കൊച്ചി/ ഗൂഡല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കരാട്ടെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം നേരിട്ടതിന് അധ്യാപകനെതിരെയും സംഭവം മൂടി വെച്ച വൈദികനെതിരെയും പരാതിയുമായി മുന്നോട്ടു പോയതിന്‍റെ പേരിൽ പെൺകുട്ടി കഴിഞ്ഞ ദിവസം ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നു. സമയം മലയാളം അടക്കമുള്ള മാധ്യമങ്ങളുടെ ഇടപെടലിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ തയ്യാറായത്. പെൺകുട്ടിയെ മര്‍ദ്ദിച്ചതിന് പിതാവ് ഉള്‍പ്പെടെ ഏഴുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.
പോക്സോ നിയമപ്രകാരമാണ് ഗൂഡല്ലൂര്‍ സ്വദേശിയായ കരാട്ടെ അധ്യാപകൻ സാബു എബ്രഹാമിനെ (55) പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. തന്‍റെ മകളെ സാബു ലൈംഗികമായി ഉപദ്രവിച്ചെന്ന് കാണിച്ച് അമ്മ നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമലഗിരി സെന്‍റ് മേരീസ് പള്ളിയുടെ പാരിഷ് ഹാളിലായായിരുന്നു ഇയാള്‍ കരാട്ടെ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നത്. പള്ളി വികാരിയായ ഫാ. ജോണിയെയും കുട്ടി പഠിക്കുന്ന സ്കൂളിലെ പ്രിൻസിപ്പാളിനെയും കുടുംബം നേരത്തെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ഇയാള്‍ക്കെതിരെ നടപടിയെടുക്കാൻ വൈദികര്‍ തയ്യാറായിരുന്നില്ലെന്നാണ് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ ആരോപണം. തുടര്‍ന്ന് സംഭവത്തിൽ ഇവര്‍ പോലീസിൽ പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു പെൺകുട്ടിയുടെ അച്ഛൻ ഉള്‍പ്പെടെയുള്ള ബന്ധുക്കളും പള്ളിഭാരവാഹികളും ചേര്‍ന്ന് പെൺകുട്ടിയെ വീട്ടിൽ കയറി മര്‍ദ്ദിച്ചത്. ഏഴുപേരോളം വരുന്ന സംഘം വീട് അകത്തു നിന്ന് പൂട്ടിയ ശേഷം നടത്തിയ മര്‍ദ്ദനത്തിൽ പെൺകുട്ടിയുടെ ഇടതുചെവിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. മര്‍ദ്ദനം തടഞ്ഞ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ആദ്യഘട്ടത്തിൽ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെയും മാധ്യമങ്ങളുടെയും ഇടപെടലോടെയാണ് പ്രതികള്‍ക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും തയ്യാറായതെന്ന് (പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ച) പ്രദേശവാസിയായ ഒരാള്‍ സമയം മലയാളത്തോട് പറഞ്ഞു. ഇരയെ കുര്‍ബാന മധ്യേ പരസ്യമായി അവഹേളിച്ച വൈദികനെയും സ്കൂള്‍ പ്രിൻസിപ്പാളായ വൈദികനെയും പോലീസ് ഇടപെട്ട് കേസിൽ നിന്നൊഴിവാക്കാൻ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ മുഖ്യപ്രതിയായ കരാഠേ അധ്യാപകനും പെൺകുട്ടിയെ ആക്രമിച്ച ഏഴുപേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സാരമായി പരിക്കേറ്റ പെൺകുട്ടി തിങ്കളാഴ്ച മുതൽ ഊട്ടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടയിൽ രഹസ്യമൊഴി രേഖപ്പെടുത്താനെന്ന പേരിൽ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ പോലീസ് പെൺകുട്ടിയെ ആശുപത്രിയ്ക്ക് പുറത്തേയ്ക്ക് കൊണ്ടു പോയത് വിവാദമായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ രോഗിയെ കാണാനില്ലെന്ന് കാണിച്ച് അടുത്തുള്ള പോലീസ് ഔട്ട്പോസ്റ്റിൽ പരാതി നല്‍കുകയും ചെയ്തു. അനുമതിയില്ലാതെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രോഗിയായ പെൺകുട്ടിയെയും അമ്മയെയും ആശുപത്രി്യിൽ നിന്ന് പോലീസ് കൊണ്ടു പോയതെന്ന് ഊട്ടി സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് ഡി എച്ച് രവി കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എന്നാൽ സംഭവത്തിൽ കേസെടുത്തതായി സ്ഥിരീകരിക്കാൻ ഗൂഡല്ലൂര്‍ ഡിഎസ്‍പി കെ ആര്‍ ജയ് സിങ് തയ്യാറായില്ല.
കോട്ടയം പിറവം റോഡ് റയിൽവെ സ്റ്റേഷനു സമീപം റയിൽവെ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ രണ്ടു ജീവനക്കാർക്ക് ഷോക്കേറ്റു. എറണാകുളം സെക്ഷനിലെ ജീവനക്കാരായ മഹേഷ്കുമാർ, സാബിറാ ബീഗം എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ മഹേഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
വെള്ളൂരിന് സമീപം ഇരുമ്പയം കല്ലിങ്കലിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ട്രാക്കിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് ഷോക്കേറ്റത്. അപകടം. ഏണിയിൽ കയറി നിന്നിരുന്ന മഹേഷ്കുമാർ ഷോക്കേറ്റ് തെറിച്ചു വീണു. മഹേഷ് കുമാറിന്റെ ദേഹമാസകലം പൊള്ളലേറ്റു.
സാബിറയുടെ കൈക്കാണ് പൊള്ളലേറ്റത്. അപകടം നടക്കുന്ന സമയം ഒരു ലൈനിലെ വൈദ്യുതി വിച്ഛേദിക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. ഇരുവരെയും ആദ്യം വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. മഹേഷ് കുമാറിന് അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ച് റയിൽവെ അന്വേഷണം ആരംഭിച്ചു.
40 വര്‍ഷത്തോളമായി കലിഫോര്‍ണിയ പോലീസ് ഒരു കുറ്റവാളിയെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ പേരോ മേല്‍വിലാസമോ പോലും പോലീസിന് അറിയില്ലായിരുന്നു എന്നതാണ് രസകരമായ കാര്യം. 1970/80- കളിലായി രാജ്യത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സീരിയല്‍ കില്ലറെയായിരുന്നു പോലീസ്‌തെരഞ്ഞുകൊണ്ടിരുന്നത്.
ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലറെന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 51 സ്ത്രീകളെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. നിറച്ച തോക്കുമായിട്ടാണ് ഇയാള്‍ രാത്രിയില്‍ ഇരകളെ തേടി ഇറങ്ങുന്നത്. മുഖംമൂടി ധരിച്ച് വീടുകളുടെ വാതില്‍ തല്ലിത്തകര്‍ത്താണ് അകത്ത് കയറുക. അധികവും ഒരു സ്ത്രീ മാത്രമായി താമസിക്കുന്ന വീട്ടിലാണ് അതിക്രമം നടക്കുക. സ്ത്രീകളെ അതിക്രൂരമായിട്ടാണ് ഇയാള്‍ ബലാത്സംഗം ചെയ്യുക.
വീട്ടില്‍ അഥവാ പുരുഷനുണ്ടെങ്കില്‍ ഇയാളെ തല്ലിച്ചതച്ച ശേഷം അടുക്കളയിലെ പാത്രങ്ങള്‍ ഇയാളുടെ പിന്‍വശത്ത് അടുക്കിവയ്ക്കും. ഇത് വീഴുകയാണെങ്കില്‍ അയാളെ ആ നിമിഷം വെടിവെച്ച് കൊല്ലും. തുടര്‍ന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് അതി ക്രൂരമായി കൊല്ലുകയാണ് പതിവ്. പലരെയും പിന്തുടര്‍ന്ന് കൊല്ലുന്ന ശീലവും ഇയാള്‍ക്കുണ്ടായിരുന്നു. അതേസമയം ഇയാള്‍ ബലാത്സംഗം ചെയ്ത ഒരു സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇയാളൊരു സാഡിസ്റ്റാണെന്ന് പോലീസ് രേഖകള്‍ പറയുന്നു. ക്രൂരമായി പീഡിപ്പിച്ചു കഴിഞ്ഞ ശേഷം കൊല്ലുന്നവരില്‍ നിന്ന് ഇയാള്‍ പണം തട്ടിയെടുക്കാറുണ്ട്. 13-നും 41-നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതില്‍ അധികവും.
ഇത്രയധികം കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും നടത്തിയ ആ ക്രിമിനലിനെ കുറിച്ച് എന്തെങ്കിലും വിവരം കൊടുക്കാന്‍ ആര്‍ക്കും കഴിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ കുറ്റകൃത്യങ്ങള്‍ നടന്ന ചിലയിടങ്ങളില്‍ നിന്നും കണ്ടെത്തിയ ചില ഡി എന്‍ എ സാമ്പിളുകള്‍ മാത്രമായിരുന്നു പോലീസുകാരുടെ പക്കലുള്ള ആകെ സൂചന. അത് അവര്‍ ഒരു പേഴ്‌സണല്‍ ജീനോമിക് വെബ്‌സൈറ്റിലേക്ക് അപ്ലോഡ് ചെയ്തു. ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറിന്റെ ഡി എന്‍ എ-യുമായി പൊരുത്തമുള്ള ഡി എന്‍ എ ഉള്ളവരായ ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറിന്റെ പത്തോളം അകന്ന ബന്ധുക്കളെ വെബ്‌സൈറ്റില്‍ കണ്ടെത്തി. ഈ രംഗത്തെ വിദഗ്ദ്ധയായ ഒരു ജീനിയോളജിസ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പോലീസ് അവരില്‍ രണ്ടു പേര്‍ ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറാകാനുള്ള സാദ്ധ്യത കണ്ടെത്തി. അതിലൊരാളുടെ അടുത്ത ബന്ധുവിനെ കണ്ടെത്തി ഡി എന്‍ എ പരിശോധന നടത്തിയപ്പോള്‍ അയാളല്ല ആള്‍ എന്നുറപ്പിക്കാന്‍ കഴിഞ്ഞു. പിന്നെ അവശേഷിച്ചത് ഒരാള്‍ മാത്രമായിരുന്നു.
ജോസഫ് ജയിംസ് ഡിആഞ്ചലോ എന്നാണ് അയാളുടെ മുഴുവന്‍ പേര്. വിയറ്റ്‌നാം യുദ്ധത്തില്‍ സിഐഎയ്ക്ക് വേണ്ടി സൈനിക വൃത്തി നടത്തിയിട്ടുണ്ട് ഡിആഞ്ചലോ. ഡിആഞ്ചലോയ്ക്ക് മൂന്ന് പെണ്‍കുട്ടികളുണ്ട്. ഭാര്യയുമായി പിരിഞ്ഞാണ് ഇയാള്‍ താമസിക്കുന്നത്. ഇവരുടെ വിവാഹമോചനവും കഴിഞ്ഞതാണ്. പോലീസ് അയാളെ നിരീക്ഷിച്ചു തുടങ്ങി. ഏപ്രില്‍ 18-ന് അയാളുടെ കാറിന്റെ ഡോര്‍ ഹാന്‍ഡിലില്‍ നിന്നും, അയാളുടെ ചവറുവീപ്പയില്‍ നിന്നും കണ്ടെടുത്ത ടിഷ്യൂപേപ്പറില്‍ നിന്നും അയാളുടെ ഡി എന്‍ എ ശേഖരിച്ചു. അതിലെ ഡി എന്‍ എ, ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറുടെ ഡി എന്‍ എ-യുമായി യോജിക്കുന്നവയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഏപ്രില്‍ 24-ന് അയാളെ അറസ്റ്റ് ചെയ്തു.
ഇയാളെ അറസ്റ്റ് ചെയ്തത് നാലുപേരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്. 1978-ല്‍ ബ്രയാന്‍ കാറ്റി മാഗിയോര്‍ ദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയതാണ് ആദ്യത്തെകേസ്. ലൈമാന്‍, ചാര്‍ലീന്‍ സ്മിത്ത് എന്നിവരെ 1980-കളില്‍ കൊലപ്പെടുത്തിയെന്നതാണ് രണ്ടാമത്തെ കേസ്. അതേസമയം 40 വര്‍ഷത്തിന് ശേഷം മാത്രമാണ് ഈ കേസുകളില്‍ തുമ്പുണ്ടാക്കാന്‍ എഫ്ബിഐക്ക് സാധിച്ചത്. പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് 50000 ഡോളര്‍ എഫ്ബിഐ വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പ്രതി തങ്ങളുടെ മൂക്കിന്‍ തുമ്പത്ത് തന്നെയാണ് ജീവിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയത്. ഡിആഞ്ചലോയെ പിടിച്ചതറിഞ്ഞ് കലിഫോര്‍ണിയ ഇപ്പോഴും ഭയന്നു വിറയ്ക്കുകയാണെന്ന് എഫ്ബിഐ സ്‌പെഷല്‍ ഏജന്റ് മാര്‍കസ് നസ്റ്റണ്‍ പറഞ്ഞു. തങ്ങള്‍ക്കിടയില്‍ ഇയാള്‍ ഇത്രയും കാലം ജീവിക്കുക ആയിരുന്നു എന്നത് അവരെ ഞെട്ടിച്ചു കളഞ്ഞു.
ഇയാളെ നേരത്തെ ഓബോണ്‍ പോലീസ് വിഭാഗം പുറത്താക്കിയതാണ്. ഇയാള്‍ സാന്‍ഫ്രാന്‍സിസ്‌കോ, സാക്രാമെന്‍ഡോ, കലിഫോര്‍ണിയ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തിയിരുന്നത്. 1986-ലാണ് ഇയാളുടെ പേരിലുള്ള കേസ് അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് ശേഷം പോലീസ് ഇയാളുടെ താവളത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. അതിനിടയിലാണ് ഇയാളെ പോലീസ് കണ്ടെത്തുന്നത്.
മലപ്പുറം പൂക്കോട്ടുംപാടത്ത് കൊലക്കേസ് പ്രതിയെ വഴിയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഐ.എൻ.ടി.യു.സി പ്രാദേശിക നേതാവായിരുന്ന മുഹമ്മദലിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിലമ്പൂർ മൈലാടി സ്വദേശി സലീമിന്റെ മൃതദേഹമാണ് പൂക്കോട്ടുംപാടം നിലംപതിയിലെ പാതയോരത്ത് കണ്ടെത്തിയത്.
നിലപതിക്കു സമീപത്തെ ഒാടയില്‍ പുലര്‍ച്ചെയാണ് സലീമിന്റെ മൃതദേഹം കണ്ടെത്തിയത്. സലീം വെട്ടിക്കൊലപ്പെടുത്തിയ മുഹമ്മദലിയുടെ വീട്ടിലേക്കുളള വഴയുടെ ഒാരത്തെ ഒാടയിലായിരുന്നു മൃതദേഹം. പരിസരത്തു നിന്ന് മദ്യക്കുപ്പിയും വിഷക്കുപ്പിയും കണ്ടെടുത്തു. തന്നേയും കുടുംബത്തേയും നശിപ്പിച്ചവർക്ക് മാപ്പില്ലെന്ന് എഴുതിയ കത്ത് മൃതദേഹത്തിൽ നിന്ന് ലഭിച്ചു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണ് സലീം മുഹമ്മദലിയെ കൊലപ്പെടുത്തിയത്.
സലീമിൽ നിന്നു വാങ്ങിയ പണം മുഹമ്മദലി തിരിച്ചു നല്‍കിയില്ലെന്നും പലവട്ടം ആവശ്യപ്പെട്ടെങ്കിലും അപമാനിച്ചുവെന്നുമാണ് കൊല ചെയ്യാനുളള കാരണമായി അന്ന് മൊഴി നല്‍കിയിരുന്നത്. കേസില്‍ പരോളില്‍ കഴിയവെയാണ് സലീമിന്റെ മരണം. നിലമ്പൂരിനടുത്ത മൈലായിടില്‍ നിന്ന് 15 കിലോമീറ്ററോളം സഞ്ചരിച്ചാണ് നിലപതിയിലെ മുഹമ്മദലിയുടെ വീടിനു സമീപത്ത് എത്തിയത്.
മരണത്തിന് പിന്നില്‍ മറ്റെന്തിങ്കിലും ഗൂഢാലോചനകളുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൂക്കോട്ടുംപാടം പൊലീസാണ് കേസന്വേഷിക്കുന്നത്.
സുഹൃത്തുക്കൾക്കിടയിൽ മൗറിസ് റോബിൻസൺ അറിയപ്പെടുന്നത് ‘മോ’ എന്ന വിളിപ്പേരിലാണ്. ‘ലോറി ഡ്രൈവർ’ എന്ന് തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ ജോബ് ഡിസ്‌ക്രിപ്‌ഷനായിത്തന്നെ ചേർത്തിട്ടുള്ള റോബിൻസന്റെ വാളിൽ നിറഞ്ഞു നിൽക്കുന്നതും തന്റെ പ്രിയവാഹനവും ഉപജീവന മാർഗവുമായ ‘പോളാർ എക്സ്പ്രസ്സ്’ എന്നുപേരിട്ടിട്ടുളള സ്കാനിയാ ട്രെയ്‌ലർ ട്രക്കാണ്, ഒപ്പം തന്റെ പ്രിയപ്പെട്ട വളർത്തുപട്ടികളും. സതേൺ റീജിയണൽ കോളേജിൽ ലൈറ്റ് വെഹിക്കിൾ മെയിന്റനൻസ് ആൻഡ് റിപ്പയറിൽ ഡിപ്ലോമഎടുത്ത ശേഷമാണ് റോബിൻസൺ കാർഗോ ട്രെയിലറുകളുടെ രാജ്യാന്തര ഡ്രൈവിങ്ങ് തന്റെ ഉപജീവനമായി തെരഞ്ഞെടുക്കുന്നത്. ഇപ്പോൾ യുകെയിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒരു പേരാണ് മോ റോബിൻസന്റെത്. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ 39 ഏഷ്യൻ വംശജരുടെ കൊലപാതകത്തിന്റെ കുറ്റം മോയുടെ തലയിലാണ്.
വടക്കൻ അയർലണ്ടിലെ പോർട്ടഡോൺ സ്വദേശിയാണ് റോബിൻസൺ. ബെൽജിയത്തിലെ സീബ്രഗ്ഗിൽ നിന്ന് തെയിംസ് നദിയിലെ ടിൽബറി ഡോക്കിനടുത്തുള്ള പർഫ്‌ളീറ്റിൽ വന്നിറങ്ങിയതാണ് ഈ റഫ്രിജറേറ്റഡ് ട്രെയ്‌ലർ. അവിടെ നിന്ന് ട്രെയിലർ തന്റെ ട്രക്കുമായി ഘടിപ്പിച്ച് യാത്ര തുടങ്ങിയ റോബിൻസൺ അതുമായി ഹോളിഹെഡ് വഴി ഡബ്ളിനിലൂടെ യാത്ര തുടരുകയായിരുന്നു. ഒടുവിൽ എസ്സെക്സിലെ ഗ്രേയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെത്തി. അവിടെ വണ്ടി നിർത്തിയശേഷം കാർഗോയുടെ രേഖകൾ എടുക്കാൻ വേണ്ടി ട്രെയിലർ തുറന്നപ്പോഴാണ്, റോബിൻസൺ ഉള്ളിൽ തണുത്തുറഞ്ഞു മരിച്ചുകിടക്കുന്ന 39 പേരെ കാണുന്നത്. ആ ഭീകരദൃശ്യം കണ്ട നിമിഷം തന്നെ മോ റോബിൻസൺ ബോധം കെട്ടുവീഴുകയായിരുന്നു. അൽപനേരം കഴിഞ്ഞ് ബോധം വന്നപ്പോൾ റോബിൻസൺ തന്നെയാണ് ആംബുലൻസ് വിളിച്ചുവരുത്തിയത്. പിന്നാലെ വന്നെത്തിയ പോലീസ് റോബിൻസനെ അറസ്റ്റുചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുവേണ്ടി റോബിൻസൺ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
വാഹനത്തിന്റെ റെഫ്രിജറേഷൻ സിസ്റ്റം പ്രവർത്തിച്ചിരുന്നു എന്നും, അതിനുള്ളിലുള്ളവർ മരിച്ചത് -25 ഡിഗ്രിസെൽഷ്യസിൽ ഹൈപ്പോതെർമിയ ബാധിച്ചാണ് എന്നുമാണ് ഇപ്പോൾ അനുമാനിക്കപ്പെടുന്നത്. നിരവധി മൾട്ടിനാഷണൽ കമ്പനികളുടെ കാർഗോ ട്രെയിലറുകൾ വന്നുപോകുന്ന ഡോക്കിൽ നിന്ന് ട്രെയിലർ തന്റെ ട്രക്കിൽ ഘടിപ്പിച്ചുവന്ന റോബിൻസൺ ചിലപ്പോൾ അതിനുള്ളിൽ 39 മൃതദേഹങ്ങൾ ഉള്ള കാര്യം അറിഞ്ഞുകാണാൻ ഇടയില്ല എന്ന് അതേ റൂട്ടിലോടുന്ന ചില ട്രെയിലർ ട്രക്കുകളുടെ ഡ്രൈവർമാർ ഡെയ്‌ലി മെയിൽ പത്രത്തോട് പറഞ്ഞു. മാത്രവുമല്ല, രേഖകളെടുക്കാൻ വേണ്ടി ട്രെയിലർ തുറന്ന് മൃതദേഹങ്ങൾ കണ്ടപാടെ റോബിൻസൺ തന്നെയാണ് ആംബുലൻസിനെയും പൊലീസിനെയും മറ്റും വിളിച്ചുവരുത്തിയതും.
എന്നാൽ, ഈ യാത്രയിൽ റോബിൻസൺ വന്ന വളഞ്ഞ വഴിയാണ് അയാളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. ഒരു ദിവസം കൂടുതൽ യാത്ര ചെയ്യേണ്ടുന്ന ഒരു റൂട്ടിലൂടെയാണ് റോബിൻസൺ തന്റെ ട്രെയിലറുമായി വന്നത്. ആ വഴി ചെക്ക്പോസ്റ്റുകൾ കുറവാണ് എന്നതിനാൽ സൗകര്യമോർത്ത് പല ട്രെയ്‌ലർ ഡ്രൈവർമാരും ആ വഴി പോകാറുണ്ട് എന്നും പറയപ്പെടുന്നു. പോളാർ എക്സ്പ്രസ് എന്ന ലോറി റോബിൻസന്റെ സ്വന്തമല്ല. 2017-ൽ ബൾഗേറിയയിൽ ഒരു ഐറിഷ് കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടതാണ് ഈ സ്‌കാനിയ ട്രക്ക്.
എസെക്‌സിൽ റോബിൻസൺ തുറന്നത് സ്വന്തം ട്രെയിലറിന്റെ മാത്രം വാതിലല്ല. അയാൾ അഴിച്ചിട്ടത്, ചൈനയിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറാൻ മോഹിച്ച് അതിനായി ജീവൻ വരെ പണയപ്പെടുത്തി, ദുരിതങ്ങൾ അനുഭവിക്കാൻ തയ്യാറെടുത്ത് ഇറങ്ങിപ്പുറപ്പെടുന്നവരെ മുതലെടുത്തുകൊണ്ട് ഇരുളിന്റെ മറവിൽ വാഴുന്ന മനുഷ്യക്കടത്തു മാഫിയകളുടെ മുഖംമൂടി കൂടിയാണ്. മൗറിസ് ‘മോ’ റോബിൻസൺ എന്ന ലോറി ഡ്രൈവർ, നിരപരാധിയായ ഒരു നിമിത്തം മാത്രമാണോ അതോ കെട്ടുപിണഞ്ഞുകിടക്കുന്ന ഈ ‘മനുഷ്യക്കടത്ത് മാഫിയയുടെ കണ്ണി തന്നെയോ എന്നത് പൊലീസ് ഇനിയും അന്വേഷിച്ചു കണ്ടെത്താനിരിക്കുന്നതേയുള്ളൂ.
കണ്ണൂർ ചക്കരക്കല്ലിൽ പ്ലസ്ടു വിദ്യാർഥിനികളായ കൂട്ടുകാരികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ക്ലാസ് മുറിയിൽ സഹപാഠികൾ തമ്മിലുണ്ടായ ചില നിസ്സാര കളിയാക്കലുകളെ തുടർന്നാണു ജീവനൊടുക്കിയതെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ചില സഹപാഠികൾ കളിയാക്കിയതായി മൃതദേഹങ്ങൾക്കു സമീപത്തു നിന്നു കിട്ടിയ കത്തിൽ പരാമർശമുണ്ട്.
അവരെ ചോദ്യം ചെയ്തെങ്കിലും ഗൗരവമുള്ള സംഭവങ്ങളുണ്ടായിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. മരിച്ച പെൺകുട്ടികളിൽ ഒരാളുടെ സുഹൃത്തിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണിൽ പെൺകുട്ടിയുമായി നടത്തിയ വാട്സാപ് ചാറ്റിങ് ഉണ്ടെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലും പെൺകുട്ടികൾ എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങൾക്കു വിധേയരായതായി കണ്ടെത്തിയിട്ടില്ല.
പെൺകുട്ടികൾ രണ്ടു പേരും ഹൈസ്കൂൾ തലം മുതൽ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ഇരുവീടുകളിലും സ്ഥിരമായി എത്താറുണ്ട്. ശനിയാഴ്ച ഉച്ച വരെ സ്കൂളിൽ സ്പെഷൽ ക്ലാസിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ കുട്ടികൾ മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നുവെന്നാണു ബന്ധുക്കളുടെ മൊഴി. ഏറെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനെ തുടർന്നു വീട്ടുകാർ നോക്കിയപ്പോഴാണു മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.
സ്കൂളിലും ഇരുവരെക്കുറിച്ചും നല്ല അഭിപ്രായമാണ്. എൻഎസ്എസ് വൊളന്റിയർമാരായ ഇരുവരും പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മാതാപിതാക്കൾക്ക് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കുട്ടികളാണ് ഇരുവരും. വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള സമ്മർദം ഇരുവർക്കും ഉണ്ടായിരുന്നില്ലെന്നാണു ബന്ധുക്കൾ പറയുന്നത്.
ചക്കരക്കല്ലിൽ വിദ്യാർഥിനികളുടെ ആത്മഹത്യയെത്തുടർന്നു വാട്സാപിൽ പ്രചരിച്ച വാർത്തകൾ വ്യാജമെന്നു പൊലീസ്. സൗഹൃദ ഗ്രൂപ്പുകളിലെ ചാറ്റുകൾ സംബന്ധിച്ച പ്രശ്നങ്ങളാണു മരണകാരണമെന്നു സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒന്നും ഉണ്ടായിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം, വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയില്‍ അരുണ്‍കുമാര്‍ (23) എന്നിവരാണു ജയിലിലായത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റാണു വിവാഹേതരബന്ധം സംബന്ധിച്ച കേസില്‍ അപൂര്‍വ ഉത്തരവ് പുറപ്പെടുവിച്ചത്.
ലിജിമോളെ കാണാതായതോടെ, ഭര്‍ത്താവ് കാവുങ്ങല്‍ പുത്തന്‍വീട്ടില്‍ ഗിരീഷ്കുമാര്‍ കഴിഞ്ഞ 21-ന് നേമം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആറുവയസുള്ള മകനെയും നാലരവയസുള്ള മകളെയും കൂട്ടി ഭര്‍തൃഗൃഹത്തില്‍ നിന്നിറങ്ങിയ യുവതി , കുട്ടികളെ വഴിയിലുപേക്ഷിച്ച് കടന്നുകളയാനാണു പദ്ധതിയിട്ടത് എങ്കിലും അത് ചെയ്തില്ല . കുട്ടികള്‍ കല്ലിയൂര്‍ വെയ്റ്റിങ് ഷെഡില്‍ നില്‍പ്പുണ്ടെന്നും വിളിച്ചുകൊണ്ടുപോകാന്‍ സഹോദരനോടു പറയണമെന്നും അമ്മയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. പെട്ടെന്നുതന്നെ സ്ഥലത്തെത്തിയ സഹോദരന് കുട്ടികളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
കുട്ടികളെ വെയ്റ്റിംഗ് ഷെഡില്‍ നിര്‍ത്തിയ ശേഷം അരുണ്‍കുമാറിനൊപ്പം കോട്ടയത്തേക്ക് പോയ ലിജി അയാളുടെ വീട്ടില്‍ താമസമാക്കി. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷത്തില്‍ ഇവര്‍ കോട്ടയത്തുണ്ടെന്ന് മനസ്സിലാകുകയായിരുന്നു.പിന്നീട് നേമം പോലീസിന്റെ ആവശ്യപ്രകാരം ഇവര്‍ നേമം പോലീസ് സ്റ്റേഷനില്‍ ഹാജരായി. അവിവാഹിതനായ അരുണ്‍കുമാറിനെ രണ്ടു വര്‍ഷം മുമ്പാണ് ലിജി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഭര്‍ത്താവിന്റെ ഉപദ്രവം മൂലമാണ് വീടുവിട്ടിറങ്ങിയതെന്നും അരുണ്‍കുമാറിനൊപ്പം ജീവിക്കാനാണ് താല്പര്യം എന്നും ഇവര്‍ കോടതിയില്‍ അറിയിച്ചു.
എന്നാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്കുമെന്നു പ്രോസിക്യൂഷന് വാദിച്ചു. തുടര്‍ന്ന് കുട്ടികളോടു ക്രൂരത കാട്ടിയതിന്, ജുവനൈല്‍ ജസ്റ്റിസ് നിയമം 317, 109, 34 വകുപ്പുകള്‍ പ്രകാരമാണു ലിജിക്കെതിരേ പോലീസ് കേസെടുത്തത്. കാമുകന് അരുണ്‍കുമാറിനെതിരേ പ്രേരണാക്കുറ്റവും ചുമത്തി. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിനാലും അരുണ്‍കുമാറിന്റെ ബൈക്ക് കസ്റ്റഡിയില്‍ എടുക്കുന്നത് അടക്കം തുടരന്വേഷണം ആവശ്യമായതിനാലും പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നു പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. തുടര്‍ന്ന്, നവംബര്‍ ഒന്പതുവരെ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു
കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മലയാളി ബാലികയുടെ മൃതദേഹം രണ്ടു മാസമായി മോര്‍ച്ചയില്‍ സൂക്ഷിക്കുന്നു. ഓഗസ്റ്റ് 26 ന് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്ങന്നൂര്‍ പുലിയൂര് പെരിശ്ശേരി സ്വദേശി രാജേഷ്-കൃഷ്ണപ്രിയ ദമ്പതികളുടെ മകള്‍ തീര്‍ത്ഥ (9)യുടെ മൃതദേഹമാണ് അന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ടു മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
കുട്ടിയുടെ മരകാരണം കഴുത്തില്‍ കുരുക്ക് മുറുകിയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മരണത്തില്‍ ദുരൂഹത ഇയര്‍ന്നതോടെ പെണ്‍കുട്ടിയുടെ ഉറ്റ ബന്ധുക്കളായ രണ്ടുപേരെയും അവരോടൊപ്പം ഫ്ളാറ്റില്‍ ഷെയറിങിനായി താമസിച്ച രണ്ടു സ്ത്രീകളെയും സംഭവ സമയത്ത് ഇവര്‍ താമസിച്ച കെട്ടിടത്തില്‍ എത്തിയതായി സിസി ടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയ മറ്റൊരു സ്ത്രീയെയും രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരുന്നു.
കസ്റ്റഡിയില്‍ ഉള്ളവരെ നിരന്തരമായി ചോദ്യം ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസി മുഖേന അഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് ഇവരെ അനുഗമിക്കാനാകില്ല. മാതാപിതാക്കളുടെ യാത്രാ വിലക്ക് നീക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഇറാനിലിറങ്ങിയാല്‍ കൊല്ലപ്പെടും, ഭയന്നു വിറച്ച് സൗന്ദര്യറാണി രണ്ടാഴ്ചയായി വിമാനത്താവളത്തില്‍. സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ പേടിയായി 14 ദിവസമായി മനില രാജ്യാന്തര വിമാനത്താവളത്തിലാണ് ബഹോറെ സറി ബഹാരി താമസിക്കുന്നത്. ഫിലിപ്പീൻസിലെ രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇറാന്റെ പ്രതിനിധിയായി പങ്കെടുത്ത ബഹോറെ സറി ബഹാരി. ഇറാന് സര്‍ക്കാരിനെതിരെ പൊതുവേദികളില്‍ സ്വീകരിച്ച നിലപാടുകള്‍ മൂലമാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ബഹാരി പറയുന്നു. തന്റെ രക്ഷക്ക് രാജ്യാന്തരസഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2008 മുതല്‍ ഇറാന്റെ ആവശ്യപ്രകാരം താന്‍ ഇന്റര്‍പോള്‍ നീരീക്ഷണത്തിലാണെന്നും ബഹാരി പറയുന്നു.
ബഹാരിയെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റർപോളിന്റെ റെഡ് നോട്ടിസ് ലഭിച്ചതായി ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഏതു രാജ്യമാണു റെഡ് നോട്ടിസിനായി ആവശ്യമുന്നയിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
2014 മുതൽ ഫിലിപ്പീൻസിലാണു ബഹാരിയുടെ താമസം.
സ്വദേശത്തേക്ക് തിരികെ പോകുന്നില്ലെന്നാണു തീരുമാനം. ഫിലിപ്പീന്‍സിൽ താമസിക്കുന്ന തനിക്കെതിരെ ഇറാനിൽ എങ്ങനെയാണ് ക്രിമിനൽ കേസുണ്ടാകുന്നതെന്ന് പല തവണ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണെന്നും ബഹോരി പറഞ്ഞു. ഫിലിപ്പീൻസിൽ അഭയാർഥിയാകാൻ താൽപര്യമില്ല. അവിടെ സുരക്ഷ ലഭിക്കുമെന്നു തോന്നുന്നില്ല. മറ്റേതെങ്കിലും രാജ്യത്തേക്കു കടക്കാനാണ് ആഗ്രഹമെന്നു ബഹോറെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
കോട്ടയം കിടങ്ങൂരിൽ മനോദൗർബല്യമുള്ള പതിമൂന്ന്കാരിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കൂടല്ലൂർ സ്വദേശി ബെന്നിയെയാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഇതോടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പിടികൂടിയ നാല് പ്രതികളുടെ ഉറ്റ സുഹൃത്താണ് ബെന്നി. ബെന്നിയാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. രണ്ട് വർഷമായി പ്രതികൾ പെൺകുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. കൂടല്ലൂർ സ്വദേശികളായ റെജി സെബാസ്റ്റ്യൻ, കൊച്ചുപറമ്പിൽ ജോബി, ചുണ്ടെലിക്കാട്ടിൽ ദേവസ്യാച്ചൻ, തോമസ് എന്നിവരെ പൊലീസ് അവരുടെ വീടുകളിൽ നിന്ന് പിടികൂടി.
ഇതറിഞ് പാലക്കാട്ടെയ്ക്ക് രക്ഷപ്പെട്ട ബെന്നിയെ മോനിപ്പള്ളിയിൽ കെ എസ് ആർ ടി സി ബസിൽ നിന്നാണ് പിടികൂടിയത്. അച്ഛൻ മരിച്ചതിനെത്തുടർന്ന് പെൺകുട്ടി അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഏക സഹോദരൻ തിരുവനന്തപുരത്ത് സ്കൂളിൽ പഠിക്കുകയാണ്.അമ്മ പകൽ സമയം കൂലിപ്പണിക്കും മറ്റും പോകുമായിരുന്നു. ഈ സമയത്തും സ്കൂൾ അവധി
ദിനങ്ങളിലുമാണ് പലപ്പോഴായി പ്രതികൾ പെൺകുട്ടികൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മാനസികമായി തകർന്ന കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോളാണ് പീഡനവിവരം പുറത്തറിഞ്ഞത്. കിടങ്ങുർ ജനമൈതി പൊലീസിലുണ്ടായിരുന്ന എഎസ്ഐ സി.ജി, സജികുമാറിന്റെ തുടർച്ചയായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. നാട്ടുകാർ കൈമാറിയ വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി.