ്പിച്ച് ഒടുവില്‍ സ്വര്‍ണമെല്ലാം ഊരിവാങ്ങി, തന്ത്രപൂര്‍വം കയ്യിലുള്ള പണം വരെ വാങ്ങിയെടുത്ത് തട്ടിപ്പ് സംഘം മുങ്ങിയിട്ടുണ്ട്. മുന്‍കാല സംവിധായകരില്‍ ഒരാള്‍ പുതിയ സിനിമയെടുക്കുന്നു എന്നറിഞ്ഞ് ബന്ധപ്പെട്ട സംഘം വാഗ്ദാനംചെയ്തത് സിനിമ നിര്‍മിക്കാന്‍ അഞ്ചുകോടി രൂപയാണ്. അത്ര വലിയ തുകയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതിനാല്‍ സംവിധായകന്‍ തട്ടിപ്പിനിരയാകാതെ രക്ഷപ്പെട്ടു.

RECENT POSTS
Copyright © . All rights reserved