Crime

പാനീയം നല്‍കി കോഴിക്കോട് നഗരത്തില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍ഐഎ കേസെടുത്തു. വിദ്യാര്‍ഥിനിയെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അറസ്റ്റിലായ നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമിനെ റിമാന്‍ഡ് ചെയ്തു.

19 കാരനാണ് പ്രതിയായ മുഹമ്മദ് ജാസിം. കോഴിക്കോട്ടെ പ്രമുഖ പാര്‍ക്കില്‍ ലഹരി കലര്‍ന്ന പാനീയം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ജാസിം അറസ്റ്റിലായത്. തുടര്‍ന്ന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പണവും സ്വര്‍ണവും കൈക്കലാക്കി. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് മതംമാറ്റാന്‍ നിര്‍ബന്ധിച്ചുവെന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് എന്‍ഐഎ അന്വേഷണം തുടങ്ങിയത്. ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.

നഗരത്തില്‍ സി.എയ്ക്ക് പഠിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് കെണിയില്‍ കുടുക്കിയത്. പീഡനത്തിന് ശേഷം പെണ്‍കുട്ടി മാനസിക പ്രശ്നങ്ങളില്‍ അകപ്പെട്ടു. തുടര്‍ന്ന് കൗണ്‍സിലിങ്ങിന് ശേഷം തിരിച്ച് ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ജാസിം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.

മസ്‌കറ്റില്‍നിന്ന് അവധിക്കായി നാട്ടിലെത്തിയ യുവാവ് മരിച്ചനിലയില്‍. ക്ഷേത്രക്കുളത്തില്‍ നിന്നാണ് പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയത്. 35 വയസുകാരന്‍ സനേഷാണ് മരിച്ചത്. ഇന്നലെ രാത്രി 11 ഓടെയാണ് കണ്ണൂര്‍ കാഞ്ഞിരോട് തെരു ഗണപതി മണ്ഡപം കുളത്തില്‍ സനേഷിന്റെ കണ്ടത്.

ചൊവ്വാഴ്ച രാത്രി സനേഷ് വീട്ടില്‍ എത്താതാകുകയും നാട്ടുകാരും വീട്ടുകാരും തെരച്ചില്‍ നടത്തുകയുമായിരുന്നു. കണ്ണൂരില്‍ നിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മസ്‌ക്കറ്റില്‍ ജോലിയുണ്ടായിരുന്ന സനേഷ് അവധിക്ക് നാട്ടിലെത്തിയതാണ്. ഭാര്യ മസ്‌ക്കറ്റില്‍ നഴ്‌സാണ്. ഒരു മകളും ഇവര്‍ക്കുണ്ട്.

മധ്യപ്രദേശിലെ ഭോപ്പാലില്‍ പിടിയിലായ ഹണി ട്രാപ്പ് തട്ടിപ്പ് സംഘത്തില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയത് ഉന്നതരുടെ നാലായിരത്തിലധികം ദൃശ്യങ്ങള്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുമാണ് ഹണിട്രാപ്പ് സംഘം പിടിയിലാകുന്നത്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. സംസ്ഥാനത്തെ പല ഉന്നതരും ഉള്‍പ്പെടുന്ന നാലായിരത്തോളം ഫയലുകളാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ലാപ്‌ടോപ്പില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നുമായി ലഭിച്ചിരിക്കുന്നത്. യുവതികള്‍ക്കൊപ്പമുള്ള പല ഉന്നതരുടെയും നഗ്‌ന ദൃശ്യങ്ങളും , സെക്‌സ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും, ഓഡിയോ ക്ലിപ്പുകളും അടക്കമുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

Shweta Jain, Madhya Pradesh

മെമ്മറി കാര്‍ഡുകളില്‍നിന്ന് തട്ടിപ്പുസംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇതു കൂടി ലഭ്യമായാല്‍ ലഭിച്ച ഡിജിറ്റില്‍ ഫയലുകളുടെ എണ്ണം 5000 കടന്നേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എഞ്ചിനീയറായ ഹര്‍ഭജന്‍ സിംഗ് 3 കോടി രൂപ ആവശ്യപ്പെട്ട് സംഘം തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. പണം നല്‍കാനെന്ന വ്യാജേന യുവതികളെ വിളിച്ച് വരുത്തി പോലീസ് തന്ത്രപരമായി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത രണ്ട് സ്ത്രീകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവര്‍ക്ക് പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമായത്.

പെണ്‍കെണി മാഫിയയുടെ വലിയ ശൃംഖല സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. ‘ഇരകളില്‍’ സമുന്നതരായ രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും വ്യവസായികളും ഉള്‍പ്പെട്ടെന്നത് ഏവരെയും ഞെട്ടിച്ചു. ആര്‍തി ദയാല്‍ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ന്‍ (38), ശ്വേതാ സ്വപ്നിയാല്‍ ജെയ്ന്‍ (48), ബര്‍ഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണ് ഇതുവരെ പിടിയിലായത്.

ഇംഗ്ലണ്ടിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് 68 േപരിൽ നിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കാസർകോട് ആവിക്കര പൊക്കണ്ടത്തിൽ വീട്ടിൽ മാർഗരറ്റ് മേരി അലക്കോക്കിനെ (43) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ധ്യാനകേന്ദ്രങ്ങളിലെ പ്രാർഥനാ കൂട്ടായ്മകളിൽ പങ്കെടുക്കുന്നവരുടെ, കാഞ്ഞങ്ങാട്ടെ ഒരു വാട്സാപ് ഗ്രൂപ്പിലൂടെയാണു പരാതിക്കാർ പ്രതിയെ പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.

പ്രാർഥനയ്ക്കു നേതൃത്വം നൽകുന്ന ജിമ്മി, ബിജു എന്നിവരും തട്ടിപ്പിനു കൂട്ടുനിന്നു. 1.5 ലക്ഷം രൂപ മുതൽ ഏഴു ലക്ഷം രൂപ വരെ ഇവർക്കു നൽകിയവരുണ്ട്. അഞ്ചു തമിഴ്നാട്ടുകാരും വഞ്ചിക്കപ്പെട്ടവരിലുണ്ട്. മഞ്ജു എന്നാണു മാർഗരറ്റ് മേരി അപേക്ഷകരോടു പേരു പറഞ്ഞത്.

കഴിഞ്ഞദിവസം രവിപുരത്തെ വീസ അറ്റസ്റ്റേഷൻ കേന്ദ്രത്തിനു സമീപത്തെത്തി 55,000 രൂപ നേരിട്ടു കൈമാറാൻ ഇവർ അപേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. 40 പേർ തുക നൽകി. മാർഗരറ്റ് പണം വാങ്ങി, ഒരു ഓട്ടോറിക്ഷക്കാരനെ ഏൽപിച്ചു. സംശയം തോന്നിയ അപേക്ഷകർ, മാർഗരറ്റിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തുകയും പരാതി നൽകുകയുമായിരുന്നു.

കൊച്ചി ഇടപ്പള്ളി അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി വയോള റസ്‌തോഗി ആണ് മരിച്ചത്. ഡൽഹി സ്വദേശിനിയാണ്. പരീക്ഷക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ കാരണമെന്നാണ് പ്രാഥമിക വിവരം.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കോളേജിലെ സി ബ്ലോക്ക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി വയോള റസ്‌തോഗി ഒന്നാം വർഷ പരീക്ഷയിൽ രണ് വിഷയങ്ങൾക്ക് തോറ്റിരുന്നു. പിന്നീട് ഇന്ന് റിവാല്യൂവേഷൻ ഫലം പുറത്തുവന്നപ്പോഴും മാർക്കിൽ വ്യത്യാസം ഉണ്ടായില്ല. ഇതിന്റെ മനോവിഷമത്തിൽ പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു എന്നാൽ കോളേജ് മാനേജ്‌മെന്റ് നൽകുന്ന വിശദീകരണം.

സംഭവത്തിൽ ചേരാനല്ലൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പരീക്ഷക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ കാരണമെന്നും മറ്റു ദുരൂഹതയില്ലെന്നുമാണ് പൊലീസ് നൽകുന്ന വിവരം. മൃതദേഹം അമൃത ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഡൽഹിയിൽ നിന്ന് ബന്ധുക്കൾ എത്തിയ ഉടൻ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകും.

വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കാനിടയായ വാഹനാപകടമുണ്ടായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. സിബിഐ അന്വേഷിക്കമെണ ആവശ്യം സർക്കാറിന്റെ പരിഗണനയിലിരിക്കെ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിക്കുകയാണ് അച്ഛൻ കെ സി ഉണ്ണി.

കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോരാണിയിൽ ദേശീയപാതക്ക് സമീപമുള്ള മരത്തില്‍ നിയന്ത്രണം തെറ്റിയ ഇന്നോവ കാറിടച്ചാണ് മലയാളികളുടെ പ്രിയ സം​ഗീത സംവിധായകൻ ബാലഭാസ്കറും രണ്ടരവയസ്സുകാരി മകള്‍ തേസ്വനിയും വിടവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുനും സാരമായി പരിക്കേറ്റിരുന്നു.

എന്നാൽ, അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയർത്തിത്. വാഹനമോടിച്ചത് ബാലഭാസ്കറായിരുന്നുവെന്ന് അർജ്ജുനും, അല്ല അർജ്ജുനാണെന്ന് ലക്ഷമിയും മൊഴി നൽകിയതോട് ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വർണ കടത്തുകേസിൽ പ്രതികളായി. ഇതോടെ പണം തട്ടിയടുക്കാൻ ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മൂർച്ചയേറി.

ശാസ്ത്രീയ പരിശോധനക്കൊടുവിൽ അർജ്ജുന്റെ മൊഴി കളവാണെന്ന് കണ്ടെത്തി. അർജുനാണ് വാഹനമോടിച്ചതെങ്കിലും ആസൂത്രതിമായ അപകടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. എന്നാൽ ഒരു വർഷത്തിനിപ്പുറവും ഈ നിലപാട് ബാലഭാസ്കറിന്റെ ബന്ധുക്കൾ തള്ളുകയാണ്. ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണി നൽകിയ കത്തിലെ ചില സാമ്പത്തിക ആരോപണങ്ങള്‍ കൂടി ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. ഈ അന്വേഷണത്തിന് ശേഷം സിബിഐ അന്വേഷണത്തിൽ തീരുമാനമെടുക്കാമെന്ന് ഡിജിപി സർക്കാരിനെ അറിയിക്കും.

19 കാരിയെ ചതിയില്‍പ്പെടുത്തി നഗ്നവീഡിയോ എടുത്തശേഷം ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട്, തിരുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിം ആണ് പിടിയിലായത്. സംഭവത്തിന് പിന്നില്‍ വശീകരിച്ച് മതംമാറ്റുന്നവരുടെ സംഘമാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ ആരോപണം.

നഗരത്തില്‍ സി.എയ്ക്ക് പഠിക്കുന്ന മകള്‍ ഒരു കെണിയിലകപ്പെട്ടിട്ടുണ്ടെന്ന് ആദ്യമായി ഈ പിതാവ് അറിയുന്നത് ഇങ്ങനെയാണ്. മകളോട് സംസാരിച്ചപ്പോള്‍ മറുപടി ഇതായിരുന്നു: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൂട്ടുകാരികള്‍ നിര്‍ബന്ധിച്ചപ്പോള്‍ അടുത്തുള്ള പാര്‍ക്കില്‍ പോയി. അവിടെ വച്ച് കുറച്ച് ആണ്‍കുട്ടികളെ പരിചയപ്പെട്ടു. അവര്‍ തന്ന ജ്യൂസ് കഴിച്ചതോടെ ബോധരഹിതയായി. ബോധം വന്നപ്പോള്‍ പാര്‍ക്കിന് പിറകിലെ മുറിയില്‍ വസ്ത്രങ്ങളില്ലാതെ കിടക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഒരു യുവാവ് ഭീഷണിയുമായെത്തി.

ഇന്‍റര്‍നെറ്റ് വഴി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. ഗത്യന്തരമില്ലാതെ ആവശ്യപ്പെട്ടതെല്ലാം നല്‍കി. സ്വര്‍ണവും പണവും നഗ്ന ഫോട്ടോകളും നല്‍കി. വിവാഹം കഴിക്കാമെന്നായി യുവാവിന്‍റെ അടുത്ത വാഗ്ദാനം. അതിന് മതം മാറണമെന്നും നിര്‍ബന്ധിച്ചു. കെണിയില്‍പ്പെട്ടതാണെന്ന് മനസിലാക്കിയതോടെയാണ് പെണ്‍കുട്ടി പിതാവിന് മുന്നില്‍ മനസ് തുറന്നത്.

കൗണ്‍സിലിങ്ങിന് ശേഷം പുതിയ ജീവിതത്തിലേയ്ക്ക് കടക്കാമെന്ന പ്രതീക്ഷയില്‍ ആണ് പെണ്‍കുട്ടി വീണ്ടും നഗരത്തിലെത്തിയത്. തിരികെ ഹോസ്റ്റലില്‍ എത്തിയപ്പോള്‍ അവിടെ കാത്തുനിന്ന യുവാവ് കാറ് തടഞ്ഞുനിര്‍ത്തി. ഡ്രൈവറുമായി മല്‍പ്പിടുത്തത്തിലായി. ഇതിനിടയില്‍ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇതിന്‍റെ ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും മെഡിക്കല്‍ കോളജ് പൊലിസ് ആദ്യം നടപടിയെടുക്കാന്‍ മടിച്ചു. അമ്പതിലധികം പെണ്‍കുട്ടികളെ സമാന രീതിയില്‍ കെണിയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സ്വന്തം മകളുടെ ജീവിതം തെളിവായി മുന്നില്‍വച്ച് ഈ പിതാവ് വാദിക്കുന്നത്.

കൊച്ചി നഗരസഭയുടെ അഗതിമന്ദിരത്തില്‍ സ്ത്രീകള്‍ക്ക് ദേഹോപദ്രവം ഏല്‍പിച്ച കേസില്‍ പ്രതിയായ സൂപ്രണ്ട് അന്‍വര്‍ ഹുസൈന്‍ അറസ്റ്റില്‍. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ല കലക്ടര്‍ നേരത്തെ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അഗതിമന്ദിരത്തിലെ അന്തേവാസിയായ മകളെയും അമ്മയെയും ദേഹോപദ്രവമേല്‍പ്പിച്ചുവെന്നാണ് കേസ്.

ചേർത്തല സ്വദേശിയായ അമ്മയ്ക്കും മകൾക്കുമാണ് അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ മർദ്ദനമേറ്റത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകളെ, അമ്മ കുറച്ചുനാൾ മുൻപ് കൊച്ചി കോർപ്പറേഷന് കീഴിലെ അഗതിമന്ദിരത്തിൽ എത്തിച്ചിരുന്നു. അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സുപ്രണ്ട് അൻവർ ഹുസൈൻ അനധികൃതമായി സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിപ്പിക്കുന്നതായും എടിഎം കാർഡിൽ നിന്ന് പണം പിൻവലിച്ചിരുന്നതായും പരാതിയുണ്ട്. ഇതേക്കുറിച്ച് ചോദിക്കാനെത്തിയ അമ്മയേയും മകളേയും സൂപ്രണ്ട് മുറിക്കുള്ളിൽ നിന്ന് പിടിച്ചുതള്ളുകയും മർദ്ദിക്കുകയും ചെയ്തു.

ഈ മാസം പതിനാറിന് സൂപ്രണ്ടിനെതിരെ കൊച്ചി നഗരസഭ മേയർക്ക് മകൾ പരാതി നൽകിയിരുന്നു. സ്ത്രീകളെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും കെ കെ ശൈലജ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിന്റെ റിപ്പോർട്ട് നൽകാൻ പൊലീസിനോട് ജില്ലാ കളക്ടറും ആവശ്യപ്പെട്ടിരുന്നു.

ഹരിയാനയിലെ പഞ്ച്കുലയിലാണ് നടുക്കുന്ന സംഭവം. രോഗി മെഷീനിലുള്ള വിവരം ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും മറന്നുപോയെന്നാണ് വിവരം. സമയം കഴിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ എത്താത്തതിനെത്തുടര്‍ന്ന് രോഗി എംആര്‍ഐ സ്കാനിങ് മെഷീന്‍ ബെല്‍റ്റ് തകര്‍ത്ത് പുറത്തെത്തി.

തോളെല്ല് തെന്നിമാറിയതിന് പിന്നാലെയാണ് റാംഹര്‍ ലോഹന് (59) ഡോക്ടര്‍മാര്‍ എംആര്‍ഐ സ്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്നാണ് ലോഹന്‍ പഞ്ച്കുല ആശുപത്രിയിലെത്തിയത്. 10–15 മിനിട്ട് നേരം മെഷീനുള്ളില്‍ തന്നെ തുടരണമെന്നായിരുന്നു ജീവനക്കാര്‍ ലോഹനോട് പറഞ്ഞത്. 30 മിനിട്ട് കഴിഞ്ഞിട്ടും ലോഹനെ മെഷീനില്‍ നിന്ന് പുറത്തെത്തിച്ചില്ല. മെഷീനുള്ളില്‍ ചൂട് കൂടിയതിനെത്തുടര്‍ന്ന് ലോഹന് ശാരീരികാസ്വാസ്ഥ്യവും ശ്വാസം മുട്ടലും അനുഭവപ്പെടാന്‍ തുടങ്ങി.

ഉറക്കെ നിലവിളിച്ചിട്ടും ആരും വന്നില്ലെന്ന് ലോഹന്‍ പറയുന്നു. മെഷീനിരുന്ന മുറിയില്‍ ആ സമയം ആരുമുണ്ടായിരുന്നില്ല. ”ശ്വാസം കിട്ടാതായി. സ്വയം പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും മെഷീന്‍ ബെല്‍റ്റ് ഉള്ളതിനാല്‍ അതിന് കഴിഞ്ഞില്ല. ഇനിയും വൈകിയാല്‍ മരിച്ചുപോകുമെന്ന് തോന്നി. അവസാന ശ്രമമായാണ് ബെല്‍റ്റ് തകര്‍ത്തത്”- ലോഹന്‍ പറഞ്ഞു.

എന്നാല്‍ ലോഹന്റെ ആരോപണങ്ങളെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അമിത് ഖോഖര്‍ നിഷേധിച്ചു. 20 മിനിട്ട് സ്കാനിങ് ആണ് നിര്‍ദേശിച്ചിരുന്നതെന്നും അവസാന രണ്ട് മിനിട്ടില്‍ രോഗി പരിഭ്രാന്തനാകുകയായിരുന്നുവെന്നും ഖോഖര്‍ പറയുന്നു. പുറത്തുവരാന്‍ തങ്ങള്‍ സഹായിച്ചുവെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. ലോഹന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

വെസ്റ്റ് യോർക്ക്ഷെയർ :- 20 ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുകളിൽ ഒന്നായ ഹെറോയിൻ കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് ദമ്പതികളെ പാകിസ്ഥാനിൽ വച്ച് അറസ്റ്റ് ചെയ്തു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇരുപത്തിയാറുകാരനായ മുഹമ്മദ് താഹിർ അയാസിനെയും, ഭാര്യ ഇരുപതു വയസ്സുള്ള ഇക്ര ഹുസ്സൈനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലെ ഹഡർ ഫീൽഡിൽ ആണ് ഇവർ താമസിച്ചു വരുന്നത്. പാകിസ്ഥാനിലെ സിയാൽകോട്ട് ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് അറസ്റ്റ് നടന്നത്. ദമ്പതികൾ ദുബായ് വഴി യുകെയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.

അനധികൃതമായി കൈവശം വച്ച 24 കിലോയോളം ഹെറോയിൻ എയർപോർട്ട് സെക്യൂരിറ്റി ഫോഴ്സ് കണ്ടെടുത്തു. സ്ത്രീകളുടെ വസ്ത്രത്തിൽ തയ്ച്ചു സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച എമിറേറ്റ്സ് എയർലൈൻസിന്റെ ഫ്ലൈറ്റിൽ യുകെയിലേക്ക് പോകാൻ എത്തിയപ്പോഴാണ് പിടിയിലായത്. സെക്യൂരിറ്റി ഫോഴ്സ് അധികൃതർ ഹെറോയിൻ പിടിച്ചെടുക്കുകയും, ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതിനുശേഷം ആന്റി നാർക്കോട്ടിക് ഫോഴ്സ് വിഭാഗത്തിന് കൂടുതൽ ചോദ്യം ചെയ്യലിനായി ദമ്പതികളെ കൈമാറി.

പിടിച്ചെടുത്ത ഹെറോയിന് രണ്ട് മില്യൻ പൗണ്ടോളം മാർക്കറ്റിൽ വിലയുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മയക്കുമരുന്ന് കടത്തിന് വളരെ ശക്തമായ നിയമങ്ങളാണ് പാകിസ്ഥാനിൽ ഉള്ളത്. ജീവപര്യന്തമോ അല്ലെങ്കിൽ വധശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇത്. പാകിസ്ഥാൻ അധികൃതരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ബ്രിട്ടീഷ് ഫോറിൻ ഓഫീസ് അറിയിച്ചു.

Copyright © . All rights reserved