ക്വാറന്റീനില്‍ കഴിയാതെ കറങ്ങി നടന്ന മണ്ണാര്‍ക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹോം ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ചതിനാണ് കോസെടുത്തത്.
അദ്ദേഹത്തിന്റെ മകനെയും കുടുംബാംഗങ്ങളെയും ഹോം ക്വാറന്റീനിലാക്കിയതായി കളക്ടര്‍ ഡി ബാലമുരളി പറഞ്ഞു. കോവിഡ് ബാധിതന്റെ മകന്‍ കെഎസ്‌ആര്‍ടിസിയിലെ കണ്ടക്ടറാണ്. ഇയാളുടെ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട് കാരക്കുറിശ്ശി സ്വദേശിയായ കോവിഡ് ബാധിതന്റെ മകന്‍ മാര്‍ച്ച് 17 ന് കെഎസ്‌ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് കയറിയിരുന്നു.
മണ്ണാര്‍ക്കാട്ടു നിന്ന് അട്ടപ്പാടി വഴി കോയമ്ബത്തൂര്‍ ബസ്സിലാണ് ഇയാള്‍ ഡ്യൂട്ടി എടുത്തത്. മാര്‍ച്ച് 18 ന് ഇയാള്‍ പാലക്കാട്-തിരുവനന്തപുരം ബസ്സിലും ഡ്യൂട്ടി ചെയ്തിരുന്നതായി കണ്ടെത്തി. ഇയാള്‍ ജോലി ചെയ്ത ബസ്സുകളില്‍ യാത്ര ചെയ്തിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
മണ്ണാര്‍ക്കാട് കാരാക്കുറിശ്ശി സ്വദേശിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മകനെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയത്.ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മാര്‍ച്ച് 13 നാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച് ഇയാള്‍ നാട്ടില്‍ കറങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബസില്‍ യാത്ര ചെയ്തു, പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യത്തീം ഖാന, പള്ളികള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ പോയിരുന്നു. മലപ്പുറത്തും കോവിഡ് ബാധിതന്‍ പോയതായാണ് സംശയം ഉയര്‍ന്നിട്ടുള്ളത്.
ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ‘മാ ആദി ശക്തി’ എന്ന് സ്വയം വിളിക്കുന്ന ഒരു ആള്‍ദൈവമാണ് പൊലീസിനെയും ജനങ്ങളെയും കുറച്ചുനേരം മുള്‍മുനയില്‍ നിര്‍ത്തിയത്. എല്ലാ കൂടിച്ചേരലുകളും നിരോധിക്കപ്പെട്ട ലോക്ക്ഡൗണ്‍ സമയത്താണ് ഇവര്‍ യോഗം സംഘടിപ്പിച്ചത്. പ്രാര്‍ത്ഥനകളും മറ്റും നടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. രണ്ട് ട്രക്ക് പൊലീസ് സ്ഥലത്തെത്തി.
പൊലീസ് എത്തിയപ്പോള്‍ വാള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ‘അമ്മ’യെയാണ് കണ്ടത്. വാള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ തയ്യാറായില്ല. വെല്ലുവിളിയും തുടങ്ങി. ഇതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി.
സ്ഥലത്ത് നൂറോളം പേര്‍ എത്തിയിരുന്നു. എല്ലാവരും ‘അമ്മ’യ്ക്കൊപ്പം പ്രാത്ഥിക്കാന്‍ എത്തിയതാണ്. പൊലീസ് ചെറിയ തൊതില്‍ ഒരു ലാത്തിച്ചാര്‍ജ് സംഘടിപ്പിച്ചതോടെ അവരും ഒഴിഞ്ഞുപോയി.
ദുബായില്‍ നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന 10 മാസം പ്രായമുള്ള കുട്ടി കിണറ്റില്‍ വീണു മരിച്ചു. വര്‍ക്കല പുന്നമൂട് പുന്നവിള വീട്ടില്‍ സുബിന്റെയും ശില്‍പയുടെയും മകള്‍ അനശ്വര സുബിന്‍ ആണ് മരിച്ചത്. കൈവരിയും ഗ്രില്ലും നെറ്റുമുള്ള കിണറിന് 100 അടിയോളം താഴ്ചയുണ്ട്. അതില്‍ 15 അടിയോളം വെള്ളവുമുണ്ട്. ശില്‍പ കുട്ടിയുമായെത്തി കിണറിന്റെ വല വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ ഗ്രില്ലിനിടയിലൂടെ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
വൈകീട്ട് 3.15 ഓടെയാണ് സംഭവം. ശില്‍പയും മക്കളും ഇക്കഴിഞ്ഞ 11നാണ് ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. തിരിച്ചെത്തിയ ഉടനെ ഇവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. വര്‍ക്കല ഫയര്‍ഫോഴ്സ് കരയ്ക്കെത്തിച്ച മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ചന്‍ സുബിന്‍ വിദേശത്താണ്. സഹോദരി അങ്കിത.
ഊട്ടിയില്‍ കൊറോണയുടെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. ചുമട്ടുതൊഴിലാളിയായ ഊട്ടി നൊണ്ടിമേട് സ്വദേശി ജ്യോതിമണിയാണ് (44) കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയും ഊട്ടിയില്‍ ബേക്കറി തൊഴിലാളിയുമായ ദേവദാസാണ് (40) അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഊട്ടി ചന്തയ്ക്ക് മുന്നിലുള്ള ചായക്കടയിലാണ് സംഭവം നടന്നത്. ചായകുടിക്കാനെത്തിയ ഇരുവരും തമ്മില്‍ കൊറോണയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. അതിനിടെ, ചായക്കടയുടെ മുന്നില്‍ പച്ചക്കറി മുറിക്കാന്‍ വെച്ച കത്തി ഉപയോഗിച്ച് ദേവദാസ് ജ്യോതിമണിയെ കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ആശുപത്രിയില്‍ കൊണ്ടുപോകും വഴി ജ്യോതിമണി മരണപ്പെട്ടു. സംഭവത്തില്‍ ദേവദാസിനെ പോലീസ് അറസ്റ്റുചെയ്തു.
ആരോഗ്യ വകുപ്പിന്റെ പേരില്‍ കൊറോണ വൈറസ് സംബന്ധിച്ച് വ്യാജ വാട്ട്‌സപ്പ് സന്ദേശം പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി ബീച്ച്‌റോഡ് അലിനാസിലെ ഷാന ഷരീഫാ(20)ണ് അറസ്റ്റിലായത്.എടക്കാട് എസ്‌ഐ ഷീജുവും സംഘവുമാണ് ഇയാളെ പിടികൂടിയത്.
ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷ പദാര്‍ഥം തെളിക്കുന്നുവെന്ന വ്യാജ ശബ്ദ സന്ദേശം വാട്ട്‌സപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കുടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
വ്യാജ സന്ദേശം പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന വാട്ട്‌സപ്പ് ഗ്രൂപ്പ് അഡ്മിനിനെയും പൊലീസ് തെരയുന്നുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ച എല്ലാ ഗ്രൂപ്പുകളെയും വ്യക്തികളെയും കുറിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷിച്ച് വരികയാണ്.
വീട്ടിൽ സമ്പർക്ക വിലക്കിൽ കഴിഞ്ഞിരുന്നയാൾ ആശാവർക്കറെ മർദിച്ചതായി പരാതി. വാമനപുരം പഞ്ചായത്തിലെ പൂവത്തൂർ വാർഡ് ആശാ വർക്കർ പൂവത്തൂർ സരസ്വതി ഭവനിൽ ലിസി (37) ക്കാണ് മർദനമേറ്റത്. സംഭവത്തിൽ പൂവത്തൂർ വിഎസ് ഭവനിൽ വിഷ്ണു(27)വിനെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം.
ലിസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദിക്കുകയും പെൺമക്കളെ അസഭ്യം വിളിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഒൻപതിന് സൗദിയിൽ നിന്നു നാട്ടിലെത്തിയ ഇയാളെ ആരോഗ്യ വകുപ്പ് അധികൃതർ വിളിക്കുകയും വീട്ടിൽ നിന്നും പുറത്തു പോകരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
താൻ നാട്ടിലെത്തിയ വിവരം ആശാ വർക്കർ ആരോഗ്യ വകുപ്പിനു കൈമാറിയെന്നാരോപിച്ചായിരുന്നു അക്രമമെന്ന് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ലിസിയുടെയും മക്കളുടെയും നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഇതിനിടയിൽ ഇയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ ചെവിക്ക് സാരമായി പരുക്കേറ്റ ലിസിയെ വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ഒമാനിൽ ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായ രണ്ടു മലയാളികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. വരും മണിക്കൂറുകളിൽ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.
കൊല്ലം ഇരവിപുരം സ്വദേശി സുജിത്ത്, കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജിഷ് എന്നിവരെയാണ് ഇന്നലെ വൈകുന്നേരമുണ്ടായ വെള്ളപ്പാച്ചിലില്‍ കാണാതായത്. തലസ്ഥാനമായ മസ്കത്തിൽ നിന്ന് 275 കിലോമീറ്റർ അകലെ ഇബ്രി പ്രവിശ്യയിലെ ഖുബാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം വാദി മുറിച്ചു കടക്കവേയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയോടെ തന്നെ റോയൽ ഒമാൻ പോലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു.
ഇന്ന് രാവിലെ തെരച്ചിൽ തുടങ്ങിയപ്പോൾ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജീഷിന്റെ മൃതദേഹം രാവിലെ തന്നെ കണ്ടെത്തി. ഉച്ചയോടെ സുജിത്തിന്റെ മൃതദേഹവും റോയൽ ഒമാൻ പൊലീസിന് ലഭിച്ചു. ഇരുവരും ഇബ്രിയിലെ അറാക്കിയിൽ സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്നു.
‘അൽ റഹ്‍മ’ ന്യൂനമർദ്ദത്തിന്റെ ഫലമായി ഇന്നലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും വാഹനങ്ങൾ വാദികൾ മുറിച്ചുകടക്കുന്നത് സുരക്ഷാനിര്‍ദേശം അനുസരിച്ചായിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. രാത്രിയിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
മസ്‌കത്തില്‍നിന്ന് 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയില്‍ മലവെള്ളപ്പാച്ചിലില്‍ രണ്ട് മലയാളികളെ കാണാതായി. ഇബ്രിക്കടുത്ത് അറാഖിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന കൊല്ലം, കണ്ണൂര്‍ സ്വദേശികളായ സുജിത്ത് ഗോപിയേയും വിജീഷിനേയുമാണ് കാണാതായത്.
അമല എന്ന സ്ഥലത്തെ ഇവരുടെ മറ്റൊരു കടയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വാഹനത്തില്‍ മലവെള്ളപ്പാച്ചില്‍ (വാദി) മുറിച്ചു കടക്കാന്‍ ശ്രമിക്കവേയാണ് അപകടം. ഇവരുടെ വാഹനം ഒഴുക്കില്‍ പെടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം.
ഒഴുക്കില്‍പെട്ട വാഹനത്തില്‍ നിന്ന് ഇവര്‍ സുഹൃത്തിനെ വിളിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. തെരച്ചിലില്‍ ഇവരുടെ വാഹനം കണ്ടെത്തിയിട്ടുണ്ട്.
ന്യൂനമര്‍ദത്തെ തുടര്‍ന്ന് വടക്കന്‍ ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ കനത്തമഴയാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. മഴയെ തുടര്‍ന്ന് ഇബ്രിയിലും പരിസരത്തും നിരവധി വാദികളാണ് രൂപപ്പെട്ടത്.
ലൈംഗികാതിക്രമ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയിന് കൊറോണ(കൊവിഡ്19) സ്ഥിരീകരിച്ചു. ന്യുയോര്‍ക്കിലെ വെന്റെ കറക്ഷണല്‍ഫെസിലിറ്റിയില്‍ ഐസോലേനിലാണ് ഹാര്‍വി ഇപ്പോള്‍ ഉള്ളത്. ഹാര്‍വിയെ കൂടാതെ രണ്ട് തടവുകാരുടെ കൂടി കൊവിഡ് 19 പരിശോധനഫലം പോസിറ്റീവ് ആണ്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളതെന്നും റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തടവിലുള്ളവര്‍ക്ക് കവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജയില്‍ ഉദ്യോഗസ്ഥരെയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.
അതേസമയം ഹാര്‍വി വെയ്ന്‍സ്‌റ്റെയ്ന്‍ കൊറോണ സ്ഥിരീകരിച്ച കാര്യം തങ്ങള അറിയിച്ചില്ലെന്നാണ് ഹാര്‍വിയുടെ അഭിഭാഷകന്‍ പറയുന്നത്. ഹാര്‍വിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ തങ്ങള്‍ അതീവ ഉത്കണ്ഠയിലാണെന്നും അഭിഭാഷകന്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചിട്ടുണ്ട്. വെന്റേയിലേക്ക് മാറ്റുന്നതിനു മുമ്പ് ന്യൂയോര്‍ക്കില്‍ തന്നെയുള്ള റിക്കേഴ്‌സ് ഐലന്‍ഡിലെ ജയിലില്‍ ഹാര്‍വിയെ പാര്‍പ്പിച്ചിരുന്നു. അവിടെയുള്ള ഒരു ആശുപത്രിയില്‍ ഹൃദയസംബന്ധമായ പരിശോധനകള്‍ക്കും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു.
ലോകമാകമാനം പ്രകമ്പനം കൊള്ളിച്ച മീ ടൂ കാമ്പയിന്‍ തുടങ്ങുന്നത് ഹാര്‍വിക്കെതിരേയുള്ള ചലച്ചിത്ര നടിമാരുടെ ലൈംഗികാരോപണങ്ങളില്‍ നിന്നായിരുന്നു. തുടര്‍ന്ന് ഹാര്‍വിക്കെതിരേ കേസ് എടുക്കുകയും കോടതി അദ്ദേഹത്തെ 23 വര്‍ഷത്തെ ജയില്‍വാസത്തിന് ശിക്ഷിക്കുകയുമായിരുന്നു. 2019 മാര്‍ച്ച് 11 ന് ആയിരുന്നു ഹാര്‍വിയെ അറസ്റ്റ് ചെയ്യുന്നത്.നിരവധി സ്ത്രീകളാണ് ഹാര്‍വിക്കെതിരേ ലൈംഗികാതിക്രമ പരാതികളുമായി രംഗത്തു വന്നത്. മലയാള ചലച്ചിത്രലോകത്ത് വരെ മീ ടൂ കാമ്പയിന്‍ വലിയ പ്രതികരണം ഉണ്ടാക്കിയിരുന്നു.