ഫോണുകൾ കൈമറിഞ്ഞു വന്ന ശബ്ദ സന്ദേശം, എന്നിട്ടും ഐപി കണ്ടെത്താനായത് വിനയായി; സ്വപ്ന സുരേഷിനെയും സംഘത്തെയും കുടുക്കിയത്…..

ഫോണുകൾ കൈമറിഞ്ഞു വന്ന ശബ്ദ സന്ദേശം, എന്നിട്ടും ഐപി കണ്ടെത്താനായത് വിനയായി; സ്വപ്ന സുരേഷിനെയും സംഘത്തെയും കുടുക്കിയത്…..
July 12 05:40 2020 Print This Article

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ശനിയാഴ്ച ഉച്ചയോടെ തന്നെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വലയിൽ ആയിരുന്നതായി വിവരം. വൈകിട്ട് ഏഴു മണിയോടെയാണ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ എൻഐഎ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇവരെ പിടികൂടുന്നത്. ഡൊംലൂർ എൻഐഎ ഓഫിസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ എത്തിച്ചത്. മുഖത്ത് ചില മാറ്റങ്ങൾ വരുത്തിയാണ് സ്വപ്ന സുരേഷും സന്ദീപും ഒളിവിൽ പോയതെന്നും സൂചനയുണ്ട്.

ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോൺ ഓൺ ചെയ്തതിൽ നിന്നു ലഭിച്ച സൂചന എൻഐഎ ഹൈദരാബാദ് യൂണിറ്റിനു കൈമാറുകയും ഇവരെ വലയിലാക്കുകയുമായിരുന്നു എന്നാണ് വിവരം. കേസിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ സരിത് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ ഒളിവിൽ പോയ സ്വപ്ന കഴിഞ്ഞ ദിവസം വരെ കേരളത്തിൽ തന്നെ ഉണ്ടായിരുന്നതായാണ് അറിയുന്നത്. മുൻകൂർ ജാമ്യം തേടുന്നതിന് അഭിഭാഷകന് വക്കാലത്ത് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി കൊച്ചിയിലും ഇവർ എത്തിയിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇവർ ബെംഗളൂരുവിലേക്കു കടന്നത്.

ഫോൺ ഉൾപ്പെടെ പിന്തുടർന്നു പിടിക്കാൻ സഹായിക്കുന്ന ഒന്നും കയ്യിൽ കരുതാതെയായിരുന്നു സ്വപ്ന യാത്ര ചെയ്തിരുന്നത്. എന്നാൽ മകൾ ഉപയോഗിച്ച ഫോൺ ഇവർക്ക് കുരുക്കാകുകയായിരുന്നു. സ്വപ്നയ്ക്കൊപ്പം അവരുടെ ഭർത്താവും മക്കളും പ്രതി സന്ദീപും യാത്ര ചെയ്ത് ബെംഗളൂരുവിൽ എത്തി. ഇവർ താമസിക്കാൻ എത്തിയ കോറമംഗലയിലെ ഫ്ലാറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് എൻഐഎയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇവിടെയെത്തിയ സംഘം ഫ്ലാറ്റിലുള്ളത് സ്വപ്നയും സംഘവും തന്നെയെന്ന് ഉറപ്പാക്കി പിടികൂടിയത്. ബെംഗളൂരുവിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്ലാറ്റിലാണ് ഇവർ തങ്ങിയതെന്നാണ് വിവരം.

മാധ്യമങ്ങളിലൂടെ പുറത്തു വന്ന ശബ്ദ സന്ദേശം കേന്ദ്ര ഇന്റലിജൻസിന് ഇവരെ പിന്തുടരാൻ സഹായകമായെന്നും സൂചനയുണ്ട്. സന്ദേശങ്ങൾ പല ഫോണുകൾ കൈമാറിയാണ് മാധ്യമപ്രവർത്തകർക്ക് ലഭിച്ചത് എങ്കിലും സന്ദേശത്തിന്റെ ഉറവിട ഐപി വിലാസം തിരിച്ചറിഞ്ഞ് അതിനെ വെള്ളിയാഴ്ച മുതൽ തന്നെ കേന്ദ്ര ഇന്റലിജൻസ് പിന്തുടരുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് വന്നതും പോയതുമായ ഫോണുകളെല്ലാം ഏജൻസി പരിശോധനയ്ക്ക് വിധേയമാക്കി. ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്ന കേസു കൂടിയായതിനാൽ ഈ വിവരങ്ങൾ ശേഖരിക്കുന്നതിന് കേന്ദ്ര ഏജൻസികൾക്ക് സംസ്ഥാന പൊലീസിനുള്ളതു പോലെ കടമ്പകൾ വേണ്ട എന്നതും സ്വപ്നയ്ക്കായുള്ള കുരുക്കു മുറുക്കി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles