Crime

മം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ല്‍ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹപാഠികള്‍ മരിച്ചു. കാസര്‍കോട് കോളിയടുക്കം പുത്തരിക്കുന്നിലെ രാധാകൃഷ്ണന്റെയും എം.ജ്യോതിയുടെയും മകന്‍ വി.വിഷ്ണു (22), നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷിന്റെയും ജിഷയുടെയും മകള്‍ ഗ്രീഷ്മ (21) എന്നിവരാണ് മരിച്ചത്.

മംഗളൂരുവിലെ സ്വകാര്യ കോളജിലെ പി.ജി വിദ്യാര്‍ഥികളാണ് ഇരുവരും. മംഗളുരു റെയില്‍വേ സ്റ്റേഷനടുത്തെ ഒരു ലോഡ്ജ് മുറിയിലാണ് ഇരുവരെയും വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ കഴിയവെ വിഷ്ണു ഇന്നലെ രാവിലെയും ഗ്രീഷ്മ വൈകിട്ടോടെയുമാണ് മരിച്ചത്. പൊലീസ് കേസെടുത്തു. വി.വൈശാഖ്, മിഥുന്‍ എന്നിവര്‍ വിഷ്ണുവിന്റെ സഹോദരങ്ങളാണ്.

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരോടും ഹാജരാകാൻ നോട്ടീസ് നൽകി. ജോളിയുടെ സഹോദരി ഭർത്താവിനെയും പ്രാദേശിക ലീഗ് നേതാവിൽ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചു. മരണത്തിൽ ലഹരി കണ്ടെത്തിയിരുന്നതായും രണ്ടാമത്തെ ശ്രമത്തിലാണ് സിലിയെ കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നൽകി.

ഷാജുവിനെ രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകങ്ങളിൽ ചിലത് ഷാജുവിന്റെ അറിവോടെയെന്ന ജോളിയുടെ മൊഴിയാണ് സംശയം കൂട്ടുന്നത്. സഖറിയാസിനെക്കുറിച്ചും പ്രധാന വിവരങ്ങൾ ജോളി അന്വേഷണ സംഘത്തിനോട് പങ്കുവച്ചിട്ടുണ്ട്. ഇടുക്കി രാജകുമാരിയിലുള്ള ജോളിയുടെ സഹോദരി ഭർത്താവ് ജോണിയിൽ നിന്ന് വീട്ടിലെത്തി അന്വേഷണ സംഘം വിവരം ശേഖരിച്ചു.

ദാരുണം 2 വയസ്സുള്ള ആല്‍ഫൈന്റെ മരണം, സിലി കുഴഞ്ഞുവീണത് ജോളിയുടെ മടിയില്‍
കുറ്റകൃത്യങ്ങളെക്കുറിച്ചു പിതാവിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടായിരുന്നതായും ഷാജു പൊലീസിനു മൊഴി നൽകിയതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണു സക്കറിയാസിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ വരുമെന്നു മരിച്ച റോയിയുടെ സഹോദരി രഞ്ജി പറഞ്ഞു.

2014 മേയ് മൂന്നിനു ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണു പത്തുമാസം പ്രായമുള്ള മകള്‍ ആല്‍ഫൈന്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞു ഷാജുവിന്റെ ഭാര്യ സിലി ദന്താശുപത്രി വരാന്തയില്‍ ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു

വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ജോളിയെ സഹായിച്ചെന്ന പരാതിയിൽ പ്രാദേശിക ലീഗ് നേതാവ് ഇമ്പിച്ചി മൊയ്ദീന്റെ കൂടത്തായിയിലെ വീട്ടിലും അന്വേഷണ സംഘം പരിശോധിച്ചു. മരണം കാണുന്നത് ലഹരിയാണെന്ന് ജോളി വെളിപ്പെടുത്തിയതായി അന്വേഷണ സംഘം. ഒരിക്കലും പിടിയിലാകുമെന്ന് കരുതിയിരുന്നില്ല. ആറ് കൊലപാതകങ്ങളും താനാണ് ചെയ്തത്. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതിനാൽ അറസ്റ്റിന് തലേന്ന് താമരശേരിയിലെത്തി അഭിഭാഷകനെയും കണ്ടു. കൊലപാതകങ്ങളുടെ ഇടവേള കുറഞ്ഞത് കൂടുതലാളുകളെ ലക്ഷ്യമിട്ടിരുന്നത് കൊണ്ടാകാം.

രണ്ടാം ഭർത്താവായ ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ ദിവസം സിലിക്കും സയനൈഡ് നൽകാൻ ശ്രമിച്ചെങ്കിലും ഭക്ഷണം കഴിക്കാത്തതിനാൽ രക്ഷപ്പെട്ടു. രണ്ടാം ശ്രമത്തിലാണ് ഗുളികയിൽ സയനൈഡ് പുരട്ടി നൽകി സിലിയെ കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കുന്നതിനാണ് ആശുപത്രിയിലെത്തിക്കാൻ വൈകിച്ചതെന്നും ജോളി മൊഴി നൽകി. ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി എട്ടംഗ വിദഗ്ധ സംഘം അടുത്ത ദിവസം കൂടത്തായിയിലെത്തും.

കോഴിക്കോട് കൂടത്തായിയിലെ ആറ് മരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ തെളിവിനായി മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. എസ്പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം എത്തി പരിശോധനയ്‌ക്ക് ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാക്കുക. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും അടക്കമുള്ളവരായിരിക്കും വിദഗ്ധസംഘത്തില്‍ ഉണ്ടാവുക.

അതേസമയം ഇത് വലിയ വെല്ലുവിളിയുള്ള കേസാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ പറഞ്ഞിരുന്നു. ആറുകൊലപാതകങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും എങ്ങനെ തെളിവുകള്‍ ശേഖരിക്കും എന്നതാണ് വെല്ലുവിളി. പക്ഷെ അന്വേഷണത്തില്‍ ഒന്നും അസാധ്യമായതില്ലെന്നും ബെഹ്‌റ പറയുന്നു. മൃതദേഹ അവിശിഷ്ടങ്ങളില്‍ വിദേശത്ത് പരിശോധന നടത്താന്‍ പോലീസ് തയ്യാറാണ്. അതിന് കോടതിയുടെ അനുമതി തേടുമെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

ഫോറന്‍സിക് വിദഗ്ധരുടെ സംഘവുമായി ഡിജിപി ചര്‍ച്ച നടത്തിയിരുന്നു. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. റൂറല്‍ എസ്പി ഓഫീസില്‍ അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം വിളിച്ച ബെഹ്‌റ കേസിന്റെ തുടര്‍ നടപടികളും ചര്‍ച്ച ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതിയായ ജോളിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും. ആറുമരണങ്ങളും ആറ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വെവ്വേറെ അന്വേഷണസംഘമാണ് അന്വേഷിക്കുന്നത്. പോലീസ് ഇന്ന് വീണ്ടും പൊന്നാമറ്റം വീട്ടിലെത്തി തെരച്ചില്‍ നടത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ ഈ തെരച്ചിലില്‍ ജോളിയടക്കമുള്ള പ്രതികളെ ഇവിടെ എത്തിച്ചേക്കില്ല.

‘അവൻ ആ അമ്മയുടെ വയറ്റത്ത് ചവിട്ടുമായിരുന്നു. അപ്പോൾ അവർ ഉറക്കെ നിലവിളിക്കും. കേട്ടു നിൽക്കാൻ കഴിയില്ല കരച്ചിൽ.. എന്നാലും ആ അമ്മ ഇവനെ വിട്ടു പോകത്തില്ല. മദ്യത്തിന്റെ പേരിൽ നടന്ന തർക്കത്തിൽ ഇവൻ ഒരു കൂട്ടുകാരനെ കൊന്നു. ആ കേസിൽ നിന്നും ഇവനെ ജാമ്യത്തിലെടുക്കാൻ പോയത് ഇൗ അമ്മയാ.. വേറെ രണ്ടു മക്കളുണ്ടെങ്കിലും അവർക്ക് സ്നേഹം ഇവനോടായിരുന്നു. മകൾ അധ്യാപികയാണ്. ഒരു മകൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. എന്നിട്ടും ഉപദ്രവം മാത്രം ചെയ്യുന്ന ഇൗ മകനൊപ്പം അമ്മ ജീവിച്ചു. മദ്യപിച്ചാൽ അവൻ മൃഗമാണ്.. പെൻഷൻ കാശിന് വേണ്ടി ഇൗ അമ്മയെ അവൻ കൊല്ലാക്കൊല ചെയ്തിട്ടുണ്ട്…’ മനസ് മരവിപ്പിക്കുന്ന ക്രൂരതയുടെ വാക്കുകളാണ് നാട്ടുകാർ പറയുന്നത്. കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ സംഭവത്തിൽ നടുക്കുന്ന ചിത്രം…..!

കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെമ്മാന്‍മുക്ക് നീതി നഗറില്‍ സാവിത്രിയമ്മ (84) ആണ് കൊല്ലപ്പെട്ടത്. ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മകന്‍ സുനില്‍ അറസ്റ്റിലായി. മകളുടെ പരാതിയിലാണ് അന്വേഷണം. പെൻഷൻ പണവും സ്വത്തും ആവശ്യപ്പെട്ട് അമ്മയുമായി സുനിൽ വഴക്കുണ്ടാക്കുമായിരുന്നുവെന്നും മർദിക്കുമായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. മദ്യത്തിന്റെയും ക‍ഞ്ചാവിന്റെയും ലഹരിയിലാണ് ഇങ്ങനെ ചെയ്തിരുന്നത്. കഴിഞ്ഞ മാസം അഞ്ചാം തീയതി മുതലാണ് സാവിത്രി അമ്മയെ കാണാതായത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് മകൾ പരാതി നൽകിയത്.

സുനില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലും ക‌ഞ്ചാവുകേസിലും പ്രതിയാണ്. സുനിലിനൊപ്പം കുട്ടൻ എന്ന സുഹൃത്തും കൊലപാതകത്തിൽ പങ്കാളിയാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മൃതദേഹം പുറത്തെടുക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചു. വിശദമായ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

പ്രതി ജോളിയുമായി വർഷങ്ങളായി അടുപ്പമുണ്ടായിരുന്ന അഭിഭാഷകനും സംശയനിഴലിൽ. ഇയാൾക്കൊപ്പം ജോളി നടത്തിയ തമിഴ്നാട് യാത്രകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

താമരശ്ശേരി മേഖലയിൽ താമസിക്കുന്ന ഇയാൾ റോയി തോമസിന്റെ മരണശേഷം പതിവായി ജോളിയെ കാണാൻ വീട്ടിലെത്താറുണ്ടായിരുന്നു. ചില ബന്ധുക്കൾ വിലക്കിയതോടെയാണ് ഈ സന്ദർശനം നിലച്ചത്. കൊലപാതകവുമായി ഇയാൾക്കു ബന്ധമുണ്ടോയെന്നും വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ അന്വേഷണസംഘം അടുത്തദിവസം ചോദ്യം ചെയ്യും.

ജോളിയുടെ സുഹൃത്ത് ജോൺസണെ പൊലീസ് 6 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണൊപ്പം ജോളി പലവട്ടം കോയമ്പത്തൂരിലും ബെംഗളുരൂവിലും പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു യാത്ര റോയ് തോമസ് മരിച്ച് ആഴ്ചകൾക്കുള്ളിലായിരുന്നു.

എൻഐടി പ്രഫസറായി നാട്ടിൽ വിലസിയിരുന്ന ജോളി ജോസഫ് കൂടത്തായിയിലെ പൊന്നാമറ്റം വീടിനു ചുറ്റുവട്ടത്തെ വിദ്യാർഥികൾക്ക് ‘കരിയർ കൗൺസലി’ങ്ങും നൽകി. പെൺകുട്ടികൾ പഠിച്ച് ജോലി നേടി സ്വന്തം കാലിൽ നിൽക്കണമെന്ന് ഉപദേശിച്ചിരുന്ന ജോളി ഇതിന് സ്വന്തം അനുഭവം ഉദാഹരണമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടോം തോമസിനോടും അധ്യാപികയായിരുന്ന അന്നമ്മയോടുമുണ്ടായിരുന്ന ആദരം എൻഐടി അധ്യാപികയായ മരുമകൾ ജോളിയോടും നാട്ടുകാർക്കുണ്ടായിരുന്നെന്ന് അയൽവാസിയായ സറീന പറയുന്നു.

ഉന്നത പഠനത്തിന് ഉപദേശം തേടി അയൽക്കാർ ജോളിയെ സമീപിക്കുമായിരുന്നു. സറീനയുടെ മകൾ 2015 ൽ പ്ലസ് ടു പാസായപ്പോൾ എൻട്രൻസ് കോച്ചിങ് കാര്യങ്ങളിൽ നിർദേശം നൽകി. ‘റോയ്‌ച്ചായൻ മരിച്ച ശേഷം തനിക്ക് പിടിച്ചു നിൽക്കാനായത് ജോലിയുള്ളതു കൊണ്ടല്ലേ’ എന്ന് പറയുമായിരുന്നെന്നും അയൽക്കാർ ഓർക്കുന്നു.

2002 മുതൽ എൻഐടി അധ്യാപികയെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ജോളിക്ക് എൻഐടിയുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടിലെ പൊതുപരിപാടികളിലും പള്ളിയിലെ ഡയറക്ടറിയിലും വരെ ‘എൻഐടി പ്രഫസർ’ ആയി ജോളി കയറിപ്പറ്റി.

ജോളി അറസ്റ്റ് പ്രതീക്ഷിച്ചിരുതായി കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി.സൈമണ്‍ മാധ്യമങ്ങളോട്. അറസ്റ്റിന്റെ തലേന്ന് താമരശേരിയില്‍ അഭിഭാഷകനെ കണ്ടിരുന്നു. ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എസ്.പി പറഞ്ഞു.

ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടിയെന്ന് കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് പറഞ്ഞു. പിന്നീടുള്ള ഓരോ കൊല നടത്താനും ഇതു ധൈര്യം നൽകി. ഇതോടെ കൊലപാതകങ്ങൾക്കിടയിലെ കാലയളവ് കുറഞ്ഞുവന്നു.

ആദ്യ ഭർത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ പൂർണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പൊലീസിനോടു പറഞ്ഞു. ഓരോ കൊലപാതകം നടത്തിയ രീതിയും ജോളി നിർവികാരതയോടെ വിവരിച്ചു.

∙ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത്. 2002ൽ. കൊലയ്ക്ക് ഉപയോഗിച്ചത് കീടനാശിനി.

∙ രണ്ടാമത്തെ കൊലപാതകം 6 വർഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകി.

∙ മൂന്നു വർഷത്തിനു ശേഷം 2011ൽ മൂന്നാമത്തെ കൊലപാതകം. റോയ് തോമസിനു സയനൈഡ് കലർത്തി നൽകിയത് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയിൽ

∙ റോയ് തോമസിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഇല്ലാതായതോടെ പൂർണധൈര്യമായി. 2014ൽ 3 മാസത്തെ ഇടവേളയിൽ നടത്തിയതു 2 കൊലകൾ.

∙ മഞ്ചാടിയിൽ മാത്യുവിന് സയനൈഡ് കലർത്തി നൽകിയത് മദ്യത്തിൽ. ഷാജുവിന്റെ മകൾ ആൽഫൈനിനു സയനൈഡ് പുരട്ടിയ ബ്രെഡ് ഇറച്ചിക്കറിയിൽ മുക്കി നൽകി.

∙ ഒരു വർഷത്തിനു ശേഷം ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിക്കാനുള്ള ശ്രമം തുടങ്ങി. രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടു. 2016ൽ നടത്തിയ മൂന്നാം ശ്രമത്തിൽ സിലി മരിച്ചു. സയനൈഡ് നൽകിയത് വെള്ളത്തിൽ കലക്കിയും ഗുളികയിൽ പുരട്ടിയും

കൊല്ലം ∙ സമൂഹമാധ്യമങ്ങളിൽ കൂടി കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർ നിരീക്ഷണത്തിൽ. ഇത്തരത്തിൽ കുടുങ്ങിയ ചിലരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. അശ്ലീല വെബ്സൈറ്റുകൾ തുടർച്ചയായി കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നവരാണു സൈബർസെല്ലിന്റെ നിരീക്ഷണത്തിലുള്ളത്. കൂടുതൽ പേർ വൈകാതെ കുടുങ്ങുമെന്നാണു വിവരം.

പാരിപ്പള്ളിയിൽ ശനിയാഴ്ച പഞ്ചായത്ത് ജനപ്രതിനിധിയുടെ വീട്ടിൽ സൈബർസെൽ പരിശോധനയ്ക്കെത്തി. കരുനാഗപ്പള്ളി ആദിനാട്, മരുതൂർകുങ്ങര തെക്ക് എന്നിവിടങ്ങളിലെ 2 വീടുകളിലും പൊലീസ് പരിശോധന നടത്തി. മരുതൂർകുളങ്ങര തെക്കു ഭാഗത്ത് 16 വയസ്സുകാരൻ ഉപയോഗിക്കുന്ന ഫോൺ പൊലീസ് പിടിച്ചെടുത്തു കേസ് റജിസ്റ്റർ ചെയ്തു. ഫോൺ തിരുവനന്തപുരത്ത് സൈബർ സെല്ലിന്റെ ഹൈടെക് വിഭാഗത്തിലേക്ക് അയച്ചു പരിശോധന നടത്തും.

വ്യാജരേഖകൾ ഉപയോഗിച്ചു മൊബൈൽ ഫോൺ സിം കാർഡുകൾ വ്യാപകമായി സംഘടിപ്പിക്കുന്നതായ വിവരത്തെതുടർന്നു സിം കാർഡ് വിൽപന കേന്ദ്രങ്ങളിലും റെയ്ഡ് ആരംഭിച്ചു. വ്യക്തിഗത വിവരങ്ങൾ വ്യാജമായി നൽകിയും വ്യാജ തിരിച്ചറിയൽ കാർഡുകൾ, ഫോട്ടോയുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് എന്നിവ ഉപയോഗിച്ചു മതിയായ അനുമതിപത്രമില്ലാതെ സിംകാർഡുകൾ വിതരണം ചെയ്യുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

കൊല്ലം നഗരത്തിൽ 110 വിൽപന ശാലകളിൽ പരിശോധന നടത്തി. വ്യാജമായി നേടുന്ന സിം കാർഡുകൾ വിധ്വംസക പ്രവർത്തനങ്ങൾക്കും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ സാധ്യത ഉള്ളതിനാൽ ഇത്തരം പരിശോധനകൾ കർശനമാക്കുമെന്നും പൊലീസ് പറഞ്ഞു.

കൂടത്തായി ജോളിയ്‌ക്കെതിരെ അഞ്ചുകേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തു. പൊന്നാമറ്റം വീട്ടിലെ അന്നമ്മ, ടോം തോമസ് എന്നിവരുടെയും മാത്യു മഞ്ചാടിയിലിന്റെയും ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെയും കൊലപാതകങ്ങളിലാണ് പ്രത്യേകം കേസെടുത്തത്. ഭര്‍തൃമാതാവായ അന്നമ്മയെ കീടനാശിനി നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി നേരത്തെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ കൊലപാതകത്തിലാണ് ജോളിയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തതും തെളിവെടുപ്പ് നടത്തുന്നതും.

ഇതില്‍ തെളിവ് ശക്തമാക്കുന്നതിനൊപ്പം മറ്റ് കേസുകളിലും തെളിവ് ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍. കല്ലറകളില്‍ നിന്ന് ശേഖരിച്ച മൃതദേഹാശിഷ്ടങ്ങളുടെ രാസപരിശോധനാഫലവും ലഭിക്കേണ്ടതുണ്ട്. ഇതിനു കാലതാമസം വരുമെന്നതിനാല്‍ റോയിയുടെ കൊലപാതകത്തില്‍ നടപടികളാകും ആദ്യം പൂര്‍ത്തിയാക്കുക.

കൊലപാതകങ്ങള്‍ക്ക് ശേഖരിച്ചതില്‍ സയനൈസ് ഇനി ബാക്കിയില്ലെന്നാണ് ജോളി അന്വേഷണസംഘത്തോട് പറഞ്ഞത്. ജോളിയുടെ കുട്ടിക്കാലം മുതലുളള വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണസംഘം ശ്രമം തുടങ്ങി. ഇതിനായി അന്വേഷണസംഘാംഗങ്ങള്‍ കട്ടപ്പനയിലുണ്ട്. അതേസമയം കൂടത്തായി കൊലപാതക  അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് കൂടത്തായി സന്ദര്‍ശിക്കും. അതേസമയം, ‘എന്തുകൊണ്ട് എന്നെ നേരത്തെ അറസ്റ്റ് ചെയ്തില്ല, അതുകൊണ്ടല്ലേ കൂടുതല്‍ പേരെ കൊല്ലേണ്ടി വന്നത്?’ ജോളിയുടെ ഈ ചോദ്യത്തിന് മറുപടിയില്ലാതെ പകച്ചുനില്‍ക്കുകയാണ് കേരള പൊലീസ്.

കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് പുതിയ വസ്ത്രം വാങ്ങി നൽകിയത് പൊലീസ്. അഞ്ചാം തിയതി രാവിലെ കസ്റ്റഡിയിലെടുത്തപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിന് പുറമെ ഒരു ജോഡി വസ്ത്രം കൂടി എടുക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് വസ്ത്രങ്ങളാണ് ജയിലിൽ ജോളി മാറി മാറി ധരിച്ചത്.

റിമാൻഡ് പ്രതികൾക്കു ജയിൽ വസ്ത്രം നൽകാൻ ചട്ടമില്ല. വീട്ടിൽ നിന്നു വസ്ത്രമെത്തിക്കാനായി ജോളി ജയിലിലെ ഫോണിൽ നിന്നു സഹോദരനെ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിച്ചില്ല. ഒരു ദിവസം സഹതടവുകാരി നൽകിയ നൈറ്റി ധരിച്ചു. അറസ്റ്റ് ചെയ്ത ദിവസം ധരിച്ച അതേവസ്ത്രം ധരിച്ചാണ് കഴിഞ്ഞ ദിവസം ജോളി കോടതിയിൽ ഹാജരായത്.

രണ്ടാമത്തെ വസ്ത്രം ജയിലിൽ നിന്ന് എടുക്കാൻ മറന്നു. ഇന്നലെ രാവിലെ തെളിവെടുപ്പിനു പോകുന്നതിനു മുൻപായി വടകര പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസറാണ് ഇൻസ്പെക്ടർ പി.എം. മനോജിന്റെ നിർദേശപ്രകാരം പുതിയ വസ്ത്രം വാങ്ങിനൽകിയത്.

പ്രതികളുമായി നിര്‍ണായകമായ തെളിവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. ആദ്യമൂന്ന് കൊലപാതകം നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുത്തത്. ജോളിക്കെതിരെ ആക്രോശവുമായി വന്‍ജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ വഴികളിലും അയല്‍പക്കത്തും തടിച്ചുകൂടി. കര്‍ശനസുരക്ഷയും വിപുലമായ സന്നാഹവും ഒരുക്കിയായിരുന്നു തെളിവെടുപ്പ്.

‘വിരലിൽ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തിൽ കലർത്തുക’– കൂടത്തായി കൊലപാതകങ്ങളുടെ പൊതുരീതി മുഖ്യപ്രതി ജോളി ജോസഫ് പൊലീസിനോട് വിശദീകരിച്ചതിങ്ങനെ. ആദ്യ ഭർത്താവ് റോയിയുടെ അമ്മാവൻ മാത്യു മഞ്ചാടിയിലിന് മദ്യത്തിൽ കലർത്തിയാണ് സയനൈഡ് നൽകിയത്. അദ്ദേഹത്തോടൊപ്പം താൻ ഇടയ്ക്ക് മദ്യപിക്കാറുണ്ടായിരുന്നെന്നും ജോളി തെളിവെടുപ്പിനിടെ സമ്മതിച്ചു.

ഇപ്പോഴത്തെ ഭർത്താവ് ഷാജു ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിൽ രണ്ടുതവണ സഹായിച്ചെന്നും ജോളി പറയുന്നു. മരുന്നിലാണ് സയനൈഡ് ചേർത്ത് നൽകിയത്. പിന്നീട് താമരശ്ശേരിയിലെ ഡെന്റൽ ക്ലിനിക്കിൽ വച്ച് മരുന്നിൽ ചേർത്ത് സയനൈഡ് നൽകിയപ്പോഴാണ് സിലി കൊല്ലപ്പെട്ടത്.

മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആൽഫൈനിനു ഭക്ഷണം നൽകിയതെന്നു പറഞ്ഞ ജോളി, ആൽഫൈനിനു ജോളി ഇറച്ചിക്കറിയിൽ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റം സമ്മതിച്ചു.

സിലിയുടെ മരണത്തിൽ താമരശ്ശേരി പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ജോളി, എം. എസ്. മാത്യു എന്നിവരെയാണ് പ്രതിചേർത്തിട്ടുള്ളത്. രണ്ടു തവണയായി കൂടത്തായിയിലെ വീട്ടിൽ മാത്യു സയനൈഡ് എത്തിക്കുകയായിരുന്നെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്.

6 മരണങ്ങൾ നടന്ന സ്ഥലങ്ങളിലും ജോളിയുമായി അന്വേഷണ സംഘം ഇന്നലെ തെളിവെടുപ്പ് നടത്തി. കൂടത്തായിയിലെ വീട്ടിൽ ജോളിക്കൊപ്പം മറ്റു പ്രതികളായ എം.എസ്. മാത്യുവിനെയും പ്രജികുമാറിനെയും എത്തിച്ചിരുന്നു.

‘അവൾ പോയി പിന്നെ വിളിക്കാം’ ഭാര്യ പ്രമീളയുടെ മൃതദേഹം പുഴയിൽ തള്ളിയ ശേഷം വീട്ടിൽ തിരിച്ചെത്തിയ സെൽജോ തന്റെ മൊബൈലിൽ നിന്നും മറ്റൊരു യുവതിയ്ക്ക് അയച്ച സന്ദേശമാണിത്. നാടിനെ നടുക്കിയ അരുംകൊലയുടെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിദ്യാനഗറില്‍ നിന്നു കാണാതായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയെന്നു സ്ഥിരീകരിച്ചു. കൊല്ലം സ്വദേശി പ്രമീളയാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭര്‍ത്താവ് സെൽജോ അറസ്റ്റിലായി. പ്രമീളയെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതിനു ശേഷം മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ കെട്ടിത്താഴ്ത്തുകയായിരുന്നു. കാസർകോട് കലക്ട്രേറ്റിലെ താൽക്കാലിക ജീവനക്കാരിയായ പ്രമീളയെ കഴിഞ്ഞ മാസം 19 മുതൽ കാണാതായതെന്നാണ് ഭർത്താവിന്റെ മൊഴി.

തൊട്ടടുത്ത ദിവസം സിൽജോ തന്നെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി വിദ്യനഗർ പൊലീസിനെ സമീപിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രമീളയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സിൽജോയെ ചോദ്യം ചെയ്തിരുന്നു. മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഭർത്താവിനെ വിദ്യാനഗർ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രമീളയെ കൊലപ്പെടുത്തിയ ശേഷം തെക്കിൽ പാലത്തിനു സമീപം ചന്ദ്രഗിരിപ്പുഴയിൽ കല്ലുകെട്ടി താഴ്ത്തിയെന്നു വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം പുഴയിൽ തിരച്ചിൽ നടത്തി .ഫയർഫോഴ്സിന്റെയും, പൊലീസിന്റെയും, മുങ്ങൽ വിദഗ്ധരുടേയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ.

ദേശീയപാത അറുപത്തിയാറിന്റെ ഭാഗമായ തെക്കില്‍ പാലത്തില്‍ നിന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടാതെ മൃതദേഹം എങ്ങിനെ പുഴയിലെറിഞ്ഞു എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. കണ്ണൂർ തളിപ്പറമ്പു സ്വദേശിയായ സെൽജോയും കൊല്ലം സ്വദേശിനിയായ പ്രമീളയും വർഷങ്ങളായി വിദ്യാനഗറിലെ വാടക ക്വാർട്ടേഴ്സിലാണ് താമസം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. സെൽജോയ്ക്കു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലിയുള്ള കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സൂചന.

ഭാര്യ പ്രമീളയുടെ മൃതദേഹം പുഴയിൽ തള്ളിയ ശേഷം വിദ്യാനഗർ പന്നിപ്പാറയിലെ വാടക വീട്ടിൽ പുലർച്ചെ 4നു തിരിച്ചെത്തിയ സെൽജോ തന്റെ മൊബൈലിൽ നിന്ന് ‘ അവൾ പോയി പിന്നെ വിളിക്കാം’ എന്നു മെസേജ് അയച്ചിരുന്നു. ഇടുക്കിയിലെ യുവതിക്കാണ് ഇത് അയച്ചതെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇവർ തമ്മിലുള്ള ബന്ധത്തിനു പ്രമീള തടസ്സമായതിനാൽ കൊലപ്പെടുത്തിയതാകാമെന്നാണു പൊലീസിന്റെ നിഗമനം.
സെൽജോയുടെ വനിതാസുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവ ദിവസം രാത്രി വൈകി സെൽജോയുടെ ഓട്ടോറിക്ഷ തെക്കില്‍പാലത്തിന്റെ ഭാഗത്തേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ ഉപേക്ഷിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ എത്തിയെങ്കിലും സാധിച്ചില്ലെന്നും സെൽജോ മൊഴി നല്‍കിയിട്ടുണ്ട്. പുഴയിലെ അടിയൊഴുക്കും, ആഴവുമാണ് തിരച്ചിലിന് തടസമാകുന്നത്.

പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനൊപ്പം തിരച്ചിലും ഊര്‍ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.ജോലി തേടിയാണു പ്രമീള വർഷങ്ങൾക്കു മുൻപു കൊല്ലത്തെ വീട്ടിൽ നിന്നിറങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തു. ഇതിനിടെയാണു തളിപ്പറമ്പ് ആലക്കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ സെൽജോയുമായി പരിചയപ്പെടുന്നത്. പിന്നീട് കാസർകോട്ടെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ താമസിച്ചു. വിദ്യാനഗറിലെ വിവിധ ഓഫിസുകളിൽ താൽക്കാലികമായി ജോലി ചെയ്തു. സെൽജോ ഭാര്യയെ കൊലപ്പെടുത്തിയത് ആസൂത്രിതമായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം.

കത്തിയുരികി കിടക്കുന്ന പ്ലാസ്റ്റിക് കസേര, അതിനോട് ചേര്‍ന്ന് ഒരു സിഗററ്റ് ലൈറ്റര്‍, ക്ലബ് സോഡയുടെ വെളുത്ത അടപ്പൊരൊണ്ണം കുറച്ചു മാറി കിടക്കുന്നു. ഭിത്തിയില്‍ ചാരിവെച്ചെന്ന പോലെ രണ്ടു ലിറ്ററിന്റെ ശൂന്യമായൊരു ക്ലബ് സോഡ ബോട്ടില്‍……

ഒരു പതിനേഴുകാരിയുടെ ജീവന്‍ കത്തിച്ചില്ലാതാക്കിയതിന്റെ അടയാളങ്ങളാണ് സിമന്‍റ് പാകിയ തറയിലെ ഈ അവശേഷിപ്പുകള്‍…

കാക്കനാട് അത്താണി ജംഗ്ഷനിലെ സലഫി മസ്ജിദിന് (മുജാഹുദീന്‍ പള്ളി) മുന്നിലൂടെയുള്ള പോക്കറ്റ് റോഡ് താഴേയ്ക്കിറങ്ങിയെത്തുന്നത് ലാവണ്യ നഗറിലാണ്. അവിടെയാണ് ദേവികയുടെ വീട്. രണ്ട് സെന്റ് ഭൂമിയില്‍ ഹോളോബ്രിക്‌സിനു മേല്‍ സിമന്റ് തേച്ച് വെള്ളപൂശി, ആസ്ബസ്‌റ്റോസ് ഷീറ്റ് മേഞ്ഞ ചെറിയ രണ്ടു ചെറിയ ഹാളുകള്‍. അതില്‍ മുന്നിലത്തെ മുറിയില്‍ പഴയ സാധനങ്ങള്‍ കുട്ടിയിട്ടിരിക്കുകയാണ്. പിന്നിലായി രണ്ടായി തിരിച്ച ഹാളിലാണ്, ദേവികയുടെ അച്ഛന്‍ ഷാലനും അമ്മ മോളിയും, അടുത്ത മുറിയിലായി ദേവികയും അനിയത്തിയും കിടന്നുറങ്ങിയിരുന്നത്. ചുറ്റുപാടുമുള്ള മറ്റു വീടുകളുമായി താരതമ്യം ചെയതാല്‍ ഷാലന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കൃത്യമായ ധാരണ കിട്ടും. ഇല്ലായ്മയുടെ ആ വീട്ടിലേക്കായിരുന്നു ബുധനാഴ്ച്ച രാത്രി മിഥുന്‍ എന്ന കൊലയാളി എത്തുന്നത്. നിമിഷങ്ങള്‍ മാത്രമായിരുന്നു രണ്ടു ജീവനുകള്‍ അവിടെ കത്തിയെരിയാനെടുത്തത്.

Image result for Spurned 'lover' sets girl ablaze in Kochi, both die of burns

-വേദനയോടെ സഹപാഠികൾ-

പ്രണയത്തിന്റെ പേരില്‍ കേരളത്തില്‍ കൊല്ലപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണെങ്കിലും അത്താണിയിലെ ജനങ്ങള്‍ പറയുന്നത്, ഇങ്ങനെയൊരു ദുരന്തം തങ്ങളുടെ നാട്ടില്‍ നടക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നാണ്. അതുകൊണ്ട് തന്നെ ദേവികയെന്ന പതിനേഴുകാരിയുടെ മരണം ഇന്നാട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. സംസാരിക്കുന്ന ഓരോ ആളും അക്കാര്യം സമ്മതിക്കുന്നുണ്ട്.

‘ഇന്നലെ വൈകുന്നേരം കൂടി ഞങ്ങളാ മോളെ കണ്ടതാണ്. ഹായി ചേച്ചി, ഹായ് ചേട്ടാ…എന്നു വിളിച്ചു പറഞ്ഞിട്ടേ പാറു (ദേവികയെ നാട്ടിലും വീട്ടിലും വിളിക്കുന്ന പേര്) പോകാറുള്ളൂ. ഇവിടെ വച്ചെന്നല്ല, കാക്കനാടോ എറണാകുളത്തോ വച്ചു കണ്ടാല്‍ പോലും ഇങ്ങോട്ടു വന്നു സംസാരിക്കും. ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട് ദുഃഖങ്ങള്‍ കൊണ്ടു നടക്കുന്ന കൊച്ചാണെങ്കിലും അതൊരിക്കലും അവളുടെ മുഖത്തോ പെരുമാറ്റത്തിലോ കാണിക്കില്ല. ഞങ്ങള്‍ അവളെ കണ്ടിട്ടുള്ളതെല്ലാം ചിരിച്ച മുഖത്തോടെയാണ്. അതുകൊണ്ട് തന്നെയാണ് അവളുടെ കത്തിക്കരിഞ്ഞ ശരീരം കാണാന്‍ കരുത്തില്ലാത്താതും’ ദേവികയുടെ അയല്‍ക്കാരിയായ ആമിനയുടെ വാക്കുകളാണിത്. ലാവണ്യ നഗറിലെ താമസക്കാരെല്ലാവരും ഒരേ പോലെ പറയുന്നതും ഇതേ കാര്യമാണ്; ‘ഞങ്ങളെങ്ങനെ ആ കൊച്ചിനെ പോയി കാണും’?

നടുക്കുന്ന ആ രാത്രി… കൃത്യം നടന്ന ആ കുഞ്ഞുവീടും, എല്ലാത്തിനും സാക്ഷിയായ പ്രതി വന്ന ബൈക്കും…..

ദേവികയുടെ കൊല നടന്ന ബുധനാഴ്ച്ചയിലെ രാത്രിയെക്കുറിച്ച് ചോദിക്കുമ്പോള്‍ മൗനമാണ് പലര്‍ക്കും. ‘ഞങ്ങള്‍ അറിഞ്ഞില്ല, ആ വീട്ടില്‍ ഇങ്ങനെയൊരു ദുരന്തം നടക്കുന്നുണ്ടെന്ന്. പത്തു മണിക്കു മുന്നേ ഇവിടെ ഭൂരിഭാഗം പേരും കിടക്കാറുണ്ട്. ഇത് നടക്കുന്നത് പന്ത്രണ്ട് മണിയോടടുത്താണ്. മോളിയുടെ നിലവിളി കേട്ട ആരോ ഓടിയെത്തുമ്പോഴാണ് സംഭവം അറിയുന്നത്. അപ്പോഴേക്കും ആ കൊച്ച് പോയിരുന്നു. ബഹളം കേട്ട് പിന്നാലെ ഓടി വന്നവരില്‍ സ്ത്രീകളും ഉണ്ടായിരുന്നു. ആ കൊച്ചിനെ കണ്ട് ബോധം പോയവരും ഉണ്ട്. ഞാന്‍ വന്നു നോക്കുമ്പോള്‍ പാറു അകത്ത് കിടക്കുകയാണ്, ആ ചെറുക്കന്‍ പുറത്തായിരുന്നു കിടന്നത്. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസിലായില്ല. ഷാലന്‍ പൊള്ളലേറ്റ് കിടക്കുന്നതു കണ്ടപ്പോഴാണ് ഒരു ധാരണ കിട്ടിയത്. കണ്ടു നില്‍ക്കാന്‍ പറ്റുന്നതായിരുന്നില്ല അവിടുത്തെ കാഴ്ച്ചകള്‍’ സമീപവാസിയും കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരനുമായ നജീബിന്റെ വാക്കുകളില്‍ ഇപ്പോഴും പകപ്പുണ്ട്.

Image result for Spurned 'lover' sets girl ablaze in Kochi, both die of burns

പ്രണയം പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു, പരാജയപ്പെട്ടപ്പോള്‍ ക്രൂരമായി കൊന്നു

കൊലയാളി മിഥുന്‍ ദേവികയുടെ അമ്മ മോളിയുടെ അകന്ന ബന്ധുവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരും അയല്‍ക്കാരും പറയുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്. മോളിയുടെ ബന്ധുവായ മിഥുന്‍ ഇവിടെ വന്നു പോകാറുണ്ടായിരുന്നു. അങ്ങനെയാണ് ദേവികയുടെ മേല്‍ മിഥുന്റെ കണ്ണുടയ്ക്കുന്നത്. ആ കൊച്ച് എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം തൊട്ട് മിഥുന്‍ പ്രണയാഭ്യര്‍ത്ഥനയുമായി പിന്നാലെ കൂടിയെന്നാണ് കേട്ടത്. തനിക്ക് ആ തരത്തില്‍ യാതൊരു ഇഷ്ടവും ഇല്ലെന്ന് പല തവണയായി ദേവിക മിഥുനോട് പറഞ്ഞിട്ടും അയാള്‍ പിന്മാറിയില്ല. ഇതിന്റെ പേരില്‍ നിരവധി തവണ മിഥുനെ മോളിയും ഷാലനും താക്കിത് ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും വകവയ്ക്കാതെ മിഥുന്‍ ദേവികയെ ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. അവള്‍ പഠിക്കുന്ന സ്‌കൂളിലും ട്യൂഷന്‍ സെന്റിലും ചെന്ന് ശല്യം ചെയ്യുമായിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ സമ്മതിക്കണം എന്നായിരുന്നു അവന്റെ ആവശ്യം. താനിപ്പോള്‍ പഠിക്കുകയാണെന്നും പഠിച്ച് ഒരു ജോലി നേടി കുടുംബത്തെ നോക്കണമെന്നും അനിയത്തിയുടെ വിദ്യാഭ്യാസവും ഭാവിയും നോക്കേണ്ട ചുമതല തന്റെ കടമയാണെന്നും ദേവിക മിഥുനെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. തന്റെ വിവാഹക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മാതാപിതാക്കളാണെന്നും അവര് പറയുന്നയാളെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്നും ആ കൊച്ച് അവനോട് പറഞ്ഞിട്ടുണ്ടെന്നാണ് മോളി പറഞ്ഞ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. പക്ഷേ അതൊന്നും ചെവിക്കൊള്ളാന്‍ അയാള്‍ തയ്യാറായില്ല. 27 വയസുള്ള മിഥുന്‍ പ്ലസ് ടുവിനു പഠിക്കുന്ന ദേവിക തന്നെ ഉടനെ വിവാഹം കഴിക്കണമെന്ന നിര്‍ബന്ധത്തിലായിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാകുന്നില്ലെന്ന് ദേവിക വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പ് കാക്കനാട് വച്ച് കണ്ടപ്പോള്‍ മോളി മിഥുനോട് കയര്‍ത്തു സംസാരിച്ചിരുന്നു. പൊലീസിലും മിഥുനെതിരേ പരാതി കൊടുത്തു. പൊലീസ് ഇയാളെ വിളിച്ച് താക്കീത് ചെയ്യുകയും ചെയ്തതാണ്. ഇതെല്ലാം കഴിഞ്ഞാണ് കഴിഞ്ഞ ദിവസം വീണ്ടും മിഥുന്‍ ദേവികയെ തേടി ട്യൂഷന്‍ സെന്ററില്‍ എത്തുന്നത്. തന്നെ വിവാഹം കഴിക്കണമെന്നും ഇത് അവസാനമായി ചോദിക്കുന്നതാണെന്നും സമ്മതമല്ലെന്നു പറഞ്ഞാല്‍ അനുഭവിക്കേണ്ടി വരുമെന്നും മിഥുന്‍ ദേവികയെ ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങള്‍ അപ്പോള്‍ തന്നെ ദേവിക ട്യൂഷന്‍ സെന്ററില്‍ നിന്നും ഷാലനെ വിളിച്ചറിയിച്ചു. അയാള്‍ സ്ഥലത്തെത്തുകയും മിഥുനെ ശാസിക്കുകയും ചെയ്തു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. ഇനി പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കരുതെന്നു പറഞ്ഞു പൊലീസ് മിഥുനെ താക്കീത് ചെയ്ത് പറഞ്ഞയച്ചു. ആ സംഭവത്തിനുശേഷം മിഥുന്റെ ഭാഗത്ത് നിന്നും ശല്യമൊന്നും ഉണ്ടാകില്ലെന്ന വിശ്വാസത്തിലായിരുന്നു ദേവിക.

Image result for Spurned 'lover' sets girl ablaze in Kochi, both die of burns

അര്‍ദ്ധരാത്രിയില്‍ കടന്നെത്തിയ ഘാതകന്‍

രാത്രിയോടെ സുഹൃത്തിന്റെ ബൈക്കിലാണ് മിഥുന്‍ ദേവികയുടെ വീട്ടില്‍ എത്തുന്നത്. മുറ്റത്ത് ബൈക്ക് നിര്‍ത്തിയിറങ്ങിയ മിഥുന്‍ വാതിലില്‍ മുട്ടി. ഷാലനാണ് വാതില്‍ തുറക്കുന്നത്. വാതില്‍ തുറന്നയുടനെ മിഥുന്‍ ഷാലനെ ചവിട്ടി താഴെയിട്ട് അകത്തേക്ക് കയറി. ഈ സമയം ശബ്ദം കേട്ട് മോളിയും ദേവികയും എഴുന്നേറ്റു വന്നു. ദേവികയെ കണ്ടയുടനെ മിഥുന്‍ കൈയില്‍ കരുതിയിരുന്നു പെട്രോള്‍ പെണ്‍കുട്ടിയുടെ മേലേക്ക് ഒഴിച്ച് ലൈറ്റര്‍ കത്തിച്ച് തീകൊളുത്തുകയായിരുന്നു. ഷാലന്‍ ചാടിയെഴുന്നേറ്റ് മകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ദേവിക അപ്പോഴേക്കും തീയിലമര്‍ന്നിരുന്നു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടില്‍ വയറിലും നെഞ്ചിലുമായി ഷാലനും സാരമായി പൊള്ളലേറ്റു. മിഥുനുമേലും ഈ സമയം തീ പടര്‍ന്നിരുന്നു. ദേവിക അപ്പോള്‍ തന്നെ അകത്തെ മുറിയില്‍ കത്തി വീണു. മിഥുന്‍ പുറത്തേക്ക് ഇറങ്ങിയോടാന്‍ ശ്രമിച്ചെന്നപോലെ മുറിക്കു പുറത്താണ് വീണു കിടന്നത്. മിഥുന്‍ ദേവികയെ കത്തിക്കുമ്പോള്‍ സമീപത്ത് അമ്മ മോളിയും ഇളയ കുട്ടിയും ഉണ്ടായിരുന്നു. അവരുടെമേല്‍ തീ പടരാതിരിക്കാന്‍ ഷാലന്‍ മോളിയേയും ഇളയ കുട്ടിയേയും പിന്നിലെ വാതില്‍ തകര്‍ത്തു പുറത്തേക്ക് തള്ളിയിറക്കി. പിന്നില്‍ കൂടി മോളി ഓടി വീടിന്റെ മുന്നില്‍ എത്തിയായിരുന്നു രക്ഷിക്കണേയെന്നു പറഞ്ഞു നിലവിളിക്കുന്നത്. ഈ സമയത്ത് ഷാലനും താഴെ വീണു പോയിരുന്നു. മോളിയുടെ ശബ്ദം കേട്ട് ആദ്യം ഒന്നോ രണ്ടോപേര്‍ മാത്രമാണ് ഓടിയെത്തിയത്. കൂടുതല്‍ പേര്‍ എത്തിയപ്പോഴേക്കും ദേവിക മരിച്ചിരുന്നു. മിഥുനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിക്കുന്നത്. വയറില്‍ സാരമായി പൊള്ളലേറ്റ ഷാലന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവം കണ്ടതിന്റെ ആഘാതത്തില്‍ നിന്നും മുക്തരാകാത്ത മോളിയേയും അഞ്ചാം ക്ലാസുകാരിയായ ഇളയ കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മിഥുന്‍ വന്നത് ദേവികയെ കൊല്ലാന്‍ കരുതിക്കൂട്ടി തന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടു തരത്തിലാണ് ഈ സംഭവത്തില്‍ നാട്ടുകാര്‍ നല്‍കുന്ന വിശദീകരണം. ചുമട്ടു തൊഴിലാളിയും അയല്‍ക്കാരനുമായ അജയന്‍ പറയുന്നതിങ്ങനെയാണ്; ‘ബെക്കില്‍ ഇവിടെ എത്തിയതിനുശേഷം അവന്‍ ആദ്യം ചെയ്ത് അവന്റെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. അതു കഴിഞ്ഞാണ് വാതില്‍ മുട്ടി വിളിച്ചിട്ട് അകത്തു കയറിയത്. ആ സമയത്ത് അവന്റെ കൈയില്‍ രണ്ടു ലിറ്ററിന്റെ കുപ്പിയില്‍ വേറെയും പെട്രോള്‍ ഉണ്ടായിരുന്നു. അതാണവന്‍ കൊച്ചിന്റെ മേത്തൊഴിച്ച് കത്തിച്ചത്.’ എന്നാല്‍ സംഭവ സ്ഥലത്ത് ആദ്യമെത്തിയ ചില പൊലീസുകാര്‍ നല്‍കിയ വിവരമനുസരിച്ച്, ദേവികയെ കൊന്നിട്ട് കടന്നു കളയാന്‍ മിഥുന്‍ ശ്രമിച്ചുവെന്നും കരുതാമെന്നാണ് നജീബ് പറയുന്നത്. ‘കാരണം, മിഥുന്റെ നെറ്റിയിലായി ഒരു മുറിവ് ഉണ്ട്. അത് ഭിത്തിയിലോ മറ്റോ ഇടിച്ച് ഉണ്ടായതാണ്. ദേവികയെ കത്തിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടാകും. അപ്പോള്‍ എവിടെയോ തല ചെന്നിടിച്ചാതാകണം. പക്ഷേ, തീ പടര്‍ന്ന ശരീരവുമായി ദേവിക ഇയാളെ കയറി പിടിച്ചിട്ടുണ്ട്. ഒരുപക്ഷേ മനപൂര്‍വമായിരിക്കാം, അതല്ലെങ്കില്‍ മരണവെപ്രാളത്തില്‍ ചെയ്തതാകാം. അങ്ങനെ മിഥുന്റെ ശരീരത്തില്‍ തീപടര്‍ന്നതാകാനും സാധ്യതയുണ്ടെന്നാണ് പൊലീസുകാര്‍ പറയുന്നത്’.

രണ്ടു കുപ്പിയിലായി മിഥുന്‍ പെട്രോള്‍ കൊണ്ടു വന്നിരുന്നുവെന്നതിനു തെളിവുകള്‍ ഉണ്ട്. ക്ലബ്ബ് സോഡയുടെ രണ്ടു ലിറ്ററിന്റെ രണ്ടു കുപ്പികള്‍ ദേവികയുടെ വീടിന്റെ മുന്നില്‍ കിടപ്പുണ്ട്. ഒരു ലൈറ്ററും. മിഥുന്‍ ആദ്യം തന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷമാണ് ദേവികയുടെ മേലും പെട്രോള്‍ ഒഴിച്ചതെന്നും ഒരുമിച്ച് മരിക്കാന്‍ തന്നെയായിരിക്കണം അയാള്‍ പദ്ധതി തയ്യാറാക്കിയതെന്നുമുള്ള വാദം ശരിയായി വരാം.

ദേവികയേയും താഴെയുള്ള സഹോദരിയേയും വളര്‍ത്തിക്കൊണ്ടു വന്നതും അവരുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ ചെലവും ഉള്‍പ്പെടെ നടത്തിക്കൊണ്ടുപോയതും അമ്മ മോളിയായിരുന്നു. മക്കള്‍ രണ്ടുപേരും പഠിച്ച് ഒരു ജോലി നേടിയാല്‍ തന്റെ കഷ്ടപ്പാടുകളെല്ലാം തീരുമെന്നായിരുന്നു മോളി അയല്‍ക്കാരോടെല്ലാം എപ്പോഴും പറഞ്ഞിരുന്നത്. വീട്ടുജോലികള്‍ക്ക് പോയാണ് ആദ്യം കുടുംബം നടത്തിയിരുന്നതെങ്കില്‍ കുറച്ചു കാലമായി മോളിക്ക് കളക്ട്രേറ്റില്‍ തൂപ്പുകാരിയായി താത്കാലിക ജോലിയുണ്ട്. ഇതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു കുട്ടികളും കുടുംബവുമായി ഈ സ്ത്രീ മുന്നോട്ടു പോയിരുന്നത്. അമ്മയുടെ കഷ്ടാപ്പാടുകള്‍ മനസിലാക്കിയാണ് ദേവികയും ജീവിച്ചിരുന്നതെന്ന് അയല്‍ക്കാരായ സ്ത്രീകള്‍ പറയുന്നുണ്ട്. ഷാലന്‍ മദ്യപിച്ച് ബഹളം വയ്ക്കുന്നതും പതിവായിരുന്നു. വീട്ടില്‍ മനസമാധാനമില്ലാത്ത അവസ്ഥയാണെങ്കിലും അതൊന്നും ആ കൊച്ച് മുഖത്ത് കൊണ്ടു നടന്നിരുന്നില്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്, ഈ കുഞ്ഞിനെ എങ്ങനെ ചിരിച്ചും കളിച്ചും നടക്കാന്‍ കഴിയുന്നെന്നു ഞങ്ങള്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ടെന്ന് നസീമ എന്ന വീട്ടമ്മ സങ്കടത്തോടെ പറയുന്നു.

RECENT POSTS
Copyright © . All rights reserved