Crime

മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ.കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാ ചന്ദ്രന്‍(40) ആണ് ദുബൈ അല്‍ഖൂസിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്.ഇന്നു രാവിലെയായിരുന്നു സംഭവം.

സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവ് വിജേഷാണു കുത്തിക്കൊന്നതെന്നാണ് വിവരം. ഇരുവരും തമ്മില്‍ നേരത്തെ കുടുംബ വഴക്കുണ്ടായിരുന്നു. വിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ഓണസദ്യയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതായി പരാതി. എറണാകുളം എസ് ആര്‍ എം റോഡില്‍ വനിതകള്‍ നടത്തുന്ന കൊതിയന്‍സ് ഹോട്ടലിന് നേരെയാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാജാസ് കോളേജിലെ ഓണാഘോഷങ്ങളുടെ ഭാഗമായി 550 പേര്‍ക്കുള്ള സദ്യയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഭക്ഷണം തയ്യാറാക്കി ഹോട്ടലുകാര്‍ കോളേജില്‍ എത്തിച്ചും നല്‍കി. എന്നാല്‍ തയ്യാറാക്കി നല്‍കിയ ഭക്ഷണം തികഞ്ഞില്ല എന്നാരോപിച്ചാണ് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെത്തി അക്രമണം നടത്തിയത്. മുന്‍കൂറായി നല്‍കിയ ഇരുപതിനായിരം രൂപയും ഇവര്‍ ബലമായി കൈക്കലാക്കി.

മഹാരാജാസ് കോളേജിലെ എഎസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്. കോളേജിലേയ്ക്ക് ഭക്ഷണം കൊണ്ടുപോയ പാത്രങ്ങള്‍ തിരികെ നല്‍കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. തുടര്‍ന്ന് ഹോട്ടലുടമ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഏഴ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.

കര്‍ണാടത്തിലെ കകതി ഗ്രാമത്തിലെ സിദ്ധേശ്വര നഗറില്‍ പബ്ജി കളിക്കുന്നത് തടഞ്ഞ പിതാവിനെ 21 കാരനായ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. പൊളീടെക്കനിക് വിദ്യാര്‍ത്ഥിയായ രഘുവീര്‍ കുമ്പാറയാണ് സ്വന്തം പിതവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് സംഭവം.

യുവാവ് അമിതമായി ഫോൺ ഉപയോഗിക്കുന്നത് പലപ്പോഴായി മാതാപിതാക്കൾ വിലക്കിയിരുന്നു. ഇതിനിടെ ഞയറാഴ്ച വൈകിട്ട് പബ്ജി കളിക്കുന്നതിനായി രഘുവീർ മുൻ ആർമി ഉദ്യോഗസ്ഥനായ പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിതാവ് പണം നൽകിയില്ല. ഇതോടെ രഘുവീർ അയൽവാസിയുടെ വീടിന്റെ ജനാല ചില്ലുകൾ എറിഞ്ഞു തകർക്കുകയും രഘുവീറിനെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

പിന്നീട് പിതാവ് ശങ്കർ സ്റ്റേഷനിലെത്തി മകനെ ഇറക്കി. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും രഘുവീർ മൊബൈലിൽ പബ്ജി കളിക്കുന്നത് കണ്ടതോടെ ശങ്കർ ഫോൺ പിടിച്ചു വങ്ങുകയും ശാസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി ഉറങ്ങിക്കിടന്ന പിതാവിനെ രഘുവീര്‍ അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ് കഴുത്ത് മുറിഞ്ഞ ശങ്കറിന്‍റെ കാലുകളും രഘുവീര്‍ ഛേദിച്ചു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പിതാവിന്‍റെ ശരീരം മുഴുവനായും വെട്ടിമുറിച്ച ശേഷം വരാമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് രഘുവീറിനെ അറസ്റ്റ് ചെയ്തു.

ജോസഫ് സിനിമ മോഡൽ കൊലപാതകമായിരുന്നു തന്റെ മകന്റേതെന്ന് ആരോപിച്ച് പിതാവ് രംഗത്ത്. പരുമ്പടപ്പ് ബ്‌ളോക്ക് ഓഫീസിനു സമീപം 2016 നവംബര്‍ 19ന് രാത്രി 11.30 ന് സ്‌കൂട്ടര്‍ അപകടത്തിൽ മരിച്ച നജീബുദ്ദീന്റെ മരണമാണ് കൊലപാതകമെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയിരിക്കുന്നത്.അവിയൂര്‍ മൂത്തേടത്ത് ഉസ്മാനാണ് മകന്‍ നജീബുദ്ദീന്റെ മരണം ‘ജോസഫ്’ സിനിമ മോഡലില്‍ നടത്തിയ കൊലപാതകമാണെന്നു ആരോപിച്ച് മുഖ്യമന്ത്രി, പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വൈദ്യുതി കാലില്‍ ഇടിച്ചാണ് അപകടം എന്നാണ് പോലീസ് റിപ്പോര്‍ട്ട്. നജീബുദ്ദീന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പൊരുത്തക്കേട് തോന്നി കഴിഞ്ഞ രണ്ട് വര്‍ഷമായി ഉസ്മാന്‍ നടത്തിയ അന്വേഷണത്തില്‍ ശേഖരിച്ച രേഖകളും ചിത്രങ്ങളും കൊലപാതകത്തിന്റെ സൂചനകളാണെന്നു കാട്ടിയാണ് ഉസ്മാന്‍ പരാതി നല്‍കിയിരിക്കുന്നത്.

പാലപ്പെട്ടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നജീബുദ്ദീന്‍(16),കൂട്ടുകാരന്‍ വന്നേരി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വന്നേരി കോരുവളപ്പില്‍ ഹനീഫയുടെ മകന്‍ വാഹിദ് എന്നിവരായിരുന്നു മരിച്ചത്.അപകടത്തെ തുടര്‍ന്ന് വാഹിദ് സംഭവസ്ഥലത്തും നജീബുദ്ദീന്‍ മൂന്നാം ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. വന്നേരി സ്‌കൂള്‍ മൈതാനത്ത് നടന്നിരുന്ന അണ്ടര്‍ 18 ഫ്‌ളഡ്‌ലിറ്റ് ഫുഡ്‌ബോള്‍ മേള കാണാനാണ് ഇരുവരും പോയത്.പിന്‍ സീറ്റിലിരുന്ന നജീബുദ്ദീന് കാര്യമായ പരിക്കില്ലെന്നും രണ്ട് ദിവസത്തിനകം സാധാരണഗതിയിലാവുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെങ്കിലും മരണദിവസം അര്‍ധരാത്രി വേറെ രണ്ട് ഡോക്ടര്‍മാര്‍ എത്തിയെന്നും ഒന്നരമണിക്കൂറിനകം കുട്ടി മരിച്ചുവെന്ന് അറിയിക്കുകയായിരുന്നുവെന്നും ഉസ്മാന്‍ പറയുന്നു.

അപകടസമയത്ത് ശരീരത്തിലില്ലാത്ത മുറിവുകള്‍ പിന്നീട് ശരീരത്തില്‍ കണ്ടതായി നജീബുദ്ദീന്റെ പോസ്റ്റ്‌മോര്‍ട്ട സമയത്തെടുത്ത ഫോട്ടോകളില്‍ വ്യക്തമായിരുന്നെന്നും കഴുത്ത്,വയറിന്റെ ഇടതു,വലതു വശങ്ങള്‍ ഉള്‍പ്പെടെ എട്ടിടത്ത് ശസ്ത്രക്രിയ ചെയ്തതായി കാണുന്നുണ്ടെന്നും ഉസ്മാന്‍ പറഞ്ഞു. ഈ കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ കാണിക്കുന്നില്ല. അപകടസ്ഥലത്തുനിന്ന് ആരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചതെന്നും തെളിവുകള്‍ ഇല്ല.

അപകട ദിവസം സ്വകാര്യ ആവശ്യത്തിനായി തിരുവനന്തപുരത്തുപോയ തന്റെ പേരില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതില്‍ ദുരൂഹതയുണ്ടെന്നും പിതാവ് ആരോപിച്ചു. നജീബുദ്ദീന്റെ ഇരുകൈകളിലും കഴുത്തിലും കെട്ട് മുറുക്കിയ തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടായിരുന്നതായും പറയുന്നു. മറ്റെവിടെയോ വെച്ച് അപകടം നടത്തി വന്നേരി സ്റ്റേഷനു സമീപം അപകടം നടന്നതായി നാടകം കളിക്കുകയായിരുന്നെന്നും ഉസ്മാന്‍ പറയുന്നു. അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ ഉടനെ കഴുകിയതായും ആരോപണമുണ്ട്.

ജാര്‍ഖണ്ഡില്‍ സൈനികന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബന്ദാര പോലീസ് സ്റ്റേഷന് സമീപത്തുള്ള ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനുശേഷം ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയതാകാമെന്ന് കരുതുന്നു. ജാര്‍ഖണ്ഡിലെ ലോഹര്‍ദഗ്ഗയിലാണ് സംഭവം.

ശനിയാഴ്ച വൈകീട്ട് യുവതിയെ കാണാനായി മൂന്നുപേര്‍ എത്തിയിരുന്നതായി ഗ്രാമവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി. സ്ത്രീയെ കാണാനെത്തിയത് ആരൊക്കെയാണെന്ന് കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഹിമാചല്‍ പ്രദേശിലാണ് കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്.

ഷാര്‍ജയിലെ മലയാളി വിദ്യാര്‍ത്ഥി തൃശൂര്‍ സ്വദേശി നീല്‍ പുരുഷ് കുമാര്‍ (29) യുഎസില്‍ വെടിയേറ്റ് മരിച്ച സംഭവം കേസ് ഗ്രാന്റ് ജൂറിക്ക്. സംഭവത്തില്‍ ലിയോണ്‍ ടെറല്‍ ഫ്‌ളവേഴ്‌സ്(23) എന്ന യുവാവാണ് അറസ്റ്റിലായത്. കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പ്രതിയുടെ പേരില്‍ കേസെടുത്തിരുന്നു. എന്നാണ് കേസ് ഇനി പരിഗണിക്കുക എന്ന കാര്യം വ്യക്തമല്ല. മകന്റെ മരണത്തില്‍ നീതിവേണമെന്ന് നീലിന്റെ പിതാവ് പുരുഷ് കുമാര്‍ പ്രതികരിച്ചു.

പ്രതി ലിയോണ്‍ ടെറല്‍ ഫ്‌ളവേഴ്‌സിനെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നും കേസ് ഗ്രാന്‍ഡ് ജൂറിയ്ക്ക് വിടുകയാണെന്നും പിക് കണ്‍ട്രി ജഡ്ജ് സ്റ്റീവന്‍ കര്‍ടിസ് പറഞ്ഞു. ലിയോണ്‍ സംഭവ സമയത്തോട് അടുപ്പിച്ച് ഗാരേജിലേക്ക് കയറി പോകുന്നതിന്റെയും പണം ആവശ്യപ്പെടുന്നതിന്റെയും വിഡിയോ ഉണ്ടെന്നും നീല്‍കുമാറിനെ ക്ലോസ് റേഞ്ചില്‍ വച്ച് വെടിവയ്ക്കുകയുമായിരുന്നുവെന്നും ബ്രന്‍ഡിഡ്ജ് പോലീസ് കോടതിയെ അറിയിച്ചു.

ട്രോയ് യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന നീല്‍ പുരുഷ് കുമാര്‍. ബ്രന്‍ഡിഡ്ജിലെ അലബാമയില്‍ ഒരു ഗ്യാസ് സ്റ്റേഷനില്‍ മാനേജരായി പാര്‍ട് ടൈം ജോലി ചെയ്തു വരികയായിരുന്നു നീല്‍. ജൂലൈ 24-ന് രാവിലെ ഏഴുമണിക്ക് കടയിലെത്തിയ അക്രമി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍ നിന്നു പണം കവര്‍ന്നശേഷം വെടിയുതിര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് പോലീസ് പറയുന്നത്. പണമെടുക്കുമ്പോള്‍ നീല്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതിരുന്നിട്ടും കൊലപ്പെടുത്തുകയായിരുന്നു.

മുംബയ് കൊളാബയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഏഴാം നിലയിലെ ഫ്‌ളാറ്റില്‍ നിന്ന് ഒരാള്‍ തന്റെ സുഹൃത്തിന്റെ മൂന്ന് വയസുള്ള മകളെ താഴേയ്ക്ക് എറിഞ്ഞുകൊന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40ലധികം പ്രായമുള്ള അനില്‍ ചുഗാനി എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ഇന്നലെ വൈകീട്ട് 7.30ഓടെയാണ് സംഭവം. അന്വേഷണം നടന്നുവരുകയാണ് എന്ന് പൊലീസ് അറിയിച്ചു. കൃത്യം ചെയ്യാനുള്ള പ്രേരണ വ്യക്തമല്ല. ഷനായ് ഹാതിരാമണി
എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഷനായയുടെ പിതാവ് ബിസിനസുകാരനായ പ്രേം ഹാതിരാമണിയുടെ സുഹൃത്താണ് അനില്‍ ചുഗായ്.

കൊളാബയിലെ റേഡിയോ ക്ലബിന് സമീപമുള്ള അശോക അപ്പാര്‍ട്ട്‌മെന്റിലെ എ ബ്ലോക്കിലാണ് സംഭവം നടന്നത്. കുട്ടിയെ തന്റെ ഫ്‌ളാറ്റിലേയ്ക്ക് കളിക്കാനായി വിടാന്‍ പ്രേമിനോട് അനില്‍ ആവശ്യപ്പെടുകയായിരുന്നു. ബെഡ്‌റൂമിലെ ജനല്‍ വഴിയാണ് കുട്ടിയെ താഴേയ്‌ക്കെറിഞ്ഞത്. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേയ്ക്കാണ് കുട്ടി വീണത്.

കൊല്ലം അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍‌ പോസ്്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.അഞ്ചല്‍ പൊടിയാട്ടുവിളയില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന ജയന്റെയും ഭാര്യ രേഖയുടെയും മൃതദേഹം കിടപ്പുമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെ വീടിനുള്ളില്‍ നിന്നു രേഖയുടെ നിലവിളി കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു.

പലതവണ വിളിച്ചിട്ടും കതക് തുറക്കാഞ്ഞതോടെ നാട്ടുകാര്‍ കതകു തകര്‍ത്ത് വീടിനുള്ളില്‍ കയറി. തലയില്‍ നിന്നു ചോരവാര്‍ന്ന നിലയിലായിരുന്നു രേഖ. ജയന്‍ അബോധാവസ്ഥയിലും. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ വിവാഹത്തില്‍ രേഖയ്ക്ക് രണ്ടു കുട്ടികളുണ്ട്.

കടപ്പുറത്ത് തലയില്ലാത്ത അഴുകിയ ജഡം കരയ്ക്കടിഞ്ഞു.തൃശൂര്‍ ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്താണ് സംഭവം.. പുലര്‍ച്ചെ 6.30 ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. തലയ്ക്കു പുറമെ ഒരു കാലിന്റെ പാദവും നഷ്ടപ്പെട്ടിട്ടുണ്ട്.

മൃതദേഹം അഴുകിയതിനാല്‍ സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. മുനക്കക്കടവ് തീരദേശ പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

വാഷിങ്ടണ്‍: അമേരിക്കയിലെ ഷെറിൻ മാത്യു കൊലക്കേസിൽ പുനർവിചാരണ വേണമെന്ന വളർത്തച്ഛൻ വെസ്‍ലി മാത്യൂസിന്‍റെ അപ്പീൽ കോടതി തള്ളി. അമേരിക്കൻ മലയാളിയായ വെസ്‍ലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇക്കഴിഞ്ഞ ജൂണിലാണ് ഡാലസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ജൂണിൽ നടന്ന വിചാരണയിൽ കുട്ടിയുടെ മൃതദേഹത്തിന്‍റെ ഫോട്ടോകൾ തെറ്റിദ്ധാരണയുണ്ടാക്കും വിധം പ്രോസിക്യൂഷൻ ഉപയോഗിച്ചു എന്നായിരുന്നു അപ്പീലിലെ വാദം. ഇത് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ഇതിനെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് വെസ്‍ലിയുടെ അഭിഭാഷകരുടെ നീക്കം. 2017 ഒക്ടോബറിലാണ് കുട്ടിയെ ഡാലസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

RECENT POSTS
Copyright © . All rights reserved