Crime
 ന്യൂഡൽഹി ∙ രാജസ്ഥാനിലെ ബിക്കാനീറിൽ 23 പേർ ചേർന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ യുവതിയുടെ മാതാപിതാക്കൾ കേരളീയരെന്ന് രാജസ്ഥാൻ പൊലീസ്. പെണ്‍കുട്ടി ഡൽഹിയിൽ ജനിച്ചുവളർന്നെങ്കിലും ഇവരുടെ മാതാപിതാക്കൾ കേരളീയരാണെന്ന് ബിക്കാനീർ എസ്പി എസ്.എസ്. ഗോദര പറഞ്ഞു. ഡൽഹി സ്വദേശിയായ ഭർത്താവിനൊപ്പം വളക്കച്ചവടമാണ് ഇവരുടെ തൊഴിലെന്നും എസ്പി വ്യക്തമാക്കി. യുവതിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കി.

ഇക്കഴിഞ്ഞ സെപ്റ്റംബർ 25നാണ് കണ്ടാലറിയാവുന്ന രണ്ടുപേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത്. ബിക്കാനീറിൽ രണ്ടു വർഷം മുൻപ് വാങ്ങിയ സ്ഥലം സന്ദർശിച്ചശേഷം മടങ്ങാനായി ജയ്പുർ റോഡിൽ ഖാട്ടു ശ്യാം മന്ദിറിനു സമീപം വാഹനം കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. അതുവഴി കാറിൽ വന്ന രണ്ടുപേർ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞു ക്ഷണിച്ചെങ്കിലും താൻ അതു നിരസിച്ചതായി യുവതി പറയുന്നു. ഇതോടെ അവരുടെ മട്ടുമാറി. തുടർന്ന് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

 തുടർന്ന് ഇരുവരും ചേർന്ന് ഓടുന്ന വാഹനത്തിൽ യുവതിയെ മാനഭംഗപ്പെടുത്തി. മണിക്കൂറുകളോളം ഇതു തുടർന്നു. അതിനുശേഷം വേറെ ആറു പേരെ വിളിച്ചുവരുത്തി അവർക്കും തന്നെ കൈമാറിയതായി ജയ് നാരായൺ വ്യാസ് കോളനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. അതിനുശേഷം സർക്കാർ ഉടമസ്ഥതയിലുള്ള പവർ സബ്സ്റ്റേഷൻ സ്ഥിതിചെയ്യുന്ന പലാന ഗ്രാമത്തിലെത്തിച്ചു. അവിടെവച്ച് കൂടുതൽ പേർ ചേർന്നു മാനഭംഗപ്പെടുത്തി. തുടർന്ന് സെപ്റ്റംബർ 26നു പുലർച്ചെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തിച്ച് അവിടെ ഉപേക്ഷിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

സെപ്റ്റംബർ 27നാണ് പരാതി ലഭിച്ചത്. 23 പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ മിക്കവരെയും ഇനിയും തിരിച്ചറിയാനായിട്ടില്ല. യുവതിയുടെ മൊഴിയനുസരിച്ച് നടത്തിയ പരിശോധനയിൽ ഗർഭനിരോധന ഉറകൾ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശവാസികളായ സുഭാഷ്, രാജു റാം, ഭൻവർ ലാൽ, മനോജ് കുമാർ, ജുഗൽ, മദൻ എന്നിവരാണു പിടിയിലായത്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാനഭംഗം നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാൻ. 2015ലെ റിപ്പോർട്ട് അനുസരിച്ച് 3,644 മാനഭംഗ കേസുകളാണ് രാജസ്ഥാനിൽ മാത്രം റജിസ്റ്റർ ചെയ്തത്. മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.

ചെര്‍പ്പുളശേരി: ദളിതനായ ക്ഷേത്രപൂജാരിയെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലാന്‍ ശ്രമം. പാലക്കാട് ചെര്‍പ്പുളശേരി കുന്നക്കാവ് പടുവാന്‍തൊടി വീട്ടില്‍ ബിജുവിനെ(32)യാണു ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മംഗലാംകുന്നിലെ വാടകവീട്ടില്‍ അതിക്രമിച്ച് കയറിയ അജ്ഞാതന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ബിജുവിന്റെ െകെയിലും കാലിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. അടുക്കള വാതില്‍ പൊളിച്ച് അകത്തുകയറിയ അക്രമി മുഖംമൂടി ധരിച്ചിരുന്നു.

ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ബിജു പറഞ്ഞു. ഭാര്യ അമൃതയും രണ്ടു കുട്ടികളും നിലവിളിച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരെ വിളിച്ച് ശ്രീകൃഷ്ണപുരം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ച് ബിജുവിനെ മാങ്ങോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ കൊപ്പം വിളയൂരില്‍ വെച്ചും ബിജുവിനുനേരേ വധശ്രമം ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ പൂജയ്ക്ക് പോകുന്നതിനിടെ അജ്ഞാതനായ ആള്‍ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

ദേഹമാസകലം പൊള്ളലേറ്റ ബിജു ചികിത്സക്കു ശേഷം പൂജാ കര്‍മങ്ങളൊന്നും ചെയ്തിരുന്നില്ല.താന്ത്രിക വിദ്യകള്‍ അഭ്യസിച്ചിട്ടുള്ള ബിജു കുട്ടികള്‍ക്ക് വേദപഠനം നല്‍കിയിരുന്നു. ദളിതരെ ഉള്‍പ്പെടുത്തി ചണ്ഡിക ഹോമം നടത്തുന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് കുറിപ്പിട്ടതിനെത്തുടര്‍ന്ന് തനിക്ക് വധഭീഷണി ഉണ്ടായിരുന്നതായി ബിജു പറഞ്ഞു.

ബിജുവിന്റെ പരാതിയില്‍ ശീകൃഷ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വേദപഠനം പൂര്‍ത്തിയാക്കിയ ബിജു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമുള്ള തന്ത്രിയാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിജു ഉപനയനത്തിനുശേഷം ബിജു നാരായണ ശര്‍മ്മ എന്ന പേരും സ്വീകരിച്ചിരുന്നു.

മറ്റൊരു സംഭവത്തില്‍ അബ്രാഹ്മണനാണെന്ന പേരില്‍ നിയമനം നിഷേധിക്കപ്പെട്ട ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കീഴ്ശാന്തിക്കു നേര്‍ക്കു വധഭീഷണിയുണ്ടായി. കായംകുളം ചേരാവള്ളി പാലാഴിയില്‍ സുധികുമാ(36)റിനെയാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ രണ്ടംഗ സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. വിവാദങ്ങള്‍ക്കൊടുവില്‍ സുധികുമാറിനെ കീഴ്ശാന്തിയാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തതിനു പിന്നാലെയാണ് ഭീഷണി.

ഭാര്യ സുബിമോള്‍, മക്കളായ നിരഞ്ജന, നിരഞ്ജന്‍, പിതാവ് സുകുമാരന്‍(68) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. പത്തിയൂര്‍ സ്വദേശി നാരായണശര്‍മയുടെ നേതൃത്വത്തിലെത്തിയ സംഘം ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ചുമതലയേറ്റാല്‍ വെട്ടിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നു സുധികുമാറിന്റെ ഭാര്യ സുബിമോളുടെ പരാതിയില്‍ പറയുന്നു. പോലീസിലും കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ ഇന്നലെ ദീപാരാധനയ്ക്കു മുമ്പ് ക്ഷേത്രത്തിലെത്തി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ മുമ്പാകെ സുധികുമാര്‍ കീഴ്ശാന്തിയായി ചുമതലയേറ്റെടുത്തു. അബ്രാഹ്മണനാണെന്ന പേരില്‍ സുധികുമാറിനെ കീഴ്ശാന്തിയാക്കുന്നതിനെ എതിര്‍ത്തു ക്ഷേത്ര ഭരണസമിതിയും ക്ഷേത്ര തന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നത് വന്‍വിവാദമായിരുന്നു. ചെട്ടികുളങ്ങരയിലെ പ്രശ്‌നം പരിഹരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ബോര്‍ഡ് യോഗം സുധികുമാറിന് പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചിരുന്നു.

മിംസ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജ് മുറിയിൽ 3 ചെറുപ്പക്കാരും ഒരു വീട്ടമ്മയും രഹസ്യ സംഗമം…ഗൾഫിൽ പോകുന്നതിനു ചിലവായി ഒരുക്കിയ പാർട്ടിയിൽ ലഹരിക്കിടെ ലൈംഗീകത നുകരാൻ വീട്ടമ്മയേയും കൂട്ടി. ഒടുവിൽ അമിത ആഘോഷം 22 കാരന്റെ മരണത്തിൽ കലാശിച്ചു.വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് മയക്കു മരുന്ന് ഉപയോഗത്തെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം. വിദ്യാർത്ഥിയുടെ ശരീരത്തിൽ സൂചി കൊണ്ട് മുറിവേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയും വെള്ളയിൽ ജോസഫ് റോഡ് അറഫ ഹൗസിൽ ഷാജഹാന്റെ മകനുമായ ഷാഹിലി(22)നെയാണ് കഴിഞ്ഞദിവസം രാവിലെ മിംസ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജ് മുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഷാഹിലിനോടൊപ്പം ലോഡ്ജ് മുറിയിലുണ്ടായിരുന്ന മാങ്കാവ് സ്വദേശി തൻവീർ, നടുവട്ടം സ്വദേശി മുഹമ്മദ് ആഷിക്ക്, തിരുവണ്ണൂർ സ്വദേശിയും വീട്ടമ്മയുമായ 36കാരി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മിംസ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് ഷാഹിൽ മരണപ്പെട്ടത്.

ഷാഹിലിന്റെ സുഹൃത്തായ തൻവീർ ഗൾഫിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് മിംസ് ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ പാർട്ടി സംഘടിപ്പിച്ചത്. മരിച്ച ഷാഹിലിനോടൊപ്പം സുഹ‍ൃത്തുക്കളായ തൻവീർ, ആഷിക്ക്, ഇവരുടെ പെൺസുഹൃത്തായ വീട്ടമ്മ എന്നിവരാണ് ലോഡ്ജിലുണ്ടായിരുന്നത്. മിംസ് ആശുപത്രിയിൽ ബന്ധു ചികിത്സയിൽ കഴിയുന്നുണ്ടെന്നും, ആശുപത്രിയിൽ താമസിക്കാൻ സൗകര്യമില്ലാത്തതിനാലാണ് മുറിയെടുക്കുന്നതെന്നുമാണ് ഇവർ ലോഡ്ജ് ജീവനക്കാരോട് പറഞ്ഞിരുന്നത്. ആഷിക്കിന്റെ ആധാർ കാർഡിന്റെ കോപ്പി വാങ്ങിയ ശേഷമാണ് മുറി നൽകിയത്.

ലോഡ്ജിലെ പാർട്ടിക്കിടെ ലഹരി ഗുളിക കഴിച്ചതോടെയാണ് ഷാഹിലിന്റെ വായിൽ നിന്ന് നുരയും പതയും വന്നത്. ഇക്കാര്യം സുഹൃത്തുക്കൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.വായിൽ നുരയും പതയും വന്ന് അവശനിലയിലായ ഷാഹിലിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഉടൻതന്നെ മരണം സംഭവിക്കുകയായിരുന്നു. ഷാഹിലിന്റെ ശരീരത്തിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നവരിൽ കാണുന്ന മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കിയത്. യുവാവിന് ആന്തരിക രക്തസ്രാവവും ശ്വാസകോശത്തിൽ നീർക്കെട്ടുമുണ്ടായിട്ടുണ്ടെന്നും ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്.

പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അയൽവാസി ആത്മഹത്യ ചെയ്തു. കടപ്ലാമറ്റം കൂവള്ളൂർക്കുന്ന് കോളനിയിൽ അറക്കൽക്കുന്നേൽ കുഞ്ഞുമോൾ മാത്യു(42)വാണ് കൊല്ലപ്പെട്ടത്. കുഞ്ഞുമോളെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവറും അയൽവാസിയുമായ സിബി മുഞ്ഞനാട്ടി(44)നെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. സെപ്റ്റംബർ 26 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കടപ്ലാമറ്റം കൂവള്ളൂർക്കുന്ന് കോളിനിയിലാണ് സംഭവമുണ്ടായത്. കുഞ്ഞുമോൾ മാത്യുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സിബി മുഞ്ഞനാട്ടിനെ സമീപത്തെ റബർ തോട്ടത്തിൽ ആസിഡ് കഴിച്ച് ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. മരിച്ച രണ്ടുപേരും വിവാഹിതരും അയൽവാസികളുമാണ്. സംഭവമറിഞ്ഞ് കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരവരുടെയും മൃതദേഹങ്ങൾ വിശദമായ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അക്രമത്തിനു പിന്നിലുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. നിയമാനുസൃത നടപടി മാത്രമാണ് ഇതെന്നാണ് പോലീസിന്റെ വിശദീകരണം.

എറണാകുളം വൈറ്റില ജംഗ്ഷനില്‍വച്ചാണ് കഴിഞ്ഞയാഴ്ച കുമ്പളം സ്വദേശിയായ ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡ്രൈവറെ മര്‍ദ്ദിച്ച സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പോലീസിന് കൈമാറിയത്. എന്നാല്‍ യുവതികള്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയത്. ഇതേക്കുറിച്ചുള്ള പരാതിയില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയര്‍ ടാക്സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവിലായിരുന്നു യുവതികളുടെ മര്‍ദ്ദനം.

എന്നാല്‍ ഡ്രൈവര്‍ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യുവതികള്‍ ആരോപിച്ചിരുന്നു. ഡ്രൈവര്‍ ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയ ആളുകളാണ് തങ്ങളെ തടഞ്ഞുവച്ചതെന്നും യുവതികള്‍ ആരോപിച്ചിരുന്നു. അതേസമയം, യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന ടാക്‌സി ഡ്രൈവറുടെ പരാതി പൂര്‍ണ്ണമായും സത്യമാണെന്ന് സംഭവത്തിലെ ഏക ദൃക്‌സാക്ഷി ഷിനോജ് വെളിപ്പെടുത്തിയിരുന്നു.

സയനൈഡ് ഉപയോഗിച്ച് 20 യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിന്റെ ക്രൂരകൃത്യങ്ങളുടെ കഥകള്‍ ഓരോന്നായി പുറത്തുവരികയാണ്. പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച ശേഷം ഗര്‍ഭനിരോധന ഗുളികയെന്ന് പറഞ്ഞ് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തുന്ന രീതിയാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്.

ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് ഇയാള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കര്‍ണാടകയിലെ പുതൂരില്‍ നടന്ന ഒരു കൊലക്കേസിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കഴിഞ്ഞ ദിവസം ഇയാളെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

കേരള, കര്‍ണ്ണാടക അതിര്‍ത്തിയിലെ കന്യാന സ്വദേശിയും കര്‍ണ്ണാടകയിലെ സ്‌കൂളിലെ കായികാധ്യാപകനുമായിരുന്നു അന്‍പതുകാരനായ മോഹന്‍കുമാര്‍. ജീവപര്യന്തം തടവ് ശിക്ഷയോടൊപ്പം 26,000 രൂപ പിഴയും അടയ്ക്കണം.

പുത്തൂര്‍ സ്വദേശിനിയായ 20കാരിയെ മടിക്കേരിയിലെ ലോഡ്ജില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. അധ്യാപകനായിരുന്ന മോഹന്‍ 2003 മുതല്‍ 2009 വരെയുള്ള കാലത്താണു യുവതികളുടെ അന്തകനായത്. മൂന്നു കേസുകളില്‍ കോടതി കുറ്റക്കാരനെന്നു വിധിച്ച ഇയാള്‍ക്കു അതില്‍ ഒരു കേസില്‍ വധശിക്ഷയും വിധിച്ചിരുന്നു. മോഹനെതിരേ വിധിക്കുന്ന നാലാമത്തെ കേസാണിത്.

പുതൂരിലെ കൊലക്കേസില്‍ 2010 ഫെബ്രുവരി രണ്ടിനാണ് കുറ്റപത്രം നല്‍കിയത്. ആനന്ദ് എന്ന പേരില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ മോഹന്‍ വശീകരിച്ചു മടിക്കേരിയിലെത്തിച്ചു. ഇവിടെ റൂമില്‍ താമസിക്കവേയാണു കൊല നടത്തി കടന്നു കളഞ്ഞത്. പെണ്‍കുട്ടിയുടെ സ്വര്‍ണം അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു.

ഇയാളുടെ ഇരയായ മറ്റൊരു പെണ്‍കുട്ടിയാണ് കേസിലെ പ്രധാന സാക്ഷി. ശിക്ഷിച്ച മറ്റ് മൂന്നുകേസുകളിലും പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ സാക്ഷിയായതും ഈ പെണ്‍കുട്ടി തന്നെയാണ്. കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍കോള്‍ വിവരങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയതും കൊലപാതക പരമ്പരയുടെ ചുരുളഴിച്ചതും.

മാന്യമായ വേഷത്തില്‍ വിവാഹാന്വേഷണമെന്ന വ്യാജേന വീടുകളില്‍ എത്തും. വീട്ടുകാരുടെ സാന്നിധ്യത്തില്‍ യുവതികളുമായി പരിചയപ്പെടും. ജോലിക്ക് പോകുന്നവരാണെങ്കില്‍ പോകുന്നതും വരുന്നതുമായ വഴികള്‍, ബസ്സ് റൂട്ടുകള്‍, എന്നിവ മനസ്സിലാക്കും. അല്ലാത്തവരോട് സമീപത്തെ പാര്‍ക്കുകളിലും ക്ഷേത്രങ്ങളിലും കാണാന്‍ വേണ്ടി ക്ഷണിക്കും. പിന്നീട് പ്രണയം നടിക്കും.

ഒടുവില്‍ ലോഡ്ജുകളിലോ മറ്റോ കൊണ്ടു പോയി പീഡിപ്പിക്കും. തന്ത്രപൂര്‍വം അവരുടെ ആഭരണങ്ങളും കൈക്കലാക്കും. പിന്നീട് ബസ്സ് സ്റ്റാന്‍ഡുകളിലെ ശുചിമുറിയിലേക്ക് കൊണ്ടു പോയി ഗര്‍ഭ നിരോധന ഗുളിക എന്നു പറഞ്ഞ് സയനേഡ് ഗുളിക വിഴുങ്ങിപ്പിക്കും. അതോടെ അവരുടെ കഥ കഴിയും. ഇതാണ് മോഹന്റെ കൊലപാതക രീതിയെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ കൊല്ലപ്പെട്ടത് 20 യുവതികള്‍.

മലയാളി ആദായനികുതി ഉദ്യോഗസ്ഥന്റെ മകനെ ബംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് ഇടയാക്കിയത് ഇരയെ വിട്ടയച്ചാല്‍ തങ്ങള്‍ പിടിയിലാകുമെന്നു ഭയന്നായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

ഒരു കത്തിയും കയറുമായിരുന്നു കൊലയാളികളുടെ കയ്യില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൃത്യം നടത്താന്‍ ഇത് ഉപയോഗപ്പെടുത്തിയില്ല. പിന്നീട് വൃത്തിയാക്കപ്പെടുന്നതിന്റെയും ഒളിപ്പിക്കുന്നതിന്റെയും ദുരിതമായിരുന്നു കാരണം. കാറിനുള്ളില്‍ വെച്ചു തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഒരു മണിയോടെ ഇവര്‍ രാമോഹള്ളി തടാകത്തില്‍ എത്തുകയും കാറിന്റെ എഞ്ചിന്‍ ഓഫാക്കാതെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ മൃതദേഹത്തില്‍ വലിയ കല്ലുകള്‍ വെച്ചു കെട്ടി തടാകത്തിലേക്ക് ഇട്ട ശേഷം മടങ്ങി.

കൊല്ലപ്പെട്ട ശരത് തട്ടിക്കൊണ്ടുപോയവരുടെ നിര്‍ദേശപ്രകാരം പോലീസില്‍ പോകരുതെന്ന് പിതാവിനോട് അപേക്ഷിച്ചിരുന്നു. രാവിലെ 11.30 യോടെയാണ് സംഘത്തലവന്‍ വിശാല്‍ സംലത്തെ വിളിച്ച് ശരത്തിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയാല്‍ വരാന്‍ പോകുന്ന പ്രതിസന്ധികളെ കുറിച്ച് ആശങ്ക പങ്കുവെച്ചത്.
പോലീസ് എത്തുമെന്ന ഭീതിയിലാണ് ഇവര്‍ വിശാലിനെ കൊന്നത്. പോലീസ് തങ്ങളെ തേടിയെത്തുമെന്നും പിടിക്കപ്പെടുമെന്നും ഭയന്ന വിശാല്‍ ബന്ധുവും ഉറ്റസുഹൃത്തും അടുത്ത പെണ്‍സുഹൃത്തിന്റെ സഹോദരനുമായ ശരത്തിന്റെ അന്തിമവിധി തീരുമാനിക്കുകയായിരുന്നു. ശരത്തിന്റെ സഹോദരിയുടെ സഹപാഠിയാണു വിശാല്‍.

വിശാല്‍ അടക്കം ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു മാരുതി സ്വിഫ്റ്റ് കാറിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍ നടത്തിയത്. കൃത്യം നടത്തി മൃതദേഹം ഉപേക്ഷിച്ചെങ്കിലും സംശയം തീരാതെ സെപ്തംബര്‍ 14 ന് വിശാലും മറ്റു നാലുപേരും ഇവിടെ വീണ്ടും വന്നപ്പോള്‍ കെട്ടിയിരുന്ന കല്ലുകള്‍ പോയതിനാല്‍ ശരത്തിന്റെ മൃതദേഹം ഒഴുകി നടക്കുന്നതായി കണ്ടെത്തി. അവര്‍ മൃതദേഹം വീണ്ടും വലിച്ചടുപ്പിച്ച ശേഷം കൂടുതല്‍ കല്ലുകള്‍ വെച്ചു കെട്ടി വെള്ളത്തിലേക്ക് താഴ്ത്തി. കഴിഞ്ഞ 12 നാണു ശരത്തിനെ കാണാതായത്.

പുതിയ ബെക്ക് സുഹൃത്തുക്കളെ കാണിക്കാന്‍ വീട്ടില്‍നിന്നുപോയ ശരത്തിനെ കാണാതാകുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയത് ശരത്തിന്റെ ശബ്ദമാണ്. തന്നെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും മോചനത്തിനായി 50 ലക്ഷം രൂപ നല്‍കണമെന്നും ശരത് പറയുന്ന വീഡിയോ സന്ദേശം 15 നു വാട്ട്‌സ്ആപ്പ് വഴി മാതാപിതാക്കള്‍ക്കു ലഭിച്ചു. അച്ഛന്‍ കാരണം ബുദ്ധിമുട്ടുണ്ടായവരാണു തട്ടിക്കൊണ്ടുപോയതെന്നും സഹോദരിയെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞതോടെയാണ് മാതാപിതാക്കള്‍ സംഭവം പോലീസില്‍ അറിയിച്ചത്. കടക്കെണിയില്‍പെട്ടതോടെയാണ് വിശാല്‍ പണത്തിനായി തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നു പോലീസ് പറഞ്ഞു.

ബംഗളുരുവിൽ മലയാളി വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വേഗത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗം തേടിയാണ് മലയാളിയായ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകന്‍ ശരത്തിനെ സുഹൃത്ത് വിശാല്‍ തട്ടികൊണ്ടുപോയത്.

ശരത്തിനെ കാണാതായതുമുതല്‍ അന്വേഷണത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഉറ്റസുഹ‍ൃത്ത് തന്നെയാണ് കൊലപാതകി എന്നറിഞ്ഞതിന്റെ ആഘാതത്തിലാണ് ബന്ധുക്കള്‍. ശരത്തിന്റെ സുഹൃത്തും സഹോദരിയുടെ സഹപാഠിയുമായിരുന്ന വിശാല്‍ മാതാപിതാക്കള്‍ക്ക് ഏറെ പരിചിതനും വീട്ടിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു. മകനെ കാണാനില്ലെന്ന പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ മാതാപിതാക്കള്‍ക്കൊപ്പം വിശാലുമുണ്ടായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെടുന്ന വിഡിയോ ചിത്രീകരിച്ച് മാതാപിതാക്കള്‍ക്ക് വാട്സ് ആപ്പ് ചെയ്ത ശേഷമാണ് വിശാല്‍ ശരത്തിന്റെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള പത്തുദിവസവും അന്വേഷണത്തിന് ശരത് മുന്‍പന്തിയിലുണ്ടായിരുന്നു.

പുതിയ ബുള്ളറ്റ് വാങ്ങിയതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ മധുരവുമായെത്തിയെ ശരത്തിെന വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത സൂപ്പര്‍ ബൈക്കുകള്‍ കാണിക്കാമെന്ന് പറഞ്ഞാണ് വിശാലും മൂന്നു സുഹൃത്തുക്കളും കാറില്‍ കയറ്റി കൊണ്ടുപോയത്. വേഗത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗം തേടുകയായിരുന്നു സുഹൃത്തുക്കളോട് വിശാലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനെ തട്ടികൊണ്ടുപോകാമെന്ന പോംവഴി പറയുന്നത്. ശരത്തിന്റെ പിതാവ് എത്രപണം നല്‍കിയും മകനെ മോചിപ്പിക്കുമെന്ന് നാല്‍സംഘം കണക്കുകൂട്ടി. എന്നാല്‍ വിഡിയോ സഹിതം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ശരത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

ഗാസിയാബാദ്: ജോലി കഴിഞ്ഞ് മടങ്ങവെ നഴ്‌സായ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഗാസിയാബാദില്‍ കേന്ദ്രഭരണ പ്രദേശത്താണ് യുവതിയെ ക്രൂരമായ പീഡനത്തിരയാക്കിയത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വരികയായിരുന്ന യുവതിയെ വിജനമായ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം മൊബൈല്‍ ഫോണും പഴ്‌സും കവരുകയും പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തതായി യുവതിപൊലീസില്‍ മൊഴി നല്‍കി. പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാത്രി പത്ത് മണിയോടെ താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെ രണ്ട് പേര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. രണ്ട് പേര്‍ പിന്തുടരുന്നത് ശ്രദ്ധയില്‍ പെട്ട യുവതി വീട്ടില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കോള്‍ കണക്ടായിരുന്നില്ല. തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി ഫോണ്‍ പിടിച്ചുവാങ്ങുകയും വയല്‍ പ്രദേശത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു. താമസ സ്ഥലത്ത് നിന്നും 200 മീറ്റര്‍ അകലെയായിരുന്നു അതിക്രമം.

22-23 വയസുള്ളവരാണ് പ്രതികളെന്നാണ് കരുതുന്നതെന്നും. നേരത്തെ ഇത്തരം കേസില്‍ പ്രതിയായ ഒരാളെ സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഇതേ സ്ഥലത്ത് നേരത്തെയും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

മുത്തശ്ശി തടയാന്‍ ശ്രമിച്ചപ്പോള്‍ തള്ളിവീഴ്ത്തി അയാള്‍ മകളെ കയറിപ്പിടിച്ചു ; കൊച്ചുമകളെ രക്ഷിക്കാന്‍ ഒടുവില്‍ അമ്മ മകനെ അരിവാളിന് വെട്ടി

ചെന്നൈ: കൊച്ചുമകളെ മകന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ 42 കാരന്‍ മകനെ അരിവാളിന് വെട്ടിക്കൊന്ന 65 കാരി മാതാവിന് നിയമസഹായം ചെയ്തുകൊടുക്കാന്‍ പോലീസ്. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ സക്കവയല്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ 19 കാരിയായ കൊച്ചുമകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മകനെ ലക്ഷ്മി എന്ന സ്ത്രീയാണ് വെട്ടിയെറിഞ്ഞത്. ഇവര്‍ പിന്നീട് പോലീസിന് കീഴടങ്ങി.

മദ്യത്തിന് അടിമയായ പിതാവ് കഴിഞ്ഞ ദിവസം മകളെ പീഡിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇടയ്ക്കുകയറി മകനെ തടഞ്ഞിരുന്നു. എന്നാല്‍ മാതാവിനെ തള്ളിത്താഴെയിട്ട് ഇയാള്‍ മകള്‍ക്ക് നേരെ വീണ്ടും അടുക്കുമ്പോള്‍ ഗത്യന്തരമില്ലാതെ ലക്ഷ്മി കയ്യില്‍ കിട്ടിയ അരിവാളിന് വെട്ടിത്തള്ളുകയായിരുന്നു. മകന്‍ രക്തത്തില്‍ കിടന്ന് പുളയുമ്പോള്‍ കൊച്ചുമകള്‍ കവിതയെ ചേര്‍ത്തുപിടിച്ച് അവര്‍ വിതുമ്പിക്കരഞ്ഞു. തന്നെ സംരക്ഷിക്കാന്‍ ഇതല്ലാതെ മുത്തശ്ശിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നെന്ന് കൊച്ചുമകള്‍ പറഞ്ഞു. അമ്മയില്ലാത്ത പെണ്‍കുട്ടിക്ക് ആശ്രയം മുത്തശ്ശിയായിരുന്നു.

കൊലപാതകത്തിന് ശേഷം കീഴടങ്ങിയ ലക്ഷ്മിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. വൃദ്ധയായ ഈ സ്ത്രീയോട് പോലീസ് സഹതാപത്തോടെയാണ് പെരുമാറുന്നത്. ജാമ്യത്തിനായി ഇവര്‍ അപേക്ഷിച്ചാല്‍ എതിര് നില്‍ക്കില്ലെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ സാഹചര്യവും സ്വഭാവവും പരിഗണിച്ച് ഇവരെ സഹായിക്കാന്‍ ആവശ്യമായ രീതിയില്‍ അഭിഭാഷകരെ ഏര്‍പ്പെടുത്താന്‍ സഹായിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Copyright © . All rights reserved