തൃശൂര്‍ മുണ്ടൂരില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേരെ വെട്ടിക്കൊന്നു. തൃശൂര്‍ വരടിയം സ്വദേശികളായ ശ്യാം, ക്രിസ്റ്റി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ബൈക്കില്‍ ടിപ്പര്‍ ഇടിപ്പിച്ച് വീഴ്ത്തിയശേഷമായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാസംഘമെന്ന് നിഗമനം. കഞ്ചാവ് വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
നിറ പുഞ്ചിരിയുമായി ആകാശത്തേക്ക് കൈകളുയർത്തി അവർ. ഈസ്റ്റർ ദിനത്തിലെ കുർബാനയ്ക്കായുള്ള തയാറെടുപ്പിലായിരുന്നു അവർ. ഈ ചിത്രം ബട്ടിക്കലോവയിലെ സയൻ ചർച്ചിലെ സൺഡേ സ്‌കൂൾ സെഷനിൽ നിന്നുള്ളതാണ്. ആ ഈസ്റ്റർ മാസിലേക്ക് കടന്നുവന്ന ഒരു അക്രമി ട്രിഗർ ചെയ്ത ബോംബ് അവരെയെല്ലാം നൂറുകഷ്ണങ്ങളായി ചിതറിത്തെറിപ്പിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ ചിത്രം പകർത്തിയത്.
സൺഡേ സ്‌കൂൾ വിട്ട്, പള്ളിമുറ്റത്ത് ഓടിക്കളിച്ചുകൊണ്ടിരിക്കെയായിരുന്നു നാടിനെ ഞെട്ടിച്ച ആ സ്ഫോടനം. സ്‌ഫോടനത്തിൽ ഈ പള്ളിയില്‍ മാത്രം 28 പേർ മരിച്ചു. നിരവധിപേർക്ക് ഗുരുതരമായ പരുക്കുകൾ പറ്റി. മരിച്ചതിൽ പാതിയും ഈ ഫോട്ടോയിൽ ചിരിച്ചു കൊണ്ട് നിന്ന കുട്ടികൾ തന്നെ. രാവിലെ ഒമ്പതുമണിയോടെ കുർബാന തുടങ്ങി. അൾത്താരയ്ക്കു നേരെ തിരിഞ്ഞു നിന്ന് കുർബാന നടത്തുകയായിരുന്ന ഫാദർ തിരു കുമരൻ. എന്തോ പൊട്ടിത്തെറിക്കുന്ന ഒരു ഉഗ്രശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ ഇടവകാംഗങ്ങളെയാണ്.
പള്ളിക്കുപുറത്ത് സംശയാസ്പദമായ രീതിയിൽ കണ്ട ഒരാൾ ഈസ്റ്റർ കുർബാന എപ്പോൾ തുടങ്ങുമെന്ന് ചോദിച്ചിരുന്നതായി രക്ഷപ്പെട്ടവരിൽ ചിലർ ഓർത്തെടുത്തു. സയൻ ചർച്ചിന്റെ പാസ്റ്റർ തിരു കുമരൻ തന്റെ ഉയിർപ്പുതിരുനാൾ കുർബാനയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇടയ്ക്കെപ്പോഴോ അൾത്താരവിട്ട് പുറത്തുവന്നപ്പോൾ പള്ളിക്കു വെളിയിൽ നിൽക്കുന്ന ഒരാളെ കണ്ടിരുന്നത്രെ. അടുത്തുള്ള ഒഡ്ഡംവാടി പട്ടണത്തിലാണ് വീടെന്നും പള്ളി സന്ദർശിക്കാൻ വന്നതാണെന്നുമാണ് ആ അപരിചിതൻ ഫാദറിനോട് പറഞ്ഞത്. ഈസ്റ്റർ മാസ് എപ്പോഴാണ് തുടങ്ങുന്നത് എന്നായിരുന്നു അയാൾക്ക് അറിയേണ്ടിയിരുന്നത്. തുടർന്ന് ഫാദർ തന്നെയാണ് അയാളെ പള്ളിയ്ക്കുള്ളിലേക്ക് ക്ഷണിച്ചത്.
രാവിലെ ഒമ്പതുമണിയോടെ കുർബാന തുടങ്ങി. അൾത്താരയ്ക്കു നേരെ തിരിഞ്ഞു നിന്ന് കുർബാന നടത്തുകയായിരുന്ന ഫാദർ തിരു കുമരൻ. എന്തോ പൊട്ടിത്തെറിക്കുന്ന ഒരു ഉഗ്രശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ ഇടവകാംഗങ്ങളെയാണ്.
ഞങ്ങളുടെ പള്ളിയിൽ പല വിശ്വാസക്കാരും വരാറുണ്ട്. കുർബാന കൂടാറുണ്ട്. ഞങ്ങൾ അങ്ങനെ വേർതിരിച്ചു കാണാറില്ല. ആര് വന്നാലും ഞങ്ങൾ സന്തോഷത്തോടെ കൂടെക്കൂട്ടാറാണ് പതിവ്. അയാളെക്കണ്ടപ്പോഴും എനിക്ക് പന്തികേടൊന്നും തോന്നിയില്ല. അതാണ് ഞാൻ അകത്തേക്ക് വരാൻ ക്ഷണിച്ചത്. പക്ഷേ, അയാൾ അപ്പോൾ എന്റെ കൂടെ വന്നില്ല. അയാളുടെ ഒരു സ്നേഹിതൻ വരാനുണ്ടെന്നും അയാളെ കണ്ടാലുടൻ പോകുമെന്നുമായിരുന്നു അയാൾ പറഞ്ഞത്.
അയാളുടെ തോളിൽ ഒരു വലിയ ബാഗുണ്ടായിരുന്നു. കയ്യില്‍ മറ്റൊരു ബാഗുണ്ടായിരുന്നു. അയാൾ അകത്തേക്ക് വരാൻ വിസമ്മതിച്ചു.. പിന്നെ ഞാൻ നിർബന്ധിക്കാൻ നിന്നില്ല. ഡെയ്‍ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അയാൾ അകത്തേക്ക് വരാൻ വിസമ്മതിച്ചു കൊണ്ട് അവിടെത്തന്നെ നിന്നപ്പോൾ ചിലർക്ക് സംശയം തോന്നി. അവർ അയാളോട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുന്നത് കണ്ടുകൊണ്ടാണ് ഫാദർ കുർബാനയ്ക്കായി അകത്തേക്ക് ചെല്ലുന്നത്.
എന്തായാലും അകത്തു ചെന്ന് പത്തുമിനിറ്റിനകം സ്ഫോടനം നടന്നു കഴിഞ്ഞിരുന്നു. സ്ഫോടനത്തിലൂടെ പരമാവധി ആളുകളുടെ ജീവൻ അപഹരിക്കാൻ വേണ്ടിയാണ് അയാൾ കുർബാന തുടങ്ങാൻ കാത്തു നിന്നത്. എല്ലാ ഇടവകാംഗങ്ങളും ഹാളിനുള്ളിൽ കയറിയ ശേഷം അകത്തുവന്ന് ബോംബ് പൊട്ടിക്കാനായിരുന്നു അയാളുടെ ഉദ്ദേശ്യം. എന്നാൽ പുറത്തുവച്ചു തന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ പിന്നെ ഒന്നും നോക്കാതെ അവിടെ വെച്ച് തന്നെ ബോംബ് പൊട്ടിക്കുകയായിരുന്നു. ബോംബ് അകത്തുവെച്ച് പൊട്ടുന്നതിനു പകരം പ്രെയർ ഹാളിലേക്കുള്ള പ്രവേശനകവാടത്തിന് അടുത്ത് വെച്ച് പൊട്ടിയതുകൊണ്ടാണ് മരിച്ചവരുടെ എണ്ണം ഇത്രയും കുറഞ്ഞത്. ഇല്ലെങ്കിൽ ഇതിന്റെ അഞ്ചിരട്ടിയെങ്കിലും ആളുകൾ മരണപ്പെട്ടേനെ.
അവധിക്കാലം ആഘോഷിക്കാൻ ശ്രീലങ്കയിലേക്ക് പുറപ്പെട്ട ഡാനിഷ് ശതകോടീശ്വരനായ ആൻഡേഴ്സ് ഹോൾഷ് പോൾസണ് നഷ്ടപ്പെട്ടത് മൂന്ന് മക്കളെ. നാല് മക്കളിൽ മൂന്ന് പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ഭൂപ്രഭുക്കന്മാരിൽ ഒരാളാണ് പോള്‍സൺ.
”എന്റെ കാലശേഷം എന്റെ നാലുമക്കൾ സ്കോട്‌ലാൻഡിനെ വീണ്ടും പച്ചപ്പു നിറഞ്ഞതാക്കും”- ശ്രീലങ്കയിലേക്ക് പുറപ്പെടുംമുൻപ് പോൾസൺ മാധ്യമങ്ങളോട് പറഞ്ഞതാണിത്. ജന്മനാട് ഡെന്മാർക്ക് ആണെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങൾ സ്കോട്‍ലാന്‍ഡിലാണ്.
2,20,000 ഏക്കർ ഭൂമിയാണ് പോൾസണ് സ്വന്തമായുണ്ടായിരുന്നത്. 200 വർഷം കൊണ്ട് ഈ ഭൂമിയിൽ റീ–വൈൽഡിങ് പ്രൊജക്ട് നടപ്പിലാക്കാനായിരുന്നു പദ്ധതി. അഞ്ചര ബില്യൺ പൗണ്ടിലധികമാണ് അദ്ദേഹത്തിന്റെ ആസ്തി. സ്കോട്‌ലാൻഡിൽ ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്ന, എന്നാൽ മനുഷ്യരുടെ ഇടപെടൽ കൊണ്ട് നാമാവശേഷമായ കാടുകളും അരുവികളും തണ്ണീർത്തടങ്ങളും പുനസ്ഥാപിക്കും എന്നും തന്റെ കാലശേഷം തങ്ങളുടെ മക്കൾ ഏറ്റെടുക്കും എന്നും പോൾസൺ പറഞ്ഞിരുന്നു.
തന്റെ സമ്പാദ്യം നാലുമക്കൾക്കുമായി വീതിച്ചുനൽകാനായിരുന്നു പോൾസന്റെ പദ്ധതി. എന്നാൽ വിധി മറ്റൊന്നായിരുന്നു. നാലുമക്കളിൽ മൂന്നുപേരെയും അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തു. അൽമ, ആസ്ട്രിഡ്, ആഗ്നസ്, ആൽഫ്രെഡ് എന്നിങ്ങനെ നാല് മക്കളാണ് പോൾസണ്. ഇവരിൽ ആരൊക്കെയാണ് മരിച്ചതെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വടക്കന്‍ പറവൂര്‍ കെടാമംഗലത്ത് അമ്മയെ കൊലപ്പെടുത്തിയത് മകന്‍ തന്നെയെന്ന് തെളിഞ്ഞു. കെടാംമംഗലം സ്വദേശി കാഞ്ചനവല്ലിയുടെ മൃതദേഹമാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. മദ്യലഹരിയില്‍ അമ്മയുമായുണ്ടായ തര്‍ക്കത്തിനിടെ കൊലപാതകം നടന്നെന്നാണ് മൊഴി.
കെടാമംഗലം സ്വദേശിനി കുറുപ്പശേരിയില്‍ കാഞ്ചനവല്ലിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കാഞ്ചനവല്ലിയെ മൂന്നുദിവസങ്ങളായി കാണാനില്ലായിരുന്നു. അയല്‍വാസികളും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ശരീരത്തിന്‍റെ ചിലഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു. കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ കുഴിച്ചിട്ടതാണെന്ന് ഇന്‍ക്വിസ്റ്റ് നടപടിയില്‍ തന്നെ ബോധ്യപ്പെട്ടതോടെയാണ് മകനെ പൊലീസ് പിടികൂടിയത്.
വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അമ്മയും മകനും തമ്മില്‍ അന്നേ ദിവസം വഴക്കുണ്ടായത് കേട്ടതായി അയല്‍വാസികള്‍ മൊഴി നല്‍കി. ഭാര്യയും മക്കളുമായി അകന്നുകഴിയുന്ന സുരേഷ് പലയിടങ്ങളിലായാണ് താമസിക്കുന്നത്. തനിച്ച് താമസിക്കുന്ന കാഞ്ചനവല്ലിയുടെ വീട്ടില്‍ സുരേഷ് ഇടയ്ക്ക് എത്താറുണ്ട്. ലഹരിക്ക് അടിമയായ സുരേഷ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. സംഭവദിവസം വീട്ടിലെത്തിയ സുരേഷ് മദ്യലഹരിയില്‍ അമ്മയുമായി വഴക്കുണ്ടാക്കി.
പ്രകോപിതനായ സുരേഷ് കാഞ്ചനവല്ലിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാഞ്ചനവല്ല കൊല്ലപ്പെട്ടു എന്ന് ഉറപ്പിച്ചതോടെ രാത്രി തന്നെ സുരേഷ് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് മൃതദേഹം മറവുചെയ്യുകയായിരുന്നു. അമ്മയെ കാണാതായി അന്വേഷണം നടക്കുമ്പോഴും ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രതിയുടെ പെരുമാറ്റമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കൊലപാതകം നടന്ന കാഞ്ചനവല്ലിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പാലക്കാട് ആനക്കരയിൽ പതിനൊന്ന് വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച സംഭവത്തിന്‍റെ ചുരുളഴിയുന്നു. കളിച്ചു കൊണ്ടിരിക്കവെ ഷാൾ കഴുത്തിൽ കുരുങ്ങിയാണ് പെണ്‍കുട്ടി മരിക്കാൻ കാരണമെന്ന് കുട്ടിയുടെ മാതൃസഹോദരി പുത്രി മൊഴി നല്‍കി. ഷോക്കേറ്റ് മരിച്ചുഎന്ന് കാണിച്ചാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ദുരൂഹത തോന്നിയതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.
എടപ്പാൾ പൊറൂക്കര സ്വദേശിനിയായ പതിനൊന്നുവയസുകാരിയാണ് അമ്മയുടെ വീട്ടില്‍ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച ആനക്കരയിലെ അമ്മ വീട്ടിൽ എത്തിയതായിരുന്നു പെണ്‍കുട്ടി . തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടിയെ വീട്ടിനുള്ളിൽ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ മകളാണ് ആദ്യം കുട്ടിയെ കണ്ടത്. തുടർന്ന് തോട്ടം നനക്കുകയായിരുന്ന മുത്തശ്ശിയേയും മുത്തച്ഛനേയും വിവരം അറിയിച്ചു. ബോധം നഷ്ട്ടപ്പെട്ട കുട്ടിയെ ബന്ധുവായ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെയാണ് എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടി മരണപ്പെട്ടിരുന്നു.
കുട്ടി ടി.വി കണ്ടു കൊണ്ടിരിക്കുമ്പോൾ ഷോക്കേറ്റ് മരിച്ചതാണെന്നായിരുന്നു ആദ്യം വിശദീകരണം. എന്നാൽ ഡോക്ടർ പരിശോധിച്ചതിൽ കഴുത്തിൽ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് വീട് സീല്‍ ചെയ്തു. പാലക്കാട് പോലീസ് സർജന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ തുണി ഉപയോഗിച്ച് മുറുകിയ പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.
ഹാളില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പുറകിലെത്തിയ മാതൃസഹോദരിയുടെ പതിനാലുവയസുള്ള മകള്‍ ഷാള്‍ കഴുത്തില്‍ ഇടുകയായിരുന്നു. നിലതെറ്റി വീണ പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ചു. സംഭവത്തിൽ ചൊവ്വാഴ്ച്ച പൊലീസും വിരലടയാള വിദഗ്ദരും പരിശോധകൾ നടത്തിയിരുന്നു. മൃതദേഹം പാലക്കാട് ഗവ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. എടപ്പാളിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം ഈശ്വരമംഗലം പൊതു സ്മാശനത്തില്‍ സംസ്‌ക്കരിച്ചു. നിലവില്‍ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കുട്ടിക്കെതിരെ മറ്റു നടപടികൾ പിന്നീടായിരിക്കുമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ യുവാവിന്‍റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ . നെയ്യാറ്റിന്‍കര ആറയൂര്‍ സ്വദേശി ബിനുവിന്‍റെ മൃതദേഹമാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് . മൃതദേഹത്തിന് 3 ദിവസത്തെ പഴക്കം. പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്ത് ഒളിവിലാണ്
കഴിഞ്ഞ ശനിയാഴ്ചയാണ് ബിനുവിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ ബിനുവിനെ കാണാനില്ലെന്ന് കാണിച്ച് പാറശാല പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അന്വോഷിച്ച് നടക്കുന്നതിനിടയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുന്നത്. ബിനുവിന്‍റെ സുഹൃത്തായ ഷാജിയുടെ വീടിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവറായ ബിനു കാലങ്ങളായി ഷാജിയുമായി സൗഹൃദത്തിലാണ് . അതേ സമയം ഷാജിയുടെ വീട്ടില്‍ സംഘര്‍ഷം നടന്ന പടുകളും പൊട്ടിച്ചിതറിയ ബിയര്‍ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഞായറാഴ്ച വീട്ടില്‍ പണിക്കെത്തിയ വിനയകുമാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ബിനുവിനെ കണ്ടതായും എന്നാല്‍ സംഭവം പുറത്ത് പറയുമെന്നായപ്പോള്‍ വിനയകുമാറിനെ ഷാജി മര്‍ദിച്ചതായും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
മൂന്ന് ദിവസം പഴക്കമുളള മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മെഡിക്കല്‍കോളേജിലേക്ക് മാറ്റി . അവിവാഹിതനായ ബിനു സഹോദരന്‍ മോഹനനൊപ്പമാണ് താമസിച്ചിരുന്നത് . ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി. ഷാജി ഒളിവിലാണ്
ഡോ.ജേക്കബ് ഫിലിപ്പ്– ഇദ്ദേഹമാണ് ഇന്നത്തെ ഹീറോ. ജേബ്ബക് മൊബൈലിൽ പകർത്തിയ വിഡിയോ ഇല്ലായിരുന്നുവെങ്കിൽ കല്ലട ബസിൽ അരങ്ങേറിയ ക്രൂരത കേരളം അറിയില്ലായിരുന്നു. വിഡിയോ പങ്കുവെച്ച് ജേക്കബ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് പുറംലോകം വിവരമറിഞ്ഞത്.
ആരോരുമറിയാതെ പോകുമായിരുന്ന ഒരു വിഷയത്തെ വീഡിയോ സഹിതം ജനങ്ങളിലെത്തിക്കുകയും കല്ലട ട്രാവൽസ് ഗുണ്ടാ പ്രവർത്തനങ്ങളെ ജനങ്ങൾക്കുമുന്നിൽ തുറന്നുകാണിക്കുകയും ചെയ്ത ജേക്കബ് ഫിലിപ്പ് ധൈര്യപൂർവ്വമുള്ള ഇടപെടലുകളാണ് കല്ലട ട്രാവൽസിൻ്റെ മനുഷ്യത്വരഹിത നിലപാടുകൾക്ക് അന്ത്യം കുറിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് വലിയ ബഹളം കേട്ട് ജേക്കബ് ഉറക്കത്തിൽ നിന്ന് ഉണർന്നത്. സുരേഷ് കല്ലട ട്രാവൽസിന്റെ ഗുണ്ടകൾ ബസിൽ കയറി യാത്രക്കാരായ യുവാക്കളെ വളഞ്ഞിട്ട് തല്ലുന്നതാണ് ആ സമയം ജേക്കബ് കണ്ടത്. ഒന്നുരണ്ട് യാത്രക്കാർ അല്ലാതെ മറ്റു യാത്രക്കാരെല്ലാം നിശബ്ദരായി ഇത് കാണുകയായിരുന്നു. ഗുണ്ടകളുടെ ആക്രമണം ഭയന്ന് ആരും യുവാക്കളെ രക്ഷിക്കാൻ മെനക്കെട്ടിരുന്നില്ല.
കൺമുന്നിൽ നടക്കുന്ന ക്രൂരത കണ്ട് വെറുതെ ഇരിക്കാൻ ജേക്കബിന് മനസ്സ് വന്നില്ല. മറ്റു യാത്രക്കാരൊക്കെ അനങ്ങാൻ പോലും ഭയന്നിരിക്കേ ഒട്ടും സമയം കളയാതെ ഗുണ്ടായിസം മുഴുവൻ ഫോണിൽ പകർത്തുകയായിരുന്നു അദ്ദേഹം. പ്രസ്തുത വീഡിയോബസ്സിൽ ഇരുന്നുകൊണ്ടുതന്നെ ജേക്കബ് ഫേസ്ബുക്കിൽ സംഭവിച്ച കാര്യങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്തു.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു വിളിച്ച മാധ്യമപ്രവർത്തകർക്ക് കൃത്യമായ മറുപടി അദ്ദേഹം നൽകി. ഭയം ലേശം ഇല്ലാതെ അതേ ബസിൽ തന്നെ പിന്നെയും മണിക്കൂറുകൾ യാത്ര ചെയ്ത് ബംഗളൂരുവിൽ ഇറങ്ങുകയും ചെയ്തു ജേക്കബ്.
യാത്രക്കിടയിൽ ഒട്ടനവധി തവണ ഭീഷണി കോളുകൾ ഉണ്ടായിരുന്നതായി ജേക്കബിൻ്റെ സുഹൃത്തുകൾ പറയുന്നു. ആ കോളുകൾ കലാം ഭയം ലേശമില്ലാതെ സമചിത്തതയോടെ അദ്ദേഹം മറുപടിയും നൽകി. ഭീഷണിപ്പെടുത്തുന്ന കോളുകൾ ആയിരുന്നു അതിൽ പലതും. ജീവനെടുക്കുമെന്ന ഭീഷണിവരെ അതിലുണ്ടായിരുന്നു.
മറ്റുള്ളവരെ പോലെ കൺമുന്നിൽ നടന്ന ക്രൂരത കണ്ട് വെറുതെ ഉറങ്ങിയിരുന്നെങ്കിൽ എന്നത്തെയും പോലെ ഈ ദിവസവും ജേക്കബിന് മുന്നിലൂടെ കടന്ന് പോയേനെ. എന്നാൽ മനസ്സിനുള്ളിലെ മനുഷ്യത്വം അദ്ദേഹത്തിനെ അതിന് അനുവദിച്ചില്ല. ജേക്കബിൻ്റെ കൃത്യസമയത്ത് ഇടപെടലോടെ ലോകമറിഞ്ഞത് ഏവരും പേടിച്ചിരുന്ന ഒരു ഗുണ്ടാ സംഘത്തിൻറെ വിളയാട്ടമായിരുന്നു, പിന്നാലെ അവരുടെ അവസാനവും
ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട ട്രാവല്‍സ്. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കല്ലട ട്രാവല്‍സ് ഖേദപ്രകടനം നടത്തി. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നും കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പില്‍ അറിയിച്ചു. അതേസമയം യാത്രക്കാര്‍ ജീവനക്കാരെ ആക്രമിച്ചെന്നും വിശദീകരണക്കുറിപ്പില്‍ വാദമുണ്ട്. ഹരിപ്പാട് വച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിക്കുകയും കൊച്ചി ഓഫിസിലെ ജീവനക്കാരനു നേരെ കയ്യേറ്റം നടത്തുകയും ചെയ്തു. സംഭവങ്ങളെക്കുറിച്ച് അറിഞ്ഞത് ദൃശ്യങ്ങള്‍ പ്രചരിച്ച ശേഷം മാത്രമെന്നും കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പില്‍ പറയുന്നു.
അതേസമയം, അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയുടെ രണ്ട് ജീവനക്കാർ കൊച്ചിയിൽ അറസ്റ്റിൽ. യാത്രക്കാരെ ബസിൽ മർദിച്ച കേസിൽ കമ്പനിയുടമ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി താക്കീതുചെയ്യാനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. കൊച്ചി മരട് പൊലീസ് ബസ് പിടിച്ചെടുത്തു. കൂടുതൽ പേർ കേസിൽ പ്രതികളാകും.
അങ്കമാലി കറുകുറ്റിയില്‍ പതിനൊന്നുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ വച്ചാണ് മരിച്ചത്. സംഭവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍, പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
വൈകിട്ട് ആറരയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുളിമുറിയില്‍ തെന്നിവീണ് മരണം സംഭവിച്ചതാണെന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ മൃതദേഹം പരിശോധിക്കുന്നതിനിടെ കഴുത്തിന് പിന്നില്‍ അസാധാരണമായ പാട് കണ്ട ഡോക്ടര്‍മാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് അങ്കമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തി വിശദമായ പരിശോധന നടത്തുകയും ബന്ധുക്കളെ ചോദ്യം ചെയ്യുകയും ചെയ്തു.
സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ ആലുവ റൂറല്‍ എസ്.പി രാഹുല്‍ ആര്‍.നായരും സംഘവും മരണം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടി വിഷുവിനോട് അനുബന്ധിച്ചാണ് കറുകുറ്റിയിലുള്ള അമ്മവീട്ടിലെത്തിയത്. എന്നാല്‍ മാതാപിതാക്കള്‍ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയെങ്കിലും പെണ്‍കുട്ടി ഇവിടെ തുടരുകയായിരുന്നു.
കുട്ടിയുടെ അമ്മൂമ്മ പുറത്തേയ്ക്ക് പോയ സമയത്താണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ആലുവ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ കുട്ടിയുടെ ബന്ധുവിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവം അറിഞ്ഞ് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈനും ആശുപത്രിയില്‍ എത്തിയിരുന്നു.
ദില്ലിയിൽ കവർച്ചാ സംഘം ട്രെയിനിൽ നിന്ന് തള്ളിയിട്ട മലയാളി ഡോക്ടർക്ക് ദാരുണാന്ത്യം. തൃശ്ശൂർ പട്ടിക്കാട് സ്വദേശിയായ തുളസിയാണ് ട്രെയിനിൽ നിന്നും വീണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.
പുലർച്ചയോടെ ന്യൂ ദില്ലി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. കുടുംബത്തിനൊപ്പം ഹരിദ്വാർ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡോ. തുളസിയുടെ കയ്യിലെ ബാഗ് തട്ടിപ്പറിക്കാൻ ചിലർ ശ്രമിക്കുകയായിരുന്നു. സ്റ്റേഷൻ അടുത്തെത്താൻ ആയതിനാൽ വാതിലിന് സമീപമാണ് തുളസി നിന്നിരുന്നത്. മോഷ്ടാക്കൾ ബാഗ് വലിച്ച് ഓടിയപ്പോൾ തുളസി താഴെ വീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിലായിരുന്നു മരണം. ഈ സമയം ഭർത്താവും മകളുമുൾപ്പെടെയുള്ളവർ കംപാർട്മെന്റിൽ ഉണ്ടായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിച്ച് വൈകീട്ട് സംസ്ക്കരിക്കും.
മകൾ കാർത്തികയോടൊപ്പം വിഷു ആഘോഷിക്കാനാണ് തുളസിയും കുടുംബവും കഴിഞ്ഞയാഴ്ച ദില്ലിയിലേക്ക് പോയത്. ജലസേചന വകുപ്പിൽ നിന്ന് വിരമിച്ച രുദ്രകുമാറാണ് ഡോക്ടർ തുളസിയുടെ ഭർത്താവ്.
കൊച്ചിയിൽ യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസ് സർവ്വീസിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. ജിതിന്‍, ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചിയിൽ യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസ് സർവ്വീസിലെ 3 ജീവനക്കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈറ്റില ഹബ്ബിൽ വെച്ച് അർദ്ധരാത്രി സംഘം ചേർന്ന് യാത്രക്കാരെ മർദ്ദിച്ചവരെ വെറുതെ വിടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
യാത്രക്കാരിലൊരാൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച ദുരനുഭവം വാർത്തയായതോടെയാണ് കർശന നടപടി തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത ബസ് ജീവനക്കാരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ജയേഷ്, ജിതിൻ, ഗിരിലാൽ എന്നിവർക്കെതിരെ സംഘം ചേർന്ന മർദ്ദിച്ചതുൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കമ്പനി മാനേജരോട് നേരിട്ട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. വൈറ്റിലയിൽ വെച്ച് 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്,പാലക്കാട് സ്വദേശികളെ ക്രൂരമായി മർദ്ദിച്ചത്. ഇവരെ പിന്തുണച്ച തൃശൂർ സ്വദേശിയെയും മർദ്ദിച്ച് ഭീഷണിപ്പെടുത്തി ബസ്സിൽ നിന്ന് ഇറക്കി വിട്ടു.തുടർന്ന് ഇയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് നടപടി തുടങ്ങിയത്.
കല്ലട ബസിൻറെ പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത കമ്മീഷണർ സുധേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷിത്വം കൂടി മുൻനിർത്തിയാണ് വാഹനങ്ങള്‍ക്ക് പെർമിറ്റ് നൽകുന്നത്. നിയമം പാലിക്കാതെ സർവ്വീസ് നടത്തുന്ന അന്തർസംസ്ഥാന വാഹനങ്ങള്‍ക്കെതിരെ കർശന പരിശോധന ആരംഭിക്കുമെന്നുംഗതാഗത കമ്മീഷണർ സുധേഷ് കുമാർ പറഞ്ഞു.