കോട്ടയം: ആർപ്പൂക്കരയിൽ പാടത്ത് മനുഷ്യശരീരഭാഗങ്ങള്‍ ബക്കറ്റിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇവ പാടത്ത് തള്ളിയ അമയന്നൂര്‍ താഴത്ത് സുനില്‍കുമാര്‍ (34), പെരുമ്ബായിക്കാട് ചിലമ്ബിട്ടശ്ശേരി ക്രിസ് മോന്‍ ജോസഫ് (38) എന്നിവരെ അറസ്റ്റുചെയ്തു. ഗാന്ധിനഗര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍, മൃതദേഹം എംബാംചെയ്തശേഷം സ്വകാര്യ ആശുപത്രിയില്‍നിന്ന് സംസ്കരിക്കാന്‍ നല്‍കിയ ഉദരഭാഗങ്ങളാണിതെന്ന് കണ്ടെത്തി. ശരീരാവശിഷ്ടം കളയുവാന്‍ ഇവര്‍ ഉപയോഗിച്ച ആംബുലന്‍സും പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ പശുവിനെ കെട്ടാന്‍ പോയവരാണ് പ്ലാസ്റ്റര്‍ ഒട്ടിച്ചനിലയില്‍ ബക്കറ്റ് കിടക്കുന്നതുകണ്ടത്. ദുരൂഹത തോന്നിയതിനെത്തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. മനുഷ്യശരീര ഭാഗങ്ങളാണെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗത്തെ അറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യന്റെ വന്‍കുടല്‍, ചെറുകുടല്‍, കരള്‍, പിത്താശയം, വൃക്കകള്‍ എന്നിവയാണ് ബക്കറ്റിലുള്ളതെന്ന് കണ്ടെത്തിയത്.
ശരീരഭാഗത്തിനൊപ്പമുണ്ടായിരുന്ന ആശുപത്രി ഉപകരണത്തിന്റെ മേല്‍വിലാസത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. കോട്ടയം കളത്തിപ്പടിയിലെ ആശുപത്രിയില്‍ മരിച്ച എണ്‍പതുവയസ്സുള്ള രോഗിയുടെ മൃതദേഹഭാഗമാണ് ആര്‍പ്പൂക്കരയില്‍ തള്ളിയത്. ശനിയാഴ്ച രാത്രിയിലാണ് ഇതുചെയ്തത്.
ഇരുമ്പുകമ്പി വൈദ്യുതലൈനിൽ തട്ടി അഞ്ചു വിദ്യാർഥികൾ ഷോക്കേറ്റു മരിച്ചു. കർണാടകയിലെ കൊപ്പൽ ടൗണിലുള്ള ദേവരാജ് അരസ് റസിഡൻഷൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ മല്ലികാർജുൻ(15), ബസവരാജ്(15), ഒൻപതാംക്ലാസ് വിദ്യാർഥികളായ ദേവരാജ്(14), കുമാർ(14), എട്ടാംക്ലാസ് വിദ്യാർഥി ഗണേശ്(13) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു ദുര ന്തം. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താനായി സ്ഥാപിച്ച 15 അടി ഉയരമുള്ള ഇരുന്പുകന്പി ബോയ്സ് ഹോസ്റ്റലിന്റെ ഒന്നാംനിലയിലെ ടെറസിൽ നിന്നുകൊണ്ട് മാറ്റുന്നതിനിടെ സമീപത്തെ 11 കെവി ലൈനിൽ തട്ടിയായിരുന്നു അപകടം. മണ്ണു നിറച്ച വീപ്പയ്ക്കുള്ളിലാണ് തൂൺ സ്ഥാപിച്ചിരുന്നത്. രണ്ടു വിദ്യാർഥികൾ ചേർന്നാണ് ഇതു നീക്കിയത്. തൂൺ ഉയർത്തുന്നതിനിടെയാണു വൈദ്യുതലൈനിൽ തട്ടിയത്. മൂന്നുപേർ രക്ഷിക്കാനെത്തിയതായിരുന്നു.
ചങ്ങനാശേരി ∙ മകൾ ഓടിച്ച സ്കൂട്ടറിന്റെ പിന്നിൽ യാത്ര ചെയ്ത അമ്മ കാർ ഇടിച്ചു മരിച്ചു. അപകടത്തിൽ മകൾക്കു ഗുരുതരമായി പരുക്കേറ്റു. ചങ്ങനാശേരി ബൈപാസ് റോഡിൽ മോർക്കുളങ്ങരയ്ക്കു സമീപം 15നു രാത്രി 7.30നായിരുന്നു അപകടം. ചങ്ങനാശേരി കാക്കാംതോട് മാമ്പറമ്പിൽ പരേതനായ സുരേന്ദ്രന്റെയും ഓമനയുടെയും മകളും കൊടുങ്ങൂർ ഇളമ്പള്ളി കോട്ടേപ്പറമ്പിൽ ബൈജുവിന്റെ ഭാര്യയുമായ ശോഭന (56) ആണു മരിച്ചത്.
സ്‌കൂട്ടർ ഓടിച്ചിരുന്ന മകൾ ഗീതു(27)വിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം നിർത്താതെ പോയ കാർ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തി.അസംപ്ഷൻ കോളജ് ഹോസ്റ്റലിനു സമീപം വാടകവീട്ടിലാണു ഗീതുവും കുടുംബവും കഴിഞ്ഞിരുന്നത്. കാലാവധി കഴിഞ്ഞതിനാൽ മറ്റൊരു വാടകവീട് അന്വേഷിക്കുന്നതിനു വേണ്ടി പോകുമ്പോഴായിരുന്നു അപകടം.
പാലത്രച്ചിറ ഭാഗത്തു നിന്നെത്തിയ കാർ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. റോഡിലേക്കു വീണ ഇരുവരെയും സമീപവാസിയായ സതീശ് വലിയവീടന്റെ വാഹനത്തിൽ കയറ്റി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശോഭനയെ രക്ഷിക്കാനായില്ല. അസംപ്ഷൻ കോളജ് വിമല ഹോസ്റ്റലിലെ ജീവനക്കാരിയാണു ശോഭന. എസ്ബി കോളജിനു സമീപമുള്ള ബേക്കറിയിലെ ജീവനക്കാരിയാണു ഗീതു. ശോഭനയുടെ സംസ്കാരം ഇന്നു 3നു കൊടുങ്ങൂരിലെ വീട്ടുവളപ്പിൽ. മക്കൾ: ഗീതു, നീതു. മരുമക്കൾ: ജസ്റ്റിൻ, രാഹുൽ. പൊലീസ് കേസെടുത്തു.
ഭൂമി ഡേറ്റാ ബാങ്കിൽ നിന്നു മാറ്റുന്നതിനായി കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ചങ്ങനാശേരി കൃഷി ഫീൽഡ് ഓഫിസർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. കൊല്ലം ആലുംമൂട് മണ്ഡലം ജംക്‌ഷനിൽ തിരുവോണം വീട്ടിൽ വസന്തകുമാരിയെ ആണു വിജിലൻസ് ഡിവൈഎസ്പി എൻ.രാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ തുകയ്ക്കു പുറമേ കണക്കിൽപെടാത്ത 55,000 രൂപയും ഇവരുടെ പക്കൽ നിന്നു വിജിലൻസ് സംഘം പിടിച്ചെടുത്തു. 3 ഫോണുകളും 5 സിം കാർഡുകളും ഇവരുടെ ബാഗിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.
ചങ്ങനാശേരി സ്വദേശിയുടെ ഭൂമി കൃഷിഭൂമിയായാണു രേഖകളിലുള്ളത്. ഇതു കരഭൂമിയാക്കി മാറ്റി നൽകണമെന്ന ആവശ്യവുമായി കൃഷി ഓഫിസിൽ എത്തിയപ്പോൾ ഭൂമി രേഖകളിൽ മാറ്റി നൽകുന്നതിനായി 2 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നു വസന്തകുമാരി ആവശ്യപ്പെട്ടുവെന്നാണു പരാതി. എന്നാൽ, പണം നൽകാൻ സ്ഥലം ഉടമ വിസമ്മതിച്ചതോടെ 50,000 രൂപ തന്നാൽ മതിയെന്നായി. അതു തന്നെ രണ്ടു ഗഡുക്കളായി നൽകിയാൽ മതിയെന്നും പറഞ്ഞുവത്രേ. തുടർന്നാണു സ്ഥലം ഉടമ പരാതിയുമായി വിജിലൻസ് ഉദ്യോഗസ്ഥരെ സമീപിച്ചത്.
വിജിലൻസ് സംഘം നൽകിയ ഫിനോഫ്തലിൻ പൗഡർ ഇട്ട നോട്ടുകളുമായി ഇന്നലെ എത്തിയ സ്ഥലം ഉടമയുടെ ബന്ധു ഫോണിൽ ബന്ധപ്പെട്ടപ്പോള്‍, ‘ഓഫിസിലേക്കു വരേണ്ട, മറ്റു ജീവനക്കാർ കാണും’ എന്നു വസന്തകുമാരി പറഞ്ഞു. ഒന്നാം നിലയിലെ ഓഫിസിൽ നിന്നു താഴത്തെ നിലയിലേക്കുള്ള പടികൾ ഇറങ്ങിവന്ന് വസന്തകുമാരി 25,000 രൂപ കൈപ്പറ്റുകയായിരുന്നു. ഉടൻ തന്നെ സമീപത്തു കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ വസന്തകുമാരിയെ പിടികൂടി. തുടർന്ന് കൃഷി ഓഫിസിൽ നടത്തിയ പരിശോധനയിൽ ഫയലുകളിൽ വ്യാപകമായ കൃത്രിമം കണ്ടെത്തി.
നേരത്തേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വസന്തകുമാരിക്കെതിരെ വകുപ്പുതല നടപടിക്കു വിജിലൻസ് ശുപാർശ നിലനിൽക്കെയാണു കൈക്കൂലിക്കേസിൽ പിടിയിലായത്. ടാക്സ് ഓഫിസർ സി.ബിജുകുമാർ, ഇക്കണോമിക്സ് റിസർച് ഓഫിസർ അഭിലാഷ് കെ.ദിവാകർ, വിജിലൻസ് ഡിവൈഎസ്പി മനോജ് കുമാർ, വിജിലൻസ് സിഐമാരായ വി.നിഷാദ് മോൻ, റിജോ പി.ജോസഫ്, എസ്.ബിനോജ്, എസ്ഐമാരായ കെ.സന്തോഷ്, വിൻസന്റ് കെ.മാത്യു, ഉദ്യോഗസ്ഥരായ തോമസ് ജോസഫ്, അനിൽ കുമാർ, അജിത് ശങ്കർ, പ്രദീപ്, കെ.ഒ.വിനോദ്, സന്തോഷ് കുമാർ, തുളസീധരക്കുറുപ്പ്, ജിജുമോൻ, കെ.എൻ.സാജൻ, ലേഖാകുമാരി, കെ.കെ.ഷീന, സി.എസ്.തോമസ്, ബിജു, ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ ഇന്നു കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വസന്തകുമാരി സഹായത്തിനായി ചെത്തിപ്പുഴയിലുള്ള ഒരു സ്ത്രീയെ കൃഷി ഓഫിസില്‍ നിയമിച്ചിരുന്നു. ഇവര്‍ക്കുള്ള ശമ്പളം സ്വന്തം നിലയ്ക്കാണു നല്‍കിയിരുന്നത്. വിജിലന്‍സ് സംഘം എത്തുമ്പോള്‍ ഇവരും ഓഫിസില്‍ ഉണ്ടായിരുന്നു. ഈ സ്ത്രീയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൃഷി ഓഫിസിലെ ഫയലുകള്‍ കണ്ടെത്തി.
അനധികൃതമായി കണ്ടെത്തിയ പണം മകന്റെ കോളജ് ഫീസടയ്ക്കുന്നതിനു വേണ്ടിയാണ് ഓഫിസിൽ സൂക്ഷിച്ചിരുന്നതെന്നാണു വസന്തകുമാരി നല്‍കിയ വിശദീകരണം. ചില ഫയലുകൾ ഷെൽഫിൽ നിന്നു മാറ്റി പ്രത്യേകം സൂക്ഷിച്ചിരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
മാസങ്ങൾക്കു മുൻപു നഗരസഭാ കൗൺസിൽ യോഗത്തിൽ പതിവായി ഹാജരാകാതിരുന്നതിനെക്കുറിച്ചു വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ വസന്തകുമാരി കൗണ്‍സില്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയതു വാര്‍ത്തയായിരുന്നു. നേരത്തേയും രേഖകള്‍ ശരിയാക്കുന്നതിനു വസന്തകുമാരി പണം ആവശ്യപ്പെട്ടെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശവും പ്രചരിച്ചിരുന്നു.
ബേക്കറി നടത്തുന്ന ആളാണെന്നാണു സ്ഥലം ഉടമ വസന്തകുമാരിയോടു പറഞ്ഞിരുന്നത്. ഇതോടെ കൈക്കൂലിയുടെ ആദ്യഗഡു കൈമാറാന്‍ വരുമ്പോള്‍ പണത്തിനൊപ്പം 2 പാക്കറ്റ് റസ്ക് കൂടി കൊണ്ടുവരണമെന്നു വസന്തകുമാരി സ്ഥലം ഉടമയോട് ആവശ്യപ്പെട്ടു. സ്ഥലം ഉടമയുടെ ബന്ധു പണത്തിനു പുറമേ റസ്കുമായാണ് എത്തിയത്.
ഏഴു മാസം ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ടു ഭർത്താവിനെയും ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന വീട്ടമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. എരിമയൂർ മരുതക്കോട് ബിജു (28), എരിമയൂർ മാരാക്കാവ് പുത്തൻവീട്ടിൽ മനോശാന്തി (40) എന്നിവരെയാണ് ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യ, സിഐ ബോബിൻ മാത്യു, എസ്ഐ എം.ആർ അരുൺകുമാർ എന്നിവർ തിരുപ്പൂരിൽവച്ച് അറസ്റ്റ് ചെയ്തത്.
മേയ് 29നു പുലർച്ചെയാണു ബിജുവിന്റെ ഭാര്യ പനയൂർ അത്തിക്കോട് ചന്ദ്രന്റെ മകൾ ഐശ്വര്യ (20) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കെട്ടിട നിർമാണത്തൊഴിലാളിയായ ഭർത്താവ് ബിജുവും കൂടെ പണിചെയ്തിരുന്ന മനോശാന്തിയും തമ്മിലുള്ള അടുപ്പമാണ് ഐശ്വര്യ മരിക്കാൻ കാരണമായതെന്നു ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിരുന്നു. 28നു ബിജുവും മനോശാന്തിയും നാടുവിട്ടതാണ്. ഇരുവരെയും കാണ്മാനില്ലെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു വർഷം മുൻപാണു ബിജുവും ഐശ്വര്യയും വിവാഹിതരായത്. പതിനായിരം രൂപയും 8 പവന്റെ സ്വർണവും സ്ത്രീധനമായി നൽകിയിരുന്നു. ഇതു പോരെന്നു പറഞ്ഞു നിരന്തരമായി ഐശ്വര്യയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
സ്ത്രീധന പീഡനം, ഭാര്യാ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളിലാണു ബിജുവിനെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ മനോശാന്തിയും ഐശ്വര്യയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ടത്ര. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഇവർക്കെതിരെ കേസ്. രണ്ടു പേരെയും ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.
കേരളത്തില്‍നിന്ന് കാണാതായ ജര്‍മ്മന്‍ യുവതി ലിസ വെയ്സിന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നതിനായി കേരള പൊലീസ് സ്വീഡനിലേക്ക്. ലിസയുടെ ബന്ധുക്കളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി കൂടുതൽ വിവര ശേഖരിക്കാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജർമ്മൻ കോൺസുലേറ്റിന് കത്തയച്ചിരുന്നെങ്കിലും മറുപടി കിട്ടിയിട്ടില്ല. അലി മുഹമ്മദിൽ നിന്ന് കാര്യങ്ങൾ അറിയാനായി ചോദ്യാവലി തയ്യാറാക്കി ഇന്‍റപോളിന് കൈമാറിയിരുന്നു. ഇന്‍റപോളിൽ നിന്നും മറുപടി കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം സ്വീഡനിലേക്ക് പോകുന്നത്.
മാർച്ച് ഏഴിനാണ് സുഹൃത്തായ അലി മുഹമ്മദിനൊപ്പം ലിസ വെയ്സ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. കേരളത്തിലെത്തി ഒരാഴ്ചയ്ക്കകം അലി മുഹമ്മദ് മടങ്ങി. എന്നാൽ ലിസയെ കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ല. ലിസയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ ലിസയെ കുറിച്ച് ഒരു തുമ്പും ഇതുവരെയും കിട്ടിയിട്ടില്ല. വർക്കലയിലെ ഒരു ഹോട്ടലിൽ ലിസ മൂന്ന് ദിവസം തങ്ങിയതായി കണ്ടെത്തിയിരുന്നു.
എന്നാൽ കേരളത്തിൽ ലിസ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ സംബന്ധിച്ച വിവരങ്ങളൊന്നും ശേഖരിക്കാനായില്ല. ഇസ്ലാംമതം സ്വീകരിച്ച ശേഷം ലിസ ജർമ്മനിയിൽ നിന്നും സ്വീഡനിലേക്ക് താമസം മാറിയിരുന്നു. യുകെ പൗരനായ അലിമുഹമ്മദും സ്വീഡനിലാണ്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഷീൻ തറയിലിനെയും ശംഖുമുംഖം എഎസ്പി ഇളങ്കോയെയും സ്വീഡനിലേക്ക് അയക്കാൻ ഡിജിപി സർക്കാരിനോട് അനുമതി തേടി. ലിസ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളം വഴി മടങ്ങിയതായി രേഖകളില്ല. ആത്മീയ, മതപഠന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ച് നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദേവാലയത്തിന്‍റെ മറവില്‍ പീഡിപ്പിച്ച കത്തോലിക്കാ വൈദികനെ 45 വര്‍ഷം തടവ് വിധിച്ച്കോടതി. വൈദിക വേഷമണിഞ്ഞ് ചെകുത്താനായാണ് വൈദികന്‍ പെരുമാറിയതെന്ന് നിരീക്ഷണത്തോടെയാണ് വിധി. വാഷിംങ്ടണിലെ കൊളബിയ കോടതിയില്‍ വ്യാഴാഴ്ചയാണ് സംഭവം.
അള്‍ത്താര ബാലികമാരെയാണ് വൈദികന്‍ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയത്. ഉര്‍ബനോ വാസ്ക്വസ് എന്ന നാല്‍പ്പത്തിയേഴുകാരന്‍ വൈദികനെയാണ് 45 വര്‍ഷത്തെ തടവിന് വിധിച്ചത്. 2015-16 കാലഘട്ടത്തിലാണ് ഒമ്പത് വയസ്സുമുതല്‍ പതിമൂന്ന് വയസ്സുവരെയുള്ള അള്‍ത്താര ബാലികമാരെ ഇയാള്‍ പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന വൈദികന്‍റെ ഭീഷണി അവഗണിച്ച രണ്ട് പെണ്‍കുട്ടികളാണ് പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചത്.
യേശുവിനേപ്പോലെയായിരുന്നു വൈദികന്‍റെ പെരുമാറ്റം. രക്ഷിതാക്കള്‍ക്ക് വൈദികനെ വലിയ വിശ്വാസമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. ഒമ്പത് ദിവസം നീണ്ട വിചാരണയില്‍ പെണ്‍കുട്ടികള്‍ വൈദികനെതിരെ മൊഴി നല്‍കി.
പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പീഡനമെന്നും കോടതി നിരീക്ഷിച്ചു. ആരോപണം ഉയര്‍ന്നതോടെ വൈദികന്‍റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളേയും ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. തന്‍റെ ഇളയ സഹോദരന്‍ മുറിയ്ക്ക് വെളിയില്‍ നില്‍ക്കുമ്പോള്‍ പോലും വൈദികന്‍ പീഡിപ്പിക്കാന്‍ വൈദികന്‍ മടി കാണിച്ചില്ലെന്ന പരാതിക്കാരിയില്‍ ഒരാളുടെ പരാമര്‍ശം അതീവ ഗുരുതരമാണെന്നും കോടതി കണ്ടെത്തി.
മറ്റ് വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വച്ച് വൈദികന്‍ പെണ്‍കുട്ടികളെ ദുരുപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. 2014ലാണ് ഇയാള്‍ കൊളബിയയിലെ ഈ ദേവാലയത്തിലേക്ക് നിയമിതനായത്.
വൈദികനെതിരായ ആരോപണങ്ങള്‍ക്ക് നേരെ കണ്ണടച്ച സഭാ അധികൃതര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. വൈദികനെ പിന്തുണച്ച് വിശ്വാസികളുടെ വന്‍ സമൂഹമാണ് വിധി കേള്‍ക്കാള്‍ കോടതിക്ക് പുറത്ത് തടിച്ച് കൂടിയത്. കോടതി വിധിയില്‍ ഖേദമുണ്ടെന്ന് ഇവര്‍ പ്രതികരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചുവെന്നാണ് ചില വിശ്വാസികള്‍ പ്രതികരിച്ചത്.
മലേഷ്യയിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ കൗമാരക്കാരിയുടെ മൃതദേഹം കാട്ടിൽ കണ്ടെത്തി. പത്ത് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നഗ്നയായ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
ലണ്ടനിൽ താമസിക്കുന്ന കുടുംബത്തിനൊപ്പമാണ് നോറ മലേഷ്യയിലെത്തിയത്. ഓഗസ്റ്റ് നാലിന് കാണാതായി. പഠനവൈകല്യമുണ്ടായിരുന്നു നോറക്ക്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. പിന്നീട് 350ൽ അധികം പേർ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കുകയായിരുന്നു.
റിസോര്‍ട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ കൊടുംകാട്ടില്‍ ഒരു ചെറിയ അരുവിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് മലേഷ്യന്‍ ഡെപ്യൂട്ടി പൊലീസ് മേധാവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വസ്ത്രങ്ങളില്ലായിരുന്നെങ്കിലും മുറിവുകള്‍ സംഭവിച്ചോ എന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ല എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് പെഹ്ലു ഖാൻ എന്നയാളെ തല്ലിക്കൊന്ന കേസിലെ ആറു പേരെയും ആൽവാർ കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിന്റെ പേരിലാണു പ്രതികളെ അഡീഷണൽ ജുഡീഷൽ മജിസ്ട്രേറ്റ് വെറുതെ വിട്ടത്. വിപിൻ യാദവ്, രവീന്ദ്രകുമാർ, കാളുറാം, ദയാനന്ദ്, യോഗേഷ്കുമാർ, ഭീം രതി എന്നിവരെയാണു വെറുതെ വിട്ടത്. പ്രായപൂർത്തിയാകാത്ത മൂന്നു പേരും കേസിൽ പ്രതികളാണ്. ഇവരുടെ വിചാരണ ജുവൈനൽ ജസ്റ്റീസ് കോടതിയിൽ നടന്നുവരികയാണ്.
കട്ടപ്പന: ദുരൂഹ സാഹചര്യത്തില്‍ ഓട്ടോറിക്ഷ കത്തി ഡ്രൈവര്‍ മരിച്ചു. വെള്ളയാംകുടി ഞാലിപറമ്പില്‍ ഫ്രാന്‍സിസ് (റെജി-50) ആണ് മരിച്ചത്. കട്ടപ്പന എകെജി പടിയില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. എകെജി പടിക്കു സമീപത്തെ വളവില്‍ ഓട്ടോറിക്ഷ കത്തുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ഫ്രാന്‍സിസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഓട്ടോറിക്ഷയ്ക്കു തീപിടിക്കുകയായിരുന്നോയെന്നു പരിശോധിക്കുന്നുണ്ട്. കട്ടപ്പന പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍.