പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ ട്രാൻസ്ജെൻഡറുകൾക്ക് മർദ്ദനം. മീററ്റിലെ ലാൽകുർത്തി പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.
ട്രാൻസ്ജെൻഡറുകൾ അപമര്യാദയായി പെരുമാറി, അത് കൊണ്ട് ബലപ്രയോഗം നടത്തേണ്ടി വന്നു, ആവശ്യത്തിലധികം ബലപ്രയോഗം നടത്തേണ്ടി വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും ഇങ്ങനെയായിരുന്നു സംഭവത്തെക്കുറിച്ച് എസ്എസ്പിയുടെ വിശദീകരണം.
#WATCH: Transgenders lathi charged by police allegedly after they created ruckus in Lalkurti police station,Meerut today. SSP says,’things have come to the fore,transgenders misbehaved,but force was used to control them. If force used was more than required,probe to be conducted’ pic.twitter.com/3Fq4gl8EoX
— ANI UP (@ANINewsUP) June 10, 2019
ചെന്നൈയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ സിസി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അമിതവേഗതയുണ്ടാക്കുന്ന ദുരന്തങ്ങളെന്ന ടാഗ് ലൈനോടെയാണ് താംബരത്തെ കാറപടകം പ്രചരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ വൈറലായ ദൃശ്യങ്ങള്‍ ചെന്നൈയ്ക്ക് സമീപത്തെ താംബരത്തെ ട്രാഫിക് സിഗ്നലില്‍ നിന്നുള്ളതാണ്. പലതരത്തിലുള്ള ടാഗ് ലൈനോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. വാഹനങ്ങളെ നിയന്ത്രിക്കാനായി നിരത്തിയ ബാരിക്കേഡുകളെല്ലാം തകര്‍ത്ത് ചുവന്ന വാന്‍ പറന്നെത്തുന്നു. മുന്നില്‍പെട്ടവരെയെല്ലാം ഇടിച്ചുതെറിപ്പിച്ച്.
താംബരം സ്വദേശികളായ ഗ്ലാഡ്സണ്‍,വിക്രം ,ശാന്തി,ഭര്‍ത്താവ് ആറുമുഖം,എന്നിവരെ ഗുരുതര പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടുവിൽ വാഹനം ഒതുക്കി നിര്‍ത്തിയതിനു ശേഷം ഡ്രൈവര്‍ പരിഭ്രമില്ലാതെ നടന്നുപോകുന്നു. നഗരത്തിലെ ബിസിനസുകാരനായ ഡ്രൈവറെ പിന്നീട് പൊലീസ് പിടികൂടി.
പീഡനക്കേസിൽ നിന്ന് രക്ഷപെടാൻ പരാതി നൽകിയ പെൺകുട്ടിയെ വിവാഹം കഴിച്ച് ത്രിപുര എംഎൽഎ. ഐപിഎഫ്ടി പാർട്ടി നേതാവും എംഎൽഎയുമായ ധനഞ്ജോയ്ക്കെതിരെയാണ് പെൺകുട്ടി പീഡനപരാതി നല്‍കിയത്. അഗർത്തലയിലെ ക്ഷേത്രത്തിൽ വെച്ച് പെൺകുട്ടിയെ വിവാഹം ചെയ്തെന്ന് എംഎൽഎ സമ്മതിച്ചു.
മെയ് 20നാണ് അഗര്‍ത്തലയിലെ വനിതാ പൊലീസ് സ്റ്റേഷനിൽ എംഎൽഎക്കെതിരെ പെൺകുട്ടി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പിന്നീട് ചതിച്ചെന്നും ആരോപിച്ചായിരുന്നു പരാതി. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവാഹം.
പരാതിയെത്തുടർന്ന് എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയർന്നിരുന്നു. അതിനിടെ പെൺകുട്ടിയുടെ കുടുംബവുമായി പാർട്ടി നേതൃത്വവും ധനഞ്ജോയുടെ കുടുംബവും ചർച്ച നടത്തുകയായിരുന്നു. തുടർന്ന് ഒത്തുതീർപ്പിന് പെൺകുട്ടിയുടെ കുടുംബം തയ്യാറായി. സംഭവവുമായി ബന്ധപ്പെട്ട് ഇരുവർക്കും പരാതികളൊന്നുമില്ലെന്ന് എംഎൽഎയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കത്വയില്‍ എട്ട് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ചി റാം, സ്പെഷ്യൽ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ,സാഞ്ചി റാമിന്‍റെ സുഹൃത്ത് പർവേഷ് കുമാർ എന്നിവർക്കാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത, സബ് ഇൻസ്പെക്ടർ സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവർക്ക് അഞ്ച് വർഷം തടവും അമ്പതിനായിരം രൂപ തടവുമാണ് വിധിച്ചിരിക്കുന്നത്.
കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച പഠാൻ കോട്ട് പ്രത്യേക കോടതി കേസിൽ ഒരാളെ വെറുതെ വിട്ടു. സാഞ്ചിറാമിന്‍റെ മരുമകൻ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ പ്രതികൾ ഇയാളെ മീററ്റിൽ നിന്ന് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
മുഖ്യപ്രതി സാഞ്ചി റാമിന്‍റെ പതിനഞ്ചുകാരനായ മറ്റൊരു മരുമകനും കേസിൽ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ് . അതിനാൽ വിധിപ്രസ്താവം പിന്നീട് മാത്രമേ ഉണ്ടാകു. പഠാൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്‍വീന്ദർ സിംഗാണ് കേസിൽ വിധി പറഞ്ഞത്. വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതിയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാൽസംഗം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെൺകുട്ടിയെ ദിവസങ്ങളോളം തടവിൽ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. ഏപ്രിലിൽ 8 നാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തതിന്‍റെ പേരിൽ പ്രാദേശിക പാർട്ടികൾ പ്രതിഷേധം നടത്തിയിരുന്നു. ഒരു പ്രതിഷേധ പ്രകടനത്തിൽ പിന്നീട് രാജിവെച്ച രണ്ട് ബിജെപി മന്ത്രിമാരും പങ്കെടുത്തിരുന്നു.
ഇസ്രയേലിലെ തെല്‍ അവീവില്‍ മലയാളി കുത്തേറ്റു മരിച്ചു. ജെറോം അര്‍തര്‍ ഫിലിപ്പാണ് കൊല്ലപ്പെട്ടത്. നേവ് ഷാനാന് സ്ട്രീറ്റിലെ താമസസ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ജെറോമിനുനേരെ ആക്രമണം ഉണ്ടായത്.
അക്രമണത്തില്‍ പരിക്കേറ്റ ജെറോമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു മലയാളിയായ പീറ്റര്‍ സേവ്യര്‍ (60) ഇച്ചിലോവ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പൗരന്മാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
അയല്‍വീട്ടില്‍ കളിക്കുകയായിരുന്ന പന്ത്രണ്ടുവയസുകാരിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളും നാട്ടുകാരും. പന്തളംതെക്കേക്കര പാറക്കര സ്വദേശി അമൃതയെ ആണ് കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അയല്‍ വീട്ടിലെ കുട്ടികളോടൊപ്പം അമൃത കളിക്കുന്നത് കണ്ടവരുണ്ട്. പിന്നീട് മരിച്ചനിലയില്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്
മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസും ഫൊറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. തട്ട എന്‍.എസ്.എസ് ഹയര്‍സക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അമൃത. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കി.
ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചതിന്റെ ആഘാതത്തിലാണു പാലക്കാട് തണ്ണിശ്ശേരി. ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. നെല്ലിയാമ്പതിയിലെ കൊക്കയിലേക്കു മറിഞ്ഞ കാറിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടവരിൽ രണ്ടു പേരുടെ ജീവൻ മണിക്കൂറുകൾക്കുള്ളിൽ റോഡിൽ പൊലിഞ്ഞു. പട്ടാമ്പി വാടാനാംകുറിശ്ശി സ്വദേശികളായ ഫവാസ്, ഉമറുൽ ഫാറൂഖ് എന്നിവരാണു കാറപകടത്തിൽ നിന്നു രക്ഷപ്പെട്ടതിനു പിന്നാലെ ആംബുലൻസ് അപകടത്തിൽ മരിച്ചത്.
ഷൊർണൂരിൽ നിന്ന് നെല്ലിയാമ്പതിയിലേക്കു വിനോദയാത്ര വന്ന സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ചവർ. ഇവർ വന്നിരുന്ന കാർ ഉച്ചയ്ക്കു മരപ്പാലത്തിനു സമീപം കൊക്കയിലേക്കു മറിഞ്ഞിരുന്നു. പരുക്കേറ്റവരെ നാട്ടുകാരാണ് കെഎസ്ആർടിസി ബസിൽ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്ന് സ്കാനിങ് ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.
സുഹൃത്തുക്കളായ ഫവാസ്, ഉമറുൽ ഫാറൂഖ്, ഇദ്ദേഹത്തിന്റെ സഹോദരൻ ജംഷീർ, വെളുത്തേരിൽ ഷാഫി എന്നിവർ രാവിലെ നെല്ലിയാമ്പതിക്കു പുറപ്പെട്ടതാണ്. കാഴ്ചകൾ കണ്ടു മടങ്ങുന്നതിനിടെ കുണ്ട്റചോലയ്ക്കടുത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു. അൻപതടിയിലേറെ താഴ്ചയിലുള്ള മരത്തിൽ കാർ കുടുങ്ങി. കാറിനു പിന്നാലെ വന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരും യാത്രക്കാരും ചേർന്നാണു രക്ഷിച്ചത്.
കൊക്കയിലേക്കു വീണിട്ടും കാറിലുണ്ടായിരുന്നവർക്കു കാര്യമായ പരുക്കുകൾ പറ്റിയില്ല. ഇവരെ കെഎസ്ആർടിസിയിൽ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ പ്രഥമ ശുശ്രൂഷ നൽകി വിട്ടപ്പോഴേക്കും വിവരമറിഞ്ഞു നാട്ടിൽ നിന്നു ബന്ധുക്കളായ ഓട്ടോ ഡ്രൈവർ നാസറും വ്യാപാരി സുബൈറും എത്തി. പാലക്കാട്ടേക്കു ബസ് കുറവായതിനാൽ എങ്ങനെ പോകുമെന്നു ചിന്തിക്കുമ്പോഴാണ്, അവശനിലയിലുള്ള രോഗിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസ് പോകുന്ന വിവരമറിഞ്ഞത്.
ജംഷീർ ഒഴികെ എല്ലാവരും ഇതിൽ കയറി. എന്നാൽ അതു ദുരന്തത്തിലേക്കു മടക്കമില്ലായാത്രയായി. ആംബുലൻസിൽ സ്ഥലമില്ലാത്തതിനാൽ മാറി നിന്ന ജംഷീറും പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന ഷാഫിയും (13) മാത്രം രക്ഷപ്പെട്ടു.
ജീവന്റെ ഒരു തുടിപ്പു ബാക്കിയുണ്ടെങ്കിൽ അവരെ രക്ഷിച്ചെടുക്കാൻ സർവസജ്ജരായി കാത്തുനിന്ന ജില്ലാ ആശുപത്രിയിലേക്കു വന്നത് അപകടത്തിൽ മരിച്ചവരുടെ ചേതനയറ്റ ശരീരങ്ങൾ. തണ്ണിശ്ശേരിയിൽ അപകടം ഉണ്ടായെന്ന വിവരം അറിഞ്ഞയുടൻ ട്രോമാ കെയർ സജ്ജമായിരുന്നു. ഓരോരുത്തരെ കൊണ്ടുവരുമ്പോഴും ഡോക്ടർമാരടക്കമുള്ളവർ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനില്ലായിരുന്നു.
ജില്ലാ ആശുപത്രി പൊലീസ് സർജൻ ഡോ.പി.ബി.ഗുജറാളും ആശുപത്രി സൂപ്രണ്ട് ഡോ.കെ.രമാദേവിയും ഉടൻ ആശുപത്രിയിലെത്തി. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ഉടൻ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം ആരംഭിച്ചു. വൈകിട്ടു 4 കഴിഞ്ഞാൽ പോസ്റ്റ്മോർട്ടം പതിവുള്ളതല്ല. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ മാറ്റിവച്ചാണ് ആരോഗ്യവകുപ്പും പൊലീസും ഒരുപോലെ സഹായവുമായി എത്തിയത്.
നിയുക്ത എംപി വി.കെ.ശ്രീകണ്ഠൻ, എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.ഡി.പ്രസേനൻ, നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, കലക്ടർ ഡി.ബാലമുരളി, മുൻ എംപി എം.ബി.രാജേഷ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടികൾ.
സംഗീതജ്ഞൻ ബാലഭാസ്ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ആരോപണങ്ങളും നിരവധി ഉയരുകയാണ്. ഈ കൂട്ടത്തിൽ പൊലീസിനെ ഏറെ കുഴപ്പിക്കുന്നത് ദൃക്സാക്ഷികളുടെ വിരുദ്ധമൊഴിയാണ്. കുഴക്കുന്ന മൊഴികൾ ഇങ്ങനെ: വിമാനത്താവളത്തിൽ നിന്നു ബന്ധുവിനെയും കൂട്ടി കാറിൽ മടങ്ങിവരുകയായിരുന്നു ഞാനും ജ്യേഷ്ഠൻ പ്രണവും. പള്ളിപ്പുറം ജംക്‌ഷനു തൊട്ടുമുന്നിലെത്തിയപ്പോൾ കാർ മരത്തിലിടിച്ചു നിൽക്കുന്നതു കണ്ടു. ഉടൻ ഇടതുവശത്തെ ഗ്ലാസ് തകർത്തു കുട്ടിയെ പുറത്തെടുത്തു. ബർമുഡയും ടീഷർട്ടും ധരിച്ച തടിച്ച ഒരാളായിരുന്നു ഡ്രൈവിങ് സീറ്റിൽ. പിന്നിൽ ഇരുസീറ്റുകൾക്കുമിടയിൽ തലകുനിച്ചു കുഴഞ്ഞിരിക്കുകയായിരുന്നു കുർത്ത ധരിച്ച ഒരാൾ.
പ്രണവാണു കുട്ടിയുമായി പൊലീസിനൊപ്പം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയത്. അപകടത്തിൽപ്പെട്ടതു ബാലഭാസ്കറും കുടുംബവുമാണെന്നു മെഡിക്കൽ കോളജിൽ നിന്നു പ്രണവ് മടങ്ങിയെത്തിയപ്പോഴാണു മനസ്സിലായത്. കുർത്ത ധരിച്ചു കാറിന്റെ പിൻസീറ്റിൽ കണ്ടയാളാണു ബാലഭാസ്കറെന്നു തിരിച്ചറിഞ്ഞു. അശ്വിൻ എം.ജയൻ (നന്ദു), വർക്കല ചാവർകോട് സ്വദേശി.
‘ബാലഭാസ്കർ ഡ്രൈവിങ് സീറ്റിൽ’
അപകടത്തില്‍ അസ്വാഭാവികത തോന്നുന്നില്ലെന്ന് ദൃക്സാക്ഷിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സി. അജി. വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുന്നത് നേരില്‍ കണ്ടിരുന്നു. സംഭവസ്ഥലത്ത് ദുരൂഹത ഉണ്ടാക്കുന്ന തരത്തില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നും അജി പറയുന്നു. ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നാണ് അജി പറയുന്നത്.
ആറ്റിങ്ങലിൽ നിന്നു ഞാനും കണ്ടക്ടറും ചായകുടിച്ച ശേഷം ബസ് എടുത്തു. കുറെ ദൂരം പിന്നിട്ടപ്പോൾ 2 വാഹനങ്ങൾ ഓവർടേക് ചെയ്തു. അതിലൊരു കാർ പള്ളിപ്പുറം സിഗ്നൽ പിന്നിട്ടപ്പോൾ വളവു കഴിഞ്ഞു റോഡിന്റെ വലതുവശത്തേക്കു വേഗത്തിൽ നീങ്ങി. പെട്ടെന്നു വലിയ ശബ്ദത്തോടെ മരത്തിലിടിച്ചു. ബസ് വശത്ത് ഒതുക്കി ഞാൻ ചാടിയിറങ്ങി. ഗിയർ ലിവറിനു സമീപം കുട്ടിയും മുൻവശത്തെ ഇടതു സീറ്റിൽ ഒരു സ്ത്രീയും ബോധമറ്റു കിടക്കുകയായിരുന്നു. അതുവഴിപോയ കാർ നിർത്തിച്ചു ജാക്കിലിവർ വാങ്ങി കാറിന്റെ ഗ്ലാസ് തകർത്തു കുട്ടിയെ പുറത്തെടുത്തു, പിന്നാലെ സ്ത്രീയെയും. പിന്നിൽ കിടക്കുകയായിരുന്നയാളെ നാട്ടുകാർ ചേർന്നു വാതിൽ പൊളിച്ചു പുറത്തെടുത്തു. ഡ്രൈവിങ് സീറ്റിലായിരുന്നയാളെയും പിന്നാലെ പുറത്തെടുത്തു. ബാലഭാസ്കറായിരുന്നു ഡ്രൈവിങ് സീറ്റിൽ. സി.അജി (കെഎസ്ആർടിസി ഡ്രൈവർ, വെള്ളറട സ്വദേശി)
ടിക് ടോക് വീഡിയോകളിലൂടെ താരമായി മാറിയ യുവാവ് മോഷണക്കേസില്‍ അറസ്‌റ്റിലായി. അഭിമന്യു ഗുപ്‌ത എന്ന കുര്‍ല സ്വദേശിയാണ് ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ചതിന്റെ പേരില്‍ പിടിയിലായത്. ടിക് ടോകില്‍ ഒമ്പത് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സെലിബ്രിറ്റിയാണ് അഭിമന്യു.
ജൂഹു സ്വദേശികളായ ദമ്പതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. ഈ ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്‌താണ് പ്രതി അഭിമന്യു ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
ഇരുപത് പവനോളം സ്വര്‍ണവും 4.75 ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണും മോഷണം പോയെന്ന ദമ്പതികളുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് അഭിമന്യു പിടിയിലായത്.
നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് അഭിമന്യുവിനെ പിടികൂടാനായത്. മോഷണവസ്‌തുക്കള്‍ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലില്‍ അഭിമന്യു കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്വര്‍ണവും ഫോണും ഒരു സുഹൃത്തിന് നല്‍കിയതായാണ് അഭിമന്യു മൊഴി നല്‌കിയിരിക്കുന്നത്. അഞ്ചോളം കേസുകളില്‍ അഭിമന്യു പ്രതിയാണെന്നും പൊലീസ് അറിയിച്ചു
പാറശാലയിലെ സ്വകാര്യലാബിന്റെ പിഴവില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. ഗുരുതരാവസ്ഥയിലായ അമ്മയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയേത്തുടര്‍ന്ന് സ്വകാര്യലാബിനെ കരിമ്പട്ടികയില്‍പ്പെടുത്തി. പാറശാല ചെറിയകൊല്ല സ്വദേശി നിഷയുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്. പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ നിഷയ്ക്ക് ആശുപത്രിയുമായി ഒൗദ്യോഗിക സ്കാനിങ് കരാറുള്ള വിന്നീസ് ലാബില്‍ പരിശോധനയ്ക്ക് കുറിച്ചു നല്കി. ആദ്യ സ്കാനിങ്ങുകളില്‍ ഒരു കുട്ടിയെന്നായിരുന്നു പരിശോധനാഫലം.
അഞ്ചാം മാസത്തില്‍ അസ്വസ്ഥതകള്‍ തോന്നിയതിനേത്തുടര്‍ന്ന്് മറ്റൊരിടത്ത് പരിശോധന നടത്തുകയും ഇരട്ടക്കുട്ടികളാണെന്ന് ബോധ്യപ്പെടുകയും ഒരു കുട്ടി അബോര്‍ഷനായതായി മനസിലാക്കുകയും ചെയ്തു. ഇവരുടെ നിര്‍ദേശപ്രകാരം എസ് എ ടിയിലെത്തി പരിശോധിച്ചപ്പോഴേയ്ക്കും രണ്ടാമത്തെ കുട്ടിക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നിഷയുടെ കുടുംബം പൊലീസിലും പാറശാല ആശുപത്രി സൂപ്രണ്ടിനും ഡി എം ഒയ്ക്കും പരാതി നല്കി.
സ്കാനിങ് സൗകര്യമില്ലാത്ത പാറശാല ആശുപത്രിയിലെ രോഗികള്‍ക്ക്് കുറഞ്ഞ നിരക്കില്‍ പരിശോധന നടത്താന്‍ വിന്നീസ് ലാബുമായി കരാറുണ്ടായിരുന്നു. പരാതിയേത്തുടര്‍ന്ന് ഈ കരാര്‍ റദ്ദാക്കിയതായി പാറശാല ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ ഗര്‍ഭാശയത്തില്‍ കുട്ടികളുടെ കിടപ്പിലെ വ്യതിയാനം മൂലമാണ് ഇരട്ടക്കുട്ടികളെന്ന് മനസിലാകാതിരുന്നതെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം.